Click to Download Ihyaussunna Application Form
 

 

ആതിഥ്യ ധര്‍മം

(1) പ്രവാചക ശിഷ്യനായ അബൂഹുറൈറഃ (റ) ഉദ്ധരിക്കുന്നു: അല്ലാഹുവിന്റെ തിരുദൂതര്‍ പ്രസ്താവിച്ചു: “ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അതിഥിയെ ബഹുമാനിക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ നല്ലത് പറയട്ടെ. അല്ലെങ്കില്‍ അവന്‍ മൌനമായിരിക്കട്ടെ”(ബുഖാരി 6018 മുസ്ലിം 75).

(2) അബൂ ശൂറൈഹില്‍ ഖുസാഇ (റ) നബിതിരുമേനി (സ്വ) യില്‍ നിന്ന് ഉദ്ധരിക്കുന്നു: “ആ തിഥ്യം മൂന്നു ദിവസമാണ്. അതിഥിക്കുള്ള സമ്മാനം ഒരു ദിവസം മാത്രവും. ഒരു മുസ്ലിമായ വ്യക്തി സുഹൃത്തിന്റെയടുത്ത് അവനെ കുറ്റത്തിലകപ്പെടുത്തുവോളം താമസിക്കാന്‍ പാടില്ല.” ‘എങ്ങനെയാണ് സുഹൃത്തിനെ കുറ്റത്തില്‍ അകപ്പെടുത്തുക പ്രവാചകരേ’ എന്ന് സ്വഹാബിമാര്‍ ചോദിച്ചു. അവിടുന്ന് പറഞ്ഞു: അവനെ വിരുന്ന് സല്‍കരിക്കുവാനുള്ള ഒന്നും സുഹൃത്തിന്റെ കയ്യില്‍ ഇല്ലാതിരിക്കേ അവന്‍ അയാളുടെ അടുത്ത് താമസിക്കും (മുസ്ലിം 1726).

ഇസ്ലാമിലെ പ്രബലമായ പുണ്യകര്‍മങ്ങളില്‍ ഒന്നാണ് അതിഥി സല്‍ക്കാരം. അതില്‍ രണ്ടാമതൊരു അഭിപ്രായമില്ല. അതു നിര്‍ബന്ധമാണോ സുന്നത്താണോ എന്ന കാര്യത്തില്‍ മാത്രമേ പക്ഷാന്തരമുള്ളൂ. ഇമാം ശാഫി, മാലിക്, അബൂ ഹനീഫഃ (റ) എന്നിവരും മറ്റു ബഹുഭൂരിപക്ഷം പണ്ഢിതന്മാരും അതു സുന്നത്ത് മാത്രമാണെന്ന പക്ഷക്കാരാണ്. ഇമാം ലൈസ്, ഇമാം അഹ്മദ് (റ) എന്നിവര്‍ പട്ടണനിവാസികളല്ലാത്തവര്‍ ഒരു ദിനരാത്രം അതിഥികള്‍ക്കു സല്‍ക്കാര സ്വീകരണം നല്‍കല്‍ നിര്‍ബ്ബന്ധമാണെന്ന അഭിപ്രായക്കാരാണ് (ശര്‍ഹു മുസ്ലിം).

അതിഥി സല്‍ക്കാരം സത്യവിശ്വാസത്തിന്റെ പ്രത്യക്ഷ ലക്ഷണമായാണ്് ഉപര്യുക്ത ഹദീസില്‍ നബി (സ്വ) പരിചയപ്പെടുത്തുന്നത്. ‘ളൈഫ്’ എന്ന പദമാണ് തിരുമേനി ഉപയോഗിച്ചിട്ടുള്ളത്. അതിഥിയും വിരുന്നുകാരനും സന്ദര്‍ശകനും അഭ്യാഗതനുമെല്ലാം ളൈഫ് എന്ന പദത്തിന്റെ ആശയത്തില്‍ പെടുന്നു. മൂന്ന് ദിവസം വരെ സന്ദര്‍ശകനു സൌകര്യം ചെയ്തു കൊടുക്കണം. അതിഥിക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും പരിഗണനകളും ഒരു ദിവസം മാത്രമേ ചെയ്യേണ്ടതുള്ളൂ. മറ്റു രണ്ടു ദിവസങ്ങളില്‍ സാമാന്യ പരിഗണന മതി. മൂന്ന് ദിവസം കഴിഞ്ഞാല്‍ പിന്നീട് പരിഗണനയൊന്നുമില്ല. മൂന്ന് ദിവസത്തിലധികം അതിഥി തങ്ങാനും പാടില്ല. അതു അതിഥിയെക്കുറിച്ച് ആതിഥേയനു ദുരഭിപ്രായമോ ദുഷ്ചിന്തയോ ഉണ്ടാവാന്‍ കാരണമാകും. അതുമല്ലെങ്കില്‍ അയാളെ അനാദരിക്കാന്‍ ഇടവരും. ആതിഥേയന്റെ കയ്യില്‍ ആതിഥ്യത്തിനു വേണ്ടത് ഇല്ലാതെ വരുമ്പോള്‍ പ്രത്യേകിച്ചും, അപ്പോള്‍ അധിക ദിവസം താമസിക്കുക വഴി അതിഥി ആതിഥേയനെ ദോഷത്തിലകപ്പെടുത്തുകയാണ് ചെയ്യുന്നത്.

അതിഥി സല്‍ക്കാരം പ്രവാചകന്മാരുടെ മഹദ് ചര്യകളില്‍പെട്ടതാണ്. അന്നദാനത്തിലും സല്‍ ക്കാരത്തിലും പ്രവാചകരില്‍ ഏറ്റം പ്രശസ്തനാണ് ഹസ്റത്ത് ഇബ്റാഹിം (അ). അദ്ദേഹം ഒറ്റയ്ക്കു ആഹാരം കഴിക്കുമായിരുന്നില്ല. സഹഭോജനത്തിനു ആരേയും കിട്ടാതെ വന്നാല്‍ ആളെ തിരഞ്ഞു പുറത്തിറങ്ങും. ചിലപ്പോള്‍ അതിനു വേണ്ടി ഒന്നോ രണ്ടോ മൈല്‍ യാത്ര ചെയ്തെന്നും വരും. അതിഥികളുടെ പിതാവ് എന്നായിരുന്നു അദ്ദേഹത്തിന്റെ അപരനാമം. ഇമാം ഗസ്സാലി (റ) പറയുന്നു: ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത നിമിത്തം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന (ഹിബ്രോണ്‍ ഗുഹയിലെ) വിശുദ്ധ ഖബ്റിടത്തില്‍ ഇന്നുവരെ വിരുന്ന് സല്‍ക്കാരം നിലച്ചിട്ടില്ല. മൂന്ന് മുതല്‍ പത്ത് വരെയും ചിലപ്പോള്‍ നൂറ് വരേയും സന്ദര്‍ശകരടങ്ങുന്ന അതിഥി സംഘം അവിടെ വച്ചു ആഹാരം കഴിക്കാത്ത ഒരു രാത്രി പോലും കഴിഞ്ഞിട്ടില്ല. അവിടുത്തെ പരിചാരകര്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.(ഇഹ്യാ 2:14).

സന്ദര്‍ശകര്‍ പരിചിതരോ അപരിചിതരോ എന്ന വിവേചനം കാണിക്കാതെയായിരുന്നു ഇബ് റാഹിം (അ) ന്റെ വിരുന്നൂട്ടല്‍. ഒരപരിചിത വേഷത്തില്‍ മലക്കുകള്‍ വന്നപ്പോഴും അദ്ദേഹം തന്റെ പതിവ് സല്‍ക്കാരത്തിനു മുതിരുകയുണ്ടായി. വിശുദ്ധ ഖുര്‍ആന്‍ അതിപ്രകാരം പറ യുന്നു:”ഇബ്റാഹീമിന്റെ മാന്യന്മാരായ അതിഥികളുടെ വാര്‍ത്ത താങ്കള്‍ക്കു എത്തിയോ? അവര്‍ അദ്ദേഹത്തിന്റെ അടുത്ത് കടന്നു വന്നിട്ടു സലാം പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം (പ്രത്യഭിവാദനമായി) പറഞ്ഞു :’സലാം! അപരിചിതരായ ജനമാണല്ലോ. എന്നിട്ടദ്ദേഹം ധൃതിയില്‍ തന്റെ ഭാര്യയുടെ അടുത്തേക്ക് പോയി. താമസം വിനാ (വേവിച്ച) ഒരു കിടാവിനെ കൊണ്ടുവന്നു. അതു അവരുടെ സമീപത്തേക്കു വച്ചു. അദ്ദേഹം ചോദിച്ചു. നിങ്ങള്‍ തിന്നുന്നില്ലേ? അപ്പോള്‍ അവരെ സംബന്ധിച്ചു അദ്ദേഹത്തിന്റെ മനസ്സില്‍ ഭയം കടന്നു കൂടി. അവര്‍ അദ്ദേഹത്തോട് ‘താങ്കള്‍ ഭയപ്പെടേണ്ട എന്നു പറയുകയും വിവരസ്ഥനായ ഒരാണ്‍കുട്ടിയെക്കുറിച്ച് അവര്‍ അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.”(51:24-28). ആതിഥ്യത്തിലുള്ള അത്യധികമായ ഔത്സുക്യവും അതിഥികളോടുള്ള ബഹുമാനവുമാണ് ഇതു കാണിക്കുന്നത്. ഈ സംഭവം വിശുദ്ധ ഖുര്‍ആന്‍ മറ്റൊരു ശൈലിയില്‍ ഇപ്രകാരമാണ് പറഞ്ഞത്: “അപ്പോള്‍ വേവിച്ച ഒരു കിടാവിനെ അദ്ദേഹം കൊണ്ടു വരാന്‍ ഒട്ടും വൈകിയില്ല” (11:69).

സകല ഗുണങ്ങളിലും സര്‍വ്വ പ്രവാചകരുടെയും മുന്‍നിരയിലായിരുന്ന മുഹമ്മദ് (സ്വ) ആതിഥ്യത്തിലും ഏറ്റം വലിയ മാതൃകയായിരുന്നു. ശത്രു മിത്ര ഭേദമന്യേ എല്ലാ സന്ദര്‍ശകര്‍ക്കും ആതിഥ്യം നല്‍കുമായിരുന്നു. കയ്യിലില്ലെങ്കില്‍ കടം വാങ്ങിയും അതു നിര്‍വഹിക്കും. തിരുമേനിയുടെ സേവകനായിരുന്ന അബൂ റാഫിഅ് (റ) പറയുന്നു: “ഒരു ദിനം തിരുമേനിയുടെ സമീപത്ത് ഒരു കൂട്ടം അതിഥികള്‍ വന്നു. അപ്പോള്‍ സമീപത്തുള്ള ഒരു ജൂതന്റെ അടുത്ത് ചെന്ന് അതിഥികള്‍ വന്നതുകൊണ്ട് കുറച്ചു ഗോതമ്പുപൊടി റജബ് മാസാവധിക്കു കടം തരാന്‍ പറയണമെന്ന് തിരുമേനി എന്നോട് പറഞ്ഞു. ജൂതനാകട്ടെ പണയം തരാതെ കടം കൊടുക്കില്ലെന്ന് ആണയിട്ടു പറഞ്ഞു. വിവരം ചെന്നു പറഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, ഞാന്‍ ആകാശത്ത് വിശ്വസ്തനാണ്, ഭൂമിയിലും വിശ്വസ്തന്‍ തന്നെ. അവന്‍ എനിക്കു കടം തന്നിരുന്നെങ്കില്‍ ഞാന്‍ ആ കടം വീട്ടുമായിരുന്നു. നീ ഈ പടയങ്കി കൊണ്ടുപോയി അവനു പണയം കൊടുക്കുക”. ഈ സംഭവം ഇമാം തുര്‍മുദി തന്റെ ശമാഇലില്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇസ്ലാമിലെ നിര്‍ബന്ധ ദാനങ്ങളില്‍ ഏറ്റം പ്രധാനപ്പെട്ടതും, പഞ്ചസ്തംഭങ്ങളില്‍ ഒന്നുമാണല്ലോ സകാത്. സകാതിന്റെ എട്ടു വിഭാഗം അവകാശികളെ വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അവരിലൊരു വിഭാഗം കടബാധിതരാണ്. വ്യക്തിപരമായ ആവശ്യത്തിനു വാങ്ങുന്ന കടവും സാമൂഹികാവശ്യത്തിന് വാങ്ങുന്ന കടവും ഇവിടെ പരിഗണനീയമാണ്. പരസ്പരം വഴക്കിലായ വ്യക്തികള്‍ക്കിടയിലോ സമൂഹങ്ങള്‍ക്കിടയിലോ അനുരഞ്ജനം ഉണ്ടാക്കുക. മസ്ജിദ് നിര്‍മാണം നടത്തുക, ബന്ദിയെ മോചിപ്പിക്കുക. പാലം നിര്‍മിക്കുക, തുടങ്ങിയ പൊതു കാര്യങ്ങള്‍ക്ക് വേണ്ടി വാങ്ങിയ കടത്തിനു അവധിയായാല്‍ അവര്‍ സമ്പന്നരെങ്കിലും പ്രസ്തുത കടം വീട്ടുന്നതിനു സകാത് നല്‍കാവുന്നതാണ്. ഈ ഇനത്തിലാണ് അതിഥി സല്‍ക്കാരത്തിനു വാങ്ങിയ കടത്തെയും കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ എണ്ണിയിട്ടുള്ളത്. അപ്പോള്‍ അതിഥി സല്‍ക്കാരത്തിനു വേണ്ടി കടം വാങ്ങിയാല്‍ അതു അവധിക്കു വീട്ടുന്നതിനു  സകാതു സ്വീകരിക്കാവുന്നതാണ്. അവന്‍ സ്വന്തം നിലക്ക് ഐശ്വര്യവാനെങ്കിലും (തുഹ്ഫ, ശര്‍വാനി 7:159). വിരുന്ന് സല്‍ക്കാരത്തിനും ആതിഥ്യത്തിനും ഇസ്ലാം നല്‍കിയ പ്രാധാന്യം ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്.

അന്നദാനത്തിന്റെയും വിരുന്ന് സല്‍ക്കാരത്തിന്റെയും പ്രാധാന്യവും മഹത്വവും വിവരിക്കുന്ന ഹദീസുകള്‍ അസംഖ്യമാണെന്നാണ് ഇമാം ഗസ്സാലി (റ) ഇഹ്യാ (2.14) യില്‍ പറഞ്ഞിട്ടുള്ളത്. അതിഥി ആതിഥേയനെയും ആതിഥേയര്‍ അതിഥിയേയും സന്തോഷിപ്പിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ ഘടകം. നബി (സ്വ) പറയുന്നു : അല്ലാഹുവിലുള്ള വിശ്വാസത്തിനു ശേഷം ഏറ്റവും ശ്രേഷ്ഠകരമായ കര്‍മം ജനങ്ങളുമായി സ്നേഹബന്ധം പുലര്‍ത്തലാണ് (ത്വബ്റാനി). കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് സത്യവിശ്വാസിയായ നിന്റെ സുഹൃത്തിനു സന്തോഷമുണ്ടാക്കുക,അല്ലെങ്കില്‍ അയാളുടെ കടം വീട്ടിക്കൊടുക്കുക, അതുമല്ലെങ്കില്‍ അവ ര്‍ക്കു (ഭക്ഷണം) നല്‍കുക എന്നതാണ് (ബൈഹഖി, ഇത്ഹാഫ് 5:245). അതിഥികള്‍ പ്രവേശിക്കാത്ത വീട്ടില്‍ മലകുകള്‍ പ്രവേശിക്കില്ലെന്നാണ് പ്രവാചകരുടെ സേവകനും ശിഷ്യനുമായ അനസ് (റ) പറയുന്നത് (ഇഹ്യാ 2:14). സദ്യാഭക്ഷണം അതിഥികള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോഴെല്ലാം മലകുകള്‍ ആതിഥേയനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുമെന്ന പ്രവാചകരുടെ പ്രസ് താവന ത്വബ്റാനി ഉദ്ധരിച്ചിട്ടുണ്ട് (ഇഹ്യാ 2:10).

ആതിഥ്യം സന്തോഷകരമാവണം. അതിഥിക്കും ആതിഥേയനും. അതു കൊണ്ട് തന്നെ അതില്‍ കൃത്രിമത്വമോ അസ്വാഭാവികതയോ ഉണ്ടാവാന്‍ പാടില്ല. വീട്ടുകാരെ പട്ടിണിയാക്കിയോ എളുപ്പം വീട്ടാന്‍ കഴിയാത്ത കടം വരുത്തിയോ വിരുന്നു സല്‍ക്കാരം നടത്തരുത്. പ്രയാസപ്പെട്ടു മൂല്യത്തിലും ഗുണത്തിലും മെച്ചപ്പെട്ട ആഹാരം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് അസ്വാഭാവികത വരുന്നത്. ഇത് ആതിഥ്യം ഒരു ഭാരമാക്കിത്തീര്‍ക്കും. മഹാനായ ഫുളൈല്‍ (റ) പറയുന്നു: ജനങ്ങള്‍ പരസ്പരമുള്ള ബന്ധം അറ്റുപോകുവാനുള്ള കാരണം കൃത്രിമത്വം മാത്രമാണ്. അതായത് തന്റെ സുഹൃത്തിനെ ക്ഷണിക്കും. അപ്പോള്‍ അയാള്‍ വിഷമിച്ചു അതിഥിക്കു വേണ്ടി അസാധാരണത്വം കാണിക്കും. അതാകട്ടെ അയാളുടെ തിരിച്ചു വരവിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. മറ്റൊരു പണ്ഢിതന്റെ പ്രസ്താവന കാണുക: സ്നേഹിതന്മാര്‍ ആരു വന്നാലും എനിക്കു പ്രശ്നമല്ല. കാരണം ഞാന്‍ സന്ദര്‍ശകനു വേണ്ടി കൃത്രിമത്വം കാണിക്കാറില്ല. എന്റെയടുത്തുള്ളത് ഞാന്‍ അവനു സമര്‍പ്പിക്കും. ഞാന്‍ ക്ളേശപ്പെട്ടു അസാധാരണമായി വല്ലതും അവനുവേണ്ടി തയ്യാര്‍ ചെയ്യുന്നുവെങ്കില്‍ അവന്റെ പുനരാഗമത്തോട് അതൃപ്തിയും വിമുഖതയുമുണ്ടാകും. മൂന്നാമതൊരാളുടെ പ്രസ്താവന കാണുക: ഞാന്‍ എന്റെ ഒരു സുഹൃ ത്തിനെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അയാള്‍ വിരുന്നില്‍ എന്നോട് അസ്വാഭാവികത കാണിക്കും. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: ഞാനും നീയും ഒറ്റയ്ക്കു ഈ വിശേഷ ആഹാരം കഴിക്കാറില്ല. പിന്നെയെന്തിനു നാമിരുവരും കൂടുമ്പോള്‍ ഇതു കഴിക്കുന്നു. ഒന്നുകില്‍ ഈ കൃത്രിമത്വം നിര്‍ത്തുക, അല്ലെങ്കില്‍ ഞാന്‍ സന്ദര്‍ശനം നിര്‍ത്തും. അദ്ദേഹം അസാധാരണത്വം നിര്‍ത്താന്‍ തയാറായി. ഞങ്ങളുടെ കൂടിച്ചേരല്‍ നിലനിന്നു”. സല്‍മാന്‍ (റ) പറയുന്നു :”അതിഥിക്കു വേണ്ടി വിഷമിച്ചു നമ്മുടെ സമീപത്തില്ലാത്തതു തയാര്‍ ചെയ്യരുതെന്നും ലഭ്യമായത് അതിഥിക്കു സമര്‍പിക്കണമെന്നും അല്ലാഹുവിന്റെ തിരുദൂതര്‍ നമ്മോട് കല്‍പിച്ചു.” (ത്വബ്റാനി). വിശേഷാഹാരമില്ലാത്തത് കൊണ്ട് ലഭ്യമായത് അതിഥിക്കു നല്‍കാന്‍ ലജ്ജിക്കരുത്. അനസ് (റ) പറയുന്നു :”നബിയുടെ സ്വഹാബിമാര്‍ ലഭ്യമായത് അതിഥികള്‍ക്കു നല്‍കുമായിരുന്നു. ഉണങ്ങിയ റൊട്ടിക്കഷ്ണങ്ങളും പഴകിയ കാരക്കയും അക്കൂട്ടത്തിലുണ്ടാകും. എന്നിട്ടവര്‍ പറയുമായിരുന്നു :തനിക്കു സമര്‍പ്പിക്കപ്പെടുന്ന ആഹാരം നിസ്സാരമായിക്കാണുന്ന അതിഥിയോ അ ല്ലെങ്കില്‍ തനിക്കു ലഭ്യമായത് നിസ്സാരമായിക്കണ്ടു അതിഥിക്കു നല്‍കാതിരിക്കുന്ന ആതിഥേയനോ ഏറ്റവും വലിയ കുറ്റക്കാരന്‍ എന്നു ഞങ്ങള്‍ക്കറിയില്ല (ഇഹ്യാ 2: 12-13).

വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ തന്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ എന്നാണല്ലോ നബി (സ്വ) പറഞ്ഞിട്ടുള്ളത്. അതിഥിയോടുള്ള എല്ലാ സമീപനത്തിലും ഈ ആദരവ് പ്രകടമാവണം. മുഖപ്രസന്നതയും സന്തോഷ പൂര്‍വമുള്ള സംസാരവും അതിന്റെ ഭാഗമാണ്. വിരുന്നുകാരനു വേണ്ടി പ്രത്യേക വിരിപ്പ് തയ്യാര്‍ ചെയ്യണമെന്നാണ് നിയമം. വീട്ടില്‍ അതിഥികള്‍ക്കു വേണ്ടി പ്രത്യേകമായ ശയ്യ ഒരുക്കി വയ്ക്കല്‍ സുന്നത്താകുന്നു. നബി (സ്വ) പറയുന്നു.”ഒരു വിരിപ്പ് പുരുഷനും മറ്റൊരു വിരിപ്പ് സ്ത്രീക്കും മൂന്നാമതൊരു വിരിപ്പ് അതിഥിക്കും നാലാമത്തേത് (അനാവശ്യമായത് കൊണ്ട്) പിശാചിനുമുള്ളതാണ്” (മുസ്ലിം).

അതിഥിയുടെ അഭീഷ്ടം ആരായണം. വേണ്ടതു നല്‍കാന്‍ കഴിയുമെങ്കില്‍ അവനു വേണ്ട ആ ഹാരം എന്തെന്ന് അന്വേഷിക്കണം. അനിഷ്ടകരമായ ആഹാരമുണ്ടാക്കി നഷ്ടം സഹിക്കുന്നതിനു പകരം ആഗതനു അഭിരുചിയുള്ള വിഭവങ്ങള്‍ നല്‍കുന്നതാണല്ലോ ഉത്തമം. നബി (സ്വ) പറയുന്നു: “ആരെങ്കിലും തന്റെ സുഹൃത്തിനു ഇഷ്ടപ്പെട്ട ആഹാരം ഭക്ഷിപ്പിച്ചാല്‍ അല്ലാഹു അദ്ദേഹത്തിനു നരകം നിഷിദ്ധമാക്കും”(ബൈഹഖി, ഇത്ഹാഫ് 5:238). അതിഥി, ആതിഥേയന്റെ സൌകര്യാസൌകര്യങ്ങള്‍ നോക്കാതെ എനിക്കിന്നത് വേണമെന്ന് പറയരുത്. സ്വാതന്ത്യ്രം കൊടുത്താല്‍ വീട്ടുകാര്‍ക്കു എളുപ്പമുള്ളതാണവന്‍ തിരഞ്ഞെടുക്കേണ്ടത്. ആതിഥേയനു സൌകര്യമുണ്ടെങ്കില്‍ അതിഥി തനിക്കിഷ്ടമുള്ളതു ആവശ്യപ്പെടുന്നതിന് വിരോധമില്ല. മഹാനായ ഇമാം ശാഫിഈ (റ) അങ്ങനെ ചെയ്തതായി കാണാം. അദ്ദേഹം ശിഷ്യനായ ‘ഹസനുബ്നു മുഹമ്മദുസ്സുഅ്ഫറാനിയുടെ വീട്ടില്‍ ചിലപ്പോള്‍ അതിഥിയായി പോകാറുണ്ടായിരുന്നു. പള്ളിയിലേക്ക് പോകുമ്പോള്‍ തനിക്കുവേണ്ടി തയ്യാര്‍ ചെയ്യേണ്ട വിഭവങ്ങളുടെ ലിസ്റ്റ് സുഅ്ഫറാനി ദാസിയെ ഏല്‍പിക്കും. ഒരു ദിവസം പട്ടികയില്‍ പെടാത്ത പുതിയൊരു വിഭവം സദ്യയില്‍ കണ്ടപ്പോള്‍ സുഅ്ഫറാനി ദാസിയെ ചോദ്യം ചെയ്തു. അതു ഇമാം ശാഫിഈ ലിസ്റ്റില്‍ കൂട്ടിച്ചേര്‍ത്തതാണെന്നു അവള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പരിശോധിച്ചു. അതെ, ഇമാം ശാഫിഈ (റ) ന്റെ കൈപ്പട! തന്റെ ഗുരുനാഥന്‍ ഇഷ്ടപ്പെട്ട വിഭവം ആവശ്യപ്പെട്ടതിലുള്ള സന്തോഷാധിക്യത്താല്‍ അദ്ദേഹം തന്റെ ദാസിയെ അടിമത്തത്തില്‍ നിന്നു മോചിപ്പിച്ചു സ്വതന്ത്രയാക്കി. (ഇത്ഹാഫ് 5: 237).

അതിഥിക്കു താമസംവിനാ ആഹാരം കൊടുക്കണം. അതു വന്ദനത്തിന്റെ ഭാഗമാണ്. അധിക സമയം വെറുതെയിരുത്തുന്നത് അനാദരവാണ്. ക്ഷണിക്കപ്പെട്ട അതിഥികളെങ്കില്‍ അവരില്‍ ഒന്നോ രണ്ടോ പേര്‍ കൃത്യ സമയത്തെത്തിയില്ലെങ്കില്‍ അവര്‍ക്കുവേണ്ടി വൈകിക്കരുത്. വന്നവ ര്‍ക്കു സദ്യ വിളമ്പണം. ഇത് വരാനുള്ള വ്യക്തിക്കു മനഃക്ളേശമുണ്ടാക്കുമെന്നു കണ്ടാല്‍ (കുറച്ച്) വൈകിക്കുന്നതിലഭംഗിയില്ല (ഇഹ്യാ 2:18). വരാനുള്ള വ്യക്തി മഹത്വമോ ബറകതോ ഉള്ളവനെങ്കില്‍ സദ്യ പിന്തിക്കുന്നതില്‍ പന്തികേടില്ല (ഇത്ഹാഫ് 5:21). ഹാതിമുല്‍ അസ്വമ്മ് പറയുന്നു : ‘ധൃതി പൈശാചികമാണ്. അഞ്ചുകാര്യങ്ങളിലൊഴിച്ച്; അതിഥി വന്നു കഴിഞ്ഞാല്‍ ആഹാരം നല്‍കുക, മരിച്ചാല്‍ മയ്യിത്ത് സംസ്കരിക്കുക. പ്രായം തികഞ്ഞാല്‍ കന്യകയെ വിവാഹം ചെയ്തു കൊടുക്കുക.അവധിയായാല്‍ കടം വീട്ടുക, കുറ്റം ചെയ്താല്‍ തൌബ ചെയ്യുക എന്നിവയാണ് ധൃതി കൂട്ടേണ്ട അഞ്ചു കാര്യങ്ങള്‍ (ഹില്‍യത്തുല്‍ ഔലിയാ 8:78).

അതിഥിയോട് ആഹാരം കൊണ്ടുവരട്ടേ? എന്നു ചോദിക്കരുത്. മഹാനായ സുഫ്യാനുസ്സൌരി പറയുന്നു:”നിന്റെ സുഹൃത്ത് നിന്നെ സന്ദര്‍ശിച്ചാല്‍ ഭക്ഷണം കഴിക്കുന്നുവോ? ഭക്ഷണം കൊണ്ടു വരട്ടേ? എന്നൊന്നും ചോദിക്കരുത്. ആഹാരം അവനു സമര്‍പിക്കണം. തിന്നുന്നുവെങ്കില്‍ തിന്നട്ടെ, അല്ലെങ്കില്‍ എടുത്തുമാറ്റാം. കൊടുക്കാനുദ്ദേശിക്കാത്ത ആഹാരത്തെക്കുറിച്ച് അതിഥിയോട് സംസാരിക്കരുത് (ഇഹ്യാ 2:13). ‘പെട്ടിയില്‍ നല്ല ഹല്‍വാ ഉണ്ടായിരുന്നു. പക്ഷേ താക്കോല്‍ കാണുന്നില്ല.’ എന്ന പ്രസ്താവന ഇതിനുദാഹരണമാണ്.

സദ്യാവിഭവങ്ങളെല്ലാം ഒന്നിച്ചു വയ്ക്കുന്ന സമ്പ്രദായമാണ് പൂര്‍വികര്‍ക്കുണ്ടായിരുന്നത്. സൌകര്യമുണ്ടെങ്കില്‍ അതാണ് ഉത്തമം. വേണ്ടവര്‍ക്കു വേണ്ടതു കഴിക്കാമല്ലോ. പല തവണയായി വയ്ക്കുന്നുവെങ്കില്‍ എളുപ്പം ദഹിക്കുന്നതും ലഘുതരവുമായ ആഹാരങ്ങള്‍ ആദ്യം വയ്ക്കുന്നതാണ് കൂടുതലുത്തമം. ആദ്യം പഴങ്ങള്‍, പിന്നെ മാംസം, റൊട്ടി, അവസാനം മധുര സാധനങ്ങള്‍ ഇതാണ് ഏറ്റം നല്ലക്രമം. ഒന്നോ രണ്ടോ ഇനം മാത്രമേയുള്ളൂവെങ്കില്‍ ഇനി കൂടുതല്‍ മെച്ചപ്പെട്ടയിനം വരാനുണ്ടെന്ന മിഥ്യാധാരണ അതിഥിക്കുണ്ടാകാതിരിക്കാന്‍ വിവരം അവരെ അറിയിക്കണം (ഇഹ്യാ 2 : 18-19).

വീട്ടുകാരന്‍ ആദ്യം കൈ കഴുകിയൊരുങ്ങണം; അവന്‍ തിന്നാന്‍ തുടങ്ങുന്നതു വൈകിയാവണം; എഴുന്നേല്‍ക്കുന്നതും വൈകി; കൈ കഴുകുന്നതും അവസാനമാകണം. വൈകിയെത്തുന്നവര്‍ക്കും സാവധാനം കഴിക്കുന്നവര്‍ക്കുമെല്ലാം പര്യാപ്തമായ അളവില്‍ ഭക്ഷണം കഴിക്കാന്‍ അതു കൂടുതല്‍ സഹായകമാകും. സദ്യയില്‍ മിതത്വം പാലിക്കണം. അമിതമാവരുത്. അതിമിതവുമാവരുത്. അമിതത്വം പൊങ്ങച്ചവും അതിമിതത്വം പിശുക്കുമാണ്. മിതത്വമാണ് നബിചര്യ.തിരുമേനിയുടെ മുമ്പില്‍ നിന്നു ശിഷ്ടാഹാരം പൊക്കിക്കൊണ്ടു പോകുന്ന അവസ്ഥ ഉണ്ടാകാറില്ല. ആവശ്യത്തിനേ വിളമ്പാറുള്ളൂ. വയറുനിറച്ചു കഴിക്കുന്ന പതിവും സ്വഹാബിമാര്‍ക്കില്ല.മഹാന്മാരായ അതിഥികള്‍ കഴിച്ച ശിഷ്ടം ബറകതായി ഗണിക്കുന്നുവെങ്കില്‍ അവര്‍ക്കു കൂടുതല്‍ വിളമ്പാവുന്നതാണ്. ശിഷ്ടം വരുമെന്നുറപ്പില്ലെങ്കില്‍ വിരുന്നുകാര്‍ക്കു വിളമ്പും മുമ്പ് വീട്ടുകാര്‍ക്കുള്ളത് മാറ്റിവക്കണം. വീട്ടുകാര്‍ ശിഷ്ടം പ്രതീക്ഷിക്കാതിരിക്കണം. ശിഷ്ടമുണ്ടായില്ലെങ്കില്‍ അവര്‍ അതിഥികളെ പഴിക്കാതിരിക്കാനും അതു സഹായകമാകും.


RELATED ARTICLE

  • രോഗ സന്ദര്‍ശനം
  • സ്നേഹന്ധവും പരിഗണനയും
  • സമൂഹം: ക്രമവും വ്യവസ്ഥയും
  • തൊട്ടതിനൊക്കെ സത്യം വയ്യ
  • സദ്യയും വിരുന്നും
  • സഭാ മര്യാദകള്‍
  • ഐശ്വര്യവാന്‍
  • ദരിദ്രന്‍
  • നല്ല പെരുമാറ്റം
  • കാരുണ്യം
  • അഭിവാദനം, പ്രത്യഭിവാദനം
  • അനീതിയുടെ ഇരുട്ട്
  • ഭരണരംഗം
  • വിശ്വാസിയും അയല്‍വാസിയും
  • വിശ്വാസവും സ്നേഹവും
  • ആതിഥ്യ ധര്‍മം
  • അനീതിയുടെ ഇരുട്ട്
  • സ്നേഹബന്ധവും പരിഗണനയും