Click to Download Ihyaussunna Application Form
 

 

പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും

വ്യക്തിഗത സമീപനം

ഹിറാ പര്‍വ്വതത്തിന്റെ ഗഹ്വരത്തില്‍ ഏകനായി കഴിഞ്ഞ്കൂടുന്നതിനൊടുവില്‍ ജിബ്രീല്‍ (അ) എന്ന വിശുദ്ധ മലക്ക് ആഗതനായി തിരുനബിക്കു വഹ്യ് നല്‍കി. വഹ്യ് ലഭിച്ച നാള്‍തന്നെ ഇക്കാര്യം പത്നി ഖദീജയെ അറിയിക്കുകയും അവര്‍ നബിയെ ആശ്വസിപ്പിച്ച് പ്രതീക്ഷ നല്‍കുകയും ചെയ്തു.

പ്രബോധനം ആരംഭിക്കുന്നതു തന്റെ സന്തതസഹചാരിയായ അബൂബക്കര്‍ സ്വിദ്ദീഖി ലുടെയാണ്. പ്രവാചകത്വ വിവരം ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം ഒട്ടും താമസിയാതെ അതുള്‍കൊള്ളുകയും നബിയില്‍ വിശ്വസിക്കുകയും ചെയ്തു. പിന്നീട് ചെറുപ്പക്കാരനായ അലിയെ കണ്ട്് പറഞ്ഞു. പ്രബോധനം സിദ്ധിച്ചവര്‍ അവരുടെ കൂട്ടുകാര്‍, പരിചയക്കാര്‍, ബന്ധുക്കള്‍, അടിമകള്‍ എന്നിവരുമായി വ്യക്തിഗത സംഭാഷണം നടത്തി. പ്രബോധന രംഗത്തെ ഏററവും ഫലവത്തായ ശൈലിയാണിത്. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് സന്ദേശം കൈമാറുകയും വളരെ പെട്ടെന്ന് പ്രചാരം നേടുകയും ചെയ്തു. വ്യക്തികളെതേടി തിരുനബി മക്കയിലെ വീടുകള്‍ സന്ദര്‍ശിച്ചു. ഓരോ വീട്ടിലും ചെന്ന് അവിടത്തെ പുരുഷരും സ്ത്രീകളും അടങ്ങുന്ന അംഗങ്ങളോടു സംസാരിച്ചു. മനുഷ്യന്റെ മഹത്വവും ഏകദൈവവിശ്വാസത്തിന്റെയും ആരാധനയുടെയും പ്രസക്തിയും ബുദ്ധിപരമായി അവരെ ബോധ്യപ്പെടുത്തി. സൌമ്യവും വിനയപൂര്‍ണ്ണവുമായിരുന്നു തിരുനബിയുടെ ശൈലി.

വിനയപൂര്‍വ്വം ഖുറൈശികളുടെ മുന്നില്‍ ചെന്ന് തിരുനബി ഉപദേശിച്ചു. അല്ലാഹുവിന്റെ ഏകത്വമംഗീകരിക്കാനും ഏകമാനവികതയുടെ ഭാഗമായിത്തീരാനും അവരെ ക്ഷണിച്ചു. സത്യത്തിലേക്ക് ക്ഷണവുമായെത്തിയ  തിരുദൂതര്‍ക്ക്  മൂന്നുതരം പ്രതികരണ ങ്ങളാണുനേരിട്ടത്. ഒരു വിഭാഗം ആദരപൂര്‍വ്വം സ്വീകരിച്ചിരുത്തി. ആതിഥേയ മര്യാദ പാലിച്ചു. നബിയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകേട്ടു. പരിഗണിക്കാമെന്ന ഉപചാരവാക്കുകളോടെ നബിയെ യാത്രയാക്കി. രണ്ടാം വിഭാഗം ധിക്കാരപൂര്‍വ്വം പെരുമാറി, അസഭ്യാഭിഷേകം ചെയ്തു. അഹന്തയോടെ തട്ടിക്കയറി.  ഉപദേശങ്ങള്‍ക്കു അവസരം പോലും അവര്‍ നല്‍കിയില്ല. മറെറാരു കൂട്ടര്‍ എല്ലാം കേട്ടിരുന്നു. പറയുന്നതെല്ലാം സത്യമാണെന്ന് അവര്‍ക്കു ബോദ്ധ്യമായി. പക്ഷേ, സത്യം അംഗീകരിക്കുന്നതിലൂടെ തങ്ങളുടെ ഭൌതിക താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നുകൂടി കരുതി കടുത്ത ചില നിബന്ധനകളുന്നയിക്കുകയായിരുന്നു. ‘താങ്കളുടെ മതം പ്രചരിക്കുകയും അറബികള്‍ ഈ മതത്തില്‍ അണിനിരക്കുകയും ചെയ്താല്‍ രാജ്യത്തിന്റെ ഭരണം ആര്‍ക്കായിരിക്കും നല്‍കുക? ഭരണത്തില്‍ പങ്കാളിത്തം ഉറപ്പ് തരികയാണെങ്കില്‍ താങ്കളെ അംഗീകരിക്കാം. ഇല്ലെങ്കില്‍ ആലോചിച്ച് വേണം’. ഇതായിരുന്നു മൂന്നാം വിഭാഗത്തിന്റെ പ്രതികരണം. ഒന്നാം വിഭാഗം മാന്യത പുലര്‍ത്തി. അവര്‍ താമസിയാതെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. രണ്ടാം വിഭാഗം ധിക്കാരവും വിരോധവും പ്രകടിപ്പിച്ചു. അവര്‍ ബദ്റില്‍ മുസ്ലിംകളുമായുള്ള യുദ്ധത്തില്‍ പരാജയപ്പെടുകയും നാശമടയുകയും ചെയ്തു. മൂന്നാം വിഭാഗം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം ഇസ്ലാം സ്വീകരിക്കുകയും പിന്നീടു കപട വിശ്വാസികളായിത്തീരുകയും ചെയ്തു.

വിളംബരം

പ്രബോധനത്തിന്റെ രണ്ടാം ഘട്ടത്തില്‍ തിരുനബി അനുവര്‍ത്തിച്ചത് സമൂഹത്തെ മൊത്തത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശൈലിയായിരുന്നു. അബൂഖുബൈസ് പര്‍വ്വതത്തിന്റെ താഴ്വരയില്‍ മക്കാ നിവാസികളെ വിളിച്ച് ചേര്‍ത്ത് ബുദ്ധിപരമായി അവരെ തൌഹീദിലേക്ക് ക്ഷണിക്കുകയായിരുന്നു. അബൂലഹബിന്റെ നേതൃത്വത്തില്‍ തീവ്രവാദികളായ എതിരാളികള്‍ പ്രകോപനം സൃഷ്ടിക്കാന്‍ തുനിഞ്ഞെങ്കിലും തിരുനബി തന്റെ ദൌത്യം നിര്‍വ്വഹിക്കുന്നതില്‍ വിജയിച്ചു. അബൂഖുബൈസ് വിളംബരത്തോടെ ഇസ്ലാം പരസ്യമായി ചര്‍ച്ചചെയ്യപ്പെടുകയും നിഷ്പക്ഷമതികളുടെ ഹൃദയത്തെ സ്വാധീനിക്കുകയും ചെയ്തു. അനന്തരം ദുല്‍ഹുലൈഫ, ഉക്കാള് തുടങ്ങിയ ചന്തകളില്‍ കവല പ്രസംഗങ്ങള്‍ നടത്തി ഇസ്ലാം വിളംബരം ചെയ്തു.  തനിക്കു സഹായിയും സഹകാരിയുമുണ്ടോ, ഒത്താശക്കും കൂട്ടിനും ആളുകളുണ്ടോ എന്ന് ആലോചിച്ചിരിക്കാതെ അല്ലാഹു തന്നിലേല്‍പ്പിച്ച ചുമതലയുടെ നിര്‍വ്വഹണം മുഖ്യലക്ഷ്യമായി ഗണിച്ച് തിരുനബി (സ്വ) മാര്‍ക്കററുകളിലും കവലകളിലും പ്രസംഗിച്ചു.  കേവലം ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്കല്ല മറിച്ച് ഒരു സമഗ്ര വിമോചന പ്രസ്ഥാനമെന്ന നിലക്കായിരുന്നു ഇസ്ലാമിനെ തിരുനബി അവതരിപ്പിച്ചത്.

“മനുഷ്യരേ, നിങ്ങള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് പ്രഖ്യാപിക്കുക, നിങ്ങള്‍ക്ക് വിജയം വരിക്കാം. അറബികള്‍ നിങ്ങളുടെ അധീനതയില്‍ വരും. അനറബികള്‍ നിങ്ങള്‍ക്ക് കീഴടങ്ങും.  വിശ്വാസികളാകുന്നതോടെ സ്വര്‍ഗത്തിലെ രാജാക്കന്മാരാവുകയാണ് നിങ്ങള്‍…..”.

ദൈവാസ്തിക്യവും, ഏകത്വവും സ്ഥാപിക്കാന്‍ ശ്രോതാക്കളുടെ ചിന്താമണ്ഡലത്തെ തട്ടി ഉണര്‍ത്തുകയും ദൃഷ്ടാന്തങ്ങള്‍ നിരത്തി സ്വന്തം ബുദ്ധി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു നബി (സ്വ). മിത്തുകളും ഇതിഹാസങ്ങളും ഊഹക്കഥകളും നിരത്തി ആദര്‍ശം സമര്‍ഥിക്കുന്ന മനുഷ്യ നിര്‍മിത മതങ്ങളുടെ പാരമ്പര്യ ശൈലിയില്‍ നിന്നു പൂര്‍ണ്ണമായും വ്യത്യസ്ത രീതിയാണു തിരുനബി സ്വീകരിച്ചത്.

തന്റെ വ്യക്തി മഹത്വങ്ങള്‍ അറിയുകയും ഉള്‍കൊള്ളുകയും അംഗീകരിച്ചാദരിക്കുകയും ചെയ്തിരുന്ന സമൂഹത്തില്‍ ആ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടുന്നതിനും ദിവ്യത്വവല്‍കരിക്കുന്നതിനും മുതിരാതെ വ്യക്തികളുടെ ബുദ്ധി ഉപയോഗിക്കാനും പഠനനിരീക്ഷണങ്ങളിലൂടെ സത്യപ്രസ്ഥാനത്തിന്റെ യഥാര്‍ഥ മുഖം ദര്‍ശിക്കാനുമാണു നബി നിര്‍ദ്ദേശിച്ചത്. തന്റെ നിസ്തുലവും നിര്‍മ്മലവുമായ വ്യക്തിത്വം പ്രബോധിതരുടെ മുന്നില്‍ തുറന്ന് വെക്കുകയും ആര്‍ക്കും ഒരാക്ഷേപവും ഉന്നയിക്കാനില്ലാത്ത വിശുദ്ധ ജീവിതമാതൃക കാഴ്ചവെക്കുകയുമാണ് നബി ചെയ്തത്.

“മനുഷ്യരേ, നിങ്ങളെയും നിങ്ങളുടെ മുന്‍ഗാമികളെയും സൃഷ്ടിച്ച് പരിപാലിച്ച റബ്ബിനെ നിങ്ങള്‍ ആരാധിക്കുക, നിങ്ങള്‍ സൂക്ഷ്മതയും ഭക്തിയുമുള്ളവരാകാന്‍”. (അല്‍ബഖറഃ). “ആകാശ ഭൂമികളെ പടച്ചവനാണല്ലാഹു. ആകാശത്ത് നിന്ന് ജലം ഇറക്കി. ജലം ഉപയോഗിച്ച് അവന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. നിങ്ങള്‍ക്ക് ആഹരിക്കാന്‍ വേണ്ടിയാണിതൊക്കെ’(ഖുര്‍ആന്‍).

‘സമുദ്രസഞ്ചാരം നടത്താനായി നിങ്ങള്‍ക്കവന്‍ കപ്പലുകള്‍ അധീനപ്പെടുത്തിത്തന്നു. നദികളെ നിങ്ങള്‍ക്ക് കീഴ്പ്പെടുത്തി. രാപ്പകലുകളെയും നിങ്ങള്‍ക്കവന്‍ അധീനപ്പെടുത്തി. നിങ്ങള്‍ ചോദിക്കുന്നതെന്തും നിങ്ങള്‍ക്കവന്‍ നല്‍കി. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ ക്കത് തിട്ടപ്പെടുത്താന്‍ സാധിക്കുകയില്ല. മനുഷ്യന്‍ നിഷേധിയും അക്രമിയുമത്രെ” (ഇബ്റാഹിം).

“ഒട്ടകം എങ്ങനെ സൃഷ്ടിക്കപ്പെട്ടു, ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു. ഗിരിസാനുക്കള്‍ എങ്ങനെ സ്ഥാപിക്കപ്പെട്ടു. ഭൂമി എങ്ങനെ വിതാനിക്കപ്പെട്ടു. അവര്‍ ചിന്തിക്കുന്നില്ലേ”. (അര്‍ഗാസിയ- 17) തുടങ്ങിയ ചിന്താര്‍ഹമായ പ്രമേയങ്ങള്‍ അത്യാകര്‍ഷകമായ ശൈലിയില്‍ തുറന്ന വേദികളില്‍ തിരുനബി അവതരിപ്പിച്ചു. ശ്രോതാക്കളുടെ മനോമുകുരത്തില്‍ അന്വേഷണത്തിന്റെയും നിരീക്ഷണത്തിന്റെയും കാററ് വീശി. തമസ്കരിക്കപ്പെട്ട യാഥാര്‍ഥ്യങ്ങളും മണ്ണിട്ട് മൂടിയ ചിന്തകളും പുറത്ത് വന്നു. മനുഷ്യഹൃദയങ്ങള്‍ സത്യം അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.  അതെ, ഇസ്ലാം നിര്‍ബന്ധം ചെലുത്തി അടിച്ചേല്‍പ്പിക്കേണ്ട ഒരു സംവിധാനമല്ല. അതു ഹൃദയത്തിന്റെ തീരുമാനവും ബുദ്ധിയുടെ വിധിയുമാണ്. പഠിച്ചറിഞ്ഞുള്‍കൊള്ളേണ്ട പ്രത്യയശാസ്ത്രമാണ്. ഇസ്ലാമിക പ്രബോധകന്റെ ഉത്തരവാദിത്വം മനുഷ്യനെ ചിന്തിപ്പിക്കുക എന്നതാണ്.  ചിന്തക്കും പഠനത്തിനും വിഘാതമായി കിടക്കുന്ന എല്ലാ ആവരണങ്ങളും മതില്‍ കെട്ടുകളും തകര്‍ത്തെറിഞ്ഞ് സ്വാതന്ത്യ്രത്തിന്റെ പുല്‍മേടിലേക്ക് മനുഷ്യനെ നയിക്കുകയാണ്.

അധികാരത്തിന്റെ, സ്വാര്‍ത്ഥമോഹത്തിന്റെ, തിന്മയുടെ, ജീര്‍ണതകളുടെ, പാരമ്പര്യത്തിന്റെ,  മിത്തുകളുടെ,  ഇതിഹാസങ്ങളുടെ, അന്ധവിശ്വാസങ്ങളുടെ, ശിര്‍ക്കിന്റെ ബന്ധനങ്ങളില്‍ നിന്നു മോചിതനാകുന്ന മനുഷ്യന്‍ തീര്‍ച്ചയായും തന്റെ ബുദ്ധി ഫലപ്രദമായി ഉപയോഗിക്കുമ്പോള്‍ അല്ലാഹുവിനെ കണ്ടെത്തുകയും സത്യം ഉള്‍കൊള്ളുകയും ചെയ്യുന്നു.

ഉക്കാള്, മിജുന്ന, ദില്‍മജാസ്, അഖബ തുടങ്ങിയ ചന്തകളിലെ കവല പ്രസംഗങ്ങള്‍ മനുഷ്യ ഹൃദയത്തെ പിടിച്ച് കുലുക്കി.  ശ്രോതാക്കളുടെ മനസ്സിനു പുത്തനുണര്‍വ്വേകി. മദീന, യമന്‍, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വന്നെത്തിയ കച്ചവടക്കാരും ടൂറിസ്റ്റുകളും സാഹിത്യകാരന്മാരുമൊക്കെ ആ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചു. അവരുടെ ഹൃദയത്തെ അതു വല്ലാതെ സ്വാധീനിച്ചു. മദീനക്കാരായ വ്യാപാരികള്‍ ഒട്ടനവധിപേര്‍ പ്രസംഗം കേട്ട് ഇസ്ലാം സ്വീകരിച്ചു. അവര്‍ മദീനയില്‍ തിരിച്ചെത്തി വ്യക്തിഗത സമീപനത്തിലൂടെ എല്ലാ വീടുകളിലും സന്ദേശമെത്തിച്ചു. മക്കയില്‍ പ്രകാശിക്കാന്‍ അല്‍പം വൈകി. എങ്കിലും മക്കയിലെ ഈ വിളക്കുമാടം മദീനയെ പ്രദീപ്തമാക്കിയിരുന്നു. യമനിലും ബഹ്റൈനിലും ഇസ്ലാമിന്റെ വെളിച്ചമെത്തിത്തുടങ്ങിയിരുന്നു.

പ്രബോധകന്‍ ആരെയും കാത്തിരിക്കരുത്. അവസരങ്ങള്‍ സൃഷ്ടിക്കുകയും ലഭിക്കുന്ന എല്ലാ അവസരങ്ങളും വിദഗ്ധമായി ഉപയോഗപ്പെടുത്തുകയും വേണം. ആരെയും ഭയക്കാനോ ആശ്രയിക്കാനോ പോകരുത്. ദൌത്യ നിര്‍വ്വഹണത്തിനു ത്യാഗസന്നദ്ധത പ്രകടിപ്പിക്കണം തുടങ്ങിയ പാഠങ്ങള്‍ തിരുനബിയുടെ ഈ ശൈലി നമുക്ക് നല്‍കുന്നുണ്ട്.

തിരുനബിക്കെതിരെ സര്‍വ്വ തന്ത്രങ്ങളും പയററി ശത്രുക്കള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. അവര്‍ ദുരാരോപണങ്ങളുന്നയിച്ചു. കുപ്രചാരണങ്ങള്‍ നടത്തി. മുസ്ലിംകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ശക്തമായ ഉപരോധംവരെ ഏര്‍പ്പെടുത്തി. സമൂഹമൊന്നാകെ ബഹിഷ്കരിച്ചു. നബിയുടെ പ്രഭാഷണങ്ങള്‍ക്കൊപ്പം ബദല്‍പരിപാടികളുമായി അബൂലഹബിന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്നു.  ഓരോ പ്രഭാഷണം കഴിയുമ്പോഴും പിതൃവ്യനായ അബൂലഹബ് എഴുന്നേററു നിന്ന് എതിര്‍ പ്രസംഗം നടത്തി. “ഇതെന്റെ സഹോദര പുത്രനാണ്. ഇയാള്‍ക്ക് മാനസികരോഗമാണ്. പറയുന്നതൊക്കെ കള്ളമാണ്. ആരും അതൊന്നും ചെവികൊള്ളരുത്…” അബൂലഹബ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു… പക്ഷേ തിരുനബി ശാന്തനായി അതൊന്നും ചെകിടോര്‍ക്കാതെ തന്റെ ദൌത്യവുമായി മുന്നേറി. അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി. വീടുകള്‍ കയറിയിറങ്ങി…

രഹസ്യസങ്കേതത്തില്‍

ശത്രുക്കളുടെ പീഡനം സഹിക്കവയ്യാതെ വിഷമിച്ച ഘട്ടത്തിലും ആദര്‍ശത്തില്‍ നിന്നു പിന്മാറാന്‍ നബി ഒരുക്കമായില്ല. അര്‍ഖമിന്റെ ഭവനത്തില്‍ ഒളിച്ചിരുന്നു. അവിടെ അനുയായികള്‍ക്കു ഖുര്‍ആന്‍ പഠിപ്പിച്ചു. അവര്‍ക്ക് പരിശീലനം നല്‍കി. ഒളിത്താവളത്തില്‍ കുടിയ വിശ്വാസികളുടെ മനസ്സ് സ്ഫുടം ചെയ്തെടുത്തു. ആദര്‍ശത്തിനുവേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ അവരെ സന്നദ്ധരാക്കി. യഥാര്‍ഥത്തില്‍ “ദാറുല്‍ അര്‍ഖം” ഒരു ശില്പശാലയായിരുന്നു. അതിരഹസ്യമായി അവിടേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു. അവരെ സ്വീകരിച്ചിരുത്തി  ആദര്‍ശം പകര്‍ന്നുകൊടുത്തു. പ്രതികൂലസാഹചര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന പാഠമാണു ദാറുല്‍ അര്‍ഖമില്‍ നിന്നു ലഭിക്കുന്നത്.

സഹന മാതൃക

പ്രബോധന വഴികളില്‍ പുഷ്പഹാരങ്ങള്‍ ലഭിക്കണമെന്നില്ല. തികച്ചും ക്ളേശപൂരിതവും പ്രയാസകരവുമായിരിക്കും. ദുര്‍ഘട കടമ്പകള്‍ അതിജീവിക്കാന്‍ പ്രബോധകന് അതിശക്തമായ സഹനം ആവശ്യമാണ്. വിമര്‍ശനങ്ങളും പീഡനങ്ങളും സഹിക്കാന്‍ തിരുനബി തയ്യാറായി. ശിഷ്യരെ അതിനായി ഉപദേശിച്ചു.

ഹള്റത്ത് സുമയ്യ (റ), യാസിര്‍ ദമ്പതികള്‍ ക്രൂരമായി വധിക്കപ്പെടുകയായിരുന്നു; മുഹമ്മദ് നബി യില്‍ വിശ്വസിച്ചു എന്ന ഒററക്കാരണത്താല്‍. ദൃഢമാനസരായ ദമ്പതികളുടെ അതിദാരുണമായ അന്ത്യനിമിഷങ്ങള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്ന പ്രവാചക ശിഷ്യന്മാര്‍ പ്രതികാര ദാഹികളായി. തിരിച്ചടിക്കാനനുവാദം ചോദിച്ച് അവര്‍ തിരുസന്നിധിയിലെത്തി. പക്ഷേ, തിരുനബി ഉപദേശിച്ചത് സഹിക്കാനും ക്ഷമിക്കാനുമായിരുന്നു.”യാസിറിന്റെ കൂട്ടുകാരേ, നിങ്ങള്‍ ക്ഷമിക്കുക, സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം” എന്നായിരുന്നു നബിയുടെ പ്രതികരണം.

ഒട്ടകത്തിന്റെ കുടല്‍മാലകള്‍ വലിച്ചിട്ടും ചീഞ്ഞ മുട്ടകളെറിഞ്ഞും വഴിയില്‍ മുള്ള് വിതറിയും ത്വാഇഫില്‍ നിന്നു കല്ലെറിഞ്ഞും ശത്രുക്കള്‍ നബിയെ മര്‍ദ്ദിച്ചു. അപ്പോഴും തിരുനബി ഒരു ശാപവാക്കുപോലും ഉരുവിടാതെ ആ ജനതയുടെ നന്മക്കുവേണ്ടി പ്രാര്‍ഥിക്കുകയും അനുയായികളോട് ക്ഷമിക്കാന്‍ കല്‍പ്പിക്കുകയുമായിരുന്നു.

പലതവണ സമീപിച്ചിട്ടും ഫലം കാണാത്തവരെ വീണ്ടും വീണ്ടും സമീപിച്ചു ക്ഷണിക്കുക നബിയുടെ പതിവായിരുന്നു. ആരോടും ഒരിക്കലും ഒരു പരുഷവാക്കുപോലും ഉപയോഗിക്കാതെ പൂപുഞ്ചിരിയുമായി വിമര്‍ശകരെ സമീപിക്കുന്ന നബിയുടെ ഈ അസാധരണ വ്യക്തിമാഹാത്മ്യവും പെരുമാററവുമാണു വിജയം നേടിക്കൊടുത്തത്. ”അവരുമായി സൌമ്യമായി പെരുമാറിയതു അല്ലാഹുവിന്റെ അനുഗ്രഹമാണ്. താങ്കള്‍ ഒരു പരുഷ സ്വഭാവക്കാരനായിരുന്നുവെങ്കില്‍ താങ്കളുടെ സമീപത്തുനിന്ന് അവര്‍ ഓടി അകലുമായിരുന്നു”. (ആലുഇംറാന്‍) അല്ലാഹു നബിയെ വാഴ്ത്തിപ്പറഞ്ഞു.

നന്മ കൊണ്ടു തിന്മക്കെതിരെ

പ്രബോധിതരില്‍ നിന്ന് തനിക്ക് നേരെ തിന്മകള്‍ മാത്രം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ തിരിച്ചങ്ങോട്ട് അതേ നാണയത്തില്‍ മറുപടിയോ എതിര്‍ പ്രതികരണമോ പ്രതികാരമോ അല്ല പ്രബോധകന്റെ വഴി.

യാത്രാവേളയില്‍ വിശ്രമിക്കുന്നതിനിടെ തന്റെ വാള്‍ കൈക്കലാക്കിയ കാട്ടറബിയായ അവിശ്വാസി ആ വാളുയര്‍ത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അല്ലാഹുവിനെ വിളിച്ചു രക്ഷതേടുകയും ശത്രുവിന്റെ കയ്യില്‍ നിന്ന് വാള് താഴെവീഴുകയും ചെയ്ത സംഭവം പ്രസിദ്ധമാണ്. ആദിവാസിയായ ആ മനുഷ്യനെ തിരുനബി വെറുതെ വിടുകയായിരുന്നു. ത്വവാഫ് വേളയില്‍ ചതിയില്‍ വെട്ടിക്കൊല്ലാന്‍ വേണ്ടി വിഷലിപ്തമായ വാളുമായി പിന്നിലെത്തിയ വ്യക്തിയുടെ പുറത്ത് തലോടിക്കൊണ്ടു നബി (സ്വ) പറഞ്ഞത് “എന്താണു നിന്റെ മനസ്സിലെ ഗുപ്ത വിചാരം, നീ നിന്റെ വഴിക്ക് പോവുക” എന്നായിരുന്നു.

ഹിജ്റാ വേളയില്‍ തന്നെ ശത്രുക്കള്‍ക്കു പിടിച്ച് കൊടുത്തു നൂറൊട്ടകം സമ്മാനം നേടാനുള്ള അത്യാര്‍ത്തിയുമായി വന്ന സുറാഖത്തിനെ നശിപ്പിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കാതെ അദ്ദേഹത്തെ ഉപദേശിച്ച് വിട്ടത്, ഖൈബറില്‍ തനിക്കു വിഷം തന്ന ജൂത സ്ത്രീയെ വെറുതെവിട്ടത് ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ തിരുജീവിതത്തില്‍ കാണാം. ഈ സന്ദര്‍ഭങ്ങളിലെല്ലാം എതിരാളികള്‍  പഞ്ചപുഛമടക്കി  കീഴടങ്ങുകയും ഹിദായത്തിലെത്തുകയുമായിരുന്നു ഫലം. “നന്മകൊണ്ട്് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ തങ്ങളോട് കഠിനമായി ശത്രുത പുലര്‍ത്തുന്ന എതിരാളി ആത്മമിത്രമായി തീരുന്നതുകാണാം” എന്ന ഖുര്‍ആന്‍ വചനം അന്വര്‍ഥമാക്കുകയായിരുന്നു തിരുനബി (സ്വ). വിശ്വാസിയുടെ ഗുണമായി ഖുര്‍ആന്‍ പറയുന്നു:”ക്ഷോഭം കടിച്ചിറക്കുകയും ജനതക്ക് മാപ്പു നല്‍കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍. അല്ലാഹു നന്മചെയ്യുന്നവരെയാണു ഇഷ്ടപ്പെടുന്നത്.”(ആലുഇംറാന്‍)

തിരുനബി ഈ പ്രബോധന ശൈലി സ്വീകരിക്കുക മാത്രമല്ല തന്റെ സമൂഹത്തോടിത് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. തീവ്രതയും ഭീകരതയും പ്രബോധന വഴിയല്ലെന്നു സ്പഷ്ടമായി തന്നെ പറഞ്ഞിട്ടുണ്ട്. തിരുനബി പറഞ്ഞു: “അല്ലാഹു കൃപാലുവാണ്. കൃപയെ അല്ലാഹു ഇഷ്ടപ്പെടുന്നു. പരുഷതക്കും മററും നല്‍കാത്ത ഫലം കൃപക്കുനല്‍കുന്നു”. (മുസ്ലിം)

സാധാരണക്കാരോടൊപ്പം

പ്രബോധകന്‍ എപ്പോഴും ജനകീയനാകണം. ഉന്നതങ്ങളിരുന്നു ഗിരിപ്രഭാഷണങ്ങള്‍ നടത്തുകയും അഹങ്കാരവും ജാടയുമായി നടന്ന് മേലനങ്ങാതെ പ്രബോധകനായി അഭിനയിക്കുകയും ചെയ്യുന്നതുകൊണ്ട് ഫലമില്ല. അത്തരക്കാര്‍ പ്രബോധന രംഗത്ത് വിജയിക്കുകയുമില്ല.

“ഞാന്‍ നിങ്ങളെപോലെ ഒരു മനുഷ്യനാണ്.  പക്ഷേ, ഞാന്‍ വഹ്യു നല്‍കപ്പെട്ടവനാണ്” എന്ന ഖുര്‍ആന്‍ വചനം തിരുനബിയുടെ ജനകീയ ഭാവത്തെയാണ് വരച്ച് കാട്ടുന്നത്. “നാഥാ, എന്നെ മിസ്കീനായി ജീവിപ്പിക്കുകയും മിസ്കീനായി മരിപ്പിക്കുകയും മിസ്കീനുകളുടെ കൂടെ ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യേണമേ” എന്നായിരുന്നു നബിയുടെ പ്രാര്‍ഥന തന്നെ.

എല്ലാ വേദികളിലും തിരുനബി സാധാരണക്കാരുടെ കൂടെയായിരുന്നു. ജനങ്ങളില്‍ ഒരുവന്‍. ചെറുപ്പത്തിലേ നബിയുടെ ശീലമിതായിരുന്നു. വരേണ്യ വര്‍ഗ്ഗത്തിന്റെകൂടെ അവരിലൊരുവനായി വാണരുളിയിരുന്നെങ്കില്‍ കൂടുതല്‍ പ്രയാസമില്ലാതെ കാര്യം നേടാമായിരുന്നു. പക്ഷേ, ആ കാര്യസാധ്യത്തിന് സ്ഥായീഭാവമുണ്ടാകില്ല. തിരുനബിയുടെ ലക്ഷ്യം ജനതയുടെ വിമോചനമായിരുന്നതു കൊണ്ട്തന്നെ ദുര്‍ബലരും പീഢിതരും ബന്ധിതരുമായ ജനതയുടെ വിമോചകന്‍ എന്ന നിലക്കു അവരുടെ കൂടെയുള്ള ജീവിതമായിരുന്നു നബിക്കിഷ്ടം. അതുകൊണ്ട് തന്നെ സാധാരണക്കാരിലാണിസ്ലാം വേരൂന്നിയത്. എന്നും ഇസ്ലാം സാധാരണക്കാരുടെയും പീഢിത പിന്നാക്കവിഭാഗത്തിന്റെയും വിമോചന പ്രസ്ഥാനമായിത്തീരുകയും ചെയ്തു. ഹിര്‍ഖല്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ അബൂസുഫ്യാന്‍ ഇക്കാര്യം തുറന്നു പറഞ്ഞതു ശ്രദ്ധേയമാണ്.

ഔദാര്യവും ജനസേവനവും

കഷ്ടപ്പെടുന്നവരെ സഹായിക്കുക പ്രബോധകന്റെ ഏററവും സന്തോഷകരമായ കര്‍മ്മമാണ്. ജനങ്ങളുടെ കണ്ണീരും വേദനയും കാണാതെ, അവരുടെ കഷ്ടപ്പാടുകളറിയാതെ ഒരാള്‍ക്ക് പ്രബോധകനാകാന്‍ കഴിയില്ല.

പാവപ്പെട്ട അനാഥയെ മാറോട് ചേര്‍ത്തു തലയില്‍ കൈവച്ച് തലോടുകയും അനാഥത്വമോര്‍ത്തു കണ്ണീരൊഴുക്കുകയുമായിരുന്നു തിരുനബി. വിഷമിച്ച് നീങ്ങുന്ന പാവം വൃദ്ധയുടെ ശിരസ്സില്‍ നിന്നു വിറക് കെട്ട് ഏറെറടുത്തു വൃദ്ധയുടെ വീട്ടിലെത്തിച്ച് കൊടുത്ത നബി, തന്നെ ശകാരിക്കുകയും കാര്‍ക്കിച്ച് തുപ്പുകയും ചെയ്ത ജൂത പെണ്ണിനെ രോഗശയ്യയില്‍ സന്ദര്‍ശിച്ച് രോഗ ശമനത്തിന് പ്രാര്‍ഥിക്കുന്ന നബി, ഖന്തഖില്‍ കൂട്ടുകാരൊത്തു പട്ടിണികിടന്നു കിടങ്ങുകുഴിക്കുന്ന തിരുനബി, ജാബിര്‍ തനിക്കുമാത്രം ഏര്‍പ്പെടുത്തിയ സല്‍കാരത്തിലേക്കു മററുള്ളവരെ ക്ഷണിച്ച് വരുത്തി വയര്‍ നിറയെ വിളമ്പിക്കൊടുത്ത് അത്ഭുതം കാണിച്ച നബി.

കാരുണ്യത്തിന്റെ കഥകളാണാജീവിതമത്രയും.  പക്ഷികളെയും പ്രാണികളെയും ഇഴ ജന്തുക്കളെയും സസ്യലതാദികളെയുമെല്ലാം സ്നേഹിക്കുകയും വേദനിപ്പിക്കരുതെന്ന് കര്‍ശനമായി ഉപദേശിക്കുകയും ചെയ്ത മുത്തുനബി. ആ സ്നേഹവാത്സല്യത്തിനു അതിരുകളില്ല.”ഭൂമിയിലുള്ളവര്‍ക്കു കരുണ ചെയ്യുക, ആകാശത്തിന്റെ അധിപന്‍ നിങ്ങള്‍ക്ക് കരുണ ചെയ്യും”, ”കരുണയില്ലാത്തവര്‍ക്കു കരുണ ലഭിക്കുകയില്ല” എന്നൊക്കെ തിരുനബി പഠിപ്പിച്ചു. പ്രബോധന രംഗത്ത് ഒരു ചൂഷണോപാധിയല്ല കാരുണ്യ പ്രവര്‍ത്തനങ്ങള്‍. അതത്രയും ദൈവപ്രീതിക്കാണ്. മനുഷ്യത്വത്തിന്റെ കടമ നിര്‍വ്വഹണമാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നായിരുന്നു നബിയുടെ അധ്യാപനം.

സേവന പ്രവര്‍ത്തനങ്ങള്‍

മനുഷ്യരുടെ വേദനകള്‍ തീര്‍ക്കാനും കണ്ണീരൊപ്പാനും തിരുനബി ശ്രമിച്ചു. വേദന തിന്നു ജീവിക്കുന്ന പരശ്ശതങ്ങള്‍ക്ക് ആശ്വാസമേകി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ക്കപ്പുറം മനുഷ്യത്വത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു നബി (സ്വ). സ്വാര്‍ത്ഥതക്കു കാല് മുളച്ച ഒരു സമൂഹത്തില്‍ മററുള്ളവരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞ് വെക്കാന്‍ സന്മനസ്സുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക കൂടി ചെയ്തിരുന്നു നബി. “തങ്ങള്‍ക്കു ക്ഷാമമുണ്ടെങ്കിലും മററുള്ളവരെ പരിഗണിക്കുന്നവരാണ് വിശ്വാസികള്‍” എന്ന് വിശുദ്ധ ഖുര്‍ആന്‍ ഈ വിഭാഗത്തെ പരിചയപ്പെടുത്തുന്നു. സ്വയം പട്ടിണി കിടന്ന് തനിക്ക് വേണ്ടി വിളമ്പിവെച്ചതു മററുള്ളവര്‍ക്ക് എടുത്തുകൊടുക്കുന്ന ശീലം വിശ്വാസികളുടേതു മാത്രം. ഈ ശീലവും അററമില്ലാത്ത ഔദാര്യവും പ്രബോധനത്തെ സ്വാധീനിച്ചിരുന്നു. മദീനയിലെത്തിയ ഒരാദിവാസി അറബിക്ക് തിരുനബി വലിയ ഒരാട്ടിന്‍പറ്റത്തെയാണ് നല്‍കിയത്. ആടുകളെ തെളിച്ച് ഗോത്രത്തിലെത്തിയ ആദിവാസി പറഞ്ഞു. “ഭൂമിയിലെ ഏററവും വലിയ ഉദാരന്റെ മുന്നില്‍ നിന്നാണു ഞാന്‍ വരുന്നത്”.

കേട്ടവര്‍ കേട്ടവര്‍ മദീനയിലെത്തി. ഉള്ളത് തീരുന്നതുവരെ എല്ലാവര്‍ക്കും കിട്ടി. അവരറിഞ്ഞു; ഇതൊരു അസാധാരണ മനുഷ്യനാണെന്ന്. ഈ ഭൌതിക സമ്പാദ്യമൊന്നും ഇദ്ദേഹത്തിന് പ്രശ്നമില്ല. തലചായ്ക്കാന്‍ സ്വന്തമായി ഒരിടം പോലുമില്ലാത്ത പ്രവാചകന്റെ ഈ മാതൃകയുടെ മഹനീയത മനസ്സിലാക്കിയ ജനം ഇസ്ലാം സ്വീകരിച്ചു. “നിങ്ങള്‍ ദാനം നല്‍കുക, പരസ്പരം സ്നേഹിക്കുക”. ദാനം സ്നേഹത്തെയാണ് നിര്‍മ്മിക്കുന്നത്. പര്സപര സ്നേഹം ആശയ ഐക്യത്തിനു വേദിയൊരുക്കുന്നു. സേവനത്തിലെ ആത്മാര്‍ത്ഥത മനുഷ്യനെ ലക്ഷ്യത്തിലേക്കടുപ്പിക്കുകയും ജനഹൃദയങ്ങളില്‍ പ്രതിഷ്ടിക്കുകയും ചെയ്യുന്നു.

മനക്കരുത്ത്

അസാധാരണമായ മനക്കരുത്ത് വേണം പ്രബോധകന്. തനിക്കുചുററുമുള്ള സാഹചര്യങ്ങള്‍ തികച്ചും പ്രതികൂലമായിരിക്കാം. പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമിടയില്‍ പതറിപ്പോകാതെ പിടിച്ച് നില്‍ക്കാന്‍ ശക്തമായ മനക്കരുത്തിന്റെ ഉടമസ്ഥര്‍ക്കേ സാധിക്കുകയുള്ളൂ.

ഭീഷണിക്കു മുന്നില്‍ മുഹമ്മദ് മുട്ടുമടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഖുറൈശികള്‍ അടവുമാററി. പ്രലോഭനത്തിന്റെ ശൈലി സ്വീകരിച്ചു. സംരക്ഷണം നല്‍കിയിരുന്ന ആബുത്വാലിബിന്റെ മുന്നിലെത്തി അവര്‍ പരാതി പറഞ്ഞു. പിന്തുണ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചു. അബൂത്വാലിബ് നബിയെ വിളിച്ച് ഉപദേശിച്ചു.  ഈ സന്ദര്‍ഭത്തിലാണു തന്റെ മനക്കരുത്തും വിശ്വാസ ദാര്‍ഢ്യതയും ബോധ്യപ്പെടുത്തി തിരുനബി പ്രതികരിച്ചത്. “വലതു കയ്യില്‍ സൂര്യനും ഇടതുകയ്യില്‍ ചന്ദ്രനും വെച്ച് തന്നാല്‍ പോലും ഈ ദൌത്യത്തില്‍ നിന്നു പിന്മാറുന്ന പ്രശ്നമേയില്ല”.  ഈ മനക്കരുത്തിന് മുന്നില്‍ അബൂത്വാലിബിനു പിടിച്ച് നില്‍ക്കാനായില്ല. ഖുറൈശികളുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അദ്ദേഹം നബി (സ്വ) ക്ക് ധൈര്യം പകരുകയും പ്രബോധനം തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പ്രബോധകന്റെ ഇച്ഛാശക്തിയാണു പ്രധാനം. ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ ഇച്ഛാശക്തിക്കുകഴിയും.

മൂന്നുവഴികള്‍

ഹിക്മത്ത്, സദുപദേശം, സംവാദം എന്നീ മൂന്നു വഴികള്‍ പ്രബോധനത്തിന് സ്വീകരിക്കാന്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നു.ബുദ്ധിപരമായ നീക്കത്തിലൂടെ തന്ത്രപരമായ സമീപനമാണ് ഹിക്മത്ത് കൊണ്ടുദ്ദേശ്യം. ഓരോ വ്യക്തിയുടെയും സാഹചര്യം മനസ്സിലാക്കിവേണം പ്രബോധകന്‍ ബന്ധപ്പെടാന്‍. “ആളുകളെ അവരുടെ സ്ഥാനത്തിരുത്തുക”,  “ജനങ്ങളോട് അവരുടെ ബുദ്ധിക്കനുസരിച്ച് സംസാരിക്കുക” എന്നൊക്കെയാണ് തിരുനിര്‍ദ്ദേശങ്ങള്‍.

തിരുനബിയുടെ മാതൃകയും അതത്രെ. മക്കാ ഫത്ഹിന്റെ ദിനത്തില്‍ ശത്രുനായകനായിരുന്ന അബൂസുഫ്യാന്റെ മനഃപരിവര്‍ത്തനവും ഇസ്ലാമാശ്ളേഷവും ഇതിനുദാഹരണമാണ്. മക്കയില്‍ സംഭവിച്ചേക്കാവുന്ന അതിശക്തവും രക്തരൂക്ഷിതവുമായ ഒരു യുദ്ധവും അനേകായിരങ്ങളുടെ മരണവുമാണ് ഈ സമീപനത്തിലൂടെ തിരുനബി ഒഴിവാക്കിയത്.

പ്രവര്‍ത്തനമേഖലയില്‍ നിലകൊള്ളുന്നവര്‍ താല്‍ക്കാലിക വികാരങ്ങള്‍ക്ക് വശംവദരാകാതെ ബുദ്ധിപൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണെന്ന് ഹുദൈബിയ്യഃ സന്ധിയിലൂടെ തിരുനബി പഠിപ്പിച്ചു. പ്രത്യക്ഷത്തില്‍ പരാജയവും അപമാനകരവുമാണെന്ന് തോന്നിയിരുന്ന കരാര്‍ ഇസ്ലാമിനു വമ്പിച്ച നേട്ടമാണുണ്ടാക്കിയത്.

നിഷ്പക്ഷ സമീപനം

പ്രബോധകന്‍ ജനങ്ങളുടെ കൂടെ നില്‍ക്കണം. ഒരു ഗ്രൂപ്പിന്റെയോ ഗോത്രത്തിന്റെയോ പാര്‍ട്ടിയുടെയോ വക്താവായിത്തീരരുത്. സമൂഹത്തിലുണ്ടാകുന്ന ഭിന്നിപ്പുകളിലും കക്ഷി വഴക്കുകളിലും പക്ഷം ചേരാതെ മാറിനില്‍ക്കുകയും രഞ്ജിപ്പിന്റെ വഴി തെരഞ്ഞെടുക്കുകയും വേണം.”വിശ്വാസികളില്‍ രണ്ടു വിഭാഗം ഏററുമുട്ടുമ്പോള്‍ അവര്‍ക്കിടയില്‍ അനുരഞ്ജനമുണ്ടാക്കുക” എന്ന ഖുര്‍ആനിക നിര്‍ദ്ദേശത്തിന്റെ പ്രതിരൂപമായിരുന്നു തിരുനബി.

ഔസ്, ഖസ്റജ് ഗോത്രക്കാര്‍ക്കിടയില്‍ നൂറ്റാണ്ടുകാലമായി നിലനിന്നിരുന്ന അതിരൂക്ഷമായ സംഘട്ടനങ്ങള്‍ക്കറുതിവരുത്തുക മുഖേന ഒരു ജനതയുടെ ജീവിതത്തിനു പുതിയമാനം തുറക്കുകയായിരുന്നു നബി (സ്വ). പ്രബോധനത്തിന്റെ ക്ളേശാനുഭവങ്ങള്‍ക്കു വിരാമം കുറിക്കാനും പാരസ്പര്യത്തിലും സാഹോദര്യത്തിലും അധിഷ്ടിതമായ ഇസ്ലാമിക സൊസൈററി സ്ഥാപിച്ചെടുക്കാനും ഇതിലൂടെ സാധിച്ചു.

പ്രബോധകന്‍ അനൈക്യത്തിന്റെ വക്താവല്ല. ഐക്യത്തിന്റെ ദൂതനാണ്. പക്ഷേ, ഐക്യം ആദര്‍ശാധിഷ്ടിതവും മൂല്യങ്ങള്‍ സംരക്ഷിക്കുന്നതുമായിരിക്കണമെന്നുമാത്രം. മക്കാ ഖുറൈശികള്‍ തൌഹീദിനും ശിര്‍ക്കിനുമിടയില്‍ ഒരു സങ്കരദൈവശാസ്ത്രത്തിന്റെ പദ്ധതിയുമായി നബിയെ സമീപിച്ചപ്പോള്‍ അതപ്പടി നിരസിക്കുകയും “നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്ക് എന്റെ മതം” എന്ന് പറഞ്ഞ് തിരിച്ചയക്കുകയും ചെയ്ത സംഭവം ശ്രദ്ധേയമാണ്. “അല്‍കാഫിറൂന” സൂറത്തവതീര്‍ണ്ണമായത് ഈ പശ്ചാത്തലത്തിലാണല്ലോ.

വ്യക്തികള്‍, കുടുംബങ്ങള്‍, ഗോത്രങ്ങള്‍, സമൂഹങ്ങള്‍, രാജ്യങ്ങള്‍  തമ്മിലുണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങളിലെല്ലാം ഒരു മധ്യവര്‍ത്തിയായി തിരുനബി രംഗത്ത് വന്നിരുന്നു. സമൂഹത്തില്‍ ഏതുതരം ഭിന്നിപ്പുടലെടുത്താലും തിരുനബിയുടെ മാദ്ധ്യസ്ഥതക്കു വിടാന്‍ ജനം തയ്യാറായിരുന്നു. ജൂതരും ക്രിസ്ത്യാനികളും മതമില്ലാത്തവരുമായ അമുസ്ലിംകള്‍ വരെ നബിയുടെ മാദ്ധ്യസ്ഥത അംഗീകരിക്കുകയും കേസുകള്‍ റസൂലിന്റെ കോടതിയിലേക്കു റഫര്‍ ചെയ്യുകയുമായിരുന്നു. നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ വിധി ലഭിക്കുമെന്ന വിശ്വാസമായിരുന്നു ഇതിന് അവസരമൊരുക്കിയത്.

പ്രബോധകന്‍ ഒരു മൂലയിലിരുന്നു പ്രസംഗിക്കുകയോ പഠിപ്പിക്കുകയോ ഉപദേശിക്കുകയോ ചെയ്താല്‍ പോരാ. ജനങ്ങളുടെ നാനാവിധ പ്രശ്നങ്ങളിലും സജീവമായി ഇടപെടുകയും നിഷ്പക്ഷമായി ജനസേവന രംഗത്ത് ഇറങ്ങിവരികയും വേണമെന്നാണു തിരുനബിയുടെ ഈ മാതൃകകള്‍ പഠിപ്പിക്കുന്നത്. സമൂഹത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമെല്ലാം അത്താണിയാവുകയും എല്ലാവിധ താല്‍പര്യങ്ങള്‍ ക്കുമപ്പുറം സത്യവും നീതിയും ലഭ്യമാക്കുകയും ചെയ്യാന്‍ കഴിവുള്ള ജനസേവകനാണ് പ്രബോധകന്‍. “ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍” എന്നത്രെ നബിവചനം.

ദൂതന്മാര്‍

ഇസ്ലാമിന്റെ സന്ദേശം കൈമാറാനായി തിരുനബി വിദേശരാജ്യങ്ങളിലേക്കു ദൂതന്മാരെ അയച്ചു. രാജാക്കന്മാര്‍, ഗോത്ര തലവന്മാര്‍, മന്ത്രിമാര്‍, ഉന്നത വ്യക്തിത്വങ്ങള്‍, സൈന്യാധിപന്മാര്‍ തുടങ്ങിയ ഉന്നത വിഭാഗത്തിനു മുന്നിലെത്തിയ റസൂലിന്റെ ദൂതന്മാര്‍ ഇസ്ലാമിനെ യുക്തിഭദ്രമായി സമര്‍ഥിക്കുകയും അവരെ ഇസ്ലാമിലേക്കു ക്ഷണിക്കുകയും ചെയ്തു. സമൂഹത്തിലെ ബഹുഭാഷാ പണ്ഢിതന്മാര്‍, ത്യാഗശീലമുള്ളവര്‍, യാത്രാപരിചയമുള്ളവര്‍, ദൃഢമാനസര്‍ തുടങ്ങിയ ഗുണമുള്ളവരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.

കത്തുകള്‍

ലോക പ്രശസ്ത വ്യക്തിത്വങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ദഅ്വത്ത് എത്തിക്കാന്‍ തിരുനബി സ്വീകരിച്ച മറെറാരു രീതിയാണ് കത്തെഴുത്ത്. നല്ല ഭാഷയില്‍ ചുരുങ്ങിയ പദങ്ങളില്‍ ഭംഗിയായി എഴുതിയ കത്തുകള്‍ ഈ വ്യക്തികള്‍ക്കെത്തിച്ചു. ഈജിപ്തിലെ മുഖൌഖിസ്, എത്യോപ്യയിലെ നജ്ജാശി, പേര്‍ഷ്യന്‍ ഭരണാധികാരി തുടങ്ങിയവരില്‍ നിന്നു കത്തിനു അനുകൂല പ്രതികരണങ്ങളുണ്ടായി. മററുചിലര്‍ കത്തുവലിച്ച് കീറി, രോഷം പ്രകടിപ്പിച്ചു. കത്തിലൂടെ ഇസ്ലാം മനസ്സിലാക്കി വിദേശ വ്യക്തിത്വങ്ങളില്‍ നിന്നു സമ്മിശ്ര പ്രതികരണങ്ങള്‍ വന്നു. തുടര്‍ന്നുള്ള നടപടികളുമുണ്ടായി. പ്രബോധന ചരിത്രത്തില്‍ ഏററവും ശ്രദ്ധേയവും നൂതനവുമായിരുന്നു ഈ രീതി.

സര്‍വ്വകാലത്തും പ്രസക്തമാണിത്. നേരിട്ടെത്തിച്ചേരാന്‍ പല കാരണങ്ങളാല്‍ സാധിക്കാത്തവര്‍ക്ക് ദഅ്വാ സന്ദേശം കൈമാറാന്‍ കത്തുകള്‍ ഉപയോഗിക്കാം. ഇ-മെയില്‍, മൊബൈല്‍ ഫോണ്‍, ടെലഫോണ്‍, തപാല്‍, സ്പീഡ്പോസ്റ്റ് തുടങ്ങിയ ആധുനിക സൌ കര്യങ്ങള്‍ ദഅ്വാ രംഗത്തുപയോഗപ്പെടുത്താവുന്നതാണ്. തിരുനബിയുടെ ഈ മാതൃക ഫലപ്രദമായി ഉപയോഗിക്കാന്‍ ഏററവും സൌകര്യമുള്ള കാലഘട്ടമാണു നമ്മുടേത്.

ഗ്രൂപ്പു മീററിംഗുകള്‍

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ വെവ്വേറെ വിളിച്ച് വരുത്തി ക്ളാസും ചര്‍ച്ചകളും സംഘടിപ്പിക്കുകയായിരുന്നു മറെറാരു രീതി. ഖുറൈശി പ്രമുഖരില്‍ സ്വയം വരേണ്യ വര്‍ഗമായി കരുതുന്ന ചിലര്‍ പാവപ്പെട്ടവരുടെ കൂട്ടത്തില്‍ വരാന്‍ തയാറില്ലെന്നറിഞ്ഞപ്പോള്‍ അവരെമാത്രം സംഘടിപ്പിച്ച് തിരുനബി ചര്‍ച്ചാക്ളാസ് സംഘടിപ്പിച്ചിരുന്നു.

നജ്റാനിലെ ക്രിസ്ത്യാനികള്‍ മദീനത്തെത്തിയപ്പോള്‍ മദീനാ പള്ളിയുടെ ചെരുവില്‍ താമസസൌകര്യം നല്‍കി അവരുമായി തിരുനബി നീണ്ടചര്‍ച്ച നടത്തി. വഫ്ദ് അബ്ദുഖൈസ്, വഫ്ദ് ബനീതമീം തുടങ്ങിയ ഗോത്രക്കാരും മററും ഇങ്ങനെ സംഘം സംഘങ്ങളായി വരികയും ചിലപ്പോള്‍ അവരെ വിളിച്ച് ചേര്‍ക്കുകയും ചെയ്തുകൊണ്ട് തിരുനബി ഇസ്ലാമിക നിയമങ്ങള്‍ വിശദീകരിച്ച് കൊടുത്തു.

വ്യത്യസ്ത വിഭാഗങ്ങളെ വെവ്വേറെ വിളിച്ചുള്ള ചര്‍ച്ചകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, മുഖാമുഖം, സംവാദം, ക്ളാസുകള്‍, എല്ലാം സംഘടിപ്പിക്കുന്നതിനു തിരുജീവിതത്തില്‍ എമ്പാടും മാതൃകകളുണ്ട്. യുക്തിവാദികളും ധിക്കാരികളും ഇതരമതസ്ഥരുമൊക്കെ നബിയുമായി ഈ സദസ്സുകളില്‍ സംവദിക്കുകയും സത്യം മനസ്സിലാക്കുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമാണ്.

ജീവിതഗന്ധി

ഇസ്ലാം ജീവിതഗന്ധിയായ മതമാണെന്ന സത്യം ജനതയെ ബോധ്യപ്പെടുത്താനാണ് പ്രബോധകന്‍ ശ്രമിക്കേണ്ടത്. തിരുനബിയുടെ പ്രബോധനം ബഹുമാതൃകയിലായിരുന്നു. കേവലം പരലോകം പറഞ്ഞു ഭൌതിക ജീവിത വിരക്തിയുണ്ടാക്കാന്‍ ശ്രമിക്കരുത്. ജീവിതം ആത്യന്തിക ലക്ഷ്യമല്ല. പരലോകത്താണു ശാശ്വത ജീവിതം. അവിടെ വിജയിക്കാന്‍ ഇവിടെ അദ്ധ്വാനിക്കുക.

കൃഷിയും, കച്ചവടവും, കുടുംബം പോററാനുള്ള തൊഴിലും, രാജ്യരക്ഷാ പ്രവര്‍ത്തനങ്ങളും, ഭരണവും, സാമൂഹിക സേവനവുമെല്ലാം ആരാധനയും ദൈവപ്രീതി കരസ്ഥമാക്കാനുള്ള വഴികളുമാണെന്നായിരുന്നു നബിയുടെ അധ്യാപനം. തിരുനബിയില്‍ ഇതിലൊക്കെ മാതൃകയുമുണ്ടായിരുന്നു.

ഭൌതികലോക ബന്ധങ്ങളും ജീവിതോപാധികളും കയ്യൊഴിച്ച് പരലോകം മാത്രം ലക്ഷ്യംവെച്ച് ജീവിക്കാന്‍ തുനിഞ്ഞവരെ അതില്‍ നിന്നു പിന്തിരിപ്പിക്കുകയായിരുന്നു തിരുനബി. ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണതെന്നും നബി വ്യക്തമാക്കി.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം