Click to Download Ihyaussunna Application Form
 

 

പ്രവാചകന്റെ ഭരണം, രാഷ്ട്രീയം

സമൂഹത്തില്‍ സമത്വവും, സ്വാതന്ത്യവും ഐക്യവും വരുത്തുകയെന്നതാണ് തൌഹീദി (ഏക ദൈവത്വം) ന്റെ പ്രായോഗിക വശം. ഈ തത്വങ്ങളെ കാലസമയഗണനാക്രമത്തിലാക്കി വ്യക്തമായ ഒരു മാനവസ്ഥാപനമാക്കി തീര്‍ക്കുന്നതിനാണ് പ്രവാചകന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുത്തുന്നത്. മദീനയില്‍ പ്രവാചകന്‍ പടുത്തുയര്‍ത്തിയ നഗരരാഷ്ട്രത്തിന്റെ ലക്ഷ്യവും അതായിരുന്നു. ഭരണാധിപനും ഭരണീയനുമെന്ന വ്യത്യാസം അവഗണിച്ച്, അവഗണനകള്‍ക്കതീതമായി, സമൂഹത്തിനനുഗുണമായ ഭരണഘടനയാണ് റസൂല്‍ പ്രധാനം ചെയ്തത്. ഇതിനെ കേവലം ജനാധിപത്യമെന്നോ, സോഷ്യലിസമെന്നോ മതേതരമെന്നോ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇവിടെ നിയമം ദൈവത്തിന്റേതാണ്. വ്യക്തി പരിശുദ്ധിയിലൂടെ സമൂഹത്തെ സംസ്ക്കരിക്കുകയാണ് മാര്‍ഗ്ഗം. സമ്പത്തിന്റെ തുല്യമായ വിതരണത്തിലല്ല, സംതൃപ്തിയാണ് റസൂലിന്റെ ഭരണവ്യവസ്ഥയുടെ ലക്ഷ്യം.

ഇനി റസൂലിന്റെ രാഷ്ട്രീയത്തെ ഏകാധിപത്യമായോ, തിയോക്രസിയായോ ഗണിക്കാനും പററില്ല. റസൂല്‍ നിയമത്തിനതീതനല്ല. നിയമം നടപ്പാക്കുന്നത് കൌണ്‍സിലിന്റെ അംഗീകാരത്തോടെയാണ്. ജനങ്ങളുടെ ഇഷ്ടം റസൂല്‍ പരിഗണിക്കുന്നു. പക്ഷേ ഇഷ്ടം സമൂഹത്തിന്റെ വിശാല താല്പര്യത്തിനെതിരാവരുത്. റസൂല്‍ ദൈവത്തിന്റെ പ്രതിപുരുഷനല്ല. പ്രവാചകന്‍ മാത്രമാണ്. റസൂലിന് ഒരു പുരോഹിതവൃന്ദവുമില്ല.

യുറോപ്യരുടെ ബുദ്ധിമണ്ഡലത്തിലുടലെടുത്ത രാഷ്ട്രീയ സിദ്ധാന്തങ്ങളെ ഇസ്ലാം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, സാമ്രാജ്യത്വപരമോ, ദേശീയമോ ആയ സ്വാര്‍ഥതക്കനുസരിച്ച് അവരുടെ രാഷ്ട്രീയ വ്യവസ്ഥകളെ അവര്‍ രൂപപ്പെടുത്തി. അവയിലെ മാനുഷിക വശങ്ങളെ അംഗീകരിക്കാം. പക്ഷെ, വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കുളള മനുഷ്യന്റെ മാനസികമായ പരിവര്‍ത്തനത്തിന്റെ പാത ഇവര്‍ സ്വീകരിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുളളില്‍ തളച്ചിടപ്പെടുന്ന ലിഖിതമോ അലിഖിതമോ ആയ മാമൂലുകളുടേയും നിയമങ്ങളുടേയും അപ്പാരററസാണ് പടിഞ്ഞാറന്‍ രാഷ്ട്രീയ വ്യവസ്ഥകള്‍. മുതലാളിയുടെയോ തൊഴിലാളിയുടെയോ രാജ്യത്തിന്റെയോ താല്പര്യങ്ങള്‍ക്കാണവിടെ മുന്‍തൂക്കം. സമൂഹത്തെ സാര്‍വലൌകികമായി കാണാനോ, ശാസ്ത്രീയമായി സംസ്ക്കരണം വരുത്താനോ അവര്‍ തയ്യാറല്ല. എങ്കിലും ബുദ്ധിശക്തിയും കൂടിയാലോചനയും വഴി ഏകാധിപത്യ സേച്ഛാധിപത്യ പ്രവണതകളെക്കാള്‍ കൂടുതല്‍ സമൂഹത്തിനു ഗുണകരമായ വ്യവസ്ഥിതികളായി യുറോപ്യന്‍ രാഷ്ട്രീയ വ്യവസ്ഥകളെ കുറച്ചൊക്കെ അംഗീകരിക്കാമെന്ന് മാത്രം.

ഇരുപ്പത്തിമൂന്നു വര്‍ഷം ദൈവീക വെളിപാടുകളിലൂടെ ലഭിച്ച ആശയങ്ങള്‍ക്കനുസരിച്ച് ഒരു സമൂഹത്തെ സൃഷ്ടിച്ച റസൂല്‍ മദീനയില്‍ വെച്ചാണ് ഒരു ഭരണകൂടത്തിന് ബീജാവാപം നല്‍കുന്നത്. പ്രവാചകന്റേത് ഒരു നഗരരാഷ്ട്രമായിരുന്നെങ്കിലും അത് ഭാവി മതത്തിനുളള ഒരു മാതൃകാസ്റ്റേററ് കൂടിയായിരുന്നു. ഉടമ്പടികളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് അത് സാധിച്ചെടുത്തത്.

റസൂല്‍ മദീനയില്‍ വരുമ്പോള്‍ അതൊരു അരാജകത്വനഗരമായിരുന്നു. പ്രബല അറബി ഗോത്രങ്ങളായ ഔസ്, ഖസ്റജ് എന്നിവയിലെ മുസ്ലിംകളാണ് റസൂലിനെ മദീനയിലേക്ക് ക്ഷണിക്കുന്നത്. അവരുമായി മക്കയില്‍ വെച്ചുണ്ടാക്കിയ അഖബാ ഉടമ്പടികള്‍ മേല്‍പറഞ്ഞ രണ്ടു ഗോത്രങ്ങള്‍ക്കും ബാധകമായിരുന്നുവെന്ന് മാത്രമല്ല, അവരൊന്നടങ്കം റസൂലിന്റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. ഈ ഉടമ്പടിയാണ് യഥാര്‍ത്ഥത്തില്‍ മദീന സ്റ്റേററിനടിസ്ഥാനം. ഈ രണ്ടു വര്‍ഗ്ഗങ്ങളും അവരുടെ രക്തച്ചൊരിച്ചിലുകള്‍ മാററി വെച്ച് ഇസ്ലാമിന്റെ കീഴില്‍ ഒന്നിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ മദീനിയന്‍ സമൂഹത്തില്‍ സമാധാനം കൈവരികയായി. പ്രവാചകരോടൊപ്പം വന്ന അതിഥികള്‍ (മുഹാജിര്‍) മദീനിയന്‍ ആതിഥേയരോടൊപ്പം (അന്‍സ്വാരി) ചേര്‍ന്ന് ഇസ്ലാമിക ഉമ്മത്തിന് രൂപം നല്‍കി.

മദീനയിലെ പ്രബല വിഭാഗമായിരുന്നു യഹൂദന്മാര്‍. ബനുഖുറൈള, ബനുഖൈനുഖാഅ്, ബനുനദീര്‍ എന്നീ മൂന്ന് ഗോത്രങ്ങളിലായി അവരും വിഭജിച്ചു കിടന്നു. ഇവര്‍ക്ക് പുറമേ മദീനക്കാരായ അവിശ്വാസികളുമുണ്ടായിരുന്നു. കൂടാതെ ക്രിസ്ത്യാനികളും നായകനെന്ന നിലക്ക് റസൂലിന്റെ നേതൃത്വം സ്വീകരിക്കണമെന്ന വ്യവസ്ഥയില്‍ അമുസ്ലിംങ്ങളെ മറെറാരു ഉമ്മത്തായി പരിഗണിച്ചു ഇങ്ങനെ രണ്ടുതരം ഉമ്മത്തുകളുടെ കൂട്ടായ്മയായിരുന്നു പ്രവാചകന്റെ മദീനിയന്‍ സ്റ്റേററ്. പ്രവാചകന്റെ സ്റ്റേററില്‍ മുസ്ലിം ഉമ്മത്തിനായിരുന്നു ഉത്തരവാദിത്വം കൂടുതല്‍. രാജ്യത്തെയും, രാജ്യക്കാരെയും സംരക്ഷിക്കേണ്ടത് അവരാണ്. സൈനിക സേവനം അവര്‍ക്ക് നിര്‍ബന്ധമാണ്. രാജ്യത്തിന് വേണ്ടി സ്വത്തും ജീവനും ത്യജിക്കല്‍ അവര്‍ക്ക് നിര്‍ബന്ധം. അന്യമതസ്ഥരുടെ വിശ്വാസവും, സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അവര്‍ക്ക്. രണ്ടമത്തെ ഉമ്മത്ത് ഒരു സംരക്ഷിത വിഭാഗ (ദിമ്മി) മാണ്. രാജ്യത്തിന് സൈനിക നികുതി (ജിസ്യ) നല്‍കുകയും നേതൃത്വം അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ ഉത്തരവാദിത്വം. മറെറല്ലാ വിധേനയും അവര്‍ സ്വതന്ത്രരാണെന്നര്‍ത്ഥം.

റസൂല്‍ രാഷ്ട്രവ്യവസ്ഥ ഉണ്ടാക്കുമ്പോള്‍ ജനങ്ങളുടെ ഹിതത്തിന് മുന്‍തൂക്കം നല്‍കിയത് കാണാം. തന്റെ നേതൃത്വം അംഗീകരിക്കുന്നവരുടെ നേതാവ് മാത്രമാണ് റസൂല്‍. നേതൃത്വം ഒരിക്കലും അടിച്ചേല്‍പ്പിക്കുന്നില്ല. നേതൃത്വത്തെ അംഗീകരിച്ചു കഴിഞ്ഞാല്‍ ഉടമ്പടി പ്രകാരമുളള എല്ലാ അവകാശങ്ങള്‍ക്കും അംഗീകരിച്ചവര്‍ അര്‍ഹരായിത്തീരുന്നു. അവകാശം ലഭിക്കുന്നില്ലെങ്കില്‍ ഭരണഘടനാടിസ്ഥാനത്തില്‍ അവര്‍ക്ക് നേതൃത്വത്തെ സമീപിക്കാം. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നിലനില്‍പ്പാണ് മുഖ്യം. ഇതിന് വേണ്ടി പരമാവധി വിട്ടു വീഴ്ച വേണം. റസൂലിന്റെ ഹുദൈബിയഃ ഉടമ്പടി അതിന്റെ വ്യക്തമായ തെളിവാണ്. മക്കയില്‍ പതിമൂന്ന് വര്‍ഷം സഹിച്ചതും അതു കൊണ്ടാണ്. ശത്രുസമൂഹത്തെ തമസ്ക്കരിക്കാനൊരുങ്ങുമ്പോള്‍ ആത്മാഹുതിയല്ല, ആയുധം തന്നെയാണ് അനിവാര്യം.

മാമൂലുകളല്ല മദീനിയന്‍ രാഷ്ട്രത്തിന്നടിസ്ഥാനം. ലിഖിതമായ ഭരണഘടനയാണ്. യുറോപ്യന്‍ പണ്ഢിതന്മാര്‍ മദീനിയന്‍ മാഗ്നാകാര്‍ട്ട പ്രവാചകന്റെ മാഗ്നാകാര്‍ട്ട, എന്നൊക്കെയാണ് ഈ ഭരണഘടന വിശേഷിപ്പിച്ചത്. പൌരന്റെ അവകാശങ്ങള്‍ വ്യക്തമായും അതില്‍ നിര്‍വ്വചിക്കപ്പെട്ടിരുന്നു. വ്യക്തമായ ആശയവും മാര്‍ഗ്ഗവും ലക്ഷ്യവും റസൂല്‍ തന്റെ ഭരണഘടനയില്‍ വരച്ചു കാട്ടിയിരുന്നു.

മനുഷ്യന്റെ മൌലികമായ അവകാശങ്ങള്‍ സംരക്ഷിക്കാനും അവന്റെ ചുമതലകള്‍ യഥാവിധി നിര്‍വ്വഹിക്കാനും സൌകര്യമൊരുക്കുകയെന്ന കാതലായ വശം പ്രവാചകന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ കാണുന്നു. എ.കെ. ബ്രോഹി വിവരിക്കുന്നപോലെ അല്ലാഹുവിനോടുളള മനുഷ്യന്റെ ചുമതല എന്നു പറഞ്ഞാല്‍ സഹജീവികളോടും സമൂഹത്തോടുമുളള ഉത്തരവാദിത്വമാണ്. ഇക്കാര്യങ്ങള്‍ ദൈവീക നിയമങ്ങളില്‍ അന്തര്‍ലീനമാണ്. (അല്‍താഫ് ജൌഹര്‍, ദ ചലഞ്ച് ഓഫ് ഇസ്ലാം, പേ 176) കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ നിര്‍വ്വഹിച്ചത് ഇതേ നിയമങ്ങളെ ജനങ്ങള്‍ക്കെത്തിക്കുകയായിരുന്നു. അതിന്റെ പൂര്‍ത്തീകരണം റസൂല്‍ (സ്വ) നിര്‍വ്വഹിച്ചുവെന്നു മാത്രം.

മനുഷ്യന്റെ കര്‍ത്തവ്യങ്ങളെ രണ്ടായി തിരിക്കാം. ദൈവത്തോടുളള ചുമതല (ഹുഖൂഖുല്ലാഹി), അടിമകളോടുളള ചുമതല (ഹുഖൂഖുല്‍ ഇബാദ്) എന്നിങ്ങനെ. ഇത് രണ്ടും മനുഷ്യരുടെ ഗുണത്തിനു തന്നെയാണ്. ഉദാഹരണത്തിന് ദൈവനാമം സദാ ഉരുവിടാന്‍ അല്ലാഹു മനുഷ്യനോട് കല്‍പ്പിക്കുന്നു. അത്കൊണ്ട് അല്ലാഹുവിനൊരു നേട്ടവുമില്ല. മറിച്ച് അടിമ നാഥനെ പലവട്ടം പ്രകീര്‍ത്തിക്കുമ്പോള്‍ അവന്‍ ഇച്ഛകളില്‍ നിന്നകലുകയും ഗുണകാംക്ഷ (ഇഹ്സാന്‍) യുടെ വക്താവായി തീരുകയും ചെയ്യുന്നു.

അന്ത്യദിനത്തില്‍ അല്ലാഹു മനുഷ്യരോട് ചോദിക്കുമത്രേ: മനുഷ്യമക്കളേ, ഞാന്‍ നിങ്ങളോട് അന്നം ചോദിച്ചു. നിങ്ങളെനിക്ക് അന്നം തന്നില്ല. നീയെന്താണ് പറഞ്ഞത്, നിനക്ക് എന്തിനാണ് അന്നം. നീ തന്നെയല്ലേ അന്നദാതാവ്. എന്റെ അടിമകള്‍ അന്നം ചോദിച്ചപ്പോള്‍ നിങ്ങള്‍ കൊടുത്തില്ലല്ലോ. ഞാന്‍ വെളളം ചോദിച്ചപ്പോഴും നിങ്ങള്‍ തന്നില്ല. അഥവാ നിങ്ങള്‍ എന്റെ ദാഹിക്കുന്ന അടിമക്ക് ദാഹജലം കൊടുത്തില്ല. (മിശ്കാത്)

ദൈവീക നിയമങ്ങളുടെ ആകത്തുക മനുഷ്യന്റെ ഉല്‍കൃഷ്ഠത  തന്നെയാണ്. അത് മനുഷ്യന്‍ നിര്‍മിക്കുന്ന നിയമത്തെക്കാള്‍ പരമോന്നതവുമാണ്. അതാണ് നിയമങ്ങള്‍ ദൈവീകം തന്നെയാവണമെന്ന് പറഞ്ഞത്. ദൈവത്തിനുളളത് ദൈവത്തിനും സീസര്‍ക്കുളളത് സീസര്‍ക്കുമെന്ന വേര്‍തിരിവ് പ്രസക്തമല്ലാതാവുന്നത് അങ്ങനെയാണ്. റസൂലിന്റെ രാഷ്ട്രീയ നയത്തില്‍ എല്ലാം അല്ലാഹുവിന് തന്നെയാണ്. അതിനര്‍ത്ഥം എല്ലാം സമൂഹത്തിന് തന്നെയാണ്. സീസര്‍ക്ക് വേറെ നല്‍കുമ്പോള്‍ അവിടെ ഏകാധിപത്യവും ഉടലെടുക്കുന്നു. സമൂഹം വഴിയാധാരമായി തീരുന്നു.

സമൂഹത്തിന്റെ ഗുണകാംക്ഷ ആഗ്രഹിക്കുന്ന നേതാവിന് സല്‍ഗുണങ്ങള്‍ വേണം. കാരുണ്യമാണ് അതിനടിസ്ഥാനം, അല്ലാഹുവിന്റെ കാരുണ്യം നിമിത്തമാണ് താങ്കള്‍ക്ക് അവരോട് അലിവുണ്ടായത്. താങ്കള്‍ പരുഷവും കഠിനവുമായിരുന്നെങ്കിലോ അവര്‍ താങ്കളെ വിട്ടു പോകുമായിരുന്നു. അത് കൊണ്ട് വിട്ടുവീഴ്ച കാണിക്കുക. അവരോട് കൂടിയാലോചനകള്‍ നടത്തുക. തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കുക, (3:109)

ഇവിടെ കാര്യനിര്‍വ്വഹണത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കുന്ന ജനാഭിലാഷകാര്യങ്ങള്‍ നടപ്പിലാക്കാനുളള ഇടയനുളള സ്ഥാനമേ രാഷ്ട്രീയ നേതാവ് എന്ന സ്ഥാനത്തിനുളളൂ,. വര്‍ഗ്ഗ-വര്‍ണ്ണ-മത ചിന്തകള്‍ക്കതീതമായി നീതി നടപ്പാക്കാന്‍ നേതാവ് ബാധ്യസ്ഥനായിത്തീരുന്നു. നിശ്ചയം നീതിയും നന്മയും നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ക്ക് സഹായം നല്‍കുവാനും അല്ലാഹു കല്‍പ്പിക്കുന്നു. ചീത്തവൃത്തികളും നീചകാര്യങ്ങളും അക്രമവും അവന്‍ നിരോധിക്കുകയും ചെയ്യുന്നു. (വി. ഖുര്‍ആന്‍). ഒരു ഭരണാധിപന്റെ ചുമതല ഈ വിശുദ്ധ വചനത്തിലുള്‍ക്കൊണ്ടല്ലോ.

സംരക്ഷിക്കപ്പെടുന്ന സമുദായങ്ങളോട് (ദിമ്മി) ഭരണാധികാരിക്കുളള പ്രത്യേക ബാധ്യത പ്രവാചകന്‍ ഊന്നിപ്പറഞ്ഞത് കാണാം. ‘കരാറില്‍ കഴിയുന്ന അമുസ്ലിമിനെ ആരെങ്കിലും ആക്രമിക്കുകയോ, അവന്റെ അവകാശം ധ്വംസിക്കുകയോ, കഴിവിനതീതമായത് നിര്‍ബന്ധിക്കുകയോ, അവന്റെ സമ്മതമില്ലാതെ അവനില്‍ നിന്ന് വല്ലതും അധീനപ്പെടുത്തുകയോ ചെയ്യുന്ന പക്ഷം അന്ത്യനാളില്‍ ഞാനവന്റെ ശത്രുവായിരിക്കും’. (ഹദീസ്)

റസൂല്‍ തന്നെ പറഞ്ഞല്ലോ,’ദരിദ്രര്‍ മോഷ്ടിച്ചാല്‍ കൈവെട്ടും. കുലീനന്‍ മോഷ്ടിച്ചാലോ വെറുതെ വിടും. പൂര്‍വ്വ സമുദായങ്ങള്‍ നശിച്ചത് അത് കൊണ്ടാണ്. എന്റെ ദേഹി ആരുടെ കൈയ്യിലാണോ അവനാണ് സത്യം. ഈ മുഹമ്മദിന്റെ പുത്രി ഫാത്തിമ തന്നെ മോഷ്ടിച്ചാലും ഞാനവളുടെ കൈവെട്ടും.’

റസൂലിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ മനുഷ്യാവകാശങ്ങളെ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നു നോക്കാം. മനുഷ്യാവകാശങ്ങളെ രണ്ടായി തിരിക്കാം. 1.  മനുഷ്യജീവിയെന്ന നിലക്ക് ഉളള അടിസ്ഥാന അവകാശം.  2.  വിവിധ വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍.

ജീവിക്കാനുളള അവകാശം

‘ഒരു നിരപരാധിയെ വധിക്കുന്നത് മുഴുവന്‍ മനുഷ്യകുലത്തേയും വധിക്കുന്നതിന് തുല്യമാണ്’. (ഖുര്‍ 5:32) ‘നീതിപീഠത്തിന്റെ തീരുമാനമില്ലാതെ അല്ലാഹു പുണ്യമാക്കിയ ജീവിതത്തെ തമസ്ക്കരിക്കരുത്’ (6:151) ഇസ്ലാം അനുവദിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ വധം പാടുളളൂ. ഒരാളെ വധിക്കുന്നത് സമൂഹത്തിന് ആവശ്യമാണെന്ന് നിയമം തീരുമാനിക്കണം. ഗര്‍ഭപാത്രത്തിലുളള കുഞ്ഞിനു പോലും ജീവിതം നിഷേധിക്കരുത്. ഗര്‍ഭിണിയായ സ്ത്രീക്കുളള വധശിക്ഷ പ്രസവം വരെ നിറുത്തി വെക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.

സമ്പത്തിനുളള അവകാശം

സമ്പാദിക്കാനും ചെലവഴിക്കാനുമുളള അവകാശം മനുഷ്യന് ഇസ്ലാം നല്‍കുന്നു. ജീവനും സമ്പത്തും അന്ത്യനാള്‍ വരെ പരസ്പരം നിഷിദ്ധമാണെന്ന് റസൂല്‍ വിടവാങ്ങള്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ആരുടെ ധനവും അന്യായമായി അപഹരിക്കാനോ ചൂഷണം ചെയ്യാനോ അനുവദിക്കുന്നില്ല. ഹസ്രത്ത് ഉമര്‍ (റ) വിന്റെ കാലത്ത് ഒരു പളളി ഉണ്ടാക്കാന്‍ തൊട്ടടുത്ത് ജീര്‍ണ്ണിച്ച കിടന്നിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കാമെന്നു കണ്ടു. ആസ്ഥലം അമുസ്ലിമിന്റെ കൈയ്യിലായിരുന്നു. വസ്തുക്കള്‍ക്ക് വിലകണക്കാക്കിയാണ് അവ ഉമര്‍ (റ) പളളി നിര്‍മ്മാണത്തിനുപയോഗിച്ചത്.

അഭിമാന സംരക്ഷണം

‘വിശ്വാസികളേ, പരസ്പരം പരിഹസിക്കരുതേ, ആരേയും അപകീര്‍ത്തിപ്പെടുത്തരുതേ, അപഹാസ്യപേരുകള്‍ വിളിക്കല്ലേ. മററുള്ളവരെ പിന്നില്‍ നിന്ന് കുത്തുകയും ചെയ്യല്ലേ’ എന്ന് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ഒരു വ്യക്തിയുടെ മാനം സംരക്ഷിക്കേണ്ട ചുമതല ഇസ്ലാമിക നീതിപീഠത്തിനുണ്ട്. ഇക്കാര്യം വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്‍ അടിവരയിട്ടു.

സ്വകാര്യ ജീവിതത്തിന് സംരക്ഷണം

ഒരാളുടെ വീട്ടില്‍ വീട്ടുകാരന്റെ സമ്മതമില്ലാതെ പ്രവേശിക്കരുതെന്ന് വിശുദ്ധ ഗ്രന്ഥം നിഷ്കര്‍ശിക്കുന്നതിന്റെ (24:27) പൊരുള്‍ ഒരാളുടെ ജീവിതത്തിന്റെ സ്വകാര്യതയെ അംഗീകരിക്കലാണ്. ചാരപ്പണി നടത്തരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വന്തം വീട്ടില്‍ പോലും പെട്ടെന്ന് കടന്ന് ചെല്ലരുതെന്നാണ് റസൂല്‍ പറയുന്നത്. മറെറാരാളുടെ കത്ത് വായിക്കുന്ന സ്വഭാവത്തെ പോലും റസൂല്‍ നിരോധിച്ചിട്ടുണ്ട്.

വ്യക്തി സ്വാതന്ത്യത്തിന് സംരക്ഷണം

റസൂലിന്റെ നീതിപീഠത്തില്‍ ഒരു വ്യക്തിക്ക് തന്റെ ആവലാതികള്‍ ബോധിപ്പിക്കാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ട്. കോടതി വിചാരണകളൊക്കെ പരസ്യമായിരിക്കണം.

വ്യക്തി സ്വാതന്ത്യത്തിന്റെ ഭാഗമായാണ് റസൂല്‍ (സ്വ) അടിമകള്‍ക്ക് അവകാശങ്ങള്‍ നല്‍കിയതും അവരെ സ്വാതന്ത്രരാക്കാന്‍ പടിപടിയായി പരിപാടികള്‍ ആവിഷ്ക്കരിച്ചതും. സകാത്തിന്റെ പണമുപയോഗിച്ച് നൂറുകണക്കിന് അടിമകളെ പ്രവാചകന്‍ സ്വതന്ത്രരാക്കി. അടിമകളെ പരാമര്‍ശിച്ച് അനുയായികളെ റസൂല്‍ ഇപ്രകാരം ഉപദേശിച്ചു. ‘ഇവര്‍ നിങ്ങളുടെ സഹോദരന്മാരാണ്. ഇവരുടെ ഉത്തരവാദിത്വം അല്ലാഹു നിങ്ങളില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നിങ്ങള്‍ തിന്നുന്നത് അവര്‍ക്കും നല്‍കുവിന്‍. നിങ്ങള്‍ ധരിക്കുന്നത് അവരേയും ധരിപ്പിക്കുവിന്‍. അവന് കഴിയാത്ത കാര്യം അവനെ കൊണ്ട് ചെയ്യിക്കരുതേ. ഭാരമുളള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങളും അവനെ സഹായിക്കൂവിന്‍.’

പ്രതികരിക്കാനുളള അവകാശം

നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ നിരോധിക്കുകയും ചെയ്യുന്ന പ്രതികരണ ശേഷിയുളള ഒരു ഉമ്മത്താണ് റസൂലിന്റേത്. ഭരണാധികാരികളുടെ നീതി നിഷേധത്തിനും ഏകാധിപത്യത്തിനുമെതിരെ പ്രതികരിക്കാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്്. കൈകൊണ്ട്, അല്ലെങ്കില്‍ വാക്കുകൊണ്ട്, അതിനുമാവില്ലെങ്കില്‍ വിദ്വേഷം കൊണ്ടെങ്കിലും തിന്മയെ പ്രതിരോധിക്കണമെന്നാണ് റസൂല്‍ പറഞ്ഞത്. ഭരണാധികാരികളെ തിരുത്താനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. ഹസ്രത്ത് ഉമര്‍ (റ) ഒരിക്കല്‍ ജനങ്ങളോട് ചോദിച്ചു, ഞാന്‍ മതത്തില്‍ നിന്നകന്നാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന്. ഉടനെ വാളൂരിപ്പിടിച്ച് കൊണ്ടൊരാള്‍ പറഞ്ഞു. തലവെട്ടുമെന്ന്. ‘അത്തരം വാക്കുകള്‍ എന്നോട് പ്രയോഗിക്കുകയോ, ഹസ്റത് ചോദിച്ചു. ‘തീര്‍ച്ചയായും’ അയാള്‍ മറുപടി പറഞ്ഞു. ‘ദൈവത്തിന് സ്തുതി! ഞാന്‍ തെററിലേക്ക് വഴുതുമ്പോള്‍ എന്നെ തിരുത്താന്‍ തക്ക ധൈര്യമുണ്ടല്ലോ ഈ രാജ്യത്ത്’ ഉമറിന് സന്തോഷം.

ചിന്താ സ്വാതന്ത്യം

പ്രവാചകന്‍ തന്റെ ആശയത്തേയും ചിന്തയേയും ആരുടെ മേലും അടിച്ചേല്‍പ്പിച്ചില്ല. ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് താനെന്നും ആരെയും തന്റെ മാര്‍ഗ്ഗത്തിലേക്ക് നിര്‍ബന്ധിക്കുകയില്ലെന്നും അവിടുന്ന്  വ്യക്തമാക്കിയിരുന്നല്ലോ. മദീന സ്റ്റേററില്‍ എല്ലാ മതക്കാര്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്യം നല്‍കി. ഭരണ കേന്ദ്രമായ മസ്ജിദുന്നബവിയിലേക്കും എല്ലാവര്‍ക്കും ജാതി – മത ഭേദമന്യേ വരാനും ആശയവിനിമയം നടത്താനും സ്വാതന്ത്യമുണ്ടായിരുന്നു. കപടവിശ്വാസികള്‍ക്കെതിരെ പോലും തെളിവില്ലാതെ നടപടിയെടുക്കാന്‍ റസൂല്‍ തയ്യാറായില്ല.

സമത്വം

പ്രവാചകന്റെ രാഷ്ട്രത്തില്‍ എല്ലാവരും നിയമത്തിന്റെ മുമ്പില്‍ സമന്മാരാണ്. വര്‍ഗവര്‍ണ്ണ മേന്മകളൊന്നുമേ ഇല്ല. അറബികളും അനറബിയും കറുത്തവനും വെളുത്തവനും തുല്യം. നന്മയിലേക്ക് നയിക്കുന്നത് കറുത്ത നീഗ്രോ തന്നെയാണെങ്കിലും അവനെ അംഗീകരിക്കണമെന്ന് റസൂല്‍ പറയുന്നു.

മനുഷ്യന്റെ മാനവികമായ നിലനില്‍പ് സാധ്യമാക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് റസൂല്‍ മുന്നില്‍ വെച്ചത്. ഒരു പരിപൂര്‍ണ്ണ വ്യവസ്ഥിതിയായ ഇസ്ലാമിന് രാഷ്ട്രീയം മാത്രം അന്യമാവുന്നില്ല. രാഷ്ട്രീയവും ഭരണവുമുണ്ടായാലേ ഒരു മുസ്ലിമിന്റെ ജീവിതം പൂര്‍ണ്ണമാവൂ എന്നും ഇതിനര്‍ഥമില്ല. ഇസ്ലാമല്ലാത്ത ഒരു ഭരണത്തിന്റെ കീഴിലും മുസ്ലിമിന് പൂര്‍ണ്ണ മുസ്ലിമായി തന്നെ കഴിയാം. തന്റെ വിശ്വാസത്തിനും പ്രചാരണത്തിനും സ്വാതന്ത്യം ലഭിക്കുന്ന ഏത് ഭരണകൂടത്തേയും മുസ്ലിംങ്ങള്‍ക്ക് അംഗീകരിക്കാം. അത്തരം ഭരണകൂടങ്ങളുടെ നിലനില്‍പ്പിനായി സഹകരിക്കുകയും ചെയ്യാം. റസൂല്‍ ഒരു രാഷ്ട്ര വ്യവസ്ഥിതി മുന്നോട്ട് വെച്ചത് അത് സ്വീകരിക്കാന്‍ തയ്യാറുളളവര്‍ക്ക് വേണ്ടിയാണ്. ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നില്ല. ഭരണമുണ്ടെങ്കിലേ ഇസ്ലാമുളളൂ എന്ന വാദങ്ങളോട് റസൂലിന്റെ നയം യോജിക്കുന്നില്ല. അബ്സീനിയയിലെ നേഹസിന്റെ കീഴിലും കോഴിക്കോട്ടെ സാമൂതിരിയുടെ കീഴിലും മുസ്ലിംകള്‍ ഭരണമില്ലാതെ തന്നെ സ്വതന്ത്രരായിക്കഴിഞ്ഞത് അങ്ങനെയാണ്. കൊളോണിയല്‍ കാലത്ത് കേരളത്തിലെ മുസ്ലിം നേതൃത്വം യുദ്ധരംഗത്തിറങ്ങിയത് സാമൂതിരിയെ നിലനിറുത്താനാണ്. ഇസ്ലാമിക ഭരണം സ്ഥാപിക്കാനല്ലല്ലോ.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം