Click to Download Ihyaussunna Application Form
 

 

തിരുഭവനം ചരിത്രനിയോഗം

പ്രവാചകശ്രേഷ്ഠര്‍ മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും ജീവിതത്തിലെ സര്‍വ്വമാന ചലനങ്ങളും നിയോഗപരമായിരുന്നു. സര്‍വ്വനിയന്താതാവായ അല്ലാഹു പ്രത്യേകം തീരുമാനിച്ചു സജ്ജമാക്കിയ പന്ഥാവിലൂടെ മാത്രമാണ് നബിയുടെ ജീവിതചലനങ്ങളും സമസ്ത നീക്കങ്ങളും സംഭവിച്ചിട്ടുള്ളത്. അവയില്‍ യാതൊന്നും യാദൃശ്ചികമായി വന്നുചേര്‍ന്നതോ സ്വാഭാവിക രീതിയില്‍ സംഭവിച്ചിട്ടുള്ളതോ അല്ല. സര്‍വ്വലോകത്തിനും നേതാവായി അല്ലാ ഹു പ്രത്യേകം സജ്ജമാക്കുകയായിരുന്നു. ആ പരിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ട ഏതൊരു സംഗതിയുടെയും ചരിത്ര വസ്തുത വിശകലനം ചെയ്താല്‍ അത് ബോധ്യമാകുന്നതാണ്. ഒന്നും യാദൃശ്ചിക നീക്കങ്ങളായിരുന്നില്ല.

നബി (സ്വ) യെ ഭൂജാതനാക്കാന്‍ അല്ലാഹു തെരഞ്ഞെടുത്ത കാലഘട്ടം, ജന്മദേശം, വംശം, കുലം, പിതൃ മാതൃ നിയോഗം, ജന്മമാസം, തിയ്യതി, സമയം എന്നിവയെക്കുറിച്ചെല്ലാം ഗാഢമായി പരിശോധിച്ചാല്‍ മേല്‍പറഞ്ഞ വസ്തുത വ്യക്തമാകുന്നതാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തില്‍, ഏതെങ്കിലും ഒരു പ്രദേശത്ത്, ഏതോ ഒരു കുടുംബത്തില്‍, ഏതോ ഒരു ദിവസം ഏതോ മാതാപിതാക്കള്‍ക്ക് എങ്ങനെയോ പിറന്നുവീണ ഒരു ശിശുവിന്റെ ചരിത്രമല്ല നബിക്കുള്ളത്. മറിച്ച് തികഞ്ഞ ആസൂത്രണങ്ങളുടെ തണലിലായിരുന്നു പൂര്‍ണ്ണമായും എല്ലാ കാര്യങ്ങളും സംഭവിച്ചത്. ബുദ്ധിപൂര്‍വ്വകമായ തീരുമാനത്തിന്റെ വെളിച്ചത്തില്‍ നിയോഗപരമായ നീക്കങ്ങളായിരുന്നു അവയെല്ലാം. എല്ലാം സര്‍വ്വജ്ഞനായ അല്ലാഹുവിന്റെ ആസൂത്രിതമായ നീക്കങ്ങള്‍…!!

നബി (സ്വ) യുടെ ജീവിതസംഭവങ്ങളിലുടനീളം മുഴച്ചുനില്‍ക്കുന്ന ഈ നിയോഗപരമായ സത്യം പഠനവിധേയമാക്കേണ്ടതാണ്. തദ്വിഷയകമായി ചിന്തിച്ചു തുടങ്ങുവാന്‍ അവിടുത്തെ ജീവിതത്തിലെ ഒരു ഉദാഹരണം മാത്രം ഇവിടെ വിശകലനം ചെയ്യാം.

നബി (സ്വ) മക്കയില്‍ നിന്ന് പലായനം ചെയ്തു മദീനയിലെത്തിയ ഉടന്‍ അവിടുന്ന് താമസിക്കാന്‍ തിരഞ്ഞെടുത്ത ഭവനം മദീനാവാസികളുടെ പ്രമുഖ നേതാവും, വിശിഷ്ട സ്വഹാബിവര്യനുമായ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) താമസിച്ചിരുന്ന വസതി ആയിരുന്നല്ലോ.

മദീനയിലെത്തിയ തിരുനബി (സ്വ) ഉചിതനായ ഒരു ഗുണകാംക്ഷിയുടെ വീട്ടില്‍ പൊതുസൌകര്യങ്ങള്‍ പരിഗണിച്ച് യാദൃശ്ചികമായി താമസിച്ചതായിരിക്കാം എന്ന നിഗമനമാണ് ബാഹ്യമായ ചരിത്രവായനയില്‍ നിന്ന് മനസ്സിലാവുക. കാരണം നബി (സ്വ) താമസിച്ച അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ വീട് അവിടുന്ന് പിന്നീട് താവളമായി തിരഞ്ഞെടുത്ത ‘മസ്ജിദുന്നബവി’യുടെ ഏറ്റവും അടുത്തുള്ള വീടായിരുന്നുവല്ലോ. പള്ളി നിര്‍മ്മാണത്തിനും മറ്റും സൌകര്യമാകാനും, മദീനക്കാരുടെ അനിഷേധ്യ നേതാവിന്റെ വീട്ടില്‍ താമസിക്കുന്നത് പൊതുസമ്മതം കൂടുതല്‍ ലഭിക്കാനും സഹായകമാകുമെന്ന് കരുതിയാവാം എന്നെല്ലാം പ്രത്യക്ഷത്തില്‍ വിലയിരുത്താം. എന്നാല്‍ ചരിത്രത്തിന്റെ അകത്താളുകള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുക മറ്റൊന്നാണ്. നബി (സ്വ) അബൂ അയ്യൂബിന്റെ വീട്ടില്‍ താമസിക്കാന്‍ എത്തിച്ചേര്‍ന്നത് കേവലം യാദൃശ്ചികമായിട്ടോ, സ്വാഭാവിക രീതിയിലോ ആയിരുന്നില്ല. മറിച്ച് അഭൌതികമായ ഒരു ആസൂത്രണത്തിന്റെ തണലിലായിരുന്നു.

ഹിജ്റാവേളയില്‍ നബി (സ്വ) മദീനയുടെ പരിസരത്തെത്തുന്നു. അല്ലാഹുവിന്റെ തീരുമാനപ്രകാരം പ്രത്യേകപ്പെട്ട ഒരു സ്ഥലത്ത് ഒട്ടകത്തില്‍ നിന്നിറങ്ങി അല്‍പ്പദിവസം താമസിക്കുന്നു. പ്രഥമ മസ്ജിദായി ‘ഖുബാ പള്ളി’ പണിയുന്നു. തുടര്‍ന്ന് അവിടെ നിന്നും ഒട്ടകപ്പുറത്തേറി മദീനാ നിവാസികളുടെ വീടുകള്‍ തങ്ങിനില്‍ക്കുന്ന കേന്ദ്രത്തിലേക്ക് പ്രയാണം ചെയ്യുന്നു. മദീനാശരീഫിലെ പ്രമുഖ ഗോത്രങ്ങളുടെ തലവന്മാരെല്ലാം അവരവരുടെ വസതിക്ക് മുമ്പിലെത്തുമ്പോള്‍ നബിപുംഗവരെ മനസാ വാചാ സ്വീകരിച്ചാനയിക്കുന്നു. തങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ വിനയപുരസ്സരം അതീവ താല്‍പര്യത്തോടെ ആവശ്യപ്പെടുന്നു. നബി (സ്വ) യുടെ മറുപടി ഒരു പ്രവാചകന്റെ നിയുക്തി വ്യക്തമാക്കും വിധത്തിലുള്ളതായിരുന്നു. അവിടുന്ന് ജനങ്ങളോടെല്ലാം പറഞ്ഞുകൊണ്ടിരുന്നു. “എന്റെ ഒട്ടകത്തെ നിങ്ങള്‍ അതിന്റെ പാട്ടിനു വിടുവീന്‍. അത് പ്രത്യേകമായ കല്‍പ്പനക്ക് വിധേയമാണ്. ഇറങ്ങേണ്ട സ്ഥാനത്തെത്തുമ്പോള്‍ അത് സ്വയം മുട്ടുകുത്തിക്കൊള്ളും…!” ഈ മറുപടി റസൂല്‍ (സ്വ) പലതവണ പലരോടുമായി പറഞ്ഞുകൊണ്ടിരുന്നതാണ്. ഒടുവില്‍ നബി (സ്വ) യുടെ ‘അല്‍ ഖസ്വവാഅ്’ എന്ന മിമ്പര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മുട്ടുകുത്തി. തൊട്ടടുത്ത വീട്ടുകാരനായ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) സന്തോഷാധിക്യത്താല്‍ മതിമറന്നു. “അല്ലാഹുവിന്റെ തിരുദൂതരേ… തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇക്കാണുന്ന വീട് ഞാന്‍ താമസിക്കുന്നിടമാണ്. അവിടുത്തെ സാധനങ്ങള്‍ ഞാന്‍ അവിടെക്കൊണ്ട് ചെന്നു വെക്കട്ടെയോ എന്ന് പ്രതീക്ഷാപൂര്‍വ്വം തിരക്കുകയായിരുന്നു.” ‘അതെ’ എന്ന മറുപടിയും കിട്ടി. തുടര്‍ന്നു നബി (സ്വ) വിശ്രമിക്കാന്‍ പ്രസ്തുത വീട്ടിലേക്ക് പ്രവേശിക്കുകയാണുണ്ടായത്. ഇത്രയും പറഞ്ഞ ചരിത്ര ഭാഗം എല്ലാവരും പറഞ്ഞുവരുന്നതാണ്. ഒട്ടകം പ്രത്യേക സ്ഥലത്ത് മുട്ടുകുത്തിയത് നിയോഗപരമായ ഒരു ആസൂത്രണം, അഭൌതികമായി അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ്. എന്നാല്‍ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഇനിയും ഇറങ്ങിച്ചെന്നാല്‍ നാം കാണുന്നത് വിസ്മയകരമായ മറ്റൊരു നിയോഗത്തിന്റെ വര്‍ത്തമാനമാണ്. ആധികാരിക ചരിത്രകാരനായ ഇമാം ഇബ്നു ഇസ്ഹാഖ് ‘അല്‍ മുബ്തദഇ’ലും വിഖ്യാതനായ ഇമാം ഇബ്നു ഹിശാം ‘അല്‍ തീജാനിലും’ മറ്റും ഉദ്ധരിച്ച ചരിത്ര വിവരണം കൂട്ടി വായിക്കുക.

പ്രിയപ്പെട്ട തിരുനബി (സ്വ) മദീനയില്‍ പ്രഥമമായി താമസിച്ചത് യഥാര്‍ഥത്തില്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) ന്റെ വീട്ടിലായിരുന്നില്ല. മറിച്ച് മുഹമ്മദ് നബി (സ്വ) ക്ക് താമസിക്കാന്‍ വേണ്ടി പ്രത്യേകം നിര്‍മ്മിച്ച നബി (സ്വ) യുടെ വീട്ടില്‍ തന്നെയായിരുന്നു എന്ന വസ്തുത നമ്മെ വിസ്മയം കൊള്ളിപ്പിക്കുന്നു. സംഭവം ഇപ്രകാരമാണ്… നബി (സ്വ) യുടെ മദീനാ ആഗമനത്തിന് പതിറ്റാണ്ടുകള്‍ക്കു മുമ്പ്?- നബിയുടെ ജനനത്തിനും എത്രയോ മുമ്പ്- മദീനാ പ്രദേശത്തു കൂടി യാത്ര ചെയ്ത  പ്രശസ്തനായ അറേബ്യന്‍ രാജാവ് ‘തുബ്ബഅ് ഒന്നാമന്‍’ അന്ത്യപ്രവാചകരായി വരാന്‍ പോകുന്ന മുഹമ്മദ് നബിക്ക് വസിക്കുവാനായി പ്രത്യേകം നിര്‍മ്മിച്ച ഭവനമായിരുന്നു അബൂ അയ്യൂബുല്‍ അന്‍സ്വാരി താമസിച്ചിരുന്ന വീട്. തുബ്ബഅ് രാജാവും പരിവാരവും ദീര്‍ഘമായ സഞ്ചാരത്തിലായിരുന്നു. യാത്രാ സംഘത്തില്‍ നാനൂറോളം മഹാവേദാന്തികളായ ജ്ഞാനികളുമുണ്ടായിരുന്നു. സംഘം സഞ്ചാരമധ്യേ മദീനയില്‍ എത്തിച്ചേര്‍ന്നു. മദീനയുടെ അക്കാലത്തെ പേര് ‘യസ്രിബ്’ എന്നായിരുന്നു. മഹാരാജാവിന്റെ സംഘത്തിലുള്ള ജ്ഞാനികള്‍ മദീനയെ നിരീക്ഷിച്ചപ്പോള്‍ അവര്‍ക്ക് ഒരു സത്യം ബോധ്യപ്പെട്ടു. തങ്ങളുടെ വേദങ്ങളില്‍ പരാമര്‍ശമുള്ള അന്ത്യപ്രവാചകരുടെ വാസപ്രദേശമാകുന്നു ഇത്. വേദത്തില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഈ പ്രദേശത്തിന് ഇണങ്ങുന്നതാണ്. മഹാരാജാവിനെ അവര്‍ അറിയിച്ചു. “ഞങ്ങള്‍ നാനൂറ് (400) പേരും ഈ പ്രദേശം വിട്ടു വരുന്നില്ല. ഇത് നമ്മുടെ വേദങ്ങളില്‍ പരാമര്‍ശിച്ച അന്ത്യപ്രവാചകരുടെ പലായന ഭൂമിയാണ്. ഞങ്ങള്‍ ഇവിടം വിട്ടു വരുന്നില്ല. ഞങ്ങള്‍ക്കോ, അല്ലെങ്കില്‍ ഞങ്ങളുടെ സന്താന തലമുറകള്‍ക്കെങ്കിലും ആ ശ്രേഷ്ഠ പ്രവാചകരെ ദര്‍ശിച്ച മഹാഭാഗ്യം നേടാന്‍ കഴിയണമെന്ന് ഞങ്ങള്‍ ആശിക്കുന്നു…” വേദാന്ത പണ്ഢിതന്മാരുടെ പ്രവചനം കേട്ടപ്പോള്‍ ‘തുബ്ബഅ്’ രാജാവിനും കൌതുകമായി. അദ്ദേഹം കുറച്ചുകൂടി കാലം മദീനയില്‍ അധിവസിച്ചു. തന്റെ കൂടെയുള്ള നാനൂറ് (400) പണ്ഢിതന്മാര്‍ക്കും താമസിക്കാന്‍ യോഗ്യമായ വീടുകള്‍ വെച്ചുകൊടുത്തു. കൂട്ടത്തില്‍ അന്ത്യപ്രവാചകര്‍ പലായനം ചെയ്തെത്തുമ്പോള്‍ ആ പുണ്യപൂമാന് വസിക്കുവാനായി പ്രത്യേകം ഒരു വീടും തയ്യാറാക്കി… വേദങ്ങ ളിലെ പ്രവചിത ദൂതര്‍ ഈ പുണ്യപ്രദേശത്തു വരുമ്പോള്‍ ഞാന്‍ അദ്ദേഹത്തിനു വേണ്ടി നിര്‍മ്മിച്ച ഈ ഭവനത്തില്‍ താമസിച്ചുകൊള്ളണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. അബൂ അയ്യൂബുല്‍ അന്‍സ്വാരിയുടെ പൂര്‍വ്വ പിതാക്കളില്‍ പെട്ട ഒരാളുടെ കൈവശം പ്രസ്തുത വീട് നബിക്കു സമര്‍പ്പിക്കുവാനായി കൊടുത്തേല്‍പ്പിക്കുകയും ചെയ്തു.

പ്രസ്തുത വേദപണ്ഢിതന്മാരുടെ കൈവശം വരാന്‍ പോകുന്ന പ്രവാചകശ്രേഷ്ഠര്‍ക്കു സമര്‍പ്പിക്കാന്‍ ഒരു സന്ദേശവും എഴുതി നല്‍കിയ ശേഷമാണ് തുബ്ബഅ് ചക്രവര്‍ത്തി മദീന വിട്ടുപോയത്. നബിയുടെ ആഗമനത്തിന്റെ പതിറ്റാണ്ടുകള്‍ക്കു മുമ്പ് നബിക്കു നല്‍കുവാനായി തുബ്ബഅ് ചക്രവര്‍ത്തി ഏല്‍പ്പിച്ച കത്ത് ഒരു കവിതാ രൂപത്തിലായിരുന്നു. അതില്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു:

“മനുഷ്യസ്രഷ്ടാവായ അല്ലാഹു നിയോഗിച്ച സത്യദൂതനാണ് അഹ്മദ് എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ആ നിയോഗപുരുഷന്റെ കാലം വരെ എനിക്ക് ദീര്‍ഘായുസ്സുണ്ടാകുമെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒരു മന്ത്രിയും ഗുണകാംക്ഷിയുമായി സേവനം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളോടു ഞാന്‍ പടപൊരുതുമായിരുന്നു. അദ്ദേഹത്തിന് വരുന്ന ശത്രുതകള്‍ ഞാന്‍ പ്രതിരോധിക്കുമായിരുന്നു…”

ഈ വരികള്‍ സ്വര്‍ണ്ണം കൊണ്ട് മുദ്ര ചെയ്ത ശേഷം ഭദ്രമായി കെട്ടി രാജാവ് നബി തിരുമേനിക്കു നല്‍കുവാനായി കൊടുത്തേല്‍പ്പിച്ചു.

അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) ന്റെ പൂര്‍വ്വപിതാവ് തുബ്ബഅ് രാജാവില്‍ നിന്ന് നബിക്കു താമസിക്കുവാനുള്ള ഭവനം ഏറ്റെടുക്കുകയായിരുന്നു. പരമ്പരാഗതമായി സൂക്ഷി ച്ചുവന്ന വീട് സമയം വന്നപ്പോള്‍ അബൂ അയ്യൂബുല്‍ അന്‍സ്വാരി യഥാര്‍ഥ അവകാശിക്ക് സന്തോഷപൂര്‍വ്വം ഏല്‍പ്പിക്കുകയും ചെയ്തു. മദീനയില്‍ നിവസിച്ച അന്‍സ്വാരികളെല്ലാം ഈ സംഘത്തിലുണ്ടായിരുന്ന വേദാന്തികളുടെ പിന്‍തലമുറക്കാരായിരുന്നു എന്ന് ചരിത്രം ഉദ്ഘോഷിക്കുന്നു. ചുരുക്കത്തില്‍ നബി (സ്വ) മദീനയില്‍ വസിക്കുവാനുള്ള വീടു പോലും പതിറ്റാണ്ടുകള്‍ക്കു മുമ്പ് അല്ലാഹു മുന്‍കൂട്ടി സജ്ജമാക്കി വെച്ചതായിരുന്നു എന്ന് സാരം.

നിയോഗപരമായ നബിയുടെ സത്യത ബോധ്യപ്പെടാന്‍ സഹായകമായ ഈ ചരിത്രം പ്രമുഖ പണ്ഢിതനായ ഇമാം മുഹമ്മദ് യൂസുഫുസ്സ്വാലിഹുശ്ശാമീ (മരണം ഹി.942) തന്റെ സീറ (വാള്യം:4, പുറം:390) യില്‍ വിശദമായി ഉദ്ധരിച്ചിരിക്കുന്നു. മദീനയുടെ ആധുനിക ചരിത്രകാരനായ പ്രൊഫ. അഹ്മദ് യാസീന്‍ ഈ സംഭവം വിശദമായി തന്റെ ‘താരീഖു മആലിമില്‍ മദീന’യിലും (പേജ് 167) ഉദ്ധരിച്ചിട്ടുണ്ട്.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം