Click to Download Ihyaussunna Application Form
 

 

പ്രവാചക ദൌത്യം

‘ഉത്തമഗുണങ്ങള്‍ക്ക് സമ്പൂര്‍ണത വരുത്താന്‍ നിയുക്തനാണ് ഞാന്‍”.  തിരുനബിയുടെ  ദൌത്യമെന്താണെന്ന് വ്യക്തമാക്കുന്ന തിരുവചനമാണിത്.

മനുഷ്യജീവിത വിശേഷങ്ങളാണു ഗുണങ്ങള്‍ എന്നത് കൊണ്ട് വിവക്ഷ. മനുഷ്യനില്‍ രൂഢമായ ഒരവസ്ഥാവിശേഷമാണിത്. നന്മയുടെ പ്രചോദനവും നേര്‍വഴിയുടെ പ്രകാശനവുമായി മനുഷ്യനില്‍ നിന്നു പ്രത്യക്ഷപ്പെടുന്ന ഗുണങ്ങള്‍ക്കാണ് സല്‍ഗുണങ്ങള്‍, സല്‍സ്വഭാവം എന്നൊക്കെ പറയുന്നത്.  തിന്മയുടെ  പ്രചോദനങ്ങളും പ്രകടനങ്ങളുമായിത്തീരുന്ന മനുഷ്യവിശേഷങ്ങളെയാണു ദുഃസ്വഭാവങ്ങളെന്നും ദുര്‍ഗുണങ്ങളെന്നും പറയപ്പെടുന്നത്. മനുഷ്യന്‍ സാധാരണഗതിയില്‍ ഈ രണ്ടവസ്ഥകളുടെയും ഉടമയാണ്. നന്മയുടെയും തിന്മയുടെയും ആനുപാതികമായ സ്വാധീനം എല്ലാവരിലുമുണ്ട്. ചിലര്‍ പക്ഷേ, നന്മയിലും മററുചിലര്‍ തിന്മകളിലും മുന്നേറിക്കൊണ്ടിരിക്കുമെന്നുമാത്രം. പ്രവാചകര്‍ മാത്രമാണിതില്‍ നിന്നൊഴിവ്.

ജീവിതസാഹചര്യം, മനുഷ്യന്റെ വിശ്വാസപരമായ അവസ്ഥ, മാനസിക- സാമൂഹിക സാമ്പത്തിക ചുററുപാടുകള്‍, സാംസ്കാരിക നിലവാരം, വിദ്യാഭ്യാസപരവും ചിന്താപരവുമായ സ്ഥിതിവിശേഷങ്ങള്‍, കുടുംബ സാഹചര്യങ്ങള്‍, അനുഷ്ഠിച്ച് വരുന്ന ആചാരങ്ങള്‍, ശീലങ്ങള്‍ എല്ലാം മനുഷ്യനില്‍ സ്വാധീനം ചെലുത്തുകയും ആ സ്വാധീനങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവുകയും ചെയ്യുന്നു.

“എല്ലാ മനുഷ്യമക്കളും പിറവിയെടുക്കുന്നത് പ്രകൃതി മൂല്യങ്ങള്‍ ഉള്‍കൊള്ളാന്‍ പാകത്തിലാണ്. മനുഷ്യനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കുന്നത് മാതാപിതാക്കളത്രെ” എന്ന നബിവചനം ഇതാണ് പഠിപ്പിക്കുന്നത്. സാഹചര്യങ്ങളാണു ജീവിതത്തില്‍ വിജയവും പരാജയവും നേരിടുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നത്.  “മനുഷ്യന്‍ തന്റെ സുഹൃത്തിന്റെ ജീവിതരീതിയാണു ഉള്‍കൊള്ളുന്നത്. അതുകൊണ്ടു തന്റെ സുഹൃത്ത് ആരായിരിക്കണമെന്ന് ഓരോരുത്തരും നന്നായി ആലോചിക്കണ”മെന്ന് തിരുനബി (സ്വ) പഠിപ്പിക്കുന്നു.

പ്രവാചകരുടെയും പ്രബോധകരുടേയും നവോത്ഥാന നായകരുടെയും അഭാവം കൊണ്ട് ശ്രദ്ധേയമായ ചരിത്രത്തിന്റെ ഒരു ഇടവേളയായിരുന്നു തിരുനബിക്കു തൊട്ടുമുമ്പ് കഴിഞ്ഞുപോയ അഞ്ചു നൂറ്റാണ്ട് കാലം. ഹള്റത്ത് ഈസാനബിക്ക് ശേഷം ലോകത്തൊരിടത്തും ഒരു ദൈവദൂതനും ആഗതനായിരുന്നില്ല. ഈസാനബിയും മുന്‍കാല ദൂതന്മാരും പ്രബോധനം ചെയ്ത മതവും അധ്യാപനങ്ങളുമൊക്കെ ജീര്‍ണ്ണിച്ച് നാമാവശേഷമാവുകയും മനുഷ്യരുടെ കൂര്‍ത്ത നഖങ്ങള്‍ അവയെ മാന്തിക്കീറുകയും വികലമാക്കുകയും ചെയ്തിരുന്നു. ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായി ഹള്റത്ത് ഇബ്റാഹീം നബി പണിതുയര്‍ത്തുകയും നീണ്ട സഹസ്രാബ്ദങ്ങള്‍ ദൈവദൂതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കുമുള്ള സിരാകേന്ദ്രമായി പരിലസിക്കുകയും ചെയ്തിരുന്ന കഅ്ബാ ശരീഫ് പോലും വിഗ്രഹപ്പുരയായിത്തീരുകയും തിന്മയുടെ പര്യായങ്ങളായ ഒരു ജനവിഭാഗത്തിന്റെ കൂത്താട്ട് കേന്ദ്രമായിത്തീരുകയും ചെയ്തുവെന്നത് പ്രബോധകരുടെ അസാന്നിധ്യം വരുത്തി വെച്ച ജീര്‍ണതയുടെയും മാര്‍ഗഭ്രംശത്തിന്റെയും ഉദാഹരണമാണ്.

പ്രബോധക സാന്നിധ്യമില്ലെങ്കില്‍ ജനഹൃദയങ്ങള്‍ തിന്മയുടെ അഗാധ ഗര്‍ത്തങ്ങളിലേക്ക് നിപതിക്കുമെന്നും ജീര്‍ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത കെട്ടിടംപോലെ അതു തകര്‍ന്ന് വീഴുമെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ചരിത്രത്തിന്റെ പാഠങ്ങള്‍ ഉദ്ധരിച്ച് ഖുര്‍ആന്‍ ഈ യാഥാര്‍ത്ഥ്യം സമര്‍ത്ഥിക്കുന്നുണ്ട്.

നീണ്ട ഇടവേളക്കുശേഷം പ്രവാചകത്വത്തിന്റെ പരിസമാപ്തിയായി  തിരുനബി (സ്വ) ആഗതനാവുകയും ഉത്തമ മൂല്യങ്ങളുടെയും ഉന്നത ഗുണങ്ങളുടെയും സമ്പൂര്‍ണ്ണമായ പ്രകാശനം നിര്‍വ്വഹിക്കുകയും ചെയ്തു. സത്യത്തിലും നീതിയിലും അധിഷ്ടിതമായ സമ്പൂര്‍ണ്ണ വ്യവസ്ഥിതിയുടെ സുസ്ഥാപനം പൂര്‍ത്തിയാക്കിക്കൊണ്ടാണു തിരുനബി വിടവാങ്ങുന്നത്. വിട പറയുന്നതിനു മൂന്നുമാസം മുമ്പു ഹജ്ജ് വേളയില്‍ നടത്തിയ നയരേഖ പ്രഭാഷണത്തില്‍ തിരുനബി (സ്വ) ഇക്കാര്യം തുറന്നു പറഞ്ഞ്കൊണ്ടു ഖുര്‍ആന്‍ വചനമുദ്ധരിച്ചു. ”ഇന്നു ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിത നിയമം സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു. എന്റെ അനുഗ്രഹങ്ങളുടെ പൂര്‍ത്തീകരണം നിര്‍വ്വഹിച്ചിരിക്കുന്നു. ഇസ് ലാം  നിങ്ങളുടെ ജീവിത നിയമമായി ഞാന്‍ തൃപ്തിപ്പെട്ടു നല്‍കുകയും ചെയ്തിരിക്കുന്നു”. (ഖു.ശ)

മനുഷ്യോല്‍പത്തി മുതല്‍ അല്ലാഹു ഭൂനിവാസികളുടെ സംസ്കരണത്തിനും മാര്‍ഗദര്‍ശനത്തിനുമായി നിയോഗിച്ച ദൈവദൂതന്മാരുടെ ശൃംഖല തിരുനബിയോടെ അവസാനിക്കുകയായിരുന്നു. അഥവാ ഇസ്ലാമിന്റെ സംസ്ഥാപനം പൂര്‍ത്തിയാവുകയായിരുന്നു. മുന്‍പ്രവാചകന്മാരുടെ തത്വങ്ങളും ആദര്‍ശങ്ങളും തന്നെയാണ് നബി (സ്വ) യും പ്രബോധനം ചെയ്തത്. “പ്രപഞ്ചനാഥനായ അല്ലാഹുവിന്റെ ഭൂമിയില്‍ നീതിയും സത്യവും സ്ഥാപിക്കുക, അനീതിക്കും അക്രമത്തിനുമെതിരെ പ്രതികരിക്കുക, ഏക ദൈവത്തെ മാത്രം ആരാധിക്കുക”. ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമിതാണ്.  മാനവിക വിമോചനത്തിനു ഏകനിദാനമായി ഇസ്ലാം കാണുന്നത് ഈ മൂല്യങ്ങളുടെ സ്ഥാ പനവും വ്യാപനവുമത്രെ.


RELATED ARTICLE

 • തിരുനബി സാമീപ്യം
 • തിരുമേനിയുടെ അനുയായികള്‍
 • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
 • നബി(സ്വ) യുടെ ആഹാര ക്രമം
 • നബി(സ്വ):രൂപഭാവങ്ങള്‍
 • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
 • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
 • കുടുംബം, മാതാവ്, പിതാവ്
 • ദേശം, ജനത, ഭാഷ
 • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
 • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
 • തിരുനബിയുടെ ബഹുഭാര്യത്വം
 • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
 • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
 • മുഹമ്മദ് നബി സാധിച്ച വിപ്ളവം
 • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
 • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
 • തിരുഭവനം ചരിത്രനിയോഗം
 • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
 • റൌള: കാലഘട്ടങ്ങളിലൂടെ
 • പ്രവാചക ദൌത്യം
 • നബി (സ്വ) യുടെ വ്യക്തിത്വം
 • ഹിജ്റ
 • നബിയിലെ സാരഥ്യം
 • മദീനത്തുര്‍റസൂല്‍
 • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
 • കുടുംബ ജീവിതം
 • പ്രവാചകന്റെ കുട്ടിക്കാലം
 • തിരുനബി സാമീപ്യം
 • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം