Click to Download Ihyaussunna Application Form
 

 

നബി (സ്വ) യുടെ വ്യക്തിത്വം

അതിവിശിഷ്ടമായ വ്യക്തിത്വമാണ് നബി (സ്വ) യുടേത്. ഒരു ജനനേതാവിനെ സംബന്ധിച്ച് ഇത് അനിവാര്യത മാത്രമാണ്. കളങ്കമേശാത്ത വ്യക്തിത്വമുണ്ടാകുമ്പോഴാണ് പ്രബോധന പ്രവൃത്തി ഫല പ്രദമാക്കാന്‍ കഴിയുക. പതറാത്ത മനസ്സും എന്തിനെയും അതിജയിക്കുന്ന തന്റേടവും പ്രബോധകന്‍ സ്വായത്തമാക്കണം. നബി (സ്വ) യുടെ ശരീര സംരക്ഷണം പോലും അല്ലാഹു ഏറെറടുത്തിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് അല്ലാഹു അങ്ങയെ സംരക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറഞ്ഞു. ഇതോടെ അരികിലുണ്ടായിരുന്ന കാവല്‍ ഭടന്മാരെ നബി നീക്കം ചെയ്തതായി ആയിശ (റ) യുടെ ഹദീസില്‍ കാണാം.

പ്രബോധകര്‍ക്ക് വലിയൊരു പാഠമുണ്ടിവിടെ. ദൌത്യനിര്‍വ്വഹണത്തില്‍ പ്രതിസന്ധികളോട് മുഖാമുഖം നില്‍ക്കാനുള്ള മാനസിക ധൈര്യം അവര്‍ക്ക് ഖുര്‍ആന്‍ നല്‍കുകയാണ്. ലോകം മുഴുവന്‍ അവര്‍ക്കെതിരെ ഐക്യമുന്നണിയായാലും അല്ലാഹു തന്റെ കൂടെയുണ്ടാകുമെന്ന അറിവ് മാത്രം മതി പ്രബോധകന് ധൈര്യം പകരാന്‍. നബി (സ്വ) യുടെ ജീവിതത്തില്‍ പലപ്പോഴും അല്ലാഹു ഇത് തെളിയിച്ചു. വിജനമായ പ്രദേശത്ത് വെച്ച് തന്റെ നേര്‍ക്ക് വാളോങ്ങിയ ആദിവാസിക്ക് നബി (സ്വ) യെ കൊല്ലാമായിരുന്നു. ഇപ്പോള്‍ നിന്നെ ആര് രക്ഷപ്പെടുത്തുമെന്ന് അദ്ദേഹം ചോദിച്ചത് ഔപചാരികതയായി മാത്രം കണ്ടാല്‍ മതി. പക്ഷേ, പ്രവാചകന്റെ പ്രത്യുത്തരം ഗംഭീരമായി. അല്ലാഹ്, എന്ന ശബ്ദത്തിന്റെ മാസ്മരികതയില്‍ ആദിവാസി വിരണ്ടു വിറച്ചു. വാള്‍ താഴെ വീണു. ആയുധം വെച്ചു കീഴടങ്ങല്‍ തന്നെ. ഇങ്ങനെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. എല്ലാ രംഗത്തും പ്രബോധകന് തണലായി അല്ലാഹുവുണ്ടാകുമെന്ന പാഠം ഇതില്‍ നിന്ന് പഠിക്കണം.

നബി (സ്വ) ക്ക് ജന്‍മം നല്‍കിയ തറവാട് മുതല്‍ അവിടുത്തെ വ്യക്തി വൈശിഷ്ട്യം തുടങ്ങുന്നു. സാംസ്കാരിക ച്യുതിയുടെ ലാഞ്ചനയേല്‍ക്കാത്ത പ്രൌഢമായ കുടുംബത്തിലാണ് മുഹമ്മദ് (സ്വ) ന്റെ ജനനം. ധൈര്യപൂര്‍വ്വം ഇറങ്ങി വരാന്‍  ഈ തറവാട് മഹിമ നബി (സ്വ) യെ സഹായിച്ചു. ഹിര്‍ഖല്‍ രാജാവ് അബൂസുഫ്യാനുമായി നടത്തിയ സംഭാഷണം ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ഉന്നതമായ തറവാടാണ് നബിയുടേതെന്ന് ശത്രുവിന്ന് പോലും സമ്മതിക്കേണ്ടി വന്നു. (അബൂസുഫ്യാന്‍, മക്കാ ഫത്ഹില്‍ മുസ്ലിമായി (റ:അ) )

പ്രബോധിതരെ ആകര്‍ഷിക്കുന്ന എല്ലാ ഘടകങ്ങളോടും കൂടിയാണ് പ്രവാചകന്റെ സൃഷ്ടി കര്‍മ്മം തന്നെ നിര്‍വ്വഹിക്കപ്പെട്ടത്. ആന്തരിക സൌന്ദര്യം മാത്രമല്ല. ബാഹ്യശോഭയും നബി (സ്വ) ക്കുണ്ടായിരുന്നു. ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇങ്ങനെ കാണാം. “മുഖം ഏററം ഭംഗിയുള്ളവരായിരുന്നു നബി (സ്വ). അവിടുത്തെ മുഖകമലത്തിലൂടെ സൂര്യന്‍ ഒഴുകി നടക്കുന്നതായി തോന്നുമായിരുന്നു. നബി (സ്വ) യുടെ ഭംഗി അളക്കാന്‍ കഴിയാതെ സ്വഹാബികള്‍ ബുദ്ധിമുട്ടി. അത് കൊണ്ടാണ് കത്തിജ്വലിക്കുന്ന സൂര്യനോട് തന്നെ ആ മുഖം ഉപമിക്കപ്പെട്ടത്. സവിശേഷതകള്‍ ഒട്ടേറെ. ശരീര ഘടന പോലും ഇത്രമേല്‍ വ്യക്തമായി രേഖപ്പെടുത്തപ്പെട്ട മറെറാരു വ്യക്തിത്വം ലോക ചരിത്രത്തിലില്ല. താടിയിലെ രോമവും തലയിലെ മുടിയും കൃത്യമായി രേഖപ്പെടുത്തി വെച്ചിരുന്നു.

നബി (സ്വ) യുടെ അതുല്യമായ സൌന്ദര്യം ഒരിക്കലും ആപല്‍ക്കരമായിരുന്നില്ല. വിഷയാസക്തിയോടെ ഒരു സ്ത്രീ പോലും തന്നിലേക്ക് ആകര്‍ഷിക്കപ്പെട്ടതുമില്ല. യൂസുഫ് നബി (അ) യുടെ സൌന്ദര്യത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു അത്. യൂസുഫ് നബിയുടെ ഭംഗിയില്‍ ആകൃഷ്ടരായി അനേകം സ്ത്രീകള്‍ കൈവിരലുകള്‍ തന്നെ മുറിച്ചുകളഞ്ഞതായി ഖുര്‍ആന്‍ പറയുന്നുണ്ട്.

കായികബലത്തില്‍ നബി (സ്വ) ആരെയും അതിജയിക്കുമായിരുന്നു. ഗുസ്തി വീരന്‍മാരെപ്പോലും പരാജയപ്പെടുത്തി. ഇതുതെളിയിക്കുന്ന സംഭവവും നബി ചരിത്രത്തില്‍ വായിക്കാവുന്നതാണ്. റുകാനത്തിന്റെ ശാരീരിക സമ്പന്നത നബി (സ്വ) യുടെ കായിക ക്ഷമതക്ക് മുന്നില്‍ അടിയറവ് പറഞ്ഞ സംഭവം ഇമാം ബൈഹഖി (റ) ഉദ്ധരിച്ചിരിക്കുന്നു. റുകാനത്തിനെ വിളിച്ചു നബി ചോദിച്ചു. ഞാന്‍ നിന്നെ കീഴ്പ്പെടുത്തിയാല്‍ നീ മുസ്ലിമാകുമോ? ശരി!! റുകാനത്ത് സമ്മതം മൂളി. മിന്നല്‍ പിണറുകകള്‍ പോലെ ഏതാനും നിമിഷങ്ങള്‍. ആ ബല പരീക്ഷണത്തില്‍  റുകാന: വീണു. പെട്ടെന്ന് എഴുന്നേററു. വീണ്ടും ഗുസ്തി. രണ്ടാമതും റുകാന അടിതെറ്റി. ഇതോടെ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. നബി (സ്വ) യുടെ കായികക്ഷമതയുടെ സാക്ഷ്യം കൂടിയായിരുന്നു ആ പോരാട്ടം. അസാമാന്യ ധൈര്യം നബി (സ്വ) യുടെ പ്രത്യേകതയായിരുന്നു. ഹുനൈന്‍ പോര്‍ക്കളം. യുദ്ധം കൊടുമ്പിരി കൊണ്ട സന്ദര്‍ഭം. ശത്രു ആഞ്ഞടിക്കുകയാണ്. ഒരു നിമിഷം, മുസ്ലിം സൈന്യം ചിതറിയോടി. നബി (സ്വ) സൈന്യാധിപന്റെ റോള്‍ ശരിക്കും നിര്‍വ്വഹിച്ചു. അവസരത്തിനൊത്തുയര്‍ന്നു. നൂറോളം വരുന്ന സ്വഹാബിമാര്‍ക്ക് നേതൃത്വം നല്‍കി. ശത്രു മധ്യത്തിലേക്ക് എടുത്തു ചാടാന്‍  നബി (സ്വ) ക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ഞാന്‍ പ്രവാചകനാണ്, കളവല്ല, ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകനാണ്, കളവല്ല; എന്ന പ്രഖ്യാപനവുമായി ഉരുക്കു കോട്ടപോലെ നിന്ന ശത്രുവിനെ അതിജയിച്ചു മുന്നേറുകയായിരുന്നു പ്രവാചകര്‍ (സ്വ). ആ മുന്നേററം വിജയത്തിലാണ് കലാശിച്ചത്. (അല്‍ബിദായതുവന്നിഹായ 6-76)

നബി (സ്വ) യുടെ ശാരീരിക പ്രകൃതി നമ്മുടേത് പോലെ സാധാരണമായിരുന്നുവെന്ന് വാദിക്കുന്ന ചില വിവരദോഷികളുണ്ട്. ഇസ്ലാമിക പ്രമാണങ്ങള്‍ പക്ഷേ, ഇതു സമ്മതിക്കുകയില്ല. അവിടുത്തെ വിയര്‍പ്പ്, ഉമിനീര്, നഖം, മുടി എല്ലാം അസാധാരണ മായിരുന്നുവെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ജഅ്ഫറുബ്നു അബ്ദില്ലാഹിബിന്‍ ഹകമില്‍ നിന്ന് നിവേദനം: ഖാലിദ്ബിന്‍വലീദ് (റ) ന്റെ ഒരു തൊപ്പി യര്‍മൂഖ് യുദ്ധ വേളയില്‍ നഷ്ടപ്പെട്ടു. അന്വേഷിക്കാന്‍ വേണ്ടി അദ്ദേഹം നിര്‍ദ്ദേശം നല്‍കിയെങ്കിലും തൊപ്പി കണ്ടു കിട്ടിയില്ല. വീണ്ടും അന്വേഷിക്കാന്‍ ഖാലിദ് (റ) കല്‍പിച്ചു. അതൊരു പഴകി ദ്രവിച്ച തൊപ്പിയായിരുന്നു. ഖാലിദ് (റ) പറഞ്ഞു. നബി (സ്വ) ഉംറ ചെയ്തതിനു ശേഷം അവിടുത്തെ മുടി വടിച്ചു. ജനങ്ങള്‍ ആ മുടി ശേഖരിക്കാന്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ ഞാന്‍ അവര്‍ക്കു മുകളിലൂടെ നബി (സ്വ) യുടെ ഒരു  മുടി കൈക്കലാക്കി. അതെന്റ തൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചു. ഈ മുടിവെച്ച തൊപ്പിയുമായി ഞാന്‍ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്ക് വിജയം വരിക്കാനായി. (ത്വബ്റാനി: മജ്മഉസ്സവാഇദ് വാ:9 പേ:582)

ഒരേ സമയം പ്രബോധകന്‍, ഭരണാധികാരി, യോദ്ധാവ്, സൈന്യാധിപന്‍, ഗുരുനാഥന്‍, കുടുംബനാഥന്‍, പിതാവ്, ഭര്‍ത്താവ്, പിതാമഹന്‍, തുടങ്ങി വിവിധ മുഖങ്ങളില്‍ പ്രവാചകന്‍ (സ്വ) പ്രശോഭിച്ചു നിന്നു. ഇസ്ലാമിക ചരിത്രത്തില്‍ നിന്ന് ഓരോ മുഖവും ഒപ്പിയെടുക്കാന്‍ സാധ്യമാണ്.

പാപ സുരക്ഷിതത്വം.

ജന്മം തൊട്ടുള്ള എല്ലാ വിഷയത്തിലും നബി (സ്വ)  നമ്മില്‍ നിന്ന് വ്യത്യസ്തനാണ്. നബി (സ്വ) മനുഷ്യനല്ലേ? എന്ന ചോദ്യത്തിലെ അതിശയോക്തി അതോടെ തന്നെ നമുക്ക് ബോധ്യപ്പെടുന്നു. അരാധനാ മൂര്‍ത്തികള്‍ തലകുത്തി വീഴുന്നതും മററും ഒരു സാധാരണ ജന്മത്തില്‍ ഉണ്ടാകുന്നതല്ല. പ്രവാചകന്റെ ജന്മദിനം ആകാശ ലോകം ഒന്നാകെ ആഘോഷിക്കുകയായിരുന്നു.

പ്രവാചകരുടെ എല്ലാ നിലയ്ക്കുമുള്ള സംരക്ഷണം രക്ഷിതാവ് ഏറെറടുത്തിട്ടുണ്ട്. “അല്ലാഹു താങ്കളെ ജനങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് ഖുര്‍ആന്‍ പറയുന്നു. താങ്കളുടെ രക്ഷിതാവിന്റെ തീരുമാനം വരുന്നത് വരെ ക്ഷമിക്കുക. താങ്കള്‍ നമ്മുടെ നിരീക്ഷണത്തിലാകുന്നു.” എന്ന് മറെറാരു സൂക്തത്തില്‍ അല്ലാഹു പറയുന്നു: നബി (സ്വ) യുടെ ശാരീരിക സംരക്ഷണമാണ് അല്ലാഹു ഇവിടെ ഏറെറടുത്തിരിക്കുന്നത്.

ഇത് ഒരു അനിവാര്യത കൂടിയാണ്. ഒരു ദൌത്യ നിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ട വ്യക്തി അതിന് മുമ്പ് അപായപ്പെടാന്‍ പാടില്ല. വിശിഷ്യാ ഈ മേഖലയില്‍ അവസാനത്തെ വ്യക്തിയാകുമ്പോള്‍. മറെറാന്ന് കൂടി വായിക്കണം. ഈ വ്യക്തിത്വം സമ്പൂര്‍ണ്ണമായും പാപമുക്തമായിരിക്കണം. അന്ത്യ ദിനം വരെയുള്ളവര്‍ക്ക് മാതൃകയായി അവതരിപ്പിക്കപ്പെട്ട മഹാമനീഷയില്‍ പാപക്കറ പുരണ്ടാല്‍ സത്യാ സത്യ വിവേചനം എങ്ങനെ സാധ്യമാകും!

നബി (സ്വ) എല്ലാ നിലക്കും പാപ സുരക്ഷിതനാണ്. ഖുര്‍ആന്‍ അസന്നിഗ്ദമായി അത് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ മനുഷ്യന്‍ എന്ന പ്രയോഗം മക്കയിലെ കാഫിറുകളുടേതാണ്. ഖുര്‍ആന്‍ അത് പറഞ്ഞിട്ടുണ്ട്. ഈ ആരോപണം കടമെടുത്ത് പ്രയോഗിക്കുന്നവരുണ്ട്. ഇവര്‍ തന്നെയാണ് അബൂജഹ്ലിനെ തൌഹീദിന്റെ പേരില്‍ വെള്ള പൂശിക്കൊണ്ടിരിക്കുന്നതും. പ്രവാചകനിലെ പാപസുരക്ഷിതത്വം അംഗീകരിക്കപ്പെട്ടാല്‍ മററു പലതും നടക്കില്ല. ഇതിനാണ് നബി (സ്വ) യെ തന്നെ പിടിച്ചിരിക്കുന്നത്. വിളക്കില്‍ ചാണകമെറിഞ്ഞാല്‍ പിന്നെ മോഷ്ടിക്കാമല്ലോ?

പിശാചില്‍ നിന്നാണ് തെററുകളുടെ ഉത്ഭവം. തദ്വിഷയത്തിലും അവിടുന്ന് സുരക്ഷിതനാണെന്ന് നബി (സ്വ) തന്നെ പറയുന്നു. ഇബ്നു മസ്ഊദ് (റ) ല്‍ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: നിങ്ങളില്‍ ഓരോരുത്തരോടൊപ്പവും മലക്കും പിശാചുമുണ്ട്. സ്വഹാബത്ത് ചോദിച്ചു: അങ്ങേക്കും അപ്രകാരമാണോ?” അതേ എനിക്കും. പക്ഷേ എനിക്ക് പിശാചിന്റെ മേല്‍ അല്ലാഹു വിജയം തന്നിരിക്കുന്നു. അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു.”

പ്രബോധകന്‍

പരമമായ യാഥാര്‍ത്ഥ്യത്തെയാണ് നബി (സ്വ) പ്രചരിപ്പിച്ചത്. ശിര്‍ക്കിന്റെ തമസ്സും കയ്യൂക്കിന്റെ ആധിപത്യവും നിറഞ്ഞു നില്‍ക്കുന്ന മക്കയിലാണ് പ്രബോധനത്തിന്റെ സമാരംഭം. പരശ്ശതം ദൈവങ്ങള്‍ക്ക് വണങ്ങുന്നവരെ ഒരേ ആരാധ്യന്റെ മുമ്പില്‍ ഒന്നിപ്പിക്കുക ഒരു സാഹസം തന്നെ. പക്ഷേ, അതിനാണ് നബി (സ്വ) നിയോഗിക്കപ്പെട്ടത്.

പ്രപഞ്ചം ചിന്തോദ്ദീപകമാണ.് മനുഷ്യന്‍ ഇനിയും അതിനെ പഠിച്ചു തീര്‍ന്നിട്ടില്ല. മനസ്സിലാക്കും തോറും പ്രാപഞ്ചിക രഹസ്യങ്ങള്‍ കൂടുതലായി വികസിതമാവുകയാണ്. എല്ലാം ഉള്‍കൊണ്ട ഒരു ശക്തിവിശേഷത്തെ അംഗീകരിക്കാന്‍ ഇവിടെവെച്ച് മനുഷ്യന്‍ നിര്‍ബന്ധിതനാകുന്നു. ലോകമാകെയുള്ള മനുഷ്യരില്‍ 99.9%വും ഏതെങ്കിലും രൂപത്തില്‍ ദൈവവിശ്വാസികളായതിലെ നിമിത്തവും ഇതാണ്. സ്രഷ്ടാവിനെ കണ്ടെത്തുന്നതില്‍ സംഭവിച്ച ആഴത്തിലുള്ള അബദ്ധം തിരുത്താന്‍ മനസ്സുണ്ടായാല്‍ മതി. ലോകമാകെ ഏകമാനവികത രൂപപ്പെടാന്‍. സ്രഷ്ടാവ് ഏകനായിരിക്കണം. മറെറാന്നിനെ ആശ്രയിക്കരുത്. ഉല്‍പാദിപ്പിക്കുകയോ ഉല്‍പാദിപ്പിക്കപ്പെടുകയോ ചെയ്യരുത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവുമാകണം. സര്‍വ്വവും അവന്റെ നിയന്ത്രണത്തിന് കീഴിലാകണം. അവന്‍ പരമാധികാരിയും ചേതനയുള്ളവനുമാകണം. പ്രജകളോട് സമീപസ്ഥനായിരിക്കണം. അവരുടെ രഹസ്യ പരസ്യങ്ങളറിയണം. അവന്‍ പ്രപഞ്ചത്തിന്റെ സൂത്രധാരനാകണം. പ്ളാനില്ലാതെ സൃഷ്ടി കര്‍മ്മം നടത്താന്‍ കഴിവുററവനാകണം. സര്‍വ്വോപരി പൂര്‍ണ്ണതയുടെ എല്ലാ ഗുണങ്ങളും ഉള്ളവനാകണം. ഇത്തരം സവിശേഷതകള്‍ ഒരുമിച്ച് കൂടിയ മഹാ വ്യക്തിത്വമാണ് അല്ലാഹുവിന്റേത്.

ദൈവികത ആരോപിക്കപ്പെടുന്ന മററു വസ്തുക്കള്‍ ഇതില്‍ ഒന്നുപോലും നേരാംവണ്ണം സ്വായത്തമാക്കിയവയല്ല. അവ അചേതനങ്ങളാണ്. ആത്മാവില്ലാത്ത ജഡങ്ങള്‍ക്ക് മററു ഗുണങ്ങളുണ്ടാവുക അസാധ്യം. ഇതാണ് മുഹമ്മദ് (സ്വ) സമൂഹത്തോട് പറഞ്ഞ സത്യം. നിങ്ങള്‍ ഏക ഇലാഹിനെ വണങ്ങുക. അവനാണ് പരമമായ സത്യം. അവന്‍ ജീവിതത്തില്‍ വെളിച്ചം വിതറും. ദീപ്തമാക്കും. മിഥ്യകളെ വെടിയുക. അവ ജീവിതത്തില്‍ ഇരുട്ട് പുരട്ടും.

ഏകമാനവികതയും ഏക ദൈവികതയും നബ (സ്വ) ഊന്നിപ്പറഞ്ഞു. ഭൂരിപക്ഷവും തനിക്കെതിരാവുമെന്ന് അറിയാതെയല്ല. ലോകം തന്നെ പുറം തിരിഞ്ഞാലും സത്യം പറയണമെന്ന അവബോധം കൊണ്ടാണ്. അല്ലാഹു മാത്രം ആരാധ്യന്‍. ഞാന്‍ അവന്റെ പ്രാചകനും. ഇത് ജനങ്ങളെകൊണ്ടും അംഗീകരിപ്പിക്കണം. അതിന്ന് വ്യക്തമായ തെളിവുകള്‍ നിരത്തിവെക്കണം. തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രബോധിതരെ അതിലേക്കാകര്‍ഷിക്കണം. ഇത്  രണ്ടുമായാല്‍ പ്രബോധകന്‍ വിജയിച്ചു. തന്റെ മഹത്തരമായ ദൌത്യ പൂര്‍ത്തീകരണത്തിന് ആവശ്യമായ എല്ലാ കൈവഴികളിലും നബി (സ്വ) കടന്നു ചെന്നു.

പ്രബോധിതരുടെ മനസ്സുകള്‍ നബി (സ്വ) അളന്നു. പലരുടെയും ബുദ്ധിയും ചിന്തയും വ്യത്യസ്തമാണ്. തെളിവും രേഖയുമാണ് ചിലര്‍ക്കാവശ്യം. സ്നേഹ പൂര്‍ണ്ണമായ ഒരു നോട്ടം, കരുണാമയമായ ഒരു സമീപനം ഇത് മതിയാകും മററ് ചിലര്‍ക്ക്. ചിലര്‍ക്ക് വേണ്ടത് സാമ്പത്തിക സഹായമാകാം. മററു ചിലരെ പദവികള്‍ നല്‍കി ആദരിക്കേണ്ടിവരും. എല്ലാം നബി (സ്വ) ചെയ്തു. തന്റെ വഴിയിലേക്ക് ജനള്‍ ആകര്‍ഷിക്കപ്പെടാന്‍ ആവശ്യമായ തന്ത്രങ്ങളൊക്കെയും നബി (സ്വ) തങ്ങള്‍ക്ക് വശമായിരുന്നു.

സാമ്പത്തികമായി ഒരു താങ്ങ്. ഇത് ഇസ്ലാമിക പ്രബോധനത്തില്‍ വല്ലാത്ത ഫലമുളവാക്കും. നബി (സ്വ) പറയുമായിരുന്നു; “ഞാന്‍ ഒരാള്‍ക്ക് ധാരാളമായി ധനം നല്‍കുന്നു: പക്ഷേ. അവനേക്കാള്‍ എനിക്കിഷ്ടം മററുള്ളവരായിരിക്കും. അവന്‍ നരകത്തില്‍ മൂക്ക് കുത്തി വീഴാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്”.

നിനച്ചിരിക്കാത്ത രൂപത്തിലാണ് നബി (സ്വ) അവിടുത്തെ നീക്കങ്ങള്‍ നടത്തുക. ഒരാളെയെങ്കിലും പ്രസ്ഥാനത്തിലെത്തിക്കാന്‍ ലഭിക്കുന്ന ഏതവസരവും നബി (സ്വ) ഉപയോഗപ്പെടുത്തി. ശിരസ്സിലേക്ക് ചപ്പുചവറുകള്‍ വാരിയിട്ട് ബുദ്ധിമുട്ടിച്ച ജൂതപ്പെണ്ണ് രോഗിയാണെന്നറിഞ്ഞ് നബി (സ്വ) ആ വീട്ടിലേക്ക് കടന്നുചെന്നു. സമാശ്വാസവാക്കുകള്‍ ചൊരിഞ്ഞു. രോഗം സുഖമാകട്ടെയെന്ന് ആശംസിച്ചു. ഇതോടെ ആ സ്ത്രീയുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ കാററു വീശി. ഒടുവില്‍ ഇസ്ലാമിലേക്ക്.

കൊല്ലാന്‍ വന്ന ജൂതന്റെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു. ഉറങ്ങാന്‍ കൊടുത്ത വിരിപ്പില്‍ ആ മനുഷ്യന്‍ കാഷ്ടിച്ചു. നബി (സ്വ) സ്വന്തം കൈകള്‍ കൊണ്ട് അത് വൃത്തിയാക്കി. ജൂതന്‍ ഇത് കണ്ടു. താമസിയാതെ ഇസ്ലാം പുല്‍കി.

സൈന്യാധിപന്‍

യുദ്ധം ഒന്നിനും പരിഹാരമല്ല. എങ്കിലും അനിവാര്യമായേക്കും. പ്രതിരോധത്തിന് വേണ്ടി ഇസ്ലാമും യുദ്ധം ചെയ്തു. നബി (സ്വ) ഈ യുദ്ധങ്ങള്‍ നയിച്ചു. ചില ഘട്ടങ്ങളില്‍ നേരിട്ടു പോരാടുകയും ചെയ്തു. ഇസ്ലാമിലെ യുദ്ധങ്ങളെ അക്രമമായി കാണുന്നവരുണ്ട്. ഇവര്‍ മതത്തോട് വിരോധമുള്ളവരാണ്. വിമര്‍ശനത്തിന് പഴുത്  തേടുന്നവരും. മുസ്ലിംകളതു ശ്രദ്ധിക്കേണ്ടതില്ല.

നബി (സ്വ) യില്‍ തന്ത്രശാലിയായ ഒരു യോദ്ധാവിനെയും സൈന്യാധിപനേയും ദര്‍ശിക്കാം. തന്ത്ര പ്രധാനങ്ങളായ നീക്കങ്ങള്‍ വഴി യുദ്ധമില്ലാതാക്കാന്‍ പ്രവാചകന് സാധിച്ചു. ബുദ്ധിപരമായ നീക്കങ്ങള്‍ നിമിത്തം യുദ്ധങ്ങള്‍ നിഷ്പ്രയാസം ജയിച്ചടക്കാന്‍ കഴിഞ്ഞു. ഖന്തഖ് യുദ്ധത്തില്‍ നബി (സ്വ) യുടെ തന്ത്രജ്ഞത പ്രകടമായി. സൈനിക ശക്തി കൊണ്ട് അതിജയിക്കാന്‍ സാധിക്കില്ലെന്ന് നബി (സ്വ) മനസ്സിലാക്കിയിരുന്നു. ഒടുവില്‍ പ്രതിരോധത്തിന് കിടങ്ങ് കീറാന്‍  തീരുമാനമായി. കിടങ്ങിനപ്പുറം ശത്രുവിനെ തളക്കാം. തന്ത്രം ഫലപ്പെട്ടു. ശത്രു പരാജിതരായി മടങ്ങി. അന്ന് ഐക്യ മുന്നണിയാണ് നബി (സ്വ) ക്കെതിരെ രംഗത്ത് വന്നത്. പക്ഷേ, അനുപമമായ തന്ത്രത്തിന് മുമ്പില്‍ സൈനിക ശക്തി നിഷ്പ്രഭമായി.

ഉഹ്ദ് ചരിത്രം പ്രസിദ്ധമാണ്. ബദറില്‍ സംഭവിച്ച കയ്പേറിയ പരാജയത്തിന് പകരം വീട്ടാനാണ് ശത്രുക്കള്‍ ഉഹ്ദിലെത്തിയത്. അത് രണ്ടും കല്‍പിച്ചുള്ള പോരാട്ടമായിരുന്നു. വിധി നിര്‍ണ്ണായകം എന്നൊക്കെ നാം പറയാറുള്ള പോരാട്ടം. നബി (സ്വ) സാവധാനത്തില്‍ സൈനിക ക്രമീകരണം നടത്തി. തന്ത്ര പ്രധാനമായ ഒരു മലയിടുക്കില്‍  ഏതാനും യോദ്ധാക്കളെ നിര്‍ത്തി. യുദ്ധം ജയിച്ചാലും തോററാലും നിങ്ങള്‍ ഇവിടെ നിലയുറപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. യുദ്ധം വിജയം കണ്ടു. ശത്രു ഓടി. പലരും വീണു. ആയുധവും മുതലും ധാരാളം. മുസ്ലിം പട്ടാളക്കാര്‍ എല്ലാം വലിച്ച് കൂട്ടാന്‍ തുടങ്ങി. മലയിടുക്കില്‍ നില്‍ക്കുന്നവര്‍ക്ക് സന്തോഷം, യുദ്ധം വിജയിച്ചല്ലോ, ഇനി ഇറങ്ങാം. പലരും പ്രവാചകരുടെ നിര്‍ദ്ദേശം മറന്നു. യുദ്ധ വിജയത്തിന്റെ ആഹ്ളാദത്താല്‍ മലയില്‍ നിന്നിറങ്ങി. ശത്രു ഇത് കണ്ടെത്തി. ഓടി മറഞ്ഞവര്‍ മലയിടുക്കിലൂടെ കടന്നാക്രമണം നടത്തി. പ്രതീക്ഷിക്കാത്ത മുന്നേററത്തില്‍ മുസ്ലിം അണികള്‍ പതറി. പലരും കൊല്ലപ്പെട്ടു. ചിതറി ഓടി. തന്റെ അണികളെ പക്ഷേ, നബി (സ്വ) നിമിഷങ്ങളെകൊണ്ട് വീണ്ടും സജ്ജമാക്കി. യുദ്ധത്തില്‍ രണ്ടാം ഘട്ടത്തില്‍ അന്തിമ പരാജയം ശത്രുക്കള്‍ക്ക് തന്നെയായി.

അഹ്സാബ് യുദ്ധം തന്ത്രം കൊണ്ട് മാത്രം വിജയിച്ച യുദ്ധമായിരുന്നു. ഇസ്ലാമിനെതിരെ വിശാല മുന്നണിയായാണ് ശത്രുക്കള്‍ വന്നത്. മക്കയിലെ ഖുറൈശികളും മദീനയിലെ ജൂതന്മാരും പ്രവാചകനെതിരെ സഖ്യമായി. അതിര്‍ത്തിക്ക് അകത്തും പുറത്തും ശത്രു ഒരു പോലെ സജീവം. നബി (സ്വ) യുമായുണ്ടാക്കിയ യുദ്ധമില്ലാ കരാറുകള്‍ മദീനയിലെ ജൂതന്മാര്‍ കാററില്‍ പറത്തി. ഖുറൈശികളുടെ സഹായത്തോടെ ജയിച്ചുകയറാമെന്ന് അവര്‍ കണക്കു കൂട്ടി. ശത്രുക്കള്‍ക്കിടയില്‍ ചാരനെ നിയോഗിച്ചുകാണ്ടാണ് ഈ മുന്നണിയെ നബി (സ്വ) തകര്‍ത്ത് കളഞ്ഞത്. യുദ്ധം തന്നെ തന്ത്രമാണെന്ന് നബി (സ്വ) ഒരിക്കല്‍ പറയുകയുണ്ടായി. തന്ത്രങ്ങളിലൂടെയുള്ള വിജയം പലപ്പോഴും രക്തച്ചൊരിച്ചിലുകള്‍ ഒഴിവാക്കുകയും ചെയ്തു.

നുഐം ജൂതനായിരുന്നു അദ്ദേഹം നബി (സ്വ) യെ സമീപിച്ചുകൊണ്ട് പറഞ്ഞു: “ഞാന്‍ മുസ്ലിമായിരിക്കുന്നു. എന്റെ ഇസ്ലാം ജനങ്ങള്‍ അറിഞ്ഞിട്ടില്ല. അത് കൊണ്ട് ചെയ്യേണ്ടത് പറയൂ”. നബി (സ്വ) അദ്ദേഹത്തോട് ശത്രുസേനക്കിടയിലേക്ക് പോവാന്‍ പറഞ്ഞു. അവരുടെ സംഘ ശക്തി ക്ഷയിപ്പിക്കാനും. നുഐം ബനൂഖുറൈളയെ സമീപിച്ചു. ഇവര്‍ ജൂതന്മാരായിരുന്നു. നുഐം അവരോട്  പറഞ്ഞു. “അതിര്‍ത്തിക്കപ്പുറത്ത് ഖുറൈശികള്‍ എത്തിയിരിക്കുന്നു. നബി (സ്വ) യുമായി യുദ്ധം ചെയ്യാനാണവര്‍ വരുന്നത്. അവര്‍; മക്കാ നിവാസികള്‍ നിങ്ങളെ പോലെയല്ല. യുദ്ധം ജയിച്ചാലും തോററാലും നഷ്ടമില്ല. നശിക്കുന്നത് നമ്മുടെ രാജ്യമായിരിക്കും. അവര്‍ മക്കയിലേക്ക് തിരിച്ചു പോകും. അതിനാല്‍ അവരുടെ നേതാക്കളില്‍ നിന്ന് ചിലരെ ജാമ്യമായി നല്‍കാതെ യുദ്ധത്തിന് നിങ്ങള്‍ തയ്യാറാകരുത്”. നുഐമിന്റെ അഭിപ്രായം അക്ഷരം പ്രതി സ്വീകരിക്കപ്പെട്ടു.

രണ്ടാമത് നുഐം ഖുറൈശികളെ സമീപിച്ചു. നേതാവ് അബൂ സുഫ്യാനോട് ഇപ്രകാരം പറഞ്ഞു. “ജൂതന്മാര്‍ നിങ്ങളുമായി ചെയ്ത കരാറ് കാരണം ഖേദത്തിലായിരിക്കുന്നു. അവര്‍ മുഹമ്മദിനെ സമീപിച്ച് വിവരം അറിയിച്ചിട്ടുണ്ട്. ഖുറൈശീ പ്രമുഖരുടെ ഏതാനും തലകള്‍ മുഹമ്മദിന് കൊടുക്കാമെന്നാണ് ഏററിരിക്കുന്നത്. പുറമെ യുദ്ധത്തില്‍ ഖുറൈശികള്‍ക്ക് പ്രതികൂലമായി നില്‍ക്കാമെന്നും അവര്‍ മുഹമ്മദിന് വാക്കുകൊടുത്തിരിക്കുന്നു”. ഗ്വഥ്വ്ഫാന്‍ ഗോത്രക്കാരോടും ഇതേ വാക്കുകള്‍ നുഐം ആവര്‍ത്തിച്ചു. ഈ രണ്ട് വിഭാഗവും ബനൂ ഖുറൈളയിലേക്ക് ദൂതന്മാരെ അയച്ചു. മുഹമ്മദുമായുള്ള യുദ്ധം വേഗത്തില്‍ തുടങ്ങണം. ഞങ്ങളുടെ വാഹനങ്ങള്‍ നശിക്കാന്‍ തുടങ്ങിയിരിക്കുന്നു. മദീനയിലെ ജൂതന്മാര്‍ മറുപടി പറഞ്ഞു: “ഇന്ന് ശനിയാഴ്ചയാണ്. ഞങ്ങള്‍ക്ക് യുദ്ധം പററില്ല. ഞങ്ങള്‍ യുദ്ധം ചെയ്യണമെങ്കില്‍ വിശ്വസ്തരായ ഖുറൈശീ നേതാക്കളെ ജാമ്യക്കാരായി നല്‍കണം. ഞങ്ങള്‍ മുഹമ്മദിനെ തുരത്തുന്നത്വരേക്കും അവര്‍ ഞങ്ങളുടെ നിയന്ത്രണത്തില്‍ ആയിരിക്കണം. യുദ്ധം ശക്തിപ്പെടുമ്പോള്‍ നിങ്ങള്‍ പിന്മാറാന്‍ സാധ്യതയുണ്ട്. അതോടെ മുഹമ്മദ് ഞങ്ങളെ പിഴുതെറിയും”. നുഐമിന്റെ തന്ത്രം ഫലിച്ചു. ശത്രുസേന ഇതോടെ ഛിന്ന ഭിന്നമായിത്തീര്‍ന്നു. പാളയത്തില്‍ പടതുടങ്ങി. ഒടുവില്‍ നിന്ദ്യരായി, നികൃഷ്ടരായി അവര്‍ മടങ്ങി. പരാജയത്തിന്റെ കൈപ്പുനീര് രുചിച്ചുകൊണ്ട്. ഇവിടെ വിജയ നിദാനം തന്ത്രമാണ്.  ശത്രുക്കള്‍ക്കിടയില്‍ ഭിന്നിപ്പിക്കല്‍ എന്നും തന്ത്രമായി സ്വീകരിക്കപ്പെട്ടിരുന്നു. പക്ഷേ, അത് സത്യപ്രസ്ഥാനത്തി നെതിരെ പ്രയോഗിക്കപ്പെടുന്നത് ശ്രദ്ധിക്കണം.

ഭരണാധികാരി

ഭരണം ഒരു കലയാണ്. കണ്ണും ഖല്‍ബും ജാഗ്രത്താകുമ്പോഴെ കാണാന്‍ കൊള്ളുന്ന രൂപത്തില്‍ അതാവുകയുള്ളൂ. നിസ്സംഗതയും നിശ്ചലതയും ഭരണ രംഗത്തുണ്ടാകരുത്. ഇത് രാജ്യത്ത് അരാജകത്വം വളര്‍ത്തും. ഇന്ത്യയില്‍ ഉദാഹരണങ്ങള്‍ കാണാം. രാജ്യം കീഴ്മേല്‍ മറിഞ്ഞാലും പ്രതികരിക്കാത്ത അവസ്ഥ ഭരണത്തിലെ നിശ്ചലതയെ കുറിക്കുന്നു.

സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളെ അതിജയിക്കാന്‍ കഴിയണം. സംഭവിക്കും മുമ്പേ അതിന് തടയിടേണ്ടതുണ്ട്. കൂര്‍മ്മ ബുദ്ധിയും ദീര്‍ഘ ദൃഷ്ടിയും ഇതിനാവശ്യമാണ്. ഇതര രാഷ്ട്രങ്ങളുമായോ ഉന്നത വ്യക്തികളുമായോ ചില ഘട്ടങ്ങളില്‍ കരാറില്‍ ഒപ്പ് വെക്കേണ്ടിവരും. തന്റെ ഒപ്പ് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നും പ്രജകള്‍ക്ക് മുഴുവനും വേണ്ടിയാണ് ഈ കരാറെന്നും അയാള്‍ മനസ്സിലാക്കണം. ഇത്തരം കരാറുകളില്‍ സംഭവിക്കുന്ന പാളിച്ചകള്‍ക്ക് രാജ്യം കനത്ത വില നല്‍കേണ്ടി വരും. ഇന്ത്യയിലെ ഗാട്ട് കരാര്‍ ഉദാഹരണം.

ആഭ്യന്തര കലഹങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ഭരണാധികാരികള്‍ക്ക് കഴിയണം. അത് കലാപകാരികളെ കൊന്നുകൊണ്ടാകരുത്. നേരായ വഴി അവരെ തെര്യപ്പെടുത്തണം. മുഖ്യധാരയുമായി കൂട്ടിയിണക്കാന്‍ മനഃശാസ്ത്രപരമായ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടി വരും. തോക്കിന്‍ കുഴലിലൂടെ കലാപമല്ല, കലാപകാരികളാണ് അവസാനിക്കുക.

ഭരണാധികാരികള്‍ക്ക് അവിഹിത സമ്പാദ്യമുണ്ടാകരുത്. അത് മകന്റെയോ മരുമകന്റേയോ പേരിലായാലും അവിഹിതം തന്നെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ അവന്ന് കഴിയണം. അഹന്ത നല്ല ഭരണാധികാരിയുടെ ലക്ഷണമല്ല. താഴ്മയും വിനയവുമാണ് അദ്ദേഹത്തിനുണ്ടാവേണ്ടത്.  കരുണാമയനും പ്രജാവല്‍സനുമായിരിക്കണം. ഈ ഗുണങ്ങളത്രയും പൂര്‍ണ്ണാര്‍ഥത്തില്‍ സമ്മേളിച്ചിരുന്നു മുഹമ്മദ് നബി (സ്വ) യില്‍.

ഇസ്ലാമിക ചരിത്രത്തില്‍ പ്രസിദ്ധമാണ് ഹുദൈബിയ്യഃ കരാര്‍. പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്ക് നഷ്ടമായി തോന്നുന്നവയായിരുന്നു കരാറിലെ വ്യവസ്ഥകള്‍. ഉംറക്ക് വേണ്ടി പുറപ്പെട്ട മുസ്ലിംകള്‍  തിരിച്ചുപോവുക. മക്കയില്‍ നിന്ന് മുസ്ലിംകളായി മദീനയിലെത്തുന്നവരെ തിരിച്ചയക്കുക. മദീനയില്‍ നിന്ന് മക്കയിലെത്തുന്നവരെ തിരികെ നല്‍കാതിരിക്കുക… ഇങ്ങനെ പോകുന്നു വ്യവസ്ഥകള്‍. നബി (സ്വ) ഈ കരാറില്‍ ഒപ്പുവെച്ചു. ഉമര്‍ (റ) അടക്കം പലരും വിയോജിച്ചു. പക്ഷേ, പ്രവാചകനിലെ ദീര്‍ഘ ദൃഷ്ടി അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഈ കരാറാണ് രക്ത രഹിത മുന്നേററത്തിലൂടെ മക്ക കീഴടക്കാന്‍ മുസ്ലിംകള്‍ക്ക് അവസരമൊരുക്കിയത്. നബി (സ്വ) യിലെ തന്ത്രജ്ഞത ഹുദൈബിയ്യഃ കരാറില്‍ പ്രകടമാണ്.

സാമൂഹ്യ പരിഷ്കര്‍ത്താവ്

ജഹാലത്തിനെ അട്ടിമറിച്ച് കൊണ്ടാണ് അറേബ്യയില്‍ നബി (സ്വ) യുടെ രംഗ പ്രവേശം ഉണ്ടായത്. കട്ട പിടിച്ച ഇരുട്ടില്‍ വെട്ടം വിതറാന്‍ പ്രവാചകന്റെ പ്രവര്‍ത്തനം നിമിത്തമായി. സാമൂഹിക രംഗത്ത് നില നിന്ന അസമത്വത്തിന്റെയും അരാജകത്വത്തിന്റെയും വേരുകള്‍ പിഴുതെറിയാനാണ് നബി (സ്വ) ആദ്യമേ ശ്രമിച്ചത്.

പരസ്പരം ശത്രുതയോടെ പ്രവര്‍ത്തിച്ചിരുന്ന ജനങ്ങളെ ഐക്യപ്പെടുത്താന്‍ അവിടുന്ന് കരുക്കള്‍ നീക്കി. മനുഷ്യകുലത്തെ സംബോധന ചെയ്ത ഖുര്‍ആന്‍ വിശ്വമാനവികതയെ കുറിച്ച് ഉല്‍ബോധനം നടത്തി. അവഗണിച്ചവര്‍ക്ക് പോലും ആ ശബ്ദം ശ്രദ്ധിക്കേണ്ടി വന്നു. അവര്‍ നബി (സ്വ) യിലേക്ക് പ്രതീക്ഷയോടെ നോക്കി. പലരും മുഹമ്മദില്‍ വിമോചകനെ കണ്ടെത്തി ഗുണകാംക്ഷികളായി മാറി. പ്രത്യക്ഷത്തില്‍ രംഗത്ത് വരാന്‍ മാത്രം ആര്‍ക്കും ധൈര്യമില്ല. പക്ഷേ, നബി (സ്വ) പ്രതീക്ഷയോടെ പ്രവര്‍ത്തിച്ചു. പ്രലോഭനങ്ങളും പ്രകോപനങ്ങളും അവഗണിച്ചു. പ്രതിസന്ധികളില്‍ പതറിയില്ല.

തൌഹീദ് യഥാവിധി ഉള്‍കൊണ്ട സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ചരിത്രത്തില്‍ പ്രവാചകന്മാര്‍ തീര്‍ത്ത വിപ്ളവങ്ങളില്‍ പ്രധാനം. ആറാം നൂററാണ്ടില്‍ തൌഹീദിനെതിരെയുള്ള ശക്തികള്‍ സര്‍വ്വത്ര സജീവമായിരുന്നു. പലരും സ്വന്തമായി ആരാധനാ മൂര്‍ത്തികളെ പ്രതിഷ്ഠിച്ചു. ഈ സാഹചര്യത്തിലാണ് ദൈവങ്ങളെ വര്‍ജ്ജിക്കുക എന്ന ആഹ്വാനവുമായി നബി (സ്വ) മക്കയിലിറങ്ങുന്നത്. അറേബ്യന്‍ നിവാസികള്‍ക്ക് അത് സ്വീകരിക്കാനായില്ല. പല ദൈവങ്ങളെയുംകൂടി മുഹമ്മദേ നീ ഒന്നാക്കി മാററുകയാണോ? തെല്ലൊരു അവിശ്വാസ്യതയോടെയാണവര്‍ ചോദിച്ചത്. ഇവരെ തൌഹീദിന്റെ വക്താക്കളാക്കാന്‍ നബി (സ്വ) കഠിനാധ്വാനം ചെയ്തു. പലപ്പോഴും വിയോജിപ്പ് അക്രമാസക്തമായപ്പോള്‍ നബി (സ്വ) ആത്മ സംയമനം കൈ കൊണ്ടു. ത്വാഇഫില്‍ വെച്ച് എല്ലാം നശിപ്പിക്കപ്പെടുമായിരുന്നു. സ്വജനതയുടെ കല്ലേറ് കാരണം തളര്‍ന്നവശനായി ഇരുന്ന് പോയ ആ മഹാനുഭാവന്‍ ഒന്ന് തലയാട്ടിയാല്‍ മതിയായിരുന്നു. ത്വാഇഫ് കീഴ്മേല്‍ മറിയാന്‍. പക്ഷേ, നബി (സ്വ) അത് ചെയ്തില്ല. അവരുടെ സന്താനങ്ങളെങ്കിലും തൌഹീദിലേക്ക് വരുമെങ്കില്‍ അതാണ് നല്ലത്. ഉന്മൂലനാശം കൊണ്ട് ആ വിദൂര സാധ്യത പോലും അസ്തമിക്കും. പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. കാലക്രമത്തില്‍ ഇസ്ലാിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി, ഒരു പ്രവാഹം പോലെ. ബിംബങ്ങള്‍ക്ക്  വിലകുറഞ്ഞു. ജീവനില്ലാത്ത, സ്വയം പ്രതിരോധിക്കാനാകാത്ത വസ്തുക്കളെ ആര്‍ക്കു വേണം? അറബികള്‍ ചോദിച്ചു തുടങ്ങി.

സമൂഹത്തില്‍ നില നിന്നിരുന്ന സര്‍വ്വ ചങ്ങലകളെയും നബി (സ്വ) പൊട്ടിച്ചെറിഞ്ഞു. മനഷ്യന്റെ പിരടികളില്‍ ഭാണ്ഡം പോലെ  കനം തൂങ്ങിയിരുന്ന ആഢ്യവര്‍ഗ്ഗത്തിന്റെ മേല്‍ക്കോയ്മയും കയ്യൂക്കുള്ളവന്റെ മേധാവിത്വവും ജനങ്ങളുടെ മനോവീര്യവും സ്വാതന്ത്യ്രവും ഹനിച്ചു കൊണ്ടിരുന്നു. ഈ അനീതിക്ക് തടയിടാന്‍ പ്രവാചകന്‍ (സ്വ) പ്രവര്‍ത്തിച്ചു. മക്കയിലെ നീതി ശാസ്ത്രം പൊളിച്ചെഴുതി. നീതിയും സമത്വവും അടിസ്ഥാന മാനദണ്ഡങ്ങളായി സ്വീകരിച്ചു. ഭൌതികമായ സ്ഥാനമാനങ്ങള്‍ നീതി നടപ്പാക്കുന്നതില്‍ സ്വാധീനിച്ചില്ല. തെററുകള്‍ക്ക് എല്ലാവരും ശിക്ഷ അനുഭവിക്കേണ്ടി വന്നു. എന്റെ മകള്‍ ഫാത്വിമ മോഷ്ടിച്ചാലും കൈ മുറിക്കുമെന്ന് പറയാന്‍ നബി (സ്വ) യെ കൂടാതെ മറേറത് പരിഷ്കര്‍ത്താവിനാണ് ലോകത്ത് കഴിഞ്ഞത്?

സാമ്പത്തിക ചൂഷണങ്ങള്‍ എല്ലാ അര്‍ഥത്തിലും ആറാം നൂററാണ്ടിനെ ഗ്രസിച്ചിരുന്നു. വിവിധതരം ചൂഷണങ്ങള്‍ പാവപ്പെട്ടവന്റെ നട്ടെല്ലൊടിക്കാന്‍ മാത്രം രൂക്ഷവും വിപല്‍ക്കരവുമായി നിലകൊണ്ടു. ഉള്ളവന്‍ വീണ്ടും ഉള്ളവനായി മാറുന്നു. ഇല്ലാത്തവന്‍ വീണ്ടും ഇല്ലാത്തവനായി മാറുന്ന അഴകൊഴമ്പന്‍ വ്യവസ്ഥിതിയാണ് സാമ്പത്തിക രംഗത്തുണ്ടായിരുന്നത്. അതൊരു വ്യവസ്ഥിതിയായിരുന്നില്ല. ആഢ്യവര്‍ഗ്ഗത്തില്‍ രൂപം കൊണ്ട ഒരു തരം ജീര്‍ണ്ണതയായിരുന്നു. പാവപ്പെട്ടവന്‍ ഈ ജീര്‍ണ്ണതക്ക് മുമ്പില്‍ നിസ്സഹായതയോടെ, നിറ കണ്ണുകളോടെ നില്‍ക്കേണ്ടി വന്നു. നബി (സ്വ) വന്ന ശേഷം ഇത്തരം ചൂഷണങ്ങള്‍ നിരോധിക്കപ്പെട്ടു. പലിശയും ചൂതും സാമ്പത്തിക വഞ്ചനകളും നിര്‍ത്തല്‍ ചെയ്തപ്പോള്‍ സാമ്പത്തിക മേഖലയില്‍ നവ ജീവന്റെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. പാവപ്പെട്ടവന്റെ മനസ്സില്‍ കുളിര്‍ മഴ പെയ്തു.

ദരിദ്രരെ സംബന്ധിച്ചിടത്തോളം  നിര്‍ബന്ധിത ദാനം അവര്‍ണനീയമായ അനുഗ്രഹമായിമാറി. വാര്‍ഷിക ബജററില്‍ സംഭവിക്കുന്ന കമ്മി വര്‍ഷാന്തമുള്ള സകാത്ത് മുഖേന നികത്തപ്പെട്ടു. ജനങ്ങളുടെ സ്വപ്നത്തിലെ ക്ഷേമ രാഷ്ട്രമായി അത് മാറി. ഇസ്ലാമും അതിന്റെ പ്രവാചകനും ഈ മാററത്തിന് നേതൃത്വം നല്‍കി. വിശ്വമാനവികതക്ക് അടിത്തറയിട്ടത് നബി (സ്വ) യായിരുന്നു. വിവിധങ്ങളായ മേല്‍കോയ്മകള്‍ അടിസ്ഥാനമാക്കി കലഹിച്ച് കഴിഞ്ഞ ജനതയെ ഏക മാനവിക വീക്ഷണത്തില്‍ ഒരുമിക്കാന്‍ അവിടുന്ന് പരിശീലിപ്പിച്ചു. ഖുര്‍ആനിന്റെ ഉല്‍ബോധനങ്ങള്‍ക്ക് മക്കയുടെ മനസ്സില്‍ അതിവേഗം വേരോടാന്‍ കഴിഞ്ഞു. സാമൂഹിക അസമത്വം ഉഛാടനം ചെയ്യപ്പെട്ടു. “തഖ്വ” മാനദണ്ഡമാക്കി മനുഷ്യന് “പവര്‍” നിശ്ചയിക്കപ്പെട്ടു. അവര്‍ ഫഖീറോ അപ്രശസ്തനോ ആകാം. തഖ്വയില്ലാത്തവര്‍ മൃഗം പോലെ ഗണിക്കപ്പെട്ടു. അവര്‍ പണക്കാരനോ പ്രതാപിയോ ആകാം. ഇസ്ലാം അത് നോക്കിയില്ല. ജീവിതത്തില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ നബി (സ്വ) നടപ്പില്‍ വരുത്തി. നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയായിരുന്നില്ല. അവ അനുസരിക്കാന്‍ മാത്രം പക്വമായ മനസ്സുകളെ സജ്ജമാക്കിയിരുന്നു. ധര്‍മ്മ ബോധമുള്ളവര്‍ക്കേ നിയമങ്ങള്‍ ഫലപ്പെടൂ. ലോകത്ത് ഒരിക്കലും നിയമങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. പ്രാകൃത കാലം തൊട്ട് വ്യവസ്ഥകളുണ്ടായിരുന്നു. പക്ഷേ, അവ അനുസരിക്കാന്‍ ധാര്‍മിക ബോധമുള്ളവരുണ്ടായിരുന്നില്ല. നബി (സ്വ) ഈ സാഹചര്യം ഇല്ലാതാക്കി. നിയമങ്ങളെ അനുസരിക്കാന്‍ അറിയുന്ന, കൂടുതല്‍ വിലക്കുകള്‍ ചോദിച്ചു വാങ്ങുന്ന സമൂഹത്തെ രൂപപ്പെടുത്തി. ഉമര്‍ (റ) നെ നോക്കുക. അദ്ദേഹം പലപ്പോഴും വിലക്കുകള്‍ ആവശ്യപ്പെട്ടു. മദ്യ നിരോധനത്തിനും പര്‍ദ്ദയുടെ വിധിയിലും ഇത് കാണാം.

ദുര്‍വൃത്തികളുടെ നിഷ്കാസനത്തില്‍ ആവാച്യമായ പരിവര്‍ത്തനമാണ് പ്രവാചകന്‍ കാഴ്ചവെച്ചത്. ചരിത്രം രേഖപ്പെടുത്തിയ വിപ്ളവമായിരുന്നു അത്. മദ്യം അറബികളുടെ സ്വഭാവമായിരുന്നു. ജീവിതത്തിന്റെ ഭാഗമായിരുന്നു. മദ്യമില്ലാത്ത രാത്രി അചിന്ത്യം. സമൂഹത്തില്‍ വേരൂന്നിയ മിക്ക അനാചാരങ്ങള്‍ക്കും ഉറവിടമായി മദ്യം വര്‍ത്തിച്ചു. കാലുറക്കാത്ത യുവത ലോകത്താകെ മരവിപ്പ് സൃഷ്ടിച്ചു. നിര്‍മ്മാണവും വികസനവും മുടങ്ങി. ലോകം മുരടിച്ചു നിന്നു. വിശക്കുമ്പോള്‍ കൊള്ളയടിക്കുക. വഞ്ചനയിലൂടെ സമ്പാദിക്കുക, വളഞ്ഞ മാര്‍ഗ്ഗങ്ങളൊക്കെയും സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. മദ്യത്തിന്റെ അതി പ്രസരത്തില്‍ നിര്‍മാണാത്മകമായ മനസ്സോ ശരീരമോ ഉണ്ടാകില്ല. നബി (സ്വ) ഇത് മനസ്സിലാക്കി. മദ്യത്തിനെതിരെ ആസൂത്രിതമായി കരുക്കള്‍ നീക്കി. ഈ അശുദ്ധ പാനീയത്തിനെതിരെ മനുഷ്യ മനസ്സുകളില്‍ ശത്രുത സൃഷ്ടിച്ചു. ക്രമേണ മദ്യത്തെ അവര്‍ വെറുക്കാന്‍ തുടങ്ങി. മൂന്ന് ഘട്ടങ്ങളിലായി ഖുര്‍ആന്റെ നിരോധനം വന്നപ്പോഴേക്കും മദ്യം വെടിയാന്‍ ആ മനസ്സുകള്‍ പാകമായിക്കഴിഞ്ഞിരുന്നു. മോന്തി മോന്തി കുടിച്ചവര്‍ ഇന്ന് മദ്യത്തിന്റെ ശത്രുക്കളാണ്. വസ്ത്രത്തില്‍ ഒരു തുള്ളി വീണ് പോയാല്‍ കഴുകാതെ നിസ്കരിക്കാന്‍ പാടില്ല. മദ്യം വര്‍ജ്യം മാത്രമല്ല. മലിനം കൂടിയാണ്.

വേശ്യാവൃത്തിയും കൊലയും കൊള്ളയുമെല്ലാം ആറാം നൂററാണ്ടിലെ ജീവിത വൃത്തികളായി അംഗീകരിക്കപ്പെട്ടിരുന്നു. അതൊന്നുമില്ലാതെ എന്ത് ജീവിതം. ഇതായിരുന്നു ആ മനുഷ്യരുടെ മനോ നില. ഇസ്ലാം ഇത് മാററിയെടുത്തു. അടിസ്ഥാനപരമായ ധര്‍മ്മ വിപ്ളവത്തിലൂടെയാണ് അത് സാധിച്ചത്. ഇസ്ലാമിന് മാത്രം കഴിഞ്ഞ വിപ്ളവമായിരുന്നു അത്. അനീതിയില്ലാത്ത ഭരണവും ധര്‍മ്മനിഷ്ഠ ജീവിതവുമായാല്‍ സ്വസ്ഥതക്ക് മറ്റെന്താണ് വേണ്ടത്?

വിദ്യാഭ്യാസ രംഗത്തും നബി (സ്വ) ശ്രദ്ധ പതിപ്പിച്ചു. അക്ഷരങ്ങളുടെ വെളിച്ചവുമായി പ്രവാചകന്‍ (സ്വ) ജനമധ്യത്തിലേക്കിറങ്ങി. വായിക്കുക… എന്ന ആഹ്വാനവുമായിട്ടാണ് ഖുര്‍ആന്റെ പ്രഥമ വാക്യം  അവതരിക്കപ്പെടുന്നത്. എഴുതാനുള്ള പേനയും ഖുര്‍ആന്‍ തൊട്ടടുത്ത് പരിചയപ്പെടുത്തി. ആറാം നൂററാണ്ടില്‍ തന്നെ അക്ഷരങ്ങളാല്‍ വിപ്ളവം തീര്‍ക്കുന്ന വിദ്യ നബി (സ്വ) പ്രയോഗിക്കുകയായിരുന്നു. മലകളില്‍ ആടും ഒട്ടകവും മേച്ച് നടന്നിരുന്ന അറബികള്‍ ഇതോടെ ലോകത്തിന്റെ നെറുകയിലെത്തി. തിന്നാന്‍ മാത്രമറിയാവുന്ന അറബികളെ കൊണ്ട് മറ്റു ചിലതൊക്കെ സാധിക്കുമെന്ന് ഹിര്‍ഖലിനും ഖൈസറിനും ബോധ്യപ്പെട്ടു. അവരായിരുന്നല്ലൊ ആറാം നൂററാണ്ടിലെ വന്‍ ശക്തികള്‍.

വിദ്യ നുകരാന്‍ ആവശ്യമെങ്കില്‍ ചൈന വരെ പോകണമെന്ന് നബി (സ്വ) ഉല്‍ബോധിപ്പിച്ചു. അറിവ് അവിടെയാണെങ്കില്‍ അങ്ങോട്ട് പോകണമെന്ന് നബി (സ്വ) പറഞ്ഞു. ആഹ്വാനം അക്ഷരം പ്രതി മാനിക്കപ്പെട്ടു. മുസ്ലിം പ്രതിഭകള്‍ ലോകത്താകെ അറിവിന് വേണ്ടി കറങ്ങി നടന്നു.  ഗ്രന്ഥങ്ങള്‍ രചിച്ചു. അത് പിന്നീട് ഇസ്ലാമിന്ന് മുതല്‍ക്കൂട്ടായി. ഗ്രന്ഥചിതലരിക്കാത്തതായി ഇന്ന് നിലവിലുള്ള മതം ഇസ്ലാമാകാന്‍ കാരണം ഇതായിരുന്നു.

സാമൂഹ്യജീവിയെന്ന നിലയില്‍ മനുഷ്യനെ ജീവിക്കാന്‍ പഠിപ്പിക്കുകയാണ് നബി (സ്വ) ചെയ്തത്. ജീവിതത്തിന്റെ ഓരോ മേഖലയിലും അനിവാര്യമായും പാലിക്കപ്പെടേണ്ട നിയമങ്ങള്‍ അപ്പപ്പോള്‍ നല്‍കികൊണ്ടിരുന്നു. നിയമങ്ങള്‍ പറയുകയല്ല അത് പ്രയോഗിക്കുകയായിരുന്നു. നബി (സ്വ) നല്‍കിയ എല്ലാ തരം വിജ്ഞാനവും മനുഷ്യ ജീവിതത്തില്‍ ഫലപ്പെട്ടു.

ആധുനിക യുഗത്തില്‍ മനുഷ്യന്‍ സ്വീകരിച്ച വിദ്യാഭ്യാസ രീതി കേവലം പ്രഹസനമാണ്. ഏതോ ഉന്നത പ്രതിഭകള്‍ക്ക് മാത്രം ജീവിതത്തില്‍ ഉപയോഗപ്പെടുന്ന കുറെ സാങ്കേതികത്വങ്ങള്‍ വിജ്ഞാനമെന്ന പേരില്‍ നല്‍കപ്പെടുന്നു. കച്ചവടത്തിനും കൃഷിക്കും പുറപ്പെടുന്നവരുടെ മുമ്പില്‍ ആറ്റം വിഭജിക്കാമോ എന്ന ചര്‍ച്ചക്ക് എന്തു പ്രസക്തി. പ്രായോഗിക വിദ്യാഭ്യാസമാണ് നല്‍കപ്പെടേണ്ടത്. നബി (സ്വ) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇത് തെര്യപ്പെടുത്തിയിരുന്നു. പക്ഷേ നൂററാണ്ടുകള്‍ക്ക് ശേഷവും ഇത് അവഗണിക്കപ്പെട്ടു. ഫലമോ തൊഴിലില്ലായ്മ പെരുകുന്നു. നമുക്കിന്നുള്ളത് ബിരുദധാരികള്‍ മാത്രമാണ്.

മനുഷ്യര്‍ക്കിടയില്‍ എല്ലാ നിലക്കുമുള്ള കൂട്ടായ്മ തന്നെ നബി (സ്വ) സൃഷ്ടിച്ചു പരസ്പരം സ്നേഹിച്ചും സഹകരിച്ചും കഴിയുന്ന ഒരു സമൂഹം ഒറ്റ മനസ്സ് പോലെ ജീവിച്ചു. സമാധാനത്തിന് ഇതില്‍ പരം മറെറാന്നും വേണ്ടതില്ല.


RELATED ARTICLE

 • തിരുനബി സാമീപ്യം
 • തിരുമേനിയുടെ അനുയായികള്‍
 • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
 • നബി(സ്വ) യുടെ ആഹാര ക്രമം
 • നബി(സ്വ):രൂപഭാവങ്ങള്‍
 • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
 • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
 • കുടുംബം, മാതാവ്, പിതാവ്
 • ദേശം, ജനത, ഭാഷ
 • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
 • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
 • തിരുനബിയുടെ ബഹുഭാര്യത്വം
 • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
 • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
 • മുഹമ്മദ് നബി സാധിച്ച വിപ്ളവം
 • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
 • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
 • തിരുഭവനം ചരിത്രനിയോഗം
 • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
 • റൌള: കാലഘട്ടങ്ങളിലൂടെ
 • പ്രവാചക ദൌത്യം
 • നബി (സ്വ) യുടെ വ്യക്തിത്വം
 • ഹിജ്റ
 • നബിയിലെ സാരഥ്യം
 • മദീനത്തുര്‍റസൂല്‍
 • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
 • കുടുംബ ജീവിതം
 • പ്രവാചകന്റെ കുട്ടിക്കാലം
 • തിരുനബി സാമീപ്യം
 • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം