Click to Download Ihyaussunna Application Form
 

 

നബിയിലെ സാരഥ്യം

തിരുനബി (സ്വ) യുടെ നിയോഗത്തില്‍ സാരഥ്യത്തിന്റെ ഉള്ളടക്കം ഉണ്ടായിരുന്നോ? എങ്കില്‍ എന്തായിരുന്നു? ഉടനീളം ഊഷ്മളമായ ആ ജീവിതമൊന്നു വായിച്ചാല്‍ ഇങ്ങനെയൊരു ചോദ്യത്തിനു തന്നെ പ്രസക്തി കാണില്ല. നേതാവ്, ഭരണാധികാരി എന്നൊക്കെ പറയുമ്പോള്‍ മനസ്സിലങ്കുരിക്കുന്നത് അധികാര സ്ഥാനങ്ങളില്‍ അടയിരിക്കുന്ന രാജാക്കന്മാരായിരിക്കും. സാധാരണ അര്‍ഥത്തില്‍ വിവക്ഷിക്കാറുള്ള ഒരു നേതാവോ ഭരണാധികാരിയോ ആയിരുന്നില്ല തിരുനബി (സ്വ). മറിച്ച് സര്‍വ്വതന്ത്ര സ്വതന്ത്രപരതയല്ല ഇസ്ലാമിലെ ആധിപത്യമെന്ന് പഠിപ്പിക്കുകയും അല്ലാഹുവിന്റെ അടിമയും ഉത്തരാധികാരിയുമാണ് ഭരണാധികാരിയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു പ്രവാചകര്‍.

ഒരു പ്രസ്ഥാനത്തിന്റെ വിജയം നിലകൊള്ളുന്നത് അതിന്റെ സാരഥിയില്‍ സമ്മേളിക്കുന്ന വ്യക്തിപ്രഭാവത്തെ ആസ്പദിച്ചായിരിക്കും. ഈ തലത്തില്‍ നബി (സ്വ) യുടെ ജീവിതം ഉന്നത ചിന്തകളും ചെയ്തികളും മാത്രം നിറഞ്ഞതായിരുന്നുവെന്നു കാണാം. തിരുനബി   (സ്വ) യുടെ അനിതരസാധാരണ വ്യക്തിത്വത്തെ, പ്രവാചകത്വത്തിനു മുമ്പുള്ളതുപോലും സമകാലിക സമൂഹം സമ്മതിച്ചിരുന്നു. പ്രസ്ഥാനത്തോട് കഠിനാല്‍കഠിന ശാത്രവം പുലര്‍ത്തുമ്പോള്‍പോലും തിരുദൂതരുടെ വ്യക്തിത്വത്തിനു നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ ശത്രുക്കള്‍ക്കായില്ല. കുലീനകുടുംബത്തിലാണ് നബി (സ്വ) പിറന്നത്. കുലമഹിമയില്‍ ഊറ്റം കൊള്ളുന്നവര്‍ക്കിടയില്‍ ഇത്തരമൊരു കുലമഹിമ നേതൃപദവിക്ക് അനിവാര്യവുമായിരുന്നു. നേതൃഗുണവും മഹിതമായ മാന്യതയും ഇസ്മാഈലി താവഴിയുടെ കൂടപ്പിറപ്പായിരുന്നു. പ്രത്യേകിച്ച് ഖുറൈശികള്‍. അവര്‍ അറബികളുടെ നേതൃപദവി അലങ്കരിക്കുകയായിരുന്നു. ഈ നിലക്കും നബി (സ്വ) യെ നിരാകരിക്കാന്‍ ആര്‍ക്കുമാകില്ലായിരുന്നു.

വിഭാവിത ആശയങ്ങള്‍ക്ക് വേണ്ടിയുള്ള സമര്‍പ്പണ സന്നദ്ധത നബിയില്‍ സദാ പ്രകടമായിരുന്നു. അനിവാര്യമായ ഘട്ടങ്ങളില്‍ സമരസജ്ജരായി സഖാക്കള്‍ പടക്കളത്തിലേക്ക് പുറപ്പെടുമ്പോള്‍ നബി (സ്വ) നേരിട്ട് നേതൃത്വം നല്‍കുമായിരുന്നു. അനുയായിവൃന്ദത്തിന് ആവേശം നല്‍കിയും മാതൃക കാണിച്ചും അധ്വാനിക്കുവാനും അങ്കം വെട്ടുവാനും അല്ലാഹുവിന്റെ റസൂല്‍ അശേഷം അറച്ചു നിന്നില്ല. ഖന്തഖിന്റെ നെടുനീളന്‍ കിടങ്ങില്‍ പൊരിയുന്ന വയറുമായി സ്വഹാബികള്‍ക്കൊപ്പം മണ്ണുവെട്ടിയും ചുമന്നുകൊണ്ടും അവിടുന്ന് കഠിനമായി അധ്വാനിച്ചു. കായിക ക്ളേശമനുഭവിക്കുന്ന കര്‍മ്മങ്ങളില്‍ നബി (സ്വ) നിര്‍ലോഭം പങ്കുകൊണ്ടു. പെരുമ്പറയോടെ യുദ്ധമുന്നണി സന്ദര്‍ശിച്ച് സുരക്ഷിത തട്ടകങ്ങളിലേക്ക് ഉള്‍വലിയുന്ന ചക്രവര്‍ത്തിയായിരുന്നില്ല മുഹമ്മദ് നബി (സ്വ). തീഷ്ണമായ തിട്ടൂരങ്ങളെ തൃണവത്ഗണിച്ചുകൊണ്ടാണല്ലോ അവിടുന്ന് പ്രബോധന ദൌത്യം തുടങ്ങിയതു തന്നെ. ശിഅ്ബു അബീത്വാലിബിലെ തടങ്കലില്‍ പച്ചില ഭക്ഷിച്ചു ജീവന്‍ നിലനിര്‍ത്തിയ നേതാവാണവിടുന്ന്.

നബി (സ്വ) യിലെ നേതാവിന്റെ ആജ്ഞാശക്തിയുടെ ആര്‍ജ്ജവം അളക്കാന്‍ മക്കാവിജയം ഏറ്റം അനുയോജ്യമാണ്. ക്രൂരവും കിരാതവുമായ അതിക്രമങ്ങളനുവര്‍ത്തിച്ച മക്കാമുഖ്യന്മാര്‍ക്കു മുമ്പില്‍ മര്‍ദ്ദിത സമൂഹം വിധികര്‍ത്താക്കളും വിജുഗീഷുക്കളുമായി നിന്ന സന്ദര്‍ഭം. മുസ്ലിംകളുടെ മനസ്സില്‍ കഴിഞ്ഞകാലത്തെ അഭിശപ്തമായ ഓര്‍മ്മകള്‍. ചുട്ടുപൊള്ളുന്ന മണല്‍പ്പരപ്പില്‍ ബിലാലിനെ കിടത്തി നെഞ്ചില്‍ പാറ കയറ്റിവച്ചവര്‍…. കത്തുന്ന കല്‍ക്കരിക്കനലില്‍ ഖബ്ബാബിനെ കിടത്തി നെഞ്ചില്‍ കയറി നൃത്തമാടിയവര്‍…. ചുട്ടു പഴുത്ത പടയങ്കി ധരിപ്പിച്ച് യാസിറിനെ പീഡിപ്പിച്ചവര്‍…. ഇതിനെല്ലാം ഏതുവിധം ശിക്ഷകളാണ് വിധിക്കപ്പെടുന്നതെന്നോര്‍ത്ത് ഭാവഹാവങ്ങളോടെ നിലയുറപ്പിച്ചിരിക്കുന്നു. സ്തോഭജനകമായ നിമിഷങ്ങള്‍. കണ്ണില്‍ കത്തുന്ന പ്രതികാരവാഞ്ഛയും കൈയില്‍ മിന്നുന്ന വാളുമായി നില്‍ക്കുകയാണ് സ്വഹാബികള്‍.

പക്ഷേ, തിരുനബി (സ്വ) യുടെ ആജ്ഞ വന്നു. ‘നിങ്ങള്‍ക്ക് മാപ്പു നല്‍കിയിരിക്കുന്നു.’ ഒരു വാദവിവാദത്തിനു പോലും വഴിവെക്കാതെ തിരുദൂതരുടെ ആജ്ഞക്കു മുന്നില്‍ സ്വഹാബികള്‍ ചടുലവികാരങ്ങള്‍ കീഴ്പ്പെടുത്തുന്നതാണ് ലോകം കണ്ടത്.

തിരുനബി (സ്വ) യുടെ അനുപമമായ നയതന്ത്രജ്ഞതയുടെ അന്യൂന നിദര്‍ശനമാണ് ഹുദൈബിയ്യ കരാര്‍. ഉംറക്കായി മക്കയിലേക്കു തിരിച്ച പ്രവാചകരേയും അനുയായികളേയും അതിനനുവദിക്കാന്‍ ഖുറൈശികളുടെ ആഢ്യതാബോധം അനുവദിച്ചില്ല. ഒടുവില്‍, ഉടമ്പടിയാവാമെന്നായി. സത്യദൂതരോട് ഖുറൈശികളുടെ പ്രതിനിധി സുഹൈല്‍ കഠിനവും കര്‍ക്കശവുമായ നയനിലപാടുകളാണ് സ്വീകരിച്ചത്. നബി (സ്വ) യുടെ പ്രതികരണമാകട്ടെ വളരെ സൌമ്യമായിരുന്നു. സുഹൈലിന്റെ സംസാരം സ്വഹാബികളില്‍ പലരേയും പ്രകോപിതരാക്കി. സുഹൈലിന്റെ ശാഠ്യത്തിനു വഴങ്ങി ‘അല്ലാഹുവിന്റെ ദൂതര്‍’ എന്ന വാചകം തന്നെ വെട്ടിക്കളഞ്ഞു. പ്രത്യക്ഷത്തില്‍ കരാര്‍ ഖുറൈശികള്‍ക്ക് അനുകൂലവും ഏകപക്ഷീയവുമായിരുന്നു. പക്ഷേ, കരാര്‍ എല്ലാ വിധത്തിലും മുസ്ലിംകള്‍ക്ക് അനുകൂലമായി ഭവിച്ചു.

അടുത്ത വര്‍ഷത്തെ മക്കാ സന്ദര്‍ശനം ഇസ്ലാമിന് ഔപചാരികതയും പ്രചാരവും വാഗ്ദാനം ചെയ്തു. ഏകപക്ഷീയമായ ഈ കരാര്‍ ഖുറൈശികള്‍ക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹുദൈബിയ്യ സന്ധി പ്രദാനം ചെയ്ത സമാധാനാന്തരീക്ഷത്തില്‍ ഇസ്ലാമിക സന്ദേശം വിദേശങ്ങളിലെത്തിക്കാന്‍ സഹായകമായി. ഒരര്‍ഥത്തില്‍ മക്കാവിജയം തന്നെ ഈ കരാറിലൂടെ നേടിയെന്നതാണ് വസ്തുത. മദീനയിലെ ഗോത്രപ്രമുഖരുമായി അഖബയില്‍ വച്ച് അവിടുന്ന് ഉടമ്പടിയിലേര്‍പ്പെട്ടതും പ്രവാചകന്റെ നയതന്ത്രപരമായ ചുവടുവെപ്പായിരുന്നു. ആജന്മശത്രുതയുടെ കുടിപ്പകയുമായി കഴിഞ്ഞിരുന്ന ഔസ്??ഖസ്റജ് ഗോത്രങ്ങളെ അനുനയത്തിലൂടെ കൂട്ടിയിണക്കിയത് മദീനയിലെ ആദ്യത്തെ രാഷ്ട്രീയ വിജയമായിരുന്നു. ആഭ്യന്തര സുരക്ഷയുടെ അനിവാര്യത മനസ്സിലാക്കിയ പ്രവാചകന്‍ യസ്രിബിലെ യഹൂദരുമായി കരാറിലേര്‍പ്പെട്ടു. ഈ ഉടമ്പടിയിലൂടെ ഖുറൈശികളില്‍ നിന്നുള്ള ആക്രമണ സാധ്യത തന്നെ ഇല്ലാതാക്കി. വിദേശരാഷ്ട്ര നായകരായിരുന്ന ഹിറാക്ളിയസ് (ഹിര്‍ഖല്‍), കോസ്റോസ് (കിസ്റ), മുഖൌഖിസ്, നേഗസ് (നജ്ജാശി) തുടങ്ങിയവരുമായി നയതന്ത്ര ശ്രമങ്ങള്‍ നബി (സ്വ) നടത്തിയിരുന്നു.

അടിയന്തര പ്രശ്നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കണ്ടു. മദീനാ രാഷ്ട്രത്തിന്റെ പിറവിയോടെയുണ്ടായ പ്രതിസന്ധികള്‍ അവിടുന്ന് നിഷ്പ്രയാസം പരിഹരിച്ചു. ഉള്ളതെല്ലാം ഉപേക്ഷിച്ചുപോന്ന സ്വഹാബികളെ ഓരോ അന്‍സ്വാരിയും ഓരോ അഭയാര്‍ഥിയെ ഏറ്റെടുക്കുക എന്ന തീരുമാനത്തിലൂടെ വഴി കണ്ടെത്തി. ഔപചാരികതയുടെ ഇടുക്കത്തില്‍ കുടുങ്ങാതെ വ്യക്തിബന്ധത്തിന്റെ ഊഷ്മളതയില്‍ ഊട്ടിയുറപ്പിക്കപ്പെട്ടതായിരുന്നു ആ ബന്ധങ്ങള്‍. സങ്കീര്‍ണ്ണ പ്രശ്നങ്ങളും സാമൂഹ്യ പരിദേവനങ്ങളുമെല്ലാം പ്രവാചകര്‍ പെട്ടെന്നു തന്നെ പരിഹരിച്ചു.

എത്ര സ്തോഭജനകമായ വൈകാരിക വിക്ഷുബ്ധതയും പ്രകോപനവുമുണ്ടായാലും തിരുനബി (സ്വ) കരാര്‍ കാറ്റില്‍ പറത്താതെ കാത്തു സൂക്ഷിക്കുമായിരുന്നു. ഹുദൈബിയ്യ ഉടമ്പടിയുടെ ചൂടാറുംമുമ്പുണ്ടായ സംഭവം ഇതിനു മതിയായ തെളിവാണ്. കരാറെഴുതിയ ഖുറൈശി കാരണവര്‍ സുഹൈലിന്റെ പുത്രന്‍ അബൂജന്‍ദല്‍ മക്കക്കാരുടെ കണ്ണുവെട്ടിച്ച് അഭയാഭ്യര്‍ഥനയുമായി പ്രവാചകരുടെ അരികിലെത്തുന്നു. ഇസ്ലാമികാശ്ളേഷണത്തിന്റെ പേരില്‍ ശത്രുക്കള്‍ അദ്ദേഹത്തെ ചങ്ങലകളില്‍ ബന്ധിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. ചങ്ങലകള്‍ വലിച്ചിഴച്ച് മരുഭൂമിയിലൂടെ വിവശനായി വന്ന സഹോദരനെ സ്വീകരിക്കാന്‍ അവിടുത്തെ മനസ്സ് വെമ്പി. പക്ഷേ, രക്ഷിതാക്കളുടെ അനുമതിയില്ലാതെ മദീനയില്‍ ആരെങ്കിലും അഭയം തേടിയാല്‍ തിരിച്ചയക്കണമെന്നാണ് കരാര്‍. സത്യവിശ്വാസത്തിന്റെ പേരില്‍ തനിക്കേല്‍ക്കേണ്ടിവന്ന പരുക്കുകളും പ്രഹരങ്ങളും പ്രദര്‍ശിപ്പിച്ച് പ്രവാചകനോട് അഭയത്തിന് കെഞ്ചിയെങ്കിലും നബി (സ്വ) ക്ക് നിരസിക്കേണ്ടി വന്നു. അവസാനം അബൂജന്‍ദലിനെ പിതാവ് വലിച്ചിഴച്ച് തിരിച്ചുകൊണ്ടുപോകുമ്പോള്‍ ആ അനുചരന്‍ അത്യുച്ചത്തില്‍ വിലപിച്ചുകൊണ്ട് ചോദിച്ചു. ‘ഇനിയും മര്‍ദ്ദനമേല്‍ക്കാന്‍ ഖുറൈശികളിലേക്ക് എന്നെ വിട്ടുകൊടുക്കുകയാണോ?’ ഇത്രയൊക്കെയായിട്ടും കരാര്‍ പാലനത്തില്‍ അവിടുന്ന് നിഷ്കര്‍ഷത പുലര്‍ത്തി.

മനുഷ്യനീതിയുടെ ഉരകല്ലാണ് ഭരണവും നേതൃത്വവും. അതു രണ്ടും ചിലര്‍ക്കെങ്കിലും ഒരു ദൌര്‍ബല്യവുമാണ്. എന്നാല്‍ മുഹമ്മദ് നബി (സ്വ) യില്‍ നാം കാണുന്നത് ഒരു സമ്പൂര്‍ണ്ണ നീതിമാനെയാണ്. കുലീനയും സമ്പന്നയുമായ ഒരു സ്ത്രീ കളവു നടത്തിയപ്പോള്‍ അവളെ ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ അവളുടെ ബന്ധുക്കള്‍ നബി (സ്വ) ക്കു പ്രിയപ്പെട്ട ശിഷ്യന്‍ ഉസാമത് ബിന്‍ സൈദിനെ ശിപാര്‍ശകനായി തിരുസന്നിധിയിലേക്ക് പറഞ്ഞയച്ചു. സംഭവം കേട്ടപാടേ അവിടുന്ന് അദ്ദേഹത്തെ താക്കീതു ചെയ്തുകൊണ്ട് പറഞ്ഞു. ‘അല്ലാഹുവിന്റെ നിയമത്തിലാണോ എന്നോട് ശിപാര്‍ശ നടത്തുന്നത്? ഇസ്രാഈലികള്‍ ചെയ്തതിതാണ്. പണക്കാരെ പാപമുക്തരാക്കും. പാവങ്ങളെ ശിക്ഷിക്കും. അല്ലാഹുവാണേ എന്റെ മകള്‍ ഫാത്വിമ തന്നെയാണ് മോഷ്ടിച്ചതെങ്കിലും അവളുടെ കരങ്ങള്‍ ഞാന്‍ ഛേദിക്കുക തന്നെ ചെയ്യും.’ നീതിനിര്‍വ്വഹണത്തില്‍ അവിടുന്ന് സ്ഥാനമാനങ്ങളോ മറ്റോ പരിഗണിച്ചിരുന്നേ യില്ല. ആഇശ(റ)നെതിരെ അപവാദ പ്രചരണത്തില്‍ അകപ്പെട്ടുപോയവര്‍ മൂവരും ഇസ് ലാമില്‍ ഔന്നത്യമുള്ളവരായിരുന്നു. ഹംന പ്രവാചകപത്നി സൈനബ (റ) ന്റെ സ ഹോദരി. മിസ്ത്വഹാകട്ടെ ബദറില്‍ പങ്കെടുത്ത പോരാളി. ഹസ്സാനുബ്നു സാബിത് പ്രസിദ്ധനായ കവിയും. ഇത്തരം സ്ഥാനമാനങ്ങളൊന്നും നീതി നടപ്പിലാക്കുന്നതിന് തടസ്സമായില്ല.

അബൂഹളര്‍ അസ്ലമി എന്ന സ്വഹാബി ഒരു ജൂതനില്‍ നിന്ന് നാലു ദിര്‍ഹം കടം വാങ്ങി. ജൂതരുമായി ഒരു സമരത്തിന് മുസ്ലിംകള്‍ തയ്യാറെടുക്കുന്ന നേരമായിരുന്നു അത്. ജൂതന്‍ കടം വീട്ടാന്‍ ആവശ്യപ്പെട്ടു. പക്ഷേ, സ്വഹാബിയുടെ അടുത്ത് ഒന്നുമുണ്ടായിരുന്നില്ല. ജൂതന്‍ അസ്ലമിയെ നബി സന്നിധിയിലെത്തിച്ചു. നബി കടം വീട്ടാന്‍ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ ഗനീമത്ത് കിട്ടുമെന്നും അപ്പോള്‍ കൊടുത്തുകൊള്ളാമെന്നും സ്വഹാബി പറഞ്ഞെങ്കിലും അയാള്‍ സമ്മതിച്ചില്ല. അവസാനം ധരിച്ച വസ്ത്രം വിറ്റ് സ്വഹാബി കടം വീട്ടി. തലപ്പാവഴിച്ച് അരയില്‍ ചുറ്റിയാണ് സ്വഹാബി നാണം മറച്ചത്. ജൂതന്മാരോട് സമരസന്നാഹത്തിനൊരുങ്ങുന്ന സമയത്തുപോലും ശിഷ്യനോട് കടം വീട്ടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അവിടുന്ന്. അനുയായികളോടുണ്ടാവേണ്ട അനുകമ്പയോ ജൂതനോടുണ്ടാവേണ്ട വെറുപ്പോ നീതിനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ തടസ്സമായില്ല. സ്വാര്‍ഥതയുടെയോ സ്വജനപക്ഷപാതത്തിന്റെയോ നേര്‍ത്ത അനുരണനങ്ങള്‍ പോലും ആ ജീവിതത്തില്‍ ആര്‍ക്കും ആരോപിക്കാനാകില്ല.

വിശ്വാസദാര്‍ഢ്യം

ഖുറൈശി പ്രമുഖനായ ഉത്ബ വന്നുകൊണ്ട് പറഞ്ഞു: ‘സഹോദരപുത്രാ, ഞങ്ങള്‍ക്കിടയില്‍ കുലീന കുടുംബാംഗമാണ് നീ. ഈ പ്രസ്ഥാനം കൊണ്ട് സമ്പത്ത് നേടുകയാണ് നിന്റെ ലക്ഷ്യമെങ്കില്‍ സമ്പത്ത് നല്‍കാം. നേതൃത്വമാണ് നിനക്കു വേണ്ടതെങ്കില്‍ ഞങ്ങള്‍ നേതാവാക്കാം. ഭരണാധികാരിയാകണമെങ്കില്‍ രാജാവായി വാഴിക്കാം.’ ഹാംമീം സജദയിലെ സൂക്തങ്ങള്‍ പാരായണം ചെയ്തുകൊണ്ടായിരുന്നു നബി (സ്വ) ഇതിനു മറുപടി പറഞ്ഞത്. മേല്‍സംഗതി പിതൃവ്യന്‍ അബൂത്വാലിബിനെ കൊണ്ട് ശത്രുക്കള്‍ പറയിപ്പിച്ചുനോക്കി. ഇതിനു നബി (സ്വ) ഇങ്ങനെ പ്രതിവചിച്ചു. ‘പിതൃവ്യാ, എന്റെ വലതു കൈയില്‍ സൂര്യനേയും ഇടതു കൈയില്‍ ചന്ദ്രനേയും വച്ചുതന്നാല്‍ പോലും അല്ലാഹു ഇത് വിജയിപ്പിക്കുകയോ അല്ലെങ്കില്‍ ഈ ഉദ്യമത്തില്‍ ഞാന്‍ നാമാവശേഷമാവുകയോ ചെയ്യുന്നതു വരെ ഇതുപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല.’ വിശ്വാസദാര്‍ഢ്യവും ദൃഢചിത്തതയും തുളുമ്പുന്ന ഈ വാക്കുകളില്‍ അബൂത്വാലിബിന് മതിപ്പാണ് തോന്നിയത്.

മക്കാഖുറൈശികള്‍ മദീനക്കെതിരില്‍ ശത്രുതയോടെ നിലകൊള്ളുന്ന കാലത്താണ് യമാമ പ്രദേശം ഇസ്ലാമികാധിപത്യത്തിലാകുന്നത്. മക്കക്കാര്‍ ഗോതമ്പ് വാങ്ങിയിരുന്നത് അവിടെ നിന്നായിരുന്നു. മുസ്ലിം ശത്രുക്കളായ മക്കക്കാര്‍ക്ക് ഇനി ഗോതമ്പ് നല്‍കേണ്ടതില്ലെന്ന് യമാമക്കാര്‍ തീരുമാനിച്ചു. തീരുമാനം നബി (സ്വ) യെ സന്തോഷിപ്പിക്കുമെന്നാണ് പലരും കരുതിയത്. പക്ഷേ, അതിനനുവദിച്ചില്ല. നബി (സ്വ) ഇടപെട്ട് വ്യാപാരം സുതാര്യമാക്കുകയും ഗോതമ്പ് ലഭ്യമാക്കുകയും ചെയ്തു. ഹ്യൂമാനിസമെന്ന സംജ്ഞ കേട്ടുകേള്‍വിയില്ലാത്ത കാലത്ത് ശത്രുതയില്‍ നിലകൊള്ളുന്നവര്‍ക്ക് ആഹാരമെത്തിക്കുകയാണ് അവിടുന്ന് ചെയ്തത്. അനിവാര്യ ഘട്ടങ്ങളില്‍ സമരത്തിനു സമ്മതിച്ചെങ്കിലും അനുരഞ്ജനത്തിനാണവിടുന്ന് പ്രാമുഖ്യം നല്‍കിയത്.

പരിമിത സൌകര്യങ്ങളോടെ മിതത്വത്തിന്റേയും ലാളിത്യത്തിന്റേയും അടയാളമായിരുന്നു രാജകൊട്ടാരമാകേണ്ടിയിരുന്ന തിരുഭവനം. ഭക്ഷണത്തിലും വസ്ത്രത്തിലും ആ തിരുമനസ്സ് ഔന്നിത്യം അഭിലഷിച്ചില്ല. പരുപരുത്ത പനയോലയില്‍ നെയ്തെടുത്തതായിരുന്നു തിരുനബി (സ്വ) യുടെ മെത്ത. ഒരിക്കല്‍ ഉമര്‍ (റ) ചോദിച്ചു. അല്ലാഹുവിന്റെ ദൂതര്‍ ഇങ്ങനെ അരിഷ്ടിച്ച് ജീവിതം കഴിക്കുമ്പോള്‍ കിസ്റയും കൈസറും ആഡംബരാധിക്യമനുഭവിച്ച് കഴിയുന്നത് ഒരു ഭാഗ്യവിപര്യയമല്ലേ? നബി (സ്വ) പ്രതിവചിച്ചു. ‘അവര്‍ ഇഹലോകം തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ പരലോകം തിരഞ്ഞെടുക്കുന്നത് താങ്കളിഷ്ടപ്പെടുന്നില്ലേ?’ ലോകരക്ഷിതാവിന്റെ ഉന്നതാധികാരിയും അറേബ്യയുടെ അധിപനുമൊക്കെയായിട്ടും ഒരു ജൂതന്റെ അടുക്കല്‍ അങ്കി പണയം വച്ച് അര്‍ഥം വാങ്ങുന്നതില്‍ അസാംഗത്യമൊന്നും ആ നേതാവ് കാണുന്നില്ല. അങ്ങനെ തന്നെ അവിടുന്ന് വിടപറയുന്നതാണ് പിന്നീട് നാം കാണുന്നത്.

നേതാവിന്റെ അനിവാര്യ ഗുണങ്ങളില്‍ അനിഷേധ്യമാണ് വാക്ചാതുരി. ഭാഷണത്തിലും പ്രസംഗത്തിലും പ്രവാചകര്‍ക്ക് അതുല്യ സ്ഥാനം അല്ലാഹു നല്‍കിയിരിക്കുന്നു. ചിലപ്പോള്‍ സംക്ഷിപ്തമായി പ്രസംഗിക്കും. മറ്റു ചിലപ്പോള്‍ സവിസ്തരം പ്രഭാഷണം നടത്തും. പലപ്പോഴും ചോദ്യോത്തര രൂപത്തിലായിരിക്കും. പ്രവാചകരുടെ പ്രഥമ പ്രഭാഷണം തന്നെ തന്ത്രപൂര്‍വ്വമായിരുന്നു. ‘ഈ പര്‍വ്വതത്തിന്റെ മറുഭാഗത്ത് ഒരു സൈന്യം തമ്പടിച്ചെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?’ ‘അവിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കാരണമില്ലല്ലോ’ എന്നായിരുന്നു മറുപടി. ‘ഞങ്ങളുടെ ശിരസ്സില്‍ കിളികളിരിക്കുന്നപോലെ തോന്നും. അത്ര ശ്രദ്ധാപൂര്‍വ്വമായിരുന്നു.’ സദസ്സിനെക്കുറിച്ച് ഒരു ശിഷ്യന്റെ വിശകലനമാണിത്.

പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും പ്രതീക്ഷാനിര്‍ഭരമായ മനസ്സായിരുന്നു പ്രവാചകരുടേത്. നിരാശാബോധം ആ നേതൃമനസ്സിനെ ഉലച്ചില്ല. സൌര്‍ ഗുഹയില്‍ അഭയം തേടിയ സന്ദര്‍ഭം. ഗുഹാമുഖത്ത് ശത്രുക്കളുടെ കാലനക്കം. സംഭീതനായ അബൂബക്റിനെ സമാശ്വസിപ്പിക്കുകയാണ് തിരുനബി (സ്വ). ‘അബൂബക്ര്‍, മൂന്നാമനായി അല്ലാഹു കൂട്ടിനുള്ള രണ്ടാളുടെ കാര്യത്തില്‍ എന്തിനീ ശങ്ക?’

മേലാള മനോഗതിയെത്തന്നെ നിരാകരിക്കാനാണ് അനുചരെ അവിടുന്ന് തെര്യപ്പെടുത്തിയത്. ഹസ്റത്ത് ബിലാലി (റ) നെ അസാംഗത്യമുള്ളൊരു വിളിപ്പേരു വിളിച്ചതിനു ഒരാളെ നബി (സ്വ) നിശിതമായി ശാസിച്ചത് കാണാം. റോമന്‍ സാമ്രാജ്യങ്ങള്‍ക്കിടയില്‍ ശൂരരായി തന്നെ അറബികള്‍ കഴിഞ്ഞെങ്കിലും പല ഗോത്രങ്ങളായി പിരിഞ്ഞ് പറയത്തക്ക രാഷ്ട്രീയ സംഘടിത ശക്തിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞ അറേബ്യയെ ഏകദ്രുവത്തിലേക്ക് തിരിച്ചുകൊണ്ടു വന്നത് പ്രവാചകരാണ്. വര്‍ഗ്ഗ, വര്‍ണ്ണ, വൈജാത്യങ്ങളുടെ ഉപാസകരായി തമ്മില്‍ കലഹിച്ചു കഴിഞ്ഞിരുന്ന സമൂഹത്തിന്റെ പ്രഫുല്ലമായ ഏകീകരണമാണ് മുഹമ്മദ് നബി (സ്വ) സാധിച്ച വിപ്ളവം. വ്യക്തിവൈശിഷ്ടങ്ങളുടെ അകമ്പടിയാണ് ഈ അതുല്യ വിജയത്തിന് നിമിത്തമായത്. എത്ര വിസ്മയകരമായ വ്യക്തിത്വമായിരുന്നു സല്‍സ്വഭാവ സമ്പൂര്‍ണ്ണനായ തിരുനബി (സ്വ) യുടേത്.

‘അവിശ്വസനീയമായ ഈ അത്ഭുതം എങ്ങനെ സംഭവിച്ചു?’ ഈ ചോദ്യത്തിന് ചരിത്രകാരന്മാര്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. മതഭ്രാന്തിന്റെ മുന്നേറ്റമായിരുന്നു അതെന്ന വാദം ഉത്ബുദ്ധതയുള്ളവരെല്ലാം ഉപേക്ഷിച്ചിരിക്കുന്നു. അടിസ്ഥാനപരമായും ഇസ്ലാമിന്റെ വിപ്ളവ സ്വഭാവത്തിന്റേയും, ഗ്രീസിലേയും റോമിലേയും പേര്‍ഷ്യയിലേയും ചൈനയിലേയും ഇന്ത്യയിലേയും നാഗരികതകളുടെ തകര്‍ച്ച മൂലമുണ്ടായ പ്രതീക്ഷാശൂന്യമായ അവസ്ഥയില്‍ നിന്ന് ജനകോടികള്‍ക്ക് മോചനം നല്‍കാന്‍ അതിനുണ്ടായിരുന്ന നേതൃശേഷിയുടേയും വിജയമായിരുന്നു അത്. (ഉദ്ധരണം: എന്‍. എം. റോയ്, മുഹമ്മദ് നബി ജീവിതവും സന്ദേശവും)


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം