Click to Download Ihyaussunna Application Form
 

 

തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍

മുഹമ്മദ് നബി (സ്വ) യുടെ കൂട്ടുകാരില്‍ സിംഹഭാഗവും അഗതികളും ദരിദ്രരും ആയിരുന്നു. അവരുടെ കൂട്ടത്തില്‍ അടിമകളും തൊഴിലാളികളുമുണ്ടായിരുന്നു. പണക്കാര്‍ക്കും പ്രമാണിമാര്‍ക്കും തിരുമേനിയുടെ സമീപം പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു പരിഗണന നല്‍കരുതെന്ന് അല്ലാഹു പ്രവാചകരോടു പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നു: “അവരില്‍പ്പെട്ട പല വിഭാഗക്കാര്‍ക്കും സുഖഭോഗത്തിനായി നാം നല്‍കിയ സൌകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി നീട്ടിപ്പോകരുത്.  അവര്‍ അവിശ്വാസികളായതില്‍ താങ്കള്‍ വ്യസനിക്കേണ്ടതില്ല. സത്യവിശ്വാസികള്‍ക്കു വേണ്ടി താങ്കളുടെ ചിറക് താഴ്ത്തിക്കൊടുക്കുക.” (15:33)

ഭൌതിക സമ്പത്തിനെയോ സമ്പന്നരെയോ വലുതായിക്കാണരുതെന്ന് അല്ലാഹു പ്രത്യേകം ഉപദേശിച്ചതായി ഇനിയും കാണാം. “അവരില്‍ പല വിഭാഗങ്ങള്‍ക്കും ഐഹിക ജീവിതാലങ്കാരമായി നാം ആസ്വദിപ്പിച്ചിട്ടുള്ള സൌകര്യങ്ങളിലേക്ക് താങ്കള്‍ ദൃഷ്ടി പായിക്കരുത്. അതിലൂടെ അവരെ നാം പരീക്ഷിക്കുന്നതിനു വേണ്ടിയാണ് അവ നല്‍കിയത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലം; അതാണ് ഏററം ഉത്തമവും അനശ്വരവും.” (വി:ഖു 20:131)

പ്രവാചകരുടെ സദസ്സില്‍ പങ്കെടുക്കുന്നതിന് അവിശ്വാസികളായ ചില അറബി കുബേരന്മാര്‍ക്കുണ്ടായിരുന്ന തടസ്സം അവിടെ സദാ ഉണ്ടായിരുന്നത് പാവങ്ങളായിരുന്നു എന്നതാണ്.  ഈ അഗതികളെ സദസ്സില്‍ നിന്നകററിയാല്‍, ഉപദേശം ശ്രവിക്കാനായി പ്രവാചകരുടെ സദസ്സിലേക്കു വരാമെന്ന് അവര്‍ ഉപാധി വെക്കുകയുണ്ടായി. എന്നാല്‍ ഈ ഉപാധി നിശ്ശേഷം തള്ളിക്കളയാനായിരുന്നു വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദ്ദേശം: “താങ്കളുടെ  രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കി രാവിലെയും വൈകുന്നേരവും അവനോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെ താങ്കള്‍ ആട്ടിക്കളയരുത്. അവരെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും താങ്കള്‍ക്കില്ല. താങ്കളെ വിചാരണ ചെയ്യേണ്ട യാതൊരു ബാധ്യതയും  അവര്‍ക്കുമില്ല. അങ്ങനെ ഉണ്ടായിരുന്നുവെങ്കില്‍ താങ്കള്‍ക്ക് അവരെ ആട്ടിക്കളയാമായിരുന്നു.  അതൊന്നുമില്ലാതെ അവരെ ആട്ടിക്കളഞ്ഞാല്‍ താങ്കള്‍ അക്രമികളില്‍പ്പെട്ടവനായിത്തീരും”. (വി. ഖു. 6:52)

അഗതികളേയും അവശരേയും അടിമകളേയും സദസ്സില്‍  നിന്ന് ആട്ടിക്കളയരുതെന്ന്  മാത്രമല്ല സ്നേഹ പരിഗണനകളോടെ  സദാ അവരോടൊപ്പം കഴിയണമെന്നും പ്രവാചകരെ ഖുര്‍ആന്‍ ഉപദേശിക്കുന്നു: “താങ്കളുടെ രക്ഷിതാവിന്റെ പൊരുത്തം ലക്ഷ്യമാക്കി കാലത്തും വൈകുന്നേരവും അവനോടു പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നവരോടൊപ്പം താങ്കള്‍ സ്വശരീരത്തെ അടക്കി നിര്‍ത്തുക. ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ലക്ഷ്യമാക്കി താങ്കളുടെ കണ്ണുകള്‍ അവരില്‍ നിന്ന് വിട്ടു പോകാന്‍ ഇടവരരുത്. നമ്മുടെ സ്മരണയില്‍ നിന്നു ഹൃദയത്തെ നാം അശ്രദ്ധമാക്കിയിട്ടുള്ളവനും തന്നിഷ്ടം പിന്തുടരുന്നവനും കാര്യം അതിര് കവിഞ്ഞവനും ആയിട്ടുള്ളവനാരോ അവനെ താങ്കള്‍ അനുസരിച്ച് പോകരുത്.” (വി. ഖു. 18:28)

തിരുമേനിയുടെ സദസ്സില്‍ പണക്കാര്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായിരുന്നില്ല എന്നത് പോലെ തന്നെ, ചില തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കണ്ടു വരുന്ന  പോലെയുള്ള അസൂയാപരമായ അവഗണനയും ഉണ്ടായിരുന്നില്ല. പ്രവാചകരുടെ കൂട്ടുകാരില്‍ എല്ലാ നിലയിലുള്ളവരും ഉണ്ടായിരുന്നു. മുതലാളികളും തൊഴിലാളികളും യജമാനരും അടിമകളും പ്രബലരും ദുര്‍ബലരും എല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കും അര്‍ഹമായ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. സിംഹാസനത്തിലിരുന്ന് ആജ്ഞകള്‍ നല്‍കി അനുയായികളെ പ്രവര്‍ത്തിപ്പിക്കുന്ന രാജകീയ സ്വഭാവം നബി തിരുമേനി (സ്വ) തങ്ങള്‍ക്കുണ്ടായിരുന്നില്ല. കഠിനാദ്ധ്വാനം ചെയ്യുന്ന അനുയായികളുടെ അടര്‍ന്നു വീഴുന്ന വിയര്‍പ്പു കണികകള്‍ നോക്കി ആനന്ദം കൊള്ളുന്ന നേതാക്കന്മാരുടെ ആഢ്യത്വവും തിരുമേനിക്കുണ്ടായിരുന്നില്ല.

ശ്രമകരവും സുപ്രധാനവുമായ സകല സേവന പ്രവര്‍ത്തനങ്ങളിലും അനുയായികളുടെ മുന്‍പന്തിയില്‍ തന്നെ അദ്ധ്വാന ശീലനും സ്ഥിരോല്‍സാഹിയുമായ നബി തിരുമേനി (സ്വ) നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.  ജീവനിലുപരിയായി തിരുമേനിയെ സ്നേഹിച്ചാദരി ച്ചംഗീകരിക്കുകയും  സകല കല്‍പ്പനകളും സര്‍വ്വാത്മനാ ശിരസാ വഹിച്ചു പ്രയോഗ വല്‍ക്കരിക്കുകയും ചെയ്യുന്ന അതുല്യരായ അനുയായികളായിരുന്നു അവിടുത്തെ കൂട്ടുകാര്‍. എന്നിട്ടും അവിടുന്ന് അവരോട് തോളുരുമ്മി സഹകരിച്ചു പ്രവര്‍ത്തിക്കുമായിരുന്നു.

സഹ പ്രവര്‍ത്തകരോടൊപ്പം മണലാരണ്യത്തിലൂടെ ചുട്ടു തിളക്കുന്ന വെയിലത്ത് ഊഴം വെച്ചു  നടന്ന സംഭവം കാണുക. ഹി: 2ാം വര്‍ഷം പ്രവാചകരും 313 സഹപ്രവര്‍ത്തകരും ബദ്റിലേക്കു നീങ്ങുകയാണ്. അവര്‍ക്കെല്ലാം കൂടി രണ്ടു കുതിരയും 70 ഒട്ടകവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കുതിര സൈന്യത്തിന്റെ വലതു പാര്‍ശ്വനായകനായ സുബൈറുബിന്‍ അവ്വാമി (റ) ന്റെതും മറെറാരു കുതിര ഇടതു പാര്‍ശ്വനായകനായ മിഖ്ദാദുബിന്‍ അസ്വദി (റ) ന്റെതുമായിരുന്നു. അബൂബക്കര്‍, ഉമര്‍, അബ്ദു റഹ്മാനുബ്നു ഔഫ് (റ) എന്നിവര്‍ ഒരു ഒട്ടകത്തെ ഊഴം വെച്ചപ്പോള്‍ നബി (സ്വ) തിരുമേനിയും അലി, മര്‍സിദ് (റ) എന്നിവരും കൂടി ഒരു ഒട്ടകത്തെ ഊഴം വെക്കുകയായിരുന്നു. പ്രവാചകന്‍ താഴെയിറങ്ങി നടക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ കൂട്ടുകാര്‍ പറഞ്ഞു. അങ്ങേക്കു വേണ്ടി ഞങ്ങള്‍ നടക്കാം. പക്ഷേ തിരുമേനി സമ്മതിച്ചില്ല. അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ എന്നേക്കാള്‍ ശക്തരല്ല. അല്ലാഹുവിന്റെ പ്രതിഫലത്തിലേക്ക് നിങ്ങളേക്കാള്‍ ഞാന്‍ ആവശ്യം കുറഞ്ഞവനുമല്ല.” (ദലാഇലുല്‍ ബൈഹഖി 3/39)

സഹപ്രവര്‍ത്തകരോടൊപ്പം കല്ല് കടത്തിയ സംഭവം കാണുക: നബി (സ്വ) ഹിജ്റഃ ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയപ്പോള്‍ നിര്‍വ്വഹിച്ച പ്രഥമ പ്രവര്‍ത്തനം മസ്ജിദുന്നബവിയുടെ നിര്‍മ്മാണമായിരുന്നു. മദീനയുടെ ഹൃദയ ഭാഗത്ത് ഹിജ്റ 1-ാം വര്‍ഷം റബീഉല്‍ അവ്വലില്‍ തന്നെ അതിന്റെ ശിലാസ്ഥാപനം നടത്തി. അവിടുത്തെ തൃക്കരം കൊണ്ടു പ്രഥമ ശില വെച്ചു. 2,3,4 എന്നീ ശിലകള്‍ യഥാക്രമം അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ (റ) എന്നിവരും വെച്ചു. പള്ളിയുടെ നിര്‍മ്മാണത്തില്‍ മുസ്ലിംകളെല്ലാം സഹകരിച്ചു. അവരുടെ അഭിവന്ദ്യ നേതാവായ പ്രവാചകരും മണ്ണും ഇഷ്ടികയും കല്ലും വഹിക്കുന്നതില്‍ അവരോടൊപ്പം  പങ്കു ചേര്‍ന്നു. തിരുമേനി ഒരു ഇഷ്ടിക വഹിച്ചു കൊണ്ടു പോകുന്നതു കണ്ട ഒരാള്‍ പറഞ്ഞു: ‘പ്രവാചകരേ, അത് ഇങ്ങോട്ട് തന്നേക്കൂ,’ അപ്പോള്‍ തിരുമേനിയുടെ മറുപടി ഇപ്രകാരമായിരുന്നു: ‘താങ്കള്‍ പോയി മറെറാരു ഇഷ്ടികയെടുക്കുക, താങ്കള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്ക് എന്നേക്കാള്‍ ആവശ്യക്കാരനല്ല’ (വഫാഉല്‍ വഫാ 1/333)

സഹ പ്രവര്‍ത്തകരോടൊപ്പം കിടങ്ങ് കുഴിച്ച സംഭവവും കൂടി നമുക്ക് വായിക്കാം: ഹിജ്റഃ 5-ാം വര്‍ഷം ഖുറൈശ്, ഗത്വ്ഫാന്‍ തുടങ്ങിയ ശത്രു സഞ്ചയങ്ങള്‍ മുസ്ലിംകളെ മദീനയില്‍ കടന്നാക്രമണം നടത്താന്‍ ഒരുങ്ങിയപ്പോള്‍ അവരെ പ്രതിരോധിക്കുവാനായി മദീനയുടെ വടക്ക് വശത്ത് സുദീര്‍ഘവും അഗാധവുമായ കിടങ്ങ് കുഴിക്കുവാന്‍ തിരുമേനി മുസ്ലിംകളോട് ആഹ്വാനം ചെയ്തു. ശത്രുക്കള്‍ എത്തിച്ചേരും മുമ്പ് സത്വരമായി പൂര്‍ത്തീകരിക്കേണ്ട ഒരു നടപടിയായിരുന്നു അത്. കിടങ്ങിനു പ്ളാന്‍ തയ്യാര്‍ ചെയ്തു. പത്തു പേര്‍ 40 മുഴം വീതം കുഴിയെടുക്കാന്‍ ജോലി നിര്‍ണ്ണയിച്ചു കൊടുത്തു. മഹാനായ പ്രവാചകരും അവിടുത്തെ തൃക്കരം കൊണ്ട് ജോലി ചെയ്ത് സഹ പ്രവര്‍ത്തകരോട് സഹകരിച്ചു. ചിലപ്പോള്‍ ജോലി ചെയ്തു തിരുമേനി ക്ഷീണിക്കുമായിരുന്നു. അപ്പോള്‍ അല്‍പ സമയമിരുന്ന്  വിശ്രമിച്ചു വീണ്ടും ജോലി തുടരും. സഹ പ്രവര്‍ത്തകരായ അനുയായികള്‍ പറഞ്ഞു കൊണ്ടേയിരുന്നു: ‘പ്രവാചകരേ അങ്ങയുടെ വിഹിതം ജോലി അങ്ങേക്ക് വേണ്ടി ഞങ്ങള്‍ ചെയ്തു കൊള്ളാം’. അല്ലാഹുവിന്റെ പ്രതിഫലത്തില്‍ നിങ്ങളോട് പങ്കുചേരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു’ എന്നായിരുന്നു തിരുമേനിയുടെ പ്രതിവചനം (വഫാഉല്‍ വഫ 4/1206)

സഹപ്രവര്‍ത്തകരോടും കൂട്ടുകാരോടുമുള്ള പ്രവാചകരുടെ പെരുമാററം ഏററം മാതൃകാപരമായിരുന്നു. സദാ പുഞ്ചിരി തൂകി സൌമ്യ സ്വഭാവത്തോടെയായിരുന്നു അവരോടുള്ള സമീപനം. ദുസ്വഭാവം,  ബഹളം വെക്കല്‍, അശ്ളീലം പറയല്‍, ആക്ഷേപം ചൊരിയല്‍, അമിത ഫലിതം എന്നിവയൊന്നും പ്രവാചകരുടെ പെരുമാററത്തില്‍ ഒരിക്കലും കാണുമായിരുന്നില്ല. ഒരാളുടെയും രഹസ്യം അന്വേഷിക്കുകയില്ല. ജനങ്ങളുടെ ചിരിയിലും അത്ഭുത പ്രകടനത്തിലും പങ്കുകൊള്ളുമായിരുന്നു. അപരിചിതരുടെ സംസാരത്തിലോ ചോദ്യത്തിലോ ഉണ്ടാകാവുന്ന സംസ്ക്കാര ശൂന്യതയില്‍ ക്ഷമ പാലിക്കുമായിരുന്നു. ഒരാളുടെ സംസാരം ഇടക്കു മുറിച്ചു കളയുകയില്ല. അതിരു വിട്ടാല്‍ നിരോധിക്കും, അല്ലെങ്കില്‍ എഴുന്നേററ് പോകും (ദലാഇലുല്‍ ബൈഹഖി 1/238-291 നോക്കുക) .ഇരിപ്പിടങ്ങള്‍ സ്ഥിരമാക്കുകയില്ല, അങ്ങനെ ചെയ്യുന്നത് നിരോധിക്കുമായിരുന്നു. ഒരു സദസ്സിലെത്തിയാല്‍ തള്ളിക്കയറുകയോ ചാടിക്കടക്കുകയോ ചെയ്യാതെ സദസ്സ് അവസാനിക്കുന്നേടത്ത്  ഇരിക്കും. അങ്ങനെ ഇരിക്കണമെന്ന് അവിടുന്ന് കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. സദസ്യരില്‍ ഓരോരുത്തര്‍ക്കും അര്‍ഹമായ വിഹിതം കൊടുക്കും. തിരുമേനിയുടെ അടുത്ത് തന്നെക്കാള്‍ മററാരെങ്കിലും ആദരണീയനാണെന്ന് ഒരു സദസ്യനും തോന്നുകയില്ല. അവ്വിധമുള്ള സമീപനമായിരുന്നു തിരുമേനിയുടേത്. വല്ല ആവശ്യത്തിനും തിരുമേനിയുടെ കൂടെ ആരെങ്കിലും ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ അവന്‍ സ്വയം പിരിഞ്ഞ് പോകുന്നത് വരെ തിരുമേനി ക്ഷമ പാലിക്കും. അവനെ വിട്ട് അവനു മുമ്പ് അവിടുന്ന് സ്ഥലം വിടുകയില്ല. ആരെങ്കിലും വല്ലതും ആവശ്യപ്പെട്ടാല്‍ അത് നല്‍കി തിരിച്ചയക്കും. സാധിക്കാതെ വന്നാല്‍ സൌമ്യമായ വാക്കു പറഞ്ഞു സമാശ്വസിപ്പിച്ച് വിടും…

സകലരോടും സദ്സ്വഭാവത്തോടെ, മന്ദസ്മിതിത്തോടെ പെരുമാറുമായിരുന്നു. എല്ലാവര്‍ക്കും അവിടുന്ന് പിതാവായിരുന്നു. അവകാശം നേടുന്നതില്‍ നബിയുടെ അടുത്ത് സകലരും തുല്യരായിരുന്നു. തന്റെ കൂട്ടുകാരെക്കുറിച്ച്  അന്വേഷണം നടത്തുമായിരുന്നു.  ജനങ്ങളുടെ സ്ഥിതിഗതികള്‍ ചോദിച്ചറിയുകയും നല്ലതിനു പ്രചോദനം നല്‍കുകയും ചീത്ത നിരുല്‍സാഹപ്പെടുത്തുകയും ചെയ്യും. ജനങ്ങളില്‍ ഉത്തമരായിരുന്നു നബിയുമായി അടുത്തവര്‍. ഏററം വലിയ ഗുണകാംക്ഷാമനസ്ഥിതി  ഉള്ളവരായിരുന്നു തിരുമേനിയുടെ അടുത്ത് ഏററം ശ്രേഷ്ഠര്‍. ജനങ്ങളെ ഏററം നന്നായി സഹായിക്കുന്നവര്‍ക്കായിരുന്നു തിരുമേനിയുടെ സമീപത്ത് ഏററം വലിയ സ്ഥാനം. ആവശ്യക്കാരുടെ ആവശ്യം നിറവേററിക്കൊടുക്കുകയും സ്വന്തം ആവശ്യം തന്നെ അറിയിക്കാന്‍ സാധിക്കാത്തവരുടെ വിവരം, അറിയുന്നവര്‍ തനിക്കെത്തിച്ച് തരണമെന്ന് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഭൌതിക കാര്യത്തിന് വേണ്ടി ഒരിക്കലും കോപിക്കുകയില്ല. സ്വന്തത്തിന് വേണ്ടി ഒരിക്കലും ദേഷ്യം പിടിക്കുകയോ പകരം  വീട്ടുകയോ ചെയ്തിരുന്നില്ല. (ദലാഇലുല്‍ ബൈഹഖി 1/288, 291 നോക്കുക)

കൂട്ടുകാരുടെ സദ്പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്യുക നബിയുടെ പതിവായിരുന്നു. ഹിജ്റഃ 9-ാം വര്‍ഷം റോമക്കാര്‍ മുസ്ലിംകളെ അക്രമിക്കുന്നതിന് വന്‍ സൈനിക സജ്ജീകരണങ്ങള്‍ നടത്തിയപ്പോള്‍ അവരെ നേരിടുന്നതിനു വേണ്ടി നബി (സ്വ) തബൂക്കിലേക്ക് പുറപ്പെട്ടു. ദാരിദ്യ്രം നിമിത്തം യാത്രാ സന്നാഹങ്ങളും യുദ്ധ സന്നാഹങ്ങളും സംഭരിക്കാന്‍ സാധിക്കാത്തതില്‍ അത്യധികം ദു:ഖിച്ചിരിക്കുകയായിരുന്നു ഉല്‍ബത്തു ബിന്‍ സൈദ് (റ). തന്റെ കയ്യിലോ തന്നെ സഹായിക്കാനായി പ്രവാചകരുടെ കയ്യിലോ സന്നാഹമില്ലാതെ വന്നതില്‍ വ്യാകുലപ്പെട്ട് രാത്രി ഇശാ നിസ്ക്കാരാനന്തരം അദ്ദേഹം കരയാന്‍ തുടങ്ങി. അവസാനം തന്റെ ദു:ഖത്തിന് ഒരു മുട്ടു ശാന്തി അദ്ദേഹം കണ്ടെത്തി. അദ്ദേഹം പറഞ്ഞു:  “ഞാനിതാ സ്വദഖഃ ചെയ്യുന്നു. എന്റെ സമ്പത്തിനോ ശരീരത്തിനോ അഭിമാനത്തിനോ വല്ല ക്ഷതവുമേല്‍പ്പിച്ച ഏതൊക്കെ മുസ്ലിംകളുണ്ടോ അവര്‍ക്കൊക്കെ ഞാന്‍ വിട്ടു കൊടുത്തു മാപ്പുചെയ്തിരിക്കുന്നു. ഇതാണ് സ്വദഖഃ”. നേരം പുലര്‍ന്നപ്പോള്‍ കൂട്ടുകാരോടായി റസൂല്‍ തിരുമേനി ചോദിച്ചു: “ഇന്നലെ രാത്രി സ്വദഖഃ ചെയ്തവനെവിടെ? അപ്പോള്‍ ആരും എഴുന്നേററില്ല. വീണ്ടും ചോദിച്ചു. “ധര്‍മ്മം ചെയ്തവനെവിടെ?” അവന്‍ നില്‍ക്കട്ടെ, അപ്പോള്‍ ഉല്‍ബത്ത് എഴുന്നേററ് നിന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു “സന്തോഷിച്ച് കൊള്ളുക, എന്റെ ആത്മാവിന്റെ ഉടമസ്ഥന്‍ തന്നെ സത്യം; താങ്കളുടെ സ്വദഖഃ സ്വീകാര്യധര്‍മ്മത്തിന്റെ കൂട്ടത്തില്‍ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.” (ദലാഇലുന്നുബുവ്വ-ബൈഹഖി 5/219)

സഹപ്രവര്‍ത്തകരെക്കുറിച്ച് എപ്പോഴും നല്ല ധാരണ വെച്ചു പുലര്‍ത്തുകയും അങ്ങനെ വെച്ച് പുലര്‍ത്താന്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ആരെക്കുറിച്ചെങ്കിലും തെറ്റിദ്ധാരണാജനകമായി  സംസാരിച്ചാല്‍ തിരുമേനി അത് തിരുത്തുമായിരുന്നു.  ഹിജ്റഃ 6-ാം വര്‍ഷം 1500 സ്വഹാബിമാരോട് കൂടി ഉംറഃ ചെയ്യുന്നതിന് വേണ്ടി നബി (സ്വ) മക്കയിലേക്ക് പുറപ്പെട്ടു.  ഖുറൈശികളുടെ പ്രതിരോധവും വിസമ്മതവും നിമിത്തം മക്കയിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല.  മുസ്ലിംകള്‍ ഹുദൈബിയ്യഃ യില്‍ താവളമടിച്ചു. യുദ്ധമല്ല ഉംറഃ മാത്രമാണ് ആഗമ ലക്ഷ്യമെന്ന് ഖുറൈശികളെ അറിയിക്കാന്‍ നബി (സ്വ) ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ) നെ മക്കയിലേക്കു വിട്ടു.’ മക്കയില്‍ പ്രവേശിക്കാന്‍ മുഹമ്മദിനെ ഞങ്ങള്‍ അനുവദിക്കുകയില്ല. താങ്കള്‍ക്കു വേണമെങ്കില്‍ ത്വവാഫ് ചെയ്യാം’. ഇതായിരുന്നു ഖുറൈശികളുടെ  മറുപടി. അല്ലാഹുവിന്റെ റസൂല്‍ ത്വവാഫ് ചെയ്യുന്നത് വരെ ഞാന്‍ ത്വാവാഫ് ചെയ്യുകയില്ലെന്ന് ഉസ്മാന്‍ (റ) പറഞ്ഞപ്പോള്‍ അദ്ദേഹത്തെ അവര്‍ മൂന്ന് ദിവസത്തോളം തടഞ്ഞ് വെച്ചു. എന്നാല്‍ ഉസ്മാന്‍ (റ) സ്വന്തമായി ത്വവാഫ് ചെയ്തു എന്നൊരു കിംവദന്തി മുസ്ലിംകള്‍ക്കിടയില്‍ എങ്ങനെയോ പ്രചരിക്കുകയുണ്ടായി. നബി അത് തിരുത്തി.  ‘നാം ഇവിടെ തടയപ്പെട്ടിരിക്കെ അദ്ദേഹം കഅ്ബ പ്രദക്ഷിണം ചെയ്യുമെന്ന് നാം വിചാരിക്കുന്നില്ല.’ പിന്നീട് ഉസ്മാന്‍ (റ) തിരിച്ചു വന്നപ്പോള്‍ ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹു തന്നെ സത്യം! ഞാനൊരു വര്‍ഷം മക്കയില്‍ താമസിക്കാനിടവന്നാലും അല്ലാഹുവിന്റെ പ്രവാചകന്‍ ഹുദൈബിയഃ യില്‍ തടയപ്പെട്ടിരിക്കെ ഞാന്‍ ത്വവാഫ് ചെയ്യുകയില്ല’. തദവസരം  അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂല്‍ അല്ലാഹുവിനെക്കുറിച്ച് ഏററം വിവരമുള്ളവനും നമ്മുടെ കൂട്ടത്തില്‍ ഏററം നല്ല ധാരണ വെച്ച് പുലര്‍ത്തുന്നവരുമത്രെ’. (ബൈഹഖി 4/135)

സഹപ്രവര്‍ത്തകന് വല്ല അബദ്ധവും പിണഞ്ഞു പോയാല്‍ മാപ്പ് നല്‍കി അവന്റെ മനോവീര്യം സംരക്ഷിച്ചു പൂര്‍വ്വോപരി സച്ചരിതനും സജീവ പ്രവര്‍ത്തകനുമാക്കി മാററുകയായിരുന്നു തിരുമേനിയുടെ പതിവ്. ഖുറൈശികള്‍ ഹുദൈബിയഃ സന്ധി ലംഘിച്ചു ശത്രുത പ്രകടിപ്പിച്ചപ്പോള്‍ നബി തിരുമേനി (സ്വ) യുദ്ധവും കൊലയുമില്ലാതെ വളരെ സമാധാനപരമായി മക്ക ജയിച്ചടക്കുന്നതിന്  വേണ്ടി ഹിജ്റഃ 8-ാം വര്‍ഷം 10,000 സ്വഹാബികളോട് കൂടെ പുറപ്പെടുകയുണ്ടായി. പുറപ്പെടും മുമ്പ് വാര്‍ത്ത പരമ രഹസ്യമാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു സ്വഹാബിക്കു ഒരു അമളി പററി. ഹാത്വിബ് (റ) ആയിരുന്നു അത്.  ഈ രഹസ്യം ഖുറൈശികളെ അറിയിച്ചാല്‍ പ്രത്യുപകാരമെന്ന നിലയില്‍ മക്കയിലുള്ള തന്റെ നിരാലംബരായ ഭാര്യാ സന്താനങ്ങളെ അവര്‍ രക്ഷിച്ചേക്കുമെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ ഒരു കത്തെഴുതി 10 ദിനാര്‍ പ്രതിഫലം നിശ്ചയിച്ചു ഒരു സ്ത്രീയുടെ വശം കൊടുത്തയച്ചു. നബി തിരുമേനി (സ്വ) അലി, സുബൈര്‍, മിഖ്ദാദ്, അബൂ മര്‍സിദ് (റ) എന്നിവരെ വിളിച്ച് പറഞ്ഞു: ‘ഖാഖ് തോട്ടത്തില്‍ ഒരു പെണ്ണിരിപ്പുണ്ട.് അവരുടെ വശം ഒരു കത്തുണ്ട്. ഉടനെ അത് പിടിച്ചെടുത്ത് കൊണ്ട് വരണം’. തന്റെ വശം കത്തില്ലെന്ന് അവള്‍ തറപ്പിച്ചു പറഞ്ഞുവെങ്കിലും വസ്ത്രമഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ അവള്‍ മുടിക്കെട്ടിനുള്ളില്‍ നിന്ന്  കത്തെടുത്ത് കൊടുത്തു. കത്തിന്റെ ഉള്ളടക്കം നേരത്തെ പറഞ്ഞ രഹസ്യവാര്‍ത്ത ആയിരുന്നു. തിരുമേനി ഹാത്വിബിനെ ചോദ്യം ചെയ്തു. അദ്ദേഹം സത്യാവസ്ഥ വെളിപ്പെടുത്തി ക്ഷമാപണം നടത്തി. പ്രത്യക്ഷത്തില്‍ ഇതൊരു കൂറുമാററവും രാജ്യ ദ്രോഹവും ആണെന്ന് തോന്നാനിടയുണ്ട്. ഉമര്‍ (റ) വിനു അങ്ങനെ തോന്നി, അദ്ദേഹം പറഞ്ഞു: ‘നബിയേ എനിക്ക് സമ്മതം തരൂ. ഈ കപടന്റെ പിരടി ഞാന്‍ വെട്ടാം’. അപ്പോള്‍ നബി (സ്വ) അദ്ദേഹത്തിനു മാപ്പ് നല്‍കുകയും ബദ്റില്‍ പങ്കെടുത്തു കൂറ് തെളിയിച്ച വ്യക്തിയാണെന്ന് സ്വഹാബിമാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. (ബുഖാരി 4274 നോക്കുക)

അകാരണമായി ആര്‍ക്കും മുന്‍ഗണന നല്‍കില്ല. അത് മററുള്ളവര്‍ക്ക് മന:ക്ളേശമുണ്ടാക്കാനിട വരുത്തുമല്ലോ. യാത്രാ വേളയില്‍ പരിചരണത്തിനായി തിരുമേനി ഭാര്യമാരില്‍ ചിലരെ കൊണ്ട് പോകാറുണ്ടായിരുന്നു. ആരെ കൊണ്ടു പോകണമെന്ന് സ്വയം തീരുമാനിക്കാതെ നറുക്കിടുകയായിരുന്നു പതിവ്.  (ഇബ്നു മാജഃ 1970 നോക്കുക) മക്കയില്‍ നിന്ന് മദീനയിലേക്കു ഹിജ്റഃ വന്നപ്പോള്‍ ഓരോ അന്‍സ്വാരിയും തിരുമേനിക്ക് തന്റെ വീട്ടില്‍ ആതിഥ്യം നല്‍കുന്നതിനു മത്സരിക്കുകയുണ്ടായി. ഓരോരുത്തരും നബിയുടെ ഒട്ടകത്തിന്റെ മൂക്കു കയര്‍ കടന്ന് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.  ഒരാളുടെ ക്ഷണം സ്വീകരിച്ചു മററുള്ളവരെ തിരസ്ക്കരിക്കുന്നതു ഭംഗിയല്ലല്ലോ.  അതു കൊണ്ട്  പ്രവാചകരുടെ പ്രഖ്യാപനം ഇങ്ങനെ ആയിരുന്നു. ‘നിങ്ങള്‍ ഒട്ടകത്തെ വിടുക, അതിനു പ്രത്യേക കല്‍പ്പന ഉണ്ട്്.’  അവസാനം ഒട്ടകം അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ വീട്ടിനു മുമ്പില്‍ മുട്ട് കുത്തി. തിരുമേനി അവിടെ ഇറങ്ങി.

പ്രവാചകരുടെ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബിന്റെ അമ്മാവന്മാരായ ബനുന്നജ്ജാര്‍ കുടുംബത്തില്‍പ്പെട്ടവരായിരുന്നു അബൂ അയ്യൂബ് (റ). അദ്ദേഹം നബിയുടെ സാധന സാമഗ്രികള്‍ തന്റെ വീട്ടിലേക്കു കൊണ്ടു പോയി. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു, പള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു. ആര്‍ക്കും അതില്‍ ഒരനിഷ്ടവുമുണ്ടായിരുന്നില്ല. (അല്‍ ബിദായത്തു വന്നിഹായ 3/202, ശറഹുല്‍ മവാഹിബ് 2/162)

നബി (സ്വ) ആരെയും തെററിദ്ധരിക്കുകയോ തെററിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല. ആര്‍ക്കെങ്കിലും വല്ല സംശയവും ഉണ്ടായാല്‍ ഉടനെ ശരിയായ വിശദീകരണം നല്‍കി  സംശയം നീക്കുമായിരുന്നു. കൂടുതല്‍ സമരാര്‍ജ്ജിത സമ്പത്തു മുസ്ലിംകള്‍ക്ക് ലഭിച്ച യുദ്ധമായിരുന്നു ഹിജ്റഃ 8-ാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നടന്ന ഹുനൈന്‍  യുദ്ധം. സമരാര്‍ജജിത സമ്പത്ത് വിതരണം  ചെയ്തപ്പോള്‍ നവ മുസ്ലിംകളായ ഖുറൈശികള്‍ക്കും മററു ചില അറബികള്‍ക്കും തിരുമേനി വളരെ ഉദാരമായി കൊടുത്തതില്‍ മദീനക്കാരായ ചിലര്‍ക്ക് അല്‍പം അനിഷ്ടം തോന്നി. ഉടനെ നബി മദീനക്കാരായ അന്‍സ്വാറുകളെ ഒരിടത്ത് ഒരുമിച്ച് കൂട്ടി. ഒരു വിശദീകരണ പ്രഭാഷണം നടത്തി. നവ മുസ്ലിംകളെ മാനസികമായി ഇണക്കുന്നതിന് വേണ്ടി മാത്രമാണ് അവര്‍ക്ക് നിര്‍ലോഭമായി നല്‍കിയതെന്നും സ്വജനപക്ഷപാതത്തിന്റെ യാതൊരു ഭാവവും അതിലില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. ഹ്രസ്വമെങ്കിലും അമാനുഷികമായിരുന്നു ആ പ്രസംഗം. അന്‍സ്വാറുകളെ അതു കരയിപ്പിക്കുകയുണ്ടായി (ദലാഇലുന്നുബുവ്വ-ബൈഹഖി 5/177)

വിശന്നു വലഞ്ഞ ഘട്ടത്തില്‍പ്പോലും കൂട്ടുകാരെ ഒഴിവാക്കി സദ്യ ഉണ്ണുന്ന പതിവ് പ്രവാചകര്‍ക്കുണ്ടായിരുന്നില്ല. ഹിജ്റഃ 5-ാം വര്‍ഷം ഖന്‍ദഖ് യുദ്ധത്തിന്റെ മുന്നോടിയായി മദീനയുടെ വടക്കു വശത്ത് കിടങ്ങ് കുഴിക്കുന്ന ജോലിയില്‍ നബി (സ്വ) യും അനുയായികളും വ്യാപൃതരായപ്പോള്‍ തിരുമേനിയുടെ ഒട്ടിയ വയര്‍ കണ്ടു സങ്കടപ്പെട്ട ജാബിര്‍ (റ) വീട്ടില്‍ ചെന്നു വല്ലതുമുണ്ടോ  എന്നന്വേഷിച്ചു. ഒരു സാഅ് (3.200 ലിറ്റര്‍) യവവും ഒരാട്ടിന്‍ കുട്ടിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ജാബിര്‍ (റ) ആടിനെ അറുത്തു. ഭാര്യ യവം പൊടിച്ചു. എന്നിട്ട് തിരുമേനിയുടെ അടുത്തു വന്ന് ജാബിര്‍ (റ) സ്വകാര്യമായി പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങള്‍ ഒരാട്ടിന്‍കുട്ടിയെ അറുക്കുകയും ഒരു സ്വാഅ് യവം പൊടിച്ച് വെക്കുകയും ചെയ്തിട്ടുണ്ട്. അതേ ഞങ്ങളുടെയടുത്തുള്ളൂ. അത് കൊണ്ട് അങ്ങയും ഒപ്പം ഏതാനും വ്യക്തികളും മാത്രം വരിക’. തിരുമേനി ജാബിറിന്റെ ക്ഷണം സ്വീകരിച്ചു. പക്ഷേ പട്ടിണി കിടന്നദ്ധ്വാനിക്കുന്ന 1,000 ത്തോളം വരുന്ന അനുയായികളെ അവിടെ നിര്‍ത്തി  സദ്യ ഉണ്ണുന്നത് തിരുമേനിക്കിഷ്ടമായിരുന്നില്ല. അവിടുന്ന് ഉറക്കെ വിളിച്ച് പറഞ്ഞു: “ഓ കിടങ്ങ് ജോലിക്കാരേ, ജാബിര്‍ ഒരു സദ്യ തയ്യാര്‍ ചെയ്തിട്ടുണ്ട്്. നിങ്ങള്‍ക്കെല്ലാം സ്വാഗതം.” പ്രവാചകരുടെ ഉദ്ദേശ്യം എല്ലാവരുടെയും വിശപ്പു തീര്‍ക്കുകയെന്നതായിരുന്നു. അത് അല്ലാഹു നിറവേറ്റി. തിരുമേനി ജനങ്ങള്‍ക്ക് മുമ്പേ വന്നു. എന്നിട്ടു ഗോതമ്പ് മാവിലും മാംസച്ചട്ടിയിലും തുപ്പിക്കൊണ്ട് ബറക്കത്തിനായി പ്രാര്‍ഥിച്ചു. തിളച്ച് കൊണ്ടിരിക്കുന്ന ചട്ടിയില്‍ നിന്നു മാംസക്കറി വിളമ്പിക്കൊണ്ടേയിരുന്നു. ഗോതമ്പ് മാവ് കൊണ്ട് റൊട്ടി ചുട്ട് കൊണ്ടേയിരുന്നു. 1,000 പേര്‍ കഴിച്ചിട്ടും അവ രണ്ടിനും യാതൊരു കുറവും സംഭവിച്ചില്ല. (ബുഖാരി 4102, മുസ്ലിം 141 നോക്കുക)

ചെറുപ്പം മുതല്‍ക്കേ നബി തിരുമേനി (സ്വ) കൂട്ടുകാരോട് എല്ലാ നല്ല കാര്യങ്ങളിലും സഹകരിച്ചാണ് വളര്‍ന്നത്. ഹലീമഃ ബീവിയുടെ അടുത്ത് താമസിച്ചപ്പോള്‍ അവരുടെ കുട്ടികളോടൊപ്പം തിരുമേനിയും ആടിനെ മേക്കാന്‍ പോകാറുണ്ടായിരുന്നു. (ബൈഹഖി 5/29 നോക്കുക) 6 വയസ്സ് പ്രായമുള്ളപ്പോള്‍ തിരുമേനിയുമായി മാതാവ് മദീനയില്‍ വന്നു പിതാമഹന്റെ അമ്മാവന്മാരായ ബനുന്നജജാര്‍ കുടുംബത്തില്‍ ഒരു മാസക്കാലം താമസിക്കുകയുണ്ടായി.  ഈ കാലയളവില്‍ അവരുടെ ഒരു ജലാശയത്തില്‍ നീന്തല്‍ പരിശീലനം നേടുകയുണ്ടടായി. പ്രവാചകത്വ ലബ്ധിക്കു മുമ്പ് സ്വകരം കൊണ്ട് അദ്ധ്വാനിച്ചാണ് ഉപ ജീവനം നയിച്ചിരുന്നത്. ജോലി ചെയ്യാന്‍ പ്രായമായപ്പോള്‍ തന്നെ മക്കക്കാര്‍ക്ക് വേണ്ടി ആടിനെ മേക്കുമായിരുന്നു. യൌവ്വനദശ പ്രാപിച്ചപ്പോല്‍ കച്ചവടം ചെയ്യുമായിരുന്നു. മക്കയിലെ കുബേരയായ ഖദീജാ ബീവിയുടെ സമ്പത്തില്‍ കച്ചവടം നടത്തുമ്പോഴുണ്ടായ അത്ഭുത സംഭവങ്ങളാണ് അവര്‍ തമ്മിലുള്ള വിവാഹത്തിലേക്കു വഴി തെളിയിച്ചത്. അനീതിക്കെതിരെയുള്ള സമരം പ്രവാചകര്‍ക്കു നേരത്തെ തന്നെ പ്രിയങ്കരമായിരുന്നു. ജാഹിലിയ്യാ കാലത്തു നീതിക്കു വേണ്ടി നടന്ന ഫുജാര്‍ യുദ്ധത്തിലും ഫുളൂല്‍ സഖ്യത്തിലും തിരുമേനി പങ്കെടുത്തിരുന്നു. നുബുവ്വത്തിനു ശേഷമുള്ള ജീവിതം അസത്യത്തിനും അനീതിക്കും അനാചാരത്തിനും അജ്ഞതക്കുമെതിരെയുളള സമരമായിരുന്നു. ആദര്‍ശപരമായ ശാന്തസമരം. ശാന്തിയും സമാധാനവും ഇഷ്ടപ്പെടാതെ വാളെടുത്തവര്‍ക്കെതിരെ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതിരോധത്തിനായി പ്രവാചകനും വാളെടുത്തിട്ടുണ്ട്. തിരുമേനി കേന്ദ്രത്തിലിരുന്നു അനുയായികളെ യുദ്ധത്തിനു വിടുകയായിരുന്നില്ല. പ്രത്യുത അവരോടൊപ്പം നേതൃത്വം നല്‍കി ഗസ്വത്തുകള്‍ നടത്തുകയായിരുന്നു.  അനുയായികള്‍ തോറ്റോടാന്‍ നിര്‍ബന്ധിതരായ അപൂര്‍വ്വ സന്ദര്‍ഭങ്ങളിലും പ്രവാചകര്‍ രംഗത്ത് ഉറച്ച് നിന്ന് ആയോധനം നടത്തിയത് ചരിത്ര പ്രസിദ്ധമാണ്. തക്കതായ പ്രതിബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് നബി പോകാതെ സരിയ്യത്തുകളെ വിട്ടിട്ടുള്ളത്. ആ സരിയ്യത്തുകള്‍ക്ക്  തന്നെ പലപ്പോഴും മദീനയുടെ അതിര്‍ത്തി വരെ പോയി യാത്രയയപ്പു നല്‍കിയതു കാണാം.

വീട്ടുകാര്‍ക്കും നല്ലൊരു കൂട്ടുകാരനായിരുന്നു തിരുമേനി. വീട്ടു ജോലികളില്‍ ഒരു സാധാരണ അംഗത്തെപ്പോലെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകരുടെ പ്രിയ പത്നി  ആഇശ (റ) യോട് ചോദിക്കപ്പെട്ടു: ‘വീട്ടില്‍ അല്ലാഹുവിന്റെ പ്രവാചകന്‍ എന്തായിരുന്നു ചെയ്തിരുന്നത്?’  അവര്‍ പറഞ്ഞു: ‘വീട്ടിലെത്തിയാല്‍ തിരുമേനി മനുഷ്യരില്‍ ഒരു മനുഷ്യരായിരുന്നു. വസ്ത്രം വൃത്തിയാക്കും, ആടിനെ കറക്കും, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യും’ (അഹ്മദ് 6/256) മറെറാരിക്കല്‍ ആഇശാ ബീവി (റ) പറഞ്ഞു:  ’നിങ്ങളിലൊരാള്‍ സ്വന്തം വീട്ടില്‍ ജോലി ചെയ്യുന്നത് പോലെ നബി (സ്വ) വീട്ടില്‍ ജോലി ചെയ്യുമായിരുന്നു.’ (അഹ്മദ് 6/121)

അനുയായികളെ സമ ദൃഷ്ടിയോടെ വീക്ഷിക്കുന്ന നിലപാടായിരുന്നു പ്രവാചകരുടേത്.  തെററ് എത്ര ഗുരുതരമായിരുന്നാലും  പരമാവധി വിട്ടുവീഴ്ച ചെയ്തു സഹിഷ്ണുതയോടെ അവരുടെ സഹകരണം നില നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു തിരുമേനി ചെയ്തിരുന്നത്. അകറ്റാനല്ല അടുപ്പിക്കാനാണ് അവിടുത്തെ  ശ്രമം. ഘിജ്റഃ 8-ാം വര്‍ഷം ഹുനൈന്‍ യുദ്ധം കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ മക്കയുടെ സമീപം ജിഅ്റാനത്ത് എന്ന സ്ഥലത്ത് ഒരാള്‍ തിരുമേനിയെ സമീപിച്ചു. ബിലാലിന്റെ വശം കൊടുത്തേല്‍പ്പിച്ച വെള്ളിയെടുത്ത് തിരുമേനി ജനങ്ങള്‍ക്ക് വിതരണം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ‘ഓ മുഹമ്മദ് നീതി പുലര്‍ത്തുക!’  അപ്പോള്‍ നബി (സ്വ) പറഞ്ഞു: ‘കഷ്ടം ഞാന്‍ നീതി പുലര്‍ത്തിയില്ലെങ്കില്‍ ആരാണ് നീതി പുലര്‍ത്തുക; ഞാന്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ നൈരാശ്യം പിണഞ്ഞവനും നഷ്ട ബാധിതനും തന്നെ’. തദവസരം ഉമര്‍ (റ) അയാളെ വധിക്കാന്‍ അനുവാദം ചോദിച്ചു: ‘പ്രാവചകരെ എന്നെ വിടൂ ഈ കപടനെ ഞാന്‍ വധിക്കട്ടെ’. ഉമര്‍ (റ) ന്റെ വൈകാരികമായ ഈ നിലപാടിനോട് വിവേകപൂര്‍വ്വം പ്രവാചകര്‍ പ്രതികരിച്ചു: ‘എന്റെ കൂട്ടുകാരെ ഞാന്‍ തന്നെ വധിക്കുന്നു എന്ന് ജനങ്ങള്‍ സംസാരിക്കാന്‍ ഇടവരുന്നതില്‍ നിന്ന് അല്ലാഹുവില്‍ അഭയം’ (മുസ്ലിം 1063).


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം