Click to Download Ihyaussunna Application Form
 

 

പ്രവാചകന്റെ കുട്ടിക്കാലം

ക്രിസ്താബ്ദം 571 ഏപ്രില്‍ 20‏-ാം തീയതി ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12‏-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയില്‍ ജനിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാല്‍ ജനിക്കുമ്പോള്‍ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു

പിതാമഹനായ അബ്ദുല്‍ മുത്വലിബ് മക്കയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. ഒരു വലിയ കുടുംബത്തെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ തന്റെ അനാഥ പൌത്രനെ അദ്ദേഹം അതിയായി സ്നേഹിച്ചു. തന്റെ വാത്സല്യ പുത്രനായ അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം മൂലം ഉളവായ അപാരദുഃഖത്തിന് ആ ഓമനക്കുഞ്ഞിന്റെ കോമള വദന ദര്‍ശനം ഏതാണ്ടൊരു ഉപശാന്തി വരുത്തിയിരുന്നു. ആമിനയുടെ പ്രസവ വിവരം കേട്ടയുടനെ അബ്ദുല്‍ മുത്വലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയില്‍ കൊണ്ടുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു.

കുഞ്ഞിന് പേരിട്ട ശേഷം അബ്ദുല്‍ മുത്വലിബ് അതിനെ കൊണ്ടുവന്ന് ആമിനയെ ഏല്‍പ്പിച്ചു. അക്കാലത്ത് അറേബ്യയിലെ കൂലീനകുടുംബക്കാര്‍ ചെയ്യാറുണ്ടായിരുന്നതുപോലെ, ബനൂസഅ്ദ് ഗോത്രത്തിലെ വളര്‍ത്തമ്മമാര്‍ മക്കയില്‍ വരുമ്പോള്‍ കുഞ്ഞിനെ അവരിലൊരാളെ ഏല്‍പ്പിക്കണമെന്നും അബ്ദുല്‍ മുത്വലിബ് ഉദ്ദേശിച്ചിരുന്നു. കുട്ടി ജനിച്ച് ഏഴാം ദിവസം പിതാമഹന്‍ ഒരു വലിയ വിരുന്നു സംഘടിപ്പിച്ചു. ഖുറൈശി ഗോത്രത്തലവന്മാരെല്ലാം അതില്‍ സംബന്ധിച്ചിരിക്കുന്നു. വിരുന്നു കഴിഞ്ഞപ്പോള്‍ പാരമ്പര്യമനുസരിച്ചുള്ള ഏതെങ്കിലും പേര് നല്‍കാതെ കുഞ്ഞിന് മുഹമ്മദ് എന്നു പുതിയ പേര് നല്‍കിയതെന്താണെന്ന് അവര്‍ അബ്ദുല്‍ മുത്വലിബിനോട് ചോദിച്ചു. അതിന് അബ്ദുല്‍ മുത്വലിബ് നല്‍കിയ മറുപടി: “അല്ലാഹുവിന് വേണ്ടി അവന്‍ സ്വര്‍ഗ്ഗത്തിലും, സൃഷ്ടികള്‍ക്കു വേണ്ടി ഭൂമിയിലും സ്തുതിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നായിരുന്നു.

കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുന്നതിനു ബനൂസഅ്ദിലെ വളര്‍ത്തമ്മമാര്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ കഴിയുകയായിരുന്നു ആമിന. അതിനിടയില്‍ നബിയുടെ ഒരു പിതൃസഹോദരനായ അബൂലഹബിന്റെ സുവൈബിയ എന്ന പരിചാരികയായിരുന്നു കുഞ്ഞിനു മുലകൊടുത്തുകൊണ്ടിരുന്നത്. ഇവര്‍ ഏതാനും ദിവസങ്ങള്‍ മാത്രമെ നബിക്കു മുലയൂട്ടിയിരുന്നുള്ളൂവെങ്കിലും നബി അവരെ അതിയായി സ്നേഹിക്കുകയും. മരിക്കുന്നതു വരെ കൂടെക്കൂടെ അവരെ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.

ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, പതിവു പോലെ ബനൂസഅ്ദിലെ വളര്‍ത്തമ്മമാര്‍ മക്കത്തെത്തി. അനാഥ ശിശുക്കളെ വളര്‍ത്തുവാന്‍ അവര്‍ക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. കാരണം ഒരു പിതാവില്‍ നിന്നു ലഭിക്കുന്ന പ്രതിഫലം ഒരു മാതാവില്‍ നിന്നു ലഭിക്കാനിടയില്ലെന്നായിരുന്നു അവരുടെ ധാരണ. തന്മൂലം നബിയെ സ്വീകരിക്കാന്‍ അവരില്‍ ആരും തയ്യാറായില്ല.

ഈ വളര്‍ത്തമ്മമാരില്‍ ഒരുത്തി ബനൂസഅ്ദില്‍പ്പെട്ട ശുഐബിന്റെ പുത്രി ഹലീമയായിരുന്നു. അനാഥക്കുഞ്ഞിനെ ഏറ്റെടുക്കാന്‍ ഇവര്‍ക്കും ആദ്യം സമ്മതമില്ലായിരുന്നു. ദരിദ്രയായ അവള്‍ ക്ഷീണിതയുമായിരുന്നു. അതുകൊണ്ട് തങ്ങളുടെ കുഞ്ഞിന് മുലകൊടുത്തു വളര്‍ത്തുന്നതിന് ഹലീമയെ ഏല്‍പ്പിക്കാന്‍ അവിടെയുള്ള മാതാക്കളാരും തുനിഞ്ഞില്ല. അപ്രകാരം നബിക്ക് ഒരു വളര്‍ത്തമ്മയെ ലഭിക്കാത്തതുപോലെ തന്നെ ഹലീമക്ക് ഒരു വളര്‍ത്തുകുഞ്ഞിനെയും ലഭിച്ചില്ല. സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോകാന്‍ പുറപ്പെടുമ്പോള്‍ ഹലീമ അവരുടെ ഭര്‍ത്താവായ ഹാരിസിനോട് പറഞ്ഞു: “ഒരു വളര്‍ത്തുകുഞ്ഞിനെ കൂടാതെ മറ്റുള്ളവരെപ്പോലെ വീട്ടിലേക്കു മടങ്ങാന്‍ എനിക്കതിയായ വിഷമമുണ്ട്. അല്ലാഹുവാണ് സത്യം! ഞാനീ അനാഥകുഞ്ഞിനെ തന്നെ ഏറ്റെടുക്കാന്‍ പോവുകയാണ്.” അതിന് ഹാരിസ് ഇങ്ങനെ മറുപടി പറഞ്ഞു: “അതു തന്നെയാണ് നീ ചെയ്യേണ്ടത്. ഒരു പക്ഷേ, ഈ കുഞ്ഞിന്റെ സാന്നിധ്യം നിമിത്തം അല്ലാഹു നമ്മെ അനുഗ്രഹിച്ചേക്കും.” അപ്രകാരം ഹലീമയും ഭര്‍ത്താവും കുഞ്ഞിനെ മരുഭൂമിയിലുള്ള അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. അവര്‍ വീട്ടിലെത്തിയതു മുതല്‍ അവരുടെ ആടിന് പാല് വര്‍ദ്ധിക്കുകയും മറ്റു പലവിധത്തിലും അവരുടെ ഐശ്വര്യം നാള്‍ക്കുനാള്‍ അഭിവൃദ്ധിപ്പെടുകയും ചെയ്തതായി ഹലീമാബീവി പറയാറുണ്ടായിരുന്നു.

രണ്ടു കൊല്ലം നബി ഹലീമയുടെ വീട്ടില്‍ കഴിഞ്ഞു. അവരുടെ മകള്‍ ശയ്മയായിരുന്നു നബിയെ ശുശ്രൂഷിച്ചിരുന്നത്. മരുഭൂമിയിലെ ഉന്മേഷദായകമായ അന്തരീക്ഷവും കാറ്റും വെയിലും ഏറ്റുകൊണ്ടുള്ള ജീവിതവും കുഞ്ഞിന്റെ സ്വതവേ ബലിഷ്ഠവും സുദൃഢവുമായ ശരീരവളര്‍ച്ചക്കു ഏറ്റവും അനുയോജ്യമായി. ദൃഢഗാത്രനും കോമളനുമായി വളര്‍ന്നു. കരാറനുസരിച്ച് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഹലീമ കുട്ടിയെ ആമിനയുടെ അടുക്കല്‍ കൊണ്ടു വന്നു. എന്നാല്‍ ആ രണ്ടു മാതാക്കള്‍ക്കും തമ്മിലുണ്ടായ സ്നേഹ ബഹുമാനങ്ങള്‍ നിമിത്തവും, ഹലീമാബീവിക്ക് വളര്‍ത്തുപുത്രനോടുള്ള സ്നേഹാധിക്യം കാരണമായും വീണ്ടും രണ്ടുകൊല്ലത്തേക്കു കൂടി കുട്ടിയെ അവര്‍ സ്വഗൃഹത്തിലേക്ക് തന്നെ കൊണ്ടുപോയി.

അഞ്ചു വയസ്സ് പൂര്‍ത്തിയാകുന്നതുവരെ നബി ഹലീമയുടെ കൂടെ മരുഭൂമിയില്‍ കഴിഞ്ഞുകൂടി. ആ ബാല്യകാലത്ത് പ്രധാനമായി അവിടുന്ന് സമ്പാദിച്ചത് വിശപ്പും ദാഹവും സഹിക്കുവാനും അത്യദ്ധ്വാനം ചെയ്യാനും കഴിവുള്ള ആരോഗ്യദൃഢതയായിരുന്നു. കൂടാതെ സ്വാതന്ത്യ്ര തൃഷ്ണയും മനോദാര്‍ഢ്യവും നബിയില്‍ വേരുറച്ചു. അറബിഭാഷയുടെ കലര്‍പ്പില്ലാത്ത ശുദ്ധശൈലിയും ആ മരുപ്രദേശത്തു നിന്ന് കരസ്ഥമായി.

ആറാമത്തെ വയസ്സില്‍ നബി മാതാവിന്റെ അടുക്കല്‍ തിരിച്ചെത്തി. ഹലീമയോടും കുടുംബത്തോടുമുള്ള നബിയുടെ സ്നേഹം അതീവ ഊഷ്മളവും സ്ഥിരവുമായിരുന്നു. ജീവിതാവസാനം വരെ ഈ സ്നേഹബഹുമാനാദരവുകള്‍ നിലനിന്നു. നബിയുടെ വിവാഹാനന്തരം അറേബ്യയില്‍ ഒരു ക്ഷാമമുണ്ടായി. തദവസരത്തില്‍ ഹലീമ നബിയെ സന്ദര്‍ശിച്ചു. മടങ്ങിപ്പോരുമ്പോള്‍ നബി അവര്‍ക്കു ചരക്കു കയറ്റിയ ഒരു ഒട്ടകത്തെയും നാല്‍പ്പത് ആടിനെയും സമ്മാനിക്കുകയുണ്ടായി. ഹലീമാബീവി നബിയുടെ സമീപത്തെത്തുമ്പോഴൊക്കെ അവരോടുള്ള സ്നേഹാദരവുകള്‍ മൂലം നബി സ്വന്തം ഉത്തരീയമെടുത്ത് ഇരിക്കാനായി അവര്‍ക്കു വിരിച്ചുകൊടുക്കുക പതിവായിരുന്നു. ത്വാഇഫ് പ്രതിരോധത്തിനുശേഷം തടവുകാരാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഹലീമാബീവിയുടെ പുത്രി ശയ്മയുമുണ്ടായിരുന്നു. നബിയുടെ മുമ്പാകെ അവരെ കൊണ്ടുവന്നപ്പോള്‍, നബി അവരെ തിരിച്ചറിയുകയും അവരെ ബഹുമാനപൂര്‍വ്വം അവരുടെ ആഗ്രഹമനുസരിച്ച് സ്വഗൃഹത്തിലേക്കു മടക്കി അയക്കുകയും ചെയ്തു.

ആറാമത്തെ വയസ്സില്‍ മാതാവിന്റെ അടുക്കല്‍ മടങ്ങിയെത്തിയ നബിയെ ആമിനാബീവി സ്നേഹമസൃണമായി പരിലാളിച്ചു. അബ്ദുല്‍ മുത്വലിബ് പൌത്രനെ സ്വന്തം സംരക്ഷണത്തില്‍ കൊണ്ടുനടക്കുക മാത്രമല്ല, സ്നേഹവാത്സല്യങ്ങള്‍ ചൊരിയുകയും ചെയ്തു. സദാ സമയവും അദ്ദേഹത്തിന്റെ ശ്രദ്ധ ആ ഓമനബാലനില്‍ പതിഞ്ഞു. പിതാവില്ലാത്ത അനാഥത്വം കുട്ടിയെ ഒരിക്കലും ശല്യപ്പെടുത്തരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു.

അത്യധികം ആനന്ദസന്ദായകമായ ജീവിതമായിരുന്നു അക്കാലത്ത് നബിയും മാതാവും പിതാമഹനും നയിച്ചിരുന്നത്. പക്ഷേ, ഈ ആനന്ദജീവിതം അധികകാലം തുടരാനായില്ല. തന്റെ ഏകസന്താനത്തെ ഭര്‍ത്താവിന്റെ മാതൃസഹോദരീസഹോദരന്മാര്‍ക്കു പരിചയപ്പെടുത്താന്‍ ആമിനാബീവി അതിയായി ആഗ്രഹിച്ചു. ഉമ്മുഅയ്മന്‍ എന്ന പരിചാരികയെയും കൂട്ടി മാതാവും പുത്രനും മദീനയിലേക്കു പുറപ്പെട്ടു. വഴിക്കുവെച്ച് പിതാവ് മരിച്ച വീടും അദ്ദേഹത്തെ ഖബറടക്കിയ സ്ഥലവും ആമിനാബീവി പുത്രനു കാണിച്ചുകൊടുത്തു. പിതാവിനെക്കുറിച്ചുള്ള പല കഥകളും മാതാവ് പുത്രനു പറഞ്ഞുകൊടുത്തു. മദീന യാത്രയിലെ സംഭവങ്ങളെല്ലാം വളരെക്കാലത്തിനു ശേഷം ഓര്‍ക്കുകയും അവയെപ്പറ്റി പില്‍ക്കാലത്ത് പലപ്പോഴും അനുയായികളോട് വിശദീകരിക്കുകയും ചെയ്തിരുന്നു. താനൊരു അനാഥ ബാലനാണെന്നുള്ള യാഥാര്‍ഥ്യം അക്കാലത്തു തന്നെ നബിയുടെ മനസ്സില്‍ രൂഢമൂലമാവുകയും ചെയ്തു.

ആമിനാബീവിയും മകനും ഒരു മാസക്കാലമേ മദീനയില്‍ താമസിച്ചിരുന്നുള്ളൂ. പരിചാരികയായി ഉമ്മുഅയ്മനുമായി അവര്‍ പുത്രനോടൊപ്പം മക്കത്തേക്കു പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ അബവാഅ് എന്ന സ്ഥലത്തുവച്ച് ആമിനാബീവി രോഗബാധിതയാവുകയും അവിടെ വച്ചു തന്നെ മരണപ്പെടുകയും ചെയ്തു. അവരെ അവിടെ തന്നെ ഖബറടക്കിയ ശേഷം ദുഃഖിതനായ ബാലനും പരിചാരികയും യാത്ര തുടര്‍ന്നു. ആറുവയസ്സു പോലും പൂര്‍ത്തിയാകാത്ത ആ അനാഥബാലന്‍ അനുഭവിച്ച ദുഃഖങ്ങള്‍ എത്രമാത്രം വേദനാജനകമാണെന്നോ! പിതാവും മാതാവും നഷ്ടപ്പെട്ടു. സഹോദരീ സഹോദരന്മാരായി ആരുമില്ല. സ്വപിതാവിന്റെ മുഖദര്‍ശനം പോലും ലഭിച്ചിട്ടില്ല. ഇപ്പോള്‍ മാതാവിന്റെ മരണവും.

മക്കത്തെത്തിയ പൌത്രനെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഏതിരേറ്റത്. സ്വന്തം മകനെപ്പോലെ വാത്സല്യത്തോടെ പൌത്രനെ വളര്‍ത്തി. കഅ്ബയുടെ തണലില്‍ അബ്ദുല്‍ മുത്വലിബിന് വിരിപ്പു വിരിച്ചിരിക്കും. അദ്ദേഹത്തിന്റെ പുത്രന്മാര്‍ വിരിപ്പിന്റെ ഓരത്ത് ഒതുക്കത്തോടെ ഇരിക്കും. നബി തിരുമേനി അവിടെ വരുമ്പോള്‍ നേരെ വിരിപ്പിലേക്കാണ് ചെല്ലുക. അതുകാണുമ്പോള്‍ പിതൃവ്യന്മാര്‍ കുട്ടിയെ പിടിച്ചു തങ്ങളുടെ കൂടെ ഇരുത്താന്‍ ശ്രമിക്കും. എന്നാല്‍ അബ്ദുല്‍ മുത്വലിബ് അവരോട് പറയും. ‘വേണ്ട, അവനെ വിടൂ. അവന്‍ എന്റെ കൂടെ തന്നെ ഇരിക്കട്ടെ. എന്റെ ഈ പ്രിയപുത്രന്‍ വലിയ മഹാനായിത്തീരും.’ എന്നിട്ട് കുട്ടിയെ തന്നോടൊപ്പം പിടിച്ചിരുത്തി സ്നേഹവാത്സല്യത്തോടെ തലോടും.

ഇപ്രകാരം പ്രിയപിതാമഹന്റെ വാത്സല്യപരിചരണത്തില്‍ നബി രണ്ടു വര്‍ഷം കഴിച്ചുകൂട്ടി. എട്ടു വയസ്സ് പ്രായമുള്ളപ്പോള്‍ വന്ദ്യവയോവൃദ്ധനായ പിതാമഹന്‍ നിര്യാതനായി. കുട്ടിയെ വളര്‍ത്താന്‍ തന്റെ മൂത്തപുത്രനും നബിയുടെ മൂത്താപ്പയുമായ അബൂത്വാലിബിനെ ഏല്‍പ്പിച്ചുകൊണ്ടാണ് അദ്ധേഹം കണ്ണടച്ചത്. അബ്ദുല്‍ മുത്വലിബിന്റെ പത്തു പുത്രന്മാരില്‍ അബൂത്വാലിബ്, അബ്ദുല്ലാഹ്, സുബൈര്‍ എന്നീ മൂവരും മാതാവും പിതാവും ഒന്നൊത്ത സഹോദരന്മാരാണ്. ഇവരുടെ മാതാവ് ഫാത്വിമ മഖ്സൂമിയ്യയാണ്.

തന്നെ പുത്രതുല്യം സ്നേഹിച്ചു ലാളിച്ചു വളര്‍ത്തിയ രക്ഷിതാവിന്റെ മൃതശരീരത്തിനു പിന്നാലെ ആ ബാലന്‍ ശ്മശാനം വരെ നടന്നു ചെന്നു. അന്ത്യകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. മാതാവ് മരിച്ചപ്പോഴുണ്ടായ ദുഃഖം പോലെ തന്നെ പിതാമഹന്റെ അന്ത്യത്തിലും അതീവ ദുഃഖിതനായി. തുടര്‍ന്നുള്ള നബിയുടെ ജീവിതം അബൂത്വാലിബിന്റെ കൂടെയായിരുന്നു. തന്റെ മാതൃസ്ഥാനവും പിതൃസ്ഥാനവും ഒരുപോലെ വഹിച്ചുപോന്ന അബൂത്വാലിബിന്റെ നേര്‍ക്ക് നബിക്ക് വലുതായ ആദരവുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ആദരവോടെയല്ലാതെ നബി ഒരുകാലത്തും സംസാരിച്ചിട്ടില്ല. നബി ധിഷണാശാലിയും ആര്‍ദ്രചിത്തനും വിശാലഹൃദയനും കുലീന സ്വഭാവിയുമായിരുന്നതിനാല്‍ അദ്ദേഹത്തെ അബൂത്വാലിബ് സ്വപുത്രന്മാരെക്കാള്‍ കൂടുതല്‍ സ്നേഹിച്ചിരുന്നു. പിതൃവ്യനോടൊപ്പം നബി മക്കയില്‍ തന്നെ താമസം തുടര്‍ന്നു. തീര്‍ഥാടകര്‍ക്കു ജലദാനം ചെയ്യുക, അവരെ പരിചരിക്കുക തുടങ്ങിയ പിതൃവ്യന്റെ പ്രധാന ജോലികളില്‍ കഴിയുന്ന സഹായം ചെയ്തുകൊണ്ടിരുന്നു. കുറച്ചുകാലം അദ്ദേഹത്തിന്റെ ആടുകളെ മേയ്ക്കുന്ന ജോലിയും ചെയ്തു.

നബിയുടെ പന്ത്രണ്ടാം വയസ്സില്‍ അബൂത്വാലിബ് വ്യാപാരാര്‍ഥം സിറിയയിലേക്ക് പുറപ്പെടാന്‍ നിശ്ചയിച്ചു. യാത്രാക്ളേശവും മരുഭൂമിയിലൂടെയുള്ള സഞ്ചാരവും പരിഗണിച്ച് നബിയെ കൊണ്ടുപോകാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ അബൂത്വാലിബില്‍ നിന്നും പിരിഞ്ഞു നില്‍ക്കാനുള്ള വിഷമം നിമിത്തം തന്നെക്കൂടി കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഒരു വ്യാപാര സംഘത്തോടൊപ്പം ഇരുവരും സിറിയയിലേക്കു പുറപ്പെട്ടു. സിറിയയുടെ തെക്കുഭാഗത്തുള്ള ബുസ്വ്റായില്‍ അവരെത്തി. അവിടെവച്ച് ബഹീറ എന്ന കൃസ്ത്യന്‍ പാതിരി നബിയെ കണ്ടപ്പോള്‍, ക്രൈസ്തവ വേദഗ്രന്ഥങ്ങളില്‍ വിവിരിച്ചിട്ടുള്ള വാഗ്ദത്ത പ്രവാചകന്റെ ലക്ഷണങ്ങള്‍ കുട്ടിയില്‍ കാണുന്നുണ്ടെന്നും, യഹൂദന്മാര്‍ ഈ ലക്ഷണങ്ങള്‍ കണ്ടു നബിയെ ഉപദ്രവിച്ചേക്കുമെന്നും അതിനാല്‍ കുട്ടിയെ സിറിയയിലേക്കു കൊണ്ടുപോകരുതെന്നും ഉപദേശിക്കുകയുണ്ടായി. ഈ വ്യാപാരയാത്രയില്‍ അബൂത്വാലിബിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ധാരാളം ലാഭം കിട്ടിയിരുന്നു. ഈ ദീര്‍ഘ യാത്രയില്‍ നിന്നും നബിക്കു നൂതനമായ പല അറിവുകളും ലഭിക്കുകയുണ്ടായി.

നബിക്കു പതിനഞ്ചു വയസ്സുള്ളപ്പോള്‍ ഒരു യുദ്ധം നേരിട്ടു കാണാനും കുറച്ചൊക്കെ അതില്‍ പങ്കെടുക്കാനും അവസരമുണ്ടായി. കിനാന, ഖൈസ് എന്നീ ഗോത്രങ്ങളും ഖുറൈശികളുമായിട്ടായിരുന്നു യുദ്ധം. ഈ യുദ്ധം ഹറമിന്റെ അതിര്‍ത്തിയും ലംഘിച്ചതിനാല്‍ അതിനു ഹര്‍ബുല്‍ ഫിജാര്‍ (പരിശുദ്ധമല്ലാത്ത യുദ്ധം) എന്ന പേര്‍ വീണു. ഈ യുദ്ധത്തില്‍ നബി വഹിച്ച പങ്ക് യുദ്ധരംഗത്ത് അങ്ങിങ്ങായി പതിക്കുന്ന അസ്ത്രങ്ങള്‍ പെറുക്കിയെടുത്ത് അബൂത്വാലിബിനെ ഏല്‍പ്പിക്കുന്ന ജോലിയായിരുന്നു. അദ്ദേഹമാണ് ഈ യുദ്ധത്തില്‍ ബനൂഹാശിമിന്റെ നേതൃത്വം വഹിച്ചത്. നബി ഏറെക്കുറെ ഒരു ദൃക്സാക്ഷിയായിട്ടു മാത്രമാണ് കഴിച്ചുകൂട്ടിയത്. പക്ഷേ, അറബികളുടെ യുദ്ധരീതികള്‍ പഠിച്ചറിയാന്‍ ഈ യുദ്ധം നബിക്ക് അവസരം നല്‍കി.

ഹര്‍ബുല്‍ ഫിജാറിനു ശേഷം ഖുറൈശികളില്‍ ബനൂഹാശിം, ബനൂഅസദ്, ബനൂതമീം മുതലായ കുടുംബക്കാര്‍ ഒത്തുചേര്‍ന്നു. ‘ഏതു കുടുംബത്തില്‍പ്പെട്ടവരായിരുന്നാലും അക്രമിക്കപ്പെട്ട് മക്കത്തേക്കു വന്നാല്‍ അവരെ സഹായിക്കുക’ എന്നു പ്രതിജ്ഞയെടുക്കുകയും അതനുസരിച്ച് ഉടമ്പടിയുണ്ടാക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ജദ്ആന്‍ എന്നവ രുടെ വസതിയില്‍ വെച്ചാണ് ഇപ്രകാരമൊരു ഉടമ്പടി ഉണ്ടാക്കിയത്. പ്രവാചകത്വലബ്ധി ക്കു ശേഷം നബി തിരുമേനി ഇതു സംബന്ധിച്ചു പറഞ്ഞത് ഇപ്രകാരമാണ്: ആ പ്രതിജ്ഞ ചെയ്യുമ്പോള്‍ ഞാനും അവിടെയുണ്ടായിരുന്നു. അതില്‍ എനിക്കേറെ സന്തോഷമുണ്ട്. അതുപോലെയുള്ള ഉടമ്പടി ഇനിയും ആരെങ്കിലും ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ ഞാനും അതിനു തയ്യാറാണ്.

ജനനത്തിനു മുമ്പേ പിതാവ് മരിക്കുക, ശൈശവത്തില്‍ മാതാവ് മരിക്കുക, എട്ടുവയസ്സില്‍ തന്നെ പിതാമഹന്റെ വേര്‍പാട്, താരതമ്യേനയുള്ള ദരിദ്രജീവിതം. ഈ ദുഃഖാനുഭവങ്ങളുടെ മാധ്യത്തില്‍ സദാ നിരാഡംബരനായും, ചിന്താമഗ്നനായും കഴിഞ്ഞുപോന്ന നബി മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായി പവിത്രമായ ജീവിതമാണ് നയിച്ചിരുന്നത്. സുഖഭോഗങ്ങളില്‍ അദ്ദേഹം തീരെ തല്‍പരനായിരുന്നില്ല. അറേബ്യയിലെ അന്നത്തെ യുവാക്കളുടെ അസാന്മാര്‍ഗിക ജീവിതവുമായി നബിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

പ്രവാചകത്വത്തിനു മുമ്പേ സദ്ഗുണങ്ങളില്‍ തിരുനബി മാതൃകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ ഏകകണ്ഠമായി അംഗീകരിക്കുന്നു. സത്യസന്ധത, വിശ്വാസദാര്‍ഢ്യം, സല്‍സ്വഭാവം തുടങ്ങിയ ഗുണങ്ങള്‍ പ്രസിദ്ധമാണ്. ലളിതവും ഹൃദ്യവുമായ പെരുമാറ്റവും, പവിത്രമായ സദാചാരബോധവും, പ്രതിജ്ഞാബദ്ധവും പരിശുദ്ധവുമായ ജീവിതവും, ഉന്നതമായ സംസ്കാരങ്ങളും, അഗതികള്‍ക്കും ആവശ്യക്കാര്‍ക്കും ഏതു നിമിഷത്തിലും സഹായം ചെയ്യാനുള്ള സന്നദ്ധതയും, വിശുദ്ധമായ വിചാരവികാരങ്ങളും, ലക്ഷ്യത്തില്‍ സമ്പൂര്‍ണ്ണ പ്രതിപത്തിയും, കടമ നിര്‍വ്വഹിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത നിഷ്കര്‍ഷയുമെല്ലാം മക്കാ നിവാസികളെ ഹഠാദാകര്‍ഷിച്ചു. തന്മൂലം അവര്‍ ‘അല്‍അമീന്‍’ എന്ന മഹത്തായ ബഹുമതി നാമം അദ്ദേഹത്തിനു നല്‍കി. ജനങ്ങള്‍ തങ്ങളുടെ വസ്തുക്കള്‍ കൊണ്ടുവന്ന് അല്‍അമീന്റെ പക്കല്‍ അമാനത്ത് വെക്കാറുണ്ട്.

നബി എഴുതുവാനോ വായിക്കാനോ അറിയാത്ത ഉമ്മിയ്യായിരുന്നു. സ്വയം അദ്ധ്വാനിച്ചാണ് ഉപജീവനം കഴിച്ചിരുന്നത്. ഒരു വര്‍ത്തകനെന്ന നിലയില്‍ നബി സമ്പാദിച്ച സത്യസന്ധന്‍, വിശ്വസ്തന്‍ എന്നീ സല്‍കീര്‍ത്തികള്‍ മക്കാ നിവാസികളുടെ ഇടയില്‍ നബിക്ക് അഭൂതപൂര്‍വ്വമായ പദവി നേടിക്കൊടുത്തു. അദ്ദേഹത്തെ കൂടുതല്‍ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തത് അബൂത്വാലിബായിരുന്നു. ഖദീജാബീവിയെ വിവാഹം ചെയ്തതിനു ശേഷം അവരുടെ മൂലധനമുപയോഗിച്ച് നബി വ്യാപാരത്തിലേര്‍പ്പെട്ടു. കിട്ടുന്ന വരുമാനത്തില്‍ ഇരുവരും പങ്കുകൊള്ളും. ചില സന്ദര്‍ഭങ്ങളില്‍ ഖദീജാബീവിയെ കൂടാതെ മറ്റു വര്‍ത്തകരുമായും കൂട്ടുചേര്‍ന്നു വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു.

അക്കാലത്ത് നബി മക്കക്കു സമീപമുള്ള ജബലുന്നൂറിലെ ഗുഹയില്‍ ധ്യാനത്തിനു ചെല്ലുക പതിവായിരുന്നു. ദിവസങ്ങളോളം അവിടെ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് ഈ ഗുഹയില്‍ ചെന്നു പ്രാര്‍ഥിക്കുക പതിവായിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പത്തിലേ നബിക്കു വിഗ്രഹാരാധനയോട് വെറുപ്പായിരുന്നു. വിഗ്രഹാരാധന നടക്കുന്ന സ്ഥലത്തുപോലും അവിടുന്ന് കാലുകുത്താറുണ്ടായിരുന്നില്ല. വിഗ്രഹങ്ങള്‍ക്ക് വേണ്ടി അറുക്കപ്പെട്ട ജീവികളുടെ മാംസം ഭുജിച്ചിരുന്നില്ല. എന്നാല്‍ കഅ്ബക്കു ചുറ്റും ത്വവാഫ് ചെയ്യാറുണ്ടായിരുന്നു. ഹജ്ജും നിര്‍വ്വഹിക്കാറുണ്ടായിരുന്നു. മദ്യപാനത്തില്‍ നിന്നൊഴിവായി അവിടുന്ന് സദാ പരിശുദ്ധി പാലിച്ചു വന്നു.


RELATED ARTICLE

  • തിരുനബി സാമീപ്യം
  • തിരുമേനിയുടെ അനുയായികള്‍
  • തിരുനബിയുടെ സാംസ്കാരിക വിപ്ളവം
  • നബി(സ്വ) യുടെ ആഹാര ക്രമം
  • നബി(സ്വ):രൂപഭാവങ്ങള്‍
  • പ്രവാചകത്വം എന്തുകൊണ്ട് ? എങ്ങനെ?
  • തിരുനബി(സ്വ)യുടെ സവിശേഷതകള്‍
  • കുടുംബം, മാതാവ്, പിതാവ്
  • ദേശം, ജനത, ഭാഷ
  • സുവാര്‍ത്തകള്‍,ശുഭസൂചനകള്‍, പ്രവചനങ്ങള്‍
  • ലോകം, ജനത, സംസ്കാരം പ്രവാചകര്‍(സ്വ)ക്ക് മുമ്പ്
  • തിരുനബിയുടെ ബഹുഭാര്യത്വം
  • പ്രവാചകനും പ്രബോധന മാര്‍ഗങ്ങളും
  • പ്രവാചകന്റെ ഭരണം, രാഷ്ട്രീയം
  • മുഹമ്മദ് നബി സാധിച്ച വിപ്ളവം
  • വിഖ്യാതമായ മൌലിദ് ഗ്രന്ഥങ്ങള്‍
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • തിരുഭവനം ചരിത്രനിയോഗം
  • മുഹമ്മദ് നബി (സ്വ) യെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം
  • റൌള: കാലഘട്ടങ്ങളിലൂടെ
  • പ്രവാചക ദൌത്യം
  • നബി (സ്വ) യുടെ വ്യക്തിത്വം
  • ഹിജ്റ
  • നബിയിലെ സാരഥ്യം
  • മദീനത്തുര്‍റസൂല്‍
  • തിരുനബി (സ്വ) യുടെ സഹപ്രവര്‍ത്തകര്‍
  • കുടുംബ ജീവിതം
  • പ്രവാചകന്റെ കുട്ടിക്കാലം
  • തിരുനബി സാമീപ്യം
  • ഹിറാ പൊത്തില്‍ നിന്ന് പൊളിച്ചെഴുത്തിനുള്ള വെളിച്ചം