Click to Download Ihyaussunna Application Form
 

 

തജ് വീദുല്‍ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ പദ്യമല്ല, ഗദ്യമാകുന്നു. അതിന്റെ ശൈലി ഗദ്യപദ്യ സമ്മിശ്രവും. ഖുര്‍ആന്‍, അല്ലാഹുവിന്റെ തിരുവചനങ്ങളായതിനാല്‍ അതിന്റെ അക്ഷരങ്ങള്‍ക്കും പദങ്ങള്‍ ക്കും പ്രത്യേക പദവിയും ബഹുമാനവുമുണ്ട്. മനുഷ്യന്‍ എഴുതിയ വാക്കുകള്‍ പോലെ ഖുര്‍ആന്‍ വാക്കുകള്‍ ലാഘവത്തോടെ വായിക്കുവാനോ കൈകാര്യം ചെയ്യുവാനോ പാടുള്ളതല്ല. ഓരോ പദത്തിനും വ്യക്തമായ ഉച്ചാരണ ശബ്ദവും പ്രത്യേക സ്വരവും ഭാഷാ പണ് ഢിതന്മാര്‍ നിര്‍ണയിച്ചിട്ടുണ്ട്. അത് പൂര്‍ണമായും പാലിക്കാത്ത പക്ഷം ആ വാക്കുകളുടെ ഉദ്ദേശ്യാര്‍ഥം മാറുകയും പ്രസ്തുത വായന തെറ്റായി ഗണിക്കപ്പെടുകയും ചെയ്യുന്നു.

വിശുദ്ധ ഖുര്‍ആന്‍ അറബി ഭാഷയില്‍ ആയതു കൊണ്ട് ആ ഭാഷയിലെ പാരായണ നിയമ ശാസ്ത്രം വ്യക്തമായി അറിയേണ്ടതും അതു പ്രകാരം മാത്രം പാരായണം ചെയ്യേണ്ടതുമാണ്. തജ് വീദ് എന്ന പദത്തിന്റെ ഭാഷാര്‍ഥം നന്നാക്കുക, മെച്ചപ്പെടുത്തുക എന്നൊക്കെയാകുന്നു. ഖുര്‍ആനിലെ അക്ഷരങ്ങള്‍ക്ക് ഉച്ചാരണ സ്ഥാനവും സ്വരവും നല്‍കുകയും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ഉപനിയമങ്ങളും പൂര്‍ണമായി പാലിക്കുക എന്നതാണ്  തജ് വീദ്  കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്ന അര്‍ഥം.

സാധാരണക്കാരായ മുസ്ലിംകള്‍ക്ക് പ്രത്യേകിച്ചും പണ്ഢിതന്മാര്‍ക്ക് പൊതുവായും കിട്ടുന്ന ഗുണങ്ങളിലൊന്ന് പാരായണം വഴിയുള്ള പ്രതിഫലമാണെന്ന് മുഹമ്മദ് നബി(സ്വ) യുടെ തിരുവചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഖുര്‍ആനിലെ ഒരക്ഷരം ഉച്ചരിച്ചാല്‍ പത്തു ഗുണങ്ങളാണ് അല്ലാഹു നല്‍കുന്നത്. ഓരോ അക്ഷരവും പ്രത്യേകം ഗൌനിക്കണമെന്ന് ഇത് വ്യക്തമാക്കുന്നു.

ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ പാലിക്കേണ്ട തജ് വീദിന്റെ മിക്ക നിയമങ്ങളും മറ്റു ഗദ്യപാരായണങ്ങളില്‍ പാലിക്കേണ്ടതില്ലാത്തവയാണ്. ഈ നിയമങ്ങള്‍ പാലിക്കുമ്പോള്‍ മാത്രമെ ആകര്‍ഷകമായ ഒരു കാവ്യാത്മകത ഖുര്‍ആന്‍ പാരായണത്തിന്റെ ഈണത്തില്‍ നിന്ന് ഉണ്ടാകുകയുള്ളൂ. അല്ലാഹുവിന്റെ വചനങ്ങളിലേക്ക് സ്വന്തത്തെയും മറ്റുള്ളവരെയും ആകര്‍ഷിപ്പിക്കുന്ന ഹൃദയഹാരിയായ ആ ശൈലി ഓരോ മുസ്ലിമും അനിവാര്യമായും പഠിക്കേണ്ടതുണ്ട്. ഇല്‍മുത്തജ് വീദ്ദിന്റെ പ്രാധാന്യം ഇവിടെ ബോധ്യപ്പെടുന്നു.

അറബി ഭാഷ അറിയാത്തവര്‍ പോലും ഖുര്‍ആന്റെ തജ് വീദുല്‍ പ്രകാരമുള്ള പാരായണത്തില്‍ വശീകരിക്കപ്പെടുന്നതായി അനുഭവങ്ങള്‍ വിളിച്ചോതുന്നുണ്ട്.

ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ, തജ് വീദിന്റെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഖുര്‍ആന്‍ ഓതുന്നവര്‍ കുറഞ്ഞു വരികയാണിന്ന്. ഈ രംഗത്ത് നമ്മുടെ പണ്ഢിതന്മാരും മുതഅല്ലിംകളും സാധാരണക്കാരുമെല്ലാം കൂടുതല്‍ ശ്രദ്ധിക്കുകയും തജ് വീദ്പ്രകാരം മാത്രം ഖുര്‍ആന്‍ പാ രായണം ചെയ്യാന്‍ പ്രതിജ്ഞ എടുക്കുകയും വേണം. കുറെ നീട്ടുകയും മണിക്കുകയും ചെ യ്താല്‍ തജ് വീ  ദാകുന്നില്ല. തജ് വീദ്ദിന്റെ നിയമങ്ങള്‍ വിവരിച്ചിട്ടുള്ള നിരവധി ഗ്രന്ഥങ്ങള്‍ ഉണ്ട്. അവ ആസ്പദമാക്കി പ്രഗത്ഭരായ പണ്ഢിതന്മാരില്‍ നിന്ന് പരമ്പരാഗതമായി കേട്ടു മ നസ്സിലാക്കിയ പാരായണ രീതികളാണ് പിന്തുടരേണ്ടത്.

നബി(സ്വ)പറയുന്നു: “എത്രയെത്ര ഓത്തുകാര്‍ ഖുര്‍ആന്‍ ഓതുന്നു. ഖുര്‍ആന്‍ ആകട്ടെ അവരെ ശപിച്ചുകൊണ്ടിരിക്കുന്നു” (ബുഖാരി).

നിയമങ്ങള്‍ അറിയാതെ ഈണം ഉണ്ടാക്കുന്നവരും തജ് വീദ് പഠിച്ച ശേഷം അതു പാലിക്കാത്തവരും അല്ലാഹുവിന്റെ ശാപത്തിന് വിധേയരാണെന്ന് തിരുനബി(സ്വ)വളരെ ഗൌരവത്തോടെ ഉണര്‍ത്തിയിരിക്കുന്നു.

“അന്നശ്റു ഫീ ഖിറാആത്തില്‍ അശ്റി, സിറാജുല്‍ ഖാരി, അഹ്കാമു തജ് വീദില്‍ ഖുര്‍ആന്‍, അല്‍ഇത്ഖാന്‍, നിഹായത്തു ഖൌലില്‍ മുഫീദ്, അല്‍ഖുലാസ്വത്തു ഫീ ഇല്‍മിത്തജ്വീദ്, അത്തബ്സ്വിറത്ത്” എന്നിങ്ങനെ ഒട്ടനവധി പ്രാമാണിക ഗ്രന്ഥങ്ങള്‍ തജ് വീദിന്റെ പ്രാധാന്യവും പ്രസക്തിയും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മുതഅല്ലിംകള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കുന്ന ലളിതമായ ശൈലിയില്‍ മര്‍ഹൂം പി. ഹസന്‍ മുസ്ലിയാര്‍ (നറുകര) രചിച്ച തീജാനുല്‍ ഖാരിഅ് വ സിറാജുല്‍ മുബ്തദി എന്ന ഗ്രന്ഥവും ഈ ഗണത്തില്‍ ശ്രദ്ധേയമാണ്. പ്രസ്തുത ഗ്രന്ഥങ്ങള്‍ ആസ്പദമാക്കി തജ് വീദിലെ പ്രധാന ഭാഗങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാം.

അല്ലാഹുവിന്റെ ഗ്രന്ഥത്തെ അക്ഷര വ്യത്യാസം സംഭവിക്കുന്നതില്‍ നിന്ന് രക്ഷിക്കേണ്ടത് മുസ്ലിംകളുടെ സാമൂഹ്യബാധ്യത ആയതിനാല്‍  തജ് വീദ്എന്ന പഠനം ഫര്‍ള് കിഫായ (സാമൂഹ്യബാധ്യത) ആകുന്നു.

അഞ്ച് അടിസ്ഥാനങ്ങള്‍

തജ് വീദ് എന്ന വിജ്ഞാന ശാസ്ത്രം അഞ്ച് അടിസ്ഥാന തത്വങ്ങളെ അവലംബിക്കുന്നു.

(1) നബി(സ്വ)യില്‍ നിന്ന് സ്വഹാബിമാരിലൂടെ പാരമ്പര്യമായി ലഭിച്ചിട്ടുള്ള പാരായണ രീതി യുടെ ശൃംഖല ശരിയായിരിക്കല്‍  .

(2) അക്ഷരങ്ങളുടെ ഉച്ചാരണ സ്ഥാനങ്ങള്‍ അറിയല്‍ .

(3) അക്ഷരങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അവയുടെ പ്രത്യേക ഭാവങ്ങള്‍ അറിയല്‍ .

(4) ഒരക്ഷരം മറ്റൊന്നിനോടു സന്ധിക്കുമ്പോള്‍ ഉണ്ടാകുന്ന സ്വരഭേദം സംബന്ധിച്ച പരി ജ്ഞാനം നേടല്‍ .

(5) മേല്‍ പറഞ്ഞ ക്രമങ്ങള്‍ നിരന്തരമായ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുക്കല്‍ .

ഖിറാഅത്തിന്റെ പരമ്പര

നബി(സ്വ)യില്‍ നിന്നും സ്വഹാബിമാര്‍ ഖുര്‍ആന്‍ പാരായണം കേട്ടു മനസ്സിലാക്കി, അവരില്‍ നിന്നും താബിഉകള്‍, താബിഉതാബിഉകള്‍ ഓരോ അക്ഷരവും വാക്യവും അതിന്റെ പ്രത്യേകതയോടെ പിന്‍തലമുറകളിലേക്ക് കൈമാറി. അന്ത്യദിനം വരെ ഈ പരമ്പരാഗതമായ പാരായണ രീതി നിലനില്‍ക്കുന്നതിന് താഴെ പറയുന്ന ഏഴ് ഖാരിഉകള്‍ അവരുടെ അധ്വാനവും സമയവും പൂര്‍ണമായി വിനിയോഗിച്ചു.

(1) നാഫിഅ് (റ) ‏- മദീന

(2) അബ്ദുല്ലാഹിബ്നു കസീര്‍ (റ) ‏- മക്ക

(3) അബൂ അംറ് (റ) – ബസ്വറ

(4) ഇബ്നു ആമിര്‍ (റ) ‏- സിറിയ

(5) ആസ്വിം (റ) – കൂഫ

(6) അലിയ്യുബ്നു ഹംസതുല്‍ കസാഇ (റ) ‏- കൂഫ

(7) അലിയ്യുല്‍ കൂഫി (റ)

ഇവര്‍ക്ക് പുറമെ യഅ്ഖൂബ് (റ), ഖലഫ്ബ്നു ഹിശാം (റ), യസീദ്ബ്നു അല്‍ ഖഅ്ഖാഅ് (റ) എന്നിവരുടെ റിപ്പോര്‍ട്ടുകളിലും ഖിറാഅത്തിന്റെ വിശദമായ പ്രതിപാദനങ്ങള്‍ ഉണ്ട്.

വിശുദ്ധ ഖുര്‍ആനിലെ ഓരോ അക്ഷരവും ഉച്ചരിക്കുമ്പോള്‍ തിരുനബി(സ്വ)പഠിപ്പിച്ചതു പോലെ മാത്രമെ ഉച്ചരിക്കാന്‍ പാടുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ഥ മുസ്ലിം കല്‍  . മേല്‍ പറയപ്പെട്ട പ്രധാന ഖാരിഉകളായ പണ്ഢിതന്മാരുടെ പാരായണ രീതിയില്‍ ഏതും പിന്തുടരാവുന്നതും അവര്‍ പഠിപ്പിച്ചതിനു വിരുദ്ധമായ ഖിറാഅത്തുകള്‍ മുസ്ലിം കള്‍ക്ക് നിഷിദ്ധവുമാണ്. ഇവരില്‍ ആസ്വിം(റ)ന്റെ റിപ്പോര്‍ട്ട് അനുസരിച്ചുള്ള പാരായണമാണ് നമ്മുടേത്.


RELATED ARTICLE

  • ഉച്ചാരണ സ്ഥാനങ്ങള്‍
  • നിസ്വരമായ നൂനും തന്‍വീനും
  • ദീര്‍ഘ സ്വരങ്ങള്‍
  • തജ് വീദുല്‍ ഖുര്‍ആന്‍