ഖുര്‍ആനും സസ്യശാസ്ത്രവും

സസ്യങ്ങളും സസ്യോല്‍പന്നങ്ങളും വിശുദ്ധ ഖുര്‍ആന്റെയും നബിവചനങ്ങളുടെയും പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്നതിന് പണഢിതന്മാര്‍ പ്രയത്നിക്കുകയുണ്ടായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലാണ് ആദ്യഘട്ടങ്ങളില്‍ അവര്‍ ഉള്‍ക്കൊള്ളിച്ചത്. നബിവചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട ചെടികളെക്കുറിച്ചും ഇ ത്തരം അന്വേഷണങ്ങളുണ്ടായി.

ഈന്തപ്പന, ഒലീവ്, മുന്തിരി, മന്ന, ഉറുമാന്‍, അത്തി, കാറ്റാടി, ദേവദാരു, ഇഞ്ചി, ഉള്ളി, പയര്‍, കക്കിരി, തുളസി, കടുക്, കള്ളിമുള്‍ച്ചെടി എന്നിവ ഖുര്‍ആന്‍ പരാമര്‍ശിച്ച ചെടികളില്‍ പെടുന്നു. കൃഷിയെയും കാര്‍ഷിക വിളകളെയും സംബന്ധിച്ചും ഖുര്‍ആനില്‍ ധാരാളം പരാമര്‍ശങ്ങളുണ്ട്. ഭൂമിയില്‍ ചെടികള്‍ മുളച്ചുവളരുന്നതും കായ്കനികളു ണ്ടാകുന്നതും ഒടുവില്‍ ഉണങ്ങിപ്പോവുന്നതും ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൈവിക ദൃഷ്ടാന്തങ്ങളാണെന്ന് ഖുര്‍ആന്‍ പറയുന്നു.

“അവനാണ് നിങ്ങള്‍ക്കുവേണ്ടി ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുന്നത്. അതില്‍നിന്നു നിങ്ങള്‍ കുടിക്കുന്നു. അതുമൂലം ചെടികള്‍ ഉണ്ടാവുന്നു. അതിനാല്‍ നിങ്ങള്‍ക്കു കന്നുകാലികളെ മേക്കാന്‍ സാധിക്കുന്നു. കൃഷി, ഒലീവുമരം, ഈത്തപ്പന, മുന്തിരി എന്നിവയും മറ്റെല്ലാതരം പഴങ്ങളും മഴ മൂലം അവന്‍ നിങ്ങള്‍ക്ക് ഉത്പാദിപ്പിച്ചു തരുന്നു. തീര്‍ച്ചയായും ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്” (16 : 10, 11).

ചെടികളുടെ വൈവിധ്യവും വളര്‍ച്ചയുടെ ഘട്ടങ്ങളുമെല്ലാം വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. “ആകാശത്തുനിന്നു മഴ വര്‍ഷിപ്പിച്ചതും അവനാകുന്നു. മഴ കാരണമായി എല്ലാ വസ്തുക്കളുടെയും മുളകളെ അവന്‍ പുറത്തുകൊണ്ടുവരുന്നു. അങ്ങനെ നാം അതില്‍ നിന്ന് പച്ചപ്പ് ഉത്പാദിപ്പിച്ചു. പിന്നീട് അവയില്‍ നിന്ന് തിങ്ങിനില്‍ക്കുന്ന ധാന്യങ്ങളെ പുറത്തുകൊണ്ടുവന്നു. ഈത്തപ്പനയുടെ കൊതുമ്പചന്റ നിന്ന് തൂങ്ങിനില്‍ക്കുന്ന കുലകള്‍ ഉണ്ടാകുന്നു” (6 : 99).

സസ്യങ്ങളിലെ ഇണകള്‍ എന്ന പ്രതിഭാസത്തിലേക്ക് ഖുര്‍ആന്‍ ഇങ്ങനെ വിരല്‍ചൂണ്ടുന്നു: “നിങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത ജനുസ്സില്‍പെട്ട സസ്യഇണകളെ നാം ഉല്‍പാദിപ്പിച്ചിരിക്കുന്നു” (20 : 53). “എല്ലാ പഴങ്ങളില്‍ നിന്നും ഇണകളായി ഓരോ ജോഡിയെ അവന്‍ ഉണ്ടാക്കി” (13 : 3).

ചെടികളിലെ ആണ്‍ – പെണ്‍ സാന്നിധ്യത്തെയാണ് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെടികളിലെ പുരുഷേന്ദ്രിയമായ കേസരത്തില്‍ നിന്നുള്ള പൂമ്പൊടി (പുംബീജം) സ്ത്രീ ഇന്ദ്രിയമായ അണ്ഡകത്തില്‍ പതിക്കുമ്പോഴാണ് പരാഗണം (സസ്യങ്ങളുടെ ലൈംഗിക ബന്ധം) നടക്കുന്നത്. “പരാഗണം നടത്തുന്ന കാറ്റുകളെ നാം അയച്ചു” (15 : 22). എന്ന ഖുര്‍ആന്‍ വാക്യത്തെ ഇതോടു ചേര്‍ത്തു വായിക്കണം. ചുരുക്കത്തില്‍ ഖുര്‍ആന്‍ പഠനത്തിന്റെ ഭാഗമായിത്തന്നെ സസ്യശാസ്ത്രപഠനം മുസ്ലിം ധൈഷണിക ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു.

നബിവചനങ്ങളില്‍

നിരവധി വൃക്ഷങ്ങളെയും ഔഷധച്ചെടികളെയും സംബന്ധിച്ചു നബിവചനങ്ങളില്‍ പരാമര്‍ശമുണ്ട്. സസ്യങ്ങളെ സംബന്ധിക്കുന്ന മിക്ക നബിവചനങ്ങളും അവയുടെ ഔഷധ ഗുണത്തില്‍ ഊന്നുന്നവയാണ്. ഉലുവ, കരിഞ്ചീരകം, കറ്റുവാഴ, ദന്തധാവനചെടി, സുന്നാമാക്കി, നീലയമരി, ചിക്കെറി, ആട്ടങ്ങ, കടുക്, ചതകുപ്പ, ആവണക്ക് തുടങ്ങിയ സസ്യങ്ങളെ പല രോഗങ്ങള്‍ക്കും ഔഷധമായി നബി ശിപാര്‍ശ ചെയ്യുകയുണ്ടായി. കാരക്ക, ഉറുമാന്‍, ഒലീവ്, മുന്തിരി, അത്തി, സഫര്‍ജല്‍, ചാമ്പക്ക, വത്തക്ക, കക്കിരി, ചുരയ്ക്ക, വഴുതനങ്ങ, ബീറ്റ് റൂട്ട്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, ബാര്‍ലി, ഗോതമ്പ്, അരി, ചോളം, മൈലാഞ്ചി, വയമ്പ്, കുങ്കുമം, കസ്തൂരി, തുളസി എന്നിവയും നബിവചനങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കേണ്ടതിന്റെയും അവയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയും പ്രവാചകന്‍ ഊന്നിപ്പറയുന്നുണ്ട്. ചെടികളുടെ ഔഷധ പ്രാധാന്യം പ്രവാചകന്‍ എടുത്തു പറഞ്ഞത് ആ വഴിക്കുള്ള അന്വേഷണത്തിനു മുസ്ലിംകള്‍ക്ക് പ്രേരണയുമായി.

“മരണമൊഴികെയുള്ള എല്ലാ രോഗങ്ങള്‍ക്കും ഔഷധമാണ് കരിഞ്ചീരകം”, “എന്റെ ജനതക്ക് ഉലുവയുടെ മൂല്യം അറിയുമായിരുന്നെങ്കില്‍ അവര്‍ തുല്യതൂക്കം സ്വര്‍ണം കൊടുത്ത് അത് വാങ്ങുമായിരുന്നു.” “ഉറുമാന്‍ പഴം ദഹനത്തെ ശക്തിപ്പെടുത്തും.”

ഇങ്ങനെ സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിക്കുന്ന നാനൂറോളം ഹദീസുകള്‍ നി വേദനം ചെയ്യപ്പെട്ടിട്ടുണ്ട്. സസ്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതിനും അവയെ കുറിച്ചു കൂടുതല്‍ പഠിച്ചറിയുന്നതിനും നബിയുടെ ഇത്തരം വചനങ്ങള്‍ മുസ്ലിംകള്‍ക്ക് പ്രചോദനമായിത്തീര്‍ന്നു.

വൃക്ഷങ്ങളെ ആദരിക്കാനും അവ കഴിയുന്നത്ര വച്ചുപിടിപ്പിക്കാനും പ്രവാചകനും ശി ഷ്യരും ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. വൃക്ഷച്ചുവടുകളെ മലമൂത്ര വിസര്‍ജനത്തിലൂടെ മലിനമാക്കരുതെന്നും നബി കര്‍ശനമായി താക്കീതു ചെയ്തു.


RELATED ARTICLE

 • വിശുദ്ധ ഖുര്‍ആന്‍
 • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
 • വഹ്യിന്റെ ആരംഭം
 • ഖുര്‍ആന്‍ മന:പാഠമാക്കല്‍
 • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
 • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
 • ഖുര്‍ആന്‍ തുറന്ന വഴി
 • ഖുര്‍ആനും സസ്യശാസ്ത്രവും
 • ഖുര്‍ആനും വൈദ്യശാസ്ത്രവും
 • ഖുര്‍ആനും ഭൂമിശാസ്ത്രവും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും ജന്തുശാസ്ത്രവും
 • ഖുര്‍ആനും ഗോളശാസ്ത്രവും
 • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിനെ ആദരിക്കല്‍
 • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും