Click to Download Ihyaussunna Application Form
 

 

ഖുര്‍ആനും ജന്തുശാസ്ത്രവും

തേനീച്ച, ചിലന്തി, കൊതുക്, തവള, ഉറുമ്പ്, നാല്‍ക്കാലികള്‍, ഇഴജന്തുക്കള്‍, പറവകള്‍ തുടങ്ങിയ വിവിധ ജന്തു സമൂഹങ്ങളെക്കുറിച്ചു ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ജീവികളുടെ സംഘബോധം, ജീവിതക്രമം, അതിശയിപ്പിക്കുന്ന തരത്തിലുള്ള അവയുടെ പ്രവര്‍ ത്തനങ്ങള്‍, പാലുല്‍പാദനം തുടങ്ങിയ കാര്യങ്ങളിലേക്കാണ് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മാതൃകയ്ക്കു ഏതാനും സൂക്തങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നു.

വിവിധ തരം ജീവി വര്‍ഗങ്ങളുടെ അസ്തിത്വം ഖുര്‍ആന്‍ ഇങ്ങനെ വെളിപ്പെടുത്തുന്നു : “ഭൂമിയിലെ ഏതു ജീവിയും ഇരു ചിറകുകളില്‍ പറക്കുന്ന പക്ഷിയും നിങ്ങളെപ്പോലുള്ള സമൂഹങ്ങളാകുന്നു” (6: 38).

തേനീച്ചയുടെ ജീവിതരീതിയിലേക്ക് വെളിച്ചം വീശുന്ന വചനം: “നിന്റെ നാഥന്‍ തേനീച്ചകള്‍ക്ക് ബോധനം നല്‍കി. മലകളിലും മരങ്ങളിലും മനുഷ്യന്‍ കെട്ടിയുയര്‍ത്തുന്നവയിലും കൂടുണ്ടാക്കുക. എന്നിട്ട് എല്ലാതരം ഫലങ്ങളില്‍ നിന്നും ആഹരിക്കുക. നിന്റെ നാഥന്‍ സൌകര്യപ്പെടുത്തിത്തന്ന സഞ്ചാര മാര്‍ഗങ്ങളില്‍ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്നു വിവിധ വര്‍ണങ്ങളിലുള്ള പാനീയം പുറത്തുവരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട ” (16:68, 69)

ചിലന്തികള്‍ നെയ്യുന്ന വലകളിലേക്ക് ഖുര്‍ആന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു:”വീടുകളില്‍ ഏറ്റവും ദുര്‍ബലം ചിലന്തികളുടേതു തന്നെ” (29:41). “വിഹായസ്സില്‍ പറക്കുന്ന പറവകളിലേക്ക് അവര്‍ നോക്കുന്നില്ലേ? അല്ലാഹുവല്ലാതെ അവയെ പിടിച്ചുനിര്‍ത്തുന്നില്ല” (16 : 79). ഇങ്ങനെയുള്ള പരശ്ശതം സൂക്തങ്ങള്‍ ജന്തുശാസ്ത്രപഠനത്തിലേക്കു വഴിതുറന്നു.

ജന്തുശാസ്ത്രപഠനം മുസ്ലിം നാഗരികതയില്‍

മുസ്ലിംകളുടെ ജന്തുശാസ്ത്രപഠനം അതിന്റെ വിശാലമായ അര്‍ഥത്തില്‍ ഇസ്ലാമിക നാഗരികതയുടെ മുഴുവന്‍ വശങ്ങളെയും ഉള്‍ക്കൊള്ളുന്നു. നിയമമീമാംസ, സാഹിത്യം, കല, വൈദ്യവിജ്ഞാനം എന്നിവ അതിന്റെ പരിധിയില്‍ വരുന്നു. കാലികളെ വളര്‍ത്തി ജീവിച്ചിരുന്ന അറബികള്‍ക്ക് നേരത്തെതന്നെ മൃഗങ്ങളുടെ സ്വഭാവവും ജീവിതരീതികളും സുപരിചിതമായിരുന്നു. അറേബ്യയിലേയും പേര്‍ഷ്യയിലേയും ഉത്തരാഫ്രിക്കയിലേയും നാടോടികളായ മുസ്ലിംകള്‍ക്ക് മൃഗങ്ങളെക്കുറിച്ച് കൂടുതല്‍ അറിവുനേടാന്‍ പ്രയാസമുണ്ടായിരുന്നില്ല. നിത്യജീവിതത്തിന്റെ ഭാഗമായി മൃഗങ്ങളെ അവര്‍ക്ക് ഇണക്കി എടുക്കേണ്ടതുണ്ടായിരുന്നു. ഒട്ടകം, കുതിര എന്നീ മൃഗങ്ങളെക്കുറിച്ച് അറബികള്‍ക്ക് നല്ല ജ്ഞാനമുണ്ടായിരുന്നു. ഈ പാരമ്പര്യവും ഗ്രീക്ക്, പേര്‍ഷ്യന്‍ നാഗരികതകളില്‍നിന്നു സ്വാംശീകരിച്ച അറിവും മുസ്ലിംകളുടെ ജന്തു വിജ്ഞാനീയത്തിന് മുതല്‍ ക്കൂട്ടായിത്തീര്‍ന്നു. അരിസ്റ്റോട്ടിലിന്റെ ‘ഹിസ്റ്റോറിയ ആനിമാലീയം’ എന്നകൃതി യഹ്യ ഇബ്നുല്‍ ഹത്രീക്ക് അറബിയിലേക്ക് തര്‍ജമ ചെയ്തു. തിയോനിസിറ്റോസിന്റെ ജന്തുശാസ്ത്ര കൃതിയും സിര്‍റുല്‍ ഖാലിഖാത്ത് എന്നപേരില്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. ഗ്രീക്ക് കൃതികളില്‍ നിന്ന് വ്യത്യസ്തമായി ഇന്തോ-പേര്‍ഷ്യന്‍ നാഗരികതകളില്‍ മൃഗങ്ങള്‍ കഥാപാത്രങ്ങളായി അവതരിക്കപ്പെട്ടിരുന്നു. സംസ്കൃതത്തില്‍ നിന്ന് പഹ്ലവിയിലേക്കും പിന്നീട് അറബിയിലേക്കും മൊഴിമാറിവന്ന കലീലഃ വദിംന ഇതിനുദാഹരണമാണ്. ഇന്ത്യയിലോ പേര്‍ഷ്യയിലോ ജന്തുക്കളുടെ ശരീരഘടനയെക്കുറിച്ച് പഠനം നടന്നിരുന്നില്ല.

മുസ്ലിം ലോകത്ത് ആദ്യകാല ജന്തുശാസ്ത്രപഠനങ്ങള്‍ വിഷയമാക്കിയിരുന്നത് ഒട്ടകത്തെയും കുതിരയെയുമാണ്. അബൂനള്ര്‍ ഇബ്നുസുമൈല്‍, അല്‍ അസ്മഈ, ഇബ്നു അറബി, അബൂ ഉബൈദ് ഇബ്നുസലാം, അബൂഹാതിം സിജിസ്താനി, ജാബിര്‍ ഇബ്നു ഹയൂല്‍ എന്നിവര്‍ ജന്തുശാസ്ത്രവിഷയകമായി എഴുതിയിട്ടുണ്ട്. മുഅ്തസിലി ദൈവശാസ്ത്രകാരന്മാരായ ബിശ്ര്‍ ഇബ്നുല്‍ മുഅ്തമിര്‍, അബൂ ഇസ്ഹാഖ് നള്ളാം എന്നിവര്‍ ജന്തുശാസ്ത്രത്തില്‍ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ ജന്തുശാസ്ത്രം കൈകാര്യം ചെയ്തിരുന്ന ഏറ്റവും വലിയ മുഅ്തസിലി ഗ്രന്ഥകാരന്‍ പ്രശസ്ത സാഹിത്യകാരനായ ജാഹിള് ആണ്. അദ്ദേഹത്തിന്റെ ‘കിതാബുല്‍ ഹയവാന്‍’ ആണ് മുസ്ലിം ലോകത്തെ ഏറ്റവും പ്രശസ്ത ജന്തുശാസ്ത്ര ഗ്രന്ഥം. അറബി-പേര്‍ഷ്യന്‍-ഗ്രീക്ക് സ്രോതസ്സുകളില്‍ നിന്നുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ സമാഹരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ നിരീക്ഷണങ്ങള്‍ ജാഹിള് തന്റെ കൃതിയില്‍ നിരൂപണ വിധേയമാക്കി. 350 മൃഗങ്ങളെക്കുറിച്ച് അദ്ദേഹം പഠനം നടത്തുകയും അവയുടെ സ്വഭാവ ഗുണങ്ങള്‍, ആകൃതി എന്നിവയെക്കുറിച്ച് നാല് ഇനങ്ങളിലായി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. മൃഗ മനഃശാസ്ത്രത്തിലും അദ്ദേഹം അതീവ തല്‍പരനായിരുന്നു. പാശ്ചാത്യ ജന്തുശാസ്ത്രകാരന്മാര്‍ ജാഹിളിന് ആചാര്യപദവി നല്‍കിയിട്ടുണ്ട്.

അല്‍കിന്‍ദി, ഫാറാബി എന്നിവരും ജന്തുശാസ്ത്രം കൈകാര്യം ചെയ്തവരാണ്. ഇബ്നു ഖുത്വൈബയുടെ ഹുയ്യുനല്‍ അക്ബാറൈന്‍ എന്ന കൃതി ജന്തുശാസ്ത്രത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇഖ്വാനുസ്സഫയുടെ ദീര്‍ഘമായ ഒരു രിസാല മൃഗങ്ങളെക്കുറിച്ചാണ്. ഉണ്‍മയുടെ സമഗ്രചക്രത്തിന്റെ ഭാഗമായാണ് അവര്‍ മൃഗങ്ങളെ കാണുന്നത്. ഇബ്നുസീനയുടെ കിതാബുശ്ശിഫായില്‍ മൃഗങ്ങളുടെ ശരീരശാസ്ത്രവും മനഃശാസ്ത്രവും സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. ഇബ്നുറുശ്ദും ഇബ്നുബാജയും ഇവ്വിഷയകമായി എഴുതിയവരാണ്. അരിസ്റ്റോട്ടിലിന്റെ ജന്തുശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് ഇബ്നു റുശ്ദ് വ്യാഖ്യാനം രചിച്ചു. ഹിജ്റഃ ഏഴാം ശതകത്തിന്റെ ഒടുവിലും എട്ടാം ശതകത്തിന്റെ ആരംഭത്തിലുമായി ജന്തുശാസ്ത്രവിജ്ഞാനകോശങ്ങള്‍ രചിക്കപ്പെട്ടു.

കമാലുദ്ദീന്‍ ദമീരിയുടെ ഹയാത്തുല്‍ ഹയവാന്‍ അല്‍ കുബ്റ യാണ് എട്ടാം ശതകത്തിലുണ്ടായ ഏറ്റവും പ്രധാനപ്പെട്ട മുസ്ലിം ജന്തുശാസ്ത്രഗ്രന്ഥം. ഇതിന് പേര്‍ഷ്യയിലും തുര്‍ക്കിയിലും പരിഭാഷകളുണ്ടായി. മുസ്ലിംകള്‍ക്കിടയില്‍ ഈ പുസ്തകം വളരെ വേഗം പ്രചാരം നേടി. ഖുര്‍ആനില്‍ പരാമര്‍ശിച്ച മൃഗങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് മുസ്ലിം പണ്ഢിതന്മാര്‍ ഈ ഗ്രന്ഥത്തെ അവലംബിച്ചിരുന്നു. ഈജിപ്ഷ്യന്‍ പണ്ഢിതനായ ജലാലുദ്ദീന്‍ സുയൂത്വി ഈ ഗ്രന്ഥത്തിന് പദ്യരൂപത്തിലുള്ള സംഗ്രഹം തയാറാക്കി. പിന്നീടിതിന് ലാറ്റിന്‍ പരിഭാഷയുണ്ടായി. ഇസ്ലാമികലോകത്തെ ഏറ്റവും സമഗ്രമായ ജന്തുശാസ്ത്രഗ്രന്ഥമായിരുന്നു ദമിരിയുടേത്.

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ തന്റെ തുസ്കെ ജഹാംഗീറി/ജഹാംഗീര്‍ നാമയില്‍ മൃഗങ്ങളെക്കുറിച്ച് വളരെ ശ്രദ്ധയോടെ വിവരിക്കുന്നുണ്ട്. മുസ്ലിം കഥാകാരന്മാര്‍ മൃഗങ്ങളെയും പക്ഷികളെയും തങ്ങളുടെ ആശയാവിഷ്കാരത്തിന് വന്‍തോതില്‍ മാധ്യമമാക്കിയിട്ടുണ്ട്. ആത്മീയ അന്വേഷണത്തിന്റെ മാര്‍ഗത്തിലും ഇതേ മാധ്യമം തന്നെ അവരുപയോഗിക്കുകയുണ്ടായി. ഫിര്‍ദൌസിയുടെ ഷാഹ്നാമ, ഔഫിയുടെ ജവാമിഉല്‍ ഹികായാത്ത് എന്നീ ഗ്രന്ഥങ്ങളില്‍ പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളാണ്. സൂഫി സാഹിത്യത്തിലും മൃഗങ്ങള്‍ക്ക് പ്രത്യേകം സ്ഥാനമുണ്ട്. സനാഇയുടെ ഹദീഖത്തുല്‍ ഹഖീഖ, അത്ത്വാറിന്റെ മന്‍തിഖുത്വൈര്‍, റൂമിയുടെ മസ്നവി, ജാമിയുടെ ബഹാരിസ്താന്‍ മുതലായവ ഉദാഹരണം.

വേട്ടയാടല്‍ മുതല്‍ മരുന്നു നിര്‍മാണം വരെയുള്ള കാര്യങ്ങളില്‍ മൃഗങ്ങള്‍ക്ക് പ്രായോഗിക പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നുവെന്നു കാണാം. മൃഗങ്ങളെ ചികിത്സിക്കുന്നതിനും മുസ്ലിം വൈദ്യന്മാര്‍ പ്രത്യേകം പഠനം നടത്തിയിരുന്നു.

പ്രകൃതി സന്തുലനത്തില്‍ സസ്യങ്ങളെയും ധാതുക്കളെയും പോലെ ഒരനിവാര്യഘടകമാണ് ജന്തുലോകവും എന്ന് മുസ്ലിംകള്‍ മനസ്സിലാക്കിയിരുന്നു. മൃഗങ്ങളെക്കുറിച്ച പഠനത്തിന് അവയെ പ്രായോഗികാവശ്യത്തിന് ഉപയോഗപെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നില്ല മുസ്ലിംകള്‍ കല്‍പ്പിച്ചിരുന്നത്. അല്ലാഹുവെ അറിയാനും തങ്ങളുടെയും മൃഗങ്ങളുടെയും നിലകള്‍ താരതമ്യപ്പെടുത്താനും ഇതിലൂടെ അവര്‍ ശ്രമിച്ചു.

മനുഷ്യന്‍

മനുഷ്യശരീരത്തെക്കുറിച്ച പഠനവും ഇസ്ലാമിക നാഗരികതയില്‍ ജീവശാസ്ത്രത്തിന്റെ ഭാഗമായി വളരുകയുണ്ടായി. “മനുഷ്യനെ സൃഷ്ടിച്ചത് ഏറ്റവും സുന്ദരമായ രൂപത്തിലാണെ”ന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നുണ്ട്. “മണ്ണില്‍ നിന്നു സൃഷ്ടിക്കപ്പെട്ടവനും മണ്ണിലേക്ക് മടങ്ങുന്നവനുമാണ് മനുഷ്യന്‍” എന്നാണ് ഖുര്‍ആന്റെ മറ്റൊരു പ്രസ്താവന. മനുഷ്യശരീരത്തിന്റെ അടിസ്ഥാന നിര്‍മാണ വസ്തു കളിമണ്ണാണെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. മനുഷ്യ ഭ്രൂണ വളര്‍ച്ചയെ സംബന്ധിച്ചു വളരെ വ്യക്തവും കൃത്യവുമായ വിവരണമാണ് ഖുര്‍ആന്‍ നല്‍കുന്നത്.

മനുഷ്യ ശരീരഘടന പ്രത്യേകം പഠന വിധേയമാക്കിയവരാണ് റാസിയും ഇബ്നുസീനയും. മനുഷ്യാവയവങ്ങളെക്കുറിച്ചു ഖസ്വീനി പഠനം നടത്തി. മനുഷ്യശരീരത്തിലെ ചംക്രമണ വ്യവസ്ഥ, കണ്ണിന്റെ പ്രവര്‍ത്തന രീതി എന്നിവയും മുസ്ലിം ജീവശാസ്ത്രകാരന്മാര്‍ പ്രത്യേകം പഠിക്കുകയുണ്ടായി. ഇബ്നുനഫീസുദ്ദിമശ്ഖി (ക്രി.വ. 1208-1289), കമാലുദ്ദീന്‍ അല്‍ഫാരിസി (മരണം ക്രി.വ. 1320), അലിയ്യുബ്നു ഈസാ അത്ത്വബീബ് അല്‍ ബഗ്ദാദി (മ. ക്രി. 1000) എന്നിവര്‍ മനുഷ്യാവയവങ്ങളെ സംബന്ധിച്ചു ഗ്രന്ഥരചന നടത്തിയവരാണ്.

മനുഷ്യന്റെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ വിവരണം നല്‍കിയ പണ്ഢിതന്മാരാണ് ഇബ്നുനഫീസും സകരിയ്യാ ഖസ്വീനിയും. അരിസ്റ്റോട്ടില്‍ മുന്നോട്ടുവെച്ച ആശയങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായ നിരീക്ഷണങ്ങളാണ് ഇവര്‍ നല്‍കുന്നത്. മനുഷ്യന്റെ മുഴുവന്‍ അവയവങ്ങളും തലച്ചോറും ഹൃദയവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതായി അവര്‍ മനസ്സിലാക്കി. ശ്വാസകോശം, ആമാശയം, കുടലുകള്‍, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും മുസ്ലിം ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു.


RELATED ARTICLE

 • വിശുദ്ധ ഖുര്‍ആന്‍
 • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
 • വഹ്യിന്റെ ആരംഭം
 • ഖുര്‍ആന്‍ മന:പാഠമാക്കല്‍
 • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
 • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
 • ഖുര്‍ആന്‍ തുറന്ന വഴി
 • ഖുര്‍ആനും സസ്യശാസ്ത്രവും
 • ഖുര്‍ആനും വൈദ്യശാസ്ത്രവും
 • ഖുര്‍ആനും ഭൂമിശാസ്ത്രവും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും ജന്തുശാസ്ത്രവും
 • ഖുര്‍ആനും ഗോളശാസ്ത്രവും
 • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിനെ ആദരിക്കല്‍
 • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും