ഖുര്‍ആനും ഗോളശാസ്ത്രവും

ഗോള രൂപവത്കരണ പഠനത്തിന് അറബിയില്‍ ഇല്‍മുല്‍ ഹൈഅഃ എന്നാണ് പറയുക. ഇല്‍മുന്നുജൂം, ഇല്‍മുല്‍ഫലക് എന്നീ പേരുകളിലും ഖഗോളപഠനം മുസ്ലിം ലോ കത്ത് അറിയപ്പെടുന്നു. സമയം, ദിക്ക് ഇവയെക്കുറിച്ചു പഠിപ്പിക്കുന്ന ഗോളശാസ്ത്രശാഖയാണ് ഇല്‍മുല്‍ മീഖാത്ത്.

ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനു മുമ്പ് അറബ് ലോകത്ത് ഈ ശാസ്ത്രശാഖകളൊന്നും ഉദയം ചെയ്തിരുന്നില്ല. എല്ലാ പൌരാണിക ജനവിഭാഗങ്ങളെയും പോലെ നക്ഷത്രങ്ങളും ഇതര ഗോളങ്ങളും അവര്‍ക്ക് ആരാധ്യവസ്തുക്കളായിരുന്നു. എങ്കിലും ദിക്ക് നിര്‍ണയത്തിന് നക്ഷത്രത്തിന്റെ ഉദയസ്ഥാനങ്ങളെ അവര്‍ അവലംബിച്ചു. മരുഭൂമിയിലെ യാത്രക ള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമായിരുന്നു. കാരണം രാത്രിയിലായിരുന്നു അറബികളുടെ വ്യാപാരയാത്രകള്‍ അധികവും. കാലാവസ്ഥയിലെ മാറ്റങ്ങളും നക്ഷത്രങ്ങളെ നിരീക്ഷി ച്ച് അവര്‍ മനസ്സിലാക്കി. ഇതിനപ്പുറം ഗോളങ്ങളെയും അവയുടെ ചലനങ്ങളെയും കുറിച്ച് കൃത്യമായ വിവരം ഇസ്ലാമിനു മുമ്പ് അറബികള്‍ക്കുണ്ടായിരുന്നതായി അറിവില്ല.

ഇസ്ലാമിന്റെ ആഗമനം അറബികള്‍ക്കിടയില്‍ അനിതര സാധാരണമായ വൈജ്ഞാനിക വിപ്ളവത്തിനു നിമിത്തമായിത്തീര്‍ന്നു. ആഗോള വിജ്ഞാനീയത്തിന്റെ വികാസത്തില്‍ ഈ വിപ്ളവത്തിന്റെ അലകള്‍ ഏറെ ദൃശ്യമാണ്. മുസ്ലിം ലോകത്ത് ഗോളശാസ്ത്രപഠനം സജീവമാകാന്‍ രണ്ട് പ്രധാന കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

ഒന്ന്: ഗോളശാസ്ത്ര പഠനത്തിന് ഖുര്‍ആന്‍ നല്‍കുന്ന മുന്തിയ പരിഗണനയും ആഹ്വാനവും.

രണ്ട്: പ്രാര്‍ഥനകളുടെ സമയം, ‘ഖിബ്ല’യുടെ സ്ഥാനം, ഹജ്ജിന്റെ മീഖാത്ത് തുടങ്ങിയവ നിര്‍ണയിക്കുന്നതിന് ജ്യോതിര്‍ഗണിത പഠനം ആവശ്യമായിത്തീര്‍ന്നത്.

ഖുര്‍ആന്റെ പ്രേരണ

ഭൂമിയും വാനലോകവും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അല്ലാഹുവിന്റെ ഇച്ഛപ്രകാരം പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതാണ് പ്രപഞ്ചത്തെ സംബന്ധിച്ച ഖുര്‍ആന്റെ ഒന്നാമത്തെ തത്വം. സൃഷ്ടി മായയല്ല; യാഥാര്‍ഥ്യമാണ് എന്നും ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. “യാഥാര്‍ഥ്യമായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് അവനാകുന്നു” (വി.ഖു. 6/72).

സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പൂര്‍ണമായും അല്ലാഹുവിന്റെ ഇംഗിതത്തിനു വിധേയമായാണ് ചലിക്കുന്നത്. സൃഷ്ടികളുടെ നിയന്താവും പരിപാലകനും അല്ലാഹുവാകുന്നു. ഇതും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: ‘ആറുദിനങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുതന്നെയാകുന്നു നിങ്ങളുടെ നാഥന്‍. അനന്തരം അവന്‍ ‘അര്‍ശി’ല്‍ അധിപനായി. അവന്‍ രാവുകൊണ്ട് പകലിനു മറയിടുന്നു. ധൃതിയില്‍ അത് (പകല്‍) അതിനെ (രാത്രിയെ) അന്വേഷിക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ ആ ജ്ഞക്കു വിധേയമാണ്. അറിയുക, സൃഷ്ടിപ്പും നിയന്ത്രണവും അവനുള്ളതാകുന്നു. ലോകരക്ഷിതാവായ അല്ലാഹു അത്യധികം അനുഗ്രഹമുടയവനത്രെ” (വി.ഖു. 7/54).

പ്രപഞ്ചം സൃഷ്ടിയും യാഥാര്‍ഥ്യവുമാണ്. പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് അല്ലാഹുവാണ്. എന്നീ കാര്യങ്ങള്‍ സ്ഥാപിക്കുക വഴി ഖുര്‍ആന്‍ പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഈശ്വരസ്ഥാനത്ത് നിര്‍ത്തുന്ന പ്രാകൃത ദൌര്‍ബല്യത്തില്‍ നിന്നു മനുഷ്യമനസ്സുകളെ മോചിപ്പിക്കുകയാണ് ചെയ്തത്. അതോടെ പ്രപഞ്ചം മനുഷ്യനു മുമ്പില്‍ ഒരു തുറന്ന പുസ്തകമായി മാറി.

വാനലോക വിസ്മയങ്ങളിലേക്ക് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധക്ഷണിച്ചു. “രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത് അവനാണ്. അവയോരോന്നും അതിന്റെ വഴിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നു” (വി.ഖു. 21/33). “ഏറ്റവും സമീപസ്ഥമായ ആകാശത്തെ അവന്‍ ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. സര്‍വജ്ഞനും അജയ്യനുമായവന്റെ വ്യവസ്ഥയാകുന്നു അത്” (41/12).

അത്ഭുതകരമായ പ്രാപഞ്ചിക സംവിധാനത്തെക്കുറിച്ചും അവയുടെ ആത്യന്തിക യാഥാ ര്‍ഥ്യത്തെക്കുറിച്ചും ചിന്തിക്കാനും പഠിക്കാനും ഖുര്‍ആന്‍ നിരന്തരം പ്രോത്സാഹനം നല്‍കുന്നു. “ദൃഷ്ടിഗോചരമായ സ്തംഭങ്ങള്‍ ഇല്ലാതെ ആകാശത്തെ ഉയര്‍ത്തിയവനാണ് അല്ലാഹു. പിന്നെ അവന്‍ അര്‍ശിന്റെ അധിപനായി. സൂര്യനും ചന്ദ്രനും അവനു വിധേയമാണ്. ഓരോന്നും നിശ്ചിത അവധി വരെ ചലിച്ചുകൊണ്ടിരിക്കും. കാര്യങ്ങള്‍ അവന്‍ നിയന്ത്രിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍ ദൃഢവിശ്വാസമുള്ളവരാകുന്നതിനുവേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിശദമാക്കുന്നു. ഭൂമിയെ വിശാലമാക്കുകയും അതില്‍ മലകളും പുഴകളും ഉണ്ടാക്കുകയും ചെയ്തത് അവനാണ്. ഓരോ ഇനം പഴത്തിലും അവന്‍ ഇണകളായി ഇരട്ട ഇനങ്ങളെ ഉണ്ടാക്കി. പകലിനെ അവന്‍ രാത്രികൊണ്ട് പൊതിയുന്നു. അതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്” (വി.ഖു. 13/2,3).

ആകാശങ്ങളിലെ അത്ഭുതങ്ങള്‍ നോക്കിക്കാണുകയും ഭൂമിയിലെ അതിശയങ്ങള്‍ അനുഭവിച്ചറിയുകയും ചെയ്യുന്ന മനുഷ്യന്‍ ചിന്തിച്ചുതുടങ്ങുന്നു. ധിഷണ ഉന്മിഷിത്താവുന്നതോടെ വിജ്ഞാനത്തിന്റെ കവാടങ്ങള്‍ അവന്റെ മുമ്പില്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യുന്നു.

“ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. അവര്‍ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു” (3/190).

ഇതാണ് ഗോളശാസ്ത്രപഠനത്തിനു ഖുര്‍ആന്‍ നല്‍കിയ പ്രേരണകളുടെ മാതൃക. നിരവധി വാക്യങ്ങളിലായി, ധാരാളം സ്ഥലങ്ങളില്‍ ഖുര്‍ആന്‍ മനുഷ്യന്റെ ചിന്താശേഷിയെ ഇപ്രകാരം തട്ടിയുണര്‍ത്തുന്നുണ്ട്.

ഗോളശാസ്ത്രവും മുസ്ലിംകളുടെ ദൈനംദിന ജീവിതവും

മുസ്ലിംകള്‍ക്ക് മുസ്ലിംകള്‍ എന്ന നിലയില്‍ തന്നെ ഗോളശാസ്ത്രം ഒരു ദൈനം ദിന ആവശ്യമായിത്തീര്‍ന്നതാണ് മുസ്ലിം നാഗരികതയില്‍ പ്രസ്തുത വൈജ്ഞാനിക മേഖല സമ്പുഷ്ടമാകാനുണ്ടായ രണ്ടാമത്തെ കാരണം. ഖഗോളപഠനത്തിനു മുസ്ലിംകള്‍ക്കു പ്രേരണയായിത്തീര്‍ന്ന മതപരമായ പ്രായോഗികാവശ്യങ്ങളില്‍ പ്രധാനം അഞ്ചു നേരങ്ങളിലെ നിസ്കാരത്തിന്റെ സമയം നിര്‍ണയിക്കുക എന്നതായിരുന്നു. സ്വുബ്ഹ്, ളുഹര്‍, അസ്വര്‍, മഗ്രിബ്, ഇശാഅ് എന്നീ പ്രാര്‍ഥനാ സമയങ്ങള്‍ കണക്കാക്കുന്നതിന് സൂര്യന്റെ ഉന്നതി (മഹശേൌറല)യും ചലനക്രമവും അറിയേണ്ടതുണ്ടായിരുന്നു. ഇതിനായി വിവിധ ഗണിതശാസ്ത്ര രീതികള്‍ പല മുസ്ലിം സമൂഹങ്ങളും ആവിഷ്കരിക്കുകയുണ്ടായി. നിസ്കാരവുമായിത്തന്നെ ബന്ധപ്പെട്ടതാണ് ഖിബ്ലഃ നിര്‍ണയം. മസ്ജിദുകള്‍ പണിയുമ്പോള്‍ ഇത് പ്രത്യേകം ആവശ്യമായിത്തീരുന്നു. ഭവനങ്ങള്‍ പണിയുമ്പോഴും മുസ്ലിംകള്‍ ഖിബ്ലഃ നോക്കുക പതിവാണ്. ദിഗ്നിര്‍ണയശാസ്ത്രം അനിവാര്യമാക്കിത്തീര്‍ക്കുന്നതാണിത്. ജ്യോതിര്‍ഗണിതം മതപഠനത്തിന്റെ ഭാഗമായിത്തീരുന്നത് ഇങ്ങനെയാണ്. വിവിധ പ്രദേശങ്ങളില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നവര്‍ക്ക് ഇഹ്റാമില്‍ പ്രവേശിക്കേണ്ട ‘മീഖാത്’ അറിയേണ്ടത് അനിവാര്യമാണ്. ഇവിടെയും ഗോളവിജ്ഞാനീയം സഹായത്തിനെത്തുന്നു. ഇവക്കുപുറമെ പ്രബോധന യാത്രകളും മുസ്ലിംകള്‍ക്ക് ഗോളശാസ്ത്രം പഠിക്കേണ്ടത് അനിവാര്യമാക്കിത്തീര്‍ത്തു.

മതകലാലയങ്ങളിലും പള്ളിദര്‍സുകളിലും ഹിസാബ് (ഗണിതം) ഇല്‍മുല്‍ഫലക് (ഗോളശാസ്ത്രം) എന്നിവ പ്രധാന പാഠ്യവിഷയമായിത്തീര്‍ന്നത് മേല്‍ സൂചിപ്പിച്ച മതപരമായ ആവശ്യകതകളുടെ പൂര്‍ത്തീകരണാര്‍ഥമാണ്. ഖുര്‍ആന്റെ പ്രേരണയും ദൈനംദിനാവശ്യ ങ്ങളുടെ സമ്മര്‍ദവും ഒത്തുവന്നപ്പോള്‍ മുസ്ലിം നാഗരികതയില്‍ ഗോളശാസ്ത്രം പുഷ്കലമായി. ഹിജ്റഃയെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രപഞ്ചാംഗമാണ് മുസ്ലിംകള്‍ സ്വീകരിച്ചത്. ഹജ്ജ്, നോമ്പ് എന്നിവ ചാന്ദ്രപഞ്ചാംഗമനുസരിച്ചായിരിക്കണം എന്നത് മതശാസനയാണ്. കാലാവസ്ഥയിലെ മാറ്റങ്ങള്‍ ഈ അനുഷ്ഠാനങ്ങള്‍ക്ക് വരുത്തുന്ന എളുപ്പവും പ്രയാസവും ഭൂമിയുടെ ഏതു കോണില്‍ വസിക്കുന്ന വിശ്വാസിക്കും തുല്യനിലയില്‍ അനുഭവിക്കാന്‍ ഇത് അവസരം നല്‍കുന്നു. എന്നാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് മുസ്ലിംകള്‍ ആശ്രയിച്ചത് സൌരപഞ്ചാംഗമാണ്. കൊര്‍ദോവയിലെ മുസ്ലിം ഗോളശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തിയ സൌരപഞ്ചാംഗം പ്രചുരപ്രചാരം നേടിയിരുന്നു.

വിജ്ഞാനശേഖരണവും വ്യവസ്ഥാപിത പഠനവും

എട്ടാം ശതകത്തിന്റെ രണ്ടാം പാതിയില്‍ അബ്ബാസീ ഭരണാധികാരി മന്‍സ്വൂറിന്റെ കാ ലത്ത് ബാഗ്ദാദിലാണ് വിപുലമായ വിജ്ഞാനശേഖരണവും വ്യവസ്ഥാപിത പഠനവും സമാരംഭിച്ചത്. യവന-പാര്‍സി-സിറിയന്‍- ഇന്ത്യന്‍ സ്രോതസ്സുകളില്‍ നിന്നുള്ള ശാസ് ത്രജ്ഞാനം ബാഗ്ദാദിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഗ്രീക്ക്, പഹ്ലവി, സംസ്കൃതം ഭാഷകളിലെ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. നിരീക്ഷണ പഠനങ്ങള്‍ക്കായി വാനനിരീക്ഷണ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ചെലവിലും സ്വകാര്യ തലത്തിലും നിര്‍മിതമായി. ഒരു നൂറ്റാണ്ടുകൊണ്ട് ബഗ്ദാദ് ലോകത്തിലെ ഏറ്റവും വലിയ ഗോളശാസ്ത്ര പഠനകേന്ദ്രമായി മാറി. അസംഖ്യം ഗോളശാസ്ത്ര പണ്ഢിതന്മാര്‍ ബാഗ്ദാദില്‍ താമസമാക്കി. പതിനൊന്ന്, പന്ത്രണ്ട് ശതകങ്ങളില്‍ മുസ്ലിം സ്പെയിനും വിശ്വപ്രസിദ്ധ ഗോളശാസ്ത്രപഠനകേന്ദ്രമായി പരിലസിച്ചു.

ടോളമിയുടെ വിഖ്യാതഗ്രന്ഥമായ ‘മെഗാലെ സിന്റാക്സിഡ് മാതമെറ്റിക’ക്ക് ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഒന്നിലധികം അറബി പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. ഇവയില്‍ ഗുന്‍യാനുബ്നു ഇസ്ഹാഖ്, സാബിത്ബ്നു ഖുര്‍റഃ എന്നിവരുടെ പരിഭാഷകള്‍ പുകള്‍പെറ്റവയാണ്. ടോളമിയുടെ മറ്റു കൃതികളായ ടാബുലെ മാനുലെസ്, ഹൈപോതെസസ് പ്ളാനറ്റാറം, പ്ളിനിസ്ഫേറിയം, ടെറ്റ്റാബിബ്ലോസ് എന്നിവയും ഇതേ കാലത്ത് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ടോളമിയുടെ കണക്കുകളും പട്ടികകളും അതേപടി സ്വീകരിക്കാന്‍ മുസ്ലിം ഗോളശാസ്ത്രജ്ഞര്‍ കൂട്ടാക്കിയില്ല. വ്യക്തമായ പഠനത്തിലൂടെ കൂടുതല്‍ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനുള്ള ദീര്‍ഘമായ ഗവേഷണങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. ചില ഗോളശാസ്ത്ര പ്രശ്നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിന് നാല്‍പ്പതു വര്‍ഷം വരെ നീണ്ട പഠനങ്ങള്‍ നടത്തിയ ഗവേഷകരുണ്ട്. ബാഗ്ദാദ്, സമര്‍ഖന്ത്, നിശാപൂര്‍, കൊര്‍ദോവ, ദമസ്കസ്, റയ്യ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഈ ഗവേഷണപഠനങ്ങള്‍ അധികവും നടന്നത്. ഈ പഠനങ്ങള്‍ വഴി ടോളമിയുടെ അതുവരെ അംഗീകരിക്കപ്പെട്ട പല നിഗമനങ്ങളും തിരുത്താന്‍ നാസ്വിറുദ്ദീന്‍ ത്വൂസി, ഖുതുബുദ്ദീന്‍ ശീറാസി തുടങ്ങിയ മുസ്ലിം ഗോളശാസ്ത്രകാരന്മാര്‍ക്ക് സാധിച്ചു. പുതിയ നക്ഷത്രപ്പട്ടികകള്‍ അവര്‍ തയാറാക്കി. ടോളമിയുടെ നിഗമനങ്ങളെ ഖണ്ഢിക്കുന്ന നിബന്ധങ്ങളും അറബിയില്‍ രചിക്കപ്പെട്ടു. പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളില്‍ മുസ്ലിം ലോകത്ത് ഗോളശാസ്ത്രപഠനം അത്യുന്നത ഘട്ടത്തിലെത്തി. അറബ് ഗോളശാസ്ത്ര ഗ്രന്ഥങ്ങള്‍ ലാറ്റിന്‍, ഹിബ്രു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് ഇക്കാലത്താണ്. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഉപശാഖകളിലും നിരവധി ഗ്രന്ഥങ്ങള്‍ ഇക്കാലമായപ്പോഴേക്കും അറബിയില്‍ വിരചിതമായിക്കഴിഞ്ഞിരുന്നു. ഫര്‍ഗാനിയുടെ കിതാബുഫീ ഹറകതിസ്സമാവിയ്യ വല്‍ ജവാമിഉല്‍ ഇല്‍മിന്നുജൂം എന്ന ബൃഹദ്ഗ്രന്ഥം വിഖ്യാതമാണ്. അബ്ദുറഹ്മാനിസ്സൂഫി രചിച്ച സ്വുവറുല്‍കവാകിബ് എന്ന സചിത്ര ഗ്രന്ഥം പില്‍ക്കാല ജ്യോതിശാസ്ത്രപഠനങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്കുപുറമെ അറബ് യഹൂദരും ക്രൈസ്തവരും ഖഗോള വിജ്ഞാനീയ പോഷണത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പി ച്ചു.


RELATED ARTICLE

 • വിശുദ്ധ ഖുര്‍ആന്‍
 • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
 • വഹ്യിന്റെ ആരംഭം
 • ഖുര്‍ആന്‍ മന:പാഠമാക്കല്‍
 • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
 • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
 • ഖുര്‍ആന്‍ തുറന്ന വഴി
 • ഖുര്‍ആനും സസ്യശാസ്ത്രവും
 • ഖുര്‍ആനും വൈദ്യശാസ്ത്രവും
 • ഖുര്‍ആനും ഭൂമിശാസ്ത്രവും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും ജന്തുശാസ്ത്രവും
 • ഖുര്‍ആനും ഗോളശാസ്ത്രവും
 • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിനെ ആദരിക്കല്‍
 • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും