Click to Download Ihyaussunna Application Form
 

 

ഖുര്‍ആന്‍ തുറന്ന വഴി

വിശ്വനാഗരികതകളുടെ ഈറ്റില്ലമായി യൂറോപ്യന്‍ ചരിത്രം പരിചയപ്പെടുത്തുന്ന ഏതന്‍ സിന്,  അറിവ് ദൈവങ്ങളുടെ സ്വകാര്യ സങ്കേതങ്ങളില്‍ നിന്ന് കട്ടെടുക്കപ്പെട്ട നിധിയായിരുന്നു. അറിവു മോഷ്ടിച്ചു മനുഷ്യര്‍ക്കു നല്‍കി എന്ന കുറ്റത്തിന് പ്രോമിത്യൂസ് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്തു. അറിവിന്റെ സൂക്തങ്ങള്‍ അവര്‍ണരുടെ കാതില്‍ പതിഞ്ഞ് അശുദ്ധമാവുന്നതിനെതിരെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയായിരുന്നു ഇന്ത്യയിലെ ആര്യന്‍മാര്‍. ഗ്രീക്ക്, ഇന്ത്യന്‍ സംസ്ക്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അറിവിനെ ജനകീയമാക്കുന്നതിനു വേണ്ടിയാണ് ഇസ്ലാം നിലകൊണ്ടത്. ലോക നാഗരികതകളെ ക്കുറിച്ചുള്ള താരതമ്യ പഠനം ഒന്നാമതായി അടയാളപ്പെടുത്തുന്ന സത്യം ഇതാണ്. അറിവിന്റെ ജനകീയവത്ക്കരണത്തിനു മുന്‍കൈ എടുത്തത് ഖുര്‍ആന്‍ ആണ്.

ഖുര്‍ആന്‍ അറബ് ജനതയില്‍ ഉണ്ടാക്കിയ മാറ്റമാണ് ഈ അവകാശ വാദത്തിന് തെളിവ്.  മുഹമ്മദ് നബിയുടെ പ്രവാചകത്വ ലബ്ധിയുടെയും പ്രബോധന വിജയത്തിന്റെയും മുമ്പ് അറബികളുടെ സംസ്കാരത്തെ നിര്‍ണയിച്ചിരുന്നത് പ്രാകൃതമായ ഗോത്രാചാരങ്ങളും കുടിപ്പകകളുമായിരുന്നു. നല്ല ആതിഥ്യ മര്യാദയും കവന വൈഭവവും ഉള്ളവരായിരുന്നു അവര്‍ എന്നതൊഴിച്ചു നിര്‍ത്തിയാല്‍ ഇസ്ലാമിനു മുമ്പത്തെ അറബി സംസ് കാരം കാര്യമായി ഒന്നും അവശേഷിപ്പിച്ചിട്ടില്ല.  നിലനില്‍പിനുള്ള സമരവും മദ്യം, സ്ത്രീ, യുദ്ധം എന്നീ ത്രയങ്ങളുമാണ് അറബ് രക്തത്തെ തിളപ്പിച്ചത്. പ്രതികാരം, ധീരത, ഭോഗം, ഔദാര്യം എന്നിവയ്ക്കപ്പുറം ചിന്താപരമായ എന്തെങ്കിലും ഉണര്‍വുകള്‍ അവര്‍ പ്രകടിപ്പിച്ചതായി തെളിയുന്നില്ല.

പ്രവാചകന്റെ ആഗമനത്തിനു തൊട്ടു മുമ്പുള്ള അറബി ജീവിതത്തിന്റെ ഏറ്റവും മികച്ച ഈടുവെയ്പ് മുഅല്ലഖകള്‍ എന്നറിയപ്പെടുന്ന സപ്ത കാവ്യങ്ങളാണ്. ഇംറുല്‍ ഖൈസ്, ത്വറഫ, അംറ്ബ്നു കുല്‍സൂം, അന്‍ത്വറഃ, സുഹൈര്‍, ലബീദ്, ഹാരിഥ് എന്നിവരുടെ പുകള്‍പെറ്റ കവിതകളാണ്  ‘മുഅല്ലഖകള്‍’ . ഗോത്രാഭിമാനത്തിന്റെ വക്താക്കളായിരുന്ന ഈ കവികള്‍ പാടിയതത്രയും മദ്യത്തെയും പ്രേമത്തെയും പ്രതികാരത്തെയും മരുഭൂമിയിലെ ജീവിത കാമനയെയും കുറിച്ചാണ്. തത്വചിന്തയുടെയോ ശാസ്ത്രാന്വേഷണത്തിന്റെയോ കിരണങ്ങള്‍ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നര്‍ഥം.

പ്രണയിനി ഉനൈസഃയുമായി സഹശയനം സാധിക്കാതെ വന്നപ്പോള്‍ കുളിക്കടവില്‍ നിന്ന് അവളുടെയും തോഴിമാരുടെയും വസ്ത്രം മോഷ്ടിച്ച് അവരെ നഗ്നകളായി തന്നെ സമീപിക്കാന്‍ നിര്‍ബന്ധിച്ച് ഒട്ടകത്തെ അറുത്ത് അവരെ സല്‍കരിച്ച ശേഷം പ്രണയിനിയുടെ ഒട്ടകപ്പുറത്ത് സവാരി ചെയ്യുന്നതാണ് ഇംറുല്‍ ഖൈസിന്റെ മുഅല്ലഖഃയുടെ ഇതിവൃത്തം. മദ്യം, മൈഥുനം, യുദ്ധം എന്നീ മൂന്നു ജീവിത സുഖങ്ങളെ കുറിച്ചാണു ത്വറഫഃ പാടുന്നത്. ഇസ്ലാമിനു മുമ്പത്തെ അറബി മനസിന്റെ പൊതു സ്വഭാവം ഗ്രഹിക്കാന്‍ ഇത്രയും മതി.

രാത്രിക്കു ശേഷം പകല്‍

ഒരു പക്ഷേ, അക്കാലത്തെ അറേബ്യയെ പൊതിഞ്ഞ ഇരുട്ടിനെ പ്രതീകവത്കരിക്കുന്നതാണ് ഇംറുല്‍ ഖൈസിന്റെ ഈ വരികള്‍. “വലയ്ലിന്‍ ക മൌജില്‍ ബഹ്രി അര്‍ഖാ സുദൂലഹു അലയ്യ ബി അന്‍വാഇല്‍ ഹുമൂമി ലി യബ്തലീ”. (സമുദ്രത്തിലെ തിരമാലകള്‍ കണക്കെ രാത്രി അതിന്റെ വിരികള്‍ എന്റെ മേല്‍ താഴ്ത്തിയിട്ടു; നിരവധി ദുഃഖങ്ങളാല്‍ എന്നെ പരീക്ഷിക്കുന്നതിനു വേണ്ടി).

അജ്ഞാനത്തിന്റെ ഈ രാത്രികളില്‍ നിന്ന് ജ്ഞാനത്തിന്റെ പകലിലേക്ക് അറബികളെ വിളിച്ചുണര്‍ത്തിയ നാദമായിരുന്നു ‘ഇഖ്റഅ്’ (വായിക്കുക). ഇരുട്ടില്‍ നിന്നു വെളിച്ചത്തി ലേക്കുള്ള അറബികളുടെ പ്രയാണത്തെ ഖുര്‍ആന്‍ അടയാളപ്പെടുത്തുന്നു.

‘വായിക്കുക’ എന്ന ആജ്ഞയുടെ അപ്രതിരോധ്യമായ കരുത്ത്  അറബ് ജനതയെ എപ്രകാരം മാറ്റിയെടുത്തു എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അറിവു നേടല്‍ ഓരോ മുസ് ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണെന്നും ചൈനയില്‍ പോയെങ്കിലും അറിവു നേ ടുക എന്നും അനുയായികളെ പഠിപ്പിച്ച പ്രവാചകന്‍ യുദ്ധത്തടവുകാരെ വിട്ടയക്കുന്നതിന് വെച്ച ഉപാധി തന്റെ അനുചരന്മാരില്‍ പത്തുപേര്‍ക്കെങ്കിലും എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു. അക്ഷര വിദ്യയെ ജനകീയമാക്കുകയായിരുന്നു പ്രവാചകന്‍ ഇതിലൂടെ (ബദര്‍ യുദ്ധത്തില്‍ ബന്ധനസ്ഥരായ ശത്രുക്കള്‍ക്ക് പ്രവാചകന്‍ നിശ്ചയിച്ച മോചനദ്രവ്യം പത്ത് മുസ്ലിംകള്‍ക്ക് എഴുത്തും വായനയും പഠിപ്പിച്ചു കൊടുക്കുക എന്നതായിരുന്നു).

ഹിറാ ഗുഹയിലെ ധ്യാനത്തില്‍ നിന്ന് പ്രവാചകനെ ഉണര്‍ത്തിയ ‘ഇഖ്റഅ്’ എന്ന അശരീരി പുതിയൊരു നാഗരികതയുടെ അടിക്കല്ലായിത്തീര്‍ന്നു. ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച്,    “കിഫാ നബ്കി മിന്‍ ദിക്റാ ഹബീബിന്‍ വ മന്‍സിലി” (നില്‍ക്കൂ, പ്രാണ പ്രേയസിയുടെ സ്മരണയില്‍ അവളുടെ ഭവനാവശിഷ്ടത്തിനടുത്തു നിന്നു നമുക്ക് കരയാം) എന്നു പാടി നടന്ന ജനത, “ദൈവമേ, അറിവു വര്‍ധിപ്പിച്ചു തരേണമേ” (റബ്ബി സിദ്നീ ഇല്‍മന്‍)   എന്നു പ്രാര്‍ഥിച്ചു തുടങ്ങി. അവരുടെ ഭാവനകളില്‍ നിന്ന് പ്രണയവും ലഹരിയും കുതിരയുടെ ചന്തവും ഗോത്രപ്പകയും അപ്രത്യക്ഷമായി. ഭൂമിയുടെ ചുറ്റളവിനെ കുറിച്ചും നക്ഷത്രങ്ങള്‍ തമ്മിലുള്ള അകലത്തെ കുറിച്ചുമായി അവരുടെ ആലോചന. അവരുടെ ഭാഷ, അതുവരെ സംസ്കാരത്തിന്റെ ഭാഷയായിരുന്ന ഗ്രീക്കിനെ ക്ഷണനേരം കൊണ്ട് നിഷ്പ്രഭമാക്കി. റോമിന്റെയും പേര്‍ഷ്യയുടെയും ധൈഷണിക പ്രഭാവം അറബികള്‍ക്കു മുമ്പില്‍ കരിന്തിരി കത്തി.

ക്രി.വ. ആറാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ അറബികളുടെ ചരിത്രത്തില്‍ എന്തു സംഭവിച്ചു എന്നത് വിസ്മയാവഹമാണ്. പ്രഗത്ഭ ശാസ്ത്രചരിത്രകാരന്‍ ജോര്‍ജ് സാര്‍ട്ടന്റെ വാക്കുകള്‍ ശ്രദ്ധിക്കുക:

“ഏറ്റവും മൌലികവും ഏറ്റവും ആശയ സമ്പന്നവുമായ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് അറബിയിലാണ്. എട്ടാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്റെ അന്ത്യം വരെ അറബിയായിരുന്നു മനുഷ്യ വംശത്തിന്റെ ശാസ്ത്രഭാഷ. ആ കാലഘട്ടത്തില്‍ ഏറ്റവും പുതിയ വിജ്ഞാനം കരസ്ഥമാക്കണമെന്നുള്ളവര്‍ അറബി പഠിക്കേണ്ടിയിരുന്നു. ജാബിറുബ്നു ഹയ്യാന്‍, അല്‍കിന്ദി, അല്‍ഖാരിസ്മി, അല്‍ഫര്‍ഗാനി, അല്‍റാസി, സാബിതുബ്നു ഖുര്‍റഃ, അല്‍ബത്താനി, ഹുനൈനുബ്നു ഇസ്ഹാഖ്, അല്‍ഫാറാബി, ഇബ്റാഹീമുബ്നു സിമാന്‍, അല്‍ മസ്ഊദി, ത്വബരി, അബുല്‍വഫാ, അലിയ്യുബ്നു അബ്ബാസ്, അബുല്‍ ഖാസിം, ഇബ്നു അല്‍ ജസ്സാര്‍, അല്‍ ബിറൂനി, ഇബ്നു സീനാ, ഇബ്നു യൂനുസ്, അല്‍ ഖര്‍ഖി, ഇബ്നു ഹൈസം, അലിയ്യിബ്നു ഈസ, അല്‍ഗസ്സാലി, അല്‍ സര്‍ഖാലി, ഉമര്‍ ഖയ്യാം – പാശ്ചാത്യ ലോകത്ത് തുല്യരായ സമകാലികരില്ലാത്ത ഏതാനും മഹാപ്രതിഭകളെ മാത്രം ഇവിടെ ഓര്‍ക്കാം. ഈ പട്ടിക എത്ര വേണമെങ്കിലും നീട്ടാനും പ്രയാസമില്ല. മധ്യകാലഘട്ടം ശാസ്ത്ര രംഗത്ത് വന്ധ്യമായിരുന്നു എന്ന് നിങ്ങളോടാരെങ്കിലും പറഞ്ഞാല്‍ ഈ ആളുകളുടെ പേരുകള്‍ മാത്രം അവരോട് പറയുക. 750 നും 1100 നുമിടയ്ക്കുള്ള ഹ്രസ്വകാലഘട്ടത്തിലാണ് ഇവരെല്ലാം ജീവിച്ചത്.”

ഒട്ടകപ്പുറത്ത് പുസ്തകങ്ങള്‍

ഇസ്ലാമിക നാഗരികത അറബികളിലുണ്ടാക്കിയ പരിവര്‍ത്തനത്തിന്റെ സ്വാദറിയാന്‍ അബ്ബാസീ ഖലീഫഃ മഅ്മൂന്‍ ബഗ്ദാദില്‍ സ്ഥാപിച്ച ബൈതുല്‍ ഹിക്മഃ’ (ജ്ഞാന ഭവനം) എന്ന ശാസ്ത്ര പഠന കേന്ദ്രത്തെക്കുറിച്ചു മനസ്സിലാക്കിയാല്‍ മതിയാവും. വാന നിരീക്ഷണ കേന്ദ്രവും ഗ്രന്ഥാലയവും ചേര്‍ന്ന ഈ പഠന കേന്ദ്രത്തിന്റെ നിര്‍മിതിക്ക് അന്നത്തെ രണ്ടു ലക്ഷം ദിര്‍ഹമാണ് (ഇന്നത്തെ ഏഴു മില്ല്യന്‍ ഡോളറിനു തുല്യം) ഖലീഫഃ നീക്കിവെച്ചത്. വിവിധ ഭാഷാ പണ്ഢിതന്മാര്‍ ബൈതുല്‍ ഹിക്മഃയില്‍ നിയോഗിക്കപ്പെട്ടു. എല്ലാ വിജ്ഞാന ശാഖകളിലുമുള്ള ഗ്രന്ഥങ്ങള്‍ (നൂറൊട്ടകങ്ങള്‍ക്ക് ചുമക്കാനുള്ളത്) അവിടെ ശേഖരിച്ചിരുന്നു. പഹ്ലവി, സംസ്കൃതം, ഗ്രീക്ക്, കാല്‍ദിയന്‍, സുറിയാനി ഭാഷകളിലുള്ള കൃതികള്‍ അറബിയിലേക്ക് ഈ കേന്ദ്രത്തില്‍വെച്ചു വിവര്‍ ത്തനം ചെയ്യപ്പെട്ടു.

ഡോ.ഗുസ്താവ് ലീ ബോണ്‍ എഴുതുന്നു: “In those days when books and libraries meant nothing to Europeans, Many Islamic lands had books and libraries in plenty. Indeed, in Baghdad’s ‘House of Wisdom’ there were four million Volumes; and in cairo’s Sultanic Library one million; and in the library of syrian Tripoly three million Volumes ; While in Spain alone under Muslim rule there was an annual publication between 70 and 80 thousand Volumes”

(Dr.Gustave Le Bon, History of Islamic and Arab Civilization, Vol III, P329, സയ്യിദ് മു ജ്തബാ മൂസവിലാരി ഉദ്ധരിച്ചത്. അത്തൌഹീദ് (ഇംഗ്ളീഷ് ജേണല്‍) വാള്യം 17 ലക്കം 4).

“പുസ്തകങ്ങളും ഗ്രന്ഥാലയങ്ങളും യൂറോപ്യര്‍ക്ക് ഒന്നുമല്ലാതിരുന്ന ഈ ദിനങ്ങളില്‍ പല ഇസ്ലാമിക നാടുകളിലും അവ ധാരാളമായുണ്ടായിരുന്നു. ബാഗ്ദാദിലെ ‘ജ്ഞാന ഭവന’ത്തില്‍ നാലു ദശലക്ഷം ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. കൈറോവിലെ സുല്‍ത്താന്റെ ഗ്രന്ഥാലയത്തില്‍ ഒരു ദശലക്ഷം; സിറിയന്‍ ട്രിപോളിയിലെ ഗ്രന്ഥാലയത്തില്‍ മൂന്നു ദശലക്ഷം; മുസ്ലിം ഭരണകാലത്ത് സ്പെയിനില്‍ മാത്രം വര്‍ഷം പ്രതി എഴുപതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയ്ക്ക് ഗ്രന്ഥങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.”

ഗോള ശാസ്ത്രം മുതല്‍ വൈദ്യശാസ്ത്രം വരെ എല്ലാ വൈജ്ഞാനിക ശാഖകളും ഇസ്ലാമിക നാഗരികതയില്‍ വളര്‍ന്നു പന്തലിച്ചു. ഹ്രസ്വമായ ഒരു കാലഘട്ടത്തിനു ള്ളില്‍ വൈജ്ഞാനിക രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കാന്‍ മുസ്ലിംക ള്‍ക്കു സാധിച്ചു.

ചോദ്യമിതാണ് : കാമിനിമാരുടെ മാദകത്വം വര്‍ണിക്കാന്‍ പ്രാസപ്പൊരുത്തമുള്ള വാക്കുകള്‍ തേടിയവര്‍ സംഖ്യകളുടെ പൊരുള്‍ ചികയാന്‍ ഇടയായതെങ്ങനെ? വാളുകള്‍ ചുവപ്പിച്ചു ഗോത്ര മഹിമയെ വിളംബരം ചെയ്തവര്‍ (‘വെളുത്ത വാളുകളുമായി പോയി ചുവന്ന വാളുകളുമായി മടങ്ങുന്നവര്‍ ഞങ്ങള്‍’ എന്നു കവി) അരിസ്റ്റോട്ടിലിനും യുക്ളിഡിനും തിരുത്തുകള്‍ നിര്‍ദേശിക്കാന്‍ മാത്രം പ്രാപ്തരായതെങ്ങനെ?

വെളിച്ചത്തിന്റെ പ്രളയം

ഇരുപത്തിമൂന്നു സംവത്സരക്കാലം മുഹമ്മദ് നബി ഉരുവിട്ട വാക്കുകളാണ് മന്ത്രശക്തിയാലെന്ന പോലെ അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മാറ്റിക്കളഞ്ഞത്. നബിയുടെ മസ്തിഷ്കം സ്വയം നെയ്തെടുത്ത വാക്കുകളായിരുന്നില്ല അവ. അന്നത്തെ അറേബ്യന്‍ പരിസ്ഥിതിയില്‍ മതപരമോ വിദ്യാഭ്യാസപരമോ ആയ പശ്ചാതലമൊന്നുമില്ലാത്ത ഒരു വ്യക്തിക്ക് സാധിക്കുന്നതില്‍ കവിഞ്ഞ ദൌത്യമാണു പ്രവാചകന്‍ നിര്‍വഹിച്ചത്. വെളിപാടിന്റെ വെളിച്ചമാണ് ഹിറയില്‍ പ്രത്യക്ഷപ്പെട്ടതെന്നു വ്യക്തം. ആകാശത്തു നിന്നു വീണ മിന്നല്‍ പിണര്‍ പോലെ പ്രവാചകന്‍ അറേബ്യയെ പ്രകാശമയമാക്കി. തോമസ് കാര്‍ലൈലിന്റെ അതി മനോഹരമായ വാക്കുകള്‍ ഇവിടെ പകര്‍ത്തട്ടെ;

“അറബ് ദേശത്തിന് തമസ്സില്‍ നിന്ന് പ്രകാശത്തിലേക്കുള്ള പിറവിയായിരന്നു അത്. അത് മുഖേനയാണ് അറേബ്യക്ക് ആദ്യം ജീവന്‍ കൈവന്നത്. ലോകാരംഭം മുതല്‍ അതിന്റെ മരുഭൂമികളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ അലഞ്ഞു നടന്ന പാവംപിടിച്ച അജപാലകന്മാര്‍. അവര്‍ക്ക് വിശ്വസിക്കാനാവുന്ന വചനവുമായി ഒരു നായക പ്രവാചകന്‍ അവര്‍ക്കിടയിലേക്ക് അയക്കപ്പെട്ടു. നോക്കൂ, ശ്രദ്ധിക്കപ്പെടാതിരുന്നത് ലോകശ്രദ്ധ നേടുന്നു, ചെറുത് ലോകത്തോളം വലുതാവുന്നു. അതിനു ശേഷം ഒരു നൂറ്റാണ്ടിനുള്ളില്‍ അറേബ്യ ഒരറ്റത്ത് ഗ്രാനഡ മുതല്‍ മറ്റേയറ്റത്ത് ഡല്‍ഹി വരെ, ധീരതയിലും പ്രൌഢിയിലും പ്രതിഭയുടെ പ്രകാശത്തിലും ലോകത്തിന്റെ വലിയൊരു ഭാഗത്ത് തിളങ്ങി നില്‍ക്കുന്നു. വിശ്വാസം മഹിതം, ജീവ ദായകം. വിശ്വസിക്കുന്നതോടെ ഒരു ദേശത്തിന്റെ ചരിത്രം പുഷ്ക്കലമാവുന്നു. ആത്മീയൌന്നത്യവും മഹത്വവും നേടുന്നു. ഈ അറബികള്‍, മുഹമ്മദ് എന്ന മനുഷ്യന്‍, ആ ഒരു നൂറ്റാണ്ട്. അഗണ്യവും ഇരുണ്ടതുമായ ഒരു ലോകത്ത് തീപ്പൊരി വീണതു പോലെ ആയിരുന്നില്ലേ അത്? പക്ഷേ, നോക്കൂ; പൊട്ടിത്തെറിക്കുന്ന വെടിമരുന്നായി ഡല്‍ഹി മുതല്‍ ഗ്രാനഡ വരെ അത് ആകാശം മുട്ടെ കത്തിജ്ജ്വലിക്കുന്നു. ഞാന്‍ പറഞ്ഞു: മഹാത്മാവ് എന്നും ആകാശത്തു നിന്നു വരുന്ന മിന്നല്‍പിണര്‍ പോലെ ആയിരുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തിനായി കാത്തുനിന്നു. ഇന്ധനം തീയെ എന്ന പോലെ അവര്‍ക്കും ജ്വാലയാവാന്‍”.

മുഹമ്മദ് നബിയിലൂടെ മിന്നല്‍പ്പിണറായി മരുഭൂമിയില്‍ ഇറങ്ങിയ ഖുര്‍ആന്‍ എന്തിലേക്കെല്ലാമാണ് അവിടുത്തെ നിവാസികളുടെ കണ്ണു തുറപ്പിച്ചത്? ഖുര്‍ആനിലെ പരശ്ശതം സൂക്തങ്ങളില്‍ നിന്ന് ചില മാതൃകകള്‍ മാത്രം മതി ഇതിനുള്ള ഉത്തരം ലഭിക്കാന്‍. ഖുര്‍ആന്‍ അറബികളുടെ ശ്രദ്ധയെ ഒട്ടകത്തിലേക്കും ആകാശത്തേക്കും പര്‍വതങ്ങളിലേ ക്കും ഭൂമിയുടെ കിടപ്പിലേക്കും ആകര്‍ഷിച്ചു.
ഒട്ടകത്തെ അവര്‍ നോക്കുന്നില്ലേ? അതെങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്. ആകാശത്തേക്ക്, അതെങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നത് എന്ന്. പര്‍വതങ്ങളിലേക്ക്, അവ എങ്ങനെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക്, അതെങ്ങനെ വി താനിക്കപ്പെട്ടിരിക്കുന്നു എന്ന്” (വി.ഖു. 88: 17-20). അറബികള്‍ ഒട്ടകത്തെ നോക്കി. മരുഭൂമിയുടെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ ഈ ജീവി എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ ചിന്തിച്ചു തുടങ്ങി. ദാഹജലത്തെ കൊഴുപ്പായി ശേഖരിച്ചു വെക്കാനുള്ള അതിന്റെ കഴിവിനെക്കുറിച്ച് അവര്‍ ആലോചിച്ചു.

വ്യാപാര യാത്രകളില്‍ ദിക്കറിയുന്നതിനുവേണ്ടി അവര്‍ ആകാശത്തേക്കു നോക്കിയിരുന്നു. നക്ഷത്രങ്ങള്‍ അവര്‍ക്ക് വഴി പറഞ്ഞു കൊടുത്തു. സുറയ്യാ നക്ഷത്രത്തെ കുറിച്ചു അവര്‍ കവിത പാടിയിട്ടുണ്ട്. എന്നിട്ടും ഖുര്‍ആന്‍ അവരോട് ആകാശത്തേക്കു നോ ക്കാന്‍ പറഞ്ഞു. ആകാശം എങ്ങനെ ഉയര്‍ത്തപ്പെട്ടു എന്നാണ് അവര്‍ക്കു ഇപ്പോള്‍ ചി ന്തിക്കാനുള്ളത്. ചിന്തിച്ചപ്പോള്‍ ആകാശത്തിന്റെ ഘടന മനസ്സിലാക്കാന്‍ അവര്‍ക്കു സാ ധിച്ചു. ആകാശത്ത് ദീപാലങ്കാരങ്ങള്‍ പോലെ തിളങ്ങുന്ന നക്ഷത്രങ്ങളെ കുറിച്ചു ചിന്തിക്കാനും ഖുര്‍ആന്‍ അവര്‍ക്കു പ്രേരണ നല്‍കി. “ആകാശങ്ങളെ നിങ്ങളുടെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയാത്ത തൂണുകളാല്‍ ഉയര്‍ത്തിയ (13:2) അല്ലാഹുവെക്കുറിച്ചു ചിന്തിക്കാനായിരുന്നു ആഹ്വാനം.

“പിന്നീടവന്‍ ആകാശത്തിലേക്കു തിരിഞ്ഞു. അതു പുകയായിരുന്നു. അതിനോടും ഭൂമിയോടും അവന്‍ അരുളി ചെയ്തു: “നിങ്ങള്‍ രണ്ടും അനുസരണയാലോ നിര്‍ബന്ധിതരായോ വരിക. അവ അനുസരണത്തോടെ വന്നു. അങ്ങനെ രണ്ടു നാളുകളിലായി അവന്‍ അവയെ ഏഴ് ആകാശങ്ങളാക്കി. ഓരോ ആകാശത്തിനും അതിന്റെ കാര്യങ്ങള്‍ ബോധനം നല്‍കുകയും ചെയ്തു. സമീപാകാശത്തെ നാം ദീപാലംകൃതമാക്കുകയും സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു” (41: 11,12).

“ആകാശത്തെ നാം സുരക്ഷിതമായ ഒരു മേല്‍പുരയാക്കി. എന്നാല്‍ അവര്‍ അതിലെ ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞു കളയുന്നവരാകുന്നു” (21:32).

ബഹിരാകാശത്തു നിന്നുള്ള മാരക രശ്മികളും ഉല്‍ക്കകളും ഭൂമിയില്‍ പതിക്കുന്നതിന് അല്ലാഹു ഏര്‍പ്പെടുത്തിയ രക്ഷാകവചത്തെക്കുറിച്ചു മനുഷ്യന്‍ മനസ്സിലാക്കുന്നത് പി ന്നീട് എത്ര കാലം കഴിഞ്ഞ്.! ഹരിതഭവന പ്രഭാവം സൃഷ്ടിച്ച് ഓസോണ്‍ പാളിയില്‍ തുള വീഴ്ത്തുന്ന വികൃതിയായ മനുഷ്യന്‍ കഥയെന്തറിഞ്ഞു.

“ആകാശ ഭൂമികളില്‍ എന്തെല്ലാമാണുള്ളതെന്നു നോക്കൂ” (10:101). എന്നാവശ്യപ്പെട്ട ഖുര്‍ആന്‍ അതിന്റെ അഭിസംബോധിതരോട് നിരന്തരം ചോദിച്ചത് ‘നിങ്ങള്‍ ചിന്തിക്കുന്നില്ലേ?’ “നിങ്ങള്‍ ബുദ്ധി പ്രയോഗിക്കുന്നില്ലേ?” എന്നെല്ലാമാണ്.

സസ്യജാലങ്ങളുടെ വൈവിധ്യത്തെ കുറിച്ച്, ഭാഷാ വൈവിധ്യത്തെപറ്റി, മഴവര്‍ഷിക്കുന്നതിനെ സംബന്ധിച്ച്, രാപ്പകലുകളുടെ മാറി വരവിനെക്കുറിച്ച്, സമുദ്രങ്ങളിലെ കപ്പലുകളുടെ യാത്രയെപ്പറ്റി. കാറ്റിനെയും പരാഗണത്തെയും കുറിച്ച്, ദിശ തെറ്റാതെ പറന്നു പോകുന്ന ദേശാടനപ്പക്ഷികളെപ്പറ്റി, തേന്‍ സംഭരിക്കുന്ന തേനീച്ചകളെപ്പറ്റി, മനുഷ്യന്റെ വിരലടയാളത്തെ കുറിച്ച് ഇങ്ങനെ അസംഖ്യം കാര്യങ്ങളെ കുറിച്ചു ചിന്തിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്തു. മനുഷ്യക്കുഞ്ഞിന്റെ രൂപപ്പെടലിന്റെ മുഴുവന്‍ ഘട്ടങ്ങളും, ശാസ്ത്രീയമായ കൃത്യതയോടെ ഖുര്‍ആന്‍ വിവരിച്ചു കൊടുത്തു. ജസീറത്തുല്‍ അറബിലെ നിവാസികള്‍ക്ക് അതിനു മുമ്പ് അജ്ഞാതമായിരുന്ന മഹാകാര്യങ്ങള്‍. വേദപു സ്തകം അവരുടെ ആത്മാവിനെയെന്ന പോലെ ധിഷണയെയും തൊട്ടുണര്‍ത്തുകയായിരുന്നു. പ്രപഞ്ചനാഥന്റെ ഏകത്വത്തെയും ധര്‍മാധര്‍മങ്ങളെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള ശക്തമായ വെളിപ്പെടുത്തലുകള്‍ക്കൊപ്പം ഖുര്‍ആന്‍ അവര്‍ക്കു മുമ്പില്‍ ചിന്തയുടെ മറ്റനേകം കവാടങ്ങളും തുറന്നിടുന്നുണ്ടായിരുന്നു.

ഭൂമി: ചിന്തിക്കുന്നവര്‍ക്ക് ചില അടയാളങ്ങള്‍

“ഭൂമിയെ വിശാലമാക്കിയതും പര്‍വതങ്ങളും നദികളും സൃഷ്ടിച്ചതും അവന്‍. സകല ഇനം പഴങ്ങളും അവന്‍ സൃഷ്ടിച്ചു. അവയെ അവന്‍ ജോഡികളാക്കുകയും ചെയ്തു. രാവു കൊണ്ട് അവന്‍ പകലിനെ മൂടുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം അടയാളങ്ങളുണ്ട്. ഭൂമിയില്‍ അടുത്തു കിടക്കുന്ന പറമ്പുകള്‍, മുന്തിരിത്തോപ്പുകള്‍, കൃഷിയിടങ്ങള്‍, തനിച്ചും കൂട്ടായും വളരുന്ന കാരക്ക മരങ്ങള്‍ എല്ലാറ്റിനെയും നനക്കുന്നത് ഒരേ വെള്ളം കൊണ്ട്. എന്നാലോ ചിലതിനു ചിലതിനേക്കാള്‍ വിശിഷ്ടമായ രുചി നാം നല്‍കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍ അടയാളമുണ്ട് (13: 3,4).

“നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഉണ്ടാക്കിത്തരികയും ആകാശത്തു നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അതുമൂലം വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട സസ്യ ഇണകളെ ഉല്പാദിപ്പിക്കുകയും ചെ യ്തു. നിങ്ങള്‍ തിന്നുകയും നിങ്ങളുടെ കന്നുകാലികളെ മേക്കുകയും ചെയ്തു കൊള്ളുക. ബുദ്ധിമാന്മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്” (20:53,54).

‘അവനാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നത്. അതില്‍ നിന്ന് പുതുമാംസം നിങ്ങള്‍ ഭക്ഷിക്കുന്നതിനും നിങ്ങളണിയുന്ന ആഭരണങ്ങള്‍ ശേഖരിക്കുന്നതിനും വേണ്ടി. അതില്‍ കുറുകെ പോകുന്ന കപ്പലുകളെ നിനക്കു കാണാം. നിങ്ങള്‍ അല്ലാഹുവിന്റെ ഔദാര്യം തേടുന്നതിന്ന്, കൃതജ്ഞത കാണിക്കുന്നതിന്ന്” (16:14).

ഇങ്ങനെ ഭൂമിയിലെ സസ്യജാലങ്ങളെയും പര്‍വതങ്ങളെയും നദികളെയും സമുദ്രങ്ങളെയും അവയിലെ ജീവജാലങ്ങളെയും കുറിച്ചു ഖുര്‍ആനില്‍ നിത്യവും പാരായണം ചെയ്ത ജനത ഭൂമിശാസ്ത്രവും സമുദ്രശാസ്ത്രവും ജന്തുശാസ്ത്രവും സസ്യശാസ്ത്രവും പഠിക്കാതിരിക്കുന്നതെങ്ങനെ?

ഓരോന്നിനും ഓരോ ഭ്രമണപഥങ്ങള്‍

ഖഗോള വിജ്ഞാനീയത്തിന്റെ ഉള്ളറകളിലേക്ക് ഖുര്‍ആന്‍ അറബികളെ മാടിവിളിച്ചു: “ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാ ര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്” (3: 190).

“സൂര്യന്‍ അതിന്റെ താവളത്തിലേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സര്‍വജ്ഞനും അജയ്യനുമായവന്റെ നിര്‍ണയമാണത്. ചന്ദ്രന്‍; അതിനു പല താവളങ്ങളും നാം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ഒടുവിലത് ഈന്തപ്പനകളുടെ ഉണങ്ങിയ കുലത്തണ്ട് പോലെ ആയിത്തീരുന്നു. ചന്ദ്രനെ സൂര്യന്‍ മറികടക്കുന്നില്ല. രാത്രി പകലിനെ മുന്‍കടക്കുകയില്ല. ഓരോന്നിനും അതിന്റേതായ സഞ്ചാര പഥങ്ങള്‍ നാം നിശ്ചയിച്ചിരിക്കുന്നു (36: 34-40).

“അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണ പഥത്തിലൂടെ നീന്തികൊണ്ടിരിക്കുന്നു” (21: 33).

ഭ്രമണ പഥങ്ങളെ കുറിച്ചു ഖുര്‍ആനില്‍ നിന്നു കിട്ടിയ സൂചനകള്‍ മുസ്ലിം ശാസ്ത്രജ്ഞരുടെ ജിജ്ഞാസയുണര്‍ത്തിയതു സ്വാഭാവികമാണ്. ഇക്കാണുന്ന ഗോളങ്ങളെല്ലാം ഉണ്ടായതെങ്ങനെ? ജീവന്‍ ഉത്ഭവിച്ചതെങ്ങനെ? മക്കയിലെയും യസ്രിബിലെയും അജപാലകര്‍ ഈ വിഷയങ്ങളെ കുറിച്ചൊന്നും ചിന്തിച്ചിരുന്നതായി തെളിവില്ല. അവരോട് ഖുര്‍ആന്‍ പ്രപഞ്ചോല്‍പത്തിയെക്കുറിച്ചു വിസ്മയകരമായ ഒരു രഹസ്യം പറഞ്ഞു:

“നിഷേധികള്‍ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു. അവയെ നാം വേര്‍പ്പെടുത്തി. ജലത്തില്‍ നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കാതിരിക്കുകയാണോ?” (21:30).

മഹാവിസ്ഫോടനമാണ് പ്രപഞ്ചത്തിന്റെ രൂപവത്ക്കരണത്തിനു നിമിത്തമായതെന്ന് ഇന്ന് നാമറിയുന്നു. പ്രപഞ്ച സൃഷ്ടിക്കു മുമ്പ് ഒരു വാതകമാണുണ്ടായിരുന്നത് എന്നും നാം മനസ്സിലാക്കുന്നു. ഖുര്‍ആന്‍ പറഞ്ഞത് : “അതൊരു പുകയായിരുന്നു” (41:11) എന്നത്രെ.

വികസിക്കുന്ന പ്രപഞ്ചം

സാര്‍ഥവാഹകസംഘങ്ങള്‍ മരുപ്പച്ചകളില്‍ വിശ്രമിച്ചു. അവരുടെ തമ്പുകളിലേക്ക് ഖുര്‍ആന്‍ ഒഴുകി വന്നപ്പോള്‍ കേള്‍ക്കുന്നത് വികസിക്കുന്ന പ്രപഞ്ചത്തെപ്പറ്റി. ഗോളങ്ങളുടെ ചലനങ്ങള്‍ അവരറിഞ്ഞു. സൌരയൂഥം, ക്ഷീര പഥങ്ങള്‍, നക്ഷത്രങ്ങളുടെ കൂട്ടങ്ങള്‍, നക്ഷത്രങ്ങള്‍ക്കിടയിലെ അകലം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിക്കുകയാണ്. ഖുര്‍ആനിലൂടെ അവരതു കേട്ടു.

“ആകാശം, നാമതിനെ കരങ്ങളാല്‍ നിര്‍മിച്ചു. തീര്‍ച്ചയായും നാമതിനെ വികസിപ്പിക്കുന്നവനാകുന്നു” (51: 47). വികസിക്കുന്ന പ്രപഞ്ചത്തെ കുറിച്ച ചിന്ത അറിവിന്റെ ചക്രവാളത്തെയും വികസിപ്പിച്ചു. ഖുര്‍ആനോടൊപ്പം വികസിക്കുകയായിരുന്നു അവരുടെ വി ജ്ഞാന മണ്ഡലവും.

മനുഷ്യാ, നീ ഒന്നുമായിരുന്നില്ല

ജനിച്ചു ജീവിച്ചു മരിച്ചു തീരുക എന്നതാണോ മനുഷ്യന്റെ വിധി? അജ്ഞാന കാലത്തി ന്റെ ശേഷിപ്പുകള്‍ അറബികളോട് ഇതേ കുറിച്ച് എന്തെങ്കിലും പറയുകയുണ്ടായോ? പ്രവാചകനു മുമ്പുള്ള ക്ളാസിക്ക് അറബി കവിതകളിലൊന്നും തത്വചിന്താപരമായ സന്ദേശങ്ങള്‍ കടന്നു വരുന്നില്ല. മരുഭൂമിയുടെ വന്യതയും സാധാരണതയുമായിരുന്നു സപ്ത കവിതകളുടെ ഇതിവൃത്തം. പ്രേമത്തിന്റെ ചൂടുകൊണ്ടാണ് ഹൃദയങ്ങളെ അവ ദ്രവീകരിച്ചത്.

പ്രവാചകന്റെ വരവോടെ അവര്‍ മറ്റൊരു ലോകത്തിലേക്ക് എടുത്തെറിയപ്പെട്ടു. മണ്ണില്‍ നിന്ന് ഉണ്ടാവുകയും മണ്ണിലേക്ക് മടങ്ങുകയും ചെയ്യുന്നവനാണ് മനുഷ്യന്‍ എന്ന് ഖുര്‍ആന്‍ അവരുടെ കാതുകളില്‍ മന്ത്രിച്ചു. “അതില്‍ നിന്നാണ് നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നാം നിങ്ങളെ മടക്കുന്നു. അതില്‍ നിന്നു തന്നെ ഒരിക്കല്‍ കൂടി നിങ്ങളെ നാം പുറത്തു കൊണ്ടു വരും’ (20 :55).

മണ്ണില്‍ നിന്ന് മണ്ണിലേക്കുള്ള മനുഷ്യന്റെ വഴി ഏതാണ്? ഇസ്ലാം സ്വീകരിച്ച അറബികളും പാര്‍സികളും സിറിയക്കാരും മനുഷ്യപ്രജനനത്തിന്റെ വിശദാംശങ്ങള്‍ ഖുര്‍ആനില്‍ നിന്നു ഗ്രഹിച്ചു. സകല വസ്തുക്കളില്‍ നിന്നും നാം ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ചു ഗ്രഹിക്കുന്നതിനു വേണ്ടി” (51 : 49).

മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളത്രയും സസ്യങ്ങളും ഇതര വസ്തുക്കളുമെല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇലക്ട്രോണും പ്രോടോണും അറിയപ്പെടാതിരുന്ന കാലത്തു തന്നെ ഖുര്‍ആന്റെ അഭിസംബോധിതര്‍ ഗ്രഹിച്ച വസ്തുതകളാണിത്.

പ്രജനനത്തിന്റെ മുഴുവന്‍ ഘട്ടങ്ങളെയും ഖുര്‍ആന്‍ വിവരിച്ചു.

“മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു ഘട്ടം പിന്നിടുകയുണ്ടായല്ലോ? കൂടിച്ചേര്‍ന്നുണ്ടായ ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാമവനെ സൃഷ്ടിച്ചിരിക്കുന്നു” (76: 1,2).

“സ്രവിക്കപ്പെട്ട ശുക്ളത്തിന്റെ ഒരു കണികയായിരുന്നില്ലേ അവന്‍? പിന്നീട് അവന്‍ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന വസ്തുവായി. എന്നിട്ട് (അല്ലാഹു) അവനെ സൃഷ്ടിക്കുകയും പൂര്‍ണാവസ്ഥയിലാക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടിണകളെ അവന്‍ ഉണ്ടാക്കി” (75: 37-39).

“നിശ്ചയം മനുഷ്യനെ നാം കളിമണ്ണിന്റെ സത്ത് കൊണ്ട് സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് അവനെ ശുക്ള ബിന്ദുവാക്കി ഭദ്രമായ ഒരു സ്ഥലത്ത് നാം വെച്ചു. പിന്നീട് ആ ശുക്ള ബിന്ദുവിനെ ഒട്ടിപ്പിടിച്ച വസ്തുവായും ഒട്ടിപ്പിടിപ്പിച്ച വസ്തുവിനെ മാംസക്കഷ്ണമായും മാംസക്കഷ്ണത്തെ അസ്ഥികളായും നാം സൃഷ്ടിച്ചു. പിന്നീട് അസ്ഥികളെ മാംസം കൊണ്ടു പൊതിഞ്ഞു. പിന്നീട് നാമതിനെ മറ്റൊരു സൃഷ്ടിയായി വളര്‍ത്തിക്കൊണ്ടു വന്നു. അപ്പോള്‍ ഏറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍” (23 : 12-14).

ഒന്നുമില്ലായ്മയില്‍ നിന്ന് ഏറ്റവും മനോഹരമായ സൃഷ്ടി എങ്ങനെ നടന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ‘വായിക്കുക’ എന്ന ആജ്ഞയോടെ ഹിറാഗുഹയില്‍ സമാരംഭം കുറിച്ച വെളിപാട്. അക്ഷരാര്‍ഥത്തില്‍ ഒരു ജനതയെ അതു മാറ്റി മറിച്ചു. അവര്‍ പിന്നീട് അനേകം ശാസ്ത്ര ശാഖകളില്‍ സ്വന്തം പേര് വലിയ അക്ഷരത്തില്‍ കുറിച്ചുവച്ചു. ഒന്നുമല്ലാതിരുന്ന ഒരു ജനത എല്ലാം നേടിയ കഥയാണത്. ഗരിമയാര്‍ന്ന ഒരു ചരിത്രാനുഭവം.

എല്ലാം നിങ്ങള്‍ക്കധീനം

സൂര്യ ചന്ദ്രന്മാരെയും താരഗണങ്ങളെയും പ്രകൃതിയിലെ കാറ്റ്, ഇടി, മഴ, തുടങ്ങിയ ഇതര പ്രതിഭാസങ്ങളെയും ദൈവങ്ങളായിക്കണ്ട് ഭയന്നിരുന്ന ജനതയെ അവ നിങ്ങളുടെ യജമാനന്മാരല്ല; മറിച്ച് ആകാശ ഭൂമികളിലുള്ള സകലതും നിങ്ങള്‍ക്കു വിധേയമാണ്.’ എന്ന് ഖുര്‍ആന്‍ ഉല്‍ബോധിപ്പിച്ചു. പ്രകൃതിയുടെ രൌദ്രഭാവങ്ങള്‍ കണ്ട് ഭയചകിതനായി, കാറ്റിനെയും മഴയെയുമെല്ലാം ആരാധിച്ചു കഴിഞ്ഞു കൂടിയിരുന്ന മനുഷ്യന്റെ പ്രജ്ഞയില്‍ അടിഞ്ഞു കൂടിയിരുന്ന പ്രാചീനമായ ഇരുട്ടിനെ കഴുകിക്കളയുകയാണ് ഖുര്‍ആന്‍ ചെയ്തത്. സൂര്യനും ചന്ദ്രനും രാത്രിയും പകലും കടലും പുഴയുമെല്ലാം അല്ലാഹു മനുഷ്യനു കീഴ്പ്പെടുത്തികൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ഇസ്ലാമിക ശാസ്ത്ര നാഗരികത പിറവികൊള്ളുന്നത്. അറബികളുടെ ബോധത്തിലേക്ക് മിന്നല്‍പിണറുകള്‍ പോലെ കടന്നു വന്ന ആ വാക്യങ്ങളില്‍ ചിലത് ഇവയാണ്.

“രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു കീഴ്പ്പെടുത്തിത്ത ന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്റെ കല്‍പനയില്‍ വിധേയമാക്കപ്പെട്ടവ തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്” (16: 12).

“അല്ലാഹു നിങ്ങള്‍ക്ക് ഭൂമിയിലുള്ളതെല്ലാം കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു എന്ന് നീ കാ ണുന്നില്ലേ? അവന്റെ ആജ്ഞയനുസരിച്ച് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിനെയും (കീഴ്പ്പെടുത്തി തന്നു). അവന്റെ അനുമതി കൂടാതെ ഭൂമിയില്‍ വീണു പോകാത്ത വിധം വാനലോകത്തെ അവന്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. തീര്‍ച്ചയായും അല്ലാഹു മനുഷ്യനോട് ഏറെ ദയയുള്ളവനും കരുണയുള്ളവനുമാകുന്നു” (25: 65).

“അല്ലാഹുവാകുന്നു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും ആകാശത്തു നിന്ന് വെള്ളം ഇറക്കുകയും എന്നിട്ട് അതുമൂലം നിങ്ങളുടെ ഉപജീവനത്തിനായി കായ്കനികള്‍ ഉല്പാദിപ്പിക്കുകയും ചെയ്തത്. അവന്റെ ആജ്ഞാനുസരണം സമുദ്രത്തിലൂടെ സഞ്ചരിക്കുന്നതിനായി അവന്‍ നിങ്ങള്‍ക്ക് കപ്പലുകള്‍ അധീനമാക്കിത്തരികയും ചെ യ്തു. നദികളെയും അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നു. സൂര്യനെയും ചന്ദ്രനെയും പതിവായി സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നിലയില്‍ നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തന്നിരിക്കുന്നു. രാത്രിയെയും പകലിനെയും നിങ്ങള്‍ക്കവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു” (14: 32,33).

“ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും മുഴുവന്‍ തന്റെ വകയായി അവന്‍ നിങ്ങ ള്‍ക്ക് കീഴ്പ്പെടുത്തിയിരിക്കുകയാണ്. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ അടയാളങ്ങളുണ്ട ”(45:14).

“എല്ലാ ഇണകളെയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് സവാരി ചെയ്യാനുള്ള കപ്പലുകളും കാലികളും തയാറാക്കിത്തരികയും ചെയ്തവന്‍. അവയുടെ പുറത്ത് നിങ്ങള്‍ ഇരിക്കാനും എന്നിട്ട് നിങ്ങളവിടെ ഇരുത്തം ശരിയാക്കിക്കഴിയുമ്പോള്‍ നിങ്ങളുടെ നാഥന്റെ അനുഗ്രഹം സ്മരിക്കാനും നിങ്ങള്‍ ഇപ്രകാരം പറയാനും വേണ്ടി. ‘ഞങ്ങള്‍ക്കു വേണ്ടി ഈ വാഹനത്തെ വിധേയമാക്കിത്തന്നവന്‍ എത്ര പരിശുദ്ധന്‍. ഞങ്ങള്‍ക്കതിനെ ഇണക്കുവാന്‍ കഴിയുമായിരുന്നില്ല. തീര്‍ച്ചയായും ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ സവിധത്തില്‍ തിരിച്ചെത്തുക തന്നെ ചെയ്യും” (43: 12-14).

മോട്ടോര്‍ സൈക്കിളിലും കാറിലും വിമാനത്തിലുമിരുന്നു മുസ്ലിംകള്‍ ഇതേ പ്രാര്‍ഥന തന്നെ ഉരുവിടുന്നു. ഇണങ്ങാത്തതിനെ ഇണക്കിത്തന്ന പ്രപഞ്ചനാഥനു സ്തുതി. വെളിച്ചത്തിന്റെ വെളിച്ചമായി ഖുര്‍ആന്‍ അവതീര്‍ണമായപ്പോള്‍ ഭയത്തിന്റെയും സംശയത്തിന്റെയും തിരശ്ശീല അപ്രത്യക്ഷമാവുകയും ഖുര്‍ആന്റെ വാഹകര്‍ അറിവിന്റെ വാഹകരായി മാറുകയും ചെയ്തു. ഉള്ളം കൈയിലെ നെല്ലിക്കപോലെ ശാസ്ത്രം അവര്‍ക്കു വഴങ്ങി. ഒട്ടകത്തെയും കുതിരയെയും മാത്രം മെരുക്കാന്‍ പഠിച്ചവര്‍ അങ്ങനെ ഗണിതത്തിന്റെയും ജ്യോതിശാസ്ത്രത്തിന്റെയും പാപ്പാന്മാരായി. അവരെയതിനു പ്രാപ്തരാക്കിയത് അവര്‍ക്കു ലഭിച്ച വെളിച്ചത്തിന്റെ ഉറവിടമായ വിശുദ്ധ ഖുര്‍ആന്‍ ആണെന്നതിന് ചരിത്രം തന്നെയാണ് സാക്ഷി. അജ്ഞാനത്തിന്റെ ഭൂഖണ്ഡത്തില്‍ നിന്ന് ജ്ഞാനത്തിന്റെ ഭൂഖണ്ഡത്തിലേക്കുള്ള വഴി തുറക്കുകയായിരുന്നു ഖുര്‍ആന്‍.


RELATED ARTICLE

  • വിശുദ്ധ ഖുര്‍ആന്‍
  • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
  • വഹ്യിന്റെ ആരംഭം
  • ഖുര്‍ആന്‍ മന:പാഠമാക്കല്‍
  • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
  • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
  • ഖുര്‍ആന്‍ തുറന്ന വഴി
  • ഖുര്‍ആനും സസ്യശാസ്ത്രവും
  • ഖുര്‍ആനും വൈദ്യശാസ്ത്രവും
  • ഖുര്‍ആനും ഭൂമിശാസ്ത്രവും
  • ഖുര്‍ആനും നബിചര്യയും
  • ഖുര്‍ആനും നബിചര്യയും
  • ഖുര്‍ആനും ജന്തുശാസ്ത്രവും
  • ഖുര്‍ആനും ഗോളശാസ്ത്രവും
  • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
  • ഖുര്‍ആനിന്റെ അവതരണം
  • ഖുര്‍ആനിന്റെ അവതരണം
  • ഖുര്‍ആനിനെ ആദരിക്കല്‍
  • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും