Click to Download Ihyaussunna Application Form
 

 

ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)

ഹിജ്റ 160 ലാണ് ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ജനിച്ചതെന്ന് തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431 ല്‍ ഹാഫിളുദ്ദഹബി ഉദ്ധരിച്ചിട്ടുണ്ട്. ജന്മനാട് ബഗ്ദാദാണെന്നും വളര്‍ന്നതും വലുതായതും അവിടെ വെച്ചു തന്നെയാണെന്നും ഇബ്നു അസാകിര്‍ (റ) തന്റെ താരീഖുദ്ദിമശ്ഖ്: വാ:2, പേ:31 ല്‍ പറഞ്ഞിട്ടുണ്ട്. ഇമാം അഹ്മദ്ബ്നു ഹമ്പലിന്റെ ഹദീസ് പാണ്ഢിത്യം അവര്‍ണ്ണനീയമാണ്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും ഉസ്താദുമാരില്‍ പ്രധാനിയായ അഹ്മദ്ബ്നു ഹമ്പല്‍ (റ) ഇമാം ശാഫിഈ (റ) യുടെ ശിഷ്യഗണങ്ങളിലെ പ്രധാനിയും കൂടിയാണ്.

ഹാരിസുബ്നു അബ്ബാസി (റ) ല്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: ഹാരിസ് (റ) പറഞ്ഞു: അബൂമിസ്ഹറി (റ) നോട് ഞാന്‍ ഇങ്ങനെ ചോദിച്ചു. ഈ ഉമ്മത്തിന്റെ ദീന്‍ കാര്യങ്ങളെ പൂര്‍ണ്ണമായും മനഃപാഠമാക്കിയ വല്ല വ്യക്തിയെയും താങ്കള്‍ അറിയുമൊ? മറുപടി ഇപ്രകാരമായിരുന്നു. കുറച്ച് കിഴക്ക് ഭാഗത്തുള്ള ഒരു യുവാവിനെയല്ലാതെ അങ്ങനെയുള്ള ഒരു വ്യക്തിയെ ഞാനറിയില്ല. പ്രസ്തുത യുവാവ് കൊണ്ടു വിവക്ഷ ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) യായിരുന്നു. (കിതാബുല്‍ ജര്‍ഹിവത്ത അ്ദീല്‍: വാ:1, പേ:292 )

ഹുശൈമ്, ഇബ്രാഹീമുബ്നു സഅദ്, സുഫ്യാനുബ്നു ഉയൈയ്ന, അബ്ബാദ്, യഹ്യബ്നു അബീസാഇദ (റ.ഹും) തുടങ്ങിയവരില്‍ നിന്നും ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഹദീസുകള്‍ കേട്ടിട്ടുണ്ട്. ഇമാം ബുഖാരി (റ), മുസ്ലിം, അബൂദാവൂദ്, അബൂസര്‍അ, അബ്ദുല്ലാഹിബ്നു അഹ്മദ്, അബുല്‍ ഖാസിമില്‍ ബഗ്വി (റ) തുടങ്ങിയ ഒരു പണ്ഢിത വ്യൂഹം ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് ഹദീസുകള്‍ കേട്ടവരുമാണ്. ഇബ്രാഹീമുല്‍ ഹറബി (റ) യുടെ വാക്കുകള്‍ ഇപ്രകാരമാണ്. “മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും സര്‍വ്വ വിജ്ഞാനങ്ങളും അല്ലാഹു ശേഖരിച്ച് കൊടുത്ത ഒരു വ്യക്തിയായിട്ടാണ് അഹ്മദ്ബ്നു ഹമ്പലി (റ) നെ ഞാന്‍ കാണുന്നത് (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:431).

മുഹമ്മദ്ബ്നുല്‍മുസ്ലിമി (റ) ല്‍ നിന്ന് ഇബ്നു അബീഹാതിം (റ) നിവേദനം: മുഹമ്മദ ്(റ) നോട് അലിയ്യുല്‍ മദീനി (റ), യഹ്യബ്നു മഈന്‍ (റ) എന്നീ രണ്ടു വ്യക്തികളില്‍ കൂടുതല്‍ ഹദീസ് മന:പാഠമുള്ള വ്യക്തി ആരാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി നല്‍കി. “കൂടുതല്‍ ഹദീസ് ശേഖരിച്ച വ്യക്തി അലിയ്യുല്‍ മദീനി (റ) യും ഹദീസിന്റെ ബലാബലം കൊണ്ട് കൂടുതല്‍ ജ്ഞാനി യഹ്യബ്നു മഈനു (റ) മാണ്. എന്നാല്‍ അവരേക്കാളെല്ലാം കൂടുതല്‍ ഹദീസ് ശേഖരിച്ച വ്യക്തിയാണ് അഹ്മദ് ബ്നു ഹമ്പല്‍ (റ). അവര്‍ വിജ്ഞാനത്തിന്റെയും മനഃപാഠത്തിന്റെയും കര്‍മ്മശാസ്ത്രത്തിന്റെയും ഉടമയായിരുന്നു” (കിതാബുല്‍ ജര്‍ഹി വത്തഅ്ദീല്‍: വാ:1, പേ:294 ).

ഇമാം സുയൂഥി (റ) അബൂസര്‍അയില്‍ നിന്നുദ്ധരിക്കുന്നു. അഹ്മദ്ബ്നു ഹമ്പല്‍ (റ) പത്തു ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്നു. ഏതു രേഖയുടെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് ഇപ്രകാരം മറുപടി നല്‍കി. ഞാന്‍ അഹ്മദ്ബ്നു ഹമ്പലു (റ) മായി നേരില്‍ സം സാരിച്ചതും അവരില്‍ നിന്ന് എല്ലാ അദ്ധ്യായങ്ങളും പഠിച്ചതുമാണ് എന്റെ രേഖ. (തദ്രീബുര്‍റാവി: വാ:1, പേ:50).

തദ്രീബുര്‍റാവി തന്നെ വാ:1, പേ:100ല്‍ പറയുന്നു: “അഹ്മദ്ബ്നു ഹമ്പല്‍ (റ) പ്രസ്താവിച്ചു. ഏഴു ലക്ഷത്തില്‍പരം ഹദീസുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. ഏഴ് ലക്ഷത്തി അന്‍പതിനായിരത്തിലധികം വരുന്ന ഹദീസുകളില്‍ നിന്നാണ് എന്റെ മുസ്നദിനെ ഞാന്‍ ക്രോഡീകരിച്ചത് ”.

സഈദുബ്നു അംറില്‍ (റ) നിന്ന് ഇബ്നു അബീ ഹാതിം നിവേദനം. അവര്‍ പറഞ്ഞു: താങ്കളാണോ അഹ്മദ്ബ്നു ഹമ്പലാണോ കൂടുതല്‍ ഹദീസ് മനഃപാഠമാക്കിയതെന്ന് ഞാന്‍ അബൂസര്‍അയോട് ചോദിച്ചു. അബൂസര്‍അ (റ) ഇപ്രകാരം പ്രതികരിച്ചു. അഹ്മദ് ബ്നു ഹമ്പല്‍ തന്നെ. ഇതു താങ്കള്‍ക്ക് എങ്ങനെ അറിയാന്‍ കഴിഞ്ഞു എന്ന് വീണ്ടും ചോദിച്ചതിന് അവിടുന്ന് ഇങ്ങനെ പ്രതിവചിച്ചു. അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ ഗ്രന്ഥങ്ങളിലൊന്നും ഹദീസ് റിപ്പോര്‍ട്ടര്‍മാരുടെ നാമങ്ങളും ചരിത്രങ്ങളും ഇല്ല. അവ മുഴുക്കെയും അവരുടെ ഹൃദയത്തിലായിരുന്നു. ഇപ്രകാരം മനഃപാഠമാക്കാന്‍ ശേഷിയുള്ളവനല്ല ഞാന്‍”. (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:296)

അബൂസര്‍അ (റ )യില്‍ നിന്നു നിവേദനം: “അഹ്മദ്ബ്നു ഹമ്പല്‍ (റ) വഫാത്തായ ദിവസം അവിടു ത്തെ ഹദീസ് ഗ്രന്ഥങ്ങളുടെ കണക്ക് നോക്കിയപ്പോള്‍ അവ പന്ത്രണ്ട് ചുവടുകള്‍ വരുന്നതായിരുന്നു. അവയില്‍ നിന്നുള്ള ഒന്നിന്റെ മുകളിലും മുസ്നദു ഫുലാന്‍ (ഇന്നയാള്‍ മുഖേനയുള്ള ഹദീസുകള്‍) എന്നെഴുതിവെച്ചിട്ടില്ല. അതുപോലെ അവ ഒന്നിന്റെ ഉള്ളിലും നിവേദക പരമ്പരയും വിവരിച്ചിട്ടില്ല. അതെല്ലാം അവിടുത്തെ വിശാലമായ മനസ്സില്‍ സൂക്ഷിപ്പുണ്ടായിരുന്നു” (ത്വബഖാത്: വാ:1, പേ:200).

ഹര്‍മലതു (റ) പറയുന്നു. “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. ബഗ്ദാദില്‍ നിന്ന് ഞാന്‍ പുറപ്പെടുമ്പോള്‍ അഹ്മദ്ബ്നു ഹമ്പലി (റ) നേക്കാള്‍ കര്‍മ്മ ശാസ്ത്രത്തിലും പാണ്ഢിത്യത്തിലും ശ്രേഷ്ഠതയിലും മുന്‍പന്തിയിലുള്ള മറ്റൊരാളെ ഞാനവിടെ പ്രതിനിധിയാക്കിയിട്ടില്ല” (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:432).

ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പുത്രന്‍ അബ്ദുല്ലാഹ് (റ) പറയുന്നു: “എന്റെ പിതാവ് ഇങ്ങനെ പറയുന്നതു ഞാന്‍ കേട്ടു. പ്രബലമായ ഹദീസുകള്‍ കൊണ്ട് കൂടുതല്‍ ജ്ഞാനി താങ്കളാണെന്നും സ്വഹീഹായ ഹദീസ് ലഭിച്ചാല്‍ എനിക്കറിയിച്ചു തരണമെന്നും ഇമാം ശാഫിഈ (റ) പിതാവിനോട് പറയാറുണ്ടായിരുന്നു” സിയറ്: വാ:10, പേ:33, ഹില്‍യത്ത്: വാ:9, പേ:170, ത്വബഖാതുല്‍ ഹനാബില: വാ:1, പേ:282, ശദറാതുദ്ദഹബ്: വാ:2, പേ:10 എന്നിവ നോക്കുക.

അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് പുത്രന്‍ അബ്ദുല്ലാഹ് (റ) തന്നെ ഉദ്ധരിക്കുന്നു.: “ഇമാം ശാഫിഈ (റ) ഇപ്രകാരം പറയാറുണ്ടായിരുന്നു. നമ്മള്‍ അഹ്മദ്ബ്നു ഹമ്പലി (റ) ല്‍ നിന്ന് ഹദീസ് കേട്ടതിനേക്കാള്‍ എത്രയൊ അധികം ഹദീസുകള്‍ അഹ്മദ്ബ്നു ഹമ്പല്‍ (റ) നമ്മളില്‍ നിന്ന് കേട്ടിട്ടുണ്ട്”. അബ്ദുല്ലാഹ് (റ) തുടരുന്നു. “ഇമാം ശാഫിഈ (റ) യുടെ കിതാബുകളില്‍ ഒരു യോഗ്യന്‍ എന്നോട് ഹദീസ് പറഞ്ഞു” എന്ന് പറയുന്നിടത്ത് വിവക്ഷിക്കുന്നതു എന്റെ പിതാവിനെയാണ് ” (താരീഖു ഇബ്നി അസാകിര്‍: വാ:2, പേ:38 ).

“മുഖദ്ദിമതു ബയാനി ഖത്വഇ മന്‍ അഖ്ത്വഅ അലശ്ശാഫിഈ”പേ:22 ല്‍ പറയുന്നു: “എന്നാല്‍ ഇമാം ശാഫിഈ (റ) യുടെ ഉപര്യുക്ത വാക്കിലും ഇമാം അഹ്മദ്ബ്നു ഹമ്പലി (റ) ന്റെ പാണ്ഢിത്യം ഇമാം ശാഫിഈ (റ) സമ്മതിച്ചതിലും ഇമാം ശാഫിഈ (റ) ക്ക് ഹദീസ് പാണ്ഢിത്യമില്ലെന്നതിനു യാതൊരു രേഖയുമില്ല. പ്രത്യുത അത് ഇമാം ശാഫിഈ (റ) യുടെ വിനയത്തെ കുറിക്കുന്നതു മാത്രമാണ്. ഇബ്നു അബീ ഹാതിമി (റ) ന്റെ മനാഖിബുശ്ശാഫിഈ 95 നോക്കുക. അബ്ബാസുബ്നു മുഹമ്മദി (റ) ല്‍ നിന്ന് നിവേദനം: യഹ്യബ്നു മഈന്‍ (റ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഞാന്‍ അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകണമെന്നാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നത്. അല്ലാഹുവാണ് സത്യം. അഹ്മദ്ബ്നു ഹമ്പലി (റ) നെ പോലെയാകാന്‍ ഞാനൊരിക്കലും ശേഷിയുള്ളവനല്ല. (കിതാബുല്‍ ജര്‍ഹിവത്തഅ്ദീല്‍: വാ:1, പേ:298)

“ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ) ഹിജ്റ 241 റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്ന് വെള്ളിയാഴ്ചയാണ് വഫാത്തായത്. അന്നവര്‍ക്കു 79 വയസ്സുണ്ടായിരുന്നു”. (തദ്കിറതുല്‍ ഹുഫ്ഫാള്: വാ:2, പേ:32).

ഇബ്നു അബീ ഹാതിം (റ) പറയുന്നു. “അബൂസര്‍അ (റ) ഇപ്രകാരം പറയുന്നതു ഞാന്‍ കേട്ടു. ഭരണാധികാരിയായ മുതവക്കില്‍ അഹ്മദ്ബ്നു ഹമ്പലിന്റെ ജനാസ നിസ്കാരം നിര്‍വ്വഹിച്ച സ്ഥലം അളന്നു നോക്കാന്‍ കല്‍പിച്ചുവെന്നും അപ്പോള്‍ 25 ലക്ഷം പേര്‍ക്ക് നില്‍ക്കാന്‍ മാത്രം വിസ്തീര്‍ണ്ണമുള്ളതായിരുന്നു ആ സ്ഥലമെന്നുമുള്ള റിപ്പോര്‍ട്ട് എനിക്ക് ലഭിച്ചു”. (ത്വബഖാത്: വാ:1, പേ:204).

മദ്ഹബിന്റെ ഇമാമുകളെക്കാള്‍ കൂടുതല്‍ ഹദീസ് പാണ്ഢിത്യമുള്ളവരാണെന്ന് ഇന്നു ചിലര്‍ വിശേഷിപ്പിക്കുന്ന ഇമാം ബുഖാരി (റ), മുസ്ലിം തുടങ്ങിയവരുടെ ഹദീസ് പാണ്ഢിത്യത്തെ സംബന്ധിച്ച് ഇമാം സുയൂഥി (റ) രേഖപ്പെടുത്തുന്നതു കാണുക. ഇമാം ബുഖാരി (റ) പ്രസ്താവിച്ചു: “സ്വഹീഹായ ഒരു ലക്ഷം ഹദീസുകളും അല്ലാത്ത രണ്ടു ലക്ഷം ഹദീസുകളും ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ട്”. ഇമാം മുസ്ലിം (റ) പറഞ്ഞു: “എന്റെ ഈ സ്വഹീഹിന്റെ രചന നടത്തിയിരിക്കുന്നത് ഞാന്‍ കേട്ട മൂന്നു ലക്ഷം ഹദീസുകളില്‍ നിന്നാണ്’”. ഇമാം അബൂദാവൂദ് (റ) പറഞ്ഞു: “നബി (സ്വ) യില്‍ നിന്നുള്ള അഞ്ചു ലക്ഷം ഹദീസുകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. അതില്‍ നിന്നാണ് ഞാന്‍ എന്റെ കിതാബുസ്സുനന്‍ രചിച്ചത്”. ഇമാം ഹാകിം റ) തന്റെ മദ്ഖലില്‍ പറഞ്ഞു. “ഇന്നുള്ള ഹദീസ് പണ്ഢിതന്മാരില്‍ ഏതൊരു വ്യക്തിയും അഞ്ചു ലക്ഷം ഹദീസുകള്‍ മനഃപാഠമാക്കിയവരാണ് ” (തദ്രീബുര്‍റാവി: വാ:1, പേ:50).

മദ്ഹബിന്റെ ഇമാമുകളെ ആക്ഷേപിക്കുന്നവര്‍ വലിയ ഹദീസ് പണ്ഢിതരായി കണ്ട ഇവരെല്ലാം ഹദീസ് മനഃപാഠത്തില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്ക് താഴെയാണെന്നാണ് വസ്തുത. അതുകൊണ്ട് തന്നെയാണ് ഇവരാരും തന്നെ ഇജ്തിഹാദ് പദവി അവകാശപ്പെടാതിരുന്നത്. പ്രത്യുത ഇവരെല്ലാം ശാഫിഈ മദ്ഹബ് അംഗീകരിച്ചവരായിരുന്നു. ഇതു ആക്ഷേപകരുടെ പുസ്തകം തന്നെ അംഗീകരിച്ചതാണ്. അതു കൊണ്ടാണ് ശാഫിഈ മദ്ഹബിലെ പ്രഗത്ഭ ഹദീസ് പണ്ഢിതരുടെ മാത്രം ചരിത്രങ്ങള്‍ ക്രോഡീകരിച്ച ഇമാം സുബ്കി (റ) യുടെ ത്വബഖാതുശ്ശാഫിഇയ്യയിലും മറ്റും ഇവരുടെ നാമങ്ങള്‍ ഉള്‍കൊള്ളിച്ചത്.


RELATED ARTICLE

  • ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (റ)
  • ഇമാം സുയൂഥി (റ)
  • ഇമാം ത്വബ്റാനി (റ)
  • ഇമാം മാലിക്ബ്നു അനസ് (റ)
  • ഇമാം ഇബ്നു മാജഃ (റ)
  • ഇമാം നസാഈ (റ)
  • ഇമാം തിര്‍മിദി (റ)
  • ഇമാം അബൂദാവൂദ് (റ)
  • ഇമാം മുസ്ലിം (റ)
  • ഇമാം ബുഖാരി (റ)