ഇസ്ലാമിക പ്രബോധന രംഗം കിതച്ച് നീങ്ങുകയാണ്. മുന്നേറ്റത്തിനാക്കം കൂട്ടാന്‍ ഒരിക്കല്‍ റസൂല്‍ (സ്വ) പ്രാര്‍ത്ഥിച്ചു. “രണ്ടാലൊരു ഉമറിനെ കൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തണേ”. ഉത്തരമായി അല്ലാഹൂ നല്‍കിയത് ഉമര്‍ (റ) നെയാണ്. പതിവിന് വിപരീതമായി ഒരിക്കല്‍ ഉമര്‍ കലിയുടെ മുഖവുമായി വാളൂരി ഇറങ്ങി. വഴിവക്കില്‍ കണ്ട ഒരാള്‍ ചോദിച്ചു: “ഉമര്‍ എങ്ങോട്ടാണ്”. “മുഹമ്മദിനെ വധിക്കാന്‍”. “നീ മുഹമ്മദിനെ വധിച്ചാല്‍ ബനൂ ഹാശിമും(നബി (സ്വ) യുടെ പിതാവിന്റെ ഗോത്രം) ബനൂസുഹ്റയും (ഉമ്മയുടെ ഗോത്രം) നിന്നെ വെറുതെ വിടുമോ ?”. ഉമര്‍ പ്രതികരിച്ചു: “നീയുള്‍പ്പെടുന്ന നമ്മള് വിശ്വസിക്കുന്ന മതത്തെ ചവിട്ടിത്തേച്ചാണ് മുഹമ്മദിന്റെ രംഗപ്രവേശം. കണ്ടില്ലെന്ന് നടിക്കാനാകുമോ?”. അദ്ദേഹം പറഞ്ഞു: “അതിലേറെ അദ്ഭുതം നിന്റെ സഹോദരിയും ഭര്‍ത്താവും മുഹമ്മദിന്റെ കൂടെയാണല്ലോ”. ഉമറിനിത് സഹിക്കാനായില്ല. പിന്നെ ലക്ഷ്യം അവരായി മാറി. നേരെ സഹോദരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു.
ഉമര്‍ വരുന്ന സമയത്ത് ഖബാബ് (റ) ആ വീട്ടിലുണ്ടായിരുന്നു. അവര്‍ ഖുര്‍ആന്‍ ഓതുകയായിരുന്നു. ഉമറിന്റെ സാന്നിദ്ധ്യമറിഞ്ഞപ്പോള് ഖബാബ് വീട്ടിലൊളിച്ചു. കയറിയ ഉടന്‍ ഉമര്‍ ചോദിച്ചു: “ഇവിടെ നിന്നൊരു ശബ്ദം കേട്ടല്ലോ”. അവര്‍ പറഞ്ഞു: “ഞങ്ങള്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കുകയായിരുന്നു”. ഉമര്‍ ചോദിച്ചു: “നിങ്ങള്‍ മതം മാറിയോ?”. സഹോദരി ഭര്‍ത്താവ് പറഞ്ഞു: “സത്യം നിന്റെ മതത്തില്‍ ഇല്ലെങ്കിലും അതില്‍ ഉറച്ച് നില്‍ക്കലാണോ ബുദ്ധി ?”. ഉമര്‍ അദ്ദേഹത്തെ വീഴ്ത്തി ശക്തിയായി ചവിട്ടിയമര്‍ത്തി. പ്രതിരോധിക്കാന്‍ സഹോദരി വന്നപ്പോള്‍ അവളെ ഉമര്‍ കൈ കൊണ്ട് തല്ലിയൊതുക്കി. രക്തം പൊടിഞ്ഞു. സഹോദരി കോപത്തോടെ പറഞ്ഞു: “ഞാനിതാ ഉറക്കെ പ്രഖ്യാപിക്കുന്നു”. കലിമ ചൊല്ലി. ഇവരുടെ അനിതരസാധാരണ ശൈലി ഉമറിന് നന്നേ ബോധിച്ചു. വിശ്വാസം ഇവരെ നന്നേ അടിമുടി മാറ്റിയിരിക്കുന്നു. “നിങ്ങളാ ഗ്രന്ഥമൊന്നു തരുമോ ?”. ഖുര്‍ആനിക വചനങ്ങള്‍ ഉമറിന്റെ ഹൃദത്തില്‍ വൈദ്യുതി കണങ്ങളേക്കാള്‍ വേഗത്തില്‍ ചിന്ത പടര്‍ത്തി.
ഉമര്‍ (റ)പറയുകയാണ്. “ഞാന്‍ ചോദിച്ചു: റസൂല്‍ എവിടെ ? സഹോദരി പറഞ്ഞു. അര്‍ഖമിന്റെ വീട്ടിലാണ്. ഞാന്‍ ചെന്നു. നബിക്കൊപ്പം ഹംസയും കൂട്ടരുമുണ്ട്. വാതിലില്‍ മുട്ടി. എന്നെ കണ്ടപ്പോള്‍ അവരൊന്ന് പരുങ്ങിയ പോലെ. റസൂല്‍ എന്നെ വരവേറ്റു. ഞാന്‍ വിശ്വാസിയായി. തക്ബീര്‍ ധ്വനികളോടെയാണ് എന്നെ അവര്‍ വരവേറ്റത്. ഞാന്‍ ചോദിച്ചു. നമ്മെളെന്തിന് ഒളിച്ചിരിക്കണം. നമ്മള് സത്യത്തിന്റെ വാക്താക്കളല്ലേ. നമുക്ക് ഒരു മാര്‍ച്ച് സംഘടിപ്പിക്കണം. അങ്ങനെ രണ്ട് വരിയായി പ്രകടനം. ഒരു വരിക്ക് മുമ്പില്‍ ഞാനും. മറ്റെ വരിക്ക് മുമ്പില്‍ ഹംസയും”. അങ്ങനെ ഖുറൈശികളുടെ വിരിമാറിലൂടെ സത്യപ്രബോധനത്തിന്റെ മുദ്രാവാക്യവും വിളിച്ച് പ്രകടനം നടന്നു. ഖുറൈശികളെ വല്ലാതെ പ്രകോപിപ്പിച്ച നിമിഷമായിരുന്നുവത്.
സത്യമതത്തിലാണ് ഞാനെന്ന ഉറപ്പ് എന്തിനെയും നേരിടാനുളള ചാലകശക്തിയായി വര്‍ത്തിച്ചു. വിശ്യാസത്തിന്റെ രൂപം ഹൃദയത്തിലുണ്ടാക്കിയ അനുഭവമാണത്. ഹിജ്റയുടെ വേളയില്‍ എല്ലാവരെപ്പോലെ ഒളിഞ്ഞു കടക്കാന്‍ ഉമറിനായില്ല.തോറ്റോടുകയല്ല മറിച്ച് ജയിച്ച് തിരിച്ച് വരാനാണ് ഈ യാത്ര എന്ന് ഖുറൈശികളെ ബോധ്യപ്പെടുത്തിയാണ് ഉമര്‍ (റ) മക്ക വിട്ടത്. തന്റെ വാള് ഉറയിലാക്കി അത് മാറില്‍ കെട്ടിത്തൂക്കി. വില്ല് തന്റെ തോളിലും ഓരു പറ്റം അമ്പുകള്‍ കൈയ്യിലും പിടിച്ച് കഅ്ബക്ക് മുന്നിലൂടെ നടന്ന് ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്ത്, മഖാമ് ഇബ്റാഹീമിന്റെ പിന്നില്‍ നിന്ന് രണ്ട് റകഅത്തും നിസ്കരിച്ച്, ശേഷം കൂടി നില്ക്കുന്ന ഖുറൈശികളോടായി പറഞ്ഞു: “ഈ അഹങ്കാരത്തിന്റെ മുഖങ്ങളെല്ലാം കെട്ടൊടുങ്ങും. വല്ലവനും അവന്റെ ഉമ്മാക്ക് വേണ്ടെങ്കില്‍ എന്നോടവന് നേരിടട്ടെ”. ധീരമായ പ്രഖ്യാപനം.
നിരന്തരം ഉടലെടുക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ പുതിയ ഒരു പിന്‍ഗാമിയെ തിരെഞ്ഞെടുക്കാന്‍ അബൂബക്ര് (റ) നെ പ്രേരിപ്പിച്ചു. അങ്ങനെ ഉമര്‍ (റ) പിന്‍ഗാമിയായി. പക്ഷെ പലര്‍ക്കും ആശങ്ക. ഗൗരവ പ്രകൃതക്കാരനാണ് ഉമര്‍. മഹാന് തന്റെ സ്ഥാനാരോഹണ വേളയില്‍ പറഞ്ഞു: “പലര്‍ക്കും ആശങ്കയുള്ളതായി ഞാനറിയുന്നു. ഞാന്‍ പറയട്ടെ, റസൂല്‍ (സ്വ) നീതി പൂർവ്വമായ ഭരണം നിർവ്വഹിച്ചിട്ടുണ്ട്. ഞാനവര്‍ക്കിടയില്‍ ഗൗരവസ്വഭാവക്കാരനായിരുന്നു. എന്നെ തിരുത്തിയായിരുന്നു റസൂലിന്റെ സ്വഭാവം. അബൂബക്ര് (റ) കാലത്തും ഈ നില തുടര്‍ന്നു. ഇന്നിതാ ഞാന്‍ ഖലീഫ ആയിരിക്കുന്നു. എന്റെ കര്‍ശന നിലപാടുകള്‍ അക്രമികളോട് മാത്രമായിരിക്കും. അല്ലാത്തവരോട് ഉമര്‍ ലോലനായിരിക്കും.”
ഉമര്‍ (റ) സാമൂഹ്യ സേവകനായരുന്നു. ഒരിക്കല്‍ കണ്ണ് കാണാത്ത ഒരാള്‍ ജനങ്ങളോട് യാജിച്ച് നടക്കുന്നതായി കണ്ടു. അയാളുടെ കൈ പിടിച്ച് വീട്ടിലെത്തിച്ചു. തല്‍ക്ഷണം പൊതു ഖജനാവില്‍ നിന്നും ആവശ്യമുള്ളത് നല്കാന് ഉത്തരവിട്ടു. അധികാരത്തിന്റെ മെത്തെയില് സൂഖലോലുപനായി കഴിയാനല്ല ഉമര്‍ ഖലീഫയായത്. മറിച്ച് അശരണരുടെ അത്താണിയായി മാതൃകയാകാനാണ്. അറേബ്യയില്‍ അടിക്കടി ഉണ്ടാകുന്ന വരള്‍ച്ച ഉമറിനെ വല്ലാതെ ദുഖിപ്പിച്ചു. താനും പാവങ്ങള്‍ക്കൊപ്പം ചേരുകയാണെന്ന് പറഞ്ഞ് ഇറച്ചിയും നെയ്യും ഉപേക്ഷിച്ചു. സ്വഹാബത്ത് പറയുന്നു: “ആ ദാരിദ്രത്തില്‍ നിന്നും അറേബ്യ മോചിതമായില്ലെങ്കില് ഉമര്‍ വ്യസനിച്ച് മരിക്കുമായിരുന്നു”. തന്റെ ഭരണ പ്രദേശങ്ങളായ ശാം, ഫലസ്തീന്, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെ അധികാരികള്‍ക്ക് കത്തയച്ചു. “നിങ്ങള്‍ സുഖിക്കുകയാണോ. ഞാനും അനുയായികളും ഇവിടെ വേവുകയാണ്. ഉടന്‍ അടിയന്തിര സഹായം വേണം”. അങ്ങനെ അവര്‍ ഭക്ഷണ വസ്ത്ര ശേഖരവുമായി പതിനായിരക്കണക്കിന് വാഹനവ്യൂഹവുമായി അറേബ്യ ലക്ഷ്യമാക്കി പുറപ്പെട്ടു. വറുതിക്കറുതിയായി.
സഅ്ദ് ബ്നു അബീവഖാസിന്റെ നേതൃത്തില്‍ മുസ്ലിം സൈന്യം ഖാദിസിയ്യയില്‍ അണി നിരന്നത് ഉമര്‍ (റ) ന്റെ കാലത്താണ്. പേര്ഷ്യക്കെതിരെയായിരുന്നു പോരാട്ടം. ശത്രുക്കള്‍ പിന്തിരിഞ്ഞോടി. ധാരാളം യുദ്ധ മുതലുകളുമായാണ് മുസ്ലിം സൈന്യം മടങ്ങിയത്. നബി (സ്വ) യുടെ പ്രബോധന മേഖല സങ്കീര്‍ണ്ണമായിരുന്നു. ഇസ്ലാമിന്റെ അടിത്തറ പാകലായിരുന്നു അന്നത്തെ ദഅ്വത്ത്. കാലം പിന്നിട്ടു. ഇസ്ലാം അറേബ്യ വിട്ടു മറ്റനേകം ദേശങ്ങളിലേക്ക് പടര്‍ന്നു. സ്വാഭാവികമായും ഉടലെടുത്ത പല പ്രശ്നങ്ങളിലും ഉലയാതെ ഇസ്ലാമിനെ ഒരറ്റത്തേക്ക് എത്തിച്ചായിരുന്നു ഓരോ ഖലീഫമാരും മണ്മറഞ്ഞത്. ഉമറിന്റെ കാലമായപ്പോഴേക്കും ഇസ്ലാം ഒരുപാട് മുന്നോട്ട് നീങ്ങിയിരുന്നു. കോടതി ചട്ടവട്ടങ്ങളെ രൂപപ്പെടുത്തിയതും പുതിയ പ്രതിരോധ മേഖലയെ സജ്ജീകരിച്ചതും പോസ്റ്റല്‍ സംവിധാനം കൊണ്ട് വന്നതും മഹാന്റെ പ്രധാന സേവനങ്ങളാണ്.
ഉമറിന്റെ ഈ മുന്നേറ്റം സ്വാഭാവികമായും ശത്രുക്കളെ സ്രഷ്ടിക്കുമെന്ന് ഉറപ്പാണ്. പേര്‍ഷ്യക്കാരും യഹൂദികളും ഉമറിനെ നന്നായി അനുഭവിച്ചവരാണ്. മഹാന്റെ പതനം എന്നെന്നുമുള്ള അവരുടെ അഭിലാഷമാണ്. അങ്ങനെ അവര്‍ അബൂലുഅ്ലുഅത് എന്ന പേര്‍ഷ്യക്കാരനെ ചട്ടം കെട്ടി. അവന് പള്ളിയിലെത്തി. ഉമര്‍ (റ) സുബ്ഹി നിസ്കാരം തുടങ്ങുകയാണ്. തന്റെ കൈയ്യിലെ കത്തി കൊണ്ടവന് ഉമര്‍ (റ) നെ കുത്തി. പിടികൂടാന്‍ എത്തിയ പലരെയും അവന് വക വരുത്തി സ്വയം ആത്മഹത്യ ചെയ്തു
RELATED ARTICLE