Click to Download Ihyaussunna Application Form
 

 

ഉമറുബ്നുല്‍ ഖത്വാബ്( റ)

പേര് ഉമര്‍
ഓമനപ്പേര് അബൂഹഫ്സ്വ്
പിതാവ് ഖത്വാബ്
ജനനം നബി (സ്വ) യുടെ ജനനത്തിന്റെ പതിമൂന്നാം വര്‍ഷം
വയസ്സ് അറുപത്തിമൂന്ന്
വംശം ബനൂ അദിയ്യ്
സ്ഥാനപ്പേര് ഫാറൂഖ്
മാതാവ് ഹന്‍തമഃ
വഫാത് ഹിജ്റയുടെ ഇരുപത്തിമൂന്നാം വര്‍ഷം
ഭരണകാലം പത്തു വര്‍ഷം ആറു മാസം

അബൂബക്ര്‍ സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്നുല്‍ ഖത്വാബ്( റ) രണ്ടാം ഖലീഫയായി. ഖുറൈശികളില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊണ്ട് ഇസ്ലാമിനു ശക്തി ലഭിക്കുവാന്‍ നബി (സ്വ) പ്രാര്‍ഥിച്ചിരുന്നു. ആ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. ഒരു ദിനം തങ്ങളെ വധിക്കുവാന്‍ ഉമര്‍ (റ) വാളുമായി പുറപ്പെട്ടു. വഴിമദ്ധ്യേ സഹോദരിയുടെ വീട്ടില്‍ നിന്ന് ഖുര്‍ആന്‍ പാരായണം കേള്‍ക്കാന്‍ ഇടയായി. ഖുര്‍ആന്‍ അദ്ദേഹത്തിന്റെ മനസ്സു മാറ്റി. ഉടനെ നബി (സ്വ) യെ സമീപിച്ചു ഇസ്ലാം സ്വീകരിച്ചു. പിന്നീട് ഇസ്ലാമിന്റെ ഏറ്റവും വലിയ രക്ഷകരില്‍ ഒരാളായിത്തീര്‍ന്നു.

ധൈര്യശാലിയായിരുന്ന ഉമര്‍ (റ) പരസ്യമായി രംഗത്തിറങ്ങുവാന്‍ മുസ്ലിംകള്‍ക്ക് ധൈര്യം നല്‍കി. അങ്ങനെ സത്യവും അസത്യവും വേര്‍തിരിച്ചു കാണിച്ചു. അതുകൊണ്ട് നബി (സ്വ) അദ്ദേഹത്തിനു ‘അല്‍ ഫാറൂഖ്’ എന്ന സ്ഥാനപ്പേരു നല്‍കി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും വഹ്യുമായി ഒത്തുവരാറുണ്ട്. ഏതൊരു അക്രമിക്കും അദ്ദേഹത്തെ ഭയമായിരുന്നു. ഉമര്‍ (റ) നെ കണ്ടാല്‍ പിശാച് വഴിമാറിപ്പോകുമെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നബി (സ്വ) യോടൊപ്പം എല്ലാ യുദ്ധങ്ങളിലും ഉമര്‍ (റ) പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണം രാജ്യത്ത് നീതിയും സമാധാനവും ഉറപ്പു വരുത്തി. രാത്രി സമയത്ത് ചുറ്റിനടന്ന് പാവങ്ങളുടെ പ്രയാസങ്ങള്‍ അന്വേഷിച്ചു പരിഹരിക്കുന്ന ജനസേവകനായിരുന്നു അദ്ദേഹം.

പ്രധാന പ്രവര്‍ത്തനങ്ങള്‍

ഉമര്‍ (റ) ന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ മുസ്ലിംകള്‍ കീഴടക്കി. അങ്ങനെ പേര്‍ഷ്യാ സാമ്രാജ്യവും പൌരസ്ത്യ റോമാ സാമ്രാജ്യവും മുസ്ലിംകള്‍ക്ക് അധീനമായി.

ഭരണ സൌകര്യത്തിനായി അബൂബക്ര്‍ (റ) രാജ്യം പല സംസ്ഥാനങ്ങളായി ഭാഗിച്ചു. അവിടങ്ങളില്‍ ഗവര്‍ണര്‍മാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഉമര്‍ (റ) ഗവര്‍ണര്‍മാര്‍ക്കു പുറമെ ഖാളിമാരെയും നിയോഗിച്ചു.

പട്ടാളക്കാരുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു അവര്‍ക്ക് വേതനം നടപ്പിലാക്കി.

ബൈത്തുല്‍ മാലില്‍ നിന്ന് ഓരോ മുസ്ലിമിനും വാര്‍ഷിക വിഹിതം നല്‍കുവാനായി പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തി.

ജസീറത്തുല്‍ അറബില്‍ നിന്നും ശത്രുക്കളെ നാടുകടത്തി അത് പൂര്‍ണ്ണമായും മുസ്ലിം രാഷ്ട്രമാക്കി.

മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും വിശാലമാക്കി.

ഹിജ്റ വര്‍ഷം നടപ്പില്‍ വരുത്തി.

തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴില്‍ ഏകീകരിച്ചു.

നിലവിലുണ്ടായിരുന്ന പേര്‍ഷ്യന്‍ നാണയങ്ങള്‍ക്കു പകരം ഇസ്ലാമിക നാണയങ്ങള്‍ പ്രാബല്യത്തില്‍ വരുത്തി.

രാജ്യത്ത് ഐശ്വര്യപൂര്‍ണമായ ഭരണം നടത്തിയ ഉമര്‍ (റ) നെ എല്ലാവരും സ്നേഹിച്ചു. ഒരു ദിവസം ഇമാമായി നിസ്കരിക്കുമ്പോള്‍ അബൂലുഅ്ലുഅത്ത് എന്ന മജൂസി വിഷത്തിലൂട്ടിയ കഠാര കൊണ്ട് അദ്ദേഹത്തെ കുത്തുകയും അത് അദ്ദേഹത്തിന്റെ വഫാത്തിനു കാരണമാവുകയും ചെയ്തു. നബി (സ്വ) യുടെയും സ്വിദ്ധീഖ് (റ) ന്റെയും സമീപത്തു തന്നെ അദ്ദേഹത്തെയും ഖബറടക്കം ചെയ്തു.


RELATED ARTICLE

 • അബ്ദുറഹ്മാനുബ്നു ഔഫ് (റ)
 • അബൂ ഉബൈദത് ബ്നുല് ജറാഹ് (റ)
 • സഈദ് ബ്നു സൈദ് (റ)
 • സഅ്ദ് ബ്നു അബീവഖാസ് (റ)
 • സുബൈറുബ്നുല് അവ്വാം (റ)
 • ത്വൽഹ(റ)
 • അലി(റ)
 • ഉസ്മാന് (റ)
 • ഉമര് (റ)
 • സ്വര്‍ഗാര്‍ഹരായ സ്വഹാബികള്‍ (1)
 • അലീ ബിന്‍ അബൂത്വാലിബ് (റ)
 • ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)
 • ഉമറുബ്നുല്‍ ഖത്വാബ്( റ)
 • അബൂബക്ര്‍ സ്വിദ്ധീഖ് (റ)