Click to Download Ihyaussunna Application Form
 

 

ഹദീസും മദ്ഹബുകളും

നാല് മദ്ഹബുകളിലും സുന്നത്തിന് വിരുദ്ധമായി പലതുമുണ്ടെന്നാണ് ഇന്നത്തെ ചിലരുടെ പക്ഷം. അതിനു കാരണമായി അവര്‍ പറയുന്നത് സുന്നത്തിനെ സംബന്ധിച്ചുള്ള വിശദമായ പഠനവും ശേഖരണവും ക്രോഡീകരണവുമെല്ലാം മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷമേ നടന്നിട്ടുള്ളൂ എന്നാണ്. ഈ ന്യായം അടിസ്ഥാനരഹിതവും അസംബന്ധവുമാണ്. മദ്ഹബിന്റെ ഇമാമുകളെ കുറിച്ചുള്ള അജ്ഞതയും അവരോടുള്ള വിരോധവുമാണ് ഇത് കാണിക്കുന്നത്. ബിദ്അത്തിനെതിരില്‍ പറയുന്ന സുന്നത്താണ് ഇവര്‍ സുന്നത്തുകൊണ്ട് വിവക്ഷിക്കുന്നതെങ്കില്‍ നാലു മദ്ഹബുകളിലും, ശറഇന്റെ ലക്ഷ്യങ്ങള്‍ക്ക് ഒട്ടും നിരക്കാത്ത പലതുമുണ്ടെന്നായി അവരുടെ വാദത്തിന്റെ സംക്ഷിപ്തം. ഇങ്ങനെയാണെങ്കില്‍ മദ്ഹബിന്റെ ഇമാമുകള്‍ക്ക് വഴിപ്പെടാന്‍ അല്ലാഹു നിരുപാധികം കല്‍പ്പിക്കുമായിരുന്നില്ല.

ഒരു ഉപാധിയും കൂടാതെ അല്ലാഹുവിനും റസൂലിനും അനുസരിക്കാന്‍ ആജ്ഞാപിച്ച അല്ലാഹു അതേ സൂ ക്തത്തില്‍ തന്നെ അതേ ശൈലിയില്‍ ഉലുല്‍അംറിന് വഴിപ്പെടാനും ആജ്ഞാപിക്കുന്നു.(സൂറത്തുന്നിസാഅ്, 59 നോക്കുക)

ഈ സൂക്തത്തിലെ ഉലുല്‍അംറ് കൊണ്ട് വിവക്ഷ ഫുഖഹാഉം ഉലമാഉമാണെന്ന് താബിഈ പണ്ഢിതനായ അബുല്‍ ആലിയ (റ) യില്‍ നിന്ന് ഇബ്നു ജാബിര്‍ (റ) തന്റെ തഫ്സീറിലും (ജാമിഉല്‍ബയാന്‍, വാ:,പേ:88) ഇമാം ദാമിരി (റ) തന്റെ സുനനി (വാ:1, പേ :40) ലും നിവേദനം ചെയ്തിട്ടുണ്ട്. ഇതേ വ്യാഖ്യാനം സ്വഹാബീവര്യനും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവുമായ ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് ഹാകിം  (റ) വും മറ്റും നിവേദനം ചെയ്തതായി ‘അല്‍ദുര്‍റുല്‍ മന്‍സ്വൂര്‍’ വാ:2, പേ: 176 ല്‍ ഉദ്ധരിച്ചിട്ടുണ്ട്.

ഇമാം റാസി (റ) തന്റെ തഫ്സീറുല്‍കബീര്‍ വാ:10 പേ:144 ല്‍ എഴുതുന്നു: ‘ഉലുല്‍അംറ് കൊണ്ട് വിവക്ഷ ശരീഅത്തിന്റെ നിയമങ്ങളനുസരിച്ച് ഫത്വ നല്‍കാന്‍ കഴിവുള്ളവരാണെന്നതാണ് ഇബ്നു അബ്ബാസ് (റ) വില്‍ നിന്ന് സഅ്ലബീ (റ) ഉദ്ധരിച്ചിട്ടുള്ളത്. ഇത് തന്നെയാണ് ഹസന്‍ (റ), ളഹ്ഹാക്ക് (റ) തുടങ്ങിയവരുടെ പക്ഷവും.

ഇമാം റാസി (റ) ഇപ്രകാരം തുടരുന്നു. ഇപ്പറഞ്ഞവര്‍ കേവലം പണ്ഢിതരല്ല. പ്രത്യുത, നിദാനശാസ്ത്ര ഗ്രന്ഥങ്ങളില്‍ ‘അഹ്ലുല്‍ ഹല്ലി വല്‍ അഖ്ദ്’ (മുജ്തഹിദുകള്‍) എന്ന അപരനാമത്തില്‍ അറിയപ്പെടുന്നവരാണ്. ശറഇന്റെ ആജ്ഞയും നിരോധനവും പുറപ്പെടുവിക്കാന്‍ പണ്ഢിതരില്‍ നിന്നുള്ള ഈ വിഭാഗത്തിനല്ലാതെ അര്‍ഹതയില്ലാത്തതിനാല്‍ അവര്‍ക്ക് വഴിപ്പെടാനാണ് അല്ലാഹു നിര്‍ബന്ധിച്ചിട്ടുള്ളതെന്ന് നാം പറയുന്നു. കാരണം മുഫസ്സിര്‍ (ഖുര്‍ആന്‍ വ്യാഖ്യാതാവ്) മുഹദ്ദിസ് (ഹദീസ് പണ്ഢിതന്‍) മുതകല്ലിം (വിശ്വാസ പ്രമാണ പണ്ഢിതന്‍) തുടങ്ങിയവരൊന്നും രേഖകളില്‍ നിന്ന് വിധിവിലക്കുകളെ ഗവേഷണം ചെയ്ത് ക ണ്ടെത്താന്‍ കഴിവുള്ളവരോ അതിന്റെ ശൈലി അറിയുന്നവരോ അല്ല.(തഫ്സീറുല്‍ റാസി 150/10)

ഇമാം സുയൂഥി (റ) യുടെ വാക്കുകള്‍ കാണുക: “ഖുര്‍ആന്‍ സൂക്തത്തില്‍ പറഞ്ഞ ഉലുല്‍ അംറിന്റെ വ്യാഖ്യാനത്തില്‍ ഫുഖഹാഅ്, ഉലമാഅ് തുടങ്ങിയ പദങ്ങള്‍ പ്രയോഗിക്കുന്നതു തന്നെ മുജ്തഹിദുകളെ സംബന്ധിച്ച് മാത്രമാണെന്നത് ഏവര്‍ക്കുമറിയുന്ന കാര്യമാണ്. കാരണം വെറും മുഖല്ലിദായവനെ സംബന്ധിച്ച് ഫഖീഹെന്നോ ആലിമെന്നോ പറയില്ലെന്നാണ് പ്രമാണം. ഇത് കര്‍മ്മശാസ്ത്രത്തിലും അതിന്റെ നിദാനങ്ങളിലും വ്യക്തമാക്കിയതാണ്” (ഫതാവാ സുയൂഥി വാ:2, പേ:125). ഉലുല്‍അംറ് കൊണ്ട് വിവക്ഷ ഗവേഷണപടുത്വമുള്ള മുജ്തഹിദുകള്‍ തന്നെയാണെന്ന് ഖുര്‍ആന്‍ മറെറാരു സൂക്തത്തില്‍ തെളിയിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “അവര്‍ക്ക് ഭയത്തെയോ നിര്‍ഭയത്തെയോ കുറിക്കുന്ന വല്ലകാര്യവും ഉളവാകുമ്പോള്‍ അവര്‍ അത് കൊട്ടിഘോഷിക്കുകയാണ്. (അതിന്പകരം) ആ കാര്യത്തെ പ്രവാചകരിലേക്കും അവരില്‍ നിന്നുള്ള ഉലുല്‍അംറിലേക്കും അര്‍പ്പിച്ചിരുന്നുവെങ്കില്‍ ഗവേഷണയോഗ്യരായ പണ്ഢിതന്മാര്‍ അതിന്റെ വിധി അറിയുമായിരുന്നു” (നിസാഅ് :83). ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (റ) പറയുന്നു: “അവര്‍ക്കുളവാകുന്ന പ്രശ്നങ്ങളുടെ നിശ്ചിത വിധിയറിയാന്‍ പ്രസ്തുത വിഭാഗത്തിലേക്ക് പ്രശ്നത്തെ വിട്ടുകൊടുക്കണമെന്നാണ് അല്ലാഹു ഈ സൂക്തത്തില്‍ നിര്‍ബന്ധിക്കുന്നത്. നിശ്ചിത വിധി, രേഖകളില്‍  വ്യക്തമാക്കപ്പെടാതിരിക്കുമ്പോഴാണ് ഇതാവശ്യമാകുന്നത്. കാരണം വ്യക്തമായി പ്രതിപാദിച്ച വിഷയം ഗവേഷണത്തിലൂടെ കണ്ടെത്തുന്ന പ്രശ്നമുത്ഭവിക്കുന്നില്ല. ആയതിനാല്‍ ഇങ്ങനെയുള്ള സംഭവവികാസങ്ങള്‍ക്ക് വിധി നിര്‍ണ്ണയിക്കാന്‍ കഴിവില്ലാത്തവര്‍ കഴിവുള്ളവരെ സമീപിക്കണമെന്നാണ് അല്ലാഹു ആജ്ഞാപിക്കുന്നത്.” (റാസി വാ:10, പേ: 200) അതു കൊണ്ടാണ് മറെറാരു സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം ആജ്ഞാപിച്ചത്. “നിങ്ങള്‍ അറിവില്ലാത്തവരാണെങ്കില്‍ അറിവുള്ളവരോട് ചോദിക്കുക”. ഗവേഷണത്തിന് കഴിയാത്തവര്‍ അതിന് കഴിയുന്നവരെ അനുകരിക്കണമെന്നാണ് ഇതിന്റെ വിവക്ഷയെന്ന് ജംഉല്‍ ജവാമിഅ് (വാ: 2, പേ: 383) ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് മേല്‍ സൂക്തത്തില്‍ പറഞ്ഞ അറിവുള്ളവരെ കൊണ്ട് വിവക്ഷിക്കുന്നത് മുജ്തഹിദുകളായ പണ്ഢിതരാണെന്ന് ഇബ്നുജരീര്‍ (റ) തന്റെ തഫ്സീറില്‍ (വാ:14, പേ: 68) ല്‍ പ്രസ്താവിച്ചത്.

ചുരുക്കത്തില്‍ ; ശറഇന്റെ ലക്ഷ്യങ്ങള്‍ക്കതീതമായി ഒരു മദ്ഹബിലും യാതൊന്നും തന്നെ കാണുകയില്ല. ഇമാം ശഅ്റാനി (റ) യുടെ  വാക്കുകള്‍ കാണുക: “പ്രസ്തുത പണ്ഢിതരുടെ വാക്കുകളില്‍ നിന്നും ഒന്നും തന്നെ ശരീഅത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് ഏതെങ്കിലുമൊന്നിനെ അവലംബിച്ചല്ലാതെ ഉണ്ടാവുകയില്ലെന്ന് ചിന്തിക്കുന്ന ആര്‍ക്കും വ്യക്തമാകും. കാരണം അവരുടെ ഏതൊരു വാക്കും, ആയത്ത്, ഹദീസ്, അസര്‍, സ്വഹീഹായ ഖിയാസ് തുടങ്ങിയ ഏതെങ്കിലും ഒന്നിലേക്ക് മടങ്ങിയിട്ടല്ലാതെ വരില്ല”(മീസാന്‍ വാ:1, പേ: 35).

ഈ വിശദീകരണമനുസരിച്ച് ശറഇന്റെ രേഖകളില്‍ നിന്ന് ഏതെങ്കിലുമൊന്നിന്റെ പിന്‍ബലമുള്ളതോ അല്ലെങ്കില്‍ ഏതെങ്കിലുമൊന്നിന്റെ വ്യാപ്തിയില്‍ പെട്ടതോ ആയിട്ടല്ലാതെ മദ്ഹബിന്റെ ഇമാമുകളില്‍ നിന്ന് ഒരാളുടെയും ഒരഭിപ്രായവും ഉണ്ടാവുകയില്ലെന്നും അതുകൊണ്ട് തന്നെ ആ അഭിപ്രായങ്ങളെല്ലാം സുന്നത്തിന് വിധേയമാണെന്നും അതീതമല്ലെന്നും വ്യക്തമായി.

ചുരുക്കത്തില്‍ , ഇമാമിന്റെ ഏതെങ്കിലുമൊരഭിപ്രായത്തെക്കുറിച്ച് അത് സുന്നത്തിന് വിരുദ്ധമാണെന്ന് ഖണ്ഢിതമായി അവകാശപ്പെടണമെങ്കില്‍ പ്രസ്തുത അഭിപ്രായം ശറഇന്റെ എല്ലാ രേഖകള്‍ക്കും (ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, വ്യക്താമായ ഖിയാസ്) പൂര്‍ണ്ണമായി അതീതമാണെന്നും ഒന്നിന്റെയും വ്യക്തമോ പരോക്ഷമോ ആയ യാതൊരു പിന്‍ബലവുമില്ലെന്നും തെളിയിച്ചിരിക്കണം. അല്ലാതെ ശറഇന്റെ രേഖകളില്‍ നിന്ന് വിമര്‍ശകന്‍ കണ്ടെത്തിയ ഏതെങ്കിലുമൊന്നിനോട് അവന്‍ ഗ്രഹിച്ചതനുസരിച്ച് വിരുദ്ധമാണെന്ന് അവന് ബോധ്യപ്പെട്ടത് കൊണ്ടായില്ല. ഒരു ഇമാമിന്റെ അഭിപ്രായം  ഏതെങ്കിലും ഒരു ആയത്തിന്റെയോ ഹദീസിന്റെയോ ബാഹ്യാര്‍ഥവുമായി എതിരാണെന്ന് അവന്‍ ഗ്രഹിക്കുന്നത് പോലെ.

അതായത് ഇമാമിന്റെ ഏതെങ്കിലുമൊരഭിപ്രായത്തെക്കുറിച്ച് അത് സുന്നത്തിന് വിരുദ്ധമല്ലന്ന് പറയാന്‍ ഏതെങ്കിലുമൊരു രേഖയുടെ  പിന്‍ബലം മാത്രമുണ്ടായാല്‍ മതി. എല്ലാററിന്റെയും പിന്‍ബലമുണ്ടായിക്കൊള്ളണമെന്നില്ല. അതേ സമയം ഒരഭിപ്രായം സുന്നത്തിന് വിരുദ്ധമാണന്ന് തെളിയിക്കാന്‍ ഈ രേഖകളിലൊന്നിനോട് വിരുദ്ധമാണെന്ന് തെളിയിച്ചാല്‍ പോര. മറിച്ച് എല്ലാ രേഖകള്‍ക്കും വിരുദ്ധമാണെന്ന് തന്നെ തെളിയിക്കണം.

സ്വന്തമായി ഇത് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മദ്ഹബിന്റെ ഇമാമുകളില്‍ ഏതെങ്കിലുമൊരാളുടെയെങ്കിലും വല്ല അഭിപ്രായവും ശറഇന്റെ എല്ലാ രേഖകള്‍ക്കും പൂര്‍ണ്ണമായും വിരുദ്ധമാണെന്നോ അത് പിഴവാണെന്നോ പ്രമാണിക ഗ്രന്ഥങ്ങളില്‍ നിന്നുപോലും  ഉദ്ധരിക്കാന്‍ വിമര്‍ശകര്‍ക്ക് കഴിയില്ലെന്നതാണ് യാഥാ ര്‍ഥ്യം.

നൂററിഅമ്പതോളം സ്ഥലങ്ങളില്‍ മദ്ഹബിന്റെ അഭിപ്രായങ്ങള്‍ സുന്നത്തിന് വിരുദ്ധമായിട്ടുണ്ടെന്ന് വിമര്‍ ശകര്‍ അവകാശപ്പെടുമ്പാള്‍ അതിന്നവര്‍ സമര്‍ഥിക്കുന്ന തെളിവ് ചില ഹദീസുകള്‍ ഉദ്ധരിച്ച് അതിന്റെ ആശയത്തോട് എതിരാണെന്നോ അല്ലെങ്കില്‍ ഇന്ന അഭിപ്രായം ഇന്നാലിന്ന ഹദീസുകള്‍ക്ക് നിരക്കാത്തതാണെന്ന് ചില ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നോ മാത്രമാകുന്നു. അല്ലാതെ ആ നൂററിയമ്പത് സ്ഥലങ്ങളില്‍ നിന്ന് ഏതെങ്കിലുമൊരു സ്ഥലത്തെങ്കിലും ശറഇന്റെ എല്ലാ രേഖകള്‍ക്കും പൂര്‍ണ്ണമായും വിരുദ്ധമാണെന്ന് തെളിയിക്കാനോ ഏതെങ്കിലുമൊരു ഗ്രന്ഥത്തില്‍ തെളിയിച്ചതായി ഉദ്ധരിക്കാനോ ഇവര്‍ക്ക് കഴിയില്ല.

ഒരു വസ്തു ജീവിയാണെന്നവകാശപ്പെടാന്‍ അത് ജീവികളുടെ ഇനങ്ങളില്‍ നിന്ന് എതെങ്കിലുമൊന്നിന്റെ ഗണത്തില്‍ പെട്ടതാണെന്ന് തെളിയിച്ചാല്‍ മാത്രം മതി. എല്ലാററിന്റെയും ഗണത്തില്‍പെട്ടതാണെന്ന് തെളിയിച്ചേ പററൂ എന്ന് ഒരു ബുദ്ധിയും പറയില്ല. എന്നാല്‍, അത് ജീവിയല്ലെന്ന് അവകാശപ്പെടണമെങ്കില്‍ ജീവികളുടെ ഇനങ്ങളില്‍ നിന്ന് ഒന്നിന്റെയും ഗണത്തില്‍ പെട്ടതല്ലെന്ന് തെളിയിക്കുക തന്നെ വേണം. അല്ലാതെ ഇനങ്ങളില്‍ ചിലതായ മനുഷ്യഗണത്തില്‍പെട്ടതല്ലെന്നോ മറേറാ മാത്രം തെളിയിച്ചാല്‍ പോര. സുന്നത്തിന്റെ ഇനങ്ങളില്‍ ഒന്നായ ഹദീസിന് വിരുദ്ധമായാല്‍ ഭാഗികമായിട്ടെങ്കിലും സുന്നത്തിന് വിരുദ്ധമാണെന്ന് പറഞ്ഞുകൂടെ എന്ന മറുചോദ്യം  മൌഢ്യമാണ്. കാരണം, ഒരു വസ്തു ജീവികളുടെ ഇനങ്ങളിലൊന്നായ മനുഷ്യ ഗണത്തില്‍പെട്ടതല്ലെന്ന് വന്നാല്‍ ഭാഗികമായിട്ടെങ്കിലും അത് ജീവിയല്ലെന്ന് വാദിക്കുന്നവന്റെ ബുദ്ധി എത്ര അപാരമാണ്. ഇതിലൊന്നും പിടിത്തമില്ലെന്ന് കാണുമ്പോള്‍ ഹദീസിനെ സംബന്ധിച്ചും സുന്നത്തെന്ന് പറയുന്നത് കെണ്ട് സുന്നത്തുകള്‍ക്ക് വിരുദ്ധമാണെന്ന് പറയുന്നതിന്റെ വിവക്ഷ ഹദീസുകള്‍ക്ക് വിരുദ്ധമാണെന്ന് തന്നെയാണെന്ന് ഇക്കൂട്ടര്‍ വാദിച്ചു നോക്കും. അങ്ങനെയാണ് വാദമെങ്കില്‍ രണ്ടു കൂട്ടര്‍ക്കുമവലംബിക്കാനുള്ള രേഖകള്‍ സ്വഹീഹായ ഹദീസുകള്‍ മാത്രമാണെന്ന് പറയേണ്ടിവരും.

ഇമാം ശഅ്റാനി (റ) ശൈഖുല്‍ ഇസ്ലാമില്‍ നിന്ന് ഇപ്രകാരം ഉദ്ധരിക്കുന്നു. “ശരീഅത്തിന്റെ എല്ലാ രേഖകള്‍ കൊണ്ടും അവ ഉള്‍ക്കൊണ്ടിട്ടുള്ള അറബി ഭാഷയുടെ എല്ലാ പ്രയോഗങ്ങള്‍ കൊണ്ടും അവയുടെ ഉദ്ദേശ്യാര്‍ഥങ്ങള്‍ കൊണ്ടുവരുന്ന വഴികള്‍ കൊണ്ടും നല്ലപോലെ അറിയാതെ ഒരു മുജ്തഹിദിന്റെ അഭിപ്രായത്തെ തള്ളിക്കളയുന്നതും പിഴവിലേക്ക് ചേര്‍ക്കുന്നതും നിങ്ങള്‍ സൂക്ഷിക്കുക. മേല്‍ പ്രസ്താവിച്ചത് പ്ര കാരം രേഖകള്‍ മുഴുവനായി അറിയുകയും ഒരു ഇമാമിന്റെ അഭിപ്രായത്തിനുള്ള രേഖ അവയില്‍ തീരെ എത്തിക്കാതിരിക്കുകയും ചെയ്താല്‍ ആ അഭിപ്രായത്തെ നിങ്ങള്‍ക്ക് തള്ളിക്കളയാനവകാശമുണ്ട്. പക്ഷേ, എവിടെ നിന്നാണ് നിങ്ങള്‍ക്കതിന് സാധിക്കുക? (മീസാന്‍ വാ:1, പേ: 30)

മുഖ്തസ്വറുല്‍ ഫവാഇദില്‍ മക്കിയ്യ പേ: 27 ല്‍ പറയുന്നു: “മുജ്തഹിദുകളായ ഇമാമുകളില്‍ നിന്ന് ആരുടെയെങ്കിലും മദ്ഹബിനെ ആക്ഷേപിക്കുന്നതോ ഇകഴ്ത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ നിങ്ങള്‍ സൂക്ഷിക്കുക. കാരണം അവരുടെ മാംസങ്ങള്‍ വിഷമുള്ളതാണ്. അവരെ ഇകഴ്ത്തിപ്പറയുന്നവരുടെ കാര്യത്തില്‍ അല്ലാഹു സ്വീകരിച്ച സമ്പ്രദായം എല്ലാവര്‍ക്കുമറിയാവുന്നതാണ്. അതുകൊണ്ട് തന്നെ അവരിലേതെങ്കിലും ഒരു വ്യ ക്തിയേയോ മദ്ഹബിനേയോ ആക്ഷേപിക്കുന്നവന്റെ നാശം അതി വിദൂരമല്ല.”

ഇമാം ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലി (റ) പറയുന്നു: കര്‍മ്മശാസ്ത്ര പണ്ഢിന്മാര്‍ കര്‍മ്മ ശാസ്ത്രത്തെ അതിന്റെ നിദാനമനുസരിച്ച് കെട്ടിപ്പടുത്തപ്പോള്‍ അവരും അവരുടെ മുന്‍ഗാമികളും പരാമര്‍ശിച്ച മസ്അലകളില്‍ നിന്ന് ഒരു മസ്അലക്ക് പോലും അവര്‍ സുന്നത്തില്‍ നിന്ന് രേഖ എത്തിക്കാതിരുന്നിട്ടില്ല. റിപ്പോര്‍ട്ടര്‍മാരില്‍ നിന്ന് സ്വഹാബി വിട്ട് പോയ മുര്‍സലോ കണ്ണി തീരെ മുറിയാത്ത മുത്തസ്വിലോ ആയ ഒരു ഹദീസായി രിക്കാം അത്. അല്ലെങ്കില്‍ (ളഈഫാണെങ്കില്‍ പോലും) നിവേദക പരമ്പരയുടെ ആധിക്യം മൂലം പരിഗണനീയമായതോ അല്ലെങ്കില്‍ ‘ഹസനോ, സ്വഹീഹോ’ ആയ പരമ്പരകളിലൂടെ സ്വഹാബികളിലേക്ക് ചെന്ന് മുട്ടുന്നതോ ആയ മൌഖൂഫായ ഹദീസായിരിക്കാം അത്. അല്ലെങ്കില്‍ ഖുലഫാഉര്‍റാശിദുകള്‍, മുസ്ലിം രാജ്യങ്ങളിലെ മററു ഖാളിമാര്‍ തുടങ്ങിയവരുടെ അസറുകളോ അല്ലെങ്കില്‍ മററു രേഖയുടെ താല്‍പര്യമോ സൂചനയോ അതിന്റെ വ്യാപ്തിയില്‍ നിന്ന് ഗവേഷണം ചെയ്തതോ ആകാം രേഖ. അതുകൊണ്ട് തന്നെ ഈ വഴിയിലൂടെ ചിന്തിക്കുമ്പോള്‍ സുന്നത്തിനനുസരിച്ച് അമല്‍ ചെയ്യാന്‍ അല്ലാഹു അവര്‍ക്ക് എളുപ്പമാക്കി ക്കൊടുത്തിരിക്കുകയാണ് (ഹുജ്ജത്തുല്ലാ ഹില്‍ ബാലിഗ: 432/1).

ചുരുക്കത്തില്‍ സുന്നത്തിന്റെ വ്യാപ്തിയില്‍ നിന്ന് മുജ്തഹിദായ ഏതൊരു ഇമാമിന്റെയും ഒരഭിപ്രായം പോലും പുറത്ത് പോകുന്നില്ല. പക്ഷേ, ചിലപ്പോള്‍ ചില ഹദീസുകള്‍ക്ക് എതിരായി അവര്‍ അഭിപ്രായപ്പെട്ടതായി കാണാം. ഇത് സുന്നത്തിന് വിരുദ്ധമല്ല. പ്രത്യുത, ആ ഹദീസിന്റെ ആശയം അവര്‍ കൈവിടുന്നതിന് അവര്‍ക്ക് കാരണങ്ങളുണ്ടാകാം.

ഇബ്നു തൈമിയ്യ തന്റെ ‘റഫ്ഉല്‍ മലാമി’ല്‍ പറയുന്നു. ഇമാമുകളില്‍ നിന്ന് ആരുടെയെങ്കിലും വല്ല അഭിപ്രായത്തിനുമെതിരില്‍ ഒരു സ്വഹീഹായ ഹദീസ് കണ്ടെത്തിയെന്നിരിക്കട്ടെ. എങ്കില്‍ പ്രസ്തുത ഹദീസിനെ ആ ഇമാം സ്വീകരിക്കാതിരിക്കാന്‍ തികച്ചും പ്രതിബന്ധങ്ങളുണ്ടാകും. അങ്ങനെയുള്ള പ്രതിബന്ധങ്ങള്‍ മൂന്ന് ഇനങ്ങളില്‍ നിക്ഷിപ്തമാണ്. ഒന്ന്: നബി (സ്വ) അങ്ങനെ പറഞ്ഞുവെന്ന് വിശ്വാസം വരാതിരിക്കുക. (ആ ഇമാമിലേക്ക് ഹദീസെത്തിയ നിവേദക പരമ്പരയുടെ ദൌര്‍ബല്യമാകാം അതിന് കാരണം) രണ്ട്: പ്രസ്തുത ഹദീസില്‍ പ്രതിപാദിച്ചത് ആ വിഷയത്തെ സംബന്ധിച്ചാണെന്ന് വിശ്വാസം വരാതിരിക്കുക. (വിഷയം വ്യക്തമാകാതിരിക്കുകയും മറെറാരാശയം ഉദ്ദേശിക്കാന്‍ സാധ്യതയുണ്ടാവുകയും ചെയ്യുമ്പോഴാണ് ഇപ്രകാരം സംഭവിക്കുക.) മൂന്ന്: ഹദീസുകള്‍ ഉള്‍ക്കൊണ്ട ആശയം നിയമപ്രാബല്യമില്ലാത്ത (മന്‍സൂഖ്) താണെന്ന് വിശ്വസിക്കുക. (ഇതിന്നെതിരില്‍ നിബന്ധനയൊത്തതും ഇതിനെ ദുര്‍ബ്ബലമാക്കുന്ന (നാസിഖ്) തുമായ മറെറാരു ഹദീസ് കണ്ടെത്തിയതാണ് ഇതിന്ന് കാരണം.) ഈ മൂന്നിനം പ്രതിബന്ധങ്ങള്‍ക്കും നിരവധി ശാഖകളുണ്ട്.

ഒന്നാമത്തെ പ്രതിബന്ധം വിശദീകരിച്ചുകൊണ്ട് ഇബ്നു തൈമിയ്യ: തന്നെ പറയുന്നു: “(സ്വീകാര്യമാം വിധം) ഹദീസ് ഇമാമിലേക്ക് എത്താതിരുന്നാല്‍ അതിന്റെ താല്‍പര്യം അറിഞ്ഞിരിക്കല്‍ ഇമാമിന്റെ ബാധ്യതയല്ല. അപ്പോള്‍ പിന്നെ ആയത്ത്, മറെറാരു ഹദീസ്, ഖിയാസ്, ഇസ്തിസ്വ്ഹാബ് തുടങ്ങിയവയുടെ താത്പര്യമനുസരിച്ചാകാം ആ ഇമാം അഭിപ്രായ പ്രകടനം നടത്തിയത്. പ്രസ്തുത അഭിപ്രായം ചിലപ്പോള്‍ ഹദീസിന്റെ ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. ചില ഹദീസുകള്‍ക്കെതിരായി സലഫു സ്സ്വാലിഹുകളുടെ അഭിപ്രായങ്ങള്‍ കാണുന്നത് അധികവും ഈ പ്രതിബന്ധമനുസരിച്ചാണ്” (റഫ്ഉല്‍ മലാം പേജ് 10).

ഇബ്നു തൈമിയ്യ: തന്നെ വീണ്ടും പറയുന്നു. “ഹദീസിന്റെ താത്പര്യമനുസരിച്ച് അമല്‍ ചെയ്യാതിരിക്കുന്നതില്‍ (മുജ്തഹിദായ) പണ്ഢിതന്റെ അടുക്കല്‍ അവലംബമായ രേഖയുണ്ടാകാം. പക്ഷേ, ആ രേഖ എന്താണെന്ന് നമുക്കറിയണമെന്നില്ല. കാരണം അറിവിന്റെ അസ്ഥിവാരം അതിവിപുലമത്രെ. (മുജ്തഹിദുകളായ) പണ്ഢിതന്മാരുടെ ഹൃദയങ്ങളിലുള്ളവയെല്ലാം നമുക്കറിയുക സാധ്യമല്ല. (മുജ്തഹിദായ) പണ്ഢിതന്‍ അദ്ദേഹത്തിന്റെ രേഖ ഇന്നതാണെന്ന് ചിലപ്പോള്‍ വ്യക്തമാക്കിയേക്കാം. മററു ചിലപ്പോള്‍ വ്യക്തമാക്കുകയുമില്ല. വ്യക്തമാക്കിയാല്‍ തന്നെ ആ രേഖ നമ്മളിലേക്കെത്താം. എത്തിയില്ലെന്നും വരാം. ആ രേഖ നമ്മിലേക്കെത്തിയാല്‍ തന്നെ ആ രേഖയില്‍ (മുജ്തഹിദായ) പണ്ഢിതന്‍ ലക്ഷ്യം പിടിച്ച സ്ഥാനം ഇന്നതാണെന്ന് അറിയാം, അറിയാതിരിക്കാം.”

“യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ തെളിവ് സത്യസന്ധമാവട്ടെ, ആവാതിരിക്കട്ടെ. ഇങ്ങനെയൊക്കെയാകാമെന്ന് വെച്ചാലും സ്വഹീഹായ ഹദീസിന്റെ വെളിച്ചത്തില്‍ ലക്ഷ്യം വ്യക്തമായതും പണ്ഢിതരില്‍ ഒരു വിഭാഗത്തിനെങ്കിലും യോജിപ്പുള്ളതുമായ ഒരു അഭിപ്രായത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് മറെറാരു പണ്ഢിതന്റെ അഭിപ്രായത്തെ അവലംബിച്ചു കൂട. അദ്ദേഹം കൂടുതല്‍ പാണ്ഢിത്യമുള്ള ആളായിരുന്നാല്‍ പോലും. ഒന്നാം അഭിപ്രായത്തിന്റെ രേഖയെ പൊളിക്കാന്‍ മാത്രം പ്രാബല്യമുള്ള മറെറാരു രേഖ ഈ പണ്ഢിതന്റെ അടുക്കല്‍ ഉണ്ടായെന്നു വരാം” (റഫ്ഉല്‍ മലാം, പേ: 33).

ചുരുക്കത്തില്‍ ചില ആയത്തുകളുടെയോ ഹദീസുകളുടേയോ ബാഹ്യം മാത്രം അവലംബിച്ച് ഗവേഷണപടുക്കളും മുന്‍ഗാമികളുമായ പണ്ഢിതന്മാരുടെ അഭിപ്രായങ്ങള്‍ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് അവരെ വിമര്‍ശിക്കുന്നത് ക്ഷന്തവ്യമല്ല. ഇജ്തിഹാദിന്നര്‍ഹതയില്ലാത്തവരും സങ്കുചിത മനഃസ്ഥിതിക്കാരും മാത്രമാണ് ഇപ്രകാരം ആക്ഷേപിക്കുന്നത്. വിശാല മനസ്ക്കരായ മുജ്തഹിദുകളായ പണ്ഢിതന്മാരില്‍ ആരും ആരെയും ആക്ഷേപിക്കുന്നത് കണ്ടെത്തുക സാധ്യമല്ല. അതുകൊണ്ട് തന്നെ ഇജ്തിഹാദിന്നര്‍ഹതയില്ലാത്തവര്‍ ഖുര്‍ആന്‍ ആയത്തുകള്‍, ഹദീസുകള്‍ എന്നിവ മുഖേന ലക്ഷ്യം പിടിക്കുന്നത് തന്നെ അപകടകരമാണ്. ഇമാം സുയൂഥി (റ) പറയുന്നത് കാണുക: “ഹദീസുകളില്‍ അഗാധ പാണ്ഢിത്യമില്ലാത്തവര്‍ ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ട് ലക്ഷ്യം പിടിക്കുന്നത് ആശ്ചര്യം തന്നെ. വിശദീകരണമില്ലാത്തതും അവ്യക്തമായതും പല അര്‍ഥത്തിനും സാധ്യതയുള്ളതുമായ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ടെന്നത് അറിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ പ്രസ്തുത പരാമര്‍ശങ്ങളെ യഥാക്രമം വിശദീകരിക്കുന്നതും നിജപ്പെടുത്തുന്നതും ഉദ്ദിഷ്ട ആശയം  ഇന്നതാണെന്ന് വ്യക്തമാക്കുന്നതുമായ ഹദീസുകളിലേക്കാവശ്യം നേരിടുന്നു.”

ഇമാം സൂയുഥി (റ) തന്നെ പറയട്ടെ: “മററു പ്രതികൂല രേഖകളുണ്ടോ എന്നൊന്നും നോക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടുള്ള ലക്ഷ്യം പിടിക്കല്‍ ആശ്ചര്യമുളവാക്കുന്നു. ആ ആയത്തുകളുടെ ബാഹ്യാര്‍ഥം ഉദ്ദേശ്യമല്ലെന്ന് വരുത്തുന്ന മററു രേഖകളുണ്ടോ എന്നുപോലും അവര്‍ ചിന്തിക്കുന്നില്ല. നിശ്ചയമായും നിദാനശാസ്ത്ര പണ്ഢിതന്മാര്‍ ഖുര്‍ആന്‍ ആയത്തുകള്‍ കൊണ്ടൂേം ഹദീസുകള്‍ കൊണ്ടൂം ലക്ഷ്യം പിടിക്കുന്ന മുജ്തഹിദിന്റെ നിര്‍ബന്ധ ബാധ്യതയായി എണ്ണിയത് തന്നെ ആ ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും മററും പ്രതികൂല രേഖകളുണ്ടോ എന്ന് കൂലങ്കശമായി അന്വേഷിക്കലും ഉണ്ടെങ്കില്‍ അതിന് മറുപടി കണ്ടെത്തലുമാണ്. അതിനാല്‍ പരിഗണിക്കപ്പെടേണ്ട നിബന്ധനകളൊന്നും കണക്കിലെടുക്കാതെയും ചിന്തിക്കാതെയുമുള്ള ലക്ഷ്യാവലംബം ആക്ഷേപകരോടൊന്നിച്ച് ഇവനും ആക്ഷേപകനാകാനുള്ള വഴിയാണ്. അതുകൊണ്ട് തന്നെ അല്ലാഹുവിനെ സംബന്ധിച്ച് ഈ മനുഷ്യന് ലജ്ജയുണ്ടായിരുന്നുവെങ്കില്‍ തന്റെ സ്ഥാനത്തുതന്നെ അവന്‍ നില്‍ക്കുമായിരുന്നു. തഖ്ലീദും ലക്ഷ്യാവലംബത്തെ അതിന്നര്‍ഹരായവര്‍ക്ക് വിട്ടുകൊടുക്കലുമാണ് അവന്റെ പദവി. അല്ലാഹു ഇപ്രകാരം പറഞ്ഞു: “അവര്‍ തല്‍വിഷയത്തെ പ്രവാചകനിലേക്കും അവരില്‍ നിന്നുള്ള ഉലുല്‍ അംറിലേക്കും അര്‍പ്പിച്ചിരുന്നുവെങ്കില്‍ അവരില്‍ നിന്നുമുള്ള ഗവേഷണ യോഗ്യരായ പണ്ഢിതന്മാര്‍ അതിന്റെ വിധി കണ്ടെത്തുമായിരുന്നു. ഈ സൂക്തത്തില്‍ പറഞ്ഞ ഉലുല്‍അംറ് കൊണ്ട് വിവക്ഷ മുജ്തഹിദുകളായ പണ്ഢിതരത്രെ. ഇതാണ് ഇബ്നു അബ്ബാസ് (റ), ജാബിറുബ്നു അബ്ദുല്ല (റ), മുജാഹിദ് (റ), അബുല്‍ ആലിയ (റ), ഇസ്ഹാക്ക് (റ) തുടങ്ങിയവരുടെയും മററുള്ള പ ണ്ഢിതന്മാരുടെയും അഭിപ്രായം’‘. (ഫത്വാവ: സുയൂഫി 124, 125/2)


RELATED ARTICLE

 • ഹദീസ്: എഴുത്തും മനഃപാഠവും
 • സ്വഹാബികളും ഹദീസും
 • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
 • ഹദീസിലെ സാമൂഹിക പാഠങ്ങള്‍
 • സ്വഹാബികളുടെ ഹദീസ് പ്രചാരണം
 • സ്വഹാബികളുടെ ഹദീസ് ശേഖരണം
 • നാസ്വിറുദ്ദീന്‍ അല്‍ബാനി നിരൂപിക്കപ്പെടുന്നു
 • ഹദീസിന്റെ സാഹിത്യമൂല്യം
 • മുസ്‌ലിം സ്വത്വ രൂപീകരണം നബിവചനങ്ങളുടെ പങ്ക്
 • ഹദീസ് വിജ്ഞാവും കേരളവും
 • ഹദീസ് വിതരണത്തിലെ സൂക്ഷ്മത
 • അല്‍ബാനിയുടെ പ്രധാന പ്രമാദങ്ങള്‍
 • ഹദീസ് നിവേദക ചരിത്രം
 • ഹദീസ് സമാഹരണവും സംരക്ഷണവും
 • ഏക നിവേദക ഹദീസും തല്പര കക്ഷികളും
 • അഹ്‌ലു ഹദീസും അഹ്‌ലെ ഹദീസും
 • അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര
 • ഹദീസും മദ്ഹബുകളും
 • ഹദീസുകള്‍ അടയാളപ്പെടുത്തിയത്