Click to Download Ihyaussunna Application Form
 

 

ക്ളോണ്‍ അവയവത്തിന്റെ വിധി

ചികിത്സക്കാവശ്യമായ അവയവങ്ങള്‍ ലഭ്യമാക്കുന്നതിനു ക്ളോണ്‍ മനുഷ്യനെ ഉപയോഗപ്പെടുത്തുകയോ അല്ലെങ്കില്‍ ക്ളോണിങ്ങിലൂടെ അവയവങ്ങള്‍ മാത്രം നിര്‍മ്മിക്കുകയോ ചെയ്യാന്‍ പറ്റുമോ?.

മനുഷ്യനെ ക്ളോണ്‍ ചെയ്യാന്‍ പാടില്ലെങ്കിലും ക്ളോണ്‍ മനുഷ്യന്‍ ജനിച്ചു കഴിഞ്ഞാല്‍ അവനു സാധാരണ മനുഷ്യന്റെ പവിത്രതയുണ്ടായിരിക്കും. അനിവാര്യഘട്ടത്തില്‍ ഒരാളുടെ ശരീരത്തിന്റെ രക്ഷയ്ക്കു വേണ്ടി അതിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തല്‍, അപകടസാധ്യതയില്ലെങ്കില്‍ അനുവദനീയമാണ്. പക്ഷേ, സ്വന്തം ശരീരത്തിലെ ഒരു ഭാഗം മറ്റൊരാള്‍ക്കു വേണ്ടിയോ മറ്റൊരാളുടേതു തനിക്കു വേണ്ടിയോ ജീവിത കാലത്ത് എടുക്കാവതല്ല. ഇക്കാര്യം തുഹ്ഫഃ 9:397-ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ക്ളോണ്‍ മനുഷ്യന്റെ അവയവം മറ്റൊരാള്‍ക്കു വേണ്ടി എടുക്കാവതല്ല. അതു കൊണ്ടു തന്നെ പ്രസ്തുതോദ്ദേശ്യ ത്തിനു വേണ്ടി മനുഷ്യനെ ക്ളോണ്‍ ചെയ്യാവതുമല്ല.

അവയവങ്ങള്‍ മാത്രം ക്ളോണ്‍ ചെയ്യാന്‍ പറ്റുമോ എന്നതാണല്ലോ അടുത്ത പ്രശ്നം. മനുഷ്യക്ളോണിങ് മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ സൃഷ്ടിക്കാനുള്ള ‘തെറാപ്യൂട്ടിക് കോണിങി’ലെ പരീക്ഷണങ്ങള്‍ വലിയ പ്രതീക്ഷയ്ക്കു വകനല്‍കുന്നുണ്ടത്രേ. മനുഷ്യന്റെ അവയവങ്ങള്‍ മുറിച്ചു കളഞ്ഞാല്‍ വീണ്ടും വളരില്ല; കരള്‍, തൊലി തുടങ്ങിയ അപൂര്‍വ്വം അവയവങ്ങള്‍ക്കു മാത്രമാണു പഴയതു പോലെ വളരാനാവുക. എന്നാല്‍ മസ്തിഷ്ക ഭാഗത്തെ ചില കോശങ്ങളിലും ഈ കഴിവു കണ്ടെത്തിയിട്ടുണ്ട്. മൂല കോശത്തിന്റെ വികസനം വഴിയുള്ള തെറാപ്യൂട്ടിക് ക്ളോണിങ്ങിലൂടെ അവയവങ്ങളെ സൃഷ്ടിക്കാനാകുമോ എന്ന പരീക്ഷണം നടത്തുന്നത് ഈ കണ്ടെത്തലിനെ തുടര്‍ന്നാണ്. ഇതിലൂടെ പാര്‍ക്കിന്‍സണ്‍ രോഗം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ള പലരോഗങ്ങളും മൂലം നഷ്ടമാകുന്ന കോശങ്ങളെ വീണ്ടും സൃഷ്ടിക്കാനുള്ള വഴികാണാമെന്ന പ്രതീക്ഷ ശാസ്ത്രജ്ഞന്മാര്‍ക്കുണ്ട് (ദേശാഭിമാനി 13/11/2003).

ക്ളോണിങ്ങിലൂടെയുള്ള അവയവ നിര്‍മ്മാണം വൈദ്യശാസ്ത്ര രംഗത്തു കാതലായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുമെന്നാണ് ഈ സങ്കേതത്തിലെ ഗവേഷകര്‍ പറയുന്നത്. വിധി, ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷയ്ക്ക് അനുകൂലമാകുകയും ശ്രമം വിജയിക്കുകയും ചെയ്യുന്നുവെങ്കില്‍ താമസംവിനാ ഈ സമ്പ്രദായം ചികിത്സാരംഗം കീഴടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അവയവങ്ങളെ ക്ളോണ്‍ ചെയ്യലും ചികിത്സക്കായി അവ ഉപയോഗിക്കലും ശരിയാണെന്നോ തെറ്റാണെന്നോ നിരുപാധികം പറയാവതല്ല; അതില്‍ അനുവദനീയ രൂപവും അനനുവദനീയ രൂപവുമുണ്ട്. താഴെ വരുന്ന വിശദീകരണങ്ങളില്‍ നിന്ന് അതു മനസ്സിലാക്കാവുന്നതാണ്.

ശരീരത്തില്‍ നിന്നെടുക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ആവശ്യമായ അവയവങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ സാധ്യത ആധുനിക വൈദ്യശാസ്ത്ര ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉദാഹരണത്തിന് രക്തകോശം ഉപയോഗിച്ച് അവയവം ക്ളോണ്‍ ചെയ്യാമത്രേ. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (A P I) യുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന ഫിസിഷ്യന്മാരുടെ സംസ്ഥാന സമ്മേളനത്തില്‍ ക്ളോണിങ്ങിനെ ക്കുറിച്ചുള്ള പ്രബന്ധമവതരിപ്പിച്ചു സംസാരിക്കവെ, പ്രൊഫ. ആര്‍. വിജയകുമാര്‍ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി. നവജാത ശിശുവിന്റെ പൊക്കിള്‍ കൊടി മുറിക്കുമ്പോഴു ണ്ടാകുന്ന രക്തത്തുള്ളികളില്‍ അല്‍പം ശേഖരിച്ചു ശാസ്ത്രീയമായി സൂക്ഷിച്ചാല്‍ അതിലെ രക്തകോശം ഉപയോഗിച്ച് ആ കുഞ്ഞിന്റെ ജീവിത ദശകളില്‍ നഷ്ടമാകുന്ന ഏത് അവയവം വേണമെങ്കിലും പുനര്‍നിര്‍മ്മിക്കാം (മാതൃഭൂമി 3/2/2003).

ശരീരത്തില്‍ അനായാസം അനുസ്യൂതം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പദാര്‍ഥമാണു രക്തം. അതു ചില പ്രത്യേക ഉപാധികളോടെ ശരീരത്തില്‍ നിന്നു ചെറിയ അളവില്‍ എടുക്കുന്നത് ആരോഗ്യപ്രദമാണ്. അതുകൊണ്ടു തന്നെ മതദൃഷ്ട്യാ അത് അനുവദനീയവുമാണ്. രക്തം എടുക്കാമെങ്കില്‍ രക്തകോശവും എടുക്കാമല്ലോ. എടുത്ത രക്തം, അനിവാര്യഘട്ടത്തില്‍ തനിക്കോ മറ്റൊരാള്‍ക്കോ ഉപയോഗിക്കാമെന്നാണല്ലോ നിയമം. അ പ്പോള്‍ എടുത്ത രക്തകോശം തന്റെയോ മറ്റൊരാളുടെയോ അത്യാവശ്യകാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നു വന്നു. ചുരുക്കത്തില്‍ രക്തകോശം ഉപയോഗിച്ച് അവയവമാറ്റത്തിന്റെ നിയമങ്ങള്‍ക്കു വിധേയമായി അവയവങ്ങള്‍ ക്ളോണ്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

മജ്ജമാറ്റത്തിലും അനുവദനീയവും നിഷിദ്ധവുമായ രൂപങ്ങളുണ്ട്. രക്ത സംബന്ധമായ പല മാരക രോഗങ്ങള്‍ക്കും ഏറ്റവും ഫലപ്രദമായ നൂതന ചികിത്സയാണു മജ്ജ മാറ്റിവെക്കല്‍ (Bone narrow transplant). രക്താര്‍ബുദം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് മജ്ജ മാറ്റിവെക്കലാണ് ഇന്നത്തെ അവസാന ചികിത്സ. രക്തത്തിലെ വെളുത്ത രക്താണുക്കളുടെ അമിതോല്‍പാദനമാണു രക്താര്‍ബുദം ഉണ്ടാക്കുന്നത്. അസ്ഥിക്കകത്തെ മജ്ജയിലാണു രക്തം ഉല്‍പാദിപ്പിക്കപ്പെടുന്നത്. മജ്ജയില്‍ എല്ലാ രക്തകോശങ്ങളുടെയും മാതൃകോശങ്ങള്‍ (ടലോ രലഹഹ) കാണും. അര്‍ബുദ ചികിത്സയ്ക്കുള്ള കീമോതെറാപ്പി മൂലമോ റേഡിയേഷന്‍ മൂലമോ മജ്ജയ്ക്കു ക്ഷതമേല്‍ക്കുമ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം കോശപുനരുല്‍ പാദനം തുടങ്ങുന്നത് ഈ കോശങ്ങളില്‍ നിന്നാണ്. സാധാരണ 40- 50  ദിവസം വേണ്ടി വരുന്ന ഈ പ്രക്രിയ 15-20 ദിവസം കൊണ്ടു സാധിക്കലാണു മജ്ജ മാറ്റിവെക്കലിന്റെ ഉദ്ദേശ്യം.

മജ്ജ മാറ്റിവെക്കല്‍ രണ്ടു തരത്തിലുണ്ട്. മറ്റൊരാളില്‍ നിന്നു മജ്ജ സ്വീകരിക്കുന്നതും രോഗിയില്‍ നിന്നു തന്നെ സ്വീകരിക്കുന്നതും. ഒന്നാമത്തെ രീതിയില്‍ മജ്ജയുടെ ചെറിയൊരംശം ശസ്ത്രക്രിയ വഴിയെടുത്ത് അതില്‍ നിന്നു മാതൃകോശങ്ങള്‍ വേര്‍തിരിച്ചു രോഗിക്കു നല്‍കുകയാണു ചെയ്യുക. ഇതു വളരെ ശ്രമകരവും സാമ്പത്തിക ബാധ്യത കൂടിയതുമാണ്. ഇന്ത്യയില്‍ 8-10 ലക്ഷം രൂപ ചെലവു വരും. രോഗിയുടെ തന്നെ മജ്ജ ചികിത്സക്കായി ഉപയോഗിക്കുന്ന രീതിയാണു രണ്ടാമത്തെ രീതി. ആദ്യം മാതൃ കോശങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നു. പിന്നെ കീമോ തെറാപ്പി ചികിത്സയ്ക്ക് ശേഷം ഇവ വീണ്ടും നല്‍കുന്നു. ഇതു പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും താരതമ്യേന എളുപ്പവുമായ രീതിയാണ്. മരുന്നിന്റെ തോതു കൂടുതല്‍ നല്‍കുമ്പോള്‍ മജ്ജയിലെ കോശങ്ങള്‍ നശിച്ചിരിക്കും. മരുന്നു പ്രയോഗത്തിനു മുമ്പു മാറ്റിയ മാതൃകോശങ്ങള്‍ മരുന്നിന്റെ ഇഫക്റ്റ് കുറഞ്ഞ ശേഷം വീണ്ടും നല്‍കുന്ന രീതിയാണിത്. ചികിത്സക്ക് 21/2 – 3 ലക്ഷം രൂപ വേണ്ടി വരും. (മാതൃഭൂമി ആരോഗ്യ മാസിക ജനുവരി 2001 പേ: 9).

രോഗിയുടെ മജ്ജയെടുത്ത് അതിലെ മാതൃകോശങ്ങള്‍ പിന്നീട് ചികിത്സാര്‍ഥം അയാള്‍ക്കു തന്നെ നല്‍കുന്നത് അനുവദനീയമാണെന്നും മറ്റൊരാളുടേത് എടുക്കുകയോ സ്വീകരിക്കുകയോ ചെയ്യാവതല്ലെന്നും അവയവ മാറ്റത്തിന് ഇസ്ലാമിക കര്‍മ്മശാസ്ത്രം പറഞ്ഞ ഉപാധികളില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. മജ്ജ സദാ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പദാര്‍ഥമാണെങ്കിലും അതു രക്തം പോലെയല്ല. പ്രത്യുത, ശരീര കോശം പോലെയുള്ള ഘടകമാണ്. കോശം അനിവാര്യ ഘട്ടത്തില്‍ സ്വന്തം ആവശ്യത്തിനല്ലാതെ എടുക്കാന്‍ പാടില്ലെന്ന പോലെ മജ്ജയും പ്രസ്തുത ആവശ്യത്തിനെല്ലാതെ എടുക്കാന്‍ പാടില്ല.

ഇനി ലൈംഗികേതരമായ ഒരു ശരീര കോശമെടുത്ത് അതിലെ ന്യൂക്ളിയസ്, ഒരു സ്ത്രീ യുടെ ന്യൂക്ളിയസ് നീക്കം ചെയ്ത അണ്ഡത്തോടു ചേര്‍ത്തു സിക്താണ്ഡമുണ്ടാക്കി അതില്‍ നിന്നു വിത്തു കോശങ്ങള്‍ രൂപപ്പെടുത്തുകയും അവയില്‍ നിന്നു ഉദ്ദിഷ്ട അവയവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കിലോ? കോശദാതാവിനു വേണ്ടി ഇപ്രകാരം അവയവം നിര്‍മിക്കാവതല്ല. കാരണം ജീവിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ അണ്ഡത്തിന് ഇതില്‍ പങ്കുണ്ട്. തനിക്കു വേണ്ടി മറ്റൊരാളുടെ ശരീര ഭാഗം എടുക്കാന്‍ പറ്റില്ലല്ലോ. അ ണ്ഡദാതാവിനു വേണ്ടിയും ഇവ്വിധം അവയവം നിര്‍മ്മിക്കാവതല്ല. ജീവിച്ചിരിക്കുന്ന മ റ്റൊരാളില്‍ നിന്നെടുത്ത കോശത്തിന് അതില്‍ പങ്കുള്ളതു കൊണ്ടു തന്നെ; മൂന്നാമതൊരാള്‍ക്കു വേണ്ടി ഏതായാലും പറ്റില്ല. കാരണം മറ്റു രണ്ടു വ്യക്തികളുടെ ശരീര ഭാഗങ്ങള്‍ അയാള്‍ക്കു വേണ്ടി എടുക്കേണ്ടി വരുന്നു. ഇതെല്ലാം നിഷിദ്ധമായ രൂപങ്ങളാണ്.

ഇനി കോശവും അണ്ഡവും ഒരു സ്ത്രീയില്‍ നിന്നു തന്നെ എടുത്ത് അവളുടെ ശരീര രക്ഷയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിന് ഒരു അവയവം രൂപപ്പെടുത്തുവാന്‍ സാധിച്ചു വെന്നു സങ്കല്‍പ്പിക്കുക. എന്നാല്‍ അങ്ങനെ ഒരു പരീക്ഷണം വിജയിക്കുന്നുവെങ്കില്‍ അത് അനുവദനീയമാകുന്നതാണ്. അപ്രകാരം തന്നെ ഒരാളുടെ നിര്‍ബന്ധാവശ്യത്തിനു മറ്റൊരാളുടെ മൃതജഡത്തില്‍ നിന്നെടുത്ത കോശവും രോഗിണിയുടെ അണ്ഡവും ഉപയോഗിച്ച് ഒരു അവയവം അവള്‍ക്കു വേണ്ടി ക്ളോണ്‍ ചെയ്യുകയോ അല്ലെങ്കില്‍ ഒരു സ്ത്രീയുടെ മൃതജഡത്തിലെ അണ്ഡം ഒരു രോഗിയുടെ കോശവുമായി ചേര്‍ത്ത് അവന്റെ നിര്‍ബന്ധാവശ്യത്തിനു വേണ്ടി ഒരവയവം ക്ളോണ്‍ ചെയ്യുകയോ ചെയ്യുന്നു വെങ്കില്‍ അതും അനുവദനീയമാകും. എന്നാല്‍ വധശിക്ഷാര്‍ഹരായ വ്യക്തികളുടെ കോശങ്ങളും അണ്ഡങ്ങളുമെടുത്തു നിര്‍ബന്ധാവശ്യക്കാര്‍ക്കു വേണ്ടി അവയവം ക്ളോണ്‍ ചെയ്യുന്നതിനു വിരോധമില്ല (തുഹ്ഫഃ: 2/125-127, 3/ 125, 3/274, 9/390-392, 9/397 നോക്കുക).

മനുഷ്യര്‍ക്കാവശ്യമായ അവയവങ്ങള്‍ ലഭ്യമാകുന്നതിനുവേണ്ടി മൃഗങ്ങളില്‍ ക്ളോണിങ് നടത്തുന്നതിനു ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഹൃദയം, വൃക്കകള്‍, കരള്‍ ഇവ മാറ്റിവെക്കല്‍ ഇന്നു സാധാരണമാണ്. പക്ഷേ, ആവശ്യമായ സമയത്തു മാറ്റിവെക്കാന്‍ അവയവങ്ങള്‍ ലഭിക്കുക പലപ്പോഴും പ്രയാസമാണ്. 1996-ല്‍ മാറ്റിവെക്കാന്‍ ഹൃദയം കിട്ടാതെ 4000 അമേരിക്കക്കാര്‍ മരിച്ചുവത്രേ. മനുഷ്യര്‍ക്കാവശ്യമായ ഹൃദയങ്ങളത്രയും മനുഷ്യരില്‍ നിന്നു കിട്ടില്ല. മറ്റു ജന്തുക്കളുടെ ഹൃദയമാകട്ടെ നമ്മുടെ ശരീരം തിരസ്ക്കരിക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ നമ്മുടെ ശരീരം തിരസ്കരിക്കാത്ത വിധം ജന്തുക്കളുടെ ഹൃദയം രൂപപ്പെടുത്തിയെടുക്കുന്നതിനു ഗവേഷകര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് (പാരമ്പര്യവും ക്ളോണിങും പേ: 136).

പന്നികളിലാണ് ഈ ഗവേഷണം വിജയിച്ചു കൊണ്ടിരിക്കുന്നത്. അന്യവസ്തുക്കള്‍ ശരീരം തിരസ്ക്കരിക്കുന്നത് കുറയ്ക്കുന്ന മനുഷ്യ ജീനുകള്‍ പന്നികളില്‍ എത്തിച്ചിട്ടുണ്ട്. ഇത്തരം പന്നികളെ ‘പിഗ് 23′ എന്നു പറയുന്നു. ഇത്തരം പന്നികള്‍ ഇണ ചേര്‍ന്നുണ്ടാക്കുന്ന പന്നിക്കുഞ്ഞുങ്ങളുടെ ഹൃദയങ്ങള്‍ മനുഷ്യര്‍ക്കു കൂടുതല്‍ സ്വീകാര്യമാകുമെന്നാണു പ്രതീക്ഷ. അതു കൊണ്ടു മനുഷ്യരില്‍ മനുഷ്യ ഹൃദയം പോലെ സ്വീകാര്യതയുള്ള ഹൃദയത്തോടു കൂടിയ ‘ട്രാന്‍സ്ജെനിക് പന്നി’യെ ഉണ്ടാക്കി ആവശ്യാനുസരണം ക്ളോണ്‍ ചെയ്യാം എന്നാണു ശാസ്ത്രജ്ഞന്മാരുടെ പ്രതീക്ഷ. ഇതേ പോലെ മാറ്റിവെക്കാനുള്ള മറ്റ് അവയവങ്ങളും ഉണ്ടാക്കിയെടുക്കാമത്രേ (പാരമ്പര്യവും ക്ളോണിങും പേ: 137).

അനിവാര്യഘട്ടത്തില്‍ ആത്മരക്ഷയ്ക്കു മൃഗാവയവം മനുഷ്യ ശരീരത്തില്‍ വെക്കാമെങ്കിലും അനുയോജ്യമായ മൃഗാവയവം ലഭ്യമാക്കുന്നതിനായി മനുഷ്യരുടെ ജീനെടുത്തു മറ്റു ജന്തുക്കളില്‍ വെക്കാവതല്ല. അതു പ്രകൃതി വിരുദ്ധവും മനുഷ്യനോടുള്ള അനാദരവുമാണ്. ഈ പരീക്ഷണത്തിന്റെ വിജയ പരാജയങ്ങളും അതിലൂടെ ലഭ്യമാകുന്ന അവയവങ്ങളുടെ ഗുണദോഷങ്ങളും എന്തു തന്നെയായാലും ശരി; പ്രസ്തുത രീതി ഇസ്ലാമിക ദൃഷ്ട്യാ തെറ്റും പരിവര്‍ജ്യവുമാണ്.


RELATED ARTICLE

 • രക്തദാനത്തിന്റെ വിധി
 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • മുസ്ലിം ലോകത്തിന്റെ പ്രതികരണം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • ഉള്വ്ഹിയ്യത്തും മറ്റും അറവുകളും
 • അഖീഖഃ
 • ഖുഫ്ഫ തടവല്‍
 • ക്ലോണിങ് പ്രകൃതി വിരുദ്ധം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
 • മനുഷ്യപ്പട്ടി
 • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
 • ഇരട്ടകളുടെ പ്രാധാന്യം
 • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
 • ബഹുജനനം
 • എന്താണു ക്ളോണിങ്?
 • ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കല്‍
 • പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത്
 • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
 • മരിച്ചാല്‍ സുന്നത്താകുന്നവ
 • മആശിറ വിളി
 • ജാറം മൂടല്‍
 • ഖബറിന്മേല്‍ ചെടി കുത്തല്‍
 • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
 • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
 • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
 • തലപ്പാവണിയല്‍
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • രക്ത ചികിത്സ
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?
 • ഫിഖ്ഹ്