Click to Download Ihyaussunna Application Form
 

 

പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ

പ്രതിസമതയുള്ള സയാമീസ് ഇരട്ടകളെ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്താമോ? ഇവര്‍ രണ്ടുപേരും പൂര്‍ണമായ രണ്ടു വ്യക്തികളാണ്. ചിലപ്പോള്‍ ഇവരുടെ സംയോജനം കേവലം നാമമാത്രമായിരിക്കും. നബി (സ്വ) യുടെ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബിന്റെ പിതാവ് ഹാശിമും അദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുശംസും ജനന സമയത്തു സയാമീസ് ഇരട്ടകളായിരുന്നു. ഹാശിമിന്റെ ഒരു കാല്‍ വിരല്‍ അബ്ദുശംസിന്റെ നെറ്റിയില്‍ ഒട്ടിച്ചേര്‍ന്ന നിലയിലാണ് പ്രസവം നടന്നത്. കാല് നെറ്റിയില്‍ നിന്ന് അടര്‍ത്തിയെടുത്തപ്പോള്‍, രക്തപ്രവാഹമുണ്ടായി. ഇവരുടെ സന്താനങ്ങള്‍ക്കിടയില്‍ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന്, ഇതുകണ്ടപ്പോള്‍ ചിലര്‍ ലക്ഷണപ്രവചനം നടത്തി. അതു ശരിയാണെന്നു പറയാവുന്നവിധം ഹിജ്റഃ 133ാം ആണ്ടില്‍ ഹാശിം പരമ്പരയിലെ അബ്ബാസികളും അബ്ദുശംസ് പരമ്പരയിലെ ഉമവികളും തമ്മില്‍ ചില യുദ്ധങ്ങള്‍ നടക്കുകയുണ്ടായി.(1)

ഹാശിമിന്റെയും സഹോദരന്റെയും സംയോജനം വളരെ നിസാരവും അത് വേര്‍പ്പെടുത്തല്‍ വളരെ ലളിതവുമായിരുന്നു. എന്നാല്‍ സംയോജനം ചിലപ്പോള്‍ വളരെ സങ്കീര്‍ണവും അതിന്റെ ശസ്ത്രക്രിയ ഗുരുതരവുമാകും. അതുകൊണ്ടുതന്നെ വേര്‍പ്പെടുത്തല്‍ അനുവദനീയമാകുന്ന സാഹചര്യവും നിഷിദ്ധമാകുന്ന സാഹചര്യവുമുണ്ട്. രണ്ടുപേര്‍ക്കുമോ അല്ലെങ്കില്‍ രണ്ടിലൊരാള്‍ക്കോ അപകടം വരുത്തുന്ന ഒരു പ്രവര്‍ത്തനവും നടത്താന്‍ പാടില്ല. അപകടം വരാത്ത രീതിയില്‍ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്തുന്നതിനു വിരോധമില്ലെന്ന്, കാന്‍സര്‍ പിടിച്ച കൈ മുറിച്ചുമാറ്റുന്നതു സംബന്ധിച്ചു ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ നടത്തിയ വിശദീകരണങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. ശരീരത്തിലെ മുഴ മുറിച്ചു മാറ്റുന്നതു സംബന്ധിച്ച ഏഴു രൂപങ്ങള്‍ കൈമുറിക്കുന്നേടത്തും വരുമെന്നും അവിടെ അനുവദനീയമായത് കൈവിച്ഛേദത്തിലും അനുവദനീയമാകുമെന്നും ഫിഖ്ഹ് പഠിപ്പിക്കുന്നു.

ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യ ശരീരത്തിലെ ശസ്ത്രക്രിയകള്‍ അനുകൂല സാഹചര്യങ്ങളില്‍ അനുവദിക്കുന്നതും പ്രതികൂല സാഹചര്യങ്ങളില്‍ നിരോധിക്കുന്നതും. ഇതേ മാനദണ്ഡം വെച്ചുകൊണ്ടുതന്നെയാണ് പ്രതിസമതാ സയാമീസിന്റെ വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയയുടെ അനുവദനീയതയും അനനുവദനീയതയും അളക്കേണ്ടതും. അനുകൂല സാഹചര്യങ്ങളില്‍ വേര്‍പ്പെടുത്താവുന്നതുകൊണ്ടാണ്, ആധികാരിക ശാഫിഈ ഫിഖ്ഹ് ഗ്രന്ഥമായ തുഹ്ഫഃ, വേര്‍പ്പെടുത്താവുന്ന സാഹചര്യവും അതിനു സാധ്യമാകാത്ത രൂപവുമുണ്ടെന്ന് സൂചിപ്പിച്ച് വേര്‍പ്പെടുത്താന്‍ സാധിക്കാത്ത സയാമീസിന്റെ ആരാധനാനിയമങ്ങള്‍  6: 397 ല്‍ പ്രത്യേകം പ്രതിപാദിച്ചത്.


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം