Click to Download Ihyaussunna Application Form
 

 

ഇരുജഡമനുഷ്യന്‍

ഒരാള്‍ക്ക് രണ്ട് ഉടലുണ്ടായാല്‍ അയാള്‍ ഒരു വ്യക്തിയോ രണ്ടു  വ്യക്തികളോ? ‘ഒരു തലമാത്രമേയുള്ളൂവെങ്കില്‍ ഇരുജഡവും കൂടി ഒരു വ്യക്തിയാകുന്നു’(മുഗ്നില്‍മുഹ്താജ് 4:127). രണ്ടു ശിരസ്സുണ്ടെങ്കില്‍ രണ്ടു വ്യക്തികളായി ഗണിക്കുന്നതാണ്. തുഹ്ഫഃ 9/41-ല്‍ നിന്ന് ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്. ഇവ്വിധം ഒട്ടിച്ചേര്‍ന്നുനില്‍ ക്കുന്ന വ്യക്തികള്‍ക്കാണ് സയാമീസ് ഇരട്ടകള്‍ എന്നുപറയുന്നത്. അപ്പോള്‍, രണ്ടുശരീ രങ്ങള്‍ ഒട്ടിച്ചേര്‍ന്നുനില്‍ക്കുകയും ഓരോന്നിനും സ്വന്തമായി തലയും കൈകാലുകളും ഗുഹ്യസ്ഥാനവും ഉണ്ടാവുകയും ചെയ്താല്‍ അവര്‍ക്ക് രണ്ടുവ്യക്തികളുടെ വിധിതന്നെയാണ് എല്ലാ വിഷയങ്ങളിലും (തുഹ്ഫഃ 6:397).

അനന്തരാവകാശത്തിന്റെ അധ്യായത്തില്‍ മയ്യിത്തിനു സന്താനമോ പുത്രസന്താനമോ സഹോദരീസഹോദരന്മാരില്‍ നിന്നു രണ്ടുപേരോ ഉണ്ടാകുമ്പോള്‍ മാതാവിന് ആറിലൊരുഭാഗം മാത്രമേ ദായധനാവകാശമായി കിട്ടുകയുള്ളൂവെന്ന നിയമത്തിന്റെ വ്യാഖ്യാനത്തില്‍ മുഗ്നി രേഖപ്പെടുത്തുന്നതു കാണുക: സഹോദരീ സഹോദരന്മാരില്‍ രണ്ടുപേരുണ്ടായാല്‍ മാതാവിന് ആറിലൊന്നേ കിട്ടൂ എന്ന പ്രസ്താവന ഈ രൂപത്തെക്കൂടി ഉള്‍പ്പെടുത്തുന്നു. ഇരുതലയും നാലുകാലും നാലുകൈയും രണ്ടു ഗുഹ്യസ്ഥാനങ്ങളും ഉള്ള പരസ്പരം ഒട്ടിപ്പിടിച്ച രണ്ടു കുട്ടികളെ ഒരു സ്ത്രീ പ്രസവിച്ചു. ആ സ്ത്രീക്ക്  മറ്റൊരു പുത്രന്‍ കൂടിയുണ്ട്. ഈ പുത്രന്‍ തന്റെ മാതാവിനെയും ഈ ഇരട്ട ശിശുക്കളെയും വിട്ടേച്ചുകൊണ്ടു മരണപ്പെട്ടുപോയി. അപ്പോള്‍ മാതാവിന് മരിച്ച പുത്രന്റെ ധനത്തില്‍ നിന്ന് ആറിലൊന്നു മാത്രമേ നല്‍കപ്പെടൂ. കാര്യം അങ്ങനെതന്നെ. കാരണം സംയുക്ത ഇരട്ടകള്‍ക്ക് രണ്ടു വ്യക്തികളുടെ വിധിയാണ് എല്ലാ വിഷയങ്ങളിലും. പ്രതിക്രിയയിലും പ്രായശ്ചിത്തത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം (മുഗ്നില്‍ മുഹ്താജ് 3: 14).

ഒരു കൈയില്‍ രണ്ടു പത്തി

കൈപ്പത്തിയുടെ അകം കൊണ്ടു മനുഷ്യന്റെ ഗുഹ്യഭാഗം തൊട്ടാല്‍ വുളൂ നഷ്ടപ്പെടും. ഒരാളുടെ ഒരു കൈക്കു തന്നെ രണ്ടു കൈപ്പത്തികളുണ്ടെങ്കിലോ? ഏതിന്റെ തലംകൊണ്ടു തൊട്ടാലാണു വുളൂ നഷ്ടപ്പെടുക?

രണ്ടും മൂലാവയവങ്ങളാവുകയോ അല്ലെങ്കില്‍ മൂലാവയവം ഏതെന്ന് അവ്യക്തമാവുകയോ ചെയ്താല്‍ അവയില്‍ ഏതൊന്നുകൊണ്ടു തൊട്ടാലും വുളൂ നഷ്ടപ്പെടും. അപ്രകാരം തന്നെ രണ്ടിലൊന്ന് അധികാവയവമായിരിക്കേ പ്രവര്‍ത്തനയോഗ്യമാവുകയോ മൂലത്തോടു ദിശയൊത്തു നേരിട്ടുനില്‍ക്കുകയോ ചെയ്താലും അതുകൊണ്ടുള്ള സ്പര്‍ശം വുളൂ നഷ്ടപ്പെടുത്തും. എന്നാല്‍ അധികമായ കൈപ്പത്തി പ്രവര്‍ത്തനയോഗ്യവും മൂലത്തോടു നേരിട്ടുനില്‍ക്കുന്നതുമല്ലെങ്കില്‍ അതുമുഖേന വുളൂ നഷ്ടപ്പെടുന്ന പ്രശ്നമേയില്ല.

കൈപ്പത്തിയുടെ അകത്തലം കൊണ്ടു മനുഷ്യഗുഹ്യം തൊട്ടാല്‍ വുളൂ നഷ്ടപ്പെടുമെന്നാണല്ലോ പറഞ്ഞത്. ഒരു പുരുഷനു രണ്ടു ലൈംഗികാവയവമുണ്ടെങ്കില്‍ അവയിലേതു സ്പര്‍ശിച്ചാലാണ് വുളൂ നഷ്ടപ്പെടുക. രണ്ടില്‍ ഏതു സ്പര്‍ശിച്ചാലും വുളൂ നഷ്ടപ്പെടും. പക്ഷേ, രണ്ടിലൊന്ന് അധികലിംഗമെന്നു വ്യക്തമാവുകയും അതു പ്രവര്‍ത്തനയോഗ്യമോ മൂലത്തോട് ഒരേദിശയില്‍ നേരിട്ടു നില്‍ക്കുന്നതോ അല്ലാതിരിക്കുകയും ചെയ്താല്‍ അതിന്റെ സ്പര്‍ശം കൊണ്ടു വുളൂ നഷ്ടപ്പെടുകയില്ല.


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം