Click to Download Ihyaussunna Application Form
 

 

മുസ്ലിം ലോകത്തിന്റെ പ്രതികരണം

ഡോളി വിപ്ളവത്തിലൂടെ ക്ളോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോള്‍ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിര്‍ പ്രതികരണത്തില്‍ മറ്റു രാഷ്ട്രങ്ങള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുമ്പില്‍ത്തന്നെ മുസ്ലിം രാഷ്ട്രങ്ങളും സംഘടനകളും സ്ഥാപനങ്ങളുമുണ്ടായിരുന്നു. അവരു ടെയെല്ലാവരുടെയും മുന്‍പന്തിയില്‍, സകലരുടെയും ബദ്ധശ്രദ്ധ ക്ഷണിച്ചുകൊണ്ടും തിരിച്ചു കൊണ്ടും മുസ്ലിം പണ്ഢിതന്മാര്‍ രംഗത്തു വരികയുണ്ടായി.

16-3-97-നു കൈറോവില്‍ ഒരു ക്ളോണിങ് സെമിനാര്‍ നടക്കുകയുണ്ടായി. വൈദ്യ ശാസ്ത്രജ്ഞര്‍, ജനിതക ശാസ്ത്രജ്ഞര്‍, സാമൂഹിക ശാസ്ത്രജ്ഞര്‍, ശരീഅത്തു പണ്ഢിതര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതായിരുന്നു ഈ സെമിനാര്‍. മനുഷ്യരില്‍ ക്ളോണിങ് നടത്തുന്നത് മത വീക്ഷണത്തിലും ബുദ്ധിയുടെ വീക്ഷണത്തിലും പരിവര്‍ ജ്ജ്യമാണെന്നും സംസ്കാര ശൂന്യമായ ഈ നടപടിക്കു യാതൊരു ന്യായീകരണവുമില്ലെന്നുമുള്ള അഭിപ്രായമാണു സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്നത്. (2)

23-3-97-നു കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ആര്‍ട്സ് കോളേജില്‍ മറ്റൊരു സെമിനാര്‍ നടക്കുകയുണ്ടായി. പ്രതികരണം കയ്റോ സെമിനാറില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല. ജനിതക ശാസ്ത്രത്തിന്റെ മഹത്തായ നേട്ടങ്ങളെ വിലയിരുത്തിയ സെമിനാര്‍ മനുഷ്യരില്‍ അതു നടത്തുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും അതിന്റെ ഭവിഷ്യത്തുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. വിനകള്‍ വരുത്തിവെക്കുന്ന ഒരു പ്രവര്‍ത്തനം, അതു കൊണ്ടുണ്ടാകാവുന്ന ചില നേട്ടങ്ങളുടെ പേരില്‍ മാത്രം അനുവദിക്കാവതല്ലെന്ന് “ഉപദ്രവങ്ങളെ തടുക്കല്‍, ഗുണങ്ങള്‍ നേടുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കപ്പെടേണ്ടതാണ്” എന്ന ഇസ്ലാമിക തത്വം ചൂണ്ടിക്കാണിച്ചു കൊണ്ട് സെമിനാര്‍ സമര്‍ഥിക്കുകയുണ്ടായി.(1)

ക്ളോണിങിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിത്തന്നെ ഖത്തര്‍ യൂണിവേഴ്സിറ്റിയും ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുകയുണ്ടായി. ജനിതക പണ്ഢിതരെയും മതപണ്ഢിതരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഈ കോണ്‍ഫറന്‍സ്, ദൈവത്തിന്റെ പ്രകൃതി നിയമങ്ങള്‍ കൊണ്ടുള്ള വിനോദമാണു ക്ളോണിങ് എന്നാണഭിപ്രായപ്പെട്ടത്. (2)

റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമി (Muslim World League) എന്ന സംഘടനയുടെ ഫിഖ്ഹ് കൌണ്‍സില്‍ സമഗ്ര പഠനത്തിനു ശേഷം 1998 ഒക്ടോബര്‍ 31-നു (ഹി:1419 റജബ്) ചേര്‍ന്ന അതിന്റെ 15-ാം സമ്മേളനത്തില്‍ മനുഷ്യക്ളോണിങ് ഹറാമാണെന്നും അതു നടത്തുന്നവര്‍ കുറ്റക്കാരാണെന്നും പ്രഖ്യാപിക്കുകയുണ്ടായി.(3)

മനുഷ്യ ക്ളോണിങ് എന്ന ശാസ്ത്രവൈകൃതത്തിനെതിരെ പ്രതികരിച്ച ലോക പണ്ഢിത സമൂഹത്തിന്റെ മുന്‍നിരയില്‍ത്തന്നെ കേരള പണ്ഢിതന്മാരുമുണ്ടായിരുന്നു. 1997 മെയ് 25-നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മര്‍ക്കസുസ്സഖാഫത്തിസ്സുന്നിയ്യഃയില്‍ സംഘടിപ്പിച്ച 5000 പണ്ഢിതര്‍ പങ്കെടുത്ത ഉലമാകോണ്‍ഫറന്‍സ്, വിഷയം സമഗ്രപഠനം നടത്തുകയും മനുഷ്യക്ളോണിങ് നിരവധി സാമൂഹ്യ തിന്മകള്‍ക്ക് ഇടവരുത്തുന്ന വിനാശകരമായ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനമായതുകൊണ്ട് അതു നിഷിദ്ധമാണെന്നു പ്രഖ്യാപിക്കുകയും പ്രസ്തുത ശ്രമത്തില്‍ നിന്നു പിന്തിരിയാന്‍ ശാസ്ത്രലോകത്തോടഭ്യര്‍ഥിക്കുകയും ചെയ്തു.

പണ്ഢിത ലോകത്തിന്റെ പുനഃപ്രതികരണം

എല്ലാ വിലക്കുകളും പ്രതിഷേധങ്ങളുമുണ്ടായെങ്കിലും അവയെല്ലാം അതിലംഘിച്ചു ചില ശാസ്ത്രജ്ഞര്‍, മനുഷ്യ ക്ളോണിങ് നടത്തിയതായി പ്രഖ്യാപിച്ചപ്പോള്‍ മുസ്ലിം പണ്ഢിതന്മാര്‍ വീണ്ടും രംഗത്തു വന്നു. ഒറ്റയ്ക്കും സംഘടിതമായും തങ്ങളുടെ വിയോജിപ്പും പ്രതിഷേധവും എതിര്‍പ്പും പ്രകടിപ്പിക്കുകയുണ്ടായി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂ ണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇസ്ലാമിക് റിസേര്‍ച്ച് കൌണ്‍സില്‍ 2002 ഡിസംബര്‍ 28-നു പുറപ്പെടുവിച്ച ഫത്വയില്‍ ഈ നിഷിദ്ധമായ പ്രവര്‍ത്തനത്തെ സകല മാര്‍ഗേ ണയും തടയല്‍ നിര്‍ബന്ധമാണെന്നു പറഞ്ഞു. ഈജിപ്തിലെ നിരവധി പാര്‍ലമെന്റേറിയന്മാര്‍, മതപണ്ഢിതന്മാര്‍, ചിന്തകന്മാര്‍, യൂണിവേഴ്സിറ്റി പ്രൊഫസര്‍മാര്‍ തുടങ്ങിയവരും ഇസ്ലാമിക സ്ഥാപനങ്ങളും മനുഷ്യ ക്ളോണിങ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ദേ ശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും സത്വര നിയമാവിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി. (1)

മുസ്ലിം വേള്‍ഡ് ലീഗിന്റെ, വിശുദ്ധ മക്കയിലെ സെക്രട്ടേറിയറ്റ് മനുഷ്യ ക്ളോണിങ് ഹറാമാണെന്നു പ്രഖ്യാപിക്കുകയും ലോക രാഷ്ട്രങ്ങളോടും സാംസ്കാരിക സമിതികളോടും മത സംഘടനകളോടും സ്ഥാപനങ്ങളോടും താഴെ പറയുന്ന ഏഴു കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു:

(1) മനുഷ്യക്ളോണിങ് സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും, അതു മനുഷ്യജീവിതവും പ്രത്യുത്പാദനവും സംബന്ധിച്ച ദിവ്യ സന്ദേശങ്ങള്‍ക്കു വിരുദ്ധമായതുകൊണ്ട് നിഷിദ്ധമാണെന്നു പ്രഖ്യാപിക്കുക. (2) ഉല്‍പാദനത്തിനും വംശവര്‍ദ്ധനവിനും ഏക മാ ര്‍ഗ്ഗം സുപരിചിതമായ നിയമാനുസൃത സ്ത്രീപുരുഷ വിവാഹബന്ധമാണെന്ന ആശയത്തിനു ശക്തി പകരുക. (3) സ്ഥാപിത താല്‍പര്യക്കാരുടെ ദുരുദ്ദേശ്യങ്ങളില്‍ നിന്നും വി നോദക്കാരുടെ വിനോദങ്ങളില്‍ നിന്നും മനുഷ്യരെ കാത്തു സംരക്ഷിക്കുന്ന വിധം ജനി റ്റിക് എഞ്ചിനീയറിംഗ് മാര്‍ഗേണയുള്ള ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കു നിയമ വ്യവസ്ഥകള്‍ ഉണ്ടാക്കുക. (4) നന്മ ഉണ്ടാക്കുന്നതിനേക്കാള്‍, തിന്മ തടുക്കുന്നതിനു മുന്‍ഗണന നല്‍കണമെന്ന ഇസ്ലാമിക അടിസ്ഥാന തത്വത്തിനനുസരിച്ചു, പ്രയോജനകരമായ ശാ സ്ത്രത്തിനു മുന്‍ഗണനയും ഉപദ്രവകരമായ ശാസ്ത്രത്തിനു വിലക്കും ഏര്‍പ്പെടുത്തുന്ന വിധം ശാസ്ത്ര ഗവേഷണ സ്വാതന്ത്യ്രം സംബന്ധിച്ചു കരാറുകള്‍ ഉണ്ടാക്കുക. (5) മനുഷ്യക്ളോണിങ് സംബന്ധമായ സകല പരീക്ഷണങ്ങളും നിരോധിക്കുകയും അതിന്റെ എല്ലാരൂപങ്ങളെയും കുറ്റകരമായും അതില്‍ വ്യാപൃതരാവുന്നവരെയും അതിനു പ്രചോദനം നല്‍കുന്നവരെയും കുറ്റക്കാരായും പ്രഖ്യാപിക്കുകയും അവര്‍ക്ക് ഉചിതമായ ശിക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്ന ആഗോള നിയമങ്ങള്‍ ആവിഷ്ക്കരിക്കുക. (6) സര്‍വാംഗീകൃതമായ ദൈവിക സന്ദേശങ്ങളോടു വിരുദ്ധമാകാത്തതും ജനിതക എഞ്ചിനീയറിംഗ് ശാസ്ത്രത്തോടു ബന്ധപ്പെട്ടതുമായ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട വൈദ്യ ശാസ്ത്രജ്ഞന്‍മാര്‍, സയന്റിസ്റ്റുകള്‍, മതപണ്ഢിതന്മാര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ലോക കോണ്‍ഫറന്‍സ് സംഘടിപ്പിക്കുക. ഭൂമിയില്‍ മനുഷ്യന്റെ ഭാവി ആഗ്രഹിച്ചു, ലോക രാഷ്ട്രങ്ങളും സ്ഥാപനങ്ങളും ജനസമൂഹങ്ങളും അനുസരിക്കുകയും ഐക്യരാഷ്ട്ര സഭ, നടപ്പില്‍വരുത്തുന്നതിനു മേല്‍ നോട്ടം വഹിക്കുകയും ചെയ്യുന്ന ഒരു ലോക നിയമ വ്യവസ്ഥിതിയായിരിക്കണം ആ പെ രുമാറ്റച്ചട്ടം. (7) മനുഷ്യക്ളോണിങ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന സംഘടനകളുടെയും കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ തടയുകയും അവയ്ക്ക് ഉത്തരവാദികളായവരെ സത്യത്തിലേക്കു ക്ഷണിക്കുകയും ചെയ്യുക, അഥവാ പ്രത്യുല്‍പ്പാദനക്കാര്യത്തില്‍ അല്ലാഹുവിന്റെ സന്ദേശങ്ങള്‍ അവതരിപ്പിച്ച സത്യത്തിലേക്ക്. (1)

2003 ജനുവരി 14-നു റാബിത്വയുടെ സെക്രട്ടറി ജനറല്‍ അബ്ദുല്ലാഹിബിന്‍ അബ്ദില്‍ മുഹ്സിന്‍ അത്തുര്‍ക്കി ലോക രാഷ്ട്രങ്ങള്‍ക്കു നല്‍കിയ സന്ദേശത്തില്‍ സകല ജനസമുദായങ്ങളും, ദൈവിക നിയമങ്ങളെ അതിലംഘിക്കുന്ന മനുഷ്യക്ളോണിങ് എന്ന മതനിന്ദക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും റെയ്ലിയന്‍ വിഭാഗം പ്രോത്സാഹിപ്പിക്കുന്ന ഈ നിരീശ്വരാശയങ്ങളെ മുസ്ലിം വേള്‍ഡ് ലീഗ് തള്ളിക്കളയുന്നുവെന്നു പ്രഖ്യാപിക്കുകയും ചെയ്തു. (2)


RELATED ARTICLE

  • ക്ളോണ്‍ അവയവത്തിന്റെ വിധി
  • മുസ്ലിം ലോകത്തിന്റെ പ്രതികരണം
  • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
  • ക്ലോണിങ് പ്രകൃതി വിരുദ്ധം
  • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
  • മനുഷ്യപ്പട്ടി
  • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
  • ഇരട്ടകളുടെ പ്രാധാന്യം
  • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
  • ബഹുജനനം
  • എന്താണു ക്ളോണിങ്?
  • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
  • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
  • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
  • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?