Click to Download Ihyaussunna Application Form
 

 

ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി

നിയമജ്ഞന്മാരെ കുഴക്കിയ ആധുനിക വിഷമപ്രശ്നങ്ങളിലൊന്നാണ് ടെസ്റ്റ്റ്റ്യൂബ് ശിശുവെങ്കിലും ഇസ്ലാമിക കര്‍മശാസ്ത്രം മറ്റുവിഷയങ്ങളിലെന്ന പോലെ ഇവ്വിഷയത്തിലും ധന്യമാണ്. അതു സംബന്ധമായ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ കണ്ടെത്താനാവും. ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഉല്‍പാദനം അനുവദനീയമാണോ? എന്നതാണ് ഒന്നാമത്തെ പ്രശ്നം. പുറത്തെടുത്ത ബീജം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചും അതില്‍ കുട്ടി ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും അങ്ങനെയുണ്ടാകുന്ന കുട്ടിയുടെ വിധികളെക്കുറിച്ചും ഫിഖ്ഹ് ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ലൈംഗിക ബന്ധത്തിലൂടെയല്ലാതെ തന്നെ ബീജം സ്വീകരിക്കാമെന്ന സങ്കല്‍പത്തെ നേ രത്തെ ഇസ്ലാം അംഗീകരിക്കുകയും തദടിസ്ഥാനത്തില്‍ നിരവധി നിയമങ്ങള്‍ ആവിഷ് കരിക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികേതരമാര്‍ഗേണ ഗര്‍ഭധാരണത്തിനുള്ള സാധ്യത നിഷേധിച്ച പൂര്‍വ്വകാല വൈദ്യ ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തെ ഇസ്ലാം തള്ളിക്കളയുകയാണുണ്ടായത്. തുഹ്ഫഃ യുടെ പ്രസ്താവന കാണുക: “പുറത്തെടുത്ത ബീജത്തെ വായു ദുഷിപ്പിച്ചുകളയും. അതു കൊണ്ട് അതില്‍ നിന്ന് കുട്ടി ജനിക്കുക സാധ്യമല്ല എന്ന വൈദ്യശാസ്ത്രജ്ഞന്മാരുടെ പ്രസ്താവന കേവലം നിഗമനം മാത്രമാണ്. അതു (യഥാര്‍ഥത്തില്‍) സാധ്യതക്കു വിരുദ്ധമല്ല”(8: 231).

പുറത്തെടുക്കുന്ന ബീജം ഗര്‍ഭാശയത്തിലേക്കു പ്രവേശിപ്പിക്കുന്നതിനു സംയോഗത്തി ന്റെ സ്ഥാനം തന്നെയാണു മിക്ക വിധികളിലും കര്‍മ്മശാസ്ത്രം നല്‍കിയിട്ടുള്ളത്. എടുക്കുമ്പോഴും കയറ്റുമ്പോഴും പവിത്രമായിരിക്കുക എന്ന ഉപാധിയോടെ.

അപ്പോള്‍ ഭര്‍ത്താവിന്റെ ബീജം അവന്റെ ജീവിത കാലത്തു പുറത്തെടുത്ത് അവന്റെ ഭാര്യയുടെ ഗര്‍ഭാശയത്തില്‍ കുത്തി വെച്ചു ശിശുവിനു ജന്മം നല്‍കിയാല്‍ അതു അവരിരുവരുടെയും നിയമാനുസൃത സന്താനമാകും. അവള്‍ മാതാവാണെന്ന പോലെ അവന്‍ ആ ശിശുവിന്റെ പിതാവുമാകും.

പുരുഷന്റെ ലൈംഗിക കോശമായ ബീജം പുറത്തെടുക്കാമെങ്കില്‍ സ്ത്രീയുടെ ലൈംഗിക കോശമായ അണ്ഡവും പുറത്തെടുക്കാവുന്നതാണ്. ബീജം മാത്രം പുറത്തെടുത്തു ഗര്‍ഭാശയത്തില്‍ പ്രവേശിപ്പിക്കാമെങ്കില്‍ അണ്ഡവും കൂടി പുറത്തെടുത്തു രണ്ടും കൂടി സങ്കലിപ്പിച്ചു ടെസ്റ്റ്റ്റ്യൂബില്‍ രൂപപ്പെടുത്തിയ ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പ്രവേശിപ്പിക്കാവു ന്നതാണ്. സാധാരണ രീതിയിലുള്ള ഗര്‍ഭ ധാരണത്തിനു വല്ല തടസ്സവും നേരിടുമ്പോള്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു ഭ്രൂണം രൂപപ്പെടുത്തി ഭാര്യയുടെ തന്നെ ഗര്‍ഭ പാത്രത്തില്‍ വച്ചു ശിശുവിനു ജന്മം നല്‍കുന്നുവെങ്കില്‍ അത് അനുവദനീയമാ കുന്നതാണ്. പുരുഷബീജം മാത്രം പുറത്തെടുത്തു നടത്തുന്ന ഇസ്തിദ് ഖാലിന്റെ വിധി തന്നെയാണ് ഈ ടെസ്റ്റ്റ്റ്യൂബ് ശിശുവുല്‍പാദനത്തിനുമുണ്ടാവുക.

എന്നാല്‍ ഇവിടെ ചില സംശയങ്ങള്‍ പൊങ്ങിവന്നേക്കാം.

(1) ക്ളോണിങിനു വേണ്ടി ശാരീരിക കോശം പുറത്തെടുക്കുന്നതു ഹറാമാണെന്ന പോലെ ടെസ്റ്റ്റ്റ്യൂബ് ശിശു നിര്‍മ്മാണത്തിനു ലൈംഗിക കോശമെടുക്കുന്നതും ഹറാമാവില്ലേ? (2) എടുക്കല്‍ ഹറാമാണെങ്കില്‍ എടുക്കുമ്പോഴുള്ള പവിത്രത നഷ്ടപ്പെടില്ലേ? (3) ഗര്‍ഭപാത്രത്തിനു പുറത്തു ബീജസങ്കലനവും ഭ്രൂണസൃഷ്ടിയും നടക്കുന്നതു കൊണ്ട് ഇതു പ്രകൃതി വിരുദ്ധ പ്രവര്‍ത്തനമാവില്ലേ?

ചില വസ്തുതകള്‍ മനസ്സിലാക്കിയാല്‍ ഈ സംശയങ്ങള്‍ അന്തര്‍ദ്ധാനം ചെയ്യാം. മനുഷ്യ ശരീരമാകുന്ന കൊട്ടാരത്തിന്റെ ഘടകങ്ങളായ ഇഷ്ടികകളാണ് ശരീര കോശങ്ങള്‍. അനിവാര്യ സാഹചര്യത്തിലല്ലാതെ അവയിലൊന്നും എടുക്കാന്‍ പാടില്ല. (ക്ളോ ണിങ്ങും കര്‍മ്മശാസ്ത്രവും, ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍, മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം എന്നീ ശീര്‍ഷകങ്ങള്‍ കാണുക. ഫിഖ്ഹ് സെക്ഷന്‍).

എന്നാല്‍, ഇതില്‍ നിന്നു വളരെ വ്യത്യസ്തങ്ങളാണു ലൈംഗിക കോശങ്ങളായ അണ്ഡ ബീജങ്ങള്‍. അവ പൂര്‍ണ്ണ ദശ പ്രാപിക്കുമ്പോള്‍ യാന്ത്രികമായിത്തന്നെ അണ്ഡാശയ ത്തില്‍ നിന്നും ബീജാശയത്തില്‍ നിന്നും പുറത്തു പോയിക്കൊണ്ടിരിക്കും. അവയുടെ ലക്ഷ്യം തന്നെ സന്തത്യുല്പാദനമാണ്. അതു സുഗമമാക്കുന്നതിനു വേണ്ടിയാണു ലൈംഗികാസക്തിയും തജ്ജന്യമായ സംയോഗവും വച്ചിട്ടുള്ളത്. ഈ ഇണചേരലും പ്രത്യുല്‍പാദനവും മനുഷ്യന്റെ മഹിമയ്ക്കും കുടുംബ സുരക്ഷയ്ക്കും സാമൂഹ്യ ഭദ്രതയ്ക്കും സഹായകമാകുന്നതിനു വേണ്ടിയാണ് മതം അതിനു ചില ധാര്‍മ്മിക സദാചാര നിയമങ്ങള്‍ വച്ചിട്ടുള്ളത്.

യാന്ത്രികമായി വിസര്‍ജ്ജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ബീജാണ്ഡങ്ങള്‍ മനഃപൂര്‍വ്വം പുറത്തെടു ക്കാമോ? അതേ, പുറത്തെടുക്കാം, രണ്ടുപാധികളോടെ. ഒന്ന്, എടുക്കുന്നത് അനുവദനീയമായ ലൈംഗികാസ്വാദനത്തിലൂടെയാവണം. രണ്ട്, പ്രത്യുല്‍പാദന ലക്ഷ്യത്തിനാകണം എടുക്കുന്നത്.

ഒന്നാമത്തെ ഉപാധി ലംഘിക്കുമ്പോള്‍ അതു ഹറാമും രണ്ടാമത്തേതു ലംഘിക്കുമ്പോള്‍ അതു കറാഹത്തുമാകുന്നു. വ്യഭിചാരം, സ്വവര്‍ഗ സംഭോഗം, മൃഗസംഭോഗം, നിതംബസംഭോഗം, മുഷ്ടിമൈഥുനം എന്നിവയെല്ലാം ഒന്നാമിനത്തില്‍ പെടുന്നു; നിഷിദ്ധങ്ങളാകുന്നു. കാരണം, അവിടെയെല്ലാം ആസ്വാദനം നിയമാനുസൃതമല്ലാത്തതു കൊണ്ട് ഒന്നാമത്തെ ഉപാധി ലംഘിക്കപ്പെട്ടിരിക്കുന്നു.  ‘അസ്വ്ല് അഥവാ മൈഥുനാന്ത്യത്തില്‍ ശുക്ളം യോനിക്കു പുറത്തേക്കു വിസര്‍ജ്ജിക്കുക, ഭാര്യയുടെ ഹസ്തം കൊണ്ടു സ്ഖലിപ്പിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ആസ്വാദനം കുറ്റകരമല്ലെങ്കിലും അവിടെ സാധാരണ ഗതിയില്‍ പ്രത്യുല്‍പാദന ലക്ഷ്യം നഷ്ടപ്പെടുന്നതു കൊണ്ടു രണ്ടാമത്തെ ഉപാധി നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവ അനഭികാമ്യം (കറാഹത്ത്) ആകുന്നു.

രണ്ടാമത്തെ ഉപാധിയുടെ മാത്രം ലംഘനം ഉണ്ടാകുമ്പോള്‍ ബീജത്തിന്റെ പവിത്രത നഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ അതു ഗര്‍ഭപാത്രത്തിലെത്തി ശിശു ജനിക്കാനിടവന്നാല്‍ അതു നിയമാനുസൃതമായിരിക്കും. ഒരാള്‍ തന്റെ കൈകൊണ്ടോ മറ്റോ മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കില്‍ അനുവദനീയമല്ലാത്ത ലൈംഗികാസ്വാദനമായതു കൊണ്ട് അതു ഹറാമാണ്. എന്നാല്‍ അയാള്‍ തന്റെ ഭാര്യയുടെ കൈ കൊണ്ടു മൈഥുനം നടത്തി ബീജം വിസര്‍ജ്ജിക്കുന്നുവെങ്കിലോ? അതു കുറ്റകരമല്ലാത്ത ആസ്വാദനമാണ്. പക്ഷേ, അതു കറാഹത്ത് (അനഭികാമ്യം) ആണ്; കാരണം പ്രത്യുല്‍പാദനത്തിനുപയോഗിക്കേണ്ട ബീജം അയാള്‍ പാഴാക്കിക്കളഞ്ഞു. പക്ഷേ, ആ മൈഥുനമോ തജ്ജന്യമായ ബീജവിസര്‍ജനമോ ഹറാമാകുന്നില്ല.

അപ്പോള്‍ ഒരു കാര്യം സ്പഷ്ടമായി: പുരുഷ ബീജം ചില സാഹചര്യങ്ങളില്‍ പുറത്തെടു ക്കുന്നത് അനുവദനീയമാണ്. അങ്ങനെ പുറത്തെടുത്ത ബീജം മുകളില്‍ പറഞ്ഞ പോലെ ഗര്‍ഭപാത്രത്തിലേക്കു പ്രവേശിപ്പിച്ചു പ്രത്യുല്‍പാദനം നടത്താവുന്നതുമാണ്.

എന്നാല്‍ ഇത്രയും പറഞ്ഞതു പുരുഷബീജം പുറത്തെടുക്കുന്ന കാര്യമാണല്ലോ. സ്ത്രീയുടെ അണ്ഡമോ? അതു പുറത്തെടുക്കാമോ? പുറത്തെടുക്കാമെന്നു ഫിഖ്ഹുഗ്രന്ഥങ്ങള്‍ ഭ്രൂണഹത്യയെക്കുറിച്ചും ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചും നടത്തിയ വിശകലനത്തില്‍ നിന്നു മനസ്സിലാക്കാം. ജീവനുണ്ടാകുന്ന പ്രായം (120 ദിവസം) പ്രാപിച്ചതിനു ശേഷം നടത്തുന്ന ഗര്‍ഭച്ഛിദ്രം ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അതിനു മുമ്പ്, ഗര്‍ഭപാത്രത്തില്‍ സ്ഥാനം പിടിച്ചതിനു ശേഷം അതു ഹറാമുണ്ടോ ഇല്ലേ എന്ന ഒരു ചര്‍ച്ച തുഹ്ഫഃ (7: 186) യില്‍ കാണാം. ഇവിടെ വല്ല നിമിത്തവുമുണ്ടാക്കി ഗര്‍ഭം ഈയവസരത്തില്‍ പുറം തള്ളുന്നത് ഹറാമാണന്ന പക്ഷക്കാര്‍ തന്നെ, അതു ഗര്‍ഭാശയത്തില്‍ സ്ഥലം പിടിച്ചുറച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഹറാമാകൂ എന്നാണു പറഞ്ഞിട്ടുള്ളത്.

അപ്പോള്‍ ഒരു കാര്യം വ്യക്തമായി. ബീജസങ്കലിതമായ അണ്ഡം അഥവാ സിക്താണ്ഡം (Zygote) ഗര്‍ഭാശയത്തിലെത്തി അവിടെ സ്ഥലം പിടിച്ചതിനു ശേഷം പുറത്തെടുക്കാന്‍ പാടുണ്ടെന്നും പാടില്ലെന്നും രണ്ടഭിപ്രായമുണ്ട്. പാടില്ലെന്നതാണു പ്രബലം. അപ്പോള്‍ സങ്കലനം നടന്നിട്ടില്ലാത്ത കേവലം അണ്ഡം പുറത്തെടുക്കല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ എതിരഭിപ്രായമില്ലെന്നു വ്യക്തമായി. ബീജവും അണ്ഡവും മൈഥുനം കൂടാതെ ശാസ്ത്രീയ രീതിയില്‍ പുറത്തെടുക്കുന്നുവെങ്കിലോ? തെറ്റായ ലൈംഗിക ആസ്വാദനമില്ലാത്തതു കൊണ്ടു ഹറാമാകാനിടയില്ല; അതു പ്രത്യുല്‍പാദന ലക്ഷ്യത്തിനായതു കൊണ്ടു കറാഹത്തു വരാനുമിടയില്ല.

ചുരുക്കത്തില്‍ ബീജമോ അണ്ഡമോ പുറത്തെടുക്കുന്നതു ഹറാമല്ല. അതു കൊണ്ടുതന്നെ അങ്ങനെയെടുത്താല്‍ അതിന്റെ പവിത്രത നഷ്ടപ്പെടില്ല. മൈഥുനമാര്‍ഗേണയല്ലാതെ യാണെങ്കിലും പുറത്തെടുക്കാമെന്നു തുഹ്ഫഃ യുടെ പദപ്രയോഗത്തില്‍ നിന്നു മനസ്സിലാക്കാം.

ബീജാണ്ഡങ്ങള്‍ പുറത്തെടുത്തു സങ്കലനം നടത്തി ഭ്രൂണം ട്യൂബില്‍ വളര്‍ത്തി ഗര്‍ഭാശയത്തില്‍ വെക്കുമ്പോള്‍ അതു പ്രകൃതി വിരുദ്ധമാവില്ലേയെന്നതാണ് അടുത്ത സംശയം. പ്രകൃതി വിരുദ്ധമല്ലെന്നു മനസ്സിലാക്കാന്‍ പ്രയാസമില്ല. പ്രത്യുല്‍പാദനത്തിന് അല്ലാഹു മനുഷ്യനു നിശ്ചയിച്ചു തന്ന മാര്‍ഗം ലൈംഗിക കോശങ്ങളുടെ സംയോജനമാണ്. ക്ളോണിങ്ങില്‍ ഇതിനു വിരുദ്ധമായി അണ്ഡത്തിലെ ന്യൂക്ളിയസ് പറിച്ചെടുത്തെറിഞ്ഞുകളയുകയും തല്‍സ്ഥാനത്തു ബീജത്തെ അവഗണിച്ചു തള്ളി ശരീരകോശത്തിലെ ന്യൂക്ളിയസ് വെക്കുകയുമാണു ചെയ്യുന്നത്. അതുകൊണ്ട് അതു പൂര്‍ണ്ണമായും പ്രകൃതി വിരുദ്ധമാണ്. ടെസ്റ്റ്റ്റ്യൂബ് ശിശുവിലാകട്ടെ, അകത്തു നടക്കേണ്ട ബീജസങ്കലനം പുറത്തു നടത്തിയെന്ന ഒരസാധാരണത്വം മാത്രമേ ഉണ്ടായിട്ടുള്ളൂ; ഉല്‍പാദന ഘടകങ്ങളെല്ലാം സ്വാഭാവികവും പ്രകൃതി സഹജവുമാണ്.

ആകയാല്‍, ഗര്‍ഭ ധാരണത്തിനു തടസ്സം നേരിടുമ്പോള്‍, ഒരു പ്രതിവിധിയെന്ന നിലയ്ക്കു ഭാര്യാഭര്‍ത്താക്കന്മാരുടെ ബീജാണ്ഡങ്ങളെടുത്തു ടെസ്റ്റ്റ്റ്യൂബില്‍ ഭ്രൂണ സൃഷ്ടി നടത്തി ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു ശിശുവിനു ജന്മം നല്‍കുന്നതിനു തെറ്റില്ലെന്നു ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നിന്നു മനസ്സിലാക്കാം. അങ്ങനെ ജനിക്കുന്ന കുഴല്‍ ശിശുവിനു മാനുഷിക നിയമങ്ങള്‍ ബാധകമാണോ എന്നതാണു രണ്ടാമത്തെ പ്രശ്നം. ഇസ്ലാമിക കര്‍മ്മ ശാസ്ത്രം അവനെ മനുഷ്യനായിത്തന്നെ പരിഗണിക്കുന്നു. അഥവാ സാധാരണ മനുഷ്യനു ബാധകമായ എല്ലാ വിധിവിലക്കുകളും അവനും ബാധകമാണ്. വല്ല അപൂര്‍വ്വ കെയ്സിലും വൈകൃതം സംഭവിച്ചു മനുഷ്യേതര രൂപത്തില്‍ പിറന്നാലും മനുഷ്യ ബീജാണ്ഡങ്ങളില്‍ നിന്നു പിറവികൊണ്ട ഈ കുഴല്‍ മനുഷ്യനു, ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മാനുഷിക നിയമങ്ങള്‍ ബാധകമായി രിക്കും.

ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ മാതാപിതാക്കള്‍ ആര് എന്നതാണു മൂന്നാമത്തെ പ്രശ്നം. ലൈംഗിക കോശം എടുക്കുന്നതും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നതും നിയമാനുസൃതമാണെങ്കില്‍ ബീജോടമ പിതാവും അണ്ഡോടമ മാതാവും ആകും. ഭാര്യാഭര്‍ത്താക്കന്മാരില്‍ നിന്നു കുറ്റകരമല്ലാത്ത വിധം എടുത്തു സങ്കലനം നടത്തി ഭ്രൂണം ഭാര്യയുടെ ഗര്‍ ഭപാത്രത്തില്‍ തന്നെ നിക്ഷേപിക്കുമ്പോഴാണ് ഇവ്വിധം നിയമാനുസൃതമാകുന്നത്. തുഹ്ഫഃ യുടെ, ഇസ്തിദ്ഖാലു സംബന്ധമായ വിശദീകരണത്തില്‍ നിന്ന് (7:302303, 8: 231) ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഒരു വാടക ഗര്‍ഭ പാത്രത്തില്‍ അഥവാ ഒരു അന്യസ്ത്രീയുടെ ഗര്‍ഭ പാത്രത്തില്‍ പ്രസ്തുത ഭ്രൂണം നിക്ഷേപിക്കുന്നുവെങ്കില്‍ അവിടെ പ്രവേശം നിയമ വിരുദ്ധമായതു കൊണ്ട് അതിനു പവിത്രത ഉണ്ടായിരിക്കുകയില്ല. അപ്പോള്‍ ഈ ശിശുവിനു മാതാവും പിതാവും ഉണ്ടായിരിക്കില്ല. ഇനി ഒരന്യ പുരുഷന്റെ ബീജം സ്വന്തം അണ്ഡത്തോടു ചേര്‍ത്തു രൂപം നല്‍കിയ ഭ്രൂണം ആ അണ്ഡോടമയായ സ്ത്രീ തന്നെ വഹിക്കുന്നുവെങ്കില്‍ ബീജത്തിനു പവിത്രതയില്ലാത്തതു കൊണ്ട് ആ ശിശുവിനു പിതാവുണ്ടായിരിക്കില്ല. അണ്ഡോടമ തന്നെ പ്രസവിച്ചതു കൊണ്ട് അവള്‍ അതിന്റെ മാതാവാകും. അന്യസ്ത്രീ പുരുഷന്മാരുടെ ബീജാണ്ഡങ്ങളില്‍ നിന്നു രൂപപ്പെടുത്തിയ ഒരു ഭ്രൂണം ഒരു സ്ത്രീ തന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു പ്രസവിക്കുന്നു വെങ്കില്‍ ആ ശിശുവിനു മാതാവും പിതാവും ഉണ്ടാവുകയില്ല (തുഹ്ഫ:  7:302303, 7:431, 8:231).


RELATED ARTICLE

 • ഫിഖ്ഹ്
 • രക്തദാനത്തിന്റെ വിധി
 • രക്ത ചികിത്സ
 • മൈക്ക് കെട്ടി അനൌണ്‍സ് ചെയ്യല്‍
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • മരിച്ചാല്‍ സുന്നത്താകുന്നവ
 • മയ്യിത്ത് കൊണ്ടുപോകുമ്പോള്‍ ദിക്റ് ചൊല്ലല്‍
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • മആശിറ വിളി
 • പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ട മയ്യിത്ത്
 • തലപ്പാവണിയല്‍
 • ടെസ്റ്റ്റ്റ്യൂബ് ശിശുവിന്റെ ഇസ്ലാമിക വിധി
 • ജാറം മൂടല്‍
 • ചിത്രങ്ങളുള്ള പടങ്ങള്‍ മുസ്വല്ലയാക്കി നിസ്കരിക്കല്‍
 • ഖുഫ്ഫ തടവല്‍
 • ഖബറിന്മേല്‍ ചെടി കുത്തല്‍
 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • ഉള്വ്ഹിയ്യത്തും മറ്റും അറവുകളും
 • അര്‍കാനുകളും അനുബന്ധങ്ങളും അറബിയിലാകല്‍
 • അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ???
 • അഖീഖഃ