Click to Download Ihyaussunna Application Form
 

 

ഇരട്ടകളുടെ പ്രാധാന്യം

രേ ഗര്‍ഭത്തിലുണ്ടാകുന്ന രണ്ടു കുട്ടികളാണ് ഇരട്ടകള്‍. സ്ത്രീയുടെ അണ്ഡവും പുരുഷന്റെ ബീജവും സംഗമിച്ചുണ്ടാകുന്ന സിക്താണ്ഡം (ദ്യഴീലേ) രൂപാന്തരപ്പെട്ടാണല്ലോ ഭ്രൂണവും ഭ്രൂണത്തില്‍ നിന്നു ശിശുവും ഉണ്ടാകുന്നത്. സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്നു സാധാരണ പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു അണ്ഡം മാത്രമാണ് അണ്ഡനാളത്തിലേക്കു പ്രവേശിക്കാറുള്ളത്. അമ്പതുകോടിയോളം വരുന്ന പുരുഷ ബീജങ്ങളില്‍ ഒന്നു മാത്രമാണല്ലോ ബീജനാളത്തില്‍ അണ്ഡവുമായി സംഗമിച്ചു സൌഭാഗ്യം നേടുന്നത്. എന്നാല്‍ ബീജസങ്കലിതമായ അണ്ഡം (സിക്താണ്ഡം) വിഭജിച്ചു വളര്‍ന്ന് ശിശുവാകുന്നതിനുപകരം, ചിലപ്പോള്‍ അതു വിഭജിച്ചു രണ്ടായി വേര്‍പ്പെട്ടു രണ്ടു ശിശുക്കളായി പരിണമിക്കുന്നു.

അപൂര്‍വ്വമായി, സ്ത്രീയുടെ അണ്ഡാശയത്തില്‍ നിന്ന് ഒരേസമയം രണ്ട് അണ്ഡങ്ങള്‍ അണ്ഡനാളത്തിലേക്ക് പ്രവേശിക്കാറുണ്ട്. ഈ രണ്ട് അണ്ഡങ്ങളോടു രണ്ടു പുരുഷബീജങ്ങള്‍ സംയോജിച്ചു രണ്ടു ശിശുക്കള്‍ ഉണ്ടാകുന്നു. അപ്പോള്‍ ഇരട്ടകള്‍ രണ്ടുവിധമുണ്ട്. ഒരേ സിക്താണ്ഡം വിഭജിച്ചുണ്ടാകുന്നതാണ് ഒന്നാമത്തെ ഇനം. രണ്ടാമത്തേത് രണ്ട് അണ്ഡങ്ങളോടു രണ്ടു ബീജങ്ങള്‍ സംയോജിച്ചുണ്ടാകുന്നതും. അത്യപൂര്‍വ്വമായി ഒരേസമയം, മൂന്നോ നാലോ അതില്‍ കൂടുതലോ അണ്ഡങ്ങള്‍ അണ്ഡാശയത്തില്‍ നിന്നു പുറത്തുവരാറുണ്ട്. അപ്പോള്‍ ഓരോ അണ്ഡത്തോടും ഓരോ ബീജം സംഗമിച്ച് ഓരോ ശിശു ജനിക്കുന്നു. ഈ ബഹുജനനം രണ്ടാം ഇനത്തില്‍ പെട്ടതുതന്നെ.

സമജാത ഇരട്ടകളെയും സഹജാത ഇരട്ടകളെയും ശാസ്ത്രജ്ഞന്മാര്‍ പ്രത്യേക നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. കാരണം പാരമ്പര്യശാസ്ത്രപഠനത്തില്‍ ഇരട്ടകള്‍ക്കു വലിയ പ്രാധാന്യമുണ്ട്. ഒരേ ജീന്‍ ചേരുവകളുള്ളവരാണല്ലോ സമജാത ഇരട്ടകള്‍. ഇവരെ വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്‍ത്തി അവരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിച്ചാല്‍ ഒരേ ജീന്‍ ചേരുവകള്‍ തന്നെ വ്യത്യസ്ത സാഹചര്യങ്ങളില്‍ എങ്ങനെ വളരും എന്നു മനസ്സിലാക്കാം. ഇതിനു വിപരീതമായി വ്യത്യസ്ത ജനിതക ഘടനയുള്ളവരാണല്ലോ സഹജാത ഇരട്ടകള്‍. ഗര്‍ഭാശയ കാലത്തെപ്പോലെ അതിനുശേഷവും ഇവരെ ഒരേ സാഹചര്യത്തില്‍ വളര്‍ത്തി, നിരീക്ഷിച്ചാല്‍ ഒരേ സാഹചര്യത്തില്‍ വ്യത്യസ്ത ജീന്‍ ചേരുവകള്‍ എങ്ങനെ പ്രകടമാകുമെന്ന കാര്യവും വ്യക്തമാകും.

സമജാതര്‍ തമ്മില്‍ കൂടുതല്‍ സാദൃശ്യമുണ്ടെങ്കിലും ബുദ്ധിശക്തിയുടെ കാര്യത്തില്‍ ചുറ്റുപാടിനും വലിയ പങ്കുണ്ടത്രേ. ഒന്ന് നല്ലവിദ്യാഭ്യാസം ലഭിച്ചതും മറ്റേത് തീരേ വിദ്യാഭ്യാസമില്ലാത്തതുമാണെങ്കില്‍ അവരുടെ വിവേചന പ്രതികരണ ശേഷികള്‍ വ്യത്യസ്തമാവും. കുറ്റവാസനകളില്‍ പാരമ്പര്യത്തിനു പങ്കുണ്ടെന്ന് സമജാത ഇരട്ടകളിലെ പഠനം തെളിയിച്ചിട്ടുണ്ട്. സമരൂപ ഇരട്ടകള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ അമേരിക്കയില്‍ പഠനവിധേയമാക്കി. ഇത്തരം 37 കേസുകളില്‍ 25 എണ്ണത്തിലും മറ്റേ ഇരട്ടയും സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തതായി കണ്ടെത്തി. എന്നാല്‍ സഹജാത ഇരട്ടകളില്‍ നടത്തിയ പഠനത്തില്‍ 8 ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ 5 എണ്ണത്തില്‍ മാത്രമാണ് മറ്റേ ഇരട്ട സമാന കുറ്റകൃത്യം നടത്തിയത്. ജര്‍മനിയില്‍ നടത്തിയ പഠനങ്ങളും ഇതുപോലുള്ള നിഗമനങ്ങളിലെത്തിയിട്ടുണ്ട്. കുറ്റവാസന സമൂഹ പരിതസ്ഥിതിയുടെ മാത്രം സൃഷ്ടിയല്ലെന്നും പാരമ്പര്യത്തിനും അതില്‍ പങ്കുണ്ടെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

പാരമ്പര്യരോഗങ്ങളുടെ കാര്യത്തില്‍ സമജാത ഇരട്ടകള്‍ തമ്മില്‍ പൂര്‍ണ സാദൃശ്യം കാ ണിക്കുന്നു. ഒന്നിനു കാന്‍സര്‍ വന്നാല്‍ മറ്റേതിനു വരാന്‍ സാധ്യത കൂടുതലാണ്. 95 ശതമാനവും അത് ഒരേ ശരീരഭാഗത്തുതന്നെയായിരിക്കും (പാരമ്പര്യവും ക്ളോണിങും: പേജ് 33-36). തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കുഷ്ഠരോഗത്തെ സംബന്ധിച്ചു നടത്തിയ ഒരു പരീക്ഷണത്തില്‍ 35 സമജാത ജോഡികള്‍ക്കും കുഷ്ഠം പിടിപെട്ടതായി ക്കണ്ടു (വിശ്വവിജ്ഞാനകോശം: വാ. 2. പേ. 345) .


RELATED ARTICLE

 • ക്ളോണ്‍ അവയവത്തിന്റെ വിധി
 • മുസ്ലിം ലോകത്തിന്റെ പ്രതികരണം
 • മനുഷ്യപ്പട്ടി- ഇസ്ലാമിക വിധി
 • ക്ലോണിങ് പ്രകൃതി വിരുദ്ധം
 • ടെസ്റ്റ്റ്റ്യൂബ് ശിശുവും മനുഷ്യപ്പട്ടിയും
 • മനുഷ്യപ്പട്ടി
 • പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ്
 • ഇരട്ടകളുടെ പ്രാധാന്യം
 • ക്ലോണിംഗ് ജന്തുവര്‍ഗങ്ങളില്‍
 • ബഹുജനനം
 • എന്താണു ക്ളോണിങ്?
 • മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും ഇസ്ലാമിക മാനം
 • ക്ളോണിങ് ഇസ്ലാമിക വീക്ഷണത്തില്‍
 • ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും
 • ജന്തുക്കളുടെ അണ്ഡകോശങ്ങള്‍ എടുക്കാമോ?