മറ്റുജീവികളെ അപേക്ഷിച്ച്, ഒരു പ്രസവത്തില്‍ ഒന്നിലധികം ശിശുക്കള്‍ ജനിക്കുന്നത്, മനുഷ്യരില്‍ അപൂര്‍വ്വമാണ്. (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ. പേ. 412) സാധാരണയായി, ഒരു സ്ത്രീ ഒരു സമയത്ത് ഒരു കുഞ്ഞിനുമാത്രമേ ജന്മം നല്‍കാറുള്ളൂവെങ്കിലും ചിലപ്പോള്‍ ഒന്നിലധികം ശിശുക്കളെ ഒരേസമയത്തു പ്രസവിക്കാറുണ്ട്. ഇതിനാണ് ബഹുജനനം എന്നുപറയുന്നത്. ബഹുജനനത്തില്‍ സാധാരണ രണ്ടുജനനങ്ങളാണ് നടക്കുക. ഇപ്രകാരം ഒരുമിച്ചു ജനിക്കുന്ന കുട്ടികളാണ് ഇരട്ടകള്‍. എന്നാല്‍ ചിലപ്പോള്‍ ഈ സംഖ്യ മൂന്നോ നാലോ അഞ്ചോ അതില്‍ കൂടുതലോ ആകാം (NCERT ജീവശാസ്ത്രം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ഭാഗം 2, വാ. 2. പേ. 143).
രണ്ടോ മൂന്നോ കുഞ്ഞുങ്ങള്‍ മതിയെന്നാഗ്രഹിക്കുന്ന ദമ്പതികളെ പ്രകൃതി ചിലപ്പോള്‍ പരിഹസിക്കാറുണ്ട്. ഒറ്റപ്രസവത്തില്‍ 10 കുഞ്ഞുങ്ങളുണ്ടായതായി ബ്രസീല്‍ (1946), സ്പെയിന്‍ (1924), ചൈന (1936) എന്നിവിടങ്ങളില്‍ നിന്നു റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.
9 കുഞ്ഞുങ്ങളുണ്ടായ നിരവധി പ്രസവങ്ങള്‍ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. (പാരമ്പര്യവും ക്ളോണിങും: പേ. 37). ഒരു മാതാവിന് ഒരു സമയത്തു പതിനൊന്നു കുഞ്ഞുങ്ങള്‍ വരെ ഒരുമിച്ചു പിറന്നതായി അറിവുണ്ട് (NCERT ജീവശാസ്ത്രം. ഭാഗം 2. വാ. 2. പേ. 143).
ഈ കുട്ടികളൊന്നും ആറു ദിവസത്തിലധികം ജീവിച്ചിട്ടില്ല. ഒരു പ്രസവത്തില്‍ ആറു കുഞ്ഞുങ്ങളുണ്ടായതില്‍ ആറും ജീവിച്ചതാണ് ഇക്കാര്യത്തിലുള്ള റെക്കോഡ്. 1947 ല്‍ ശ്രീലങ്കയിലാണിത് (പാരമ്പര്യവും ക്ളോണിങും. പേ. 38). ‘അഞ്ചില്‍ കൂടുതല്‍ കുട്ടികളുള്ള പ്രസവത്തിലെ കുട്ടികള്‍ ജീവിച്ചിരിപ്പുള്ളതായി അറിയില്ല’ എന്ന വിശ്വ വിജ്ഞാനകോശത്തിന്റെ പ്രസ്താവന (വാള്യം 2, പേ 345) അറിവില്ലായ്മ തന്നെയാണ്. ഏതാണ്ട് 80 ജനനങ്ങളില്‍ ഒന്ന് എന്ന തോതില്‍ ഇരട്ട ജനനങ്ങള്‍ മനുഷ്യരില്‍ ഉണ്ടാകുന്നു. ചില കുടുംബങ്ങളില്‍ ഇരട്ടപ്രസവം പാരമ്പര്യമായി കാണാറുണ്ട്. ഇതിന്റെ കാരണം വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല (മെഡിക്കല്‍ എന്‍സൈക്ളോപീഡിയ. പേ. 412). നാലു കുഞ്ഞുങ്ങളുണ്ടാവുക അത്ര അപൂര്‍വ്വമല്ല. ടെസ്റ്റ്റ്റ്യൂബ് ശിശുക്കളിലും 1985 ല്‍ നാലുപേര്‍ ഒന്നിച്ചുജനിച്ചതായി റിക്കാര്‍ഡുണ്ട് (പാരമ്പര്യവും ക്ളോണിങും. പേ. 38). തൃശൂര്‍ മൂര്‍ക്കനാട് സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാര്‍ഥികളായ, ഒറ്റപ്രസവത്തിലെ നാല്‍വര്‍ സംഘം -വിവേക്, വൈശാഖ്, ശാലുമോള്‍, വിശാല്‍- ഒരുമിച്ച് 2002 ഏപ്രില്‍ മാസത്തില്‍ എസ്. എസ്.എല്‍.സി പരീക്ഷയെഴുതുകയുണ്ടായി. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും മക്കളില്ലാതിരുന്ന ശിവനും ലതികക്കും നിരവധി ചികിത്സകള്‍ക്കു ശേഷം ആറാം വര്‍ഷം കാത്തിരുന്നു കിട്ടിയതാണ് നാലുപേരെയും. 1987 ലാണ് ഇവരുടെ ജനനം (മാതൃഭൂമി ദിനപത്രം 2002 ഏപ്രില്‍ 2).
RELATED ARTICLE