Click to Download Ihyaussunna Application Form
 

 

ത്വല്‍സമാതും വ്യാജന്മാരും

ഭൌതിക പദാര്‍ഥവും ആത്മീയ ഘടകവും ഉള്‍ക്കൊള്ളുന്നതാണ് മനുഷ്യരും ഇതര ജന്തുക്കളും. ഈ ഘടകങ്ങളുടെ സന്തുലിതാവസ്ഥക്കാണ് ആരോഗ്യം എന്ന് പറയുന്നത്. ഇവയുടെ താളപ്പിഴവുകളെ രോഗമെന്നും വിളിക്കുന്നു. രോഗം രണ്ട് വിധമുണ്ട്. ശാരീരികരോഗവും ആത്മീയരോഗവും പിഴവുകള്‍ തീര്‍ത്ത് സന്തുലിതാവസ്ഥയിലേക്ക് രോഗി യെ തിരിച്ചുകൊണ്ടുവരാന്‍ നടത്തുന്ന പ്രക്രിയയാണ് ചികിത്സ. അതുകൊണ്ടുതന്നെ ചികിത്സയും രണ്ട് വിധമുണ്ട്. ശാരീരിക ചികിത്സയും ആത്മീയ ചികിത്സയും.

ഗുളിക, കഷായം, ടോണിക്, ഇഞ്ചക്ഷന്‍ എന്നിവ അകത്ത് നല്‍കിയും തൈലം, ഓയിന്റ്മെന്റ് എന്നിവ പുറത്ത് പുരട്ടിയും നടത്തുന്ന ചികിത്സാരീതി നമുക്ക് സുപരിചിതമാണ്. രോഗബാധിതമായ ഭാഗങ്ങള്‍ വെട്ടിമാറ്റി പകരം വെച്ചും അല്ലാതെയും നടത്തുന്ന രീതിയും ചികിത്സാരംഗത്ത് കുറവല്ല. ഈ രംഗത്ത് പരമ്പരാഗത രീതി പിന്തുടരുന്നതിനുപുറമെ ഗവേഷണ പരീക്ഷണങ്ങളുടെ സഹായത്തോടെ ധാരാളം പുതിയ രീതിയും നാം സ്വീകരിക്കുന്നു. ഇതാണ് ഭൌതിക ചികിത്സാരംഗം തഴച്ചുവളരാന്‍ കാരണമായത്.

എന്നാല്‍ രോഗകാരണങ്ങള്‍ നീക്കി ആരോഗ്യം വീണ്ടെടുക്കാന്‍ സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളും നാമങ്ങളും ഉപയോഗിച്ചു നടത്തുന്ന ചികിത്സാ രീതിയാണ് അസ്മാഉം ത്വല്‍സമാത്തും. “രോഗശമനം നല്‍കുന്നതിന് ഖുര്‍ആനിനെ നാം ഇറക്കുന്നു” (ഇസ്റാഅ് 82). എന്ന ഖുര്‍ആന്‍ വാക്യവും നബി വചനങ്ങളും ഇതിലേക്ക് സൂചന നല്‍കുന്നുണ്ട്. ആയത്തുകളും അസ്മാഉകളും എഴുതിയും ഊതിയും നടത്തേണ്ടുന്ന ചികിത്സാരീതികള്‍ ഗവേഷണപടുക്കളായ പണ്ഢിത കേസരികള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ധാരാളം വിവരിച്ചതായി നമുക്ക് കാണാം. പ്രവാചകരില്‍ നിന്ന് ലഭിച്ചവയും ഗവേഷണങ്ങളില്‍ കൂടി കണ്ടെത്തിയവയും കൂട്ടത്തിലുണ്ട്.

ഗവേഷണ രംഗത്ത് വന്ന മുരടിപ്പാണ് ഈ രംഗം പില്‍ക്കാലത്ത് ശോഷിക്കാന്‍ കാരണമായത്. ഭൌതിക പദാര്‍ഥങ്ങളുടെ ഗുണാഗുണങ്ങള്‍ ഭൌതിക പണ്ഢിതന്മാര്‍ കണ്ടെത്തി മെഡിക്കല്‍ രംഗം പരിപോഷിപ്പിച്ചപ്പോള്‍ ആയത്തുകളുടെയും അസ്മാഉകളുടെയും അസ്റാര്‍ (രഹസ്യങ്ങള്‍) കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ മടി കാണിച്ചതാണ് ത്വല്‍സമാത്ത് രംഗത്ത് പ്രാചീന രീതി മാറ്റമില്ലാതെ തുടരാന്‍ കാരണമായത്. ഈ വൈജ്ഞാനിക ശാഖയുടെ ജീര്‍ണത പഴയപടി തുടരാന്‍ വക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. അഴിക്കാന്‍ കഴിയാത്ത കുരുക്ക് എന്നര്‍ഥമുള്ള ത്വില്ലസ്മ് എന്ന ഗ്രീക്ക് പദത്തിന്റെ (മുസല്ലത്വ് എന്ന അറബി പദം തലതിരിച്ചതാണ് ത്വില്ലസ്മ് എന്നും അഭിപ്രായമുണ്ട്.) ബഹുവചനമായ ത്വില്ലസ്മാത്ത് ലോപിച്ചതാണ് ത്വല്‍സമാത് എന്ന വസ്തുത ശാഖയുടെ സങ്കീര്‍ണതയിലേക്ക് സൂചന നല്‍കുകയും ചെയ്യുന്നു. “ഉദ്ദിഷ്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി അഭൌമ ശക്തികളെ ഭൌതിത ശക്തികളുമായി ബന്ധിപ്പിക്കുന്ന രീതികള്‍ പ്രതിപാകിക്കുന്ന ഒരു വിജ്ഞാന ശാഖയാണ് ത്വല്‍സമാത് (കശ്ഫുള്ള്വുനൂന്‍ 2/1114).

ഈ ശാഖ വളരെ സങ്കീര്‍ണമായതുകൊണ്ടും പില്‍ക്കാലത്ത് ഒട്ടും ഗവേഷണം നടക്കാത്തതുകൊണ്ടും പ്രാചീന കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങളെ ആധാരമാക്കി മാത്രമാണ് ഇപ്പോഴും ചികിത്സ നടന്നുവരുന്നത്. പഠനരംഗത്ത് ഗുരുകുല സമ്പ്രദായം നിലനിന്നുവരുന്ന ഈ വൈജ്ഞാനിക ശാഖ ഭൌതിക കലാലയങ്ങളില്‍ തീരേ പഠിപ്പിക്കപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ബിരുദവും ബിരുദധാരികളും ഈ രംഗത്ത് കാണപ്പെടുന്നില്ല. ഈ ദുരവസ്ഥ ഈ വൈജ്ഞാനിക ശാഖയെ വ്യാജന്മാരുടെ മേച്ചില്‍പ്പുറമാക്കിയിട്ടുണ്ട്. അറിവും അര്‍ഹതയും ഇല്ലാതെ ചികിത്സ നടത്തുന്നവര്‍ ഉത്തമമായ സ്വാലിഹുകളുടെ വേഷത്തില്‍ പ്രത്യക്ഷപ്പെടുകകൂടി ചെയ്യുമ്പോള്‍ രംഗം കൂടുതല്‍ വഷളായിത്തീരുന്നു. ഇത്തരക്കാര്‍ നടത്തുന്ന ചികിത്സയും അതിനായി അവരെ സമീപിക്കുന്നതും തെറ്റാണ്. ഈ രംഗത്ത് പ്രാപ്തരായവരെ കണ്ടെത്താനുള്ള പ്രയാസം വ്യാജന്മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നു എന്നതാണ് വസ്തുത. ദുര്‍മന്ത്രവാദം എന്ന അര്‍ഥത്തില്‍ ത്വല്‍സമാത്ത് എന്ന പദം ഉപയോഗിക്കാറുണ്ട്. ആ അര്‍ഥത്തിലാകുമ്പോള്‍ ത്വല്‍സമാത് ഹറാമാണെന്ന് വിധികല്‍പ്പിക്കപ്പെടുകയും ചെയ്യും.

സിഹ്റ്

സൂര്യനക്ഷത്രാദിഗോളങ്ങളുടെയും പൈശാചിക ശക്തികളുടെയും സഹായത്തോടെ ദുഷ്ട കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി നടത്തുന്ന രഹസ്യവേലക്കാണ് സിഹ്റ് എന്നു പറയുന്നത്. ഇത് തര്‍ക്കമറ്റ കുറ്റവും ഏറ്റവും വലിയ സപ്തദോഷങ്ങളില്‍ പെട്ടതുമാണ്. ഇത് ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടുള്ളതല്ല. ദുഷ്ട ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ദുര്‍മന്ത്രിവാദികള്‍ പൂജിച്ചു, സേവിച്ചു വരുന്ന പിശാചുക്കളെയാണ് കരിങ്കുട്ടി, ചേക്കുട്ടി, കുട്ടിച്ചാത്തന്‍, ഗുളികന്‍, കുഞ്ഞിരായിന്‍ എന്നിങ്ങനെ വിളിച്ചുവരുന്നത്. ഇത്രം സേവയും സേവക്കാരെ സമീപിക്കുന്നതും തെറ്റാണ്. ഇത്തരം പിശാചുക്കള്‍ക്ക് പരമ ശക്തിയും സ്വയം കഴിവും ഉണ്ടെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കുമാണ്.

ജനങ്ങള്‍ അംഗീകരിക്കുന്ന എല്ലാ നല്ല വസ്തുക്കള്‍ക്കും ഡ്യൂപ്ളിക്കേറ്റുകള്‍ കാണാവുന്നതാണ്. പ്രതാപവും പണക്കൊതിയുമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ഇലാഹ്, പ്രവാചകന്‍, ഔലിയാക്കള്‍ തുടങ്ങിയ ആദരണീയ ശക്തികള്‍ക്കു മാത്രമല്ല, ബീഡി, സിഗരറ്റ് തുടങ്ങിയ ചെറിയ വസ്തുക്കള്‍ക്കും വ്യാജന്മാരെ കണ്ടെത്താന്‍ കഴിയും. ചിലപ്പോള്‍ ഒറിജിനലിനെ വെല്ലുന്നതാകുന്നു വ്യാജന്‍. ഡോക്ടര്‍, വൈദ്യന്‍, സിദ്ധന്‍, പണ്ഢിതന്‍ തുടങ്ങിയവരും കൂട്ടത്തില്‍ കണ്ടേക്കാം. ഓരോ രംഗത്തും പ്രവര്‍ത്തിക്കുന്ന സുസമ്മതരും പ്രാപ്തരുമായ വ്യക്തികളെയും സംഘടനകളെയും അവലംബിക്കുകയല്ലാതെ വ്യാജ വലയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളൊന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെടാനില്ല. സുസമ്മതരായ പണ്ഢിതരും പണ്ഢിത സംഘടനയും വ്യക്തിയെക്കുറിച്ചോ ആശയത്തെക്കുറിച്ചോ തെറ്റാണെന്ന് വിധി നല്‍കിയാല്‍ ആ വിധി സ്വീകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധാരണക്കാര്‍ ബാധ്യസ്ഥരാണ്. വ്യാജ വലയത്തില്‍പ്പെട്ടവര്‍ മാറിനില്‍ക്കുകയും മറ്റുള്ളവര്‍ അതുമായി ബന്ധപ്പെടാതിരിക്കുകയും വേണം. പണക്കൊതിയാണ് വ്യാജന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യഘടകം. ജനങ്ങള്‍ സമീപിക്കാതെ വരുമ്പോള്‍ വരുമാനം കുറയുകയും വ്യാജന്‍ രംഗത്തു നിന്ന് പിന്മാറുകയും ചെയ്ത് കൊള്ളും.

പൊതുജനം ജാഗ്രത പാലിക്കുകയല്ലാതെ വ്യാജന്മാരുടെ  ചൂഷണങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ മറ്റു മാര്‍ഗങ്ങളില്ല. തനിക്കറിയാത്ത കാര്യം അറിവുള്ളവരോട് ചോദിച്ചു മന സ്സിലാക്കുകയും സംശയമുള്ളതില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുക. കണ്ണും കാതും ഹൃദയവും ഇതെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ് എന്ന ഖുര്‍ആന്‍ വചനം നാം എപ്പോഴും ഓര്‍മ്മിക്കുക.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല