Click to Download Ihyaussunna Application Form
 

 

തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും

സലീമും ജോണും ഗോപാലനും അയല്‍വാസികളും സഹപാഠികളുമാണ്. അവര്‍ ഒന്നിച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും. ഇടവഴിയില്‍ ഒരു വീടിന്റെ പടിപ്പുരക്കു മുമ്പില്‍ കിടന്ന് വിശ്രമിക്കുന്ന ഒരു നായയെ അവര്‍ കാണാനിടയായി. നായ വളരെ ശാന്തനും നിരുപദ്രവകാരിയുമായിരുന്നു. അവര്‍ അടുത്തുചെന്ന് നായയെ അല്‍പ്പം ചവിട്ടി വേദനിപ്പിച്ചു. നായ തലപൊക്കി അല്‍പ്പം മുരണ്ടു അവിടെ തന്നെ കിടന്നു. സ്കൂളില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ നായയെ വീണ്ടും കാണാനിടയായി. മൂവര്‍ക്കും ഹരം പിടിച്ചു. കല്ലെടുത്തെറിയാന്‍ തുടങ്ങി. നായ അസഹ്യമായ വേദനയില്‍ കുരച്ചു പ്രതിഷേധം രേഖപ്പെടുത്തി ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം ഒരു ഞായറാഴ്ചയായിരുന്നു. കാലത്തുതന്നെ മൂവരും കളിക്കാനിറങ്ങി. കളിയുടെ ഒന്നാമത്തെ കരു പാവം നായയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഉപദ്രവങ്ങള്‍ക്കു നായ പ്രതികാരം വീട്ടാതിരുന്നത് അവരുടെ ധാര്‍ഷ്ഠ്യം വര്‍ധിപ്പിച്ചു. ഓരോ വടി കയ്യിലെടുത്ത് മൂവരും നായയെ വളഞ്ഞു. ഇന്നലത്തെപ്പോലെ ഓടി രക്ഷപ്പെടാനനുവദിക്കാതെ ചുറ്റും ഉപരോധിച്ചു നിന്നു. വടി കൊണ്ട് തല്ലാന്‍ തുടങ്ങി. നായ ആദ്യം മുരളുകയായിരുന്നു. പിന്നീട് കുരച്ചുചാടി. പക്ഷേ, ഈ പ്രതിഷേധങ്ങളൊന്നും അവര്‍ വകവെച്ചില്ല. വളഞ്ഞുനിന്ന് തല്ലാന്‍ തുടങ്ങി. സഹികെട്ട നായ അവരിലൊരാളെ ആത്മരക്ഷാര്‍ഥം ചാടിക്കടിച്ചു. അവന്‍ ആര്‍ത്തു വിളിച്ചോടി. പിന്നാലെ മറ്റിരുവരും. വേദനകൊണ്ട് സംഭ്രമിച്ച പാവം നായ അവരുടെ പിന്നാലെ ഓടി. ഇരുവരെയും ചാടിക്കടിച്ചു. കൂട്ടനിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി. മൂന്നുപേരെ കടിച്ചുവെന്നറിഞ്ഞപ്പോള്‍ നായക്ക് ഭ്രാന്താണെന്നവര്‍ ഉറപ്പിച്ചു. പിന്നീട് അതിനെ തല്ലിക്കൊല്ലാന്‍ ഒട്ടും വൈകിയില്ല. തൊട്ടടുത്ത വീടിന്റെ ബാല്‍ക്കണിയില്‍, ഇന്നും ഇന്നലെയും നടന്ന സംഭവങ്ങള്‍ കണ്ടുകൊണ്ടിരുന്ന ഒരു വൃദ്ധന്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തോട് പറഞ്ഞു. ഈ നായയെ എനിക്കറിയാം, അത് എന്റെ അയല്‍ വാസിയുടേതാണ്. പച്ചപ്പാവമാണ്. നിരുപദ്രവകാരിയാണ്. അതിനു ഭ്രാന്തോ റാബീസോ ഇല്ല. അത് ഇവ്വിധം ഭ്രാന്തമായിപ്പെരുമാറാനുള്ള കാരണം ഞാന്‍ പറഞ്ഞുതരാം. പിന്നീട് സംഭവം അദ്ദേഹം വിവരിച്ചപ്പോഴാണ് പാവപ്പെട്ട നായയുടെ നിരപരാധിത്വം അവര്‍ക്ക് ബോധ്യപ്പെട്ടത്. പക്ഷേ, അപ്പോഴേക്കും നായയുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. അത് തിരിച്ചുനല്‍കാന്‍ ആര്‍ക്കു കഴിയും.

ശാന്തനായ നായ തന്റെ പ്രതിഷേധം ഉപദ്രവമേറ്റപ്പോള്‍ മുരണ്ടുകൊണ്ടറിയിച്ചു. ഫലപ്പെടാതെ വന്നപ്പോള്‍ കുരച്ചുകൊണ്ട് പ്രതിഷേധത്തിനു ശക്തികൂട്ടി. കനിവില്ലാത്ത അവിവേകികളില്‍ നിന്ന് രക്ഷപ്പെടുവാനായി ഓടിമറഞ്ഞു. എന്നാല്‍ ഇതെല്ലാം അക്രമികള്‍ക്ക് ധൈര്യം വര്‍ധിപ്പിക്കുകയാണുണ്ടായത്. ഓടി രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം ഉപരോധിച്ചു തല്ലിക്കൊല്ലാന്‍ ശ്രമിച്ചപ്പോഴാണ് നായ പൂര്‍ണമായും അസാധാരണ സ്വഭാവത്തിലേക്ക് നീങ്ങിയത്. ശാന്തനായ നായയെ അക്രമികള്‍ തീവ്രനും ഭീകരനുമാക്കി മാറ്റി.

മറ്റൊരുദാഹരണം. ഒരുവീട്ടില്‍ ഏഴ് അംഗങ്ങളുണ്ട്. മാതാപിതാക്കളും അഞ്ച് പുത്രന്മാരും. ഒരാള്‍ അഞ്ചു മക്കളില്‍ ഏറ്റവും ശാന്തനാണ്. പക്ഷേ, അവനോട് മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും അവഗണനയാണ്. അകാരണമായ അവഗണന. എന്തുചെയ്താലും കുറ്റമാണ്. എല്ലാവരും അവനില്‍ അന്യത്വം കാണുന്നു. ഇത് സ്വാഭാവികമായും അവന്റെ ശാന്തപ്രകൃതത്തില്‍ മാറ്റം വരുത്തിത്തുടങ്ങി. ആദ്യമാദ്യം അവന്‍ കുടുംബ കാര്യങ്ങളില്‍ നിസ്സഹകരിച്ചു തുടങ്ങി. കാരണം മനസ്സിലാക്കാതെ രക്ഷിതാക്കളും സഹോദരന്മാരും ആദ്യമാദ്യം അവനെ ശകാരിക്കാനും പിന്നീട് അവനെ ശിക്ഷിക്കുവാനും തുടങ്ങി. അവന് ക്ഷമ നശിച്ചു. സ്വഭാവ വൈകൃതങ്ങള്‍ ക്രൂരത പൂണ്ടു. ഗ്ളാസും പ്ളേറ്റും എറിഞ്ഞുടച്ചു. മറ്റു വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്തും അവന്‍ അരി ശം തീര്‍ത്തു തുടങ്ങി. അവസാനം എല്ലാവരും ചേര്‍ന്ന് അവനെ ക്രൂരനും ഭീകരനുമാക്കി മുദ്രകുത്തി തല്ലിപ്പുറത്താക്കി. അതോടെ അവന്‍ വീട്ടിനും കുടുംബത്തിനും ഒരു ഭീഷണിയായി. അവന്റെ പ്രതികാര പ്രതികരണങ്ങളെ കുറിച്ചു വീട്ടുകാര്‍ സദാ ഭയവിഹ്വലരായി. ഇവിടെ ശാന്തപ്രകൃതനായ ഒരു കുട്ടി അവന് നീതി ലഭിക്കാതെ വന്നപ്പോള്‍ വികൃതിയും അക്രമിയുമായി മാറിയ ഒരു കാഴ്ചയാണ് നാം കണ്ടത്.

മൂന്നാമതൊരു   ഉദാഹരണവും കൂടി പറഞ്ഞു വിഷയത്തിലേക്ക് പ്രവേശിക്കാം. ഒരു കുട്ടി പഠനത്തില്‍ മിടുക്കനും പ്രകൃതത്തില്‍ ശാന്തനുമാണ്. അസൂയാലുവായ ഒരു കൂട്ടുകാരന്‍ തക്കംകിട്ടുമ്പോഴെല്ലാം അവനെ പ്രഹരിക്കുക പതിവ്. എന്നാല്‍ അവന്‍ തന്നെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു എന്നാണ് കൂട്ടുകാരന്റെ പ്രചാരണം. ആരുമറിയാതെ അവന്‍ ആ പാവത്തെ അടിയും ഇടിയും കൊടുത്ത് വേദനിപ്പിക്കുമ്പോള്‍ സഹികെട്ട് അവന്‍ മുഖം ചുളിക്കാറുണ്ട്. തദവസരം കണ്ടില്ലേ അവന്‍ എന്നെ ഇളിച്ചു കാട്ടുന്നു എന്നുപറഞ്ഞ് മറ്റുള്ളവരെ തനിക്കനുകൂലമാക്കാന്‍ കൂട്ടുകാരന്‍ ശ്രമിക്കുന്നു. പീഢിതനായ പാവം കുട്ടി അക്രമികളുടെ രക്ഷിതാക്കളെ കണ്ടു പരാതിപ്പെട്ടു. വീണ്ടും പരാതിപ്പെട്ടു. ഒന്നാം തവണ ശകാരവും രണ്ടാം തവണ അടിയുമാണ് കിട്ടിയത്. അവസാനം സ്വന്തം വീട്ടുകാരോട് ചെന്ന് സങ്കടമുണര്‍ത്തി. നീ എന്തിന് കുഴപ്പക്കാരായ വികൃതി കുട്ടികളോടൊപ്പം നടക്കുന്നുവെന്ന് ചോദിച്ച് പിതാവും രണ്ട് പൊട്ടിച്ചു. ഇനി തനിക്ക് രക്ഷയില്ലെന്ന് അവന്‍ മനസ്സിലാക്കി. അവന്‍ പ്രതികാരബുദ്ധിയായി മാറി. പതിവ് ദ്രോഹി മറ്റൊരു ദിവസം തന്നെ ഉപദ്രവിക്കാന്‍ വന്നപ്പോള്‍ അവന്‍ രണ്ടും കല്‍ പ്പിച്ച് ജീവന്‍മരണ സംഘട്ടനത്തിനൊരുങ്ങി. ഫലം കൂട്ടുകാരന്റെ കാലുകള്‍ തല്ലിയൊടിച്ചു എന്നതായിരുന്നു. സംഭവം പോലീസ് സ്റ്റേഷനിലും പിന്നീട് കോടതിയിലുമെത്തി. ഇരു കുടുംബങ്ങള്‍ തമ്മിലുള്ള ശാശ്വത കലഹത്തിനും കുഴപ്പത്തിനും അതു കാരണമായി ഭവിക്കുകയും ചെയ്തു.

ഒന്നാം സംഭവത്തിലെ നായയും രണ്ടാം കഥയിലെ പുത്രനും മൂന്നാം ഉദാഹരണത്തിലെ കുട്ടിയും യഥാര്‍ഥത്തില്‍ ശാന്തരും നിരുപദ്രവകാരികളുമായിരുന്നു. പക്ഷേ, അവരെങ്ങനെ തീവ്രതയും ഭീകരതയും പൂണ്ടു ചാവേറുകളായി മാറി. നായ ആത്മരക്ഷക്കിടമില്ലാത്തവിധം അക്രമിക്കപ്പെട്ടു. പുത്രന്‍ സഹനത്തിന്റെ നെല്ലിപ്പടി കടക്കുംവിധം അവഗണിക്കപ്പെട്ടു. കുട്ടിക്ക് സ്വന്തക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും നീതി ലഭിക്കാതെ വന്നു. ഇതാണ് കാരണം. മൂലകാരണം. ഈ നിദാന കാരണം അന്വേഷിക്കാതെ അവസാനമുണ്ടാക്കുന്ന പൊട്ടിത്തെറികള്‍ക്കു മാത്രം പ്രതിവിധി തേടുന്നത് ഒരളവോളം വിഡ്ഢിത്തമാണ്. അതൊരിക്കലും പരിഹാര മാര്‍ഗമല്ല. ചരിത്രത്തില്‍ മനുഷ്യോല്‍പ്പത്തി മുതല്‍ നാളിതുവരെയുള്ള സംഭവങ്ങള്‍ പരിശോധിച്ചാല്‍ തീവ്രവാദികളും ഭീകരവാദികളും ചാവേറുകളും പലപ്പോഴും പലയിടത്തും ഉണ്ടായതായി കാണാന്‍ സാധിക്കും. എന്നാല്‍ ഒട്ടും കുറവില്ലാത്ത വിധം അത് ലോകത്ത് ഇന്ന് പല രാജ്യങ്ങളിലും പല സമൂഹങ്ങളിലും ദൃശ്യമാണ്. മനുഷ്യന്‍ കൈവരിച്ച ആധുനിക സംഹാര സൌകര്യങ്ങള്‍ അതിനു കൂടുതല്‍ ശക്തി പകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഭീകരതയെയും തീവ്രവാദത്തെയും എല്ലാവരും വെറുക്കുന്നു. മനുഷ്യന്‍ ജന്മനാ സമാധാന പ്രേമിയാണ്. സഹനം കുറഞ്ഞവനുമാണ്. വിഷമങ്ങളും പ്രതിസന്ധികളും കൂടുതല്‍ കാലം സഹിക്കാന്‍ അവന് കഴിയില്ല. ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകത്തു നടക്കുന്നുവെന്നത് അനിഷേധ്യമായ ഒരു സത്യമാണ്. അത് തടുക്കാനും ഇല്ലായ്മ ചെയ്യാനും ചെറുതും വലുതുമായ സംഘടിതവും അ സംഘടിതവുമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. പക്ഷേ, അനുനിമിഷം പ്രശ്നങ്ങള്‍ സങ്കീര്‍ണമാവുകയല്ലാതെ ഒട്ടും കുറഞ്ഞുവരുന്നതായി കാണുന്നില്ല. അതിനു പ്രധാനമായ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഓരോ വിഭാഗവും സ്വന്തം നിലപാടിനെക്കുറിച്ചു ഒരവലോകനം പോലും നടത്താതെ തങ്ങളുടെ പ്രതിയോഗികളുടെ ചുമലില്‍ ഉത്തരവാദിത്വം ഏറ്റിവെക്കാനും പരസ്പരം ദുരാരോപണം നടത്താനുമാണ് ശ്രമിക്കുന്നത്. രണ്ട്, ഭീകരവാദത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്നതിനു പകരം അന്ധമായി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ഇതാകട്ടെ തീവ്രത വര്‍ധിപ്പിക്കുവാനും പുതിയ ഭീകരതകള്‍ ഉടലെടുക്കാനും വഴിതെളിയിക്കുന്നു.

മതവിശ്വാസികളില്‍ മാത്രമല്ല തീവ്രവാദികളുള്ളത.് മതേതരരിലും മതനിഷേധികളിലും രാഷ്ട്രീയക്കാരിലും സാമൂഹ്യ സംഘടനകളിലും ജാതിവര്‍ഗങ്ങളിലും ഭാഷാ വിഭാഗങ്ങളിലും വര്‍ണവെറിയന്മാരിലുമെല്ലാം ഈ ദുഷ്പ്രവണത കണ്ടുവരുന്നു. എന്നാല്‍ തല്‍ പ്പര കക്ഷികള്‍ ഇന്ന് ലോകത്ത് നടത്തുന്ന ഉപജാപങ്ങള്‍ പരിശോധിച്ചാല്‍ മതത്തിന്റെ അനുയായികളില്‍ മാത്രമാണ് തീവ്രവാദമുള്ളതെന്നും അതാകട്ടെ മുസ്ലിംകളില്‍ മാത്രമാണെന്നും തോന്നാന്‍ ഇടവരും. മുസ്ലിം വിരുദ്ധ ലോബികള്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ സര്‍വ്വ സ്വാധീനവുമുപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ മാറ്റിനിര്‍ത്തി വസ്തുതകള്‍ നിഷ്പക്ഷമായി വിലയിരുത്തുന്നപക്ഷം മതതീവ്രവാദികളേക്കാള്‍ ശതഗുണം വലുതാണ് മറ്റു തീവവാദികളുമെന്ന് എളുപ്പം കാണാവുന്നതാണ്. മുസ്ലിം രാജ്യങ്ങളിലോ സമൂഹത്തിലോ തീവ്രവാദികളോ ഭീകരവാദികളോ ഒട്ടുമില്ലെന്ന് ഇവിടെ പറയുന്നില്ല. ഇസ്ലാമിന്റെ ശരിയായ അധ്യാപനങ്ങള്‍ മനസ്സിലാക്കാതെ തെറ്റിദ്ധാരണകളുടെയോ സ്ഥാപിത താത്പര്യങ്ങളുടെയോ പേരില്‍ ചിലര്‍ ഈ വഴിക്ക് നീങ്ങുന്നു എന്നത് ഒരു സത്യമാണ്. എന്നാല്‍ ലോകത്ത് നടക്കുന്ന വന്‍ ഭീകരപ്രവര്‍ത്തനങ്ങളെയും പൊട്ടിത്തെറികളെയും അപേക്ഷിച്ച് ഇത് എണ്ണത്തിലും വണ്ണത്തിലും വളരെ ചെറുതാണ്. പക്ഷേ, ഇത് പര്‍വ്വതീകരിച്ച് കാണിക്കുകയും പ്രചുരമായി പ്രചരിപ്പിക്കുകയും ചെയ്ത് കൊണ്ട് മറ്റുള്ളവക്കര്‍ുനേരെ കണ്ണടക്കാന്‍ ശ്രമിക്കുകയാണ് മുസ്ലിം വിരുദ്ധ ശക്തികള്‍.

ലോകത്തിലെ ഏറ്റവും വലിയ തീവ്ര ഭീകര സമൂഹമാണ് തങ്ങളുടെ സകല ക്രൂര ക്രുദ്ധ ദുഷ്ട പ്രവര്‍ത്തനങ്ങളെയും തമസ്കരണം നടത്തി മുസ്ലിംകളെ ഏറ്റവും വലിയ ഭീകരവാദികളായി ചിത്രീകരിച്ച് മനുഷ്യ സമൂഹത്തിന് തന്നെ ഭീഷണിയായി ഇസ്ലാമിനെ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ വായിച്ചാല്‍ ഈ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സാധിക്കും. 1565 ദിവസം നീണ്ടുനിന്ന ഒന്നാം ലോക മഹായുദ്ധത്തില്‍ ഒമ്പത് ദശലക്ഷത്തിലധികം മനുഷ്യപുത്രന്മാര്‍ വധിക്കപ്പെടുകയും ഇരുപത് ദശലക്ഷത്തോലം പേര്‍ക്ക് മുറിവേല്‍ക്കുകയും അഞ്ച് ദശലക്ഷത്തിലധികം പേരെ കാണാതെ വരികയും ചെയ്തു. ഈ സംഹാര പ്രവര്‍ത്തനങ്ങള്‍ക്കു 400 മില്യന്‍ ഡോളര്‍ ചിലവഴിക്കപ്പെടുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധത്തിന്റെ കൊടും കെടുതികളില്‍ നിന്ന് മോചനം നേടും മുമ്പ് രണ്ടാം ലോക മഹായുദ്ധം ഭീകര താണ്ഡവമാടി. അതില്‍ 35 ദശലക്ഷം പേര്‍ വധിക്കപ്പെടുകയും 20 ദശലക്ഷം പേര്‍ വികലാംഗരാവുകയും 13 ദശലക്ഷം വിദ്യാലയങ്ങള്‍ തകര്‍ക്കപ്പെടുകയും 6000 ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. 1945ല്‍ അമേരിക്ക ഹിരോഷിമയില്‍ നടത്തിയ അണുബോംബിംഗില്‍ ഏതാനും മിനിറ്റുകള്‍ക്കകം 70000 മനുഷ്യന്മാര്‍ വധിക്കപ്പെടുകയും അത്രയും പേര്‍ക്ക് മുറിവേല്‍ക്കുകയുമുണ്ടായി. നാഗസാക്കി പട്ടണത്തിലാകട്ടെ 40000 പേര്‍ വധിക്കപ്പെടുകയും അത്രയും പേര്‍ക്ക് മുറിവേല്‍ക്കുകയുമുണ്ടായി.

തങ്ങളുടെ ഇംഗത്തിന് വഴങ്ങാത്ത സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും നീതിയുടെയും സത്യത്തിന്റെയും എല്ലാ അതിര്‍വരമ്പുകളും അതിലംഘിച്ചു കൊണ്ട് പിടിച്ചു വിഴുങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ന് അമേരിക്ക. ഇന്നലെ ഇറാഖിനെ, അതിനുമുമ്പ് അഫ്ഘാനിസ്ഥാനെയും വിഴുങ്ങിയ ഈ ഭീകര രാഷ്ട്രം ഇന്ന് ഇറാന് നേരെവാ പിളര്‍ന്നു നില്‍ക്കുകയാണ്. തങ്ങളുടെ എല്ലാ അക്രമങ്ങളെയും തമസ്കരിക്കുന്നതിനും ലോകശ്രദ്ധ അതില്‍ നിന്നു തിരിച്ചുവിടുന്നതിനും വേണ്ടി മുസ്ലിംകളെ ഏറ്റവും വലിയ ഭീകരവാദികളായും, ഇസ്ലാമിനെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനമായും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ സര്‍വ ശക്തിയുമുപയോഗിച്ച് പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദുഷ് പ്രചാരണത്തില്‍ സംഭീതരായ മുസ്ലിം രാഷ്ട്രത്തലവന്മാരും നേതാക്കളും അമേരിക്കയുടെ പൊരുത്തം നേടുന്നതിനുവേണ്ടി തങ്ങളുടെ രാജ്യങ്ങളിലെ അസംതൃപ്തരായ ജനങ്ങളില്‍ നിന്ന് അങ്ങിങ്ങായി തലപൊക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ലോകം ഭീകരവാദത്തിന്റെ ഭീഷണിയിലാണെന്നത് ഒരു സത്യമാണ്. മറ്റെല്ലാ രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും സുലഭമായിക്കാണുന്ന ഈ പ്രവണത ദുര്‍ബലമായി മുസ്ലിം രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും അങ്ങിങ്ങായി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുവെന്നതും സത്യമാണ്. എന്താണ് പ്രതിവിധി? എല്ലാവരും ഭീകരവാദത്തെ എതിര്‍ക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ നിഷ്കാസനത്തിനായി മുഴു കഴിവുമുപയോഗപ്പെടുത്തുകയും ചെയ്യുന്നു. പക്ഷേ, ലോകത്തെ ഭയാശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഭീകരവാദികള്‍ മനുഷ്യസമൂഹത്തിന്റെ സമാധാനജീവിതം കയ്യിലെടുത്തു അമ്മാനമാടുകയാണ്. യഥാര്‍ഥ കാരണങ്ങള്‍ കണ്ടെ ത്തി പ്രതിവിധി ആവിഷ്കരിക്കുവാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നതാണ് ഇതിനു കാരണം. എന്താണ് മൂല കാരണങ്ങള്‍? എന്താണ് അവക്കുള്ള പ്രതിവിധികള്‍? അത് നമുക്ക് ഇവിടെ ഏതാനും വരികളില്‍ സംഗ്രഹിക്കാം.

മനുഷ്യസമൂഹത്തില്‍ എക്കാലത്തും അക്രമ വാസനയുള്ള, പൈശാചിക ചിന്തയുള്ള വക്രബുദ്ധികള്‍ ഉണ്ടാവുക സാധാരണമാണ്. ബോധവത്കരണത്തിലൂടെ അവരില്‍ പലരെയും സംസ്കരിക്കാന്‍ സാധിക്കുമെങ്കിലും ഒരു സംസ്കര്‍ത്താവിന്റെ സംസ്കരണത്തിനു വഴങ്ങാത്ത ഒരു ന്യൂനപക്ഷം എക്കാലത്തും ഉണ്ടാകാറുണ്ട്. അവരില്‍ ഭരണകര്‍ത്താക്കളും ഭരണീയരുമുണ്ട്. സ്വാധീനമുള്ളവരും ഇല്ലാത്തവരുമുണ്ട്. മതവിശ്വാസികളെന്നവകാശപ്പെടുന്നവുരം അല്ലാത്തവരുമുണ്ട്. ഇത്തരക്കാരെ നിയമത്തിന്റെ ശക്തമായ കരങ്ങള്‍ കൊണ്ടല്ലാതെ അമര്‍ച്ച ചെയ്യാന്‍ സാധിക്കുകയില്ല. അവരെ യഥേഷ്ടം അഴിഞ്ഞാടാന്‍ വിടുകയോ ഭരണകര്‍ത്താക്കളോ സംഘടനകളോ തങ്ങളുടെ ദുരുദ്ദേശ്യ സാഫല്യത്തിനായി അത്തരക്കാരെ ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍ അതിന്റെ ഭവിഷ്യത്ത് മനുഷ്യസമൂഹം ഒന്നിച്ച് അനുഭവിക്കേണ്ടിവരും. എന്നാല്‍ ഉപര്യുക്ത ഉദാഹരണങ്ങളില്‍ പറഞ്ഞതുപോലെ സഹൃദയരായ ആളുകള്‍ തന്നെ ചിലപ്പോള്‍ തീവ്രവാദികളോ ഭീകരവാദികളോ ചാവേറുകളോ ആയിത്തീരാറുണ്ട്. അസഹ്യമായ ഉപദ്രവം, അക്ഷന്തവ്യമായ അവഗണന, അപലപനീയമായ അനീതി എന്നിവയാണ് അതിനുകാരണം.

ഒരു വിഭാഗത്തെ ആര്‍ക്കും എന്തും ചെയ്യാം. അതൊന്നും അക്രമമോ അനീതിയോ ഭീകരതയോ അല്ല. പീഢിതരായ അവര്‍ നീതിക്കുവേണ്ടി ശബ്ദിക്കുന്നതും അക്രമത്തിനെതിരെ പ്രതിഷേധിക്കുന്നതും തീവ്രവാദമാണ്. ഉപദ്രവം സഹിക്കവയ്യാതെ വരുമ്പോള്‍ എതിര്‍പ്രതികരണം നടത്തുന്നത് ഭീകരതയാണ് എന്നുവരുമ്പോള്‍ പ്രതികാരവാഞ്ച ചിലരെയെങ്കിലും ചാവേറുകളാക്കിമാറ്റി എന്നുവരും. അതാണ് ഇന്ന് ലോകത്ത് ഏറിയകൂറും നാം കണ്ടുകൊണ്ടിരിക്കുന്നത്. കണ്ണടച്ച് ഇരുട്ടക്കിയത് കൊണ്ട് ഒരു പ്രയോജനവും ഇല്ല. മോഷണം പോയ തൊണ്ടിസാധനം അന്വേഷിക്കുന്ന ഉടമസ്ഥനെ ചൂണ്ടി മോഷ്ടാവ് അതാ കള്ളന്‍ എന്ന് പറയുന്നത് കേട്ട് നിജസ്ഥിതി മനസ്സിലാക്കാതെ എല്ലാവരും അവ നെ ഉപദ്രവിക്കാനൊരുങ്ങിയാല്‍ അവന് പിന്നെ ജീവിക്കണമെന്നല്ല തോന്നുക. പത്തെണ്ണത്തിന്റെ ജീവിതമെങ്കിലും അവസാനിപ്പിച്ച് ജീവിത നാടകവേദിയോട് വിടപറയണമെന്നാണ് അവന് തോന്നുക. അതുകൊണ്ട് ആരെയും പീഢിപ്പിക്കരുത്. പീഢിതരെ സഹായിക്കണം. മര്‍ദിതന് അവന്റെ അവകാശം വാങ്ങിക്കൊടുക്കണം. എല്ലാവര്‍ക്കും നീതി ലഭ്യമാക്കണം. ആരെയും അവഗണിക്കാന്‍ പാടില്ല. നീതിക്കു മുമ്പില്‍ ചെറിയവനും വലിയവനും, കുബേരനും കുചേലനും സ്ത്രീയും പുരുഷനും ഭരണകര്‍ത്താവും ഭരണീയനും സ്വന്തക്കാരനും അന്യനും പ്രബലനും ദുര്‍ബലനും തുല്യമാകണം. ഇതാണ് ഇസ് ലാമിന്റെ വീക്ഷണം. ഇത് ഇസ്ലാം പ്രഖ്യാപിക്കുകയും ഇസ്ലാമിക സാമ്രാജ്യത്തില്‍ മുസ്ലിം ഖലീഫമാര്‍ പ്രവാചകരുടെ വിശ്വോത്തരമായ മാതൃക സ്വീകരിച്ചു കൊണ്ട് അത് നടപ്പില്‍ വരുത്തുകയും ചെയ്തു. അനീതിയാണ് സകല കുഴപ്പത്തിനും നിദാനം. നീതി നിഷേധത്തിനു പലപ്പോഴും മനുഷ്യരെ പ്രേരിപ്പിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, മറ്റുള്ളവരോടുള്ള വിരോധവും വിയോജിപ്പും. രണ്ട്, സ്വന്തക്കാരോടുള്ള കൂറും സ്നേഹവും. അനീതിയുടെ ഈ രണ്ട് അടിവേരുകളും ഇസ്ലാം വെട്ടിമുറിക്കുകയല്ല പ്ര ത്യുത ഉന്മൂലനം ചെയ്യുകയാണ് ചെയ്യുന്നത്. ഒന്നാമത്തെ കടമയെ വിശുദ്ധ ഖുര്‍ആന്‍ പുഴക്കിയെറിയുന്നത് കാണുക: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമായിത്തീരുക. വല്ലൊരു ജനവിഭാഗത്തോടുമുള്ള വിദ്വേഷം നീതി പാലിക്കാതിരിക്കുന്നതിനു നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്ത മാര്‍ഗം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു(5/8).

അനീതിയുടെ രണ്ടാമത്തെ മൂലത്തെ വിശുദ്ധ ഖുര്‍ആന്‍ പിഴുതെറിയുന്നത് ഇപ്രകാരമാണ്. “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട് നീതി പാലിക്കുന്നവരായി നിലകൊള്ളുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പ്രതികൂലമായി തീര്‍ന്നാലും ശരി. ആ കക്ഷി ധനികനോ ദരിദ്രനോ ആരാകട്ടെ, ആ രണ്ട് വിഭാഗത്തോടും ഏറ്റവും ബന്ധപ്പെട്ടവന്‍ അല്ലാഹുവാണ്. അതുകൊണ്ട് നിങ്ങള്‍ നീതിവിട്ടു സ്വേച്ഛയെ അനുഗമിക്കരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞുമാറുകയോ ചെയ്യുന്ന പക്ഷം അല്ലാഹു നിങ്ങളെ പിടികൂടും. കാരണം അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങളെ കുറിച്ചു സൂക്ഷ്മമായി അറിയുന്നവനാകുന്നു” (4/135).

ഇസ്ലാം മിതത്വത്തിന്റെ, ശാന്തതയുടെ മതമാണ്. ഒരു രംഗത്തും തീവ്രതയെ ഇസ്ലാം അനുകൂലിക്കുന്നില്ല. അതുകൊണ്ട് മനുഷ്യന്റെ പ്രകൃതിക്ക് ഇണങ്ങാത്ത തീവ്രവതയുടെയും ഭീകരതയുടെയും അക്രമത്തിന്റെയും വഴി സ്വീകരിച്ച് ഒരു മുസ്ലിം പൊട്ടിത്തെറിക്കാന്‍ പാടില്ല. ചാവേറുകളായി ആത്മഹത്യ ചെയ്യുന്നതിനും നിരപരധികളെ കൊന്നൊടുക്കുന്നതിനും ഇസ്ലാമില്‍ യാതൊരു പഴുതുമില്ല. വിശുദ്ധ ഖുര്‍ആനിന്റെ പ്രസ്താവന കാണുക: “പ്രവാചകരേ പറയുക. ഓ വേദക്കാരേ, സത്യവിരുദ്ധമായിക്കൊണ്ട് മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. മുമ്പേ പിഴച്ചുപോവുകയും നിരവധി ജനങ്ങളെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചു പോവുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ സ്വേച്ഛകളെ നിങ്ങള്‍ അനുഗമിക്കുകയും ചെയ്യരുത്” (5/77).


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല