Click to Download Ihyaussunna Application Form
 

 

സമാധാനത്തിന്റെ പാത

ക്ഷ്യം സാധിച്ചെടുക്കാന്‍ സമാധാനത്തിന്റെ പാത ഉപേക്ഷിച്ച് അക്രമത്തിന്റെ വഴി തേടാന്‍ പ്രേരിപ്പിക്കുന്ന ചിന്തയാണ് തീവ്രവാദം. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇന്ന് തീവ്രവാദമാണ്. നാളെയും മറ്റൊന്നാവുകയില്ല. വിവരമുളളവര്‍ ഇന്ന് ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യേണ്ടതും “തീവ്രത”യെ കുറിച്ചായിരിക്കണം. ആള്‍ക്കൂട്ടങ്ങളെ ആകര്‍ഷിക്കാനും പൊട്ടിത്തെറികള്‍ സൃഷ്ടിക്കാനും പരിശീലനം നേടിയ തീവ്രവാദികള്‍ക്കു ദിശാബോധം നല്‍കാനും അവര്‍ക്ക് ക്ഷമാശീലവും ആത്മീയതയും സമ്മാനിക്കാനും കഠിനമായ പരിശ്രമം അനിവാര്യമായിരിക്കുന്നു. സ്വാര്‍ഥതയും അഹങ്കാരവും കലര്‍ന്നു കിടക്കുന്ന ഈ കായിക വിനോദത്തെ മുറിച്ചു മാറ്റാനോ, പറിച്ചെടുക്കാനോ ശ്രമിക്കുന്നത് പണ്ഢിതന്മാരുടെ നേതൃത്വത്തിലും വിവേകശാലികളുടെ  മേല്‍നോട്ടത്തിലുമായിരിക്കണം. കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍, ശ്രദ്ധിക്കപ്പെടുന്ന പുതിയ ശൈലികള്‍ സ്വീകരിക്കാന്‍ യുവത്വത്തിന് ആവേശമായിരിക്കും. വിസമ്മതത്തിന്റെ കരുത്തിലൂടെ ആരേയും ചോദ്യം ചെയ്യാന്‍ സജ്ജരായി നില്‍ക്കുന്ന ഒരു പെരുമ്പടയെ യുക്തിപൂര്‍വ്വം കീഴടക്കാന്‍ കഴിയണം. ലക്ഷ്യങ്ങള്‍, പലതും നേടാന്‍ ബാക്കിയുണ്ട്. കാത്തിരുന്ന് മടുത്തതും, ജനപിന്തുണ വാതില്‍ പടിയില്‍ തങ്ങിനില്‍ക്കുന്നതുമായ എന്തൊക്കെ കാര്യങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നില്ലേ.!! നേതാക്കളും സ്വാധീനമുളളവരും വാചകക്കസര്‍ത്തു കൊണ്ട് പലരേയും കബളിപ്പിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക ക്രമത്തെ എങ്ങനെ പൊറുപ്പിക്കാന്‍ കഴിയും. ഇവിടെയാണ് തീവ്രവാദി ജനിക്കുന്നതെങ്കില്‍, ആ ബീജത്തെ നിര്‍ജീവമാക്കെണ്ടാതുണ്ടോ? എങ്ങനെയാണ് സാധിക്കുക? തീവ്രത രൂപപ്പെടുന്ന പാശ്ചാത്തലങ്ങളെക്കുറിച്ച് അപഗ്രഥനം നടത്തുന്നതിനോടൊപ്പം പരിഹാരത്തിന്റെ പുതിയ ലോകത്ത് സഞ്ചരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ആര്‍ജ്ജവം കാണിക്കേണ്ടിയിരിക്കുന്നു. മുമ്പ് കയ്യൂക്കുളളവന്‍ കാര്യക്കാരന്റെ റോളിലായിരുന്നുവല്ലോ. പക്ഷേ, ശിലായുഗത്തെ നാണിപ്പിക്കുന്ന വിധത്തില്‍ വന്‍കിട രാഷ്ട്രങ്ങളും നേതാക്കളും മഹദ് വ്യക്തികളുമെല്ലാം ശക്തന്മാര്‍ക്ക് ഒശാന പാടുകയും അങ്ങനെ തീവ്രതയുടെ സ്റ്റാറ്റസ് ഉയരുകയും ചെയ്തിരിക്കുന്നു. “ഞാനൊരു തീവ്രവാദിയാണ്” എന്ന് പറയാന്‍ പലര്‍ക്കും അഭിമാനമുണ്ട്. ഒരു മാനസിക രോഗിയുടെ ഈ വിലാപത്തെ എങ്ങനെ ചികിത്സിക്കണമെന്ന് ബുദ്ധിയുളളവര്‍ ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. വ്യക്തികളും പ്രസ്ഥാനങ്ങളും തങ്ങളുടെ ആദര്‍ശത്തിനും നിലപാടുകള്‍ക്കും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതാകട്ടെ സ്വാഭാവികമാണ്. എന്നാല്‍ പ്രചാരണങ്ങള്‍ ഇല്ലാതെ തന്നെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വളരുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. തീവ്രതയുടെ ചരടുകള്‍ക്ക് ഒരു മാന്ത്രിക ശക്തി കൈവന്നതുപോലെയാണ് സ്ഥിതി. ഇതെല്ലാം കണ്ടു നിന്ന് ആസ്വദിക്കാനാണോ നാം സൃഷ്ടിക്കപ്പെട്ടിട്ടുളളത്?. തീവ്രതയുടെയും ഭീകരതയുടെയും ലോകം കറുത്തതാണെന്ന് ഉറക്കെ പറയണം. അന്ധ കാരത്തെ സ്നേഹിക്കുന്നവന് വിജ്ഞാനത്തിന്റെ പാട്ടുപാടാനാകുമോ?. ലക്ഷ്യം നേടാന്‍ ഏതുമാര്‍ഗവും സ്വീകരിക്കാമെന്നു പറയുന്നവര്‍ ഭാര്യയെ രക്ഷിക്കാന്‍ മാതാവിനെ കൊല്ലുന്നു. ഭാഗ്യകടാക്ഷങ്ങള്‍ക്കായി അരുമ സന്താനങ്ങളെ ബലി കൊടുക്കുന്നു. പണ സമ്പാദത്തിനായി വേശ്യാവൃത്തി തൊഴിലാക്കുന്നു. നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും സഹസ്രബ്ധങ്ങളായി രക്ഷയും സ്ഥിരതയും സമാധാനവും സമ്മാനിച്ചു കൊണ്ടിരിക്കുന്ന മത മൂല്ല്യങ്ങളോട് ഒരു സുപ്രഭാതത്തില്‍ എതിര്‍ത്തു നില്‍ക്കാന്‍ ആര്‍ക്കുണ്ട് കരുത്ത്?. മത മൂല്ല്യങ്ങളും ധര്‍മ്മ സങ്കല്‍പ്പങ്ങളുമാണ് മനുഷ്യത്വത്തിന്റെ ബാലപാഠ മെങ്കില്‍, തീവ്രവാദികള്‍ തൊട്ടുകളിക്കുന്നത് മത മൂല്ല്യങ്ങളെയാണ്. കുഴിച്ചു മൂടുന്നത് ദൈവിക നീതിയുടെ സമഗ്രതയെയാണ്. ഈ നീക്കം അപകടമാണ്. തിന്മകള്‍ വ്യാപി ക്കുകയാണ്. പ്രവാചകന്മാരുടെ കാലത്തു തന്നെ ചില കോണുകളില്‍ പിശാച് സജീവ മായിരുന്നുവെങ്കില്‍, ഇന്നിതാ പിശാചുക്കള്‍ക്ക് അനുനായികള്‍ വര്‍ധിച്ചിരിക്കുന്നു. പിശാചിനേയും മതാചാര്യനേയും പൊതിഞ്ഞു നില്‍ക്കുന്ന ജന സാന്ദ്രതയില്‍ ഏതാണ് മുന്നിട്ടു നില്‍ക്കുന്നത്?. മദ്യവും പലിശയും വ്യഭിചാരവും ക്ഷുദ്രപണികളും ഭീഷണി കളും പീഡനങ്ങളും ഒന്നിനൊന്ന് മുന്തിയ ക്രമത്തില്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുമ്പോള്‍, നന്മയോട് പ്രതിബദ്ധതയുളളവര്‍ കൈകെട്ടി നില്‍ക്കരുതല്ലോ?. അവിടെയാണ് ഉപദേശി കളുടെ റോളില്‍ തീവ്രവാദികള്‍ കടന്നുവരുന്നത്. കാര്യം നിസ്സാരമായിരിക്കാം. പ്രശ്നം ഗുരുതരമാണ്. ഒരു തിന്മയെ തടഞ്ഞപ്പോള്‍ നൂറ് തിന്മകള്‍ ജനിക്കുന്നു. തിന്മ ഏതാണ്? എന്തൊക്കെ തിന്മയല്ല? തടയേണ്ടത് എപ്പോഴാണ്?, എങ്ങനെയാണ്?, ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദേശിക്കേണ്ടത് പണ്ഢിതന്മാരായിരിക്കണം. ഇസ്ലാമിക വ്യവസ്ഥിതി നടപ്പിലാക്കാനുളള മാര്‍ഗങ്ങളും സന്ദര്‍ഭങ്ങളും ഒരു പറ്റം വിവരദോഷികള്‍ കൈകാര്യം ചെയ്യുക എന്ന കുസൃതിയായിരുന്നു മൌദൂദികള്‍ ചെയ്ത ഏറ്റവും വലിയ വിഢ്ഢിത്തം. ഹുകുമതെ ഇലാഹിയും, ഇഖാമതുദ്ദീനും ഉള്‍പ്പെടെ മുസ്ലിംകള്‍ കേവല ന്വൂനപക്ഷമായ ഇന്ത്യയില്‍ പലതും അവര്‍ പ്രഖ്യാപിച്ചു നോക്കിയതാണ്. സാമൂഹിക പുരോഗതിക്കുവേണ്ടി അവര്‍ നെയ്തെടുത്ത മുസ്ലിം ഭരണമെന്ന ആശയം ദയനീയമായി പരാചയപ്പെടുകയും ചെയ്തു. ഇപ്പോള്‍ ചില തീവ്രവാദികള്‍ മൌദൂദികളുടെ ചുവടുകള്‍ പിന്തുടരുവാന്‍ വ്യഗ്രത കാണിക്കുന്നുവെങ്കില്‍, ആശങ്കകള്‍ ഏറെയാണ്. ഉപദേശങ്ങളും താക്കീതുകളും നല്‍കി സ്വന്തം സമുദായത്തെ സമുദ്ധരിക്കുക എന്നതില്‍ കവിഞ്ഞുളള ഒരു നീക്കവും ഇന്ത്യന്‍ സമൂഹത്തില്‍ മുസ്ലിംകള്‍ക്ക് പാടുളളതല്ല എന്നതാണ് യാഥാര്‍ഥ്യം. വേണ്ടത്ര ശ്രദ്ധിച്ചാല്‍ സാമൂഹിക രംഗത്ത് പരിവര്‍ത്തനമുണ്ടാക്കാന്‍ ബോധവല്‍ക്കരണങ്ങള്‍ക്ക് സാധിക്കും. അതാണ് അനുഭവങ്ങള്‍ വിളിച്ചോതുന്നത്. ഭീഷ ണികളോ പീഡനങ്ങളോ ഇല്ലാതെ മതപ്രചാരണം സാധിക്കില്ലെന്ന് പറയുന്നത് അസംബ ന്ധമാണ്. അന്യമതസ്ഥരോടുളള സമീപന രീതികള്‍ എങ്ങനെയാകണം?…. ഇസ്ലാമിന്റെ കാഴ്ച്ചപ്പാടുകള്‍ പലരും മറന്നുപോയതു പോലെയുണ്ട് – സമഗ്രവും സമ്പൂര്‍ണവുമായ ഒരു കര്‍മപദ്ധതി അവതരിപ്പിച്ചുകൊണ്ട് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) കടന്നു വന്ന പ്രഥമ സമൂഹം ഏതായിരുന്നു?….. ഇസ്ലാമല്ലാത്ത നിരവധി മതങ്ങളും സംസ്കാരങ്ങളും അറേബ്യയിലുണ്ടായിരുന്നില്ലേ?.. ചരിത്രകാരന്മാര്‍, ഇസ്ലാമിക ദര്‍ശനത്തിന്റെ അപഗ്രഥന വേളയില്‍ എന്താണ് കുറിച്ചുവെച്ചത്? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യുന്നതിന് നബി(സ്വ) ഏറെ പാടുപ്പെട്ടു. അമുസ്ലിംകള്‍ ഇസ്ലാമി ലേക്കു കടന്നുവരുന്നത് സ്നേഹപൂര്‍ണ്ണമായ സമീപനത്തിലൂടെയായിരുന്നു. അനുസരിക്കുന്നവര്‍ക്കും എതിര്‍ക്കുന്ന വര്‍ക്കും ഗുണം ചെയ്യുന്ന ഒരു സൃഷ്ടാവിനെയാണ് നബി(സ്വ) പരിചയപെടുത്തിയത്. റഹ്മാനും റഹീമുമായ അല്ലാഹുവിന് ഭൌതിക ലോകത്ത് വിവേചനങ്ങളില്ലെന്നിരിക്കെ, അല്ലാഹുവിന്റെ പ്രതിനിധിയും പ്രവാചകനുമായ തിരുനബി(സ്വ)യോ ആ നബിയുടെ അനുയായികളോ ശത്രുതാമനോഭാവം വെച്ചു പുലര്‍ത്തേണ്ടതില്ലല്ലോ. വസ്തുതകള്‍ ഇതാണെങ്കില്‍, അന്യര്‍ക്കെതിരെ തീവ്രമായ നിലപാടുകള്‍ കൈകൊളളുവാന്‍ പാടില്ലെന്ന് വ്യക്തമാണല്ലോ. സഹിഷ്ണുതയാണാവശ്യം, മറ്റുളളവരുടെ സ്വാതന്ത്യ്രത്തില്‍ കയ്യിടരുത്. പ്രവര്‍ത്തനങ്ങള്‍ തടയരുത്. തെറ്റുകള്‍ മെനഞ്ഞെടുക്കുന്ന ബുദ്ധികളെയും തിന്മകള്‍ക്ക് അനുകൂലമായി നില്‍ക്കുന്ന ഘടകങ്ങളെയും സദുപദേശത്തിലൂടെ സംസ്കരിച്ചെടുക്കാന്‍ ശ്രമിക്കുക. ധീഷണാപരമായ ഒരു മുന്നേറ്റമുണ്ടെങ്കില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ കഴിയും. ഇതാണ് ഇസ്ലാം നേടിയെടുത്ത വിപ്ളവം. അറേബ്യയിലും പരിസരങ്ങളിലും വേരുറച്ചു കിടന്ന ദുര്‍മാര്‍ഗ ങ്ങളുടെ ഇടവഴികളില്‍ നിന്ന് ഇസ്ലാം ഇരുട്ടകറ്റിയത് യുദ്ധത്തിലൂടെയായിരുന്നില്ല. സമ്മര്‍ദ്ദ തന്ത്രങ്ങളോ പീഡനങ്ങളോ ഇസ്ലാമിന്റെ അജണ്ടയില്‍ കാണുകയില്ല. വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചു. “താങ്കളുടെ രക്ഷാകര്‍ത്താവിന്റെ വഴിയിലേക്ക്, യുക്തി യുടേയും സദുപദേശത്തിന്റേയും സമാധാനപരമായ മാര്‍ഗങ്ങളുപയോഗിച്ച്, താങ്കള്‍ പ്രബോധനം നടത്തുക(16/125). മറ്റൊരിടത്ത് ഖുര്‍ആന്‍ പറഞ്ഞു. “താങ്കള്‍ പറയുക!” ഇതാണ് എന്റെ മാര്‍ഗം! അല്ലാഹുവിലേക്ക് ധീഷണാപരമായ കാഴ്ചപ്പാടുകളോടെയാ ണ് ഞാനും എന്നെ അനുഗമിച്ചവരും പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നത് (12/108).

ജിഹാദിന്റെ അര്‍ഥം

ശത്രുക്കള്‍ ഉറഞ്ഞുതുളളുന്ന രംഗങ്ങള്‍ ഇസ്ലാമിക സമൂഹത്തിന്റെ പ്രവര്‍ത്തന പാതയില്‍ ഒരു സ്ഥിരം കാഴ്ചയായിരിക്കുന്നു. മിക്ക സന്ദര്‍ഭങ്ങളിലും ശത്രുക്കളുടെ ഭാഗത്തുനിന്ന് മോശമായ സമീപനമാണുണ്ടാവുക. ജനിച്ച മണ്ണും പൈതൃക മൂല്യങ്ങളുമെല്ലാം ത്യജിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മനുഷ്യന്‍ വല്ലാതെ ക്ഷുഭിതനായേക്കാം. അതിന്റെ തത്സമയ പ്രതിഷേധമോ, റിലേ എന്ന നിലയിലുളള പ്രതികാരമോ ഇരട്ടിപ്പലി ശയോടെ രംഗത്ത് വന്നാല്‍, സ്ഥിതി നിയന്ത്രണതീതമാകും. തികച്ചും നിസ്സാരമായ അനീതികള്‍ പോലും പകപോക്കുന്നവന് മുമ്പില്‍ വലിയ നിമിത്തമായി രൂപാന്തരപ്പെടുന്നു. ശത്രു ഒരു വലിയ പരീക്ഷണമത്രെ. ഒരു പ്രസ്ഥാനത്തിന്റെ, ഒരു സംസ്കാരത്തി ന്റെ ഉത്ഭവത്തിനും വളര്‍ച്ചാഘട്ടങ്ങിലുമെല്ലാം, ശത്രുവിനോടുളള സമീപനം നിര്‍ണായക ഘടകമാണെന്നര്‍ഥം. ഇന്നലെകളില്‍ നമ്മെ മര്‍ദ്ദിച്ച വ്യക്തിയെ നമ്മുടെ മുമ്പില്‍ ഇരയായി ലഭിക്കുമ്പോള്‍ വികാരം വിവേകത്തെ മറികടന്നേക്കാം. ശത്രുവിനെ മനുഷ്യ നായിക്കാണാനോ, കേവലം ഒരു ജീവിയായി സങ്കല്‍പ്പിക്കാനോപോലും കഴിയാത്ത അവസ്ഥയിലേക്കു തരം താഴുന്നത് എന്തുമാത്രം പരാജയമല്ല!!! ഒരു വികാരത്തിന്റെ തളളിച്ചയാണ് ശത്രുവിനെ ക്ഷുഭിതനാക്കിയതെങ്കില്‍, ബോധവും ബുദ്ധിയും ഉപയോഗ പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന ഒരു വിശുദ്ധ മതത്തിന്റെ അനുയായികള്‍, ശത്രുവിനെ മിത്രമാക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ മത്സരത്തിന്റെയും വൈര്യത്തിന്റെയും പരമ്പര ഏതുവരെ നീളുമെന്ന് ആര്‍ക്കു പ്രവചിക്കാന്‍ കഴിയും?

ലോകമെങ്ങും ഇസ്ലാമിനും മുസ്ലിംകള്‍ക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മിക്ക സംഭവങ്ങളിലും ശത്രുക്കളുടെ നിലപാട് സമാനവുമാണ്. നന്മയും തിന്മയും സമമാകുകയില്ല. തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക. അപ്പോള്‍ നിന്റെ ശത്രു മിത്രമായി ത്തീരുന്നു (വിശുദ്ധ ഖുര്‍ആന്‍ 41/34). ഈ വചനത്തിന്റെ പൊരുള്‍ പ്രയോഗത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കുക. ശത്രുവിനെ വധിക്കുകയോ, അവനോട് തീവ്രമായ നിലപാട് സ്വീകരിക്കുകയോ അല്ല, മിത്രമാക്കാനുളള വഴിയാണ് നാം അന്വേ ഷിക്കേണ്ടതെന്ന് ഖുര്‍ആന്‍ സിദ്ധാന്തിക്കുന്നു. ഖുര്‍ആന്റെ ഉപദേശം കൈവിട്ടപ്പോള്‍ നമ്മളില്‍ ചിലരെങ്കിലും തീവ്രവാദികളായെങ്കില്‍ കുറ്റം മതത്തിന്റേതല്ല. ഇതു തിരിച്ചറിയാന്‍ നാം വൈകിക്കൂടാ.

യമാമയുടെ സാരഥി, തിരുനബിക്കെതിരെ ദുഷ്പ്രചാരണങ്ങള്‍ നടത്തിയ സംഭവം സ്വഹീഹു മുസ്ലിം നിവേദനം ചെയ്യുന്നു. ഏറെക്കാലത്തെ വിരോധവും വെറുപ്പും ഉപേക്ഷിച്ച് സുമാമത് ബിന്‍ ഉസാല്‍(റ) ഇസ്ലാമായ സംഭവം ആരെയാണ് ചിന്തിപ്പി ക്കാത്തത്?. തന്നോടും തന്റെ മതത്തോടും ഇസ്ലാമിക സമൂഹത്തോടും കടുത്ത എതിര്‍പ്പും അവഗണനയും വെച്ചുപുലര്‍ത്തിയിരുന്ന പ്രതിയോഗിയെ കയ്യില്‍ കിട്ടിയ പ്പോള്‍ പ്രവാചക തിരുമേനി(സ്വ) മൃദുലവും ആകര്‍ഷകവുമായ പെരുമാറ്റത്തിലൂടെ അദ്ദേഹത്തെ സ്വാധീനിക്കുകയായിരുന്നു. ഇതാണ് ഇസ്ലാമിക ചരിത്രമെങ്കില്‍ ഹിന്ദു ക്കളെയും മറ്റു സമുദായങ്ങളെയും വിരോധികളായി കാണാനും അതുവഴി വര്‍ഗീയത ആളിക്കത്തിക്കാനും ശ്രമിക്കുന്ന ചില സന്നദ്ധസംഘങ്ങള്‍ ഇസ്ലാമിനു വല്ല ഗുണവും ചെയ്യുന്നുണ്ടോ?. തീവ്രവാദത്തിന്റെ അവശിഷ്ടങ്ങള്‍ പെറുക്കിയെടുത്ത് സമുദായ സേവനം ഉദാരമാക്കാന്‍ ശ്രമിക്കുന്നവര്‍ വര്‍ത്തമാനകാല സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത് നഷ്ടവും അപമാനവും മാത്രമാകുന്നു.

ഇസ്ലാമിന്റെ അടിസ്ഥാന ശത്രുക്കള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കാത്തിരിക്കുകയാണ്. ഈ ദുഃഖം ആരുണ്ട് ഏറ്റുപറയാന്‍. ഇടക്ക്, ചില സന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ഗീയ സ്വഭാവമുളള കേസുകളില്‍, ഒരു തരം തളളിച്ചയും തുളുമ്പലും സമുദായ ത്തെ ഉലയ്ക്കാറുണ്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഒരുദാഹരണം.

ഒരു മസ്ജിദിന്റെ തകര്‍ച്ച മുസ്ലിംകള്‍ക്ക് അസഹ്യമാണ്. മാപ്പില്ലാത്ത കുറ്റമാണ്. പക്ഷേ, ഇതു ചെയ്തവരോട് പക തീര്‍ക്കുന്നതു കൊണ്ട് രാജ്യത്തിന്റെ മറ്റു ദിക്കുകളിലും കലാപം വര്‍ധിക്കുകയാണെങ്കിലോ? നഷ്ടം ആര്‍ക്കാണ്? ന്യൂനപക്ഷങ്ങള്‍ക്ക് പീഡനങ്ങള്‍ താങ്ങാന്‍ ഇനിയും ശേഷിയുണ്ടോ? ഓരോ പ്രതിഷേധത്തിന്റെയും ശേഷക്കാഴ്ചകള്‍ ആരെങ്കിലും വിലയിരുത്തുന്നുണ്ടോ? ഇസ്ലാമിക സ്വഭാവം പേരുകളിലും ഭാവങ്ങളിലും പ്രകടമാകരുതെന്ന ചിന്ത രൂഢമൂലമാകുന്നതു കാണുന്നില്ലേ? സമുദായത്തിലെ പാവപ്പെട്ടവരും നിരപരാധികളും വീണ്ടും വീണ്ടും അക്രമിക്കപ്പെടുന്നത് തടയാന്‍ കഴിയുന്നുണ്ടോ? ഭൂരിപക്ഷ സമുദായങ്ങളെ പ്രകോപിപ്പിക്കുന്നതിനു പകരം ചിന്തിപ്പിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?……ഏതു ധിക്കാരത്തെയും ഉളുപ്പില്ലാതെ ഏ റ്റുവാങ്ങണമെന്നല്ല ഈ പറയുന്നത്. ബുദ്ധിയും ചിന്തയും വിവരവുമുളള നേതാക്കള്‍ അടിസ്ഥാന പ്രശ്നങ്ങള്‍ പഠിക്കട്ടെ

.

ഗുണമുണ്ടെന്ന് ഉറപ്പുളളത് മാത്രം പ്രവര്‍ത്തിക്കുകയും രാഷ്ട്രത്തിനും സമൂഹത്തിനും ഉപകാരപ്പെടുമെന്ന് കണിശമായും ബോധ്യപ്പെടുന്നത് മാത്രം നടപ്പില്‍ വരുത്തുകയും ചെയ്യണം. ഭീകരതയുടെ കൊടുങ്കാറ്റുകള്‍ക്ക് യാതൊരു നന്മയും സൃഷ്ടിക്കാന്‍ കഴിയുകയില്ല. ഏത് സാഹചര്യത്തിലായാലും ആക്രമണങ്ങള്‍ പരിഹാരമല്ല. സമാധാനത്തിന്റെ വഴി വിടുമ്പോള്‍ കടുത്ത ദോഷങ്ങളാണ് കടന്നുവരുന്നത്. താത്കാലികമായ അസംതൃപ്തിയുടെ പേരില്‍ തീവ്രവാദികള്‍ പൊട്ടിക്കുന്ന ഒരു ബോംബ്, സമുദായ ത്തിന്റെ സാമ്പത്തികവും ദാര്‍ശനികവുമായ കെട്ടുറപ്പിനെയാണ് ബാധിക്കുന്നത്. നമ്മുടെ പൈതൃകവും പാരമ്പര്യവും നാം തന്നെ ഛിദ്രമാക്കുന്നതില്‍ അഭിമാനിക്കാനെന്തുണ്ട്?

മറ്റു സമുദായങ്ങളില്‍ പെട്ടവര്‍ വിശ്വസിക്കുന്നതും ആരാധിക്കുന്നതുമായ ദൈവങ്ങളില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങളുടെ ഇലാഹിനെ അവരും വിശ്വസിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം. ഖുര്‍ആനിലെ ഈ ആശയം സഹിഷ്ണുതയുടെ ഏറ്റവും ഉന്നതമായ മൂല്യമത്രെ. മറ്റു സമുദായക്കാര്‍ക്കു സ്വാതന്ത്യ്രം നിഷേധിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അവരുടെ ദേവന്മാരെ മുസ്ലിംകള്‍ അക്രമിക്കുന്നില്ല. മുസ്ലിം രാജ്യങ്ങളില്‍ പോലും ഇതര സമുദായങ്ങള്‍ സുരക്ഷിതരായി ജീവിക്കുന്നു. ഇതാണ് ഇസ്ലാമിന്റെ സഹിഷ്ണുതയെങ്കില്‍, സാമുദായി കതയുടെയും ജാതീയതയുടെയും പേരില്‍ ചിന്തിക്കാനും പ്രസ്താവനയിറക്കാനും ഇസ്ലാമിന്റെ ലേബലില്‍ ആര്‍ക്കും അധികാരമില്ല.

ഇസ്ലാമിന്റെ ഈ സഹിഷ്ണുത പോലെ, നമ്മുടെ രാജ്യത്തെ ഹിന്ദുമതവും മറ്റു മത ങ്ങളും സ്നേഹത്തിന്റെയും മൈത്രിയുടെയും വാഹകരും പ്രചാരകരും തന്നെയാണ്. ഈ യാഥാര്‍ഥ്യം, ഇന്നലെവരെയുളള ഇന്ത്യാചരിത്രം നമ്മോട് വിളിച്ചോതുന്നുണ്ട്. എപ്പോഴെങ്കിലും, ബന്ധങ്ങള്‍ ശിഥിലമായെന്നു നാം കാണുന്നുണ്ടെങ്കില്‍ അതിനുത്ത രവാദികള്‍ മതങ്ങളെ സ്നേഹിക്കുന്ന വിശ്വാസികളല്ല. കളള നാണയങ്ങള്‍ രംഗത്തു വരികയും പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ ഏജന്‍സികളുടെ ദുഷ്പ്രേരണകള്‍ക്കു വിധേയമായി ചില ആഭാസങ്ങള്‍ കടത്തിക്കൂട്ടുകയും ചെയ്തപ്പോഴാണ് വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് നാം സാക്ഷികളാകേണ്ടി വന്നത്. യഥാര്‍ഥ കുറ്റവാളികള്‍ പുറത്തു ളളവരാണ്. ഇന്ത്യയെയും ഇന്ത്യന്‍ പൈതൃകത്തെയും ഇന്ത്യന്‍ സംസ്കാരത്തെയും തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ദുഷ്ടന്മാര്‍ക്ക് നാം വഴങ്ങിക്കൂടാ. മതവിശ്വാസികള്‍ സഹകരിക്കണം – തീവ്രതയുടെ വേരുകള്‍ അറുത്തുമുറിക്കാന്‍ നാം ഉത്സാഹിക്കണം.

ഇന്ത്യയുടെ ഭരണഘടന ഒരാവര്‍ത്തിവായിക്കുന്നവര്‍ ഇന്ത്യന്‍ മണ്ണില്‍ കലാപമുണ്ടാക്കില്ല. മതേതരത്വ – സ്ഥിതിസമത്വ – ജനാധിപത്യ – സര്‍വ്വമത സ്വാതന്ത്യ്രത്തിന്റെ ഉദാത്തമായ പ്രതീകമാണ് ഇന്ത്യാരാഷ്ട്രം. ഒരു പളളിയോ ക്ഷേത്രമോ സ്ഫോടനത്തി നിരയാകുമ്പോഴേക്ക് നിജസ്ഥിതി അറിയാന്‍ ശ്രമിക്കാതെ പകരം ചെയ്യാന്‍ പോകുന്ന ഏര്‍പ്പാട് ബുദ്ധിയുളളവരുടേതല്ല.

ഇസ്ലാം യുദ്ധത്തിന്റെ മതമല്ല. ജിഹാദ് എന്നാല്‍ സായുധസമരവുമല്ല. ആരാധനകളും സേവനങ്ങളും പരിചരണങ്ങളും ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉള്‍കൊളളുന്ന ഇസ്ലാമിക പാതയുടെ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ജിഹാദ്. സ്വന്തം ശരീരത്തോട് മനുഷ്യന്‍ ചിലപ്പോള്‍ സമരം ചെയ്യാന്‍ ബാധ്യസ്ഥനായിത്തീരും. ശരീരേഛക്കും അന്യായ ങ്ങള്‍ക്കും സ്വന്തത്തില്‍ നിന്ന് പ്രേരണയുണ്ടാകുന്ന പക്ഷം മനുഷ്യന്‍ തിന്മയുടെ പ്രേരണകള്‍ പിഴുതെടുത്ത് ഭക്തിയും നന്മയും സ്വന്തം ശരീരത്തില്‍ പുനപ്രതിഷ്ഠ നടത്തണം. ഇതാണ് ജിഹാദിന്റെ ഏറ്റവും പ്രധാന ഇനം.

പാവപ്പെട്ടവര്‍ക്കു ഗുണം ചെയ്യാനും, രാഷ്ട്രത്തിനും സമൂഹത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യാനും വ്യക്തികള്‍ക്ക് ബാധ്യതയുണ്ട്. ഈ രംഗത്തേക്ക് കടന്നുവരുന്നതും പ്രവര്‍ത്തിക്കു ന്നതും ജിഹാദാകുന്നു. ഈ അര്‍ഥങ്ങള്‍ക്ക് വേണ്ടി വിശുദ്ധ ഖുര്‍ ആന്‍ പലയിടങ്ങളിലായി പ്രയോഗിച്ച ജിഹാദെന്ന ശബ്ദത്തെയാണ് തല്‍പരകക്ഷികള്‍ ദുര്‍വ്യാഖ്യാനം ചെയ്തു വികൃതമാക്കുന്നത്.

തങ്ങളുടെ ആദര്‍ശത്തില്‍ വിശ്വസിക്കാത്തവരോടെല്ലാം യുദ്ധം ചെയ്യാനുളള ആഹ്വാനം ഖുര്‍ആനിലുണ്ടെന്ന് ആരോപിക്കുന്നവര്‍ ആടിനെ പട്ടിയാക്കുകയാണ്. അപ്രകാരമായിരുന്നു വെങ്കില്‍ മക്കയിലും മദീനയിലും പിന്നീട് ലോകത്തെ മറ്റു പ്രദേശങ്ങളിലും ഇസ്ലാമിനെ ജനം ആശ്ളേഷിക്കുമായിരുന്നില്ല. അസൂയാവഹമായ വളര്‍ച്ച ഇസ്ലാം നേടുമായിരുന്നില്ല.

മക്കയില്‍ നിന്നു പലായനം ചെയ്ത തിരുനബിയും സ്വഹാബത്തും മദീനയില്‍ ക്യാമ്പുചെയ്യുന്ന വേളയില്‍ മദീനക്കടുത്ത ബദ്റില്‍ യുദ്ധം നടത്തിയിട്ടുണ്ട്. പക്ഷേ, മക്കയിലുളള ശത്രുക്കളോട് മക്കയില്‍ വന്ന് യുദ്ധം നടത്തിയതാണോ?. അല്ല മറിച്ച് മദീനയില്‍ അഭയം പ്രാപിച്ച മുസ്ലിംങ്ങള്‍ മദീനയുടെ സമീപത്ത് അക്രമിക്കപ്പെടു കയായിരുന്നു. ചരിത്രം വായിക്കുമ്പോള്‍, ഈ സ്ഥലകാല പഠനം തന്നെ, ബദ്ര്‍ യുദ്ധ ത്തിന്റെ കാരണക്കാര്‍ ആരെന്ന് ബോധ്യപ്പെടു ത്തുന്നുണ്ട്. ഇന്ത്യയില്‍ നടന്ന സ്വതന്ത്യ്ര സമര കാലത്തെ ഏറ്റുമുട്ടലുകളും അറസ്റ്റും ഇന്ത്യക്കാരുടെ സൃഷ്ടിയായിരുന്നോ?…. അന്യനാട്ടുകാര്‍ ഇവിടെ കൈയ്യേറ്റം ചെയ്തതിനെതിരില്‍ രംഗത്തിറങ്ങിയ ഇന്ത്യന്‍ ജനതയുടെ സമരങ്ങള്‍ അനാവശ്യമായിരുന്നില്ലല്ലോ.

ഇതുപോലെ സ്വന്തം നാട് ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ ശാന്തരായി ഇറങ്ങിപ്പോന്ന ഒരു ജനതയെ ശത്രുക്കള്‍ പുതിയ അഭയ സ്ഥലത്തു ചെന്ന് ആക്രമിച്ചപ്പോള്‍ ശത്രു വിനെ പ്രതിരോധിക്കേണ്ടി വന്നത് സ്വാഭാവികവും അനിവാര്യവുമായിരുന്നു. അതാണ് ബദ്റിന്റെ കഥയെങ്കില്‍ ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ക്ക് ന്യായീകരണമുണ്ടെന്ന് കാണാവുന്നതാണ്. കൈയ്യേറ്റങ്ങള്‍ക്ക് ന്യായീകരണം നല്‍കാന്‍ മാത്രം ഇസ്ലാം ദുര്‍ബലമല്ല. മതങ്ങളുടെയും സംസ്കാരങ്ങളുടെയും ചരിത്രത്തില്‍ എപ്പോഴെല്ലാം സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടോ, അവിടെയൊന്നും പ്രകൃതിപരമായ സത്യങ്ങളെയും സത്യത്തിന്റെ വാഹകരെയും നാം തെറ്റിദ്ധരിച്ചു പോകരുത്. മറിച്ച്, നിരപരാധികളെ പീഡിപ്പിക്കാന്‍ വേണ്ടി അക്രമം അഴിച്ചുവിടുന്ന കൈയ്യൂക്കുകാര്‍ക്കെതിരെ പാവപ്പെട്ട ജനങ്ങളുടെ മുന്നേറ്റങ്ങള്‍ നടന്നിരിക്കാം – അതാകട്ടെ, മാന്യവും അനിവാര്യവുമായ സത്യ-സംരക്ഷണ പുറപ്പാടുകള്‍ മാത്രമാകുന്നു.

പോലീസിന്റെ കൈയ്യിലുളള വടിയും തോക്കും ആക്രമണത്തിനുവേണ്ടിയാണെന്ന് പറയാത്തതു പോലെ ഇസ്ലാമിന്റെ പ്രയോഗത്തിലുളള ജിഹാദും ആക്രമണത്തിന്റെ ആയുധമല്ല. പോലീസ് സ്റ്റേഷനും പോലീസും അവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഭരണ കൂടവും നീതി നടപ്പിലാക്കാനുളള മാര്‍ഗങ്ങള്‍ മാത്രമാകുന്നു. ഇതുപോലെ രാഷ്ട്രത്തി ന്റെയും മനുഷ്യരുടെയും സുരക്ഷക്കു വേണ്ടി ഖുര്‍ആനും ജിഹാദും നിലകൊളളുന്നു. ഇവിടെ സംശയത്തിന്റെ നൂലുകളിട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവര്‍ പോലീസിനെ യും ഭരണകൂടങ്ങളെയും നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് വാദിച്ചേക്കുമോ?

തങ്ങള്‍ക്കും മറ്റുളളവര്‍ക്കും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയു ണ്ടാക്കേണ്ടത് നമ്മുടെ ലക്ഷ്യമാണ്. വിവിധ കാരണങ്ങളാല്‍ പിന്നോക്കമാകേണ്ടി വന്നവര്‍ അനുവദനീയവും നിയമ വിധേയവുമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘടിച്ചും അധ്വാ നിച്ചും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി മുന്നോട്ട് നീങ്ങിയപ്പോള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടി ച്ചെടുക്കാന്‍ സാധിച്ചിട്ടുമുണ്ട്. പക്ഷെ, സമുദായത്തിന്റെ ഒന്നിച്ചുളള മുന്നേറ്റത്തില്‍ ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്തിയും വേദനിപ്പിച്ചും പരസ്പരം കുറ്റപ്പെടുത്തിയും ധാരാളം സമയവും സമ്പത്തും നമുക്ക് നഷ്ടമാവുകയുണ്ടായി. മത പണ്ഢിതന്മാരെ യും പരമ്പരാഗത ആചാരങ്ങളെയും കുറ്റപ്പെടുത്തിക്കൊണ്ട് പരിഷ്കരണ വാദികള്‍ രംഗപ്രവേശനം ചെയ്തപ്പോള്‍ മുസ്ലിം ഐക്യത്തിന് അത് ക്ഷതമേല്‍പ്പിച്ചു.

സമുദായ പുരോഗതി ലക്ഷ്യമിടുന്നവര്‍ സമുദായത്തില്‍ വിളളലുകളുണ്ടാക്കാന്‍ വഴി യൊരുക്കരുതല്ലോ. നാം തമ്മിലുളള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ രാഷ്ട്ര ത്തോടും രാഷ്ട്രത്തിലെ മറ്റ് സമുദായങ്ങളോടും സങ്കടപ്പെട്ടിട്ട് കാര്യമില്ല. പ്രവാചക തിരുമേനി(സ്വ) യെക്കുറിച്ചും മുന്‍കാല മഹദ്വ്യക്തിത്വങ്ങളെക്കുറിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചും അവരെ അനാദരിച്ചും ഇവിടെ സാമൂഹ്യ മുന്നേറ്റം നേടിയെടുക്കാന്‍ സാധിക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. ആ മഹാന്മാരെ ആദരിക്കുന്നതില്‍ ഒരു അണുപോലും പിന്നോട്ട് പോകാന്‍ മുസ്ലിം സമൂഹം തയ്യാറുമല്ല.

നമ്മുടെ മതത്തെയും സംസ്കാരത്തെയും നിന്ദിച്ചു കൊണ്ട് നാം ജീവിച്ചാല്‍, മറ്റുളള വര്‍ നമ്മെ ആദരിക്കുമോ? ഇതാണിവിടെ സംഭവിച്ചത്. നേതൃത്വം നല്‍കാനും തെറ്റു കള്‍ തിരുത്താനും സാധിക്കേണ്ട മുസ്ലിം ഉമ്മത്തിന്റെ തലപ്പത്തുളളവര്‍, തെറ്റുകള്‍ ചെയ്യാന്‍ തുടങ്ങി. പണ്ഢിതന്മാരെയും ശരീഅത്തിന്റെ വിജ്ഞാന ക്രമങ്ങളെയും നശിപ്പിക്കാന്‍ ശ്രമിച്ചു. തന്മൂലം മറ്റു സമുദായക്കാര്‍ നമ്മെ തെറ്റിദ്ധരിച്ചു. തന്മൂലം അവരുടെ സഹകരണവും കുറഞ്ഞു. കേവലം ഒരു രാഷ്ട്രീയ പ്രക്രിയയാണെന്ന് ഇസ്ലാമിനെ അവര്‍ വ്യാഖ്യാനിച്ചു. പണ്ഢിതന്മാരുടെ ആവശ്യമില്ലാത്ത, ഒരു ആധുനിക സംവിധാ നമായി ഇസ്ലാമിനെ മറ്റുളളവര്‍ വിലയിരുത്തി. തോന്നിയവരൊക്കെ നേതൃരംഗം കൈ യടക്കാന്‍ ധൃതി കാണിച്ചു. വിസമ്മതത്തിന്റെ മുദ്രാവാക്യങ്ങള്‍ ശക്തി പ്രാപിച്ചു. മത വൈര്യമുളളവര്‍ ചെയ്യുന്ന അവിവേകങ്ങള്‍ മതങ്ങളുടെ പേരില്‍ ചേര്‍ക്കപ്പെട്ടു.

വിശ്വാസത്തിലും ആദര്‍ശത്തിലും വെച്ച് പുലര്‍ത്തുന്ന കണിശത ആക്ഷേപിക്കപ്പെടേണ്ടതല്ല. ഏതൊരു മതവിശ്വാസിക്കും തന്റെ ആദര്‍ശവും അനുഷ്ഠാന മുറകളും അപരന് ശല്യമാകാതെ അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അവകാശമുളള രാജ്യത്ത് അതിനെ എതിര്‍ക്കാന്‍ പാടില്ല. എന്നാല്‍ അത് മറ്റൊരാളില്‍ അടിച്ചേല്‍പിക്കാനുളള ശ്രമം നാഗരിക സമൂഹത്തിന് യോജിച്ചതല്ല. സ്വന്തം അശയാദര്‍ശങ്ങള്‍ ശരിയെന്ന് ധരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നതോടൊപ്പം അപരന്റെ തത്തുല്യമായ അവകാ ശാധികാരങ്ങളെ മാനിക്കാന്‍ എല്ലാവരും തയ്യാറാകണം.

അക്രമത്തിന്റെ വഴിയിലൂടെ ഒരാളില്‍ മനഃപരിവര്‍ത്തനം സാധിക്കില്ലെന്നത് അടിസ്ഥാന സത്യമാണ്. വര്‍ത്തമാന കാലത്ത് നിലവിലുളള ദേശവിരുദ്ധ, ജനവിരുദ്ധ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും പൂര്‍ണ്ണമായും നാം നിരാകരിക്കുണം.

ഇസ്ലാമിക സമൂഹത്തില്‍ നിന്ന് പാര്‍ശ്വം നില്‍ക്കുന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികള്‍ അവര്‍ തന്നെയാണ്. ഇസ്ലാമോ, സമൂഹമോ, അതിനുത്തരവാദികളല്ല ഗുണ്ടായിസത്തിന് ജാതിപ്പേരു നല്‍കി ചിലര്‍ നടത്തുന്ന അപഥ സഞ്ചാരത്തെ നാം എതിര്‍ക്കണം. സ്വാതന്ത്യ്രത്തിനു മുമ്പും പിമ്പും ഇവിടെ ജീവിച്ച നല്ല മാതൃകകളാണ് കരണീയം. ഇവിടെ മതേതര ഇന്ത്യയില്‍ ആരും ആരാലും ഭീതിപ്പെടാതെ സ്വസ്ഥമായി കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത് തീവ്രവാദികള്‍ നടത്തുന്ന പ്രവണതകള്‍ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാനാകാത്തതാണ്.

വിശുദ്ധ ഖുര്‍ആനിലെ ജിഹാദിനെക്കുറിച്ച പരാമര്‍ശങ്ങള്‍ തങ്ങളുടെ താല്‍പര്യംപോലെ വ്യാഖാനിച്ച്, അണികളെ സജ്ജീകരിക്കുന്നവര്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും സൃഷ്ടിക്കുന്നത് പ്രതിസന്ധികളാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു സായുധ സമരമോ കലാപമോ പ്രമാണങ്ങളുടെ പശ്ചാത്തലത്തില്‍ ന്യായവും സാധുതയും നേടുന്നില്ല എന്നു മാത്രമല്ല നിരാകരിക്കപ്പെടുകയാണ്.

വിശുദ്ധ ഖുര്‍ആനിന് പൂര്‍വ്വികര്‍ നല്‍കിയ വ്യാഖ്യാനങ്ങളും അതിന്റെ അടിസ്ഥാനത്തി ല്‍ വിരചിതമായ വിജ്ഞാന ഗ്രന്ഥങ്ങളും അത് പ്രചരിപ്പിക്കുന്ന പണ്ഢിത നേതൃത്വവും നിസാരവല്‍ക്കരിക്കപ്പെടുകയാണ് ഇന്ന്. അതിന് പിന്നിലെ കറുത്ത കരങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ അനന്തരഫലമാണ് യഥാര്‍ഥത്തില്‍ തീവ്രവാദത്തിന്റെ കെടുതികളും കെണിവലകളും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണം. അത്തരക്കാരുടെ പ്രവര്‍ത്തനം ഈ സമുദായത്തിന്റെ കണക്കില്‍ ചേര്‍ക്കാതിരിക്കാന്‍ മറ്റ് സമുദായങ്ങളും ശ്രദ്ധിക്കണം. എങ്കില്‍ സമാധാന്തരീക്ഷം എന്നെന്നും നിലനില്‍ക്കുകയും എല്ലാവര്‍ക്കും ശാന്തി കൈവരികയും ചെയ്യും.


RELATED ARTICLE

  • അല്ലാഹുവിലുള്ള വിശ്വാസം
  • അജ്മീരിലെ പനിനീര്‍പൂക്കള്‍
  • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
  • ഉറുക്ക്, മന്ത്രം, ഏലസ്സ്
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
  • ക്ലോണിങ് മനുഷ്യനിന്ദനം
  • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
  • സംശയത്തിന്റെ കരിനിഴല്‍
  • ജനിതക ശാസ്ത്രം
  • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
  • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
  • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
  • ക്ലോണിങ് മനുഷ്യരില്‍
  • ക്ളോണിങ്ങിന്റെ രഹസ്യം
  • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
  • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
  • ജ്യോതിഷം
  • വ്യാജ ശൈഖുമാര്‍
  • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
  • ത്വല്‍സമാതും വ്യാജന്മാരും
  • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
  • ആത്മീയ ചികിത്സ
  • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
  • ഭീകരവാദം ഇസ്ലാമികമോ?
  • സമാധാനത്തിന്റെ പാത
  • തീവ്രവാദം പരിഹാരമല്ല