Click to Download Ihyaussunna Application Form
 

 

തീവ്രവാദം പരിഹാരമല്ല

വര്‍ത്തമാനകാലത്ത് പ്രചുരപ്രചാരം നേടിയ ഒരു സംജ്ഞയാണ് തീവ്രവാദം. സാമൂഹിക സാഹചര്യം കലുഷമാക്കുന്നതില്‍ വലിയ പങ്കാണ് തീവ്രവാദം വഹിക്കുന്നത്. ഈ പദത്തിന്റെ അര്‍ഥതലമിന്ന് കൂടുതല്‍ വൈപുല്യവും നേടിയിട്ടുണ്ട്. തീവ്രവാദവും അ തിന്റെ അതിരൂക്ഷ വകഭേദമായ ഭീകരവാദവും ചര്‍ച്ചചെയ്യാത്ത ദിനങ്ങളില്ല. പലതിന്റെ യും പേരില്‍ നാടുകലക്കിയും കുലുക്കിയും പലതും നേടാനാണ് പലരുടെയും ശ്രമം. അതിന്റെ പരിണതിയാണീ സാമൂഹ്യ ദുര്‍നിമിത്തം. ഭീകരതയുടെ രംഗനൃത്തം തീര്‍ ക്കുന്ന ദുരന്തങ്ങളുടെ കെടുതിപേറി മുതുകൊടിഞ്ഞ ജനസഹസ്രങ്ങള്‍ മനുഷ്യമനസ്സില്‍ പോലും പുറംപോക്കില്‍ ഹതാശയരായിക്കഴിയുകയാണ്.

സാമൂഹ്യ ജീവിതത്തിന്റെ സുതാര്യ വഴിയെ സങ്കീര്‍ണമാക്കി സ്വാസ്ഥ്യം കെടുത്തുന്ന ഈ മഹാമാരി ആരെയും കടന്നുപിടിക്കാന്‍ പാകപ്പെടുത്തിയ പ്രചാരണ വഴി സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പരിണതിയെക്കുറിച്ച് ആലോചനാശേഷി വിനിയോഗിക്കാനാവാത്ത വിധം വിധേയവത്കരണം നടക്കുകയാണ്. ക്രമേണ സ്വയം ന്യായീകരണത്തി ന്റെ ഫാസിസ്റ്റ് രീതി ആവാഹിച്ചവരായിത്തീരുകയാണ് പലരും. ഇത്തരം ഒരു പശ്ചാതലത്തില്‍ സാഹചര്യത്തിന്റെ ഉല്‍ക്കടമായ തേട്ടമാണ് വസ്തുനിഷ്ഠമായ ബോധവത്കരണം.

കൃത്യമായ ഒരു നിര്‍വചനത്തിന്റെ പരിധിയില്‍ തീവ്രവാദത്തെ ഒതുക്കാനായിട്ടില്ല. പലരും തങ്ങളുടെ താത്പര്യം പോലെ വ്യാഖ്യാനിക്കുകയാണ്. അതിരുകടന്ന അസഹിഷ് ണുതയുടെയും പരിധിവിട്ട പക്ഷപാതത്തിന്റെയും ഫലമായുണ്ടായിത്തീരുന്ന നയനിലപാടുകളെന്ന് നമുക്കതിനെ സാമാന്യമായി പരിചയപ്പെടുത്താം. ക്ഷന്തവ്യമല്ലാത്ത സാമൂഹ്യ വിഭജനരേഖകളെല്ലാം ഒരര്‍ഥത്തില്‍ തീവ്രവാദത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. ഏതെങ്കിലും ഒരു ആദര്‍ശത്തെ, ആശയത്തെ സമ്പൂര്‍ണമായ അര്‍ഥത്തില്‍ സ്വീകരിക്കാനും അനുവര്‍ത്തിക്കാനുമുള്ള ബോധത്തെയും പ്രചാരണ പരിപാടികളെയും തീവ്രവാദമെന്ന് പറഞ്ഞുകൂടാ. ഇതാണ് തീവ്രവാദമെങ്കില്‍ അത് ആക്ഷേപാര്‍ഹവുമല്ല. ഈ ബോധത്തെയും പ്രതിബദ്ധതയെയും നമുക്ക് തീവ്രബോധമെന്ന് പറയാവുന്നതാണ്.

വര്‍ഗീയത പോലെ തന്നെ താനും തന്റേതും മാത്രമേ നിലനില്‍ക്കേണ്ടതുള്ളൂ. അല്ലാത്തതിനൊന്നിനും നിലനില്‍ക്കാനവകാശമില്ല എന്ന അസഹിഷ്ണുതയുടെ ഒരു ഉപോല്‍പ്പന്നമാണ് അക്രമാസക്തമായ തീവ്രവാദം. സ്വന്തം അസ്തിത്വത്തിന് ഭംഗം വരാതെ പാരമ്പര്യത്തിന്റെ സാഹചര്യം തേടുന്ന മിതവാദത്തിന്റെ വിപരീതമാണിത്. തീവ്രവാദത്തിന്റെ കാര്യകാരണങ്ങളുടെ താത്വികമായൊരു ലളിത വീക്ഷണമാണിത്.

എന്നാല്‍ വര്‍ത്തമാനകാല തീവ്രവാദത്തിന്റെ അഴിഞ്ഞാട്ടത്തില്‍ നിന്നും പരിണതിയില്‍ നിന്നും വായിച്ചെടുക്കാനാകുന്ന ചില നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. മതത്തിന്റെയോ ആദര്‍ശത്തിന്റെയോ അടിസ്ഥാനത്തില്‍ ഇത്തരമൊരു തീവ്രവാദം നിലനില്‍പ്പും ന്യായീകരണവും നേടുന്നില്ല എന്നതാണ് നേര്. പക്ഷേ, സര്‍വ സ്വീകാര്യമായ ഒരു യാഥാര്‍ഥ്യത്തിന്റെയും ആശയത്തിന്റെയും മറപിടിച്ച് വക്രബുദ്ധി പ്രവര്‍ത്തിക്കുകയാണ്.

വ്യക്തിയുടെ/പാര്‍ട്ടിയുടെ/ആള്‍ക്കൂട്ടത്തിന്റെ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുക എന്നതാണ് തീവ്രവാദത്തിന്റെ രീതിശാസ്ത്രം. ഏതു തരത്തിലുള്ള തീവ്രവാദ വിളയാട്ടത്തിന്റെ പിന്നിലും രാഷ്ട്രീയമോ സാമ്പത്തികമോ സ്വാര്‍ഥമോ ആയ താത്പര്യങ്ങളുണ്ടാകാം. പദവി നേടലും നിലനിര്‍ത്തലും വീരപൌരുഷ പ്രശക്തിയും ലക്ഷ്യമായിക്കാണാറുണ്ട്. പ്രചാരകന്റെ വാഗ്വിലാസത്തിന്റെ മായാമധുരമായ അവതരണം പലരെയും അന്ധന്മാരാക്കുകയാണിന്ന്. കണ്ടതും കേട്ട തും അറിഞ്ഞതും അനുഭവിച്ചതും അന്യം നിര്‍ത്തി പുതിയ വഴി നേടാന്‍ അവതരണത്തിന്റെ മാസ്മരികത പലരെയും പ്രേരിപ്പിക്കുന്നു. സംവേദനക്ഷമമായ ജ്ഞാനേന്ദ്രിയങ്ങള്‍ സാമൂഹ്യ സാഹചര്യത്തെ നിരീക്ഷിച്ചറിയാനുള്ള ശേഷിയെ അവഗണിക്കുകയാണവര്‍. ക്രമനിബദ്ധമായ പഠനവേദികളിലൂടെ പാരമ്പര്യ സുതാര്യവഴിയോട് അണികളില്‍ നിരാസം വളര്‍ത്തുന്നു. അങ്ങനെ ആദര്‍ശപരമായ ഷണ്ഡീകരണത്തിന് വിധേയരായവര്‍ നേതാക്കളാല്‍ തെളിയിക്കപ്പെടുകയാണ്. പരിണതിയെക്കുറിച്ചുള്ള വിചാരമോ പുനരാലോചനയോ കൂടാതെ.അപക്വവും അതിരുകടന്നതുമായ ഓപ്പറേഷനുകളിലൂടെ, പറഞ്ഞുപഠിപ്പിച്ച ന്യായങ്ങളുടെ ശവദാഹം നടത്തുകയാണ്. പാകപ്പെടുത്താനുള്ള കുതന്ത്രങ്ങളായിരുന്നു യഥാര്‍ഥത്തില്‍ ക്ളാസുകളുടെ വിഷയ ക്രമീകരണം. പാകപ്പെട്ടവന്‍ പിന്നെ വിചാര ശീലമില്ലാത്തതിനാല്‍ നേരത്തെ കേട്ടതൊന്നും അവനെ അലോസരപ്പെടുത്തുന്നില്ല. എന്തിനും ഏതി നും ആജ്ഞക്കും സ്വാര്‍ഥപരമായ ഉള്‍വിളിക്കും കാത്തിരിക്കുകയാണവര്‍. നമുക്കറിവുള്ള തീവ്രവാദപരമായ ആക്രമണങ്ങളുടെയും സംഘട്ടനങ്ങളുടെയും യാഥാര്‍ഥ്യബോധത്തോടെയുള്ള നിരീക്ഷണം നമുക്കിത് ബോധ്യപ്പെടുത്തുന്നതാണ്.

അന്തര്‍ദേശീയവും ദേശീയവുമായി നടന്നിട്ടുള്ള ഈ തീവ്രവാദത്തിന്റെ രംഗനൃത്തം സാമൂഹ്യസാഹചര്യത്തിന് എന്ത് ഗുണഫലമാണ് പ്രദാനം ചെയ്തത്? ആളും അര്‍ഥവും നശിക്കുകയും സ്വാസ്ഥ്യം തകരുകയും ചെയ്തു എന്നതിനപ്പുറത്ത് എന്താണിവയുടെയൊക്കെ ബാക്കിപത്രം? നേതാക്കളും സൂത്രധാരകരും ഒളിത്താവളങ്ങളിലും സുഖവാസകേന്ദ്രങ്ങളിലും സസുഖം വാഴുന്നു. നിരപരാധികളായ പതിനായിരങ്ങള്‍ അഭയാര്‍ഥികളും സംശയത്തിന്റെ നൂലിഴയില്‍ കുരുങ്ങി അഴികള്‍ക്കുള്ളിലും കഴിയുന്നു. വേനലിലെ കാട്ടുതീ പോലെ പടര്‍ന്നു കത്തുന്ന സംഘര്‍ഷ മുഖത്ത് നിരപരാധികളും സമാധാന കാംക്ഷികളും വലിച്ചിഴക്കപ്പെടുമെന്നുറപ്പാണ്. പ്രശ്നമുഖത്ത് സൈനികവത്കരിക്കപ്പെട്ട സിവിലിയന്മാരായ ആയിരങ്ങള്‍, സാമ്രാജ്യത്വ കശ്മലന്മാരുടെ ക്രൂര വിനോദത്തിനിരയാകുന്ന അബൂഗരീബും ഗ്വാണ്ടനാമോയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ജീവിക്കാനും നിലനില്‍ക്കാനുമുള്ള അവകാശ ബോധമാണിവരില്‍ പലരെയും അഴികള്‍ക്കകത്താക്കിയത്. അവരുടെ ശരീരത്തിലാണ് ആഗോള ഭീകരന്റെ കിങ്കരന്മാര്‍ കിരാത നൃത്തമാടുന്നത്. നിരപരാധികള്‍ തന്നെ ഹോമിക്കപ്പെടുന്ന കാട്ടുനീതിയുടെ ലോകക്രമത്തില്‍ സ്വയം തലകൊടുക്കാതിരിക്കുന്ന താണാര്‍ക്കും ബുദ്ധി.

അനുഭവത്തിന്റെ തീക്ഷ്ണമായ കരിമാനങ്ങള്‍ വായിച്ചെടുക്കാതെ അരുതാത്തതിന് വീണ്ടും അനുയായികളെ പ്രേരിപ്പിക്കുകയാണ് നേതൃത്വം. ഒന്നിന്റെ ദുരിതപര്‍വ്വത്തില്‍ തീ തിന്നുന്നവരുടെ വേദനിക്കുന്ന ഓര്‍മകള്‍ മായ്ക്കപ്പെടുന്നതിന് വേണ്ടിയാണോ രണ്ടാമതൊന്നിന്റെ സൃഷ്ടി എന്ന് തോന്നുകയാണ്. മാറാട് മറക്കാന്‍ നാമിപ്പോള്‍ പാകപ്പെട്ടു കഴിഞ്ഞു. പുന്നാടും നാം മറന്നുകൊള്ളും. മറവി എന്ന മഹാനുഗ്രഹത്തിന്റെ തിരശ്ശീലക്ക് പിന്നില്‍ പുതിയതൊന്നിന് കോപ്പുകൂട്ടുന്ന തിരിച്ചറിയാനാവാത്ത സ്ഥിതിയാണതിദയനീയം.

സ്വസ്ഥമായും സമാധാനമായും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്യ്രവും മൌലികമാണ്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനവും നമ്മുടെ ഭരണഘടനയുടെ മൌലികാവകാശങ്ങളും അത് വിളംബരപ്പെടുത്തുന്നുണ്ട്. ഈ സ്വാതന്ത്യ്രസുരക്ഷിത സമാധാനപൂര്‍ണമായ അവസ്ഥ നഷ്ടപ്പെടുത്തുന്ന പ്രവണതകളെല്ലാം ജനവിരുദ്ധവും ദേശവിരുദ്ധവുമാണ്. അച്ചടക്കത്തോടെ നിര്‍ഭയരായിക്കഴിയാനുള്ള സാഹചര്യം എല്ലാവര്‍ക്കും ലഭ്യമാകണം.

ഒരുദേശത്തെ/വംശത്തെ/സമൂഹത്തെ ശത്രുവായി പ്രതിഷ്ഠിച്ച്, വിരുദ്ധ വികാരം വളര്‍ത്തി ആക്രമണത്തിന്റെ പ്രേരണയോ പ്രോത്സാഹനമോ സഹായമോ ന്യായീകരണം നല്‍കുന്നത് നാഗരിക സമാധാനത്തിന്റെ സര്‍ഗ ഗുണമാകേണ്ടതല്ല. ജന്തുജന്യമായ ഭാവത്തെ സംസ്കരിക്കാനാവുന്നതിലൂടെയാണ് മനുഷ്യന്‍ നാഗരികനാകുന്നത്. (പ്രത്യുത കമ്പോള സംസ്കാരത്തിന്റെ ഇരയായിത്തീരുമ്പോഴല്ല.)  ജന്തുതയുടെ തേട്ടമാണ് ആധിപത്യമോഹം. തന്നെക്കാള്‍ ശക്തി കുറഞ്ഞതിനെ ആക്രമിക്കുന്ന പ്രവണത ജന്തുക്കളില്‍ സ്വാഭാവികമാണ്.

ഈ ജന്തുതയുടെ മേല്‍ മതങ്ങളോ ആദര്‍ശങ്ങളോ നേടിയ പരിവര്‍ത്തിത ഭാവത്തെ തമസ്കരിക്കാനാണ് ഭീകരവാദികളും തീവ്രവാദികളും മതപരമായ നിര്‍ദേശങ്ങളെ കൂട്ടുപിടിക്കുന്നത്. അല്ലായിരുന്നെങ്കില്‍ സമാധാനവും സുസ്ഥിതിയും നേടുന്നതിനുള്ള മാര്‍ഗമവലംബിക്കാനാണവരെല്ലാം തയ്യാറാവേണ്ടിയിരുന്നത്. ഉപരിസൂചിപ്പിച്ചപോലെ മതത്തി ന്റെ പേരല്‍ തന്നെ പ്രതിബദ്ധതാ പൂര്‍ണമായ ആദര്‍ശബോധത്തെ നിസ്സാരവത്കരിക്കുകയാണിത്തരക്കാര്‍ ചെയ്യുന്നത്. പരമ്പരാഗതമായ നേതൃവഴിയെ നിരാകരിക്കാനും അവഗണിക്കാനും അനുയായികള്‍ പാകപ്പെടുന്നുവെങ്കില്‍ ഈ ആദര്‍ശനീരസം അനിവാര്യമായിത്തീരുന്നു. അതിനാല്‍ തന്നെ ഈ വികടവഴിയിലേക്കാകര്‍ഷിക്കപ്പെടുന്നവര്‍ ക്രമാനുഗതമായി പാരമ്പര്യസുതാര്യ വഴിയില്‍ നിന്നുമകലുന്നത് കാണാം.

സാമൂഹ്യമായി തീവ്രവാദം സൃഷ്ടിക്കുന്ന ദുരിതങ്ങളും ദുസ്സൂചനകളും സുമനസ്കര്‍ക്ക് ബോധ്യമുള്ളതും അംഗീകരിക്കാനാകാത്തതുമാണ്. മതം, ജാതി, വര്‍ഗം,ഭാഷ തുടങ്ങി എന്തു മറപിടിച്ചായാലും അതിന്റെ കെടുതികള്‍ നമ്മെ ദുഃഖിപ്പിക്കുന്നതാണ്. സമൂഹത്തിന്റെ ഭാഗമെന്ന നിലയില്‍ മതക്കാരും അല്ലാത്തവരുമായ ജനങ്ങള്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കുന്നത് അതിന്റെ സാമൂഹ്യരംഗത്തെ കാലുഷ്യവത്കരണം കൊണ്ടാണ്. കമ്പോള സംസ്കാരത്തിന്റെ ആഡംബര ഭ്രമത്തെയും ആസ്വാദനത്വരയെയും അഴിഞ്ഞാട്ടങ്ങളെയും സാംസ്കാരിക ബോധമുള്ളവര്‍ക്ക് അംഗീകരിക്കാനാവില്ല. പക്ഷേ, പുതിയ ലോകക്രമത്തില്‍ അതൊക്കെയും ഓരോരുത്തരുടെ മൌലികമായിട്ടുള്ള സ്വാതന്ത്യ്രമാണെന്നതല്ല യഥാര്‍ഥ സ്ഥിതി. എങ്കില്‍പിന്നെ അതിന്റെ ദൂഷ്യങ്ങളും പരിണതികളും പറഞ്ഞ് മനസ്സിലാക്കുകയും സഹായിക്കാതിരിക്കുകയും ചെയ്യുക എന്നതിലപ്പുറം പോവാതിരിക്കലാണ് കരണീയം.

ഏതെങ്കിലും ഒരു ദേശത്തിന്റെ സാമൂഹ്യസാംസ്കാരിക സാഹചര്യത്തിന് അത് ഭീഷണിയോ ഭീതിയോ ആകുന്നുവെങ്കില്‍ നിര്‍ദ്ദിഷ്ടമായ വഴിയിലൂടെ അത് ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമമാണ് നടത്തേണ്ടത്. ഒരു ദേശത്തിന്റെ ഭരണസംവിധാനത്തിന്റെ നെറികേടിനെതിരെ പ്രസ്തുത ദേശത്തെ ഏതെങ്കിലുമൊരു പൌരനെ അല്ലെങ്കില്‍ ടൂറിസ്റ്റിനെ ഇരയാക്കുന്നത് പുതിയൊരു പ്രശ്നത്തിന്റെ തുടക്കമാണെന്നതല്ലേ നേര്. ചുരുക്കത്തില്‍ ബന്ദിയാക്കലും തട്ടിക്കൊണ്ട് പോകലും കൊലനടത്തലും നടത്തിക്കലും ബോംബിംഗും പീഢനവുമൊന്നും പ്രശ്നപരിഹാരമല്ല. ഹൃദയത്തിന്റെ ഏതോ ഒരു കോണിലെ ക്രൂരഭാവത്തെ രസിപ്പിക്കാമെ ന്നല്ലാതെ അതുകൊണ്ടൊന്നും നേടാനാവില്ല. ഏതൊരു തിന്മയും അതിനെ വസ്തുതാപരമായി വിലയിരുത്തി തിന്മയാണെന്ന് ബോധ്യപ്പെട്ടാല്‍ നിരാകരിക്കാന്‍ മൌലികമായ സ്വാതന്ത്യ്രം എല്ലാവര്‍ക്കുമുണ്ട്. നമുക്കിഷ്ടമില്ലാത്തത് വര്‍ജിക്കുന്നതിന് ആര്‍ക്കും എതിര് നില്‍ക്കാനാവില്ല. അപരനെ ഉപദേശിക്കാനേ നമുക്കവകാശമുള്ളൂ. ആശ്രിതരെന്ന നിലയില്‍ കടപ്പെട്ടവരില്‍ നമ്മുടെ കര്‍ത്തവ്യം നിറവേറ്റുക. അല്ലാത്തവരുടെ കാര്യത്തില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ നമുക്ക് സാധിക്കുകയില്ല. ഒരുകൂട്ടായ്മയുടെ ജീവിതക്രമത്തിന്റെ അച്ചടക്കശീലമെന്ന നിലയില്‍ നിര്‍ദ്ദേശിക്കുകയും അതിന് വഴങ്ങിയില്ലെങ്കില്‍ കൂട്ടായ്മയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്യാമെന്നല്ലാതെ നിയമം കയ്യിലെടുക്കാന്‍ നമുക്കെന്തവകാശമാണുള്ളത്.

ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം കളിക്കുന്നവര്‍ ഇക്കാലത്ത് സമൂഹത്തിലുണ്ട്. കാര്യകാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു വിശകലനമാണ് മുകളില്‍ നടത്തിയത്. അതില്‍ നിന്ന് തന്നെ എന്തിന്റെ പേരിലുള്ള തീവ്രവാദത്തെയും തിരസ്കരിക്കേണ്ടതിന്റെയും എതിര്‍ക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുന്നതാണ്. ഒരു സാമൂഹ്യവിപത്ത് എന്നതിലുപരി ഇസ്ലാമിന്റെയും മുസ്ലിംകളുടെയും പേരില്‍ കൊണ്ടാടപ്പെടുന്ന തീവ്രവാദത്തിന്റെ വിളവെടുപ്പുരീതി ഇസ്ലാമിന്റെ മൌലികതയെയും ആശയസൌകുമാര്യതയെയും തമസ്കരിക്കുകയാണ്. സ്വാര്‍ഥന്മാര്‍ സങ്കുചിതതാത്പര്യങ്ങള്‍ക്ക് വേണ്ടി ഇസ് ലാമിക നിര്‍ദേശങ്ങളെ സന്ദര്‍ഭത്തിനനുസരിച്ച് അടര്‍ത്തിയെടുത്തവതരിപ്പിക്കുകയാണ്. സാഹചര്യ, പശ്ചാത്തല ബന്ധുരമായ നിയമനിര്‍ദ്ദേശങ്ങളെ തങ്ങളുടെ കല്‍പ്പിത സാഹചര്യങ്ങള്‍ക്കൊപ്പിച്ചു പാകപ്പെടുത്തുന്ന പ്രവണത ആശാസ്യമല്ലാത്തതാണ്. ഇതിന്റെ ഫലമായി ഇസ്ലാമിന്റെ പ്രചരണ പ്രബോധന രംഗത്ത് ഒരുതരം പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണിന്ന്.

അക്രമണത്തിന്റെയും കൊലവിളിയുടെയും മതമായി ഇസ്ലാം തെറ്റിദ്ധരിപ്പിക്കപ്പെടുകയാണ്. ഇസ്ലാമെന്നാല്‍ ഭീകരവാദമെന്ന അര്‍ഥത്തില്‍ പര്യായവത്കരണം അന്താരാ ഷ്ട്ര വ്യാപനം തന്നെ ഇന്ന് നേടിയിട്ടുണ്ട്. മുസ്ലിം നാമധാരികള്‍ ഖുര്‍ആനും ഹദീസുമുദ്ധരിച്ച് ദുര്‍വ്യാഖ്യാനിച്ച്, താന്താങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് അണികളെ പാ കപ്പെടുത്തുമ്പോള്‍ ഇവയെല്ലാം ഭീകരവത്കരിക്കപ്പെടുകയാണ്. ഇസ്ലാം വിരുദ്ധതയു ടെ ഇന്ധനം പേറുന്ന വേദികളും വാര്‍ത്താമാധ്യമങ്ങളും ഈ പ്രചാരണം നന്നായി ആ ഘോഷിക്കുകയാണ്.

അപക്വമായ ഏതെങ്കിലുമൊരു സംഭവത്തിന്റെ പേരില്‍ പിടികൂടുന്ന അറബി പേരുള്ളവര്‍ക്ക് ബാല്യമുണ്ടായിരുന്നു. ബാല്യകാലത്ത് മുസ്ലിംകള്‍ മദ്റസയില്‍ പോകാറുണ്ട്. അതുകൊണ്ട്, മദ്റസയില്‍ പോയവര്‍ ഇതില്‍ പ്രതിയായതിനാല്‍ മദ്റസകളൊക്കെ ഭീകരവാദ കേന്ദ്രങ്ങളെന്ന് അച്ചുനിരത്താനും കേളികൊട്ടാനും ഇവിടെയാളുകളുണ്ട്. ഇത്തരമൊരു പശ്ചാതലത്തില്‍ തന്റെ ആദര്‍ശത്തിന്റെ സുതാര്യമായ പ്രചാരണ സാധ്യത ആഗ്രഹിക്കുന്നവന്‍ അതിന് സഹായകമാകുന്ന നിലപാടുകളാണെടുക്കേണ്ടത്. ഇവിടെ മറ്റൊരു അപകടം തികച്ചും മൌലിക പ്രധാനമായതുണ്ട്. അതായത് സാമുദായികവും സാമൂഹ്യവുമായ അതിരുകടന്ന അവബോധം വളര്‍ത്തുന്നവര്‍ക്കെന്നും ആദര്‍ശശാലികളോട് അമര്‍ഷമാണ്. കാരണം ആദര്‍ശ പ്രബുദ്ധതക്ക് അതിന്റേതായ മതാത്മകവും ആദ്ധ്യാത്മവുമായ ചില പരികല്‍പ്പനകളുണ്ട്. അത് അവഗണിക്കാവതല്ലെന്നും ആത്മനിഷ്ഠാപരമാണതെന്നും ആദര്‍ശശാലി മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ അവരില്‍ നി ന്ന് ആദര്‍ശപ്രബുദ്ധതയെ അന്യം നിര്‍ത്തേണ്ടതായി വരുന്നു. അതിന് ആദര്‍ശനിരാസം വളര്‍ത്തി, എന്തുമാകാം, ഏതുമാകാം, എങ്ങനെയുമാകാം, എന്ന നിലപാട് ഇസ്ലാമിന്റെ അടിസ്ഥാന വിഷയങ്ങളുടെ കാര്യങ്ങളില്‍ വരുത്തിത്തീര്‍ക്കും. സമകാലത്തെ തീവ്രവാദപരമായ നിലപാടുകാരില്‍ നമുക്കിത് പ്രകടമായി കാണാവുന്നതാണ്.


RELATED ARTICLE

 • അല്ലാഹുവിലുള്ള വിശ്വാസം
 • അജ്മീരിലെ പനിനീര്‍പൂക്കള്‍
 • യാത്ര പോകുന്നവര്‍ കരുതിയിരിക്കേണ്ടത്
 • ഉറുക്ക്, മന്ത്രം, ഏലസ്സ്
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • പള്ളിവിലക്ക് സ്വന്തം പാക്ഷികങ്ങളില്‍
 • ക്ലോണിങ് മനുഷ്യനിന്ദനം
 • സയാമീസ് ഇരട്ടകളുടെ ഇനങ്ങള്‍
 • സംശയത്തിന്റെ കരിനിഴല്‍
 • ജനിതക ശാസ്ത്രം
 • ക്ലോണിങ്ങിലൂടെ ഒന്നാമത്തെ മനുഷ്യ ഭ്രൂണം
 • ഡോളി ഒന്നാമത്തെ ക്ലോണ്‍ സസ്തനി
 • ക്ലോണിങ് സസ്യങ്ങളിലും ജന്തുക്കളിലും
 • ക്ലോണിങ് മനുഷ്യരില്‍
 • ക്ളോണിങ്ങിന്റെ രഹസ്യം
 • സമജാത ഇരട്ടകളും സഹജാത ഇരട്ടകളും
 • പ്രത്യുല്‍പാദനം മനുഷ്യരിലും ഇതരജീവികളിലും
 • ജ്യോതിഷം
 • വ്യാജ ശൈഖുമാര്‍
 • സ്ത്രീ പൊതുരംഗ പ്രവേശം ശരീഅത്ത് വിരുദ്ധം
 • ത്വല്‍സമാതും വ്യാജന്മാരും
 • അസ്മാഉ,ത്വല്‍സമാത്,സിഹ്റ്
 • ആത്മീയ ചികിത്സ
 • തീവ്രവാദം: കാരണങ്ങളും പ്രതിവിധിയും
 • ഭീകരവാദം ഇസ്ലാമികമോ?
 • സമാധാനത്തിന്റെ പാത
 • തീവ്രവാദം പരിഹാരമല്ല