Click to Download Ihyaussunna Application Form
 

 

മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും

അല്ലാഹു അമാനുഷികതയും അദൃശ്യജ്ഞാനങ്ങളും നല്‍കി അനുഗ്രഹിച്ചവരാ ണ് പ്രവാചകന്മാര്‍. പ്ര ബോധന രംഗത്ത് പ്രവാചകന്മാരുടെ പ്രവചനങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. ഇതു മനസ്സിലാക്കി മീര്‍സ പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പും ശേഷവും പ്രവചനങ്ങളുടെ പ്രവാഹം തന്നെ നടത്തി. പക്ഷേ, അവയില്‍ ഒന്നെങ്കിലും അവിചാരിതമായി പോലും പുലര്‍ന്നില്ല. 1887 തൊട്ട് മീര്‍സ ദിവ്യവെ ളിപാടുകള്‍ അവകാശപ്പെടാന്‍ തുടങ്ങിയിട്ടുണ്ട് (ഹഖീഖത്തുല്‍ വഹ്യ്, പേജ്: 209). തന്റെ സത്യാസത്യവിവേചനത്തിന് മീര്‍സ മാനദണ്ഢമാക്കുന്നതില്‍ ചിലത് പ്രവചനങ്ങളാണുതാനും (ആയിനെ കമാലതെ ഇസ്ലാം, പേജ്: 288). മീര്‍സയുടെ പാളിയ പ്രവചനങ്ങള്‍ പരിശോധിക്കാം. പ്രവാചക വേഷമിട്ട് പ്രവചനങ്ങളിലൂടെ സുന്ദരിയായൊരു പെണ്‍കുട്ടിയെ വേട്ടയാടുന്ന മീര്‍സയുടെ കുപ്രസിദ്ധമായ പ്രണയനാടകമാണിവിടെ അനാവരണം ചെയ്യുന്നത്. തന്റെ താത്പര്യങ്ങള്‍ക്കു മുമ്പില്‍ മാനുഷിക മൂല്യങ്ങളോ മാന്യതയോ മീര്‍സക്ക് പ്രശ്നമല്ല. ഒന്നിലധികം ഭാര്യമാര്‍ നിലവിലിരിക്കെ അമ്പത് വയസ്സ് പിന്നിട്ട നിത്യരോഗിയായ മീര്‍സ മധുരപ്പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയില്‍ കണ്ണ് വെക്കുന്നു. ഭാര്യയും മക്കളും ബന്ധുമിത്രാദികളും ആ വാര്‍ദ്ധക്യ പ്രണയത്തെ ശക്തമായി എതിര്‍ത്തെങ്കിലും കള്ള പ്രവചനങ്ങളുമായി കാര്യം നേടാന്‍ പെടാപാട് പെടുന്ന മീര്‍സയുടെ മനസ്സില്‍ അഹ്മദ് ബേഗിന്റെ സുന്ദരിയായ മകള്‍ മുഹമ്മദ് ബീഗം നിറഞ്ഞു നിന്നു. മീര്‍സയുടെ ആദ്യ ഭാര്യ ഫുജ്ജേദിമ(ഹുര്‍മത്തു ബീവി)യുടെ രണ്ട് ആണ്‍മക്കളാണ് ഫസ്വല്‍ അഹ്മദും സുല്‍ ത്ത്വാന്‍ അഹ്മദും. രണ്ടാം ഭാര്യ നുസ്രത്ത് ജഹാന്‍ ബീഗത്തിന്റെ മക്കളാണ് മഹ്മൂദ് മുഹ മ്മദ്, ബഷീര്‍ അഹ്മദ് തുടങ്ങിയവര്‍. രണ്ടാം വിവാഹത്തോടെ ആദ്യഭാര്യയെ കറിയിലെ കറി വേപ്പില കണക്കെയാണു കണ്ടത്. ഒന്നുകില്‍ ത്വലാഖ് അല്ലെങ്കില്‍ അവകാശങ്ങള്‍ ആവശ്യപ്പെടാതെ കഴിയണമെന്ന് മീര്‍സ ഭീഷണി മുഴക്കി (സീറത്തു മഹ്ദി, വാള്യം: 1, പേജ്: 33). പക്ഷേ, പഴയ ഭാര്യയെ പഴത്തൊലി പോലെ വലിച്ചെറിഞ്ഞ മീര്‍സ മൃതപ്രായത്തിലും നവവധുവുമൊത്തു മധുവിധു ആസ്വദിക്കാന്‍ പുതിയ ഇല്‍ഹാമുകള്‍ ഇറക്കുമതി ചെയ്തു. അനുഗ്രഹീ തരായ ചില സ്ത്രീകള്‍ എന്റെ ഭാര്യാപദം സ്വീകരിക്കുമെന്നും അവരില്‍ സദ്വൃത്തരായ സന്തതികള്‍ ജനിക്കുമെന്നും അല്ലാഹു സുവാര്‍ത്തയറിയിച്ചതായി മീര്‍സ പരസ്യം ചെയ്തു (തബ് ലീഗെ രിസാല, വാ: 1, പേജ്: 89).

തുടര്‍ന്ന് മീര്‍സാ തന്നെ നേരിട്ട് അനവധി വിവാഹാന്വേഷണങ്ങള്‍ നടത്തി. അവസാനം ഖാദിയാനി കിംഗ് മേക്കറായ ഹകീം നൂറുദ്ദീന് മീര്‍സ എഴുതി. ‘പുതിയൊരു വിവാഹത്തെ കുറിച്ചും ബശീര്‍ എന്നു പേരുള്ള ഒരു സന്താനം ജനിക്കുമെന്നും അല്ലാഹു വഹ്യ് അറിയിച്ചിട്ടുണ്ട്. യാദൃശ്ചികമായി ഒന്നു രണ്ടു വിവാഹാന്വേഷണങ്ങള്‍ വന്നു. പക്ഷേ, അതൊഴിവാക്കി. ഒരു പെണ്‍കുട്ടി എന്റെ ഭാര്യാപദം അപമാനമായിട്ടാണ് കണ്ടത്. മറ്റൊരുത്തി സൌന്ദര്യം കുറവാണ്. സുന്ദരനും സല്‍ഗുണ സമ്പന്നനുമായ ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ അവള്‍ക്കാകില്ലല്ലോ. അതിനാല്‍ എല്ലാ അര്‍ഥത്തിലും യോജിച്ച ഒരു നവവധുവിനെ നിങ്ങള്‍ പെട്ടെന്ന് കണ്ടെത്തണം’ (മക്തൂബതെ അഹ്മദിയ്യ, വാ: 5, പേജ്: 17). ഇങ്ങനെ മനം മുഴുവന്‍ മംഗല്യവും മണിയറയും നിറച്ചു കഴിഞ്ഞു കൂടുമ്പോഴാണ് സ്വന്തം അമ്മാവന്റെ മകന്‍ അഹ്മദ് ബേഗ് മീര്‍സയെ ഒരു അത്യാവശ്യത്തിനായി കാണാന്‍ വരുന്നത്. ഉടന്‍ മീര്‍സയുടെ മനസ്സ് മന്ത്രിച്ചു. തേടിയ വള്ളി കാലില്‍ ചുറ്റിയിരിക്കുന്നു. ഈ അവസരം പാഴാക്കരുത്. അപ്പോഴേക്കും മീര്‍സയുടെ മനസ്സില്‍ അഹ്മദ് ബേഗി ന്റെ മകള്‍ സൌന്ദര്യ റാണിയായ മുഹമ്മദീ ബീഗം നിറഞ്ഞു നിന്നു. മീര്‍സ പറഞ്ഞു. നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ഞാന്‍ ചെയ്തു തരാം. പകരം മൂത്ത പുത്രി മുഹമ്മദീ ബീഗത്തെ എനിക്കു വിവാഹം ചെയ്തു തരണം. ഇത് അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള നിര്‍ദേശമാണ്. ഇത് സ്വീകരിച്ചാല്‍ അവന്റെ അനുഗ്രഹങ്ങളും, തിരസ്കരിച്ചാല്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ അവളുടെ ഭര്‍ത്താവും മൂന്ന് വര്‍ഷത്തിനുള്ളില്‍ നിങ്ങളും മരണപ്പെടും.(ആയിനെ കമാലാതെ ഇസ്ലാം, പേജ്: 285). മീര്‍സയുടെ മരണ പ്രവചനങ്ങള്‍ അഹ്മദ് ബേഗില്‍ അശേഷം ആശങ്കയുണ്ടാക്കിയില്ല. സുന്ദരിയായ തന്റെ മകള്‍ക്ക് സല്‍ഗുണ സമ്പന്നനായൊരു ജീവിത പങ്കാളിയെ തേടുകയായിരുന്നു ബേഗ്. പ്രകോപനപരമായ പ്രവചനങ്ങള്‍ അവഗണിച്ച് ബേഗിനെ പ്രലോഭനങ്ങളിലൂടെ വശീകരിക്കാന്‍ മീര്‍സ ശ്രമമാരംഭിച്ചു. സ്വന്തം സ്വത്തില്‍ പൂര്‍ണ പങ്കാളി ത്തം നല്‍കാം, മുഹമ്മദീ ബീഗത്തിന്റെ സഹോദരന്‍ അസീസ് മുഹമ്മദ് ബേഗിന് പോലീസ് ഡിപ്പാര്‍ട്ട് മെന്റില്‍ ജോലി ശരിപ്പെടുത്താം, തന്റെ ധനിക സുഹൃത്തിന്റെ മകളെ അവന് വിവാഹം ചെയ്തു കൊടുക്കാം… ഇങ്ങനെ തുടരുന്നു മീര്‍സയുടെ നൂറു കൂട്ടം മോഹന വാഗ്ദാനങ്ങള്‍ (തബ്ലീഗെ രിസാല, വാ: 1, പേജ്: 92).

പ്രവചനങ്ങളുടെയും പ്രലോഭനങ്ങളുടെയും പ്രകോപനങ്ങളുടെയും പ്രവാഹങ്ങള്‍ക്കിടയില്‍ അഹ്മദ് ബേഗ് തന്റെ മകളെ സുല്‍ത്ത്വാന്‍ മുഹമ്മദ് എന്ന ചെറുപ്പക്കാരന് വിവാഹം ചെയ്തു കൊടുക്കാന്‍ തീരുമാനിച്ചു. ആ വിവാഹം മുടക്കാന്‍ മീര്‍സ മുട്ടാത്ത വാതിലുകളൊന്നുമുണ്ടായിരുന്നില്ല. അവസാനം പു തിയ ചില പ്രവചനങ്ങളുമായി മീര്‍സ രംഗത്തെത്തി. അഹ്മദ് ബേഗിന്റെ മകളെ മറ്റൊരാള്‍ വിവാഹം ചെയ്യും. എന്നാല്‍ പിന്നീട് അല്ലാഹു അവളെ എനിക്ക് തിരിച്ചു നല്‍കും. ഈ വാക്കുകള്‍ക്ക് മാറ്റമില്ല (തബ്ലീഗെ രിസാല, വാ: 1, പേജ്: 13). അഹ്മദ് ബേഗിന്റെ മൂത്ത പുത്രി എന്റെ ഭാര്യയായിത്തീരും. ഒരു പക്ഷേ, കന്യകയായിത്തന്നെ അല്ലെങ്കില്‍ വിധവയായിട്ട്. അത് ആര്‍ക്കും തടുക്കാനാവില്ലല്ലോ (ഈസാലെ ഔഹാം, പേജ്: 396). ബീഗത്തിന്റെ വിവാഹ ദിനം അടുക്കുംതോറും മീര്‍സ അസ്വസ്ഥനായി കാണപ്പെട്ടു. പ്രണയ മനസ്സില്‍ പ്രതികാര ജ്വാലകള്‍ ജ്വലിച്ചു. അന്യ പെണ്‍കുട്ടിയില്‍ അനുരക്തനായ മീര്‍സയുടെ പ്രണയം പിന്നീട് പ്രതികാരമായി മാറി. ആദ്യ ഭാര്യ ഫുജ്ജേദിമ(ഹുര്‍മത്തു ബീവി)യെ മീര്‍സ വിവാഹമോചനം ചെയ്തു. മകന്‍ സുല്‍ത്ത്വാന്‍ അഹ്മദിന് ഊരുവിലക്ക് ഏര്‍പ്പെടുത്തുകയും അവന്റെ മയ്യിത്ത് നിസ്കാരത്തില്‍ നിന്നു പോലും വിട്ടു നില്‍ക്കുകയും ചെയ്തു. മീര്‍സയുടെ പ്രണയ ഭ്രാന്തിന്റെ ബലിയാടുകള്‍ ഭാര്യയും മകനും മാത്രമല്ല, നിരപരാധിയായ മരുമകളും ഉള്‍പ്പെടുന്നു. അഹ്മദ് ബേഗിന്റെ ഭാര്യാ സഹോദരനും തന്റെ സീമന്ത പുത്രന്‍ ഫസ്വല്‍ അഹ്മദിന്റെ ഭാര്യാപിതാവുമായ അലി ശേര്‍ബേഗിനു മീര്‍സ എഴുതുന്നത് കാണുക: പെരുന്നാള്‍ കഴിഞ്ഞയുടന്‍ അളിയന്റെ മകള്‍ മുഹമ്മദീ ബീഗത്തിന്റെ വിവാഹം നടക്കുമെന്നറിഞ്ഞു. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവര്‍ എന്റെ മാത്രമല്ല, ഇസ്ലാമിന്റെ കൂടി ശത്രുക്കളാണ്. നിങ്ങളുടെ ഭാര്യ സ്വന്തം സഹോദരനെ നിര്‍ബന്ധിച്ചാല്‍ കാര്യം നടക്കാതിരിക്കില്ല. അയാളുടെ മകളെ വിവാഹം ചെയ്തു തരാതിരിക്കാന്‍ മാത്രം എന്തു പോരായ്മയാണ് എനിക്കുള്ളത്. ഞാന്‍ വല്ല ചെരുപ്പ്കുത്തിയോ മറ്റോ ആണോ. എനിക്ക് ആ പെണ്‍കുട്ടിയെ തന്നെ കിട്ടണമെന്ന വാശിയൊന്നുമില്ല. അതുകൊണ്ട് ഒരു കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ഒരു ഭാഗത്ത് ബീഗവും സുല്‍ത്ത്വാനും തമ്മിലുള്ള വിവാഹം നടക്കുമ്പോള്‍ മറുഭാഗത്ത് എന്റെ മകന്‍ ഫസ്വലും നിങ്ങളുടെ മകള്‍ ഇസ്സത്തും തമ്മിലുള്ള വിവാഹ മോചനവും നടക്കും. യുദ്ധം ചെയ്തെങ്കിലും കാര്യം നേടാന്‍ ഭാര്യയെ നിര്‍ബന്ധിപ്പിച്ച് ഈ പ്രതിസന്ധി ഘട്ടം കരുതലോടെ കൈകാര്യം ചെയ്യുക. അല്ലാത്ത പക്ഷം അല്ലാഹുവാണ് സത്യം, നാം തമ്മിലുള്ള സകല ബന്ധങ്ങളും ഇതോടെ അവസാനിക്കും (നോശ്തയെഗൈബ്). കത്ത് കിട്ടിയ ഉടനെ അലി മീര്‍സക്കെഴുതി. മിസ്റ്റര്‍ മീര്‍സ, ഞാനൊരു മുസ്ലിമാണ്. താങ്കളുടെ നിര്‍മിത നുബുവ്വത്തില്‍ എനിക്ക് വിശ്വാസമില്ല. എന്റെ മകളുടെ വിവാഹ ബന്ധം വിഛേദിക്കുമെന്ന് വായിച്ചു. അത് എനിക്കൊരു പ്രശ്നമേയല്ല. സൃഷ്ടികളുമായുള്ള ബന്ധത്തെക്കാള്‍ യഥാര്‍ഥത്തില്‍ എനിക്ക് ഏറ്റവും വലുത് അല്ലാഹുവുമായുള്ള ബന്ധമാണ്. യഥാര്‍ഥത്തില്‍ എല്ലാ പ്രശ്നത്തിനും ഉത്തരവാദി താങ്കളാണ്. അമ്പത് കഴിഞ്ഞ ഒരു നിത്യരോഗിക്ക് സ്വന്തം മകളെ കല്യാണം കഴിച്ചു കൊടുക്കാന്‍ നിങ്ങളാണെങ്കില്‍ തയ്യാറാകുമോ? മുസൈലിമയെയും പിന്നിലാക്കുന്നവനാണെങ്കില്‍ പ്രത്യേകിച്ചും. സഹോദരാ, പെണ്‍കുട്ടികള്‍ എല്ലാ വീട്ടിലുമുണ്ടാകും. കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കാണുമ്പോള്‍ ഇങ്ങിനെ നിയന്ത്രണം വിട്ടാലോ. സ്വന്തം മകളുടെ ഭാവിയോര്‍ത്തു സഹോദരപുത്രിയെ ബലി നല്‍കാന്‍ എന്റെ ഭാര്യ കൂട്ടു നില്‍ക്കുമെന്ന് വ്യാമോഹിക്കേണ്ടതില്ല (നോശ്തയെഗൈബ്). അലി ശേര്‍ ബേഗിന്റെ കത്ത് കൈപറ്റിയ മീര്‍സ താമസിയാതെ തന്റെ പിതൃവ്യ പുത്രിയും മകന്റെ ഭാര്യാ മാതാവുമായ ഉമറുന്നിസാ ബീഗത്തിന് മരുമകളെക്കൊണ്ടൊരു കത്തെഴുതിപ്പിച്ചു. പ്രിയ ഉമ്മാക്ക്, എന്റെ ഭാവിയെ കുറിച്ച് ഇപ്പോഴെങ്കിലും ഓര്‍ക്കുമല്ലോ. കഴിയുമെങ്കില്‍ അമ്മാവനെ പറഞ്ഞു പാട്ടിലാക്കുക. അല്ലാതിരുന്നാല്‍ എന്റെ വിവാഹ ബന്ധം വേര്‍പെടും. ഉടന്‍ എന്നെ വിളിക്കാന്‍ ആളെ വിടുക, മകള്‍ ഇസ്സത്ത് ബീവി. പ്രസ്തുത കത്തിന്റെ താഴ്ഭാഗത്ത് മീര്‍സ എഴുതി. ചആ: മുഹമ്മദീ ബീഗത്തിനെ മുടക്കാന്‍ പറ്റില്ലെങ്കില്‍ മകളെ കൂട്ടാന്‍ ആളെ അയക്കുക. അങ്ങനെ മീര്‍സയുടെ നിര്‍ബന്ധ പ്രകാരം മകന്‍ ഫസ്വല്‍ ഭാര്യ ഇസ്സത്ത് ബീവിയെ ത്വലാഖ് ചൊല്ലി. പ്രണയ നിയന്ത്രണം വിട്ട മീര്‍സ ഒടുവില്‍ മറ്റൊരു പ്രവചനം നടത്തി. മുഹമ്മദീ ബീഗം എന്റെ ഭാര്യയാണ്. ആകാശത്തുവെച്ച് അല്ലാഹുവാണെനിക്ക് അവളെ വിവാഹം ചെയ്തു തന്നത്. എന്നിരിക്കെ മറ്റാര്‍ക്കെങ്കിലും അവളെ വിവാഹം കഴിച്ചു കൊടുത്താല്‍ വരന്‍ രണ്ടര കൊല്ലത്തിനുള്ളിലും പിതാവ് മൂന്നു കൊല്ലത്തിനുള്ളിലും മരണപ്പെടും. ഞാനും അവളും അവളുടെ പിതാവും വിവാഹം വരെ ജീവിച്ചിരിക്കും. വിധവയായിട്ടെങ്കിലും അവളെന്റെ ഭാര്യയായിത്തീരും. മീര്‍സയുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്ത് മുഹമ്മദീ ബീഗവും സുല്‍ത്താന്‍ മുഹമ്മദുമായുള്ള വിവാഹം 1892 ഏപ്രില്‍ 7 ന് സമംഗളം നടന്നു. തീര്‍ത്തും നിരാശനായ മീര്‍സ രണ്ടര വര്‍ഷത്തിനുള്ളില്‍ വരന്‍ മരണപ്പെടുമെന്നുള്ള തന്റെ പ്രവചന പൂര്‍ത്തീകരണത്തിന് പല അക്രമങ്ങളും ആസൂത്രണം ചെയ്തു. പക്ഷേ, മീര്‍സയുടെ പ്രവചനം തെറ്റിച്ചുകൊണ്ട് ബീഗം സുല്‍ത്താന്‍ ദമ്പതിമാര്‍ 1923 വരെ സന്തോഷത്തോടെ സസുഖം ജീവിച്ചു. പ്രസ്തുത കാലയളവില്‍ സുല്‍ത്താന്‍ മരിച്ചിട്ടില്ലെങ്കില്‍ താന്‍ കള്ള പ്രവാചകനാണെന്ന് പരസ്യം ചെയ്ത പാവം മീര്‍സ 1908ല്‍ മരണപ്പെടുകയാണുണ്ടായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ ബേഗ് മരണപ്പെട്ടു. ഈ സംഭവം തന്റെ പ്രവചന പൂര്‍ത്തീകരണമായിട്ടാണ് മീര്‍സ കൊട്ടിഘോഷിച്ചത്. യഥാര്‍ഥത്തില്‍ മീര്‍സയുടെ പ്രവചനം പൊളിച്ചെഴുതുകയാണ് ചെയ്തത്. വരന്‍ രണ്ടര വര്‍ഷത്തിനകം മരണപ്പെട്ട ശേഷം ആറു മാസത്തിനുള്ളില്‍ മീര്‍സയുടെ വിവാഹം നടന്നിട്ടില്ലെങ്കിലാണ് പ്രവചന പ്രകാരം ബേഗ് മരിക്കേണ്ടത്. പ്രവചനങ്ങളെല്ലാം പാളിയപ്പോള്‍ പുതിയ ന്യായീകരണവുമായി നിര്‍ലജ്ജം മീര്‍സ പിടിച്ചു നില്‍ ക്കാന്‍ ശ്രമിക്കുന്നത് കാണുക. പ്രവചനം പുലരാത്തതില്‍ എന്നെ തെറിവിളിക്കുന്നത് മറ്റു പ്രവാചകരിലും ചെന്ന് കൊള്ളുന്ന വിവരം ഈ നെറികെട്ട വര്‍ഗത്തിനറിഞ്ഞുകൂടാ. ആദ്യം അമ്പത് വഖ്തുള്ള നിസ്കാരം അഞ്ചായി മാറിയില്ലേ. മൂസായുടെ ശിപാര്‍ശ കൊണ്ട് നൂറുകണക്കിന് ശിക്ഷകള്‍ നടപ്പാക്കാതെ പോയില്ലേ (ഹഖീഖത്തുല്‍ വഹ്യ്: പേജ്: 133). മീര്‍സയുടെ പ്രവചനങ്ങളാകുന്ന പൊയ്വെടികള്‍ക്ക് അനുയായികള്‍ നല്‍കുന്ന വ്യാഖ്യാനമാണ് ഏറെ രസകരം. ഖുര്‍ആനിന്റെ സംബോധിതര്‍ സമകാലികരും പിന്‍കാലക്കാരുമായതുപോലെ ദമ്പതികള്‍ മുഹമ്മദീ ബീഗവും മീര്‍സയും തന്നെ ആവണമെന്നില്ല. അവരുടെ മക്കളോ അല്ലെങ്കില്‍ ഇരുവരുടെയും ബന്ധത്തിലുള്ള ആരെങ്കിലുമായോ വിവാഹ ബന്ധം നടന്നാലും ഈ പ്രവചനം പൂര്‍ത്തീകരിക്കപ്പെട്ടതായി കണക്കാക്കാം. പാവം ഖാദിയാനികള്‍ ആചാര്യന്റെ പ്രണയ നാടകങ്ങള്‍ വരെ ദിവ്യത നല്‍കി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും വിധിക്കപ്പെട്ടിരിക്കുന്നു.

വാഗ്ദത്ത പുത്രന്‍ പൌത്രനായ കഥ

തന്റെ ഹിസ്റ്റീരിയ മൂലമുണ്ടായതും ഉപചാപക സംഘങ്ങള്‍ പ്രേരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ വഹ്യ്, ഇല്‍ഹാം, കശ്ഫ് തുടങ്ങിയ സദ്നാമങ്ങളില്‍ മുക്കി സമൂഹത്തിന് സമര്‍പ്പിക്കാന്‍ ‘കള്ള പ്രവാചകന്‍’ ശ്രമിച്ചിരുന്നല്ലോ. അതിലൊന്നു പോലും പുലരാതിരുന്നപ്പോള്‍ ന്യായീകരണത്തിന്റെ അഴുക്കു ചാലില്‍ ആഞ്ഞ് മുങ്ങാനാണ് മീര്‍സയും വിശ്വസ്ത സഹചരും കഴിവു കാണിച്ചത്. അത്തരം വൃത്തികെട്ടൊരു ന്യായീകരണത്തിന്റെ കഥയാണ് ‘പുത്രവാഗ്ദാന വഹ്യ്’ മുഖേന ലോകം കണ്ടത്. കഥ ഇങ്ങനെ:

ഈസാ (അ) അന്ത്യകാലത്ത് ഇറങ്ങി വരുമെന്ന ഹദീസില്‍ മഹാന്‍ ഭൂമിയില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാവുമെന്നു കാണാം (കിതാബുല്‍ വഫാ). അഭിനവ ഈസാ നബിയായി അഭിനയിക്കുന്ന മീര്‍സയും എല്ലാ അര്‍ഥത്തിലും ഈസാ(അ) സാദൃശ്യനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി തനിക്കും ഒരു കുഞ്ഞുണ്ടാവുമെന്നും, അതും അഹ്മദ് ബേഗിന്റെ സുന്ദരിയായ പുത്രി മുഹമ്മദീ ബീഗത്തിന്റെ ഉദരത്തില്‍ കൂടിയായിരിക്കുമെന്നും അല്ലാഹു വഹ്യ് ഇറക്കിയതായി വെളിപ്പെടുത്തി. പക്ഷേ, മുഹമ്മദീ ബീഗത്തെ ഒന്നു നേര്‍ക്കു നേര്‍ ദര്‍ശിക്കാന്‍ പോലും കഴിയാതെ മീര്‍സയുടെ പ്രേമനാടകം തിരശ്ശീല വീഴുകയാണല്ലോ ചെയ്തത്. ഇതുവഴി ഇല്‍ഹാമിലെ പ്രഥമ സംഗതി തന്നെ പൊളിഞ്ഞു പോവുകയായിരുന്നു. എന്നാലും യജമാന ഭക്തരായ മീര്‍സായികള്‍ ഇതും ന്യായീകരിക്കാന്‍ ശ്രമിച്ചു. മന്‍സ്വൂര്‍ ഇലാഹിയുടെ വാക്കുകള്‍ ഇങ്ങനെ: ‘മുഹമ്മദീ ബീഗത്തിന്റെ ഉദരത്തില്‍ നിന്നാണ് വാഗ്ദത്ത പുത്രന്‍ ജനിക്കേണ്ടിയിരുന്നത്. അത് നടക്കാത്ത സ്ഥിതിക്ക് ഇല്‍ഹാമിന്റെ താത്പര്യം മറ്റൊന്നായിരിക്കാം. ഇത്തരം ഇല്‍ഹാമുകള്‍ സംശയാസ്പദ(മുതശാബിഹ്)ത്തിന്റെ ഗണത്തില്‍ പെടുന്നു’ (അല്‍ബുശ്റ 5:116). എങ്ങനെയുണ്ട് ന്യായീകരണം? മുതശാബിഹാതിനെ പോലെ ഒരു അവ്യക്തതയും ഇതിലില്ല. വ്യക്തമായ പ്രവചനം പുലരാതെ പോയതിനു കാരണം കണ്ടെത്തുകയല്ലാതെ ന്യായീകരിച്ചു വളച്ചൊപ്പിക്കുവാന്‍ കരണം മറിയുന്നു. ഇത്തരം ഏതാനും അനുയായികളാണ് മീര്‍സക്ക് നിലനില്‍പ് നല്‍കിയിരുന്നത്. എന്നിട്ടും തന്റെ ഭാര്യയുടെ വര്‍ഷം തോറുമുള്ള പ്രസവത്തെ കുറിച്ചെല്ലാം വാഗ്ദത്ത മസീഹിന്റെ ജനനം പ്രവചിച്ച് കൂടുതല്‍ വഷളാവുകയാണുണ്ടായത്. 1886ല്‍ മെഹര്‍ഗാലിയുടെ വീട്ടില്‍ 40 ദിവസം തപസ്സിരുന്നപ്പോള്‍ ‘ദൈവം’ നേരിട്ട് മീര്‍സക്ക് വാഗ്ദത്തപുത്ര വിശേഷണങ്ങള്‍ ഇങ്ങനെ അറിയിച്ചുവത്രെ: ‘അവന്‍ ദൈവത്തിന്റെ പ്രേമപാത്രമാണ്, ചന്ദ്രനു തുല്യമായ അവന്‍ മുഖേന അന്ധകാരം നീങ്ങി ലോകത്ത് വലിയൊരു വിപ്ളവം അരങ്ങേറും’ (സത്യദൂതന്‍ 1987 ഫെബ്രുവരി 2, പേജ്: 51). ‘എല്ലാ പ്രതാപ പ്രൌഢികളും വെളിപ്പെടുത്തി ഒരു തിങ്കളാഴ്ച അല്ലാഹു ഭൂമിയില്‍ ഇറങ്ങിവരും. സംതൃപ്തിയുടെ അത്ത്വര്‍ പുരട്ടിയ അവന്റെ ആത്മാവ് ആ പുത്രനില്‍ നിക്ഷേപിക്കും. അതുവഴി അവന്‍ ലോകത്തിന്റെ സകല അതിരുകളിലും പ്രശസ്തനും ജനങ്ങള്‍ക്ക് അനുഗ്രഹവുമായിത്തീരും’ (തബ്ലീഗെ രിസാല, വാ: 1, പേജ്: 58). ഇങ്ങനെ ഇല്‍ഹാം ലഭിച്ച വര്‍ഷത്തില്‍ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇതായിരിക്കാം പുത്രപ്രവചനത്തിന് ധൈര്യം നല്‍കിയത്. എന്തുചെയ്യാം, ഭാര്യ പ്രസവിച്ചത് ഇസ്മത്ത് എന്ന പെണ്‍കുട്ടിയെ! പുത്രനെ വാഗ്ദത്തം ചെയ്ത ദൈവത്തിന്റെ വ്യക്തമായ വഞ്ചന! ഇത്രയൊക്കെയായിട്ടും മീര്‍സയിലെ പ്രവചന പ്രേതം അടങ്ങിയിരുന്നില്ല. വഹ്യില്‍ വര്‍ഷം വ്യക്തമല്ലെന്നും അടുത്ത ഒമ്പതു വര്‍ഷത്തിനുള്ളില്‍ എപ്പോഴും ആ പരസ്യ പ്രസവം നടക്കാമെന്നും അയാള്‍ തിരുത്തിയിറക്കി. പ്രസവ പരമ്പരയുടെ പ്രഥമ ഘട്ടം വന്‍ പരാജയത്തിലെത്തിയെങ്കിലും മീര്‍സയുടെയും അനുയായികളുടെയും നിരന്തര പ്രാര്‍ഥനയുടെ ഫലമായി 1887 മെയ് 7ന് മീര്‍സയുടെ ഭാര്യ ഒരാണ്‍ കുഞ്ഞിനു ജന്മം നല്‍കി. ആഹ്ളാദഭരിതനായ മീര്‍സ പവിത്രപുത്രന്റെ ജനനം സംഭവിച്ചുവെന്ന് വിളംബരം ചെയ്യാന്‍ പിന്നെ താമസിച്ചില്ല (തബ്ലീഗെ രിസാല, വാ: 1, പേജ്: 99). എന്നാല്‍ വീണ്ടും ദൈവത്തിന്റെ കൊടിയ വഞ്ചന മീര്‍സക്കു നേരെ ആഞ്ഞു പതിച്ചു. ലോകം കീഴടക്കാനുള്ള വാഗ്ദത്ത പുത്രന്‍ 04/10/1989 ല്‍ മരണപ്പെടുകയായിരുന്നു ഇതിന്റെ ഫലം. കേവലം ഒന്നര വയസ് മാത്രമാണ് ആ കുട്ടി ജീവിച്ചത്. ഇതിന് വഹ്യില്‍ തന്നെ ലഭിച്ച ‘ബഷീര്‍’ എന്ന നാമം നല്‍കുക പോലും ചെയ്തിരുന്നുവെന്ന് ഓര്‍ക്കുക. ആത്മാഭിമാനം തൊട്ടുതീണ്ടിയിട്ടില്ലാത്ത മീര്‍സ, ബഷീര്‍ രണ്ടാമനെന്ന വാഗ്ദത്ത പുത്രനെ കുറിച്ച് 1888 ജൂലൈ 10 ന് പ്രവചിക്കുകയും 1889 ജനുവരി 12 ന് തന്റെ ഭാര്യ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു. പക്ഷേ, ഈ കുട്ടി വാഗ്ദത്ത പുത്രനാണെന്ന് അവകാശപ്പെടാന്‍ അയാള്‍ ധൈര്യം കാണിച്ചില്ല (റിവ്യു ഓഫ് റിലീജ്യണ്‍, ലക്കം: 5, പേജ്: 178). പിതാവിന്റെ മരണശേഷം അദ്ദേഹം നല്‍കാന്‍ കൂട്ടാക്കാത്ത വാഗ്ദത്ത പുത്ര പദവി 1944 ജനുവരി 28 ന് പുത്രന്‍ സ്വയം അവകാശപ്പെടുകയായിരുന്നു (അല്‍ഫസല്‍ 11/02/1946). സ്വയം പാഠമുള്‍ക്കൊള്ളാതെ പ്രവചനവര്‍ഷം തുടര്‍ന്ന മീര്‍സ ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ സംസാരിച്ചുവെന്ന് വിശേഷിപ്പിച്ച വാഗ്ദത്തപുത്രന്‍ മുബാറക് അഹ്മദ് 1899 ജൂണ്‍ 14 ന് പ്രസവിക്കപ്പെട്ടു. അപ്പോഴേക്കും പ്രവചന കാലാവധി കഴിഞ്ഞിട്ട് അഞ്ചു വര്‍ഷമായിരുന്നുവെങ്കിലും ഈ കുട്ടിയുടെ ജനനം ഖാദിയാനില്‍ ഒരു പുത്തനുണര്‍വ് നല്‍കി. എട്ടാം വയസ്സില്‍ തന്നെ പുത്രനു വിവാഹം ചെയ്തു കൊടുക്കുക പോലും ചെയ്തുവെങ്കിലും 1907 ആഗസ്റ്റ് മാസം മുബാറകും മരണപ്പെട്ടു. ഒരു പ്രവാചകനെയും ദൈവം വഞ്ചിക്കില്ല; എന്നല്ല ദൈവമാണെങ്കില്‍ വഞ്ചന പോലുള്ള ദൌര്‍ബല്യങ്ങള്‍ ആര്‍ക്കു നേരെയുമുണ്ടാവില്ല. എന്നാല്‍ പാവം മീര്‍സാ ‘പ്രവാചകനെ’ നിരന്തര പ്രവചനങ്ങളും അതേക്കാള്‍ ഉഗ്രമായ ലംഘനങ്ങളും നല്‍കി തന്റെ ദൈവം വഞ്ചിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ വ്യക്തമായ തെളിവായിരുന്നു അഞ്ചാമനായൊരു വാഗ്ദത്തപുത്രനെ നല്‍കുമെന്ന ഇല്‍ഹാം (മഹാബിബുറഹ്മാന്‍, പേജ്: 139). പെണ്‍കുട്ടിയെ നല്‍കിക്കൊണ്ട്!

ദൈവം തട്ടിപ്പു നടത്തിയത്!

തനിക്ക് വാഗ്ദത്ത പുത്രനെ ലഭിക്കില്ലെന്ന തിരിച്ചറിവ് ഇതിനിടെ മീര്‍സ നേടിക്കഴിഞ്ഞിരുന്നു. ഇതിന്റെ പ്രതിഫലനമായി വാഗ്ദത്ത പുത്രനെക്കുറിച്ചുള്ള പ്രവചനം അടുത്ത തലമുറയിലോ മറ്റോ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ചില പ്രവചനങ്ങള്‍ പ്രവചിക്കപ്പെടുന്ന വ്യക്തിയില്‍ നിര്‍വര്‍ത്തിപ്പിക്കപ്പെടാതെ മറ്റു വ്യക്തികളിലോ സമൂഹത്തിലോ പിന്‍തലമുറയിലോ വാസ്തവമാകാമെന്ന് അയാള്‍ പ്രഖ്യാപിച്ചു കള ഞ്ഞു (തഫ്ഹീമാതെ റബ്ബാനി, പേജ്: 571). ഇത്തരമൊരു പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചുകൊണ്ട് തന്റെ വാഗ്ദത്തപുത്രന്‍ മരുമകളുടെ ഗര്‍ഭത്തിലാണ് ജനിച്ചതെന്നാണ്് മീര്‍സാ ഗുലാം അരുള്‍ ചെയ്തത് (ഹഖീഖതുല്‍ വഹ്യ്, പേജ്: 219).


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും