Click to Download Ihyaussunna Application Form
 

 

യേശു ക്രിസ്തു കാശ്മീരില്‍

ഈസാ നബി(അ)യെ കുറിച്ച് അവ്യക്തതകള്‍ക്കവകാശമില്ലാത്ത വിധം ഖുര്‍ആനും ഹദീസുകളും പ്രതിപാദിച്ചിട്ടുണ്ട്. ശത്രുവ്യൂഹം മഹാനെ കൊല ചെയ്യാന്‍ വേണ്ടി തന്ത്രങ്ങള്‍ മെനയുകയും സജ്ജരായി രംഗത്തു വരികയും ചെയ്തപ്പോള്‍ അല്ലാഹു അദ്ദേഹത്തെ ആകാശലോകത്തേക്കുയര്‍ത്തി. ഖുര്‍ആന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ പ്രവാചകനായ ഈസാ(അ)നെ വധിച്ചുവെന്ന് പറയുന്നതിനാലും (ജൂതര്‍ അഭിശപ്തരായി). അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല. കുരിശില്‍ തറച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലകപ്പെടുകയാണ് ചെയ്തത്. ഈസാ നബിയുടെ കാര്യത്തില്‍ അഭിപ്രായാന്തരമുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് സംശയാലുക്കളാണ്. ഊഹം പിന്തുടരുകയല്ലാതെ അവര്‍ക്ക് അതു സംബന്ധമായി ദൃഢജ്ഞാനമില്ല. അവര്‍ അദ്ദേഹത്തെ വധിച്ചിട്ടില്ല തന്നെ. അല്ലാഹു അദ്ദേഹത്തെ അവനിലേക്കുയര്‍ത്തുകയാണുണ്ടായത്. അവന്‍ പ്രതാപിയും തന്ത്രജ്ഞനുമത്രെ’ (4: 157,158). നിരവധി ഹദീസ് ഗ്രന്ഥങ്ങളും ഇത് സാക്ഷാത്കരിക്കുന്നുണ്ട്.

വസ്തുത ഇതാണെങ്കിലും, ഈസാ നബി(അ)യെ എങ്ങനെയെങ്കിലും വധിച്ച് ജൂതന്മാര്‍ക്ക് സഹായം ചെയ്യാനും അതുവഴി രണ്ടാം വരവ് നിഷേധിക്കാനും മീര്‍സയും അനുയായികളും ഭഗീരഥയത്നം നടത്തിയിട്ടുണ്ട്. ഈസാ നബി(അ) മരിച്ചുവെന്ന് സമര്‍ഥിക്കപ്പെട്ടാല്‍ മരിച്ച വ്യക്തി തിരിച്ചു വരാത്തതിനാല്‍ രണ്ടാം വരവ് ഉണ്ടാവില്ലെന്നും വരുമെന്ന ഹദീസുകളില്‍ പറഞ്ഞത് താനാണെന്നും സമര്‍ഥിക്കുകയാണ് ഖാദിയാനികളുടെ താത്പര്യം. ഇതിനുവേണ്ടി സങ്കീര്‍ണങ്ങളായ പല പ്രശ്നങ്ങളും വലിച്ചിഴച്ച് അവയ്ക്ക് അമിത പ്രാധാന്യം നല്‍കാനും ഗവേഷണങ്ങളെന്ന പേരില്‍ വന്‍ വിഡ്ഢിത്തങ്ങള്‍ പ്രസിദ്ധീകരിക്കാനും ഇന്നും മീര്‍സായികള്‍ ഔത്സുക്യം കാണിക്കുന്നുണ്ട്. മീര്‍സാ ഗുലാം ഖാദിയാനി തന്നെ എഴുതിയ ‘യേശു മിശിഹ ഇന്ത്യയില്‍’, ജെ. ഡി. ശംസ് എച്ച്. ഏ. രചിച്ച ‘യേശു ക്രിസ്തു കാശ്മീരില്‍’ എന്നീ രണ്ടു ക്ഷുദ്ര കൃതികള്‍ ഈ വങ്കത്തം സമര്‍ഥിക്കാന്‍ നിര്‍മിക്കപ്പെട്ടതാണ്. ഇവയില്‍ ഓരോ അബദ്ധങ്ങള്‍ക്കും മറുപടി കുറിക്കുക ഇവിടെ ഉദ്ദേശ്യമില്ല. പൊതുവായി ചിലത് പരാമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഈസാ നബിയാണെന്ന അവകാശ വാദം മീര്‍സ മുഴക്കുന്നതിനാല്‍ ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ട്.

ഈസാ നബി(അ)യുടെ ആകാശാരോഹണം വിശദീകരിക്കുന്ന ധാരാളം ഇസ്ലാമിക രേഖകള്‍ക്കെതിരെ, മീര്‍സായികള്‍ ഉദ്ധരിക്കുന്ന ഏക തെളിവ് വിശുദ്ധ ഖുര്‍ആന്‍ അല്‍മുഅ്മിനൂന്‍ സൂറയിലെ 51‏-ാം സൂക്തമാണ്. അതിന് ഖാദിയാനികള്‍ നല്‍കുന്ന അര്‍ഥമിങ്ങനെ. നാം ഇബ്നു മര്‍യമിനെയും അദ്ദേഹത്തിന്റെ മാതാവിനെയും ഒരു അടയാളമാക്കിയിരിക്കുന്നു. നാം ഇവര്‍ക്ക് രണ്ടു പേര്‍ക്കും നിവാസയോഗ്യവും ഒഴുകുന്ന വെള്ളമുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് (കാശ്മീര്‍) അഭയം നല്‍കി (ഉയര്‍ന്ന സ്ഥലത്തിന്റെ വിവക്ഷ കാശ്മീരാണെന്ന് മീര്‍സായികളുടെ പല പ്രസിദ്ധീകരണങ്ങളിലും അവരുടെ ഔദ്യോഗിക ഖുര്‍ആന്‍ വ്യാഖ്യാനത്തിലും കാണാം, പേജ്: 642). ഇത് പരാമര്‍ശിക്കുന്നതു തന്നെ ഈസാ പ്രവാചകന്റെ ബാല്യ കാലത്തെ സംഭവമാണല്ലോ.

രണ്ടു കൃതികളുടെയും ഏകദേശ ഭാഗങ്ങളെല്ലാം നിലവിലുള്ള ബൈബിള്‍ സുവിശേഷങ്ങളില്‍ നിന്ന് യേശു ക്രിസ്തു കുരിശില്‍ തറക്കപ്പെട്ടിട്ടുണ്ടെങ്കിലും മരണപ്പെട്ടില്ലെന്ന് സമര്‍ഥിക്കാനാണ്. ഈസാ നബിയെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ക്ക് പരിഹാരം ലഭിക്കാന്‍ ബൈബിള്‍ പുസ്തകങ്ങള്‍ തെളിവാക്കാമെങ്കില്‍, വളച്ചുകെട്ടില്ലാതെ, ന്യായീകരണത്തിന്റെ വലിച്ചു നീട്ടലുകളില്ലാതെ അദ്ദേഹം കുരിശില്‍ മരണപ്പെട്ടുവെന്നും അവയിലുണ്ടല്ലോ. ഖുര്‍ആനിലെ വ്യക്തമായ പരാമര്‍ശത്തേക്കാള്‍ ബൈബിള്‍ വചനങ്ങളുടെ വരികള്‍ക്കിടയിലെ ഗോപ്യമായ വായനയാണ് പ്രമാണമെങ്കില്‍ ബൈബിള്‍ പഠിപ്പിക്കുന്ന വ്യക്തമായ രൂപത്തിലുള്ള കുരിശു മരണം എങ്ങനെ നിഷേധിക്കാനാവും. ചില വാക്യങ്ങള്‍ ഇങ്ങനെ വായിക്കാം. ‘അ പ്പോള്‍ യേശു ഉറക്കെ നിലവിളിച്ചു. പിതാവേ, നിന്റെ കൈകളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.’ ഇതു പറഞ്ഞ ശേഷം അവന്‍ അന്ത്യശ്വാസം വലിച്ചു (ലൂക്കോസ് 23:46). യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു. എല്ലാം പൂര്‍ത്തിയായി, അവന്‍ തലകുനിച്ചു പ്രാണന്‍ വെടിഞ്ഞു (യോഹന്നാന്‍ 19:30). യേശു വീണ്ടും ഉച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു (മത്തായി 27:50).

യേശു ഉറക്കെ നിലവിളിച്ച് അന്ത്യശ്വാസം വലിച്ചു (മത്തായി 27:50). ബൈബിളിന്റെ ഈ വാക്യങ്ങള്‍ യേശു ക്രിസ്തു കുരിശില്‍ മരിച്ചുവെന്നത് തെളിയിക്കുന്നുണ്ടല്ലോ. ഇവയത്രയും മൂടിവെച്ച് മറ്റു ചില വാക്യങ്ങള്‍ക്ക് സുദീര്‍ഘ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാനാണ് ഖാദിയാനിയും ശിങ്കിടികളും ശ്രമിച്ചു കാണുന്നത്. ഈസാ നബിയുടെ അത്ഭുത സംഭവത്തിന് തീര്‍പ്പു കല്‍പിക്കാന്‍ ബൈബിള്‍ ആശ്രയിക്കാമെങ്കില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനം നല്‍കേണ്ടത് വിശദീകരണം ആവശ്യമില്ലാത്ത ഈ വാക്യങ്ങള്‍ക്കാണ്.

ഇതിനനുബന്ധമായി ചിന്തിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. അതായത്, യേശുവിന്റെ അരുമ ശിഷ്യനായ ബര്‍ണബാസ് എഴുതിയ ഒരു സുവിശേഷമുണ്ട്. ക്രൈസ്തവര്‍ക്ക് അപ്രിയമായ പല സത്യങ്ങളും വിളിച്ചു പറയുന്നതിനാല്‍ ക്രൈസ്തവ ലോകം പൂര്‍ണമായി ഇതിനെ പ്രാമാണികമായി കാണുന്നില്ല. മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നിലനിന്നിരുന്നുവെന്ന് ചരിത്രപരമായി തെളിയുന്നതിനാല്‍ മുസ്ലിം സൃഷ്ടിയാണിതെന്ന ആരോപണം അധരവ്യായാമം മാത്രമാണാവുക. ബര്‍ ണബാസ് ബൈബിളിന്റെ അപ്രമാദിത്വം വിപുലമായ രൂപത്തില്‍ തെളിയിക്കാന്‍ ഇവിടെ ആഗ്രഹിക്കുന്നില്ല. ക്രൈസ്തവ ലോകം പ്രസ്തുത ഗ്രന്ഥം അംഗീകരിക്കുകയോ അവഗണിക്കുകയോ ചെയ്യട്ടെ. ഖാദിയാനികള്‍ക്ക് അതിന്റെ പ്രാമാണികത അംഗീകരിച്ചേ തീരൂ. കാരണം ഖാദിയാനി മതസ്ഥാപകന്‍ തന്നെ എഴുതി. ഈ സുവിശേഷം ലണ്ടനിലെ മ്യൂസിയം ഗ്രന്ഥശാലയിലും ഉണ്ടായിരിക്കണം. ഈ പുസ്തകം നിലവിലുള്ള സുവിശേഷ സംഹിതയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടില്ലെന്നത് ശരി തന്നെ. എങ്കിലും അതങ്ങനെ സ്വീകാര്യമല്ലാത്ത വിധം തള്ളപ്പെട്ടിരിക്കുന്നത് ന്യായമായ ഒരു വിധിപ്രകാരമായിരുന്നില്ല. ഏതായാലും അത് സുവിശേഷങ്ങളുടെ രചനാ കാലത്തു തന്നെ വിരചിതമായിട്ടുള്ള ഒരു പൌരാണിക കൃതിയാണെന്നതു അനിഷേധ്യമാണ്. ഈ സ്ഥിതിക്ക് ഈ പഴയ പുസ്തകത്തെ പുരാതന ചരിത്ര രേഖയായി കരുതുവാനും അതിന്‍ പ്രകാരം അതിനെ പ്രയോജനപ്പെടുത്തുവാനും നമുക്കവകാശമില്ലേ (യേശു മിശിഹ ഇന്ത്യയില്‍, പേജ്:32).

ഖാദിയാനികളുടെ ആധികാരിക ഖുര്‍ആന്‍ പരിഭാഷയിലും ബര്‍ണബാസ് ബൈബിള്‍ പ്രാമാണികമാണെന്ന് അംഗീകരിച്ച് ഉപയോഗപ്പെടുത്തിയത് കാണാനാവും (പേജ്: 1051).

ഇങ്ങനെയൊക്കെ പ്രസക്തമായ പ്രസ്തുത ബൈബിളില്‍ കുരിശിനെ കുറിച്ച് പറയുന്നതെന്തെന്നു നോ ക്കാം. യേശു ഇരിക്കുന്ന സ്ഥലത്തിനടുത്ത് പട്ടാളവും ജൂതാസും എത്തിയപ്പോള്‍, ധാരാളം ആളുകള്‍ അടുത്ത് വരുന്ന ശബ്ദം യേശു ശ്രവിച്ചു. അപ്പോള്‍ അദ്ദേഹം പേടിച്ച് വീട്ടിനുള്ളിലേക്ക് പോയി. പതിനൊന്ന് ശിഷ്യരും ഉറങ്ങുകയായിരുന്നു. തന്റെ ദാസന്റെ അപകടനില കണ്ട ദൈവം തന്റെ മന്ത്രിമാരായ ഗബ്രിയേല്‍, മീഖായേല്‍, റാഹേല്‍, യുറിയേല്‍ എന്നിവരോട് യേശുവിനെ ഈ ഭൂമിയില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ കല്‍പിച്ചു.

ആ പരിശുദ്ധ മാലാഖമാര്‍ യേശുവിന്റെ അരികില്‍ വന്ന് യേശുവിനെ തെക്കു വശത്തുള്ള ജനല്‍ വഴി പുറത്തു കടത്തി. എന്നിട്ട് അദ്ദേഹത്തെ വഹിച്ചുകൊണ്ടു പോയി. അവര്‍ മറ്റു മാലാഖമാരുടെ അകമ്പടിയോടെ 3‏-‏ാം ആകാശത്തു വെച്ച് (അധ്യായം 215) ഒറ്റു കൊടുക്കാന്‍ വന്ന ജൂദാസിന് യേശുവിന്റെ രൂപം നല്‍കിയതും അദ്ദേഹത്തെ ജൂതര്‍ യേശുവാണെന്ന തെറ്റിദ്ധാരണയില്‍ കുരിശില്‍ തറച്ചുവെന്നും തുടര്‍ ന്നു പറയുന്നുണ്ട്. ഖാദിയാനി ‘പ്രവാചകന്‍’ തന്നെ പുകഴ്ത്തിപ്പറഞ്ഞ ബര്‍ണബാസ് ബൈബിളിനു വിരുദ്ധമായി ഖാദിയാനി മതക്കാര്‍ നീങ്ങുന്നത് ആശാവഹമല്ലെന്നു മാത്രം ഉണര്‍ത്തുന്നു. മീര്‍സ പറഞ്ഞതുപോലെ പുരാതന ചരിത്ര രേഖയാണെന്ന നിലയില്‍ ഇതിലുള്ള കാര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്വന്തം അനുയായികളെങ്കിലും മുന്നോട്ടു വരികയും യേശു ക്രിസ്തുവിനെ കാശ്മീരില്‍ ഖബറടക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.

ഖാദിയാനി ബര്‍ണബാസ് സുവിശേഷത്തില്‍ നടത്തിയ ഒരു കടുത്ത വഞ്ചന കൂടി അനാവരണം ചെയ്ത് ഈ ചര്‍ച്ച അവസാനിപ്പിക്കാം. യേശുവിനെ കാശ്മീരിലെത്തിച്ച് അവിടെ മറവു ചെയ്യാന്‍ കുരിശില്‍ യേശു മരിച്ചിട്ടില്ലെന്ന് അയാള്‍ക്കു ലഭിക്കണം. അതിനുവേണ്ടിയുള്ള ബൈബിള്‍ ഗവേഷണങ്ങളില്‍, തന്റെ വാദത്തിനു തെളിവായി ബര്‍ണബാസ് ബൈബിള്‍ മീര്‍സ ഇങ്ങനെ ഉദ്ധരിച്ചു. ‘മറ്റൊരു സംഗതി ഗൌനിക്കതായിട്ടുള്ളത് ബര്‍ണബാസിന്റെ സുവിശേഷത്തിലെ ഒരു പ്രസ്താവനയാണ്. അതായത്, ക്രിസ് തുവിനെ ക്രൂശിച്ചു കൊന്നിട്ടില്ലെന്നും അദ്ദേഹം കുരിശിന്മേല്‍ പ്രാണന്‍ വിട്ടിരുന്നില്ലെന്നും അതില്‍ എഴുതപ്പെട്ടു കാണ്മാനുണ്ട്’ (യേശു മശിഹ ഇന്ത്യയില്‍, പേജ്:32). ഇവിടെ പ്രശ്നമെന്താണെന്നു വെച്ചാല്‍ ധര്‍മത്തിന്റെ മൂര്‍ത്ത രൂപമായി പ്രബോധിതര്‍ക്കു മുമ്പിലെ മാതൃകാപുരുഷനാവേണ്ട മീര്‍സ ഗുരുതരമായൊരു വഞ്ചനയാണ് ഈ ഉദ്ധരണിയിലൊപ്പിച്ചിരിക്കുന്നത്. മരണപ്പെട്ടിട്ടില്ലെന്ന് ബര്‍ണബാസിലുണ്ടെന്ന് പറഞ്ഞ് നിര്‍ത്തിയ മീര്‍സ, യേശു മരണപ്പെടാതിരിക്കാന്‍ പ്രസ്തുത സുവിശേഷം കാണിക്കുന്ന സംഭവം (ആകാശത്തേക്കുയര്‍ത്തി അവിടെ സംരക്ഷിച്ചതു) പൂര്‍ണമായി മൂടിവെക്കുകയാണുണ്ടായത്. ഒരു പ്രവാചകനെന്നല്ല, സാധാരണക്കാര്‍ക്കു കൂടി മനഃപ്രയാസമുള്ളൊരു കാര്യം സ്വയം ഏറ്റെടുത്ത് ഈ സമൂഹ ത്തെ വഞ്ചിച്ചത് മീര്‍സയുടെ ഭ്രാന്തന്‍ ദൈവത്തിന്റെ ഇല്‍ഹാം മൂലമായിരിക്കും. എന്തായാലും സ്വയമൊരു നബിയായിത്തീരാന്‍ മീര്‍സ കാണിക്കുന്ന അസാമാന്യമായ അദ്ധ്വാനത്തിന് നിത്യസ്മാരകമായി ഈ കൊടിയ തട്ടിപ്പും നിലനില്‍ക്കട്ടെ.


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും