Click to Download Ihyaussunna Application Form
 

 

മീര്‍സയുടെ അവകാശവാദങ്ങള്‍

ലോകത്ത് നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരെയും ഒരു മനുഷ്യനില്‍ ഒരുമിച്ചു കൂട്ടാന്‍ അല്ലാഹു ഉദ്ദേശിച്ചു. ആ മനുഷ്യന്‍ ഞാനാണെന്ന് ഖുത്വുബയെ ഇല്‍ഹാമിയ്യിയില്‍ അവകാശപ്പെട്ട മീര്‍സ എഴുതുന്നു. ആദം നബി മുതല്‍ നൂഹ്, ശീസ്, ഇബ്റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ്, ദാവൂദ്, മൂസാ, ഈസാ, മുഹമ്മദ് വരെയുള്ള പ്രവാചകരൊക്കെ ഞാന്‍ തന്നെ (ഹഖീഖത്തുല്‍ വഹ്യ് ഹാശിയ 72). പരലക്ഷം പ്രവാചകന്മാരെ പേറിയ മീര്‍സ, പൂര്‍വ പ്രവാചകന്മാരൊന്നും പ്രസ്തുത സ്ഥാനത്തിനര്‍ഹരല്ലെന്നാണ് പറയുന്നത് (ഹഖീഖത്തുല്‍ വഹ്യ്: 390). ഉലുല്‍അസ്മുകളില്‍ പെട്ട ചിലരേക്കാള്‍ ശ്രേഷ്ഠത മീര്‍സക്കാണെന്നാണ് മകന്‍ ബശീറുദ്ദീന്‍ രേഖപ്പെടുത്തിയത്(ഹഖീഖത്തുന്നുബുവ്വ: 257). പൂര്‍വ പ്രവാചകന്മാരുടെ പൂര്‍ണത തന്നില്‍ കുടികൊള്ളുന്നുവെന്നും തന്റെ മുന്‍ ജന്മങ്ങള്‍ അപൂര്‍ണങ്ങളായിരുന്നുവെന്നും മീര്‍സ പറയുന്നു (അല്‍ഖുത്ത്വുബാത്തുല്‍ ഇല്‍ഹാമിയ്യ: 180). സൃഷ്ടി ശ്രേഷ്ഠരും ഉല്‍കൃഷ്ടരുമായ മുഹമ്മദ് നബി(സ്വ)ക്കു പോലും തന്നെ മറികടക്കാനാവില്ലെന്നാണ് മീര്‍സയുടെ പക്ഷം. മുഹമ്മദ് നബി(സ്വ)യെക്കാള്‍ അമാനുഷിക സിദ്ധികള്‍ അവകാശപ്പെട്ട മീര്‍സ പറയുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുഅ്ജിസത്തായി ചന്ദ്രഗ്രഹണമാണുണ്ടായതെങ്കില്‍ തനിക്ക് സൂര്യചന്ദ്ര ഗ്രഹണമുണ്ടായിട്ടുണ്ട് (ഇഅ്ജാസെ അഹ്മദി: 71).

മീര്‍സായുടെ അവകാശവാദങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. മനുഷ്യനെന്നോ മലകെന്നോ ജീവനുള്ളതെന്നോ ജീവനില്ലാത്തതെന്നോ ഉള്ള വ്യത്യാസമില്ലാത്ത വിധം തോന്നിയതെല്ലാം താനാണെന്ന് അവകാശപ്പെട്ടു. ഉദാഹരണമായി മീകാഈലാണെന്നും(അര്‍ബഈന്‍ ഹാശിയ 3:25), ദുല്‍ഖര്‍നൈനിയാണെന്നും (നുസ്വ്റത്തുല്‍ ഹഖ്: 90), ഹജറുല്‍ അസ്വദാണെന്നും (ഹഖീഖത്തുല്‍ വഹ്യ്: 41), ആര്യന്മാരുടെ ബാദുഷായെന്നും (ഹഖീഖത്തുല്‍ വഹ്യ്: 155) വാദിച്ച മീര്‍സ താന്‍ ഈസയും മര്‍യമും ഈസബ്നു മര്‍യമുമാണെന്നും അവകാശപ്പെട്ടു. ഒരേ സമയം ആണും പെണ്ണും ഉമ്മയും മകനുമായി മാറുന്ന മാസ്മരികമായ ജാലം മാന്യവായനക്കാരെ ആശ്ചര്യപ്പെടുത്തുന്നുണ്ടാകും. ഒട്ടേറെ റോളുകളില്‍ ഒരേ സമയം അഭിനയിച്ച, അമ്പരപ്പിക്കുന്ന നാടകം മീര്‍സ തന്നെ അവതരിപ്പിക്കുന്നത് കാണുക. ഒരിക്കല്‍ അല്ലാഹു എന്നെ മര്‍യം എന്നു വിളിച്ചു. ആ വിളിയെ തുടര്‍ന്ന് രണ്ടു വര്‍ഷം ഞാന്‍ പര്‍ദ്ദ ധരിച്ചു. ആയിടക്ക് എന്നില്‍ ഈസയുടെ ആത്മാവ് ഊതപ്പെട്ടു. പത്തു വര്‍ഷം കൊണ്ട് ഞാന്‍ മര്‍യമില്‍ നിന്നു ഈസയായി ജന്മമെടുത്തു. അങ്ങനെയാണ് ഞാന്‍ ഈസബ്നു മര്‍യമായത് (കിശ്തിയേ നൂഹ് 46,47). ഈ നാടകത്തിലൂടെ പരിഹാസ്യമായത് ‘എരപ്പന്റെ പുതപ്പ്’ അന്വര്‍ഥമാക്കിയ മീര്‍സയുടെ അസുഖമാണ്. അത് വായനക്കാര്‍ക്ക് പിടികിട്ടിക്കാണും. പ്രായോഗികവും ശാസ്ത്രീയവുമായ ശരീഅത്ത് നിയമങ്ങളുടെ സാധ്യത ചോദ്യം ചെ യ്യുന്ന മീര്‍സാനുയായികളായ ബുദ്ധിജീവികള്‍ ഇത്തരം ബാലിശ വാദങ്ങള്‍ അണ്ണാക്ക് തൊടാതെ അകത്താക്കുന്നതിലാണത്ഭുതം.

എന്നാല്‍ ഇത്തരം നാടകങ്ങളൊന്നും മീര്‍സയിലെ ‘സ്ഥാനമോഹിയെ’ സംതൃപ്തനാക്കിയില്ല. മീര്‍സ യുടെ അടുത്ത പ്ളാന്‍ ദൈവിക സിംഹാസനത്തിലേക്കുള്ള ആരോഹണമായിരുന്നു. അതിന്റെ ഭാഗമായി ആദ്യം അവകാശപ്പെട്ടത് ദൈവപുത്ര പദവിയാണ്. മീര്‍സ പറയുന്നു: ‘എന്റെ മകനേ നീ കേള്‍ക്കൂ എന്ന് എന്നോട് അല്ലാഹു പറഞ്ഞതും’ (ഹമാമത്തുല്‍ ബുശ്റ: 34). ഇതുകേട്ട മീര്‍സ കുറച്ചു കാലം ദൈവത്തിന്റെ കുട്ടിയായി. ഓടിച്ചാടി നടന്നു. അടുത്ത ഉന്നം ദൈവത്തിന്റെ പത്നി പദത്തിലേക്കായിരുന്നു. മീര്‍സ പറയുന്നു. ഒരു സ്വപ്നത്തില്‍ ഞാന്‍ സ്ത്രീയായും അല്ലാഹു പൌരുഷം പ്രകടിപ്പിക്കുന്നതായും കണ്ടു (ഇസ്ലാമീ ഖുര്‍ബാനി: 34). തുടര്‍ന്ന് ദൈവ പുത്ര പത്നിപദങ്ങള്‍ വലിച്ചെറിഞ്ഞ മീര്‍സ ഒറിജിനല്‍ ദൈവത്വത്തിലേക്ക് എടുത്തു ചാടി. മീര്‍സ പറയുന്നു. ഞാന്‍ ദൈവമാണെന്നെനിക്ക് സ്വപ്നദര്‍ശനമുണ്ടായി. ഞാനുറപ്പിച്ചു. ഞാന്‍ തന്നെ ദൈവം (ആയിനെ കമാലാതെ ഇസ്ലാം: 364). ദൈവിക കസേരയിലിരുന്ന മീര്‍സ കുറെ പ്രഖ്യാപനങ്ങള്‍ നടത്തി. ഞാന്‍ പുതിയൊരാകാശവും ഭൂമിയും ഉണ്ടാക്കണമെന്നുദ്ദേശിക്കുന്നു. ആദ്യം അവ വേര്‍പെടുത്തുകയോ ക്രമാതീനമാക്കുകയോ ചെയ്തിരുന്നില്ല (ആയിനെ കമാലാതെ ഇസ്ലാം: 565). എന്നാല്‍ ദൈവ കുപ്പായവും മീര്‍സക്ക് യോജിച്ചതായി തോന്നിയില്ല. മീര്‍സയിലെ ‘തന്നെ പൊക്കി’ ദൈവികത വിട്ട് ദൈവ പിതൃത്വം അവകാശപ്പെട്ടു. ആശാന്റെ വാക്കുകള്‍ കാണുക. ദൈവം എന്റെ മകനാണ് (ഹഖീഖത്തുല്‍ വഹ്യ്: 74). പാവം മീര്‍സ ഗുളിക വാങ്ങാന്‍ കാശില്ലാതെ രോഗം മൂര്‍ഛിച്ചപ്പോഴാണ് സൂചിത തസ്തികകള്‍ അവകാശപ്പെട്ടത്. വിലായത്ത് മുതല്‍ ഉലൂഹിയ്യത്ത് വരെ അവകാശപ്പെട്ട മീര്‍സയെന്ന മജ്നൂനെ മെന്റല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യുന്നതിനു പകരം തെരുവിലേക്ക് ഇറക്കി വിടുകയും അവകാശവാദങ്ങള്‍ കേട്ട് ആര്‍ത്ത് ചിരിക്കുകയും ചെയ്തവര്‍ ആരായാലും മാപ്പര്‍ഹിക്കുന്നില്ല.

അന്ത്യനാള്‍ വരെ അലംഘനീയമായ ഇസ്ലാമിക വിശ്വാസ കര്‍മരംഗത്ത് നേരിയ ചലനം സൃഷ്ടിക്കാന്‍ പോലും മീര്‍സക്കായില്ല ഭ്രാന്തന്മാര്‍ക്ക് മതവിധി ബാധകമല്ലെന്ന നിയമജ്ഞാനമായിരിക്കാം സമകാലിക സമൂഹം മീര്‍സയെ വെറുതെ വിടാന്‍ കാരണം. മുസ്ലിംകള്‍ അവനെ അവഗണിക്കുന്നുവെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് മറ്റിതര മതവിശ്വാസികളെ വശീകരിക്കാന്‍ ശ്രമം നടത്തിയത്. മുസ്ലിംകളും ഹൈന്ദവ ക്രിസ്തീയ ബൌദ്ധ വിഭാഗങ്ങളും പ്രതീക്ഷിക്കുന്ന മഹ്ദിയും മിശിഹായും കല്‍ക്കിയും ഭഗവാന്‍ മത്തിയയും താനാണെന്നു വാദിച്ചു. മുസല്‍മാന്മാര്‍ക്ക് ഞാന്‍ മഹ്ദിയും ക്രിസ്ത്യാനികള്‍ക്ക് മിശിഹായും ഹിന്ദുക്കള്‍ക്ക് കൃഷ്ണനും മറ്റു മതവിഭാഗങ്ങള്‍ക്ക് അവരവരുടെ വാഗ്ദത്തോദ്ധാരകനുമാണ് (സന്മാര്‍ഗ ദര്‍ശിനി: 18).

ഹൈന്ദവ വിശ്വാസ പ്രകാരം പരമേശ്വരന്റെ ദശാവതാരങ്ങളിലൊന്നായ കൃഷ്ണന്‍ താനാണെന്ന് വാദിക്കുന്ന മീര്‍സ തന്നെയും തന്റെ മുന്‍ ജന്മങ്ങളെയും തെറിയഭിഷേകം ചെയ്യുന്നതായി കാണാം. രാമനും കൃഷ്ണനും മത്സ്യവുമായി ഭൂമിയില്‍ അവതരിച്ച പരമേശ്വരന്‍ ഒരിക്കല്‍ പന്നിയായി പ്രത്യക്ഷപ്പെടുകയും പന്നികളുടെ ഇഷ്ട ഭോജ്യം…… കഴിക്കുകയും ചെയ്തു (രഹ്നയേ ഹഖ്: 52). മീര്‍സയുടെ ഹോബി തെറിപ്പൂരമാണ്. തനിക്കെതിരെ താന്‍ നടത്തുന്ന തെറിയഭിഷേകം പോലും മീര്‍സക്ക് ഹരം പകര്‍ന്നു. താന്‍ ഈസയാണെന്ന് വാദിക്കുന്ന മീര്‍സ ഈസാ നബിയെ തെറിവിളിക്കുന്നത് കാണുക. ഈസ തീറ്റക്കൊതിയനും മദ്യപാനിയും അഹംഭാവിയുമാണ്. സത്യസന്ധനോ ഭക്തനോ ആയിരുന്നില്ല. ദൈവ വാദം വരെ ഉന്നയിച്ചു (മക്തുബാത്തേ അഹമദിയ്യ, വാ: 3, പേ: 21,22). മീര്‍സയുടെ അഭിശപ്ത തൂലിക പ്രവാചകന്മാര്‍ക്കെതിരെ എഴുതിക്കൂട്ടിയ അശ്ളീലങ്ങള്‍ക്കു കയ്യും കണക്കുമില്ല.

ഖാദിയാനിയുടെ അവകാശ വാദങ്ങള്‍ അഖിലവും അവഗണിച്ച മുസ്ലിംകളെ വിശ്വാസപരമായി വിഭജിക്കാന്‍ മീര്‍സയും കമ്പനിയും സ്വീകരിച്ച മറ്റൊരു തന്ത്രമായിരുന്നു ഖുര്‍ആന്‍ വ്യാഖ്യാനം.

ഖുര്‍ആനിലെ നിരവധി ആയത്തുകളിലെ സംബോധവും ഇതിവൃത്തവും താനാണെന്നാണ് മീര്‍സയുടെ അവകാശവാദം. മാത്രവുമല്ല അന്ത്യനാളിലെ അത്യന്തം ഭീകരമായ അവസ്ഥാ വിശേഷങ്ങള്‍ വിശദീകരിക്കുന്ന ആയത്തുകളില്‍ പലതും തന്റെ ആഗമന കാലഘട്ടത്തെ കുറിച്ചും അന്നത്തെ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളെക്കുറിച്ചുമാണ് എന്നാണ് മീര്‍സാ ഭക്തന്മാരുടെ വിശ്വാസം. ഉദാഹരണമായി സൂറത്തു തക്വീറിലെ ഖാദിയാനി വ്യാഖ്യാനം കാണുക. ഒട്ടകങ്ങള്‍ ഉപേക്ഷിക്കപ്പെടും (ട്രാന്‍സ്പോര്‍ട്ട് വിപ്ളവം), വഹ്ശികള്‍ സംയോജിക്കപ്പെടും (വന്യ ജന്തുക്കള്‍ ആദിവാസികള്‍ ഗിരിജനങ്ങള്‍), ജനം ഉദ്ഗ്രഥിക്കപ്പെടും (ദേശീയൈക്യം, രാഷ്ട്രസഭ, വാര്‍ത്താവിനിമയ വിപ്ളവം), പെണ്‍കുട്ടികള്‍ വധിക്കപ്പെടുന്നത് ചോദിക്കപ്പെടും (ഭ്രൂണഹത്യ, വധുവധം ബലാത്സംഗം തുടങ്ങിയവ പെരുകി അതിനെതിരില്‍ വ്യാപകമായ ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും ഉണ്ടാക്കും,. സ്വുഹ്ഫുള്‍ (ഗ്രന്ഥങ്ങള്‍ പത്രമാസികകള്‍ ആനുകാലികങ്ങള്‍ തുടങ്ങിയവ വിപുലമായി പ്രസിദ്ധീകരിക്കപ്പെടും) (ഹസ്രത്ത് അഹ്മദ്: 28).

ഇസ്ലാമും ഖാദിയാനിസവും ധ്രുവാന്തരമുണ്ട്. ഇസ്ലാമിക വിശ്വാസ കര്‍മരംഗത്ത് ഇസ്ലാമിനെതിരെ ശക്തമായൊരു സമാന്തരമായിരുന്നു മീര്‍സയിലൂടെ ബ്രിട്ടീഷുകാര്‍ ലക്ഷ്യമിട്ടത്. അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസത്തില്‍ തന്നെ മുസ്ലിംകളും ഖാദിയാനികളും വേര്‍തിരിയുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ഇസ്ലാമിന്റെ വിശ്വാസം അല്ലാഹു ഏകനും നിരാശ്രയനുമാണ് എന്നാണ്. അവന്‍ ജനയിതാവല്ല ഒരാളോടും സാമ്യതയുമില്ല (സൂറ ഇഖ്ലാസ്വ്). ഖാദിയാനി വിശ്വാസം കാണുക. ദൈവാസ്തിക്യം നമുക്ക് സങ്കല്‍പിക്കാന്‍ കഴിയും. അവന് നിരവധി കൈകാലുകളും അവയവങ്ങളുമുണ്ട്. പരിമിതപ്പെടുത്താനാവാത്ത വിധം (തൌസിയാഹെ മറാം: 75). പ്രവാചകന്മാര്‍ കള്ളം പറയുന്നവരും ദൌത്യ നിര്‍വഹണത്തിന് കൊള്ളരുതാത്തവരുമാണെന്നും ഇസാലെ ഓഹാമിലും മറ്റും മീര്‍സ എഴുതിയിട്ടുണ്ട്. ഇസ്ലാമിക കര്‍മങ്ങളില്‍ പ്രധാനപ്പെട്ട ഹജ്ജിന്റെ വിഷയത്തിലും ഖാദിയാനികള്‍ മുസ്ലിംകളോട് വിയോജിക്കുന്നു. വര്‍ഷം തോറും പഞ്ചാബില്‍ നടക്കുന്ന ഖാദിയാനി സമ്മേളനമാണ് അവരുടെ ഹജ്ജ്. മക്കയില്‍ നടക്കുന്ന ഹജ്ജിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കയാല്‍ അവിടെ നടക്കുന്ന ഹജ്ജ് വിഫലമാണെന്നാണ് ബശീറുദ്ദീന്‍ മഹ്മൂദിന്റെ വാദം (ബറ്ക്കാത്തെ ഖിലാഫ്: 5).

സ്വന്തം ബുദ്ധിശൂന്യത വിളിച്ചു പറഞ്ഞ് ഇസ്ലാമിനെ നശിപ്പിക്കാന്‍ ശ്രമിച്ച മീര്‍സയെ കടത്തിവെ ട്ടുകയാണ് വര്‍ത്തമാനകാല ഖാദിയാനികള്‍. ശിവ പാര്‍വതിമാര്‍, ആദം നബിയും ഹവ്വാ ബീവിയുമാണെന്നും ആദം നബിയുടെ ജന്മസ്ഥലം ഇന്ത്യയാണെന്നുമാണിവരുടെ വിശ്വാസം.

ഹിന്ദു പുരാണങ്ങളിലെ ‘മനു’ നൂഹ് നബിയാണെന്നും മനുസ്മൃതി ശരീഅത്ത് ഗ്രന്ഥമാണെന്നു മാണിവരുടെ വാദം.

മീര്‍സയുടെ അവകാശ വാദങ്ങളില്‍ ചിലതു മാത്രമാണിവിടെ വിവരിച്ചത്. എഴുതാന്‍ പോലും പറ്റാ ത്ത അറുവഷളന്‍ വാദങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ് മീര്‍സാ കൃതികളില്‍. ഒരേ സമയം അടിമയും ഉടമയും ഉമ്മയും മകനും മാലാഖയും മനുഷ്യനുമായി പ്രത്യക്ഷപ്പെട്ട മീര്‍സയുടെ വൈരുദ്ധ്യങ്ങളുടേയും വൈവിധ്യങ്ങളുടേയും വിചിത്ര രൂപമാണ് ഖാദിയാനി ക്ളാസിക്കുകളിലുട നീളം കാണുന്നത്.


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും