Click to Download Ihyaussunna Application Form
 

 

മീര്‍സയും മസീഹിയ്യത്തും

ഈസാ നബിയുടെ ആഗമനത്തോടെ ജിഹാദ് ചിന്ത മുസ്ലിം മനസ്സുകളില്‍ നിന്ന് വഴിമാറുമെന്നറിഞ്ഞ ബ്രിട്ടീഷുകാര്‍ മുസ്ലിം ജിഹാദ് ചിന്ത നിര്‍വീര്യമാക്കാന്‍ പരീക്ഷിച്ച മറ്റൊരു കുതന്ത്രമായിരുന്നു മീര്‍സയുടെ മസീഹിയ്യത്ത് വാദം. ഖാദിയാനിസത്തിന്റെ മസ്തിഷ്കമായ ഹകീം നൂറുദ്ദീനാണ് ഈ വാദത്തിന്റെ സൂത്രധാരന്‍. വ്യാജന്മാര്‍ വിപണിയില്‍ വിലസുന്നത് മാന്യന്മാരുടെ മേല്‍വിലാസത്തിലാണ്. ആ തരത്തിലുള്ള കള്ളനാണയങ്ങളെ മുമ്പേ കണ്ടറിഞ്ഞ മുഹമ്മദ് നബി(സ്വ) മുസ്ലിംകള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകളൊക്കെ സ്വീകരിച്ചിട്ടുണ്ട്. കൂട്ടത്തില്‍ ഈസാ(അ)യുടെ ആകാശാരോഹണവും അന്ത്യനാളിനോടടുത്ത ആഗമനവും വിശദമായി വിശദീകരിച്ചു. ആര്‍ക്കും നടത്താനാവാത്തവിധം മസീഹി(അ)ന്റെ പോക്കു വരവുകളില്‍ പന്തികേട് കാണേണ്ട കാര്യം മുസ്ലിംകള്‍ക്കില്ല. ഖുര്‍ആനും ഹദീസും വ്യക്തമാക്കിയ യാഥാര്‍ഥ്യമാണത്. 1835 മുതല്‍ 1890 വരെയുള്ള അരനൂറ്റാണ്ടിലധികം കഥാപാത്രമായ മീര്‍സയും മുസ്ലിം വിശ്വാസത്തില്‍ തന്നെയായിരുന്നു. മീര്‍സ പറയുന്നത് കാണുക. ‘ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട മസീഹ് വരിക തന്നെ ചെയ്യും’ (ഇസാലെ ഔഹാം 200), ‘ഡമസ്കസില്‍ മസീഹ് ഇറങ്ങുകയില്ലെന്ന് എനിക്ക് വാദമില്ല’ (ഇസാലെ ഔഹാം 73), ‘മസീഹ് ബ്നു മര്‍യം ദജ്ജാലിനെ വധിക്കാന്‍ വരും’ (ഇസാലെ ഔഹാം  488), ‘റൌളക്കടുത്ത് മറവ് ചെയ്യപ്പെടുന്ന മസീഹ് വരും’ (ഇസാലെ ഔഹാം  470).

നബി(സ്വ) പറഞ്ഞു: അല്ലാഹുവാണെ സത്യം. തീര്‍ച്ചയായും നീതിമാനായ വിധികര്‍ത്താവായി ഈസ ബ്നു മര്‍യം ഇറങ്ങി വരും. അദ്ദേഹം കുരിശുടക്കുകയും പന്നികളെ കൊല്ലുകയും ‘ജിസ്യ’ നിര്‍ത്തലാക്കുകയും ചെയ്യും. സ്വീകരിക്കാനാളില്ലാത്ത വിധം ധനം കുന്നുകൂടും. അന്നത്തെ ഒരു സുജൂദ് ഇഹലോകത്തേക്കാളും ഉത്തമമായിരിക്കും (ബുഖാരി 3448).

ഈ ഹദീസ് മീര്‍സയുടെ പേരില്‍ വരവ് പിടിക്കാന്‍ ആലങ്കാരികവല്‍കരിക്കുകയാണ് ഖാദിയാനികള്‍. അവര്‍ക്ക് മീര്‍സാ പ്രഖ്യാപിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത് പറഞ്ഞ ഒരു കാര്യം ഒരിക്കലും ആലങ്കാരികമാക്കാന്‍ കഴിയില്ല. അത് യാഥാര്‍ഥ്യം തന്നെയാണ് (ഹമാമത്തുല്‍ ബുശ്റ 14). പക്ഷേ, പില്‍കാലത്ത് ഈസാ നബിയെ കുറിച്ചുള്ള മുഴുവന്‍ ഹദീസുകളും വെടക്കാക്കി തനിക്കാക്കുകയാണ് മീര്‍സ ചെയ്തത്. മസീഹിന്റെ ആഗമനത്തോടെ ഇസ്ലാം പൂര്‍വ പ്രതാപം വീണ്ടെടുത്ത് ചക്രവാള സീമകള്‍ ലംഘിക്കുമെന്ന് വരെ മീര്‍സ രേഖപ്പെടുത്തിയിട്ടുണ്ട് (ബറാഹീന്‍ വാ: 4, പേജ്:498 ഹാശിയ). ഇങ്ങനെ ഒട്ടേറെ കൃതികളില്‍ ഈസാ(അ)യുടെ പുനരാഗമനം മീര്‍സാ പ്രഖ്യാപിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ബ്രിട്ടീഷുകാരുടെ പുതിയ പദ്ധതി(മസീഹിയ്യത്ത് വാദം) മീര്‍സയെ ഹകീം നൂറുദ്ദീന്‍ എഴുതി അറിയിച്ചത്. പ്രതിസന്ധിയുടെ ദശാസന്ധിയില്‍ അകപ്പെട്ട മുസ്ലിം തലമുറകള്‍ ആ പുണ്യാത്മാവിനെ പ്രതീക്ഷിക്കുന്നു. ഉടന്‍ അവസരം മുതലെടുത്ത് മസീഹിന്റെ കുപ്പായമണിയുക, ഇതായിരുന്നു ഹകീമിന്റെ നിര്‍ദേശം. ഖാദിയാനിസത്തിന്റെ തിയറികളൊക്കെ ഹകീമിന്റെ തന്ത്രങ്ങളാണ്. മീര്‍സ വെറും മാധ്യമം മാത്രം. ഓവുചാലു പോലെ ഏതും ഒഴുകുന്ന വായയാണ് മീര്‍സയുടേത്.

ഗീബല്‍സിിന്റെ ഗുരുവായ മീര്‍സക്ക് പ്രമാണങ്ങളുടെ പൂര്‍ണ വെളിച്ചത്തില്‍ പ്രശോഭിച്ച് നില്‍ക്കുന്ന മസീഹിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തുന്നതില്‍ ഒട്ടും വൈമനസ്യം ഉണ്ടായില്ല. ഖുര്‍ആനും സുന്ന ത്തും പരാമര്‍ശിച്ച ഈസാ താനാണെന്നും മുസ്ലിംകള്‍ പ്രതീക്ഷിക്കുന്ന മസീഹ് മരിച്ചുപോയെന്നും മീര്‍സാ വാദിച്ചു. മീര്‍സയുടെ വാക്കുകള്‍ കാണുക. ‘നിങ്ങള്‍ കാത്തിരിക്കുന്ന ഈസാ ഞാനാണ്. എന്നെ മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് നിങ്ങളുടെ സര്‍വ സംശയങ്ങളും’ (കീശ്തീ നൂഹ:് 48).

അക്കാലമത്രയും ഈസാ(അ)യുടെ ആഗമനം പ്രസ്താവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത മീര്‍സാ പെട്ടെന്നൊരു പ്രഭാതത്തില്‍ സ്വയം മസീഹായി അവരോധിക്കപ്പെടാനുണ്ടായ കാരണം മീര്‍സാ പറയുന്നു. ‘ബറാഹീനെ അഹ്മദിയ്യ രചിക്കുന്ന കാലത്ത് പലപ്പോഴും അല്ലാഹു എന്നെ ഈസാ എന്ന് സംബോധന ചെയ്തിരുന്നു.’

അല്ലാഹുവും റസൂലും എന്റെ ആഗമന വൃത്താന്തം പ്രഖ്യാപിച്ചതായി നിരന്തരം വഹ്യും ഉണ്ടായിരുന്നു. പക്ഷേ, മുസ്ലിം വിശ്വാസത്തില്‍ മസീഹ്(അ) അന്ത്യദിനത്തോടടുത്ത് ആകാശത്ത് നിന്നും ഭൂമിയില്‍ ഇറങ്ങും (ഉറച്ചു നിന്ന് അവയൊക്കെയും ഞാന്‍ വ്യാഖ്യാനിച്ചു). എന്നാല്‍ മഴ വര്‍ഷം കണക്കെ വരാനിരിക്കുന്ന മസീഹ് നീ തന്നെയെന്ന് വഹ്യുണ്ടാകുകയും ആകാശഭൂമികള്‍ സത്യസാക്ഷ്യം വഹിക്കുകയും ചെയ്തപ്പോള്‍ ഞാനുറപ്പിച്ചു. ഞാന്‍ തന്നെയാണ് വാഗ്ദത്ത മസീഹ് (ഹഖീഖത്തുല്‍ വഹ്യ്: 149).

ബ്രിട്ടീഷ് സംരക്ഷണത്തോടെ മസീഹിയ്യത്ത് വാദിച്ച മീര്‍സക്ക് ചുറ്റും കുറെ ക്രമപ്രശ്നങ്ങള്‍ വട്ടമിട്ടു. ഒന്നാമതായി മുസ്ലിം മനസ്സുകളില്‍ വേരുറച്ച മസീഹ് വിശ്വാസം എങ്ങനെ പിഴുതെറിയും. രണ്ടാമതായി മസീഹിനെ കുറിച്ചുള്ള നൂറുകണക്കിന് ഹദീസുകള്‍ എങ്ങനെ വ്യാഖ്യാനിക്കും. പക്ഷേ, മീര്‍സ പിന്മാറിയില്ല. പുതിയ നിയോഗത്തിന്റെ പേരില്‍ ആയത്തുകളും ഹദീസുകളും ചരിത്ര യാഥാര്‍ഥ്യങ്ങളും ബുദ്ധിപരമായ സാധ്യതകളും അദ്ദേഹം വളച്ചൊടിച്ചു. മസീഹിന്റെ കസേരയില്‍ കയറിയ മീര്‍സാ യഥാര്‍ഥ അവകാശിക്കെതിരെ മരണവാറണ്ട് അയക്കുകയും നിരവധി സ്ഥലങ്ങളില്‍ ഖബര്‍ കുത്തി കാത്തിരിക്കുകയും ചെയ്തു. ഈസാ നബിയെ ‘കൊല്ലാന്‍’ മുപ്പത് ആയത്തുകള്‍ ഇസാലെ ഔഹാമില്‍ ദുര്‍വ്യാഖ്യാനം ചെയ്ത മീര്‍സ മസീഹിന്റെ മണ്ണറ കാശ്മീരിലെ ഖാനിഹാറിലാണെന്നും (ഇഅ്ജാസെ അഹ്മദി: 19) സ്വദേശമായ ഗീലിയോവിലാണെന്നും (ഇസാലെ ഔഹാം: 473) ജറുസലേമിലെ ഖുദ്സിലാണെന്നും (ഇത്മാമുല്‍ ഹജ്ജ്: 20) മാറി മാറി വാദിച്ചു ഈസാ നബിയുടെ നൂറ്റാണ്ടുകള്‍ പിന്നിട്ട ആകാശ ജീവിതം ശിര്‍ക്കാണെന്ന് പ്രഖ്യാപിച്ച മീര്‍സ (മസീഹ് കെ കര്‍നാമ, പേജ്: 29) മൂസാ നബി ആകാശത്ത് ജീവിക്കുന്നുവെന്ന് വിശ്വസിക്കല്‍ ഖാദിയാനികള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട് (നറുല്‍ ഹഖ്, പേജ്: 50).

ഈസാ നബി(അ)യുടെ പുനരാഗമനം  സ്പഷ്ടമായി പ്രഖ്യാപിച്ച വിശുദ്ധ ഖുര്‍ആനിന്റെ പ്രയോക്താവായ നബി(സ്വ) നിരവധി ഹദീസുകളിലൂടെ മസീഹി(അ)ന്റെ ചിത്രം മുസ്ലിംകള്‍ക്ക് വരച്ചുകൊടുത്തിട്ടുണ്ട്. നിര്‍ലജ്ജം അവയൊക്കെ തനിക്കനുകൂലമാക്കുകയാണ് മീര്‍സ ചെയ്തത്. ഉദാഹരണമായി ദജ്ജാലിനെ കുറിച്ചുള്ള വിശദമായ ഹദീസില്‍ നബി(സ്വ) പറഞ്ഞു. ഈസബ്നു മര്‍യം(അ) ഡമസ്കസിനു കിഴക്കുള്ള വെള്ള മിനാരത്തില്‍ മഞ്ഞച്ചായം പിടിപ്പിച്ച രണ്ടു വസ്ത്രങ്ങള്‍ ധരിച്ചു രണ്ടു മലകുകളുടെ ചുമലിലൂന്നി വന്നിറങ്ങും. അദ്ദേഹം ശിരസ്സ് താഴ്ത്തുമ്പോള്‍ ജലകണങ്ങള്‍ ഉറ്റിവീഴുന്നത് പോലെയും ശിരസ്സ് ഉയര്‍ത്തുമ്പോള്‍ മുത്തുമണികള്‍ ഉതിര്‍ന്നു വീഴുന്നതു പോലെയും തോന്നും. അദ്ദേഹത്തിന്റെ ഉച്ഛാസ വായു ഏല്‍ക്കുന്ന അവിശ്വാസികള്‍ മരിച്ചു വീഴും. ബാബ്ലുദ്ധില്‍ വെച്ച് ദജ്ജാലിനെ പിടികൂടി വധിക്കുകയും ചെയ്യും (ഇസാലെ ഔഹാം, പേജ്: 68).

ഈ ഹദീസില്‍ മുസ്ലിംകള്‍ പ്രതീക്ഷിക്കുന്ന മസീഹിന്റെ പൂര്‍ണ വിലാസം ഈസബ്നു മര്‍യം എന്നാണ്. അഭിനവ മസീഹ് വാദിയാണെങ്കിലോ അഹ്മദ് ചിറാഗ് ബീവിമാരുടെ മകന്‍ മീര്‍സാ ഗുലാം അഹ് മദും. തന്റെ മസീഹിയ്യത്ത് സ്ഥാപിക്കാന്‍ മാതാപിതാക്കളെ തള്ളിപ്പറഞ്ഞ മീര്‍സ, ഈസയും മര്‍യമും ഈസബ്നു മര്‍യമുമായ ത്രയേകത്വ നാടകം ‘മീര്‍സ എന്ന ദൈവം’ എന്ന ലേഖനത്തില്‍ വായിക്കുക. ഈസാ നബി(അ) ഡമസ്കസിനു കിഴക്കുള്ള വെള്ള മിനാരത്തിലാണിറങ്ങുക. മീര്‍സ പഞ്ചാബിലെ ഖാദിയാനി ഗ്രാമത്തിലെ മിഡ്വൈഫിന്റെ കൈകളിലും. യാഥാര്‍ഥ്യം ഇതായിരിക്കെ, ഇതൊന്നുമറിയാത്ത ഭാവി തലമുറയെ പറ്റിക്കാന്‍ ഖാദിയാനില്‍ മിനാറതുല്‍ മസീഹ് എന്ന പേരില്‍ ഒരു വെള്ള മിനാരം സ്ഥാ പിക്കുകയും അതിലാണ് താന്‍ ഇറങ്ങിയതെന്ന് എഴുതുകയും ചെയ്തു. മീര്‍സ പറയുന്നു. ‘ഖാദിയാന്‍ ഡമസ്കസിനു തുല്യമാണ്. മഹത്തായൊരു കര്‍ത്തവ്യ നിര്‍വഹണത്തിനു വേണ്ടിയാണ് ഈ ഡമസ്കസില്‍ ഞാന്‍ നിയോഗിക്കപ്പെട്ടത്. പ്രവേശിച്ചവര്‍ക്ക് നിര്‍ഭയത്വം നല്‍കുന്ന പള്ളിയുടെ വെള്ള മിനാരത്തിന്റെ കിഴക്കെ അറ്റത്ത് എന്നെ ഇറക്കിയ അല്ലാഹുവെത്ര ഉല്‍കൃഷ്ടന്‍’ (ഇസാലെ ഔഹാം, പേജ്: 68).

ഖാദിയാന്‍ ഡമസ്കസായ സമസ്യയും മീര്‍സ പൂരിപ്പിച്ചിട്ടുണ്ട്. ഡമസ്കസ് ഒരു ആലങ്കാരിക പ്രയോഗമാണ്. ഡമസ്കസിലെ യസീദിയര്‍ക്ക് (ചീത്ത സ്വഭാവമുള്ളവര്‍) സമാനമായവര്‍ ഖാദിയാനിലുണ്ട്. ഈ അര്‍ ഥത്തിലാണ് ഖാദിയാന്‍ പ്രവിശ്യയെ ഡമസ്കസിനോട് ഉപമിച്ചത്. പക്ഷേ, മീര്‍സയുടെ ഈ ‘ന്യായീകരണം’ അണികള്‍ക്ക് വേണ്ടത്ര പിടിച്ചില്ല. അവസാനം 1924ല്‍ മകന്‍ ബശീറുദ്ദീന്‍ ഡമസ്കസില്‍ പോയി ഇറക്കം ഖളാഅ് വീട്ടുകയാണുണ്ടായത്. ഖാദിയാനി പത്രമെഴുതുന്നു. ‘ഖലീഫത്തുല്‍ മസീഹ് ബഷീറുദ്ദീന്‍ മഹ്മൂദ് അഹ്മദ് ഡമസ്കസ് സിറ്റിയുടെ ഗേറ്റിനു കിഴക്കുള്ള വെള്ള ഗോപുരത്തിനടുത്ത് ഇറങ്ങുക വഴി മസീഹ് പ്രസ്തുത സ്ഥലത്തിറങ്ങുമെന്ന ഹദീസ് സാക്ഷാത്കരിച്ചിരിക്കുന്നു. ഹദീസില്‍ പറഞ്ഞ പ്രകാരം ഡമസ്കസിലെ സെന്‍ട്രല്‍ ഹോട്ടലില്‍ മൂന്ന് ദിവസമദ്ദേഹം താമസിച്ചു’(അല്‍ഫസല്‍ 13/4/1928).

മസീഹ് പ്രത്യേക വര്‍ണ പുതപ്പുകള്‍ ധരിക്കുമെന്നാണ് മേല്‍ ഹദീസിലെ മറ്റൊരു വിശേഷണം. എന്നാല്‍ നഗ്നനായി ഭൂമിയിലിറങ്ങിയ മീര്‍സ തന്റെ പുതപ്പുകള്‍ വിശദീകരിക്കുന്നതാണ് രസകരം. മീര്‍സ പറയുന്നു. പ്രവാചകത്വ വാദം തുടങ്ങിയതു മുതല്‍ വിട്ടുമാറാത്ത തലകറക്കവും മൂത്രസ്രാവവും എനിക്കുണ്ടായി. അവ മാറിക്കിട്ടാന്‍ ഞാന്‍ പ്രാര്‍ഥിച്ചെങ്കിലും സുഖപ്പെടില്ലെന്നാണ് മറുപടിയുണ്ടായത്. അല്ലാഹു പറഞ്ഞു. രണ്ടു മഞ്ഞപ്പുതപ്പുകള്‍ കൊണ്ടുദ്ദേശിക്കുന്നത് തന്റെ തലകറക്കവും മൂത്രവാര്‍ച്ചയുമാണ് (ഹഖീഖത്തുല്‍ വഹ്യ്). ആയത്തുകള്‍ക്കും ഹദീസുകള്‍ക്കും ദുര്‍ഗ്രാഹ്യമായ വ്യാഖ്യാനം നല്‍കി ശീലിച്ച മീര്‍സ മഷിപുരട്ടാന്‍ പോലും പറ്റാത്ത തന്റെ മൂത്രവാര്‍ച്ച (ഒരു ദിവസം നൂറു പ്രാവശ്യം) വ്യാഖ്യാനത്തിലൂടെ വിശുദ്ധവല്‍കരിച്ചിരിക്കുകയാണിവിടെ. ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം മസ്തിഷ്കം മരവിച്ച അനുയായികള്‍ തന്റെ മലവും മൂത്രവും സിദ്ധൌഷധമായി ഉപയോഗിച്ചില്ലെന്നാരു കണ്ടു.

ഈസാ നബി(അ) രണ്ട് മലകുകളുടെ ചുമലിലൂന്നി ഇറങ്ങുമെന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് രണ്ട് അദൃശ്യ സഹായങ്ങളാണെന്നാണ് മീര്‍സ പറയുന്നത്. ഒന്ന് ബുദ്ധിശക്തിയും മറ്റൊന്ന് ദൈവിക അടയാളങ്ങളും (ഹഖീഖത്തുല്‍ വഹ്യ് പേ: 308). ശിരസ്സില്‍ നിന്നും തെറിക്കുന്ന ജലകണങ്ങളും മുത്തുകളും മീര്‍സയുടെ ദൈവിക സാമീപ്യത്തെയും പാപ സുരക്ഷിതത്വത്തെയുമാണത്രെ കുറിക്കുന്നത് (ഹഖീഖത്തുല്‍ വഹ്യ് പേ: 309). ദജ്ജാല്‍ വധിക്കപ്പെടുന്ന ബാബ്ലുദ്ധുകൊണ്ടുദ്ദേശ്യം വാദപ്രതിവാദമാണെന്നാണ് മീര്‍സയുടെ പക്ഷം. ദജ്ജാലുകൊണ്ടുദ്ദേശിക്കപ്പെടുന്നതാകട്ടെ ജൂത ക്രിസ്തീയരും (ഹഖീഖത്തുല്‍ വഹ്യ് പേ: 310). തന്റെ ആഗമനോദ്ദേശ്യമായി മീര്‍സ പറയുന്നത് ജൂത ക്രിസ്തീയ ഖണ്ഢനവും ഇസ്ലാമിന്റെ ആഗോള വിജയവുമാണ്. മീര്‍സയുടെ പ്രഖ്യാപനം കാണുക. ത്രിയേകത്വത്തിനു പകരം ഏകദൈവ വിശ്വാസം സ്ഥാപിക്കുക, നബിയുടെ മഹത്വം പ്രചരിപ്പിക്കുക, ഒരു കോടി അമാനുഷികതകള്‍ കാണിക്കുക. ഇതാണെന്റെ ആഗമന ലക്ഷ്യം (ബദര്‍ 19/7/1906). സമീമയെ അഞ്ചാമെ ആഥം എന്ന കൃതിയില്‍ മീര്‍സ എഴുതി: ‘ഏഴു വര്‍ഷത്തിനുള്ളില്‍ ഇസ്ലാമേതര വിശ്വാസം വിശിഷ്യാ ത്രിയേകത്വം ഉന്മൂലനം ചെയ്ത് ഇസ്ലാം വിശ്വോത്തരമാക്കിയില്ലെങ്കില്‍ എന്നെ നിങ്ങള്‍ കള്ളനായി കണക്കാക്കുക.’ എങ്കില്‍ മീര്‍സയുടെ ക്രിസ്തീയ ഖണ്ഢനം സ്വന്തം ജില്ലയില്‍ ക്രിസ്തീയ ശതമാനം എത്ര കുറച്ചുവെന്ന് നോക്കാം. താന്‍ മസീഹാണെന്ന് വാദിക്കുന്ന കാലത്ത് (1831) 43250 ല്‍ കവിഞ്ഞെന്നാണ് കാനേഷുമാരി കാണിക്കുന്നത്. യഥാര്‍ഥത്തില്‍ ദജ്ജാലിനെ(ജൂത ക്രിസ്തീയര്‍) വധിക്കാന്‍ വന്ന മീര്‍സ ബ്രിട്ടീഷുകാര്‍ ക്ക് മുസ്ലിംകളെ ഒറ്റികൊടുത്ത ദജ്ജാലിനെ പൂജിക്കുകയായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.

മസീഹ് വത്കരണ ശ്രമങ്ങള്‍

മസീഹി(അ)നെക്കുറിച്ചുള്ള മുഹമ്മദ്(സ്വ)യുടെ ദീര്‍ഘ ദര്‍ശനത്തില്‍ ഈസാ നബി(അ) നാല്‍പത് വര്‍ ഷം ജീവിക്കും. വിവാഹം കഴിക്കും, സന്താനങ്ങള്‍ ഉണ്ടാകും. നിസ്കാരം ജംഅ് ആക്കും. ഹജ്ജ് നിര്‍വഹിക്കും. സാധാരണ മരണം വരിച്ച് റൌളയില്‍ മറവ് ചെയ്യപ്പെടും തുടങ്ങി മസീഹിന്റെ ജീവചരിത്രം നിരവധി ഹദീസുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ഹദീസുകളും മീര്‍സയും തമ്മിലുള്ള ബന്ധം രാവും പകലുമാണ്. കാരണം മസീഹ്(അ)ന്റെ വയസ്സ് 40 ഉം മീര്‍സയുടേത് 60 ഉം (1840‏1908). മസീഹിയ്യത്ത് വാ ദത്തിനു ശേഷമാണ് ഹദീസില്‍ പരാമര്‍ശിച്ച നാല്‍പത് പരിഗണിക്കുന്നതെങ്കില്‍ പ്രസ്തുത വാദത്തിനു ശേഷം കേവലം 17 വര്‍ഷം (1891‏1908) മാത്രമെ മീര്‍സ ജീവിച്ചിട്ടുള്ളൂ. ഇനി മര്‍യമില്‍ നിന്നും ഈസയായി പരിണമിച്ചതിനു ശേഷമാണ് 40ന്റെ പരിഗണനയെങ്കില്‍ ത്രിയേകത്വ വാദത്തിനു ശേഷം മീര്‍സ ജീവിച്ചത് 28 വര്‍ഷമാണ് (1880‏1908).

ഹദീസില്‍ പറഞ്ഞ വിവാഹ വിവക്ഷ മുഹമ്മദീബീഗവുമായുള്ള ആകാശ വിവാഹമാണെന്നും വാഗ്ദത്ത പുത്രന്‍ ആ ബന്ധത്തില്‍ ജനിക്കുമെന്നാണ് മീര്‍സയുടെ വാദം. ഒന്നിലധികം ഭാര്യമാരും നിരവധി പരിചാരകരുമുള്ള മീര്‍സയുടെ കുപ്രസിദ്ധ പ്രണയ നാടകം ഈ ഹദീസിന്റെ മറവിലാണ്. അത് വിശദമായി ‘മീര്‍സയുടെ പ്രണയ പ്രവചനം’ എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. ഈസാ നബി(അ) സ്വാഭാവിക മരണം വരിക്കുമെന്നാണ് ഹദീസില്‍ നിന്നും മനസ്സിലാകുന്നത്. എന്നാല്‍ കഥാപാത്രമായ മീര്‍സയുടെ മരണം തികച്ചും ആകസ്മികവും അത്യന്തം ദുരന്തപൂര്‍ണവുമായിരുന്നു. മരണ സമയം മലം പോലും വായിലൂടെ പുറത്തു വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മരണം മാതാവിന്റെ വാക്കുകളിലൂടെ കാണുക. രാത്രി മസീഹ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വിസര്‍ജ്ജിക്കണമെന്നു തോന്നി. പിന്നീട് മസീഹ് കട്ടിലില്‍ കിടക്കുകയും ഞാന്‍ കാലു തിരുമ്മിക്കൊണ്ടിരിക്കുകയും ചെയ്തു. പിന്നെയും തുടരെ കക്കൂസിലേക്ക് പോയിക്കൊണ്ടിരുന്നു. അപ്പോഴേക്കും പാടെ അവശനായ അദ്ദേഹം കട്ടിലില്‍ തന്നെ പിടിച്ചിരുന്നു. കുറെ വിസര്‍ജ്ജിച്ചു. തുടര്‍ന്ന് കുറെ ഛര്‍ദ്ദിച്ച് അവശനായ മസീഹ് കട്ടിലില്‍ കയറിയിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഊര്‍ന്ന് വീഴുകയും തല ശക്തമായി കട്ടിലില്‍ അടിക്കുകയും ചെയ്തു.

നബി(സ്വ)യുടെ റൌളക്കടുത്ത് മസീഹി(അ)നെ മറവ് ചെയ്യപ്പെടുമെന്നാണ് ഹദീസിലെ മറ്റൊരു പരാമര്‍ശം. ഈസാ നബി(അ)ക്കുള്ള സ്ഥലം ഇപ്പോഴും റൌളയില്‍ ഒഴിഞ്ഞു കിടപ്പുണ്ട്. എന്നാല്‍ ലാഹോറില്‍ വെച്ച് മരണപ്പെട്ട മീര്‍സയെ ദജ്ജാലിന്റെ വാഹനമായ തീവണ്ടിയില്‍ (മീര്‍സയുടെ ഭാഷയില്‍) കൊണ്ടു വന്ന് പഞ്ചാബിലെ ബഹിശ്തി മഖ്ബറയില്‍ അടക്കപ്പെടുകയാണുണ്ടായത്. മസീഹ് വാദമുന്നയിക്കുന്ന മീര്‍സ ഈ ഹദീസ് പരാമര്‍ശിക്കുന്നത് കാണുക. നബി(സ്വ)യുടെ റൌളയില്‍ മറവ് ചെയ്യപ്പെടുന്ന മസീഹ് ഞാന്‍ തന്നെയാണ്.

ഖാദിയാനികളുടെ സ്വര്‍ഗശ്മശാനത്തില്‍ മറമാടപ്പെട്ട മീര്‍സ മദീനയിലെ റൌളാശരീഫില്‍ എങ്ങനെ എ ത്തിപ്പെട്ടുവെന്ന സംശയത്തിന്റെ സങ്കീര്‍ണതക്ക് മീര്‍സ തന്നെ മറുപടിയും പറയുന്നു. മസീഹി(അ)നെ റൌളയില്‍ മറവ് ചെയ്യപ്പെടുന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് മരണശേഷം എനിക്ക് മുഹമ്മദ് നബി(സ്വ) യുടെ പദവി നല്‍കപ്പെടുമെന്നാണ്. അങ്ങനെ മസീഹിന്റെയും മുഹമ്മദ് നബി(സ്വ)യുടെയും ആത്മാക്കള്‍ പരസ്പരം ബന്ധിച്ച് ഒരു ഖബറിലെന്നപോലെ ആയിത്തീരും.

മസീഹി(അ)നെ കുറിച്ചുള്ള മുഴുവന്‍ ഹദീസുകളും തന്റെ പേരില്‍ ചാര്‍ത്താന്‍ ശ്രമിച്ച കൂട്ടത്തില്‍ ഈ സാ നബി(അ) നിസ്കാരം ജംആക്കുമെന്ന് മനസ്സിലാക്കിയ മീര്‍സ രണ്ടു മാസം ജംആക്കി നിസ്കരിച്ചു. ഇസ്ലാമിക വിശ്വാസ കര്‍മരംഗത്ത് വിഘടനവാദം ഉയര്‍ത്തിയതിന്റെ പേരില്‍ മക്കയില്‍ വന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ മീര്‍സക്ക് ധൈര്യം വന്നില്ല. പകരം മീര്‍സയുടെ പേരില്‍ ഉമ്മ ഹജ്ജ് നിര്‍വഹിക്കുകയും ബദല്‍ ഹജ്ജില്‍ സായൂജ്യനാവുകയുമാണുണ്ടായത്.

പക്ഷേ, ഹദീസുകള്‍ മുഴുവനും തനിക്ക് പ്രതികൂലമാണെന്നു കണ്ട മീര്‍സ പല അവകാശവാദങ്ങളുമായി രംഗത്തെത്തി. മീര്‍സ പറയുന്നു. എനിക്ക് ഈസയുമായി അര്‍പ്പണത്തിലും വിനയത്തിലും സാദൃശ്യമുണ്ട്. ഒരു വൃക്ഷത്തിലെ രണ്ടു പഴങ്ങള്‍ കണക്കെ ഒരു രത്നത്തിന്റെ രണ്ടു കഷ്ണങ്ങള്‍ കണക്കെ ഞങ്ങളുടെ പ്രകൃതിയും സമമാണ്.

മസീഹ്(അ)ന്റെയും മീര്‍സയുടെയും പ്രകൃതങ്ങള്‍ക്ക് ധ്രുവാന്തരമുണ്ടെന്ന് വായനക്കാര്‍ക്ക് തന്നെ അിറ യാമല്ലോ. താന്‍ പ്രേമിച്ച മുഹമ്മദീ ബീഗത്തെ ജീവിത പങ്കാളിയായി കിട്ടാത്തതില്‍ പ്രതിഷേധിച്ച മീര്‍സ സ്വന്തം ഭാര്യയെ വിവാഹ മോചനം ചെയ്യുകയും മകന്റെ ഭാര്യയെ മൊഴി ചൊല്ലിപ്പിക്കുകയും ചെയ്തു. ഇയാളാണോ മസീഹിന്റെ സദൃശ്യന്‍. ഈ വൃത്തിഹീനനെ ഇബ്ലീസിനോട് സാദൃശ്യപ്പെടുത്തിയാല്‍ പി ശാചുക്കള്‍ പോലും പ്രതിഷേധ പ്രകടനം നടത്തിയേക്കും. കാരണം ദൈവത്തിന്റെ പിതൃത്വം ഇബ്ലീസ് അബദ്ധത്തില്‍ പോലും അവകാശപ്പെട്ടിട്ടില്ല.

മീര്‍സയുടെ കോമാളിത്തരങ്ങള്‍ സമകാലികര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിച്ചപ്പോള്‍, അവസാന അമ്പും മസീഹ്(അ)നെതിരെ മീര്‍സ എയ്തു വിട്ടു. അതത്രെ തരംതാണ മീര്‍സയുടെ തെരുവ് സംസ്കാരം. മീര്‍സ പറയുന്നു. ഒരിക്കല്‍ ഈസ ഭൂമിയില്‍ വന്ന കാരണത്താല്‍ കോടിക്കണക്കിന് ബിം ബാരാധകര്‍ ഉണ്ടായി. രണ്ടാമത് ഒരിക്കല്‍ കൂടെ ഭൂമിയില്‍ വന്നാല്‍ ഇനിയും എന്തൊക്കെ സംഭവിക്കും.

വീണ്ടും കാണുക. ഈസ പിതാവില്ലാതെ ജനിച്ചതില്‍ ഒരു പ്രത്യേകതയും ഇല്ല. ആദം നബിക്കും പിതാവില്ലല്ലോ. ആയിരക്കണക്കിന് കീടങ്ങളും പ്രാണികളും സ്വയം ഉണ്ടാവുന്നത് നാം സാധാരണ കാണുന്നു. ഇത് ഒരു നിരീശ്വര വാദിയുടെ വാചകമടിയാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനൊക്കുമോ?

മീര്‍സ വീണ്ടും പറയുന്നു: ഏതെങ്കിലും തന്ത്രം ഉപയോഗിച്ച വല്ല രോഗികളെയും മസീഹ് ചികിത്സിച്ചിട്ടുണ്ടാകാം. നിര്‍ഭാഗ്യവശാല്‍ അടുത്തുള്ള ഒരു കുളത്തിലെ അത്ഭുത ശക്തിയുള്ള മണ്ണ് അദ്ദേഹം ഉപയോഗിച്ചിരിക്കാം. ഇനി വല്ല അത്ഭുതവും കാണിച്ചിട്ടുണ്ടെങ്കില്‍ തന്നെ ആ കുളത്തിന്റെ പ്രത്യേകതയാണത്. വഞ്ചനയും കാപട്യവുമല്ലാതെ ഈസയുടെ കയ്യില്‍ ഒന്നുമില്ല.

മുസ്ലിംകള്‍ പള്ളിയിലേക്ക് പോകുമ്പോള്‍ ഈസ ചര്‍ച്ചിലേക്ക് പായുന്നു. മുസ്ലിംകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഈസ ബൈബിള്‍ വായിക്കുന്നു. നാം കഅ്ബയിലേക്ക് തിരിയുമ്പോള്‍ അയാള്‍ ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിയുന്നു. കള്ള് കുടി, പന്നി മാംസം എന്നിവ ഹലാലാക്കി ഇസ്ലാമിക വിധികള്‍ തിരസ്കരിച്ച ഈസയെ അല്ലാഹു ഇനിയും ഈ ലോകത്തേക്ക് അയക്കുമോ? ഹോ….. അത്രയും ഗതിമുട്ടിയ ഒരു കാലം ഇസ്ലാമിന് വരുമെന്ന് വല്ല ബുദ്ധിയും സമ്മതിക്കുമോ?

മീര്‍സ പറയുന്നു. മനുഷ്യന്റെ അനുഗൃഹീത വിശേഷണങ്ങളിലൊന്നാണ് പൌരുഷം. നപുംസകത്വം ഒരു വിശേഷണമേയല്ല. പൌരുഷം ഇല്ലാത്തവര്‍ക്ക് ഭാര്യമാരോടുള്ള മാന്യമായ പെരുമാറ്റം അറിയില്ല. ഇതുകൊണ്ടാണ് യൂറോപ്യന്‍ വനിതകള്‍ അതിരുവിട്ട സ്വാതന്ത്യ്രം തേടി അഭിസാരികളായത്.

യാഥാര്‍ഥ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടിയ മീര്‍സ ഇത്തരം തെരുവ് സംസ്കാര പ്രയോഗങ്ങളിലൂടെയാണ് പ്രതിയോഗികളോട് പ്രതികരിച്ചത്. അതേ സമയം മീര്‍സ തന്നെ എഴുതുന്നത് കാണുക. എല്ലാ പ്രവാചകന്മാരേയും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ഏതെങ്കിലും ഒരാളെ ആക്ഷേപിക്കല്‍ കുഫ്റാണ്.

പ്രമാണങ്ങള്‍ വളച്ചൊടിച്ചുകൊണ്ടും തെറിപ്പൂരം നടത്തിയും മസീഹി(അ)നെ കുറിച്ചുള്ള മുസ്ലിം വി ്വാസം തകര്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട മീര്‍സ, ഈസാ നബി(അ)യെ മരിപ്പിക്കാന്‍ വേണ്ടി നടത്തിയ ഏതാനും ഭ്രാന്ത വിഭാവനകള്‍ കൂടി കാണുക. മണ്ണിന്റെ ശരീരമുള്ള മനുഷ്യന് കൊടും തണുപ്പിലൂടെയുള്ള യാത്ര അസാധ്യമാണെന്നതില്‍ മുഴുവന്‍ തത്വജ്ഞാനശാസ്ത്രങ്ങളും യോജിക്കുന്നു. കൊടുമുടികളിലെ വായുപോലും ഉപകാരപ്രദമല്ലെന്ന് പ്രകൃതിപഠനങ്ങള്‍ തെളിയിച്ചിരിക്കെ സൂര്യനിലും ചന്ദ്രനിലും സ്ഥൂല ശരീരം പേറി ചെന്നെത്താമെന്ന് പറയുന്നത് എന്തൊരു അസംബന്ധം (നോക്കണെ, സയന്‍സും ടെക്നോളജിയും പുരോഗതിയുടെ പാരമ്യതയിലെത്തിയ അത്യാധുനിക യുഗത്തിലെ ഒരു പ്രവാചകന്റെ വിവരത്തിന്റെ ആഴം). മീര്‍സ തുടരുന്നു. ആകാശത്തെ കുറിച്ചും അതിലെ ഗ്രഹ ചലനങ്ങളെ കുറിച്ചും അറിവുള്ളവര്‍ മനുഷ്യന് ആകാശത്ത് തങ്ങാന്‍ കഴിയുമെന്ന് സമ്മതിക്കില്ല. ഇനി ഈസാ ആകാശത്താണെന്ന് സമ്മതിച്ചാല്‍ തന്നെ എപ്പോഴും അവിടെ തങ്ങാന്‍ അദ്ദേഹത്തിനു കഴിയുമോ? ഭൂമിയില്‍ പ്രഭാതവും താഴെ പ്രദോഷവുമുണ്ടാകുന്ന ഗോളചലനത്തില്‍ ആകാശത്തുള്ള ആള്‍ ഭൂമിയിലും വരാമല്ലോ. മറ്റൊരു പ്രശ്നം ആകാശത്തായാലും ഭൂമിയിലായാലും കാലത്തിന്റെ വ്യതിയാനങ്ങള്‍ തിരസ്കരിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലല്ലോ. അതിനാല്‍ ആകാശത്ത് എവിടെയോ വെച്ച് അദ്ദേഹം മരിക്കുകയും നക്ഷത്രങ്ങളുടെ ശ്മശാനങ്ങളില്‍ മറമാടപ്പെടുകയും ചെയ്തിരിക്കാം. ഇനി ഈസ മരിച്ചിട്ടില്ലെന്നു തന്നെ സങ്കല്‍പിക്കാം. എന്നാല്‍ ഇപ്പോള്‍ തന്നെ അദ്ദേഹം പടുകിഴവനായിരിക്കുമല്ലോ. എന്നിരിക്കെ അന്ത്യദിനത്തിലുള്ള ആ പടുകിഴവന്റെ ആഗമനം മൂലം ഭൂനിവാസികള്‍ കഷ്ടപ്പെടുകയല്ലാതെ മറ്റെന്തു ഫലമാണുണ്ടാവുക.

സ്ഥൂല ശരീരമുള്ള മസീഹി(അ)ന് ഗോളാന്തര യാത്ര സാധിക്കുമോ? ശ്വസിക്കാന്‍ വായു ലഭിക്കുമോ? കാലവ്യതിയാനങ്ങള്‍ തിരസ്കരിക്കാനാവുമോ? വാര്‍ദ്ധക്യം മൂലം പുനരാഗമനത്തില്‍ ഫലമുണ്ടോ? ഇതൊക്കെയാണ് മീര്‍സയുടെ ബേജാറുകള്‍. പാവം മീര്‍സായും മീര്‍സായികളും. സാധുക്കളെ! ഈസാ നബി(അ)യുടെ കാര്യത്തില്‍ നിങ്ങള്‍ എന്തിന് ഇടപെടണം. ഈ കാര്യത്തില്‍ മുസ്ലിംകളല്ലേ ബേജാറാവേണ്ടത്.

മസീഹ്(അ)നെ ശത്രുസംഹാരത്തില്‍ നിന്നും രക്ഷിച്ച് ആകാശത്ത് എത്തിച്ച അല്ലാഹുവിന് തന്നെ മസീഹിനു വേണ്ടുന്ന സര്‍വ സംരക്ഷണവും നല്‍കാനാകും. സ്ഥൂല ശരീരമുള്ള മനുഷ്യന്റെ ഗോളാന്തരയാത്രയില്‍ മുസ്ലിംകള്‍ക്ക് സംശയിക്കേണ്ടതില്ല. പ്രപഞ്ചം മനുഷ്യന് കീഴ്പ്പെടുത്തപ്പെട്ടിരിക്കുന്നുവെന്ന് പഠിപ്പിച്ച ഖുര്‍ആനാണ് മുസ്ലിമിന്റെ ചാലക ശക്തി. കോടിക്കണക്കിന് കൂറ്റന്‍ ഗ്യാലക്സികള്‍ കടന്ന് അല്ലാഹു നിശ്ചയിച്ച വിശുദ്ധ കേന്ദ്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയ മുഹമ്മദ് നബി(സ്വ)യാണ് മുസ്ലിംകളുടെ മാര്‍ഗദര്‍ശകന്‍. 1961 ഏപ്രില്‍ 12 ന് യൂറീ ഗഗാറിന്‍ ഭൂമിയില്‍ നിന്നും 321 കി.മീ. ഉയരത്തില്‍ ഒരു മണിക്കൂറും 48 മിനിട്ടും ഭൂമിയെ വലം വെച്ചു.

ആകാശ യാത്ര സാര്‍വത്രികമായ ഇക്കാലത്ത് വിഹായസ്സിന്റെ വിശാലതയില്‍ കമ്പനികളും കമ്പോളങ്ങളും തുറക്കുന്നതിനെക്കുറിച്ചാണ് ആധുനിക മനുഷ്യന്‍ ചിന്തിക്കുന്നത്. ഭൂമിയെ പോലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ ബുദ്ധിജീവികളുണ്ടോയെന്ന അന്വേഷണം ശാസ്ത്രലോകത്ത് തകൃതിയായി നടക്കുമ്പോഴും ഇസ്ലാമിക ദര്‍ശനങ്ങളും ശാസ്ത്ര സാധ്യതകളും തള്ളിക്കളഞ്ഞ് ഒരു നൂറ്റാണ്ട് പഴക്കമുള്ള മീര്‍സാ ഭ്രാന്തുകള്‍ക്കും വിവരക്കേടുകള്‍ക്കും വിപണി തേടുന്ന ‘ബുദ്ധിജീവികള്‍’ ചരിത്രത്തിന്റെ മ്യൂസിയത്തില്‍ എക്കാലവും വിഡ്ഢികളായി സ്മരിക്കപ്പെടും.

മീര്‍സയുടെ യേശു

അന്ത്യദിനത്തോടടുത്ത് ഈസാ(അ) ഇറങ്ങിവരുമെന്ന ഇസ്ലാമിക വിശ്വാസത്തില്‍ വെള്ളം ചേര്‍ത്ത് പ്രസ്തുത ഈസാ താനാണെന്ന് സമര്‍ഥിക്കാന്‍ കള്ള പ്രവാചകന്‍ കാണിച്ച സാഹസങ്ങളാണ് ഇത്രയും വിശദീകരിച്ചത്. ഇതിനപ്പുറം ശ്രദ്ധാര്‍ഹമായ മറ്റൊരു വസ്തുതയുണ്ട്. യേശു ക്രിസ്തു അഥവാ ഈസാ പ്രവാചകന്‍ മീര്‍സയുടെ അഭിപ്രായത്തില്‍ ആരായിരുന്നു എന്ന് അന്വേഷിക്കുമ്പോള്‍ തന്റെ ‘പൂര്‍വാവതാരത്തെ’ കുറിച്ച് മീര്‍സ പുലര്‍ത്തിയിരുന്ന അബദ്ധ വിശ്വാസങ്ങള്‍ നമ്മെ നാണിപ്പിക്കുമെന്നതാണ് സത്യം.

സത്യവാഹകനായ, ധാര്‍മിക ജീവിതം നയിച്ച ഒരു വ്യക്തിയെ സൂചിപ്പിച്ച് അയാള്‍ ഞാനാണെന്നോ, ഞാന്‍ അദ്ദേഹത്തെ പോലെയാണെന്നോ ഒക്കെ അവകാശപ്പെടുന്നതിന്റെ അര്‍ഥം ആര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ തികച്ചും വൃത്തികേടില്‍ മാത്രം ജീവിച്ച, സഭ്യതയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഒരാള്‍ താനാണെന്ന് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കില്‍ അവന്റെ ‘അസുഖം’ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവാതിരിക്കില്ല. ഇവിടെയാണ് മീര്‍സയുടെ ‘ഭ്രാന്ത്’ ഒരിക്കല്‍ കൂടി അനാവരണം ചെയ്യപ്പെടുന്നത്. കാരണം തീര്‍ത്തും സദാചാര വിരുദ്ധനായിരുന്നു മീര്‍സയുടെ വിശ്വാസത്തില്‍ ഈസാ നബി (അ)! മീര്‍സ എഴുതി: ഈസാ നബിയുടെ മൂന്ന് പിതാമഹികളും മാതാമഹികളും വേശ്യകളും ദുര്‍നടപ്പുകാരികളുമായിരുന്നു. അവരുടെ രക്തത്തിലാണ് അയാള്‍ ജനിച്ചത്. ഇത് അദ്ദേഹത്തിന്റെ ദിവ്യത്വത്തിന് അനിവാര്യമായിരിക്കാം. തേവിടിശ്ശികളുമായുള്ള അദ്ദേഹത്തിന്റെ സമ്പര്‍ക്കവും സഹവാസവും ഒരുപ ക്ഷേ, പാരമ്പര്യത്തിന്റെ ആവശ്യമായിരിക്കാം. അല്ലാതെ അനുരക്തനായ ഒരാള്‍, യുവതിയായ വേശ്യക്ക് തന്റെ തലയില്‍ അവിശുദ്ധ കരങ്ങള്‍ കൊണ്ട് സ്പര്‍ശിക്കാനും വ്യഭിചാരത്തില്‍ നിന്ന് ലഭിച്ച സമ്പത്തിന്റെ വൃത്തികെട്ട സുഗന്ധം പൂശാനും തലമുടികൊണ്ട് കാലു തുടക്കാനും അനുവദിക്കുമോ? യേശു എത്തരക്കാരനാണെന്ന് മനസ്സിലാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് ഇത്രയൊക്കെ ധാരാളമാണ് (സമീമയെ അന്‍ജാമെ ആഥം 7 ഹാശിയ).

സുന്ദരിയായ വേശ്യ യേശുവിന്റെ അടുത്ത് തോളാടു തോള്‍ ചേര്‍ന്നെന്ന പോലെ ഇരിക്കുന്നു. ചിലപ്പോള്‍ കരങ്ങള്‍ നീട്ടി തലയില്‍ സുഗന്ധ ലേപനം നടത്തുന്നു. മറ്റു ചിലപ്പോള്‍ തന്റെ കറുത്ത സൌന്ദര്യമുള്ള മുടി കാലില്‍ വെക്കുന്നു. മടിയില്‍ കളിച്ചുകൊണ്ടിരിക്കുന്നു. യേശു അവാച്യമായ ലഹരിയില്‍ ഇതിനെ ആക്ഷേപിച്ച ആളോട് കയര്‍ക്കുകയും ചെയ്യുന്നു. നിറഞ്ഞ യൌവ്വനം, ഒപ്പം മദ്യത്തിന്റെ അവാച്യ ലഹരിയും. ഇദ്ദേഹം പരിത്യാഗിയാണത്രെ! സുന്ദരിയായ യുവതി ശരീരത്തോട് ചേര്‍ന്നാണിരിക്കുന്നത്. ഇതൊക്കെയല്ലേ നല്ലവരുടെ പ്രവൃത്തികള്‍. ഈ വേശ്യ തൊട്ടുഴിഞ്ഞിട്ടും യേശുവിന്റെ കാമമുണര്‍ന്നില്ലെന്നതിന് എന്താണ് പ്രമാണം? തേവിടിശ്ശിമൂലമുണര്‍ന്ന വികാരം ശമിപ്പിക്കാന്‍ സ്വന്തം ഭാര്യയെ സന്ദര്‍ശിക്കാനാവാത്തതാണ് കൂടുതല്‍ മാരകം. നിന്ദ്യയായ വേശ്യയുടെ സ്പര്‍ശന ചേഷ്ടകള്‍ അദ്ദേഹത്തിന്റെ വികാരമുണര്‍ത്തിയതിനാലായിരിക്കണം ‘ഹറാം പ്രവര്‍ത്തിക്കുന്നവളേ, മാറി നില്‍ക്കൂ’ എന്ന് പറയാന്‍ പോലും അയാള്‍ക്ക് കഴിയാതിരുന്നത്. ആ സ്ത്രീ നൃത്തം ചെയ്യുന്ന കുപ്രസിദ്ധ വേശ്യയായിരുന്നുവെന്ന് ഇഞ്ചീലില്‍ നിന്ന് വ്യക്തമാകുന്നുണ്ട് (നൂറുല്‍ ഖുര്‍ആന്‍, വാ: 2, പേജ്:73,74). ഒരു പ്രവാചകനെ കുറിച്ച് മീര്‍സയുടെ ജല്‍പനങ്ങളാണിത്! ഏറ്റവും ചുരുങ്ങിയത് താന്‍ സാദൃശ്യനാണെന്നു പറയുന്ന വ്യക്തിയെ കുറിച്ചുള്ള വിശേഷണങ്ങള്‍!


RELATED ARTICLE

  • ഖാദിയാനിസം ബ്രിട്ടീഷ് സൃഷ്ടി
  • അബദ്ധങ്ങളില്‍ ചിലത്
  • സ്വര്‍ഗത്തിലേക്കൊരു കുറുക്കുവഴി
  • മീര്‍സ തന്നെ മഹ്ദിയും
  • മീര്‍സയുടെ പ്രണയവും വാഗ്ദത്ത പുത്രനും
  • യേശു ക്രിസ്തു കാശ്മീരില്‍
  • മീര്‍സയുടെ അവകാശവാദങ്ങള്‍
  • മീര്‍സയും മസീഹിയ്യത്തും
  • മീര്‍സയുടെ ദൈവവും മീര്‍സാ ദൈവവും
  • മീര്‍സയുടെ മ്ളേഛ വ്യക്തിത്വം
  • ശ്രീകൃഷ്ണന്‍ നബിയോ?
  • വ്യാജന്മാരുടെ ചരിത്രം
  • ഖാതമും ഖാതിമും
  • വ്യാജ രേഖകളും മറുപടിയും
  • ഇസ്ലാമും ഖാദിയാനിസവും