ലൗഹുല്‍ മഹ്ഫൂളില്‍ എഴുതി സൂക്ഷിച്ചിട്ടുള്ള വിശുദ്ധ ഖുര്‍ആന്‍ അവിടെ നിന്ന് മഹാന്മാരായ മലകുകള്‍ വിശുദ്ധ ഗ്രന്ഥങ്ങളില്‍ എഴുതി വിശുദ്ധിയോടെ ഒന്നാം ആകാശത്ത് സൂക്ഷിച്ചിരിക്കുന്നു. വിശുദ്ധിയോടെ ആകാശത്ത് സൂക്ഷിക്കപ്പെട്ട ഈ ഖുര്‍ആന്‍ ഭൂമിയിലെ സത്യവിശ്വാസികളും ശുദ്ധിയോടു കൂടി മാത്രമെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. അല്ലാഹു പറയുന്നു: ”ആദരണീയവും ഉന്നതവും പരിശുദ്ധവുമായ ഗ്രന്ഥങ്ങളില്‍ മഹാന്മാരും പുണ്യാത്മാക്കളുമായ എഴുത്തുകാരുടെ കൈകളില്‍ അതു സ്ഥിതി ചെയ്യുന്നു” (സൂറ അബസ:13þ-16), ”ശുദ്ധിയുള്ളവരല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടില്ല” (സൂറ അല്‍ വാഖിഅ:79).
വലിയ അശുദ്ധിയുള്ളവര്‍ ഖുര്‍ആന്‍ ഓതാനോ തൊടാനോ ചുമക്കാനോ പാടുള്ളതല്ല. ചെറിയ അശുദ്ധിയുള്ളവര്‍ക്ക് ഓതല്‍ അനുവദനീയമാണെങ്കിലും തൊടലും ചുമക്കലും ഹറാം (നിഷിദ്ധം) ആണ്. എഴുത്ത് തൊടുന്നതുപോല തന്നെ മുസ്വ്ഹഫില്‍ എഴുത്തില്ലാത്ത ഭാഗവും അത് സൂക്ഷിച്ചിട്ടുള്ള ഉറയും ഖുര്‍ആന്‍ എഴുതിയിട്ടുള്ള ബോര്‍ഡ് മുതലായവയും വുളൂഅ് ഇല്ലാതെ തൊടല് ഹറാമാണ്. എന്നാല്‍, പഠനാവശ്യാര്‍ഥം വുളൂഅ് ഇല്ലാതെ വകതിരിവായ കുട്ടികള്‍ ഖുര്‍ആന്‍ തൊടുന്നതും ചുമക്കുന്നതും തടയപ്പെടേണ്ടതില്ല. ഖുര്‍ആന്‍ വകതിരിവ് ആകാത്ത കുട്ടികളുടെ കയ്യില്‍ കൊടുക്കുന്നതും അറബിയല്ലാത്ത ഭാഷയില്‍ എഴുതുന്നതും നാണയം മുതലായവ ഖുര്‍ആനിന്റെ അകത്ത് വെക്കുന്നതും അനാവശ്യമായി കീറി നശിപ്പിക്കുന്നതും ഖുര്‍ആന്‍ എഴുതിയ വസ്തുക്കള്‍ വിഴുങ്ങലും ഖുര്‍ആനിനു നേരെ കാല് നീട്ടലും ഹറാമാണ്. ഖുര്‍ആന്‍ എഴുതി മായിച്ച പാനീയം കുടിക്കുന്നതും ബറകതിനു വേണ്ടി ഖുര്‍ആന്‍ എഴുതി ചുമക്കുന്നതും ഹറാമല്ല. അപ്രകാരം തന്നെ മുസ്വ്ഹഫ് മറ്റു ചരക്കുകളോടൊപ്പം ചുമക്കാവുന്നതാണ്. ഖുര്‍ആനിനെക്കാള്‍ കൂടുതലെങ്കില്‍ തഫ്സീര്‍ ഗ്രന്ഥങ്ങള്‍ തൊടുകയും ചുമക്കുകയും ചെയ്യാവുന്നതാണ്. ഖുര്‍ആനിന്റെ ആദരവിനു ഭംഗം വരുമെന്ന് കാണുമ്പോള്‍ അതു മായിച്ചു കളയേണ്ടതാണ്. അതിനു സൗകര്യം ഇല്ലെങ്കില്‍ കരിച്ചു കളയണം. അനാവശ്യമായി ഖുര്‍ആന്‍ കരിക്കാന്‍ പാടില്ല. ഖുര്‍ആന്‍ ഉയര്‍ന്ന സ്ഥലത്ത് സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കേണ്ടതാണ്. അലമാരയില്‍ മുകള്‍ തട്ടില്‍ എല്ലാ വസ്തുക്കള്‍ക്കും മുകളിലാണ് ഖുര്‍ആന്‍ സൂക്ഷിക്കേണ്ടത്. ഇരിക്കുന്ന പീഠത്തിന്റെയോ കിടക്കുന്ന കട്ടിലിന്റെയോ ചുവട്ടില്‍ മുസ്വ്ഹഫോ അത് സൂക്ഷിച്ച പെട്ടിയോ വെക്കാന്‍ പാടുള്ളതല്ല.
RELATED ARTICLE