Click to Download Ihyaussunna Application Form
 

 

വ്യാജന്മാരുടെ വൈകൃതങ്ങള്‍

വ്യാജന്മാര്‍ ത്വരീഖതില്‍ നിലനില്‍ക്കുന്നതു പലതരം വൈകൃതങ്ങളുടെ പിന്‍ബലത്തി ലാണ്. സാധാരണക്കാരില്‍ സാധാരണക്കാരെ തെറ്റുധരിപ്പിക്കുന്നതും കണ്ണു വെട്ടിക്കുന്നതുമായ കൃത്യങ്ങള്‍ പലതും കാണിച്ചു താന്‍ ശയ്ഖാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നു. നിജസ്ഥിതി ഗ്രഹിക്കാന്‍ അവസരം കിട്ടാത്ത നിസ്വാര്‍ഥരും ഗ്രഹിച്ചിട്ടും വൈയക്തിക ഭൌതിക താല്‍പര്യങ്ങള്‍ കാരണം  ഇത്തരം വൈകൃതങ്ങളില്‍ അകപ്പെടുന്നവരും ഉണ്ട്. വിവിധ ത്വരീഖതുകളുടെ പേരില്‍ വര്‍ത്തിക്കുന്ന ഇത്തരം വഞ്ചകരെയും അവരുടെ കുതന്ത്രങ്ങളെയും മാത്രം പരാമര്‍ശിക്കുന്ന ഗ്രന്ഥമാണ് ‘അല്‍മുഖ്വ്താര്‍ ഫീ കശ്ഫില്‍അസ്റാര്‍’. ജൌബരി എന്ന പേരില്‍ പ്രസിദ്ധനായ സയ്നുദ്ദീന്‍ അബ്ദുര്‍റഹീം ഇബ്ന്‍ ഉമര്‍(റ) ആണു ഗ്രന്ഥകര്‍ത്താവ്.  പ്രസ്തുത ഗ്രന്ഥത്തില്‍ വ്യാജ ശയ്ഖുമാരെ കുറിച്ചു പരാമര്‍ശിക്കുന്ന ചില വരികള്‍ കാണുക:

“ശയ്ഖാണെന്നു വാദിക്കുന്ന ചിലരുടെ വൈകൃതങ്ങളെക്കുറിച്ചാണ് ഈ അധ്യായത്തില്‍ വിവരിക്കുന്നത്. സത്യസന്ധരായ മശാഇഖുകളെപ്പറ്റിയല്ല ഇവിടെ പരാമര്‍ശം. അ വരുടെ ആത്ഭുത കൃത്യങ്ങള്‍ നാം ആക്ഷേപിക്കുന്നില്ല. അവരെപ്പറ്റി ലോകത്തിനു ന ന്നായറിയാം. അവരൊക്കെ അല്ലാഹുവിലേക്കുള്ള ത്വരീഖതിന്റെ നായകന്മാര്‍ ആയിരുന്നു. ജുനയ്ദുല്‍ ബഗ്ദാദി, ഇബ്റാഹീം ഇബ്നു അദ്ഹം, ഹസനുല്‍ബസ്വരി, സരിയ്യുസ്സിഖത്വി, മഅ്റൂഫുല്‍കര്‍ഖീ, അബൂസുലയ്മാനുദ്ദാറാനി (റ.ഹും) തുടങ്ങിയവരൊക്കെ അ ത്യുന്നതരായ ശയ്ഖുമാരായിരുന്നു. ഇവരില്‍ അറിയപ്പെടാത്ത വേറൊരു നിരയും ഉണ്ട്. മാലാഖമാരെക്കാള്‍ മഹാന്മാരാണിവര്‍. നബി(സ്വ) പറഞ്ഞു: “എത്രയെത്ര മുടി ജടകുത്തിയവര്‍, വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നവര്‍, അവര്‍ അല്ലാഹുവില്‍ സത്യം ചെയ് തു വല്ലതും പറഞ്ഞാല്‍ അത് അപ്പടി പുലര്‍ന്നതു തന്നെ.”

ഈ വിഭാഗത്തിന്റെ പിറകില്‍ നില്‍ക്കുന്ന മറ്റൊരു കൂട്ടം മശാഇഖുമാരാണു രിയാള്വ: (ആത്മകളരി), അസ്മാഉല്‍ മുഖദ്ദസ:(വിശുദ്ധ ഇലാഹീ നാമം) തുടങ്ങിയവയുടെ വാ ക്താക്കള്‍. ഇവര്‍ പരിശുദ്ധ ദൈവിക നാമത്താല്‍ പ്രാര്‍ഥിച്ചു കാര്യം സാധിക്കുന്നവരായിരുന്നു. അബ്ബാദാന്‍, ബുഹ്ലൂല്‍, ശയ്ഖ് ഖാദീം, ശയ്ഖ് അബുല്‍അബ്ബാസ്, ശയ്ഖ് യാസീന്‍ (റ.ഹും) തുടങ്ങി പരിചിതരും അല്ലാത്തവരും ഈ ഗണത്തില്‍ പെടുന്നു.

മശാഇഖുമാരായി വരുന്നവരില്‍ മൂന്നാമത്തെ വര്‍ഗം വ്യാജന്മാരാണ്. ചില പൊടിക്കൈകളും മായാപ്രകടനങ്ങളുമാണ് ഈ വിഭാത്തിന്റെ പിന്‍ബലം. ദീനിന്റെ പേരു പറഞ്ഞു ദുന്‍യാവ് അകത്താക്കുന്ന, മുസ്ലിം മനസ്സുകളില്‍ സംശയങ്ങള്‍ കടത്തിവിടുന്ന ദുശിച്ച വിഭാഗക്കാരാണിവര്‍. ഈ കൂട്ടരുടെ പുറംമോടി കണ്ടാല്‍ നല്ലവരാണെന്നു തോന്നും. അകത്തളത്തില്‍ ഇവര്‍ കപടന്മാരായിരിക്കും. ഹറാമുകള്‍ ഹലാലാക്കുന്നവരും അവിവേകങ്ങള്‍ക്കു നായകത്വം നല്‍കുന്നവരുമാണിവര്‍. മുബാഹിയ്യാത് എന്നത് ഈ ഗണത്തില്‍ പെട്ട ഒരു വിഭാഗമാണ്. സ്ത്രീകളും കൌമാരപ്രായരായ ആണ്‍കുട്ടികളുമൊത്തു സഹവസിക്കലും അശ്ളീല ഗാനങ്ങള്‍ കേള്‍ക്കലും ഹലാലാണെന്നിവര്‍ വിശ്വസിക്കുന്നു. പെണ്ണുങ്ങളുമായി തനിച്ചു കഴിയാനുള്ള അവസരം ഇവര്‍ കണ്ടെത്തുകയും ചെയ്യുന്നു. അവരെ വല വീശാന്‍ ചില മായാവിദ്യകള്‍ ഇവര്‍ കാണിക്കുന്നതുമാണ്. കത്തിയാളുന്ന അടുപ്പിനകത്തു പ്രവേശിക്കല്‍, വെള്ളമില്ലാത്ത കൂജയില്‍ അദൃശ്യരൂപത്തില്‍ വെള്ളം നിറക്കല്‍, മെഴുകുതിരികളില്‍ നിന്നു കൈ വിരലുകള്‍ക്ക് തീ പകര്‍ന്നെടുത്തു കത്തിച്ചു നൃത്തം ചെയ്യല്‍, ലഭ്യമല്ലാത്ത ഫലങ്ങള്‍ അപ്പോള്‍ പറിച്ചെടുത്തതെന്നു തോന്നിക്കുന്നവിധം ഹാജറാക്കല്‍ തുടങ്ങിയവ ഇക്കൂട്ടരുടെ തന്ത്രത്തില്‍ പെടുന്നതാണ്. ഇതൊക്കെ സാധിക്കുന്നതു ചില ശാസ്ത്രീയ മാര്‍ഗങ്ങളും കണ്‍കെട്ടും വഴിയാണെന്നതു വേറെകാര്യം. ഡമസ്കസില്‍ മഖ്സ്വൂദ് എന്നു പേരായ ഒരാള്‍ ശയ്ഖാണെന്നു പറഞ്ഞു രംഗത്തു വന്നതു ചരിത്രത്തില്‍ കാണാം. അയാള്‍ കാണിച്ചിരുന്ന പ്രധാനപ്പെട്ട അത്ഭുത കൃത്യം ആ സീസണില്‍ കിട്ടാത്ത പഴവര്‍ഗങ്ങള്‍ പുറത്തിറക്കുകയായിരുന്നു. കുറെ പാവങ്ങള്‍ അയാളില്‍ വിശ്വാസമര്‍പ്പിച്ചു. തനിക്ക് അംഗീകാരം വര്‍ധിച്ചപ്പോള്‍ അയാള്‍ ഒന്നുകൂടി പരിഷ്കരിച്ചു. തനിക്കു നുബുവ്വതുണ്ടെന്നും ഈസബ്ന്‍ മര്‍യമാണു താനെന്നുമായിരുന്നു പിന്നത്തെ വാദം. അനുയായികള്‍ പെരുത്തപ്പോള്‍ ‘സ്വഫാഫ്’ എന്ന സ്ഥലത്ത് അയാള്‍ താമസമാക്കി വ്യാജകൃത്യങ്ങള്‍ ചെയ്തു വന്നുവത്രെ. ചക്രവര്‍ത്തി അബൂബക്കര്‍ബ്ന്‍ അയ്യൂബിന്റെ കാലത്തായിരുന്നു ഇത്.

ഈ കൂട്ടത്തില്‍ മറ്റൊരു വിഭാഗം നാല്‍പതു ദിവസത്തോളം അന്നവും വെള്ളവുമില്ലാതെ കഴിഞ്ഞു  കൂടുമത്രെ. തങ്ങളുടെ ഭക്ഷണം തസ്ബീഹാണെന്നും പടച്ചവന്‍ ഞങ്ങളെ തീറ്റിക്കുന്നുവെന്നുമൊക്കെ ഇവര്‍ വാദിക്കും. കുറെ കാലത്തേക്ക് അന്നം തി ന്നാതിരിക്കാന്‍ ഉപയുക്തമായ ചില ചെപ്പടി വിദ്യകളാണ് ഇവരുടെ പിന്‍ബലം. ഹിജ്റ: 615-ല്‍ ഇത്തരത്തില്‍ ഒരു കള്ളവാദി ഈജിപ്ഷ്യന്‍ നാടുകളില്‍ പ്രത്യക്ഷനായതായി ചരിത്രമുണ്ട്. അബുല്‍ഫതഹ് എന്നായിരുന്നു അയാളുടെ പേര്. ശയ്ഖാണെന്നു വാദിച്ചു രംഗത്തു വന്ന ഇയാള്‍ ദൃഷ്ടാന്തമായി അവതരിപ്പിച്ചത് ആറു മാസത്തിനു വെള്ളം എനിക്കു വേണ്ട എന്നായിരുന്നു. ഫൈശ എന്ന ഗ്രാമത്തിന്റെ തലവന്‍ ഇസ്സുദ്ദീന്‍ ഇയാളെ പിടികൂടി തന്റെ വീട്ടില്‍ തടങ്കലില്‍ വെച്ചു. ആറു മാസത്തോളം അന്നം മാത്രം നല്‍കി. വെള്ളത്തിന് യാതൊരു വകുപ്പും കൊടുത്തില്ല. ആറു മാസം തീര്‍ന്നപ്പോള്‍- അദ്ദേഹത്തെ മോചിതനാക്കി. പക്ഷേ, അയാളില്‍ മാറ്റങ്ങള്‍ യാതൊന്നും കണ്ടില്ല. ഇത് ഇസുദ്ദീനിന്റെ വിശ്വാസത്തെ വര്‍ധിപ്പിക്കുകയും ഒരു വലിയ അനുയായിവൃന്ദത്തെ തന്നെ ആ വ്യാജവാദിക്കു നേടാന്‍ അവസരം ഒരുക്കുകയും ചെയ്തു. ഈജിപ്തിലും തൊട്ടടുത്ത നാടുകളിലും ഇയാള്‍ക്ക് പ്രസിദ്ധി ലഭിക്കുകയും ഒരു പര്‍ണശാല ഇയാള്‍ ക്കു മാത്രമായി പണിയുകയുമുണ്ടായത്രെ. 675-ല്‍ മരിക്കുന്നതു വരെ ഒരു ശയ്ഖായി തന്നെ ഇയാള്‍ നിലനിന്നു.

കൈവിരലുകള്‍ക്കിടയില്‍ നിന്നു വെള്ളം പമ്പു ചെയ്യല്‍, ഇരുട്ടില്‍ യാത്ര ചെയ്യവെ നെറ്റിത്തടത്തില്‍ നിന്നു പ്രകാശം പൊഴിക്കല്‍, മരം തനിക്ക് സുജൂദ് ചെയ്യുന്നതായി തോന്നിപ്പിക്കല്‍, ആളുകളെ ഒരുമിച്ചു കൂട്ടി ഓരോരുത്തരും ആശിക്കുന്നത് അവര്‍ അറിയാതെ ഹാജറാക്കി കൊടുക്കല്‍ തുടങ്ങിയവയും ഇത്തരക്കാരുടെ മായാമന്ത്രങ്ങളില്‍ പെട്ടതാണ്. ഹിജാസില്‍ സുലയ്മാന്‍ എന്നു പേരായ ഒരു മനുഷ്യനുമായി സന്ധിക്കാന്‍ എനിക്ക് അവസരം കിട്ടി. മൊറോക്കോകാരനായ അയാള്‍ ശയ്ഖാണെന്നു വാദിക്കുന്നവനായിരുന്നു. ഞങ്ങള്‍ ഏട്ടംഗ സംഘമാണ് അയാളെ കാണാന്‍ ചെന്നത്. ഞങ്ങള്‍ ഓരോരുത്തരും ഓരോ സാധനങ്ങള്‍ വേണമെന്ന് ആശ പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ എണീറ്റ് പര്‍ണശാലയില്‍ കടന്നു അല്‍പം കഴിഞ്ഞു ഞങ്ങള്‍ പറഞ്ഞ സാധനങ്ങള്‍ ഹാജറാക്കിയതാണു ഞങ്ങള്‍ കാണുന്നത്. അതിനു പിന്നിലെ ചതി പിന്നെ മണത്തറിയാന്‍ എനിക്കവസരമുണ്ടായി. പര്‍ണശാലയില്‍ കടന്നു നിസ്കാരവും പ്രാര്‍ഥനയുമാണെന്നു വരുത്തിത്തീര്‍ക്കുകയും അതേസമയം തന്നെ പിന്‍വാതിലിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ തന്ത്രമൊരുക്കുകയുമായിരുന്നു അയാള്‍.

സത്യത്തില്‍ ഇവര്‍ ചെയ്യുന്നതു പ്രവാചകന്മാരുടെ മുഅ്ജിസതും ഔലിയാഇന്റെ കറാമതും തെറ്റിദ്ധരിപ്പിക്കുകയാണ്. ഇവരുടെ മായാവേലകള്‍ പോലെ തന്നെയാണ് അവയെന്നും വരുത്തിത്തീര്‍ക്കാനാണ് ഉള്ളില്‍കൂടി ഇവര്‍ ശ്രമിക്കുന്നത്. സത്യം വെളിച്ചമാണെന്നും അസത്യം ഇരുട്ടാണെന്നും നാം ഉറപ്പിക്കുക.

ഈ കള്ളവാദികളുടെ പൊതു സ്വഭാവമാണു കഞ്ചാവടി, വ്യഭിചാരം, ആണ്‍കുട്ടികളുമൊത്തുള്ള കാമകേളി തുങ്ങിയവ ഹലാലാണെന്ന വാദം. ഈ കൂട്ടത്തില്‍ ചിലര്‍ താടി പറ്റേ വടിക്കുന്നതു കാണാം. കള്ളവാദികള്‍ നിര്‍മിച്ചുണ്ടാക്കിയ ബിദ്അതാണിത്. നിസ് കാരം, നോമ്പ് തുടങ്ങിയ നിര്‍ബന്ധങ്ങള്‍ വീട്ടാതെ ജനാബത് പോലും കുളിക്കാതെ കഴി ഞ്ഞു കൂടുന്ന ദുര്‍വൃത്തരുണ്ട്.

ശയ്ഖ് അലി എന്ന പേരില്‍ ഡമസ്കസില്‍ ഒരാള്‍ രംഗത്തു വന്നതു ചരിത്രത്തില്‍ കാണാം. ഹഖ്റാന്‍ ഗ്രാമത്തില്‍ താമസമാക്കിയ അയാള്‍ വാദിച്ചിരുന്നതു ഞാന്‍ ഉന്നതനായ ശയ്ഖാണെന്നായിരുന്നു. കുറെ പേര്‍ അയാളെ പിന്തുടര്‍ന്നു. അയാളുടെ പ്രധാന ആശയം തന്നെ മനസ്സിനു തോന്നുന്നതു ചെയ്യാം എന്നായിരുന്നു. തന്റെ മുരീദുമാര്‍ക്ക് അയാള്‍ ഇങ്ങനെ നിര്‍ദേശം നല്‍കിയിരുന്നത്രെ.

“നിങ്ങള്‍ ഇഛക്ക് വിലങ്ങു നില്‍ക്കരുത്. ഇഛതേടുന്നതു ചെയ്തിരിക്കണം. അതാണ് അതിന്റെ ബാധ്യത.” അവസാനം ഇയാളെ ചക്രവര്‍ത്തി പിടികൂടി ബന്ധനത്തിലാക്കുകയായിരുന്നു.

വ്യാജവാദികളില്‍ ഒരു കൂട്ടര്‍ ദരിദ്ര വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവരാണ്. ഇവരുടെ യഥാര്‍ഥ ലക്ഷ്യം സമ്പന്നരുടെ മക്കളാകും. അവരെ വലവീശി കഞ്ചാവിനും കള്ളിനും പാത്രമാക്കി സ്വകാര്യ ജീവിതം സുഖപൂര്‍ണമാക്കും. അല്‍മുതമയ്യിസ: എന്നാണ് ഇവരുടെ പേര്. മറ്റൊരു കൂട്ടരാണ് അല്‍ബഹ്രിയ്യ:. ഇവരുടെ തൊഴില്‍ യാത്ര പോകുന്നിടത്തു നിന്നെല്ലാം വല്ലതും കവര്‍ന്നെടുക്കുക എന്നതത്രെ. പള്ളിയില്‍ കടന്നാല്‍ അവിടെ കത്തിക്കാന്‍ വെച്ച സയ്തെണ്ണയെങ്കിലും മോഷ്ടിക്കാതെ പുറത്തു പോകരുതെന്നാണ് ഇവരുടെ നിയമം. അങ്ങനെ ചെയ്യാത്ത മുരീദ് പദവി കുറഞ്ഞവനായിത്തീരുമത്രെ. അങ്ങേ അറ്റത്തെ അധമര്‍ എന്നല്ലാതെ ഇവരെപ്പറ്റി എന്തു പറയാന്‍?” (അല്‍മുഖ്താര്‍: 10-18).

ജൌബരി പറഞ്ഞ കാര്യങ്ങളാണിതുവരെ വിവരിച്ചത്. ഇത്തരം വിഭാഗങ്ങളുടെ തന്ത്ര-കുതന്ത്രങ്ങളുടെ രഹസ്യങ്ങള്‍ കൂടി മഹാന്‍ തന്റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിട്ടുണ്ട്. ശാസ്ത്ര വിദ്യ, മാരണവിദ്യ, മായാജാലം, കണ്‍കെട്ട്, രാസവിദ്യ, പൈശാചിക വേല തുടങ്ങിയവയൊക്കെയാണ് ഇത്തരക്കാരുടെ അടിസ്ഥാനമെന്നു ഗ്രഹിക്കുക.

വ്യാജന്മാരുടെ വികൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണു പൂര്‍വീകരായ ആധ്യാത്മ ഗുരുക്കളുടെ ഗ്രന്ഥങ്ങള്‍ വായിച്ച് ആശയങ്ങള്‍ അര്‍ഥം മാറ്റി പ്രയോഗിച്ചു തങ്ങളുടേ തായ തട്ടകത്തിനു പിന്‍ബലമേകല്‍. ത്വരീഖതിന്റെ ശയ്ഖുമാര്‍ ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ അവരുടെ വാക്കുകള്‍ക്കു നല്‍കുകയും അവര്‍ കാണുന്ന ആന്തരീക അര്‍ഥം ഗ്രഹിക്കാനാകാത്തതിനാല്‍ ബാഹ്യാര്‍ഥത്തില്‍ പ്രവേശിച്ച് ശറഈ വിരുദ്ധ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇവര്‍ വഞ്ചകരാണ്. ഇത്തരക്കാരെ പരിചയപ്പെടുത്തി ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) പറയുന്നതു കാണുക: “പ്രാഥമിക വിജ്ഞാനത്തില്‍ തന്നെ വട്ടപൂജ്യരായ ചില കള്ള സ്വൂഫികള്‍ ഇബ്നു അറബീ തങ്ങളുടെയും അനുചരരുടെയുമൊക്കെ കൃതികള്‍ വായിച്ചു ദുരര്‍ഥങ്ങള്‍ ഗ്രഹിക്കുകയും തങ്ങളുടെ വിവരക്കേടിനെ അവലംബിക്കുകയും ചെയ്യുന്ന അവസ്ഥ പില്‍ക്കാലത്തുണ്ടായിട്ടുണ്ട്. ഇക്കൂട്ടരോട് അടുത്തു നില്‍ക്കുന്നത് ഇസ്ലാമിനു പകരം കുഫ്റാണ്. റമളാന്‍ മാസത്തില്‍ അന്നം തി ന്നുക, കൌമാരക്കാരുമായി കാമകേളികള്‍ നടത്തുക തുടങ്ങിയ തെമ്മാടിത്തങ്ങള്‍ ചെയ് തുകൊണ്ടിരിക്കെ ഇവരില്‍ പെട്ട ചിലര്‍ ഇങ്ങനെ വാദിക്കുന്നതായി കേട്ടിട്ടുണ്ട്. ഞങ്ങള്‍ അല്ലാഹുവിനെ മാത്രമേ കാണുന്നുള്ളൂ. ഈ കാണുന്ന ഹലാലും ഹറാമുമൊക്കെ യഥാര്‍ഥത്തില്‍ അല്ലാഹുവിനെ കാണാന്‍ കഴിയാത്ത ആധ്യാത്മ നിഷേധികളായ കര്‍മശാസ്ത്ര പണ്ഢിതന്മാരെ പോലെയുള്ളവര്‍ക്കു മാത്രം ബാധമാകുന്നു. ഞങ്ങള്‍ക്കു ബാധകമായതല്ല. ഇവരില്‍ തന്നെ മറ്റൊരു വിഭാഗം വാദിക്കുന്നതു സമ്പത്തൊക്കെ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതായതിനാലും ഞങ്ങള്‍ അല്ലാഹുവിന്റെ അടിമകളായതിനാലും ആരുടെ സ്വത്തും ഞങ്ങള്‍ക്കു ഹലാലാകുന്നു എന്നാണ്!. ഗ്രന്ഥപാരായണം കാരണം നിസ്കാരാദി നിര്‍ബന്ധങ്ങള്‍ കൃത്യത്തിനു വീട്ടാനാകാത്ത മറ്റൊരു കൂട്ടം വ്യാജന്മാരും ഈ ഗണത്തില്‍ വിലസിവരുന്നു. ഇവരില്‍ പലരുമായും നേരില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലോകം പണ്ടേ ഉള്ളതാണെന്നും കാഫിറുകള്‍ക്കു നരകശിക്ഷയില്ലെന്നുമൊക്കെ പറഞ്ഞു വന്ന ഒരാളോടു ഞാന്‍ ഇതെവിടെന്നു കിട്ടി എന്നു ചോദിച്ചപ്പോള്‍ ഇബ്നു അറബി തങ്ങളുടെ കിതാബില്‍ നിന്ന് എന്നായിരുന്നു മറുപടി. ശയ്ഖിന്റെ വാക്കുകള്‍ ഉദ്ദേശ്യമറിയാതെ ബാഹ്യാര്‍ഥത്തില്‍ തന്നെ മനസ്സിലാക്കി ചതിയില്‍പെട്ടതായിരുന്നു ഇവന്മാര്‍” (ഫതാവല്‍ഹദീസിയ്യ: 40).

പോംവഴി

ത്വരീഖതിന്റെ മേഖലയിലെ നെല്ലും പതിരും വേര്‍തിരിഞ്ഞു കിട്ടാന്‍ ആത്മാര്‍ഥതയുള്ള പണ്ഢിതനു പ്രയാസമില്ല. സാധാരണ പണ്ഢിതന്മാര്‍ക്കു ത്വരീഖതിന്റെ ആളുകളുടെ യാഥാര്‍ഥ്യങ്ങള്‍ അജ്ഞാതമാണെന്നും പണ്ഢിതന്മാര്‍ക്ക് അവരെ അളക്കാന്‍ അവകാശമില്ലെന്നുമുള്ള വാദം വ്യാജന്മാരുടെ ഭാഗത്തുനിന്നും കേള്‍ക്കാം. തങ്ങളുടെ തട്ടകത്തില്‍ നില്‍ക്കുന്ന സാധാരണക്കാരെ ഇതുപറഞ്ഞു വഞ്ചിക്കുകയാണു കള്ളവാദികള്‍ ചെയ്തു വരുന്നത്. എന്നാല്‍ ആത്മ്ജ്ഞാന ഗ്രന്ഥങ്ങളും മഹാത്മാക്കളുടെ ചരിത്രവും വെച്ചു ത്വരീഖതുകാരിലെ കള്ളവാദികളെ കണ്ടെത്തി പുറത്തു കാണിക്കണമെന്നത്രെ പണ്ഢിത മതം. ഇമാം ഇബ്നു ഹജരില്‍ഹയ്തമി(റ) പറയുന്നതു കാണുക:

“ഈ വിഷയത്തിലെ സത്യാവസ്ഥ ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ ഇമാം ഗസ്സാലി(റ)ന്റെ ഇഹ്യാഅ്, ഇമാം ഖുശയ്രി(റ)യുടെ രിസാല, ഇമാം സുഹ്റവര്‍ദി(റ)യുടെ അവാരിഫുല്‍മആരിഫ്, അബൂത്വാലിബുല്‍മക്കി(റ)യുടെ അല്‍ഖൂത് തുടങ്ങിയ ഗ്രന്ഥങ്ങള്‍ നീ പാരായണം ചെയ്തു കൊള്ളുക. ഈ വിഷയത്തില്‍ സത്യസന്ധരുടെ നിലപാടുകളും കള്ളനാണയങ്ങളുടെ പുകമറകളും ഈ കൃതികള്‍ തീര്‍ച്ചയായും വേ ണ്ടത്ര വ്യക്തമാക്കിത്തരും. പുറമെ, ആത്മീയ ഗുണങ്ങള്‍ സ്വന്തമാക്കാനും നിരന്തരമായ ആരാധന, ജമാഅതായുള്ള നിസ്കാരം തുടങ്ങിയ സ്വഭാവങ്ങള്‍ ശീലമാക്കാനും ഈ മഹത്ഗ്രന്ഥങ്ങള്‍ നിന്നെ പ്രേരിപ്പിക്കും. പിശാചിന്റെ വലയില്‍ പെട്ടു തിന്മയെ നന്മയാ യും ചീത്തയെ നല്ലതായും ധരിച്ചുപോയ അപഥ സഞ്ചാരികളുടെ അവിവേകങ്ങളില്‍ നിന്ന് മുക്തമാകാനും ഈ ഗ്രന്ഥങ്ങള്‍ സഹായകമാകുന്നതാണ്” (ഫതാവല്‍ഹദീസിയ്യ: 57).

ഇബ്നു ഹജറില്‍ഹയ്തമി(റ)ന്റെ ഈ ഉപദേശം പണ്ഢിത ലോകത്തിനോടുള്ളതാണ്. ഇബ്നു ഹജര്‍ തങ്ങള്‍ നിര്‍ദേശിച്ചതും തതുല്യവുമായ ഗ്രന്ഥങ്ങള്‍ വ്യാജന്മാരുടെ പൊള്ളത്തരങ്ങള്‍ക്കു മറുപടി നല്‍കും. ത്വരീഖത്, ശയ്ഖ് തുടങ്ങിയ ആത്മീയ കാര്യങ്ങള്‍ വെറും തമാശയല്ലെന്നും ഗൌരവതരമായ ചര്‍ച്ചകള്‍ അവകാശപ്പെടുന്ന മേഖലയാണെന്നും ബോധ്യപ്പെടുത്തിത്തരും.


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്