Click to Download Ihyaussunna Application Form
 

 

തര്‍ബിയതും ത്വരീഖതും

ത്വരീഖത്തിന്റെ ലക്ഷ്യപ്രാപ്തിക്കുള്ള ഉപാധിയാകുന്നു തര്‍ബിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വാദവിവാദങ്ങള്‍ നിലനില്‍ക്കുന്നതുമായ ഒരു ആശയമാണിത്.

തര്‍ബിയത്തിന്റെ വിവക്ഷ ആത്മീയ ശിക്ഷണമാണ്. ഇതു ത്വരീഖതില്‍ കര്‍ക്കശവും നിയതവുമായ രൂപത്തില്‍ നടപ്പിലാക്കണം. പൊതുവെ ജീവിതത്തില്‍ തര്‍ബിയത്ത് അനിവാര്യമാണ്.  വ്യക്തി വിശുദ്ധിക്ക് ഉചിതമായ മാര്‍ഗമിതാണ്.  തര്‍ബിയത്തിനെ വ്യാഖ്യാനിക്കവെ ഇബ്രീസ് പറയുന്നതു കാണുക:

“തര്‍ബിയത് കൊണ്ടുള്ള ലക്ഷ്യം, ദേഹിയെ തെളിമയുറ്റതാക്കലും പരിശുദ്ധമാക്കലുമാണ്. ദേഹത്തെ ബാധിക്കുന്ന മ്ളേഛതകളില്‍ നിന്നുള്ള ഈ ശുദ്ധീകരണത്താല്‍ രഹസ്യാനുഭവങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പാകം കിട്ടും. ഇതു സാധ്യമാകണമെങ്കില്‍ തെറ്റായ ബന്ധങ്ങളില്‍ നിന്നും ഇരുട്ടാര്‍ന്ന സ്ഥിതികളില്‍ നിന്നും ദേഹത്തെ അകറ്റി നിറുത്താന്‍ സാധിക്കേണ്ടതുണ്ട്” (കിതാബുല്‍ഇബ്രീസ് 208).

തര്‍ബിയതിനു പറഞ്ഞ ഈ നിര്‍വചനത്തില്‍ നിന്നും ഇതു സാര്‍വത്രികമായും പ്രായോഗികമാകേണ്ട ജീവിത ദര്‍ശനമാണെന്നു മനസ്സിലാക്കാവുന്നതാണ്. ശരീഅത്ത് തര്‍ബിയത്തിന്റെ മാര്‍ഗ രേഖകളാണെന്നു ഇതു വെച്ചു നമുക്കു പറയാം.  നിസ്കാരം, നോമ്പ് തുടങ്ങിയ കര്‍മങ്ങളെല്ലാം തന്നെ ഉന്നതമായ തര്‍ബിയതിനെ സ്വാംശീകരിച്ചവയാണ്.

ആധ്യാത്മ ജ്ഞാനികള്‍ തര്‍ബിയത്തിനെ രണ്ടായി വിലയിരുത്തിയിട്ടുണ്ട്. ഒന്ന് പ്രകൃതിദ ത്തമാകുന്നു.  ഇബ്രീസിന്റെ വരികള്‍ കാണുക:

“തര്‍ബിയത്തിന്റെ ഭാഗമായ തെളിച്ചം ചിലപ്പോള്‍ അടിസ്ഥാനപരമായി പ്രകൃതിക്കും ആകാവുന്നതാണ്.  ഇടനിലക്കാരനില്ലാതെ അല്ലാഹു നേരിട്ടു നടത്തുന്ന ശുദ്ധീകരണമാകുന്നു ഇത്. ഈ തര്‍ബിയത്തിന്റെ വക്താക്കള്‍ ‘ഉത്തമ കാലക്കാര്‍’ എന്ന ചരിത്ര ഖ്യാതിക്കു കാരണക്കാരായ ആദ്യത്തെ മൂന്നു നൂറ്റാണ്ടില്‍ ജീവിച്ച മഹാന്മാരാകുന്നു.  ഇക്കാലത്തെ ജനങ്ങള്‍ സത്യവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുകയും സത്യത്തിന്റെ മേല്‍ മാത്രം പ്രചോദിതരാവുകയും ചെയ്തു. അവരുടെ ഉറക്കവും ഉണര്‍ച്ചയും അടക്കവും അനക്കവും യാഥാര്‍ഥ്യത്തില്‍ മാത്രം ബന്ധിതമായിരുന്നു.  അതുപോലെ, അല്ലാഹുവിനെ കൊണ്ടും അവന്റെ റസൂലിനെ കൊണ്ടും ബന്ധിതമായിരുന്നു അവരുടെ ജീവിതം.  അക്കാരണത്താല്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പൊരുത്തം സമ്പാകദിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് അവരില്‍ നന്മ പെരുത്തതും വിജ്ഞാനത്തിന്റെ ദീപം തെളിഞ്ഞതും.  ഇജ്തിഹാദിന്റെ അത്യുന്നത പദവി വരെ പ്രാപിക്കുന്നതില്‍ അവര്‍ക്ക് അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടായതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് ഇക്കാലത്തു തര്‍ബിയതിനു സാമ്പ്രദായികമായ രൂപഭാവങ്ങള്‍ ആവശ്യമായി വന്നില്ല. അതേസമയം ഗുരുസാന്നിധ്യവും നിര്‍ദ്ദേശവും മാത്രം അവരില്‍ സന്മാര്‍ഗ്ഗത്തിലേക്കുള്ള കുതിച്ചു ചാട്ടമുണ്ടാക്കും” (കിതാബുല്‍ ഇബ്രീസ്: 207, 208).

തന്റെ തൊട്ടടുത്ത കാലക്കാര്‍ എന്ന പരിഗണനയില്‍ ആദ്യത്തെ മൂന്നു നൂറ്റാണ്ടുകാരെ നബി(സ്വ) മഹത്വപ്പെടുത്തിയതു പ്രസിദ്ധമാണ്. അവരില്‍ നിന്നാണ് ഇസ്ലാമിന്റെ തനതായ രീതിയും സ്വഭാവവും ലോകത്തിനു ലഭിക്കുന്നത്. മദ്ഹബിന്റെ വ്യവസ്ഥാപിതമായ രൂപീകരണ കാലമായിരുന്നു അത്.  ഈ കാലയളവിലെ തര്‍ബിയത് സാര്‍വത്രികമായിരുന്നുവെന്നാണു മേല്‍ പറഞ്ഞതില്‍ നിന്നും മനസ്സിലാകുന്നത്. ഇടയാളനില്ല എന്നു പറഞ്ഞതിന്റെ പൊരുള്‍ ഒരു ശയ്ഖിന്റെ ഇടപെടല്‍ പില്‍ക്കാലത്തെ പോലെ ആവശ്യമായില്ല എന്ന അര്‍ഥത്തിലാണ്.  അതേ സമയം തിരുനബി(സ്വ) പ്രസരിപ്പിച്ച തര്‍ബിയതിന്റെ പ്രഭ ശക്തമായി തന്നെ അക്കാലങ്ങളില്‍ നിലനിന്നിരുന്നു.  പില്‍ക്കാലത്ത് ആ പ്രഭയ്ക്കു മങ്ങല്‍ വന്നു.  നബി(സ്വ)യുടെ പ്രഖ്യാപനത്തില്‍ നിന്നുതന്നെ അതു വ്യക്തമായിരുന്നു.  ഖയ്റുല്‍ഖുറൂന്‍ – നല്ല കാലക്കാര്‍ എന്ന തങ്ങളുടെ വിശിഷ്ഠപ്പെടുത്തല്‍ കാലാന്തരത്തില്‍ നന്മ കുറയുമെന്നു സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു തര്‍ ബിയത്തിന്റെ രണ്ടാമത്തെ ഇനത്തെ ആത്മജ്ഞാനികള്‍ സ്ഥിരീകരിക്കുന്നത്. ഇബ്രീസ് തുടരുന്നു:

‘തര്‍ബിയത് ചിലപ്പോള്‍ ഒരു ശയ്ഖിന്റെ ഇടപെടല്‍ മുഖാന്തിരം ആകാവുന്നതാണ്. ദേഹത്തിന്റെ അവിഹിത ബന്ധങ്ങള്‍ അറുത്തു മാറ്റാന്‍ ഈ ആധ്യാത്മ ഗുരു ഇടയാളനായി നില്‍ക്കുന്നു. ഈ തര്‍ബിയത് സംജാതമായതു ശ്രേഷ്ഠ കാലങ്ങള്‍ക്കു ശേഷമാണ്.  ശ്രേഷ്ഠ കാലത്തിനു പിറകെ മനുഷ്യരുടെ ആത്മീയാവസ്ഥ മോശമാകാനും ബുദ്ധി ദുന്‍യാവീ ബന്ധത്തില്‍ കുരുങ്ങാനും തുടങ്ങി.  ഇഛകളുടെ സഫലീകരണവും ഭൌതികാനുഭൂതികളുടെ പൂര്‍ത്തീകരണവുമായിത്തീര്‍ന്നു പിന്നീട് ജനങ്ങളുടെ ചിന്ത. ഈ ഘട്ടത്തില്‍ രംഗത്തു വന്ന ശയ്ഖുമാര്‍ ജനങ്ങളുടെ വികാര വിചാരങ്ങള്‍ തിരിച്ചറിഞ്ഞു യോജിച്ച് ആത്മീയ മാര്‍ഗങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. തദ്വാര അവര്‍ ആത്മ രഹസ്യത്തെ ഏറ്റെടുക്കാന്‍ പാകപ്പെട്ടവരായി വന്നു” (ഇബ്രീസ്: 208).

Fതര്‍ബിയതിന്റെ ഇനങ്ങള്‍

കാലത്തെ അടിസ്ഥാനമാക്കി തര്‍ബിയതിനെ വേര്‍തിരിച്ചതാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍ ഈ വിഷയകമായുള്ള പഠനത്തില്‍ പ്രധാനമായതാണു തര്‍ബിയതിനു ആധ്യാ ത്മ ഗുരുക്കള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ആധാരമാക്കിയുള്ള മറ്റൊരു വിഭജനം. ഈ വിഭജനത്തിന്റെ അടിത്തറ തര്‍ബിയതിനു നേതൃത്വം നല്‍കുന്ന ഗുരുവിന്റെ ആത്മീയ ശക്തിയും പദവിയുമാണ്. മൂന്നു വിധത്തില്‍ ഈ പരിഗണന വെച്ചുള്ള തര്‍ബിയതിനെ മനസ്സിലാക്കാവുന്നതാണ്. ഒന്നാമത്തേത് തികച്ചും സാധാരണവും സാര്‍വത്രികവുമായ തര്‍ബിയതാകുന്നു. ഭാഷാപരമായതും അതേ സമയം അടിസ്ഥാനപരവുമായ ഈ തര്‍ബിയതിനെ സൌകര്യത്തിനു തര്‍ബിയതുത്തഅ്ലീം” എന്നു വിളിക്കാവുന്നതാണ്.  ‘ശയ്ഖുത്തഅ്ലീം’ എന്ന സംജ്ഞയില്‍ നിന്നാണ് ഇതിനെ നാം ഗ്രഹിക്കേണ്ടത്.  സാധാ രണഗതിയില്‍ ശറഇയ്യായ അറിവുകള്‍ പകര്‍ന്നു നല്‍കുകയും നുകര്‍ന്നെടുക്കുകയും ചെയ്യുന്ന ബാഹ്യമായ രീതിയാണ് ഇതു കൊണ്ട് അര്‍ഥമാക്കുന്നത്. മത വിജ്ഞാന സമ്പാദനം എന്ന ഈ ഘട്ടത്തിന് അനല്‍പമായ പ്രാധാന്യം ആധ്യാത്മ സരണിയില്‍ ഉണ്ട്. വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ മഹത്വപ്പെടുത്തുന്ന ഒട്ടേറെ ചര്‍ച്ചകള്‍ ഇമാം ഗസ്സാലി(റ)നെ പോലെയുള്ള ആധ്യാത്മ ഗുരുക്കന്മാര്‍ അവതരിപ്പിച്ചതു കാണാം. ത്വരീഖതിന്റെ ശയ്ഖന്മാര്‍ സരണിക്ക് ഊടും പാവും നല്‍കുന്നതു വിജ്ഞാനത്തിലൂടെയാണ്. ശയ്ഖ് ജീലാനി(റ) വ്യവസ്ഥാപിതമായ ദീനീ വിദ്യ നുകരാന്‍ ബഗ്ദാദ് വരെ താണ്ടിയതു ചരിത്ര പ്രസിദ്ധമാണല്ലോ. പണ്ഢിതനും പഠിതാവിനും ഉന്നതമായ പദവി ഉണ്ടെന്നും അവര്‍ക്ക് ആബിദിനെ വെല്ലാന്‍ പറ്റുമെന്നും ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നുണ്ട്. ത്വരീഖതിന്റെ വഴിയിലേക്കു വെളിച്ചം പകരുന്ന ശയ്ഖ് സയ്നുദ്ദീന്‍ മഖ്ദൂം (റ)ന്റെ അദ്കിയാഇല്‍ ഇതു സംബന്ധമായി ഒരു അധ്യായം തന്നെ ചേര്‍ത്തതു പ്രസ്താവ്യമാണ്.

എന്നെന്നും നിലനില്‍കേണ്ട തര്‍ബിയത്തിന്റെ പാതയും രീതിയുമാണ് തഅല്ലുമും തഅ് ലീമും. ഈ തര്‍ബിയതില്ലാതെ പോകുന്നതും ഇതിന്റെ മഹത്വം കാണാതെ പോകുന്നതും അപകടങ്ങള്‍ വരുത്തും. ദീനിന്റെ തന്നെ ജീവന്‍ നഷ്ടമാകാനും ത്വരീഖതിന്റെയും തര്‍ബിയതിന്റെയും പേരില്‍ അരാജകത്വമുണ്ടാകാനും ഇതു കാരണമാകുന്നതാണ്.

തര്‍ബിയതില്‍ രണ്ടാമത്തേതു അസാധാരണമായതും അതേ സമയം വേഗത്തില്‍ സാധ്യമാകുന്നതുമാണ്. തര്‍ബിയതുത്തര്‍ഖിയ്യ: എന്നു സൌകര്യത്തിനു ഇതിനെ പരിചയപ്പെടുത്താം. ശയ്ഖുത്തര്‍ഖിയ:തിന്റെ സംസ്കരണ രീതിയാകുന്നു ഈ തര്‍ബിയതിന്റെ ആധാരം. ആധ്യാത്മ ഗുരു തന്റെ മുന്നില്‍ വരുന്ന ആത്മീയ കാംക്ഷിയെ പരിവര്‍ത്തന വിധേയമാക്കുന്ന അത്ഭുതമാകുന്നു ഇത്. ഔലിയാഇനു സിദ്ധമാകുന്ന കറാമതിന്റെ ഭാഗമായിട്ടാണ് ഇതു സാധ്യമാകുന്നത്. കറാമതുകള്‍ തിരുനബി(സ്വ)യുടെ മുഅ്ജിസതിന്റെ പിന്‍ബലത്താലാണു പ്രകടമാകുന്നത്. തന്റെ മുമ്പില്‍ എത്തിയ പല അധമന്മാരെയും നബി(സ്വ) അത്യുന്നതമായ ആത്മീയ വലയത്തില്‍ എത്തിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉമര്‍(റ) നബി(സ്വ)യുടെ തര്‍ഖിയതിലൂടെ സന്മാര്‍ഗ പ്രാപ്തനായത് ഇതിന് ഉദാഹരണമാണ്. നബി(സ്വ)യെ വെട്ടിക്കൊലപ്പെടുത്താന്‍ പുറപ്പെട്ട ആ പോക്കിരിയെ നിമിഷനേരം കൊണ്ട് ഇസ്ലാമിന്റെ മുന്നണിപ്പോരാളിയാക്കാന്‍ നബി(സ്വ)ക്കു സാധിച്ചു. അവിടെ ആത്മീയ ശിക്ഷണത്തിനു നീണ്ട കാലമെടുക്കേണ്ടതായി വന്നില്ല. മറ്റൊരു ഉദാഹരണമാണു യമാമാ ചക്രവര്‍ത്തിയായിരുന്ന സുമാമതുബ്ന്‍ ഉസാല്‍(റ)ന്റെത്. നബി(സ്വ)യെ കൊല്ലുമെന്നു പ്രഖ്യാപിക്കുകയും നൂറുകണക്കിനു സ്വഹാബത്തിനെ കൊലപ്പെടുത്തുകയും ചെയ്ത സുമാമയുടെ രക്തത്തിനു വിലയില്ലെന്നു നബി  (സ്വ) പ്രഖ്യാപിച്ചിരുന്നു. അവസാനം സ്വഹാബിയുടെ കെണിയില്‍ പെട്ട സുമാമ തിരുനബി(സ്വ)യുടെ സഹവര്‍തിത്വത്താല്‍ ആകെ മാറുകയും കഅ്ബാലയത്തില്‍ ചെന്നു സധൈര്യം ഇസ്ലാമിന്റെ തല്‍ബിയത് മുഴക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ തിരുനബി(സ്വ)യുടെ ജീവിതത്തില്‍ നിരവധി ഉണ്ട്.  ഒരര്‍ഥത്തില്‍ നബി(സ്വ)യുടെ ജീവിതത്തിലെ സാര്‍വത്രിക തര്‍ബിയതായി ഇതിനെ കണക്കാക്കാവുന്നതാണ്.

തിരുനബി(സ്വ)യില്‍ നിന്നുള്ള പിന്തുടര്‍ച്ച അറിയപ്പെട്ട പല ഗുരുക്കന്മാരും ഈ തര്‍ബിയത് പ്രാവര്‍ത്തികമാക്കിയതായി ചരിത്രം പറയുന്നു. അവരില്‍ സുപ്രസിദ്ധനായിരുന്നു ശയ്ഖ് മുഹ്യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ അല്‍ജീലാനി(ഖ.സി). മഹാന്‍ തന്റെ സംഭവ ബഹുലമായ തൊണ്ണൂറു കൊല്ലത്തെ ജീവിതത്തില്‍ തര്‍ഖിയതിലധിഷ്ഠിത തര്‍ബിയത് നന്നായി തന്നെ നിര്‍വചിച്ചതിനു രേഖകളുണ്ട്. ഖാളി മുഹമ്മദ്(റ) രചിച്ച മുഹ്യിദ്ദീന്‍ മാലയിലെ ഏതാനും വരികള്‍ കാണുക:

“അവര്‍ കൈ പിടിച്ചതില്‍ തൊപ്പം പേര്‍ അപ്പോളെ,

ആകാശവും മറ്റും പലതെല്ലാം കണ്ടോവര്‍.”

ശയ്ഖവര്‍കളുടെ കൈപിടിച്ചു ബയ്അതു ചെയ്ത ചിലര്‍ ആ നിമിഷം തന്നെ ആത്മീയതയുടെ സായൂജ്യം അനുഭവിച്ചു എന്നത്രെ ഇവിടെ സൂചിപ്പിക്കുന്നത്. ആകാശവും മറ്റും എന്നു പരാമര്‍ശിച്ചിരിക്കുന്നതു തര്‍ബിയത് കിട്ടുമ്പോള്‍ പ്രകടമാകുന്ന ഉന്നതിയെ കുറിച്ചു തന്നെയാണ്. മുഹ്യിദ്ദീന്‍ മാലയുടെ ആധാര ഗ്രന്ഥമായ ബഹ്ജതുല്‍അസ്റാറില്‍ നിന്നും മറ്റും ഇതു ഗ്രഹിക്കാവുന്നതാണ്.

“അവരൊന്ന് നന്നായി ഒരു നോക്ക് നോക്കുകില്‍,

അതിനാലെ വലിയ നിലയെ കൊടുത്തോവര്‍.”

ശയ്ഖവര്‍കളുടെ ഒറ്റ നോട്ടത്താല്‍ തന്നെ ഉന്നതങ്ങള്‍ കരഗതമാകുമെന്നാണ് ഈ പറഞ്ഞിരിക്കുന്നത്. ശയ്ഖ് അലിയ്യുല്‍ഹീതി(റ) എന്ന ജീലാനി സമകാലികന്‍ പറയുന്നു: “ഒരു ദിവസം ശയ്ഖ് ജീലാനി(റ) എഴുപതോളം പേരുടെ തലയില്‍ കൈവെച്ചു അനുഗ്രഹിച്ചു.  അവര്‍ക്കു മുരീദ് പട്ടം നല്‍കി. അപ്പോള്‍ അതേ നിമിഷത്തില്‍ തന്നെ ആ എഴുപതു പേര്‍ക്കും അതിമഹത്തായ നേട്ടം കിട്ടി” (ബഹ്ജ: 100).

മറ്റൊരു വരി കാണുക:

“ബേണ്ടീട്ടു വല്ലൊരുവസ്തുനെ നോക്കുകില്‍,

ബേണ്ടിയ വണ്ണം അതിനെ ആക്കുന്നോവര്‍.”

“നിലനെ കൊടുപ്പാനും നിലനെ കളവാനും,

നായന്‍ അവര്‍ക്കനുവാദം കൊടുത്തോവര്‍”

ശയ്ഖിന്റെ തിരുനോട്ടത്താല്‍ തന്നെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ആത്മീയ പദ വികള്‍ നല്‍കുന്ന കാര്യത്തില്‍ ശയ്ഖവര്‍കളെ അല്ലാഹു അനുവാദം നല്‍കി ആദരിച്ചിരിക്കുന്നുവെന്നുമത്രെ ഈ പറഞ്ഞതിന്റെ പൊരുള്‍.

ശയ്ഖ് അബുല്‍ഹസന്‍ ബഗ്ദാദി(റ) പറഞ്ഞ മറ്റൊരു സംഭവത്തില്‍, ഇറാനിലെ ഹമദാ പ്രവിശ്യയില്‍ പെട്ട നുഹാബന്തില്‍ വെച്ച് ഒരിക്കല്‍ ഒരു ക്രസ്ത്യന്‍ സുഹൃത്ത് ശയ് ഖിനു മുന്നില്‍ വന്നു ഇസ്ലാം സ്വീകരിച്ചതും അനന്തരം അതേ സദസ്സില്‍ വെച്ചു തന്നെ ശയ്ഖിന്റെ തീരുമാനത്താല്‍ ഔലിയാഇന്റെ അബ്ദാലുകളില്‍ ഒരു അംഗമായി അയാള്‍ ക്കു പട്ടം കിട്ടിയതും കാണാവുന്നതാണ്. ബഹ്ജതുല്‍അസ്റാറിന്റെ 70, 71 പുറങ്ങളിലാണ് ഈ ചരിത്രമുള്ളത്. ഇതു ശരിവെച്ചുകൊണ്ടു ഖാള്വി മുഹമ്മദ് (റ) പറയുന്നു:

“അപ്പള്‍ കുലം പുക്കെ പുതിയ ഇസ്ലാമിനെ,

അബ്ദാലന്മാരാക്കി കല്‍പ്പിച്ചു വെച്ചോവര്‍.”

മുഹ്യിദ്ദീന്‍ ശയ്ഖിന്റെ ജീവിതത്തിലെന്ന പോലെ രിഫാഈ ശയ്ഖിന്റെ ജീവിതത്തിലും ഇത്തരം സംഭവങ്ങള്‍ നമുക്കു കണ്ടെത്താം.  ഉദാഹരണത്തിന് രിഫാഈ മാലയിലെ ഒരു വരി കാണുക:

“തരം കെട്ട വാക്ക് ഫുഖറാക്കള്‍ ചെന്നാരെ,

തലനെ തുറന്ന് മുരീദാക്കി വിട്ടോവര്‍”.

ശയ്ഖുമാരുടെ ഈ ശിക്ഷണം പ്രാമാണികവും ചരിത്രപരവുമായി സത്യസന്ധമാണെന്നതില്‍ സംശയത്തിനു പഴുതില്ല. എന്റെ ഇഷ്ട ദാസന്റെ കണ്ണും കാതും കയ്യുമൊക്കെ ഞാനാകുമെന്നും അവന്‍ സത്യം ചെയ്തു പറയുന്ന കാര്യത്തെ ഞാന്‍ വാസ്തവമാക്കുമെന്നും അല്ലാഹു തന്നെ വാക്കു തന്നതാണ്.

Fതര്‍ബിയതിന്റെ തിരോധാനം

തര്‍ബിയത് അതിന്റെ സ്വഭാവം നോക്കി മൂന്നാക്കി തിരിക്കാമെന്നു നാം പറഞ്ഞു. അവയില്‍ രണ്ടണ്ണത്തെ പരാമര്‍ശിക്കുകയും ചെയ്തു. മൂന്നാമത്തതു ത്വരീഖതില്‍ പറയുന്ന തര്‍ബിയതാകുന്നു. ശയ്ഖുത്തര്‍ബിയതിന്റെ ദൌത്യമായി വരുന്ന ഈ തര്‍ബിയതാണു പ്രധാനമായിട്ടുള്ളത്. ഇതിന്റെ പേരിലാണ് വിവാദങ്ങള്‍ ഉടലെടുത്തു കാണുന്നതും. ത്വരീഖത് ചൂഷകരുടെ മുഖ്യമായ പിടിവള്ളി ഈ തര്‍ബിയതാകുന്നു. അതേ സമയം ത്വരീഖതിന്റെ മര്‍മവും ഇതു തന്നെയാണ്. ആദ്യത്തെ രണ്ടെണ്ണത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധരിപ്പിക്കല്‍ സാധ്യമല്ല. ഒന്നമത്തേതു സാര്‍വത്രികമായതിനാല്‍ നാമമാത്രമായി മാത്രമേ അതിനെ തര്‍ബിയത് എന്നു പറയൂ എന്നു ന്യായീകരിക്കാം. രണ്ടാമതു പറഞ്ഞ ‘തര്‍ഖിയത്’ അവകാശപ്പെടുന്നേടത്ത് അത്ഭുതകരമായ മാറ്റങ്ങള്‍ ദുത്രഗതിയില്‍ പ്രകടിപ്പിക്കാന്‍ കഴിയണം. അതുകഴിയാത്തതിനാല്‍ അപ്പേരിലും വ്യാജങ്ങള്‍ കുറവാണ്.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ നാം നിര്‍വചിച്ച തര്‍ബിയതാണു ചര്‍ച്ചാ പ്രധാനമായ മൂന്നാമത്തെ ഇനം.  ക്രമാനുഗതമായി മുരീദിനെ പരിരക്ഷിച്ച് ഉന്നത സ്ഥാനത്തെത്തിക്കുന്നതാണ് ഈ തര്‍ബിയതിന്റെ രീതി. ഇതു പൂര്‍വീകമായി തന്നെ വലിയ അളവില്‍ നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. ജനലക്ഷങ്ങള്‍ പൂര്‍വകാലത്ത് ഈ തര്‍ബിയതിന്റെ ഫലം അനുഭവിച്ചിട്ടുണ്ട്. ഒരു ശയ്ഖിന്റെ ശിക്ഷണവും മാര്‍ഗദര്‍ശനവുമാണിത്.  പ്രത്യേക രീതിയിലുള്ള ഈ തര്‍ബിയതിന്റെ കാലം തുടങ്ങുന്നതു ഹിജ്റ:യുടെ മൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷമാണെന്നു നേരത്തെ സൂചിപ്പിച്ചു. പില്‍ക്കാലത്ത് ഈ തര്‍ബിയതും തിരോഭവിച്ചുവെന്നാണു പണ്ഢിത മതം. അതിനു ന്യായങ്ങളും അവര്‍ നിരത്തിയതായി കാണാം.

അല്‍ഹള്വ്റമിയെ ഉദ്ധരിച്ചു തന്റെ ഖവാഇദില്‍ ശയ്ഖ് അഹ്മദ് സുറൂഖ്(റ)  സാങ്കേതികാര്‍ഥത്തിലുള്ള തര്‍ബിയത് അറ്റുപോയിരിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍ഇബ്രീ സ് 207-ാമത്തെ പേജില്‍ ഈ പരാമര്‍ശം കാണാം.

തര്‍ബിയതിന്റെ തിരോധാനം നടന്നതായി അഹ്മദ് സുറൂഖ് പറയുന്ന കാലം ഹിജ്റ: 824 ആണ്. ഇത് ഹിജ്റ: 1427 ആണ്. അങ്ങനെ വരുമ്പോള്‍ ആറു നൂറ്റാണ്ടിനപ്പുറം തര്‍ബിയതിന്റെ തിരോധാനം നടന്നതായി വരുന്നു. തര്‍ബിയതിന്റെ തിരോധാനം നടന്നതായി പണ്ഢിതന്മാര്‍ വ്യക്തമാക്കിയതു സാദു മുസ്ലിമിന്റെ 2-ാം വാള്യം 385-ാമത്തെ പേജി ലും കാണാം.

സാങ്കേതിക തര്‍ബിയതിന്റെ തിരോധാനത്തിനു ചരിത്രപരമായ കാരണങ്ങള്‍ പലതുണ്ട്. ഒന്നാമത്തേതു തര്‍ബിയതിന് അവകാശപ്പെട്ട മഹാത്മാക്കള്‍ കുറഞ്ഞു വന്നതാണ്. ഈ വസ്തുത നിഷേധിക്കുന്നതില്‍ അര്‍ഥമില്ല. നൂറ്റാണ്ടുകളുടെ വൈവിധ്യത്തിനനുസൃതമായി മതപരമായി നടക്കുന്ന മാറ്റുകുറവ് നബി(സ്വ)തന്നെ മുന്നറിയിപ്പു നല്‍കിയതാണ്. നല്ലവര്‍ നല്ലവര്‍ നാടു നീങ്ങുമെന്നും മൂല്യം പിഴിഞ്ഞുമാറ്റിയ ചണ്ടികള്‍ മാത്രം അവശേഷിക്കുന്ന സ്ഥിതി വരുമെന്നും ഒട്ടേറെ ഹദീസുകളിലൂടെ നബി(സ്വ) പഠിപ്പിച്ചതു കാ ണാം. സ്വാഭാവികമായ ഈ പരിണാമത്തിന്റെ ഫലമായി തര്‍ബിയതിനുതകുന്ന ശയ്ഖുമാര്‍ കുറഞ്ഞു വരുന്നതില്‍ അതിശയോക്തിക്കു വകുപ്പില്ല. ഇമാം ഖുശയ്രി(റ) പറയുന്നതു കാണുക:

“കൂട്ടുകാരേ! നിങ്ങള്‍ മനസ്സിരുത്തുക, അല്ലാഹു നിങ്ങള്‍ക്കു കരുണ ചൊരിയട്ടെ. ത്വരീഖതിന്റെ ഈ ഗണത്തില്‍ പെട്ട അഗ്രേസരന്മാര്‍ അധികവും കടന്നു കളഞ്ഞിരിക്കുന്നു. നമ്മുടെ ഇക്കാലത്ത് ആ കൂട്ടത്തില്‍ അവശേഷിക്കുന്നത് അവരുടെ അടയാളങ്ങള്‍ മാത്രമാണ്. ‘തമ്പുകള്‍ കണ്ടാല്‍ അവരുടെ തമ്പുകള്‍ക്കു തുല്യം. പക്ഷേ, അകത്തളത്തിലെ തരുണികളുടെ ഗ്രോത്രങ്ങള്‍ വേറെയാണെന്ന്’ ഒരു കവി പരിതപിച്ചതു പോലെയാണിന്നത്തെ കഥ. ഈ ത്വരീഖതില്‍ തുടര്‍ച്ച മുറിഞ്ഞെന്നു മാത്രം പറഞ്ഞാല്‍ പോരാ, മറിച്ച് സത്യമായും തിരസ്കാരം പറ്റിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സന്മാര്‍ഗ ചരിതരായ ശയ്ഖുമാര്‍ കഴിഞ്ഞു പോയി. അവരെ പിന്തുടര്‍ന്നും അവരുടെ ചര്യകള്‍ സ്വാംശീകരിച്ചു വന്നിരുന്ന ചെറുപ്പക്കാരും കുറഞ്ഞു പോയി” (രിസാല: 2).

ഇമാം ഖുശയ്രി(റ)ന്റെ അഭിപ്രായത്തില്‍ തര്‍ബിയതിന്റെ തിരോധാന കാരണങ്ങളില്‍ ഒന്നാമത്തേത് അര്‍ഹതപ്പെട്ട ഗുരുക്കളുടെ അഭാവമാണ്. ഇമാം ഖുശയ്രിയുടെ ജനനം ഹിജ്റ: 376 റബീഉല്‍അവ്വല്‍ ആണ്. വഫാത് ഹിജ്റ: 465 റബീഉല്‍ ആഖിറിലും -  ഹിജ്റ: 438-ലാണ് തന്റെ രചനയുടെ പൂര്‍ത്തീകരണമെന്ന് അഭിപ്രായമുണ്ട്. ത്വരീഖത് സംബന്ധമായി ആധികാരികമായി പറയാന്‍ അര്‍ഹന്‍ എന്ന നിലക്ക് ഇമാമിന്റെ മേല്‍ പ്രസ്താവം അനിഷേധ്യമാകുന്നു. മഹാന്റെ കാലത്ത് തന്നെ തര്‍ബിയതിനുതകുന്ന ശയ്ഖുമാര്‍ കുറഞ്ഞു വന്നുവെങ്കില്‍ അഹ്മദ് സുറൂഖിന്റെ കാലത്തെ അനുഭവം അംഗീകരിക്കേണ്ടതായി വരുന്നു.

F തിരോധാനത്തിന്റെ പൊരുള്‍

തര്‍ബിയതിന്റെ തിരോധാനത്തെപ്പറ്റി പറയുമ്പോള്‍ മനസ്സിലാക്കേണ്ട പ്രധാന വസ്തുത, തര്‍ബിയതിനര്‍ഹതപ്പെട്ട ശയ്ഖുമാര്‍ ഇന്നുണ്ടെങ്കില്‍ തന്നെ അവര്‍ തര്‍ബിയതു നിറുത്തി വെച്ചിരിക്കുന്നു എന്ന യഥാര്‍ഥ്യമാണ്. സാങ്കേതികമായ തര്‍ബിയത് അത്തരക്കാര്‍ മാറ്റി വെക്കാന്‍ പ്രധാന കാരണം ത്വരീഖതിലെ വ്യാജന്മാരുടെ വ്യാപനമാകുന്നു. ‘ഇബ്രീസ്’ പറയുന്നതു കാണുക:

“തര്‍ബിയതിന്റെ യുഗം കഴിഞ്ഞു നീങ്ങവെ സത്യവും അസത്യവും, ഇരുട്ടും വെളിച്ചവും തമ്മില്‍ കൈകോര്‍ക്കുന്ന ദുരവസ്ഥ വന്നു. അതോടെ കള്ളനാണയങ്ങള്‍ തങ്ങള്‍ ക്കു മുമ്പില്‍ വരുന്നവരെ തര്‍ബിയതെന്ന പേരില്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി. തെറ്റാ യ ഉദ്ദേശ്യത്തോടെയും സത്യവിരുദ്ധമായ ലക്ഷ്യത്തോടെയും ജനങ്ങളോട് ഏകാന്തത കൊണ്ടും നാമജപം കൊണ്ടുമൊക്കെ അവര്‍ കല്‍പിച്ചു പോന്നു. ഈ താന്തോന്നിത്തം ശയ്ഖ് സുറൂഖിന്റെ കാലത്ത് വ്യാപകമായിരുന്നു. അതു ഗ്രഹിച്ച ശയ്ഖുമാര്‍ പാവപ്പെട്ട ജനങ്ങളെ രക്ഷിക്കാന്‍ കള്ള നാണയങ്ങള്‍ കടന്നു കയറിയ പരസ്യമായ തര്‍ബിയത് മേഖല ഉപേക്ഷിക്കണമെന്നു നിര്‍ദേശിക്കുകയായിരുന്നു” (ഇബ്രീസ്: 208).

വിശ്രുതനായ അഹ്മദ് കോയ ശാലിയാതി(റ) പറയുന്നതു കാണുക: “തര്‍ബിയത് ഉയര്‍ ന്നുവെന്നു പറയുന്നതു തര്‍ബിയതിനുതകുന്ന സമ്പൂര്‍ണ ശയ്ഖുമാര്‍ പറ്റെ ഇല്ലാതായതു കൊണ്ടല്ല. അത്തരക്കാര്‍ മാറിമറയുകയും കള്ളശയ്ഖുമാരുടെ രംഗപ്രവേശത്താല്‍ കാര്യങ്ങള്‍ അവതാളത്തിലാകുകയും ചെയ്തതിനാലാണ്” (അല്‍ഫതാവല്‍അസ്ഹരിയ്യ: 1/55).

അഹ്മദ് സുറൂഖ്(റ)ന്റെ ഈ പ്രഖ്യാപനത്തെ സമകാലീനരോ പില്‍ക്കാലക്കാരോ ഖണ്ഡിച്ചതായി കാണുന്നില്ല. അതുകൊണ്ടു ത്വരീഖതിന്റെ കാര്യത്തില്‍ സംസാരിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ഈ വിഷയത്തില്‍ ഏകോപിതരാണെന്നു വന്നു. ഇബ്രീസില്‍ സുറൂഖിന്റെ പ്രസ്താവത്തെ ന്യായീകരിക്കുന്നതാണു നാം കാണുന്നത്. തര്‍ബിയതിന്റെ കാര്യത്തിലെ സുറൂഖി വീക്ഷണം ഒറ്റപ്പെട്ടതാണെന്ന ജല്‍പനം ചെവികൊടുക്കാവുന്നതല്ലെന്നു ഇതോടെ വ്യക്തമായി. പില്‍ക്കാലത്തു ശേഷിച്ചുവെന്നു പറയുന്ന തര്‍ബിയത് സാങ്കേതികാര്‍ഥത്തിലുള്ളതല്ലെന്നും ഗ്രാഹ്യമായി.

Fഫയ്ളുല്‍ബറകാത്ത്

സാങ്കേതിക തര്‍ബിയതുമായി ബന്ധപ്പെട്ടു പ്രചാരത്തിലുള്ള ഒരു സംജ്ഞയാണു ഫയ് ളുല്‍ ബറകാത്. അനുഗ്രഹങ്ങളുടെ നിവേശമാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഒരു സമ്പൂര്‍ണ ഗുരുവില്‍ നിന്നു തര്‍ബിയത് ലഭിക്കല്‍ പല വിധമാകാം. ബാഹ്യവും പ്രകടവുമായിട്ടുള്ളതാണ് ഒന്ന്. നേരിട്ടു തന്നെ മുരീദിനെ കണ്ടും സംവദിച്ചും ആത്മീയത പകര്‍ന്നുകൊടുക്കാന്‍ ശയ്ഖ് സമയം കാണുന്ന ശൈലിയാണിത്.

രണ്ടാമത്തെതില്‍ ശയ്ഖിന്റെ പ്രകടവും ബാഹ്യവുമായ ബന്ധപ്പെടല്‍ ഉണ്ടാകില്ല. ശയ്ഖിനെ ഭൌതിക തലത്തില്‍ കാണാതെ കാലവിത്യാസങ്ങള്‍ക്കതീതമായുള്ള ശിക്ഷ ണം നടക്കുന്നു. ശയ്ഖും മുരീദും ഒരേ കാലക്കാരായിരിക്കെ തന്നെ ഒരിക്കലും നേര്‍ക്കാഴ്ചക്കവസരം കിട്ടാതെ നടക്കുന്ന തര്‍ബിയതും ഈ കൂട്ടത്തില്‍ പെട്ടതാണ്. നബി(സ്വ) തങ്ങള്‍ ഉവയ്സുല്‍ഖറനി(റ)നെ തര്‍ബിയത്ത് ചെയ്തതും ജഅ്ഫറുസ്സ്വാദിഖ്(റ) അബൂയസീദുല്‍ ബിസ്ത്വാമി(റ)നെ തര്‍ബിയത്ത് ചെയ്തതും ഇതിനുദാഹരണമാണ്. നബി    (സ്വ) തങ്ങള്‍ തന്റെ കാലാനന്തരം നടത്തിയതും നടത്തിവരുന്നതുമായ തര്‍ബിയതുകള്‍ ഗുരുവും ശിഷ്യനും തമ്മിലുള്ള കാലവ്യത്യാസങ്ങള്‍ക്കതീതമായ തര്‍ബിയതിനുദാഹരണമാണ്. സ്വപ്നം മുഖാന്തിരമുള്ളതാണു മറ്റൊരു തര്‍ബിയത്. ഒരേ കാലക്കാരായിരിക്കെ തന്നെ പരസ്പരം കാണാതെ നടക്കുന്നതും അതുപോലെ സ്വപ്നത്തിലൂടെ നടക്കുന്നതുമായ തര്‍ബീയതുകളെ സാങ്കേതിക ഭാഷയില്‍ ‘ഫയ്ള്വുല്‍ബറകാത്’ എന്നാണു പറയുക. തര്‍ബിയത് എന്നു പറയാറില്ല.

തര്‍ബിയതിന്റെ ഗണത്തില്‍ പ്രസിദ്ധമായ മറ്റൊന്നാണ് തര്‍ബിയതുര്‍റൂഹ്. ആത്മാവിന്റെ ഇടപെടല്‍ വഴി നടക്കുന്ന ആത്മീയ ശിക്ഷണമാണിത്. തിരുനബി(സ്വ) മറ്റുള്ള നബിമാരെ തര്‍ബിയത് ചെയ്തത് ഇവ്വിധമാണെന്നു പറയപ്പെടുന്നു(തഫ്രീഹുല്‍ഖ്വാത്വിര്‍:5, 6).


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്