Click to Download Ihyaussunna Application Form
 

 

അറിവുകള്‍, അനുഭവങ്ങള്‍

ത്വരീഖതും ശരീഅതും തമ്മിലുള്ള ഇണപിരിയാത്ത ബന്ധത്തെപ്പറ്റി സംസാരിക്കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ സത്യമായ ത്വരീഖതിനെ നയിച്ചവരാണല്ലോ. അത്തരക്കാരായ ഒട്ടേറെ മഹാന്മാരുടെ വീക്ഷണങ്ങളാണ് നാം ‘ചരിത്ര പുരുഷന്മാര്‍’ എന്ന ലേഖനത്തില്‍ വിവരിച്ചത്. അവരുടെ വീക്ഷണങ്ങള്‍ എന്നതിനപ്പുറം ജീവിത ദര്‍ശനം എന്ന നിലക്കു തന്നെ ഈ ആശയത്തെ നാം കാണേണ്ടതുണ്ട്. ത്വരീഖതിന്റെ നായകന്മാരായി വന്ന ആരും തന്നെ ശരീഅതിനെ സ്വബോധത്തോടെയും, തങ്ങളുടെ ത്വരീഖതിന്റെ മേല്‍വിലാസത്തിലും എതിര്‍ത്തതിനു യാതൊരു രേഖയുമില്ല. തങ്ങളുടെ അറിവും അനുഭവവും ശരീഅത്തിലധിഷ്ഠിത ത്വരീഖത്തിനെ സമര്‍ഭിക്കാന്‍ അവര്‍ വിനിയോഗിക്കുകയാണുണ്ടായത്.  ആ കൂട്ടത്തില്‍ ചിലരുടെ അനുഭവങ്ങളിതാ..

വിശ്വസ്തത

അബൂയസീദുല്‍ബിസ്ത്വാമി(റ)ന്റെ കാലം. വലിയ്യും മഹാനുമാണെന്നു പ്രസിദ്ധി പൂണ്ട് ഒരാള്‍ രംഗത്തെത്തി. ആളുകളും നാടുകളും ഭേദമന്യേ അയാളെ തേടി പരന്നൊഴുകി. ഭൌതിക വിരക്തനും ആധ്യാത്മ ഗുരുവുമായി എല്ലാവരും അദ്ദേഹത്തെ കണക്കാക്കി. വാര്‍ത്ത ബിസ്ത്വാമി(റ)ന്റെ ചെവിട്ടിലും എത്തി. ആ മഹാനെ സന്ദര്‍ശിക്കണമെന്നും ആത്മീയ മധു നുകരാമെന്നും സാത്വികനായ ബിസ്ത്വാമി(റ) തീരുമാനിച്ചു. ശിഷ്യഗണങ്ങള്‍ക്കൊപ്പം മഹാന്‍ പുറത്തിറങ്ങി. നീണ്ട വഴികള്‍ താണ്ടി വലിയ്യിനരികില്‍ എത്തി.

ബിസ്താമി(റ) അയാളെ ദൂരെ നിന്നു തന്നെ കണ്ടു. മുഖം കാണിക്കാന്‍ കൂടി നില്‍ ക്കാതെ അദ്ദേഹം തിരിഞ്ഞുനടന്നു. ശയ്ഖിന്റെ ചെയ്തിയും ഭാവമാറ്റവും ശിഷ്യന്മാരില്‍ അമ്പരപ്പുളവാക്കി. ഇത്ര ദൂരം താണ്ടി ഒരു വലിയ്യിനെ കാണാന്‍ വന്നിട്ട് സലാം പോലും പറയാതെ പിരിഞ്ഞുപോന്നതില്‍ അവര്‍ ആശങ്കപ്പെട്ടു. അപ്പോള്‍ ത്വരീഖതിന്റെ മര്‍മം കണ്ട അബൂയസീദുല്‍ബിസ്ത്വാമി(റ) കൂടെയുള്ളവരോടു പറഞ്ഞു:

“കൂട്ടുകാരെ, ഞാന്‍ തിരിഞ്ഞുനടക്കാന്‍ കാരണം മറ്റൊന്നുമല്ല. നിങ്ങള്‍ വലിയ്യാണെന്നു കരുതുന്ന ആ മനുഷ്യന്‍ ചെയ്തതു നിങ്ങള്‍ ശ്രദ്ധിച്ചുവോ. വീട്ടില്‍ നിന്നു പുറത്തിറങ്ങി പള്ളിയില്‍ കടന്ന അയാള്‍ തുപ്പിയത് എങ്ങോട്ടായിരുന്നു?. ബിഖ്ലക്കു നേരെ!. തിരുനബി(സ്വ)യുടെ ഈ കൊച്ചു മര്യാദയുടെ കാര്യത്തില്‍ വിശ്വസ്തത പാലിക്കാനാകാത്ത ഇവന്‍ എങ്ങനെയാണു വിലായത് വാദിക്കുന്നതില്‍ വിശ്വസ്തനാവുക?. ഇല്ല, ഇത്തരക്കാരൊന്നും ഇക്കാര്യത്തില്‍ വിശ്വാസ്യയോഗ്യരല്ല തന്നെ” (രിസാലതുല്‍ഖുശയ്രി: 14).

സഖര്‍

അബുല്‍ഖാസിമുദ്ദിമശ്ഖീ(റ) പറയുന്നു: ഒരിക്കല്‍ ത്വരീഖതിന്റെ വക്താവായ അബൂ അലിയ്യുറൂദബാരി(റ)ന്റെ അരികില്‍ ഒരാള്‍ കടന്നുവന്നു. അനിസ്ലാമിക ഗാനങ്ങള്‍ (സം ഗീതം കേള്‍ക്കുന്നത്) സംബന്ധിച്ചു സംസാരിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ അയാള്‍ പറ ഞ്ഞു: “ഇത്തരം സംഗീതം കേള്‍ക്കല്‍ ഹലാലാണെന്ന് ഒരാള്‍ വാദിക്കുന്നുണ്ട്. അയാ ളെ മഹാനായി തന്നെ ജനങ്ങള്‍ കണക്കാക്കുകയും ചെയ്യുന്നു. അയാള്‍ പറയുന്നത് ആത്മീയമായി അത്യുന്നതി പ്രാപിച്ചതിനാല്‍ അവസ്ഥാമാറ്റങ്ങള്‍ ഫലശൂന്യമാകുന്ന ഒരുതരം പദവിയിലാണു താനെന്നാണ്. ഇതൊക്കെ മറ്റുള്ളവര്‍ക്കു ഹറാമാണെങ്കിലും തനി ക്കു ഹലാലാണെന്ന് അയാള്‍ ജനങ്ങളെ ധരിപ്പിക്കുന്നു.”

ആഗതന്‍ പറഞ്ഞതത്രയും സശ്രദ്ധം കേട്ട ശേഷം അബൂ അലീ(റ) ഇങ്ങനെ പറഞ്ഞു: “ശരി തന്നെയാണ്. അയാള്‍ ഇപ്പോള്‍ ഉന്നതമായ ഒരു സ്ഥാനത്ത് തന്നെയാണ് എത്തിയിരിക്കുന്നത്. പക്ഷേ, ആ സ്ഥാനം കടുത്ത നരകമാകുന്ന ‘സഖര്‍’ ആണെന്നു മാത്രം” (അര്‍രിസാല: 26)

അന്യായം

ത്വരീഖത്തിന്റെ പരമ്പരയിലെ പ്രാമാണികനായി പ്രസിദ്ധനായ ജുനയ്ദുല്‍ബഗ്ദാദി(റ) ജീവിതാന്ത്യം വരെ ശരീഅതനുസരിച്ചുള്ള കര്‍മങ്ങള്‍ അനുധാവനം ചെയ്തു. വിയോഗത്തിന്റെ അന്ത്യ നിമിഷത്തില്‍ പോലും പതിവു ചര്യകള്‍ പാലിക്കുന്നതു കണ്ട് ആരോ ചോദിച്ചു:

“എന്തിനാണ് അവിടുന്ന് ഈ വിധം പാടുപെടുന്നത്?”

ശയ്ഖവര്‍കള്‍ കൊടുത്ത മറുപടി ഇതായിരുന്നു: “എന്ത്? ഇത്തരമൊരു മുഹൂര്‍ത്തത്തില്‍ കര്‍മങ്ങള്‍ വെടിയണമെന്നോ. എന്നെക്കാള്‍ വിര്‍ദുകള്‍ പാലിക്കാന്‍ ആരാണിവിടെ അര്‍ഹനും ആവശ്യക്കാരനും?” മറ്റൊരിക്കല്‍ ജുനയ്ദ്(റ)ന്റെ കൈതലത്തില്‍ തസ്ബീഹ് മാല ദൃഷ്ടിയില്‍പെട്ട ഒരു ചെറുപ്പക്കാരന്‍ ചോദിച്ചുവത്രെ:

“ശയ്ഖ്! അങ്ങയെപ്പോലെ അത്യുല്‍കൃഷ്ടനായ ഒരാള്‍ ഇതുമായി നടക്കുന്നതില്‍ എന്തര്‍ഥം?” മഹാന്‍ നല്‍കിയ മറുപടി ചിന്തനീയമായിരുന്നു. അവിടുന്നു പറഞ്ഞു:

“അതെ, തീര്‍ച്ചയായും അര്‍ഥമുണ്ട്. ഞങ്ങളൊക്കെ ഈ പദവി നേടാന്‍ കാരണമായത് ഇതൊക്കെയാണ്. ഇവ എങ്ങനെ ഞങ്ങള്‍ ഇനി ജീവിതത്തില്‍ നിന്നു മാറ്റിവെക്കും. ഇല്ല, ഞങ്ങള്‍ ഇതു ഒഴിവാക്കുന്നതല്ല.”

ശരീഅത്തിനുസൃത ജീവിതമാണു തങ്ങളെ മഹോന്നതരാക്കിയതെന്നും ഉന്നതരായ ശേഷം അവ ഒഴിവാക്കുന്നത് അന്യായമെന്നുമത്രെ ഇമാം ജുനയ്ദ്(റ) നല്‍കുന്ന പാഠം” (ഈഖ്വാള്: 162, 163).

വായുവില്‍ ഒരു പുക

ശയ്ഖ് ജീലാനി(റ) പറയുന്നു: “ഒരിക്കല്‍ ഞാന്‍ വിജനതയില്‍ ഇരിക്കുകയാണ്. പെട്ടെന്നു വമ്പിച്ച ഒരു പ്രകാശം എനിക്കു പ്രത്യക്ഷമായി. ഞാന്‍ നോക്കുമ്പോല്‍ ആ പ്രഭ സര്‍വ ദിക്കുകളും പടര്‍ന്നിരിക്കുന്നു. ചക്രവാളങ്ങള്‍ നിറഞ്ഞിരിക്കുന്നു. അല്‍പം കഴി ഞ്ഞ് ഒരു രൂപം അതില്‍ നിന്ന് അവതരിച്ച് ഇങ്ങനെ വിളിച്ചുപറഞ്ഞു:

“ഏയ്, അബ്ദുല്ലാ, ഞാന്‍ നിന്റെ റബ്ബാകുന്നു. ഞാന്‍ നിനക്ക് ഹറാമുകള്‍ തല്‍കാലം ഹലാലാക്കിത്തരുന്നു.” ശയ്ഖ് തുടരുന്നു: ഞാന്‍ ശങ്കിച്ചില്ല. ഉടന്‍ ഉറച്ച സ്വരത്തില്‍ ഇങ്ങനെ അലറി: “ഗുരുത്വം കെട്ടവനെ, കടന്നു പോ.”

അതോടെ ആ പ്രകാശം ഇരുട്ടായി തീര്‍ന്നു. രൂപം പുകയായി പരിണമിക്കുകയും ചെയ്തു. ആ രൂപം എന്നോടിങ്ങനെ പറഞ്ഞു:

“അബ്ദുല്‍ ഖാദിര്‍! നീ എന്നില്‍ നിന്നും രക്ഷ പ്രാപിച്ചിരിക്കുന്നു. നിന്റെ രക്ഷിതാവിനെപ്പറ്റിയും ആധ്യാത്മ അവസ്ഥകളുടെ തത്വശാസ്ത്രത്തെപ്പറ്റിയും അറിയാവുന്നതിനാലാണു നീ രക്ഷപ്പെട്ടത്. ത്വരീഖതിന്റെ മഹാശയന്മാരില്‍ എഴുപതോളം പേരെ ഈ ചെപ്പടി വിദ്യകൊണ്ടു ഞാന്‍ പിഴപ്പിച്ചിട്ടുണ്ടെന്നതാണു നേര്.”

ശയ്ഖ് പറഞ്ഞു: “അല്ലാഹുവിനു തന്നെ സ്തുതി.” ഈ വിവരണത്തിനു സാക്ഷിയായ ഒരു ശിഷ്യന്‍ ശയ്ഖവര്‍കളോടു ചോദിച്ചു: “അത് പിശാചാണെന്നു അങ്ങ് എങ്ങനെ മനസ്സിലാക്കി?” ശയ്ഖ് പറഞ്ഞു: “ഹറാമിനെ ഹലാലാക്കിത്തന്നു എന്നു പറഞ്ഞതു കൊ ണ്ടു തന്നെ.”

ശറഈ വിരുദ്ധ ത്വരീഖതും ശയ്ഖും വലിയ്യും ഇസ്ലാമിലില്ല. ശയ്ഖ് ജീലാനി(റ) നല്‍കുന്ന പാഠം ഇതാണ്” (നൂറുല്‍അബ്സ്വാര്‍: 258).


RELATED ARTICLE

 • അത്യുന്നതര്‍ അവര്‍ തന്നെ
 • കറാമതിന്റെ കരുത്ത്
 • വലിയ്യിന്റെ വഴി
 • സായൂജ്യം സ്വലാത്തിലൂടെ
 • ദിക്റിന്റെ വഴി
 • ഇല്‍ഹാമിന്റെ ഇതിവൃത്തം
 • സംഘട്ടനം വ്യാജകഥ
 • ഫിഖ്ഹും ഫിസ്ഖും
 • വിമര്‍ശനത്തിന്റെ അപകടം
 • ത്വരീഖതില്ലാത്ത ശരീഅത്ത്
 • മജ്ദൂബും ത്വരീഖതും
 • ത്വരീഖതും സാധാരണക്കാരും
 • വ്യാജന്മാരുടെ വൈകൃതങ്ങള്‍
 • ത്വരീഖതും വ്യാജന്മാരും
 • മുരീദും ത്വരീഖതും
 • ശയ്ഖും ത്വരീഖതും
 • തര്‍ബിയതും ത്വരീഖതും
 • അറിവുകള്‍, അനുഭവങ്ങള്‍
 • ത്വരീഖതും ശരീഅതും
 • വൈവിധ്യം: ത്വരീഖതുകളില്‍
 • വൈവിധ്യം: ത്വരീഖതുകളില്‍
 • ചരിത്ര പുരുഷന്മാര്‍
 • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
 • ത്വരീഖത്: പ്രമാണങ്ങളില്‍
 • ത്വരീഖത്