Click to Download Ihyaussunna Application Form
 

 

വൈവിധ്യം: ത്വരീഖതുകളില്‍

അല്ലാഹുമായുള്ള ആത്മബന്ധത്തിനു സ്വൂഫികള്‍ തിരഞ്ഞെടുക്കുന്ന സവിശേഷരീതിയാണു ത്വരീഖത്. ഇത്തരം ആത്മീയ സരണികള്‍ അനവധിയുണ്ട്. പൂര്‍വീകരായ നിരവധി ആത്മജ്ഞാനികള്‍ സത്യമായ ത്വരീഖതുകള്‍ സ്ഥാപിക്കുകയും അതിന്റെ പ്രചാരത്തിനു പ്രവര്‍ത്തിക്കുകയും ചെയ്തതായി കാണാം.

ത്വരീഖതുകളൊക്കെ താത്വികമായി ഒരേ ലക്ഷ്യത്തില്‍ ചെന്നെത്തുന്നു. ലക്ഷ്യത്തിലെത്താന്‍ സ്വീകരിക്കുന്ന വഴികള്‍ വ്യത്യസ്ഥമാകാം. ആ നിലക്കേ ത്വരീഖതിലെ വൈവിധ്യങ്ങളെ കാണാനൊക്കൂ. മദ്ഹബുകളിലെ വൈവിധ്യവുമായി ഇതിനെ താരതമ്യപ്പെടുത്താം. മദ്ഹബുകള്‍ എല്ലാം ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി നിലകൊള്ളുന്നതാണ്. അതേസമയം മദ്ഹബുകളില്‍ ചില അന്തരങ്ങള്‍ പ്രകടമാണു താനും. വഴിയെകുറിച്ചുള്ള അഭിപ്രായ വൈവിധ്യം എന്നതില്‍ കവിഞ്ഞ് മദ്ഹബിലെ അന്തരങ്ങളെ ആരും കാണുന്നില്ല. ഏതു മദ്ഹബ് സ്വീകരിച്ചാലും നമുക്കു രക്ഷപ്പെടാം. അതേ സമയം മറ്റു മദ്ഹബുകളെ വിലകുറച്ചു കാണുന്നതും അംഗീകൃതമല്ലാത്തവയെ സ്വീകരിക്കുന്നതും തെറ്റാകുന്നു. ഇതേ പോലെ, ത്വരീഖതുകള്‍ ശരിയായത് ഏതും സ്വീകാര്യമാണ്. നാലാലൊരു മദ്ഹബ് സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ത്വരീഖതിന്റെ കാര്യത്തില്‍ ഈ നിര്‍ബന്ധമില്ലെന്നുമാത്രം.

മദ്ഹബുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു ആശയമാണു ത്വരീഖതുകളുടെ എണ്ണവും തരവും വ്യവസ്ഥപ്പെടുത്തല്‍. മദ്ഹബുകള്‍ രൂപപ്പെട്ടുവന്നത് ഒരു പ്രസ്ഥാനം എന്ന സാങ്കേതിക ഭാവത്തോടെയല്ല. മറിച്ച്, പരിണിതപ്രജ്ഞരായ പണ്‍ഢിതന്മാര്‍ ഖുര്‍ആന്‍-സുന്നത്ത് പ്രമാണങ്ങള്‍ വെച്ചു നടത്തിയ വിധി-നിയമ തീര്‍പ്പും നിര്‍ധാരണവുമാണു മദ്ഹബുകളുടെ രൂപീകരണത്തിനു കാരണമായത്. ചരിത്ര പരമായി ഇതു മുസ്ലിംകള്‍ക്ക് അത്യാവശ്യമായ ഒന്നായിരുന്നു. തിരുനബിക്കും സ്വഹാബത്തിനും പിറകെ ഇസ്ലാമിന്റെ കര്‍മപരമായ വ്യവസ്ഥപ്പെടുത്തല്‍ മദ്ഹബുകള്‍ വഴി നടന്നു. ആ ദ്യകാലത്ത് എണ്ണമറ്റ മദ്ഹബുകള്‍ നിലനിന്നിരുന്നു. പില്‍ക്കാലത്ത് അവയില്‍ ചിലതു നിഷ്ക്രമിച്ച് ഇന്നു നിലനില്‍കുന്ന ശാഫിഈ, ഹനഫീ, ഹമ്പലീ, മാലികീ മദ്ഹബുകള്‍ നിലനിന്നു. ഇതിനു പ്രചോദനമായതു മുസ്ലിംകളുടെ മാനസികമായ അഭിപ്രായ ഐക്യമാണ്. അല്ലാതെ ഒരു തരത്തിലുള്ള അടിച്ചേല്‍പിക്കലോ രാഷ്ട്രീയമോ ഉണ്ടായിരുന്നില്ല. ചരിത്രപരമായ ഈ ഒരു സമാനത ത്വരീഖത് കാര്യത്തിലും ഏറെക്കുറെ ദര്‍ശിക്കാവുന്നതാണ്. ത്വരീഖതുകള്‍ ആദ്യകാലത്ത് അനവധി രൂപപ്പെട്ടുവന്നു. ജീവിതം കൊ ണ്ടും കര്‍മം കൊണ്ടും വിശുദ്ധി തെളിയിച്ച ആയിരക്കണക്കിനു പേരുടെ നാമധേയങ്ങളില്‍ ത്വരീഖതുകള്‍ പ്രചാരത്തില്‍ വന്നിരുന്നു. എന്നാല്‍ അവയില്‍ പലതും പില്‍ക്കാലത്തു മണ്ണടിഞ്ഞു. പലതും ശേഷിച്ചു. എന്നാല്‍ മദ്ഹബുകളെ പോലെ നാലില്‍ മാത്രം ഒതുക്കേണ്ട ആവശ്യം ത്വരീഖതുകള്‍ക്ക് ഉണ്ടായിരുന്നില്ല.

എണ്ണമറ്റ ത്വരീഖതുകള്‍ നിലനില്‍ക്കുന്നതിനാല്‍ അവയെപ്പറ്റി വിശദമായ വിവരണത്തിനു പ്രസക്തിയില്ല.

നഖ്ശബന്‍ന്തിയ്യ;, ഖാദിരിയ്യ: ശാദുലിയ്യ:, അര്‍റിഫാഇയ്യ:, ദസൂഖിയ്യ, ബദവിയ്യ, ചിശ്തിയ്യ, സുഹറവര്‍ദിയ്യ എന്നിവ അതില്‍ പ്രസിദ്ധവും പ്രശസ്തവുമാണ്. വിശദമായ പഠനമാഗ്രഹിക്കുന്ന പണ്‍ഢിതന്മാര്‍ക്ക് ഏതാനും ഗ്രന്ഥനാമങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

അര്‍റശഹാത്, മക്തൂബാത് – ഇമാം റബ്ബാനി, അന്നഫഹാത്, അര്‍റിസാലാതുല്‍ ഖുദ് സിയ്യ:, മിഫ്താഹുല്‍മഇയ്യ:, ബഹ്ജതുല്‍ അസ്റാര്‍, അല്‍ഗുന്‍യത്, ഖലാഇദുല്‍ജവാഹിര്‍, ഫുതൂഹാതുല്‍ ഗയ്ബ്, മഫാഖിറുല്‍ അലിയ്യ:, അല്‍കവാകിബുസ്സാഹിറ:, ബഹ്ജതുര്‍റിഫിഈ, ബഹ്ജതുല്‍ ബദവീ, ശറഹു മത്നില്‍ ഗായതി വല്‍ വസ്വായാ, ഫുതൂഹാതുല്‍ മക്കിയ്യ:, ഹൌള്വുല്‍ ഹയാത്, അല്‍അവാരിഫ്, തഅര്‍റുഫു ഇല്‍മിത്തസ്വവ്വുഫ്, മിഅ്യാറുല്‍ ഉലൂം, ഖിത്വാബുല്‍ഹഖ്ഖ്, അല്‍മജാലിസുല്‍അര്‍ബഈന്‍, കിതാബുല്‍ ബയാന്‍, ഇഹ്യാഅ്, മുസക്കിന്നുഫൂസ്, കവാകിബുദ്ദുര്‍റിയ്യ:, നഫഹാതുല്‍ഇന്‍സ്, തദ്കിറതുല്‍ഔലിയാഅ്, ത്വബഖാതുശ്ശഅ്റാനി, ത്വബഖാതു ഖ്വാളീ സകരിയ്യ:, രിസാലതുല്‍ഖുശയ്രി, ത്വബഖാതുല്‍ മശാഇഖ്, മഖാലതുല്‍ആരിഫീന്‍, ലത്വാഇഫുല്‍ മിനന്‍, ഇസ്ത്വിലാഹാതു സ്വൂഫിയ്യ:, ശംസുല്‍ബുവനി, അല്‍മനാഹിജ്, കശ്ഫുല്‍വാരിദാത്, ദുര്‍ റതുല്‍മുവഫ്ഫിദീന്‍, ഹഖാഇഖുദ്ദഖാഇഖ്, അസ്റാറുസ്സുറൂര്‍, മുഹാള്വറതുല്‍ അബ്റാര്‍, അത്തജല്ലിയാതുല്‍ഇലാഹിയ്യ:, അല്‍വസ്വായല്‍ഖുദ്സ്വിയ്യ:, കിതാബുല്‍ഇസ്റാഅ്, മിഫ് താഹുല്‍ഗയ്ബ്, മിസ്വ്ബാഹുല്‍ഇന്‍സ്, അല്‍ഇന്‍സാനുല്‍കാമില്‍, മനാസിലുസസാ ഇരീന്‍, മദാരിജുസ്സാലികീന്‍, കശ്ഫുല്‍ഹഖാഇഖ്, ഹദാഇഖുല്‍ഹഖാഇഖ്, ഖാലിസ്വതുല്‍ഹഖ്വാഇഖ്, അല്‍മീസാനുശ്ശഅ്റാനി, അത്തംയീസ്, മിര്‍ആതുല്‍അസ്വ്ഫിയാഅ്, അല്‍വസ്വായല്‍ഇലാഹിയ്യ, കശ്ഫുല്‍അസ്റാര്‍, ഹാവില്‍അര്‍വാഹ്, മഖാമാതുബദ്റുദ്ദീന്‍, റൌള്വതുല്‍വാസ്വിലീന്‍, സുബ്ദതുല്‍ ഹഖ്വാഇഖ്.

സജീവ സരണികള്‍; സമാദരണീയ നേതാക്കള്‍

സാധാരണക്കാരിലും നബിമാരിലും സ്വഹാബത്തിലുമൊക്കെ വ്യത്യസ്ത സ്ഥാനീയര്‍ ഉള്ളതുപോലെ ഔലിയാഇലും വ്യത്യസ്ത പദവിക്കാര്‍ ഉണ്ട്. ഖുത്വ്ബ്, അഫ്റാദ്, ഔതാദ്, അബ്ദാല്‍ എന്നിങ്ങനെ പോകുന്നു ഔലിയാഇന്റെ ഇനങ്ങള്‍. ഈ കൂട്ടത്തില്‍ ഒന്നാം പദവി അലങ്കരിക്കുന്നതു ഖുത്വ്ബാണ്. ഇമാം ശഅ്റാനി പറയുന്നു: “സ്വഹാബത്തിനു ശേഷം ഔലിയാഇന്റെ കൂട്ടത്തില്‍ ഏറ്റവും വലിയ വ്യക്തിത്വം ഖുത്വ്ബ് ആകുന്നു” (അല്‍യവാഖീത്, 2/69).

തസ്വവ്വുഫിന്റെ വീക്ഷണത്തില്‍ ഖുത്വ്ബ് ഒരു കാലത്ത് ഒരാള്‍ മാത്രമേ ഉണ്ടാകൂ. ഔലിയാഇന്റെ സകല വിഭാഗങ്ങളുടെയും നായകത്വം ഖുത്വുബിനാണ്. പ്രശ്നങ്ങള്‍ക്ക് അവസാന പിടിവള്ളിയും ഖുത്വുബാണ്. അല്‍ഗൌസ് എന്ന് ഈ അര്‍ഥത്തില്‍ ഖുത്വ്ബുകളെ വിശേഷിപ്പിക്കുന്നതാണ്. അതേ സമയം ഈ വക മഹത്വം കല്‍പിക്കപ്പെടാതെ കേവലം വലിയ്യുകള്‍ക്കും ചിലപ്പോള്‍ ഖുത്വ്ബ് എന്നു പ്രയോഗിക്കപ്പെടും. ശയ്ഖ് അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നതു കാണുക: “ആത്മജ്ഞാനികള്‍ പറഞ്ഞു: ഖുത്വുബുകള്‍ പെരുത്തുണ്ട്. ഒരു വിഭാഗത്തിന്റെ മുന്നണിപ്പോരാളി അവരുടെ ഖുത്വ്ബാകുന്നു. എന്നാല്‍ അല്‍ഖുത്വ്ബുല്‍ ഗൌസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മഹാന്‍ ഒരു കാലത്ത് ഒന്നുമാത്ര മേ ഉണ്ടാകൂ” (ജാമിഉല്‍ഉസ്വൂല്‍. പേ: 3).

ഖുത്വ്ബുകളില്‍ പ്രധാനികളാണ് അഹ്മദുര്‍റിഫാഈ, അബ്ദുല്‍ ഖാദിര്‍ ജീലാനി, അഹ് മദുല്‍ ബദവീ, ഇബ്റാഹീമുദ്ദസൂഖി (ഖ: അസ്റാറഹും). ലോകത്ത് ആധ്യാത്മികത കൊണ്ടും അഗാധജ്ഞാനം കൊണ്ടും വിപ്ളവം സൃഷ്ടിച്ചവരായിരുന്നു ഇവര്‍. ശയ്ഖ് മുഅ്മിനുബ്ന്‍ ഹസന്‍ (റ) പറയുന്നു: “ഈ നാല് മഹാന്മാരും അഹ്ലുബയ്തില്‍പെട്ട ശ്രേഷ്ടവാന്മാരാണ്. ഹുസയ്നുബ്ന്‍ അലിയ്യിലേക്കു ഇവരുടെ പരമ്പരകള്‍ എത്തിച്ചേരുന്നതാണ്. സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലിയുടെതു മാത്രം ഹസന്‍(റ)വിലേക്കാണു ചെന്നെത്തുന്നത” (നൂറുല്‍അബ്വ്സ്വാര്‍: 252).

സയ്യിദ് അബ്ദുല്‍ഖാദിറുല്‍ ജീലാനി,

ഖുത്വുബുകളില്‍ അത്യുന്നതനാണു ശയ്ഖ് അബ്ദുല്‍ഖാദിറുല്‍ജീലാനി(റ). ശരീഅതിന്റെയും ത്വരീഖതിന്റെയും ആഴംകണ്ട അല്ലാമാ ഇബ്നുല്‍അറബി രേഖപ്പെടുത്തുന്നു: “അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ കൂട്ടത്തില്‍ ഏറ്റവും മഹാനായ ഒരാള്‍ ഉണ്ടാകും. എല്ലാ കാലഘട്ടത്തിലും പ്രത്യേകമായി ഉണ്ടാകുന്ന ഇദ്ദേഹത്തിനായിരിക്കും അക്കാലത്തെ അടിമകളുടെ അധീശത്വം. ശക്തനും മനോദൃഢനുമായ അയാള്‍ സത്യപാതയിലേക്കുള്ള പ്രബോധന കാര്യത്തില്‍ സജീവമായിരിക്കുന്നതാണ്. സത്യവും നീതിയും അദ്ദേഹം വഴി നടപ്പില്‍ വരുന്നതാണ്. ഈ പദവിയുടെ അധിപനാണ് ശയ്ഖ് അബ് ദുല്‍ഖാദിറുല്‍ ജീലാനി(റ) (ഫുതൂഹാതുല്‍മക്കിയ്യ:/നൂറുല്‍അബ്സ്വാര്‍: 252).

ശയ്ഖ് ജീലാനി(റ)ന്റെ ജനനം ഹിജ്റ: 471ലാണ്. വഫാത് ഹിജ്റ: 564ലും. മഹാന്റെ ച രിത്രം സുതാര്യവും പ്രസിദ്ധവുമാണ്. കേരളക്കാരെ സംബന്ധിച്ചിടത്തോളം ശയ്ഖവര്‍കളുമായി പ്രത്യേക ബന്ധം അവകാശപ്പെടാന്‍ ആകും. ബഹുവന്ദ്യരായ ഖാള്വി മുഹമ്മദ്  (റ) രജിച്ച മുഹ്യദ്ദീന്‍ മാലയിലൂടെയാണു കേരളമുസ്ലിംകള്‍ ഏറെക്കുറെ ശയ്ഖവര്‍ കളെ പരിചയപ്പെടുന്നത്. മലയാള സാഹിത്യത്തില്‍ രചനകള്‍ ഉണ്ടാകുന്നതിനു മു മ്പുതന്നെ വിരചിതമായതാണു മുഹ്യദ്ദീന്‍ മാല എന്നു സാഹിത്യ ചരിത്രകാരന്മാര്‍ നിരീ ക്ഷിക്കുന്നു. തുഞ്ചത്ത് എഴുത്തഛന്‍ ആധ്യാത്മ രാമായണം എഴുതുന്നതിന്റെ അഞ്ചുകൊല്ലം മുമ്പെങ്കിലും മുഹ്യദ്ദീന്‍ മാല വിരചിതമായിട്ടുണ്ടെന്നാണ് പ്രബലാഭിപ്രായം. ഇത്തരം രേഖകള്‍ ശയ്ഖവര്‍കള്‍ കേരള ജനതക്കിടയില്‍ നേടിയ മഹത്തായ സ്വാധീനത്തിനു ബലമേകുന്നതാണ്. ഇന്നും ജീലാനി നേര്‍ച്ചകളും സ്മരണകളും റാതിബ്-ഖുത്വ് ബിയ്യതുകളും കേരളത്തില്‍ സജീവമാണ്.

ശയ്ഖവര്‍കളുടെ ചരിത്രം സംഭവബഹുലമാണ്. ഇത്തരമൊരു രചനയില്‍ പ്രസ്തുത ചരിത്ര വിവരണത്തിനു പരിമിതികള്‍ ഉണ്ടല്ലോ. സ്വതന്ത്രമായി തന്നെ ശയ്ഖവര്‍കളെ പഠിക്കാന്‍ ഉപകരിക്കുന്ന സമഗ്രമായ ഒരു രചനയ്ക്കു പ്രസക്തിയുണ്ട്.

ശയ്ഖവര്‍കള്‍ പിറന്നത് പരിശുദ്ധമായ പരമ്പരയിലും സാഹചര്യത്തിലുമായിരുന്നു. അവിടത്തെ മാതാ-പിതാക്കള്‍ അക്കാലത്തെ മഹാഭക്തരായിരുന്നുവെന്നാണു ചരിത്രം. ആ വിശുദ്ധ താവഴി ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു: അബൂസ്വാലിഹ് അബ്ദുല്‍ഖാദിര്‍-ബ്ന്‍ മൂസ-ബ്ന്‍ അബ്ദുല്ല-ബ്ന്‍ യഹ്യസ്സാഹിദ്-ബിന്‍ മുഹമ്മദ്-ബിന്‍ ദാവൂദ്-ബിന്‍ മൂസാ-ബിന്‍ അബ്ദുല്ലാ-ബിന്‍ മൂസല്‍ജൌന്‍-ബിന്‍ അബ്ദുല്ലാഹില്‍മഹ്ള്വ്-ബിന്‍ ഹസനുല്‍മുസന്നാ-ബിന്‍ ഹസന്‍-ബിന്‍ അലി(റ:അ: അജ്മഈന്‍).

മഹാപാണ്‍ഢിത്യത്തിന്റെ ഉടമയായിരുന്നു ശയ്ഖ് ജീലാനി(റ) തങ്ങള്‍. ശരിയായ സ്രോ തസ്സുകളില്‍ നിന്നു വിജ്ഞാനത്തിന്റെ പടവുകള്‍ താണ്ടി. ഒപ്പം ആത്മീയമായ സഞ്ചാരപഥങ്ങളും കീഴടക്കി. ശാഫിഈ-ഹന്‍മ്പലീ മദ്ഹബുകള്‍ അനുസരിച്ചു ഫത്വകള്‍ നല്‍കി. അക്കാലത്തെ പണ്‍ഢിതന്മാര്‍ അവിടത്തെ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കി അത്ഭുത പരതന്ത്രരാവുക പതിവായിരുന്നു.

ജീവിതത്തിന്റെ ആദ്യനാളുകളില്‍ കഷ്ടപ്പാടിന്റെ തീഷ്ണത ശയ്ഖവര്‍കള്‍ അനുഭവിച്ചതായി ചരിത്രം പറയുന്നുണ്ട്. ശയ്ഖ് തന്നെ പറയട്ടെ: “ഞാന്‍ ഇഛക്കെതിരെ കടുത്ത സമരം തന്നെ നടത്തി. ഒരു പര്‍വതത്തിന്റെ മുകളില്‍ വെച്ചാല്‍ അത് പൊട്ടിപ്പിളരുമാര്‍ കടുത്ത പരീക്ഷണങ്ങളായിരുന്നു അക്കാലത്ത് എന്റെ തലയില്‍ ഞാനേറ്റേണ്ടി വന്നത്. പക്ഷേ, എല്ലാ കടുത്ത പരീക്ഷണങ്ങളെയും ഞാന്‍ സധൈര്യം നേരിടുക തന്നെ ചെ യ്തു. കരിമ്പടമായിരുന്നു അന്ന് ഞാന്‍ ധരിച്ചിരുന്നത്. നഗ്നപാദനായി മുള്ളിലൂടെ എനിക്കു നടക്കേണ്ടിവന്നു. പുഴയോരത്ത് വീണു കിടക്കുന്ന പച്ചിലകള്‍ മുതല്‍ മുള്ളിന്‍ മുനകള്‍ വരെ എനിക്കു ഭക്ഷിക്കേണ്ടതായി വന്നു.”

മഹാന്റെ ശരീരത്തില്‍ ഈച്ചവന്നിരിക്കുന്നതു കാണാത്തതിനെപ്പറ്റി ശിഷ്യന്മാര്‍ ആരാഞ്ഞപ്പോള്‍ അവിടന്നു നല്‍കിയ മറുപടി ഇതായിരുന്നു: “ഈച്ചയിരിക്കാന്‍ എന്റെ മേല്‍ ദുന്‍യാവിന്റെ നെയ്യോ ആഖിറത്തിന്റെ തേനോ ഇല്ലല്ലോ!” അവിടത്തെ ഭൌതിക പരിത്യാഗത്തിന്റെയും ഇലാഹീ ലയനത്തിന്റെയും സൂചനയായിരുന്നു ഈ വാക്കുകള്‍.

ശയ്ഖവര്‍കള്‍ ഇബാദത്തിലൂടെയായിരുന്നു തന്റെ ഉന്നതി ഉറപ്പിച്ചിരുന്നത്. നിസ്കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം, ഏകാന്ത വാസം, ദേശാടനം, മതപ്രഭാഷണം, വ്യക്തിഗത പ്രബോധനം, മത ഫത്വാ പ്രകാശനം, വ്യവസ്ഥാപിത ദര്‍സ്, അസാധാരണ സംഭവ പ്രകടനം, സാമൂഹിക സേവനം തുടങ്ങി ശയ്ഖവര്‍കളുടെ ജീവിതം എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ നിറഞ്ഞുനിന്നു. മുഹ്യദ്ദീന്‍മാലയില്‍ ഇതുസംബന്ധമായ സൂചനകള്‍ കാണാം. ശയ്ഖ് നേടിയെടുത്ത മഹാപദവി ഒരിക്കലും ഒരു സുപ്രഭാതത്തില്‍ ആരെങ്കിലും ചമയിച്ചുണ്ടാക്കിയതായിരുന്നില്ല. ആത്മീയമായ പ്രയത്നത്തിന്റെയും പ്രവ ര്‍ത്തനത്തിന്റെയും ഫലമായി കൊയ്തെടുത്തതു തന്നെയായിരുന്നു.

ശയ്ഖ് ജീലാനി(റ) പടുത്തുയര്‍ത്തിയ ത്വരീഖതിന്റെ പേരാണു ഖാദിരിയ്യ:. ജനകോടിള്‍ ഈ ത്വരീഖതില്‍ കഴിഞ്ഞു പോയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

സയ്യിദ് അഹ്മദുര്‍റിഫാഈ(റ)

അഖ്ത്വാബുകളില്‍ രണ്ടാമനാണു ശയ്ഖ് രിഫാഈ(റ). ആത്മീയ ജീവിതത്തില്‍ അനിതര സാധാരണത്വം പുലര്‍ത്തിയ അപൂര്‍വ വ്യക്തിത്വമായിരുന്നു മഹാന്റെത്. ഹിജ്റ: 500-ല്‍ ജനനം. ആദ്യം ഇമാം ശാഫിഈ(റ)ന്റെ മദ്ഹബനുസരിച്ചുള്ള കര്‍മശാസ്ത്രത്തില്‍ അവഗാഹം നേടി. പിന്നീടു തസ്വവ്വുഫില്‍ പ്രവേശിച്ചു. സ്വന്തം ശരീരത്തോടുള്ള സമരത്തില്‍ വിജയം വരിച്ചു ആ ശ്രേണിയില്‍ പ്രസിദ്ധനാവുകയും ചെയ്തു.

അങ്ങേ അറ്റത്തെ താഴ്മയുടെയും ഭക്തിയുടെയും പ്രതീകമായിരുന്നു ശയ്ഖ് രിഫാഈ(റ). ഒരിക്കല്‍ ഒരാള്‍ തനിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ അപേക്ഷിച്ചതിനു കൊടുത്ത മറുപടി വിചിത്രമായിരുന്നു: “എന്റെ പക്കല്‍ ഇപ്പോള്‍ ഒരു ദിവസത്തെക്കുള്ള അന്നം ഉണ്ട്. ഒരു ദിവസത്തെ അന്നം സ്റ്റോക്ക് ചെയ്തവന്റെ ദുആ ആര് കേള്‍ക്കാനാണ്. അതുകൊണ്ട് അത് തീര്‍ന്നാല്‍ ഞാന്‍ നിങ്ങള്‍ക്കു പ്രാര്‍ഥിച്ചു തരാം.”

പാവപ്പെട്ടവന്റെ കൂട്ടാളിയായിരുന്നു ശയ്ഖവര്‍കള്‍. ആ ഗണത്തില്‍ ഒട്ടേറെ സേവനങ്ങള്‍ അവിടുന്ന് ചെയ്തിരുന്നു. കുഷ്ഠവും കുഴവാതവും പിടിപെട്ട രോഗികളെ കുളിപ്പിക്കാനും വസ്ത്രം അലക്കിക്കൊടുക്കാനുമൊക്കെ മഹാന്‍ മുന്നിട്ടിറങ്ങുക പതിവായിരുന്നുവത്രെ. ഇത്തരം ഹതാശയരെ ചെന്നു കാണല്‍ സുന്നത്തല്ല, നിര്‍ബന്ധം തന്നെ എന്നായിരുന്നു മഹാന്റെ വാദം. അവിടുത്തെ സദസ്സില്‍ പതിനാറായിരത്തോളം വരുന്ന അനുചരന്മാര്‍ മേളിക്കുമായിരുന്നു. അവര്‍ക്കൊക്കെയും രാവിലെയും വൈകുന്നേരവും ഭക്ഷണം നല്‍കുക പതിവായിരുന്നു.

വയോവൃദ്ധന്മാരെയും കണ്ണ് പൊട്ടന്‍മാരെയും സഹായിക്കാന്‍ ശയ്ഖവര്‍കള്‍ രംഗത്തിറങ്ങും. ഒരാള്‍ക്ക് അസുഖമായെന്നറിഞ്ഞാല്‍ ശിഷ്യഗണങ്ങളെ കൂട്ടി എത്ര ദൂരം താ ണ്ടിയും സന്ദര്‍ശിക്കും. അങ്ങേയറ്റത്തെ സ്നേഹ-കാരുണ്യം, വിട്ടുവീഴ്ച, വിനയം ഇതൊക്കെ മഹാന്റെ പ്രത്യേകതയായിരുന്നു. തന്നെ ചീത്ത പറഞ്ഞവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും അവിടുന്നു മാപ്പുനല്‍കിയ കഥകള്‍ അനവധിയുണ്ട്. മനുഷ്യേതര ജീവികളെപ്പോലും മഹാന്‍ കാരുണ്യത്തിന്റെ കണ്ണോടെ മാത്രമേ കണ്ടിരുന്നുള്ളൂ. ജനങ്ങള്‍ ആട്ടിയോടിച്ച കുഷ്ട രോഗിയായ നായയെ ശയ്ഖവര്‍കള്‍ നാല്‍പതു ദിവസമെടുത്തു ശുശ്രൂഷിച്ചതായി ചരിത്രത്തില്‍ കാണാം.

വളരെ കുറച്ചു മാത്രം സംസാരിക്കുന്ന പ്രകൃതക്കാരായിരുന്നു. തെറ്റുകളെക്കുറിച്ചു ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. ഇബാദത്തില്‍ അത്ഭുതകരമായ മികവ് കാണിച്ചിരുന്നു.

ഹിജ്റ: 570-ലാണ് വഫാത്. ഇരുകലിമയും ചൊല്ലിയാണു വിടചോദിച്ചത്. ബഹുമാനപ്പെട്ടവരുടെ പേരില്‍ പ്രചരിതമായ ത്വരീഖതാകുന്നു അര്‍റിഫാഇയ്യ:, അല്‍അഹ്മദിയ്യ:, ബത്വാഇഹിയ്യ: എന്നിങ്ങനെ മറ്റു നാമങ്ങളും ഈ സംഘത്തിനു പറയപ്പെടാറുണ്ട്.

മുഹ്യിദ്ദീന്‍ ശയ്ഖിനെ പോലെ ശയ്ഖ് രിഫാഈ(റ)വുമായും കേരളാമുസ്ലിംകള്‍ക്കു ആത്മബന്ധം ഉള്ളതായി കാണാം. രിഫാഈമാല അതിന്റെ മഹത്തായ രേഖയാകുന്നു. ഇന്നും മുസ്ലിം വീടുകള്‍ക്ക് ഈ മാല സുപരിചിതമാണ്.

സയ്യിദ് അഹ്മദുല്‍ബദവീ(റ)

ഖുത്വ്ബുകളില്‍ പ്രസിദ്ധനായിരുന്നു അഹ്മുദുല്‍ ബദവീ(റ). അവിടുത്തെ പരമ്പര താഴെ കൊടുക്കുന്നതാണ്:

അഹ്മദ്-ബിന്‍ അലി-ബ്ന്‍ ഇബ്റാഹീം-ബ്ന്‍ മുഹമ്മദ്-ബ്ന്‍ അബീബക്ര്‍-ബ്ന്‍ ഇസ്മാഈല്‍-ബ്ന്‍ ഉമര്‍-ബ്ന്‍ അലി-ബ്ന്‍ ഉസ്മാന്‍-ബ്ന്‍ ഹുസയ്ന്‍-ബ്ന്‍ മുഹമ്മദ്-ബ്ന്‍ മൂസാ-ബ്ന്‍ യഹ്യാ-ബ്ന്‍ ഈസാ-ബ്ന്‍ അലി-ബ്ന്‍ മുഹമ്മദ്-ബ്ന്‍ ഹസന്‍-ബ്ന്‍ ജഅ്ഫര്‍-ബ്ന്‍ അലി-ബ്ന്‍ മൂസാ-ബ്ന്‍ ജഅ്ഫുസ്സ്വദിഖ്-ബ്ന്‍ മുഹമ്മദുല്‍ ബാഖിര്‍-ബ്ന്‍ അലി സയ്നുല്‍ ആബിദീന്‍-ബ്ന്‍ ഹുസയ്ന്‍-ബ്ന്‍ അലിയ്യുബ്ന്‍ അബീത്വാലിബ് (റ: അന്‍ഹും).

ശയ്ഖവര്‍കളുടെ ജനനം ഹിജ്റ: 595-ലായിരുന്നു. മഹാനരുടെ അടിത്തറ ഹിജാസാണ്. പില്‍ക്കാലത്തു പിതാവ് അവിടെ നിന്നു മഗ്രിബിലേക്ക് യാത്രയായി. അവസാനം മക്കയില്‍ തിരിച്ചെത്തി.

ശയ്ഖവര്‍കള്‍ ചെറുപ്പത്തില്‍ വ്യവസ്ഥാപിത മത പഠനത്തിനു മുതിര്‍ന്നു. ഖുര്‍ആന്‍ മന:പാഠമാക്കിയപാടെ ശാഫിഈ കര്‍മശാസ്ത്ര പഠനത്തിലേക്കായിരുന്നു തിരിഞ്ഞത്. ആ മേഖലയില്‍ അവഗാഹം  നേടിയ മഹാന്‍ പിന്നീടു തിരിഞ്ഞതു സ്വൂഫിസത്തിലേക്കായിരുന്നു. വിവാഹം പോലും വേണ്ടെന്നു വെച്ച് അവിടുന്നു ശക്തമായ ധ്യാനത്തിലും അരാധനയിലും മുഴുകി. ജബല്‍ അബീഖുബയ്സില്‍ ഏകാന്തനായി ഇബാദത്തെടുക്കുക പതിവായിരുന്നുവത്രെ. അങ്ങേഅറ്റത്തെ ധൈര്യവാനും ചെറുപ്പക്കാരനുമായിരുന്നിട്ടു പോലും മഹാന്റെ ആത്മ വിചാരത്തിനു ഒരു ഭൌതിക സ്വപ്നങ്ങളും തടസ്സം വീഴ്ത്തിയില്ല. നാല്‍പതു ദിവസത്തോളം ഊണും ഉറക്കുവുമില്ലാതെ നോമ്പുകാരനും നിസ്കാരക്കാരനുമായി ശയ്ഖവര്‍കള്‍ കഴിഞ്ഞു കൂടിയതായി ചരിത്രം സാക്ഷീകരിക്കുന്നുണ്ട്.

തസ്വവ്വുഫിന്റെ വഴിയില്‍ മഹാന്‍ കുറെ യാത്രകളും നടത്തുകയുണ്ടായി. ആ യാത്രക്കിടയില്‍ ഇറാഖില്‍ വന്നു. അക്കാലത്തെ മഹാ ഗുരുക്കന്മാരുമായി അവിടന്നു സമ്പര്‍ക്കം പുലര്‍ത്തിയതായി രേഖയുണ്ട്. ശയ്ഖവര്‍കളെ ആശീര്‍വദിച്ച കൂട്ടത്തില്‍ മഹാത്മാവായ രിഫാഈ ശയ്ഖ്(റ) തങ്ങളും പെട്ടിരുന്നു.

ഒരുപാടു കറാമതുകള്‍ കൊണ്ടു പ്രശോഭിതമായിരുന്നു അവിടുത്തെ ജീവിതം. താന്‍ മുഖാന്തിരം ആയിരങ്ങള്‍ ഈമാന്റെ വെള്ളിവെളിച്ചം കണ്ടതായി രേഖയുണ്ട്. അക്കാലത്ത് ജനങ്ങളെ വഴിതെറ്റിക്കുന്നതിനു കാരണക്കാരിയായ ഫാത്വിമ എന്ന അതിസുന്ദരി ശയ്ഖവര്‍കള്‍ വഴി പശ്ചാത്തപിച്ചു പരിശുദ്ധയായതു പ്രസിദ്ധമായ കഥയാണ്.

ശയ്ഖവര്‍കളുടെ വഫാത് ഹിജ്റ: 675-ലായിരുന്നു. ജീവിച്ചത് 79 കൊല്ലം. മഹാനവര്‍കളുടെ പാത പിന്‍പറ്റിയവരെ ‘സത്വൂഹിയ്യ’ എന്ന് അറിയപ്പെടുന്നു. ‘സത്വ്ഹ്’ എന്നാല്‍ ‘തട്ട്’ എന്നാണര്‍ഥം. ഏകാന്തതക്കായി മച്ചിന്‍ പുറമേറുന്നതിനാലാകാം ഈ പേരുവന്നത്.

സയ്യിദ് ഇബ്റാഹീമുദ്ദസൂഖി(റ)

ഖുത്വ്ബുകളില്‍ നാലാമനായി പ്രസിദ്ധി നേടിയ മഹാനാകുന്നു സയ്യിദ് ഇബ്റാഹീമുദ്ദസൂഖി(റ). അവിടുത്തെ പരമ്പര താഴെ പറയും വിധമാണ്:

ഇബ്റാഹീം-ബ്ന്‍ അബില്‍മജ്ദ്-ബ്ന്‍ ബുറയ്ശ്-ബ്ന്‍ മുഹമ്മദ്-ബ്ന്‍ അബിന്നജാ-ബ്ന്‍ സയ്നുല്‍ ആബിദീന്‍-ബ്ന്‍ അബ്ദുല്‍ഖ്വാലിഖ്വ്-ബ്ന്‍ മുഹമ്മദ്-ബ്ന്‍ അബിത്ത്വയ്യിബ്-ബ്ന്‍ അബ്ദില്ലാ-ബ്ന്‍ അബ്ദില്‍ ഖ്വാലിഖ്-ബ്ന്‍ അബില്‍ഖ്വാസിം-ബ്ന്‍ ജഅ്ഫറുസ്സകിയ്യ്-ബ്ന്‍ അലി-ബ്ന്‍ മുഹമ്മദില്‍ജവാദ്-ബ്ന്‍ അലിര്‍റിള്വാ-ബ്ന്‍ മൂസല്‍ കാള്വിം-ബ്ന്‍ ജഅ്ഫറുസ്വാദിഖ്-ബ്ന്‍ മുഹമ്മദുല്‍ ബാഖ്വിര്‍-ബ്ന്‍ അലിസയ്നുല്‍ ആബിദീന്‍-ബ്ന്‍ ഹുസയ്ന്‍-ബ്ന്‍ അലിയ്യു-ബ്ന്‍ അബീത്വാലിബ് (റ: അന്‍ഹും).

ഇമാം ശഅ്റാനി തന്റെ ത്വബഖാതില്‍ പറയുന്നു: “സയ്യിദ് ഇബ്റാഹീമുദ്ദസൂഖി(റ) ഇമാം ശാഫിഈ(റ)ന്റെ മദ്ഹബനുസരിച്ചുള്ള ഫിഖ്ഹാണ് പഠനത്തിനു തിരഞ്ഞെടുത്തത്. പില്‍ക്കാലത്തു സ്വൂഫീ സാദാതിന്റെ മേഖലയിലേക്കു മഹാന്‍ തിരിഞ്ഞു. ആത്മജ്ഞാനികളുടെ പാതയില്‍ ഇരിപ്പുറപ്പിച്ചു. ജീവിച്ചത് 43 കൊല്ലമായിരുന്നു. മരണം വരെ പിശാചിനോടും ദേഹത്തോടുമുള്ള സമരത്തില്‍ നിന്ന് ഒരു നിമിഷം പോലും മഹാന്‍ വിട്ടു നിന്നില്ലെന്നതാണു സത്യം. ഹിജ്റ: 676-ല്‍ വഫാതായി.”

തികഞ്ഞ ഭക്തിയിലായിരുന്നു മഹാന്റെ ജീവിതം. ദീനീ വിജ്ഞാനത്തിനും തദനുസാര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കി. അവിടുന്നു പറയുമായിരുന്നു: “ഒരു മുരീദ് സുന്നത്തും ഫര്‍ള്വും നിര്‍വഹിക്കാന്‍ ആവശ്യമായ വിജ്ഞാനം നേടല്‍ നിര്‍ബന്ധം തന്നെയാകുന്നു.”

ദിക്ര്‍ പതിവാക്കാനും സ്വാലിഹീങ്ങളുടെ ചര്യ പിന്‍പറ്റാനും തന്റെ അനുചന്മാരെ മഹാന്‍ നിര്‍ബന്ധിച്ചിരുന്നു. എണ്ണമറ്റ കറാമതുകള്‍ മഹാന്‍ കാണിച്ചു. മനുഷ്യന്റെ മാനസിക ദോഷത്തിനു ചികിത്സിക്കുന്നതില്‍ നന്നായി വിജയിക്കുകയും ചെയ്തു. ബുര്‍ഹാമിയ്യ: എന്നത് ശയ്ഖവര്‍കളുടെ സരണീ നാമമാകുന്നു.


RELATED ARTICLE

  • അത്യുന്നതര്‍ അവര്‍ തന്നെ
  • കറാമതിന്റെ കരുത്ത്
  • വലിയ്യിന്റെ വഴി
  • സായൂജ്യം സ്വലാത്തിലൂടെ
  • ദിക്റിന്റെ വഴി
  • ഇല്‍ഹാമിന്റെ ഇതിവൃത്തം
  • സംഘട്ടനം വ്യാജകഥ
  • ഫിഖ്ഹും ഫിസ്ഖും
  • വിമര്‍ശനത്തിന്റെ അപകടം
  • ത്വരീഖതില്ലാത്ത ശരീഅത്ത്
  • മജ്ദൂബും ത്വരീഖതും
  • ത്വരീഖതും സാധാരണക്കാരും
  • വ്യാജന്മാരുടെ വൈകൃതങ്ങള്‍
  • ത്വരീഖതും വ്യാജന്മാരും
  • മുരീദും ത്വരീഖതും
  • ശയ്ഖും ത്വരീഖതും
  • തര്‍ബിയതും ത്വരീഖതും
  • അറിവുകള്‍, അനുഭവങ്ങള്‍
  • ത്വരീഖതും ശരീഅതും
  • വൈവിധ്യം: ത്വരീഖതുകളില്‍
  • വൈവിധ്യം: ത്വരീഖതുകളില്‍
  • ചരിത്ര പുരുഷന്മാര്‍
  • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
  • ത്വരീഖത്: പ്രമാണങ്ങളില്‍
  • ത്വരീഖത്