Click to Download Ihyaussunna Application Form
 

 

ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും

ത്വരീഖതിന്റെ പ്രാമാണികത ‘ത്വരീഖത് പ്രമാണങ്ങളില്‍’ എന്ന ലേഖനത്തില്‍  വിശദീകരിച്ചിണ്ട്. അതില്‍ നിന്നു ത്വരീഖത് ഒരു പുത്തന്‍ സമ്പ്രദായമല്ലെന്നും നബി(സ്വ)യും സ്വഹാബത്തും സച്ചരിതരും അവലംബിച്ച സൂക്ഷ്മമായ ജീവിത പാതയാണെന്നും നമുക്ക് മനസ്സിലായി.

തസ്വവ്വുഫിന്റെ ചരിത്രം തിരുനബി(സ്വ)യില്‍ നിന്നും തുടങ്ങുന്നതായി നമുക്കു ദര്‍ശിക്കാം. ഒരര്‍ഥത്തില്‍ തിരുനബി(സ്വ)ക്കു മുമ്പു കഴിഞ്ഞു പോയ സത്യദൂതന്മാരിലേക്കു തസ്വവ്വുഫിന്റെയും ത്വരീഖതിന്റെയും വേരുകള്‍ നീളുന്നുണ്ട്. നബി(സ്വ)ക്കരികില്‍  വന്നു ജിബ്രീല്‍(അ) പഠിപ്പിച്ചു കൊടുത്ത ‘ഇഹ്സാന്‍’ ആണ് ത്വരീഖത് ജ്ഞാനത്തിന്റെ സ്രോതസ്സ്. ആ അര്‍ഥത്തിലുള്ള ജീവിതമായിരുന്നു നബി(സ്വ) നയിച്ചിരുന്നത്. ആരാധനകള്‍ കൊണ്ടു അവിടുന്നു ജീവിതം ധന്യമാക്കുകയും ഭൌതികമായ അലങ്കാരങ്ങളെ നിരാകരിക്കുകയും ചെയ്തു. നബി(സ്വ)യെ കണ്ടും കേട്ടും പഠിച്ച സ്വഹാബത്തും ഈ ശൈലി തന്നെ തുടര്‍ന്നു പോന്നു. അതുകൊണ്ടുതന്നെ ഒന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലെ ആദ്യ പകുതിയിലും ‘തസ്വവ്വുഫ്’ എന്ന സംജ്ഞക്കു വ്യവസ്ഥാപിത രൂപം അറിയപ്പെട്ടിരുന്നില്ല. അതു അറിയപ്പെടുന്നതു രണ്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലാണെന്നാണു ചരിത്രപക്ഷം. ഇബ്നു ഖല്‍ദൂന്‍ എഴുതുന്നതു കാണുക: “രണ്ടാം നൂറ്റാണ്ടിലും തുടര്‍ന്നു വന്ന കാലത്തും ജനങ്ങള്‍ ദുന്‍യാവില്‍ പിടികൊടുക്കാന്‍ പാടുപെട്ട സാഹചര്യത്തില്‍ ഇബാദത്തിനു മുന്നിട്ടിറങ്ങിയ വിഭാഗത്തെ സ്വൂഫിയ്യത്, മുതസ്വവ്വിഫത് തുടങ്ങിയ പേരുകളില്‍ വിശേഷിപ്പിക്കാന്‍ തുടങ്ങി” (മുഖദ്ദിമ: 517).

ഇബ്നുഖല്‍ദൂന്റെ വീക്ഷണം പില്‍ക്കാലത്തു പല ചരിത്രകാരന്മാരും ശരിവെച്ചിട്ടുണ്ട്. അബൂഅബ്ദില്ലാ മുഹമ്മദ് സ്വീദ്ദീഖുല്‍ഗിമാരി രേഖപ്പെടുത്തുന്നു: “തസ്വവ്വുഫീ സംജ്ഞയുടെ ഉല്‍ഭവത്തെപ്പറ്റി ഇബ്നു ഖല്‍ദൂന്‍ പറഞ്ഞതിനെ ബലപ്പെടുത്തുന്നതാണു നാലാം നൂറ്റാണ്ടുകാരനായ കിന്‍ദിയുടെ ‘വുലാതു മിസ്വ്റി’ലെ വീക്ഷണം. “ഇസ്കന്‍ന്തരിയ്യയില്‍ നല്ല കാര്യങ്ങള്‍ കല്‍പിക്കുന്ന, സ്വൂഫികള്‍ എന്നു പേരായ ഒരു സംഘം രണ്ടാം നൂറ്റാണ്ടില്‍ രംഗത്തു വന്നു.”

മസ്ഊദി തന്റെ ‘മുറുജുദ്ദഹബ്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച സംഭവം ഈ വിഷയത്തിനു രേഖയാണ്: യഹ്യബ്ന്‍ അക്സ: പറയുന്നു: “ഒരു ദിവസം മഅ്മൂന്‍ ചക്രവര്‍ത്തി ദര്‍ബാറില്‍ ഇരിക്കവെ അലിയ്യുബ്ന്‍ സ്വാലിഹുല്‍ഹാജിബ് കടന്നുവന്നു അദ്ദേഹം പറഞ്ഞു: “അമീറുല്‍ മുഅ്മിനീന്‍. വാതില്‍ക്കല്‍ കട്ടിയുള്ള വെള്ള വസ് ത്രമണിഞ്ഞ ഒരാള്‍ നില്‍ക്കുന്നു. സംഭാഷണത്തിനു കടന്നുവരാന്‍ അദ്ദേഹം അനുമതി തേടുന്നുണ്ട്. സ്വൂഫിയ്യതില്‍ പെട്ട ആരോ ആണെന്നാണു തോന്നുന്നത്.” അതുപോലെ  ആദ്യമായി സ്വൂഫി എന്ന നാമകരണത്തിന് വിധേയനായ വ്യക്തി അബൂ ഹാശിം ആണെന്നു കശ്ഫുള്വൂനൂനില്‍ പറഞ്ഞിട്ടുണ്ട്. മഹാന്റെ വിയോഗം ഹിജ്റ: 150-ല്‍ ആണ്.

രേഖകള്‍ കൊണ്ടു തെളിയുന്നത് ഇബ്നു ഖല്‍ദൂന്റെ നിഗമനം ശരിയാണെന്നാണ്. എന്നാല്‍ ഈ ചരിത്ര ശകലത്തില്‍ തൂങ്ങി തസ്വവ്വുഫും ത്വരീഖതും അന്യായമായ ബിദ്അതാണെന്നു പറയുന്നവര്‍ സമൂഹത്തിലുണ്ട്. അവരുടെ വാദം നിരര്‍ഥകമാണ്.  തസ്വ വ്വുഫ് എന്ന ആശയം നബിയുടെയും സ്വഹാബതിന്റെയും കാലത്തു തന്നെ നിരാക്ഷേപം നിലനിന്നതും സര്‍വ വ്യാപകവുമാണെന്നിരിക്കെ പില്‍ക്കാലത്തു നാമകരണം ചെയ്തതു കൊണ്ടു മാത്രം അതു പുത്തനാണെന്നു വാദിക്കാന്‍ ന്യായമില്ല. അങ്ങനെ യെങ്കില്‍ വ്യാകരണ ശാസ്ത്രമടക്കം പലതും നാം തള്ളേണ്ടതായി വരും. ഇല്‍മുന്നഹ്വിന്റെ സ്രോതസ്സ് പരിശുദ്ധ ഖുര്‍ആനാണെന്നതില്‍ തര്‍ക്കമില്ലല്ലോ. എന്നാല്‍ തിരുനബി(സ്വ)യുടെ കാലത്ത് ഇന്നത്തെ പോലെ വ്യവസ്ഥാപിത വ്യാകരണ ഗ്രന്ഥങ്ങള്‍ നിലവില്‍ വന്നിരുന്നില്ല. വ്യാകരണ ശാസ്ത്രത്തിന്റെ വികാസ സമ്പ്രദായത്തെപറ്റി ആദ്യമായി ചിന്തിച്ചത് അലി(റ)വാണെന്നു ‘താരീഖുല്‍ ഖുലഫാഇ’ല്‍ കാണാം. വസ്തുത ഇതായിരിക്കെ ‘ഇല്‍മുന്നഹ്വിനെ’ നാം ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ഇല്‍മുത്തസ്വവ്വുഫും ഉള്‍കൊള്ളുകയും മതത്തിന്റെ തന്നെ ഭാഗമാണെന്നു അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. തിരുനബി(സ്വ)യുടെ കാലത്ത് ആധ്യാത്മ രംഗത്തു പ്രശോഭിച്ചവര്‍ക്കു ‘സ്വൂഫി’ എന്ന സംജ്ഞ വരാതിരിക്കാന്‍ കാരണം ന്യായയുക്തവും വ്യക്തവുമാണ്. ഇമാം ഖുശയ്രി(റ)നെ ഉദ്ധരിച്ചു കശ്ഫുള്വുനൂന്‍ പറയുന്നതു കാണുക: “അറിയുക, തിരുനബി വിയോഗത്തിനു ശേഷവും മുസ്ലിംകള്‍ തങ്ങളിലെ മഹോന്നതരെ ‘സ്വഹാബി’ എന്ന നാമത്തിലല്ലാതെ പരിചയപ്പെടുത്താന്‍ തയ്യാറായില്ല. കാരണം, ‘സ്വഹാബത്’ എന്ന സ്ഥാനപ്പേരിനെ വെല്ലുന്ന മറ്റൊരു പേരില്ലെന്നതു തന്നെ. പില്‍ക്കാലത്തു ജനങ്ങള്‍ സ്ഥാന-മഹത്വങ്ങളില്‍ തട്ടുകള്‍ തിരിച്ചപ്പോള്‍ അവരിലെ വിശുദ്ധ വ്യക്തിത്വങ്ങള്‍ക്കു സുഹ്ഹാദ്, ഉബ്ബാദ് (ഭൌതിക പരിത്യാഗികള്‍, ആരാധനക്കാര്‍) എന്നിങ്ങനെ വിളിപ്പേരു വന്നു തുടങ്ങി. അങ്ങനെയിരിക്കെ പിന്നീടു പുത്തന്‍ വാദങ്ങളും പ്രസ്ഥാനങ്ങളും കടന്നുവന്നു. അവരൊക്കെ തന്നെയും നിലനില്‍പിനു വേണ്ടി തങ്ങള്‍ക്കിടയിലും ഇത്തരം മഹാന്മാര്‍ ഉണ്ടെന്നു പ്രചരിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ അഹ്ലുസ്സുന്നയെ അംഗീകരിക്കുന്ന, ദേഹത്തെ അല്ലാഹുവിനൊത്തും ഹൃദയത്തെ അലസമുക്തമാക്കിയും നീങ്ങുന്ന മഹാന്മാര്‍ക്കു ‘സ്വൂഫികള്‍’ എന്നു പേരു പറയാന്‍ തുടങ്ങി. സ്വൂഫികള്‍ എന്ന പേര് ഹിജ്റ: രണ്ടാം നൂറ്റാണ്ടിനു മുമ്പു തന്നെ പ്രസിദ്ധമായിട്ടുണ്ട്” (ഹഖാഇഖുത്തസ്വവ്വുഫ്: പേ: 25).

മേല്‍ പറഞ്ഞതില്‍ നിന്നും വ്യക്തമാകുന്നത് ഉത്തമ നൂറ്റാണ്ടിന്റെ പാരമ്പര്യവും പിന്‍ബലവും സത്യമായ ത്വരീഖതിനുണ്ടെന്നാണ്. മദ്ഹബിന്റെ ഇമാമുകള്‍ തസ്വവ്വുഫിനെയും സ്വൂഫിസത്തെയും അംഗീകരിച്ചവരായിരുന്നു. സ്വൂഫികളുമായുള്ള സഹവര്‍തിത്വത്തെ ആത്മ സംസ്കരണ മുറയായി അവര്‍ കണ്ടിരുന്നു. നഖ്ശബന്ദിയും ശാഫിഇയുമായ ശയ്ഖ് മുഹമ്മദ് അമീനുല്‍കുര്‍ദീ(റ) രേഖപ്പെടുത്തുന്നതു കാണുക: ഇമാം അഹ്മദ് ബ്ന്‍ ഹമ്പല്‍(റ) മകന്‍ അബ്ദുല്ലയെ ഉപദേശിച്ചു: “കുഞ്ഞുമേനേ, നീ ഹദീസ് പഠനത്തില്‍ മികവു കാണിക്കുക. സ്വൂഫി എന്ന പേരില്‍ അറിയപ്പെടുന്നവരുടെ സഹവര്‍തിത്വവും നേടുക. അവര്‍ പെരുത്ത ജ്ഞാനവും തികഞ്ഞ മനക്കരുത്തും സത്യസന്ധമായ ഭൌതിക വിരക്തിയും ഇലാഹീ പേടിയും അല്ലാഹുവിന്റെ ദര്‍ശനത്തെപ്പറ്റി സദാ ശ്രദ്ധ യും ഉള്ള മഹാമനീഷകളാകുന്നു.”

ഇമാം ശാഫിഈ(റ) സ്വൂഫികളൊത്തു സമയം ചിലവഴിക്കുക പതിവായിരുന്നു. ഇമാം ഇങ്ങനെ പറയുകയും ചെയ്യും: “ഒരു കര്‍മശാസ്ത്ര വിശാരദന്‍ സ്വൂഫിയ്യതിന്റെ സാങ്കേതിക സംജ്ഞകള്‍ അറിഞ്ഞിരിക്കല്‍ അത്യന്താപേക്ഷിതമാണ്. തനിക്കറിയാത്ത പലതും അതുവഴി സമ്പാദിക്കാന്‍ ചിലപ്പോള്‍ സാധിച്ചേക്കും.” ഇമാം ശാഫിഈ(റ)വും അഹ്മദ് (റ)വും സ്വൂഫികളുടെ സദസ്സുകള്‍ തേടി ഇറങ്ങുകയും അവരുടെ ദിക്റിന്റെ ഹല്‍ഖകളില്‍ പങ്കെടുക്കുകയും പതിവായിരുന്നു. ഇതുകണ്ടു സ്വൂഫിസത്തെക്കുറിച്ചു ബോധമില്ലാത്ത ആരോ ചോദിച്ചുവത്രെ: “എന്തിനാണു നിങ്ങള്‍ ഈ മടയന്മാരുമൊത്തു സമയം ചെലവഴിക്കുന്നത്?” അതിന് അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു: “സത്യത്തില്‍ ഇവര്‍ക്കരികില്‍ ആണ് കാര്യത്തിന്റെ കാതല്‍ കിടക്കുന്നത്. അല്ലാഹുവിനെ അറിഞ്ഞ്, സ്നേഹിച്ച്, ഭക്തി പുലര്‍ത്തുകയാണു ജീവിതത്തിന്റെ ലക്ഷ്യം, അതിവര്‍ കണ്ടെത്തിയിരിക്കുന്നു” (തന്‍വീറുല്‍ഖുലൂബ്: 405, 406).

ഇമാം ശാഫിഈ(റ) ത്വരീഖതിന്റെയും തസ്വവ്വുഫിന്റെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ടവരും പ്രായോഗ തലത്തില്‍ കൊണ്ടുവന്നവരുമായിരുന്നു. അതോടൊപ്പം അവര്‍ മത വിജ്ഞാനത്തിന്റെ ബാഹ്യതലത്തില്‍ പ്രസരിക്കുകയും സേവന നിരതരാവുകയും ചെയ്തു. ഈയൊരു പശ്ചാത്തലത്തിലും സമകാലീനരായ സ്വൂഫികളുമായി അവര്‍ ബന്ധം പുലര്‍ത്തിയത് ചരിത്രപരവും പ്രാമാണികവുമായി തസ്വവ്വുഫ് ഇസ്ലാമിനു അന്യമല്ലെന്നു തെളിയിക്കാനാണ്. ത്വരീഖതും തസ്വവ്വുഫുമൊക്കെ മത പണ്ഢിതന്മാ ര്‍ക്കു പിടികൊടുക്കാത്ത സമസ്യയാണെന്നു പ്രചരിപ്പിക്കുന്ന ത്വരീഖത് ചൂഷകര്‍ക്കിതു വ്യക്തമായ മുന്നറിയിപ്പാണെന്നു നമുക്കു പറയാം.

‘ത്വരീഖത്’ എന്ന പദം തന്നെ ചില ഹദീസുകളില്‍ വ്യക്തമായി വന്നിട്ടുണ്ട്. ‘ത്വരീഖത് പ്രമാണങ്ങളില്‍’ എന്ന ലേഖനത്തില്‍  ഉദ്ധരിച്ച ഹദീസുകള്‍ അറബി മൂലത്തോടെ വായിച്ചാല്‍ അതു ബോധ്യപ്പെടും.

സ്വഹാബികളുടെ ജീവിതത്തില്‍

തസ്വവ്വുഫിന്റെ ആശയം നന്നായി ഉള്‍കൊണ്ടവരായിരുന്നു സ്വഹാബത്. അവര്‍ തിരുനബിയില്‍ നിന്നു പകര്‍ന്നു കിട്ടിയതനുസരിച്ച് അതിന്റെ പ്രചാരകരായി. ‘അഹ്ലുസ്സ്വു ഫ്ഫ’ എന്ന പേരില്‍ പ്രസിദ്ധരായ സ്വഹാബികള്‍ ഈ ഗണത്തില്‍ എടുത്തു പറയേണ്ടവരാണ്. അല്‍ഹാഫിള്വ് അബൂനുഐം(റ)ന്റെ ഹില്‍യതുല്‍ ഔലിയാഅ് എന്ന ഗ്രന്ഥം ഈ വസ്തുത വ്യക്തമാക്കിത്തരും. ആധ്യാത്മ രംഗത്തെ അതികായനായ ഇമാം ഗസ്സാലി(റ) പ്രസ്തുത ഗ്രന്ഥം പാരായണം ചെയ്യേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ തും പ്രസ്താവ്യമാണ്.

അബൂബക്ര്‍ സിദ്ദീഖ്(റ)

അബൂനുഐം(റ) പറയുന്നു: “അബൂബക്ര്‍ സിദ്ദീഖ്(റ) തന്റെ ജീവിതം രൂപപ്പെടുത്തിയിരുന്നതു നശ്വരമായ ഭൌതിക ജീവിതം ത്യജിച്ചും ശാശ്വതമായ പാരത്രികത്തെ പുല്‍കി യുമായിരുന്നു. തസ്വവ്വുഫ് എന്നാല്‍ ദുന്‍യാവിനെ പാടെ ത്യജിക്കലും ആഗ്രഹങ്ങള്‍ ഉപേക്ഷിക്കലു മാണെന്നൊരു വാദമുണ്ട്. ഇക്കാര്യം അബൂബക്ര്‍ സിദ്ദീഖ്(റ)ന്റെ ജീവിതത്തില്‍ പ്രകടമായിരുന്നു. സയ്ദുബ്ന്‍ അര്‍ഖമി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നതു കാ ണുക: ഒരിക്കല്‍ അബൂബക്ര്‍ സിദ്ദീഖ്(റ) കുടിക്കാന്‍ അല്‍പം വെള്ളം ആവശ്യപ്പെട്ടു. തേന്‍ ചേര്‍ത്ത വെള്ളം ആരോ കൊണ്ടുവന്നു കൊടുത്തു. ദാഹാര്‍ത്തനായ മഹാന്‍ വെള്ളം ചുണ്ടോടടുപ്പിച്ചുകൊണ്ടു പൊട്ടിക്കരയാന്‍ തുടങ്ങി. കരച്ചില്‍ കണ്ടു കൂടി നിന്നവരും കരഞ്ഞു പോയി. അല്‍പം കഴിഞ്ഞ് അദ്ദേഹം കരച്ചില്‍ നിറുത്തി. ചുറ്റുനിന്നവരും അടങ്ങി. പിന്നെയും മഹാനവര്‍കള്‍ക്കു കരച്ചില്‍ തികട്ടിവന്നു. അവിടുന്നു കരഞ്ഞു കൊണ്ടേയിരുന്നു. സാധാരണ നില പ്രാപിച്ചു ശാന്തനായപ്പോള്‍ കൂടി നിന്നവര്‍ ആരാ ഞ്ഞു: “എന്താണ് അങ്ങു പൊട്ടിക്കരയാന്‍ കാരണം?” അവിടുന്നു പറഞ്ഞു: “ഒരു ദിവസം ഞാന്‍ തിരുനബിക്കരികില്‍ ഇരിക്കുമ്പോള്‍ തങ്ങള്‍ രണ്ടു കൈ കൊണ്ടും ആ രെയോ തടുത്തു മാറ്റുന്നത് കണ്ടു. ‘എന്നെ വിട്ടു പോ’ എന്നു തിരുമേനി പറയുന്നുമുണ്ട്. ഞാന്‍ ചുറ്റുപാടും നോക്കിയെങ്കിലും ആരെയും കണ്ടില്ല. അങ്ങനെ നബി(സ്വ)യോടു തന്നെ തിരക്കിയപ്പോള്‍ അവിടുന്നു പറഞ്ഞു: “അബൂബക്ര്‍, അതു മറ്റൊന്നുമല്ല. ദുന്‍യാവ് അതിന്റെ സര്‍വമാന അലങ്കാരത്തോടെയും എന്റെ മുമ്പില്‍ ഇപ്പോള്‍ പ്രത്യക്ഷമായി. എന്നെ വശീകരിക്കാന്‍ ശ്രമിച്ച അവളെ ഞാന്‍ ആട്ടിയകറ്റുകയായിരുന്നു. അങ്ങനെ അവള്‍ എന്നെ വിട്ടു പിന്തിരിഞ്ഞു. പക്ഷേ, പോകുമ്പോള്‍ അവള്‍ പറഞ്ഞത്, “നബിയേ, നിങ്ങള്‍ എന്നില്‍ നിന്നു കുതറി മാറി. എന്നാല്‍ അങ്ങേക്കു ശേഷം വരാനിരിക്കുന്നവര്‍ എന്നെ വിട്ടുപോകുമെന്ന് അങ്ങു കരുതണ്ട” എന്നാണ്. അബൂബക്ര്‍ സിദ്ദീഖ്(റ) തുടര്‍ന്നു: “ഈ സംഭവം ഓര്‍ത്താണു ഞാന്‍ കരഞ്ഞത്. ആ ദുന്‍യാവ് എന്നെ പിടികൂടിപ്പോയെന്നു ഞാന്‍ പേടിക്കുന്നു.”

നോക്കുക, അബൂബക്ര്‍ സിദ്ദീഖ്(റ) ദുന്‍യാവിനെ ഈ വിധമാണ് കണ്ടിരുന്നത്. ഇത് അങ്ങേ അറ്റത്തെ ആത്മീയ ചിന്തയുടെ പേരില്‍ മാത്രമായിരുന്നു. ഇതുപോലെ മറ്റു പല സംഭവങ്ങളും മഹാനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടു കാണാം. അവിടത്തെ പ്രഭാഷണങ്ങളിലൊക്കെ ഈ വിധം ആത്മീയ ചിന്തകള്‍ നിഴലിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

ഉമറുല്‍ഫാറൂഖ്(റ)

രണ്ടാം ഖലീഫ ഉമര്‍(റ) തസ്വവ്വുഫീ ചിന്തകളുടെ ഉന്നതനായ വക്താവായിരുന്നു. നൂറു കണക്കിനു സംഭവങ്ങള്‍ മഹാനുമായി ബന്ധപ്പെട്ടു ചരിത്രത്തില്‍ കിടക്കുന്നു. അബൂനുഐം(റ) പറയുന്നു: “നശിച്ചു പോകുന്ന സുഖാഢംഭരങ്ങളില്‍ നിന്നു ഉമര്‍(റ) മാറി നിന്നു. എന്നുമെന്നും ശേഷിക്കുന്ന സുഖാസ്വാദനത്തില്‍ അത്യാഗ്രഹം പൂണ്ടു. അനുഷ്ഠാന കാര്യത്തില്‍ കഷ്ടതകള്‍ സഹിച്ചു. ഇഛകള്‍ പാടെ വെടിഞ്ഞു. തസ്വവ്വുഫെന്നു പറഞ്ഞാല്‍ സ്വന്തത്തിനു കഠിനമായ അനുഭവങ്ങള്‍ ഏല്‍പിക്കലാണെന്നു വാദമുണ്ട്. അക്കാര്യം ഉമര്‍(റ)ന്റെ ജീവിതത്തില്‍ സുലഭമായിരുന്നു. അനസ്(റ) പറയുന്നു: “ഉമര്‍(റ) തന്റെ ശരീരത്തിനു നെയ്യ് നിഷിദ്ധമായി കണ്ടിരുന്നു.”

ഒരിക്കല്‍ പ്രിയപുത്രി ഹഫ്സ്വ(റ) ചോദിച്ചു: “ഉപ്പാ, അങ്ങ് ഇപ്പോള്‍ ധരിക്കുന്ന വസ്ത്ര ത്തെക്കാള്‍ അല്‍പം മയമുള്ള വസ്ത്രം ധിരിച്ചാലെന്താണ്? കുറച്ചുകൂടി നല്ല ഭക്ഷണം കഴിച്ചാലെന്താണ്? ഇപ്പോള്‍ അല്ലാഹു അങ്ങേക്ക് അത്യാവശ്യത്തിന് അന്നവും നന്മയുമൊക്കെ തന്നിട്ടില്ലയോ?” ഉമര്‍(റ) പറഞ്ഞു: “പെണ്ണേ, നീ എന്താണീ പറയുന്നത്? തിരുനബി(സ്വ)യുടെ കടുത്ത അനുഭവങ്ങളല്ലെ നീ എന്നെ ഓര്‍മപ്പെടുത്തേണ്ടത്!” പൊട്ടിക്കരഞ്ഞുകൊണ്ടു അദ്ദേഹം തുടര്‍ന്നു: “ഇല്ല, എനിക്കു സാധ്യമാണെങ്കില്‍ ഞാന്‍ തിരുനബി(സ്വ)യും സിദ്ദീഖ്(റ) തങ്ങളും അനുഭവിച്ച കഠിന ജീവിതത്തില്‍ നിന്നു തെന്നിമാറില്ല. നാളെ അവരോടൊത്ത് ആനന്ദ ജീവിതം നയിക്കാന്‍ എനിക്കവകാശമുണ്ടാകണമെങ്കില്‍ ഇഹലോക ജീവിതത്തില്‍ ഞാന്‍ അവര്‍ക്കൊപ്പം ആകാതെ പറ്റില്ല.”

ഉമര്‍(റ) പറഞ്ഞു: “ഞാന്‍ ഈ ലോക ജീവിതത്തില്‍ ആലോചന നടത്തിയപ്പോള്‍ എ നിക്കു കണ്ടെത്താനായത് ഒരു കാര്യമാണ്. നീ ദുന്‍യാവിനെ ലക്ഷ്യം വെച്ചാല്‍ ആഖിറം പിണങ്ങും. ആഖിറത്തിനെ ലക്ഷ്യം വെച്ചാല്‍ ദുന്‍യാവും പിണങ്ങും. വസ്തുത ഇതായതിനാല്‍ നശിച്ചു പോകുന്നതിനെ ശാശ്വതമായതിനു വേണ്ടി നീ തല്‍കാലം പിണക്കുക.”

അബൂ ഉസ്മാന്‍(റ) പറയുന്നു: ഉമര്‍(റ) പറഞ്ഞു: “അതി ശൈത്യം ആബിദീങ്ങള്‍ക്കു മുതല്‍കൂട്ടാകുന്നു.” അബ്ദുല്ലാഹിബ്ന്‍ ഈസാ(റ) പറയുന്നു: “ഉമര്‍(റ)ന്റെ കവിളില്‍ കൂടി കണ്ണീരൊലിച്ചതിനാല്‍ മാത്രം രണ്ട് കറുത്ത വരകള്‍ ഉണ്ടായിരുന്നു.” ഇബ്നു സുബയ്ര്‍(റ) പറയുന്നു: ഉമര്‍(റ) പറഞ്ഞു: “തീര്‍ച്ച അല്ലാഹുവിനു ചില ദാസന്മാരുണ്ട്. അവര്‍ മിഥ്യയെ പാടെ കൊന്നുകളഞ്ഞിരിക്കുന്നു. സത്യസന്ധനെ(അല്ലാഹു) ദിക്ര്‍ ചെയ്തു സജീവമാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ അവനെ പ്രതീക്ഷിച്ചു. അക്കാരണത്താല്‍ അവര്‍ പ്രതീക്ഷിക്കപ്പെട്ടവരായി. അവര്‍ അവനെ ഭയപ്പെട്ടു. അക്കാരണത്താല്‍ അവര്‍ ഭയപ്പെട്ടവരായി. കണ്ണു കൊണ്ടു കാണാനാകാത്തതിനെ മനസ്സുറപ്പു കൊണ്ട് അവര്‍ കണ്ടു. അങ്ങനെ എന്നുമെന്നും ശേഷിക്കുന്നവയ്ക്കായി നശിക്കുന്നവയെ അവര്‍ കയ്യൊഴിഞ്ഞു. അവര്‍ക്കു ജീവിതം ഒരു അനുഗ്രഹമാണെങ്കില്‍ മരണം മഹത്വമാകുന്നു.”

ഉസ്മാനുബ്ന്‍ അഫ്ഫാന്‍(റ)

അബൂനുഐം(റ) പറയുന്നു: മൂന്നാമത്തെ ഖലീഫയായ ഉസ്മാന്‍(റ) രാത്രി മുഴുക്കെ നിന്നു നിസ്കരിക്കുകയും പാരത്രികത്തെ പേടിക്കുകയും അല്ലാഹുവിന്റെ കാരുണ്യ ത്തെ കൊതിക്കുകയും ചെയ്ത മഹാനായിരുന്നു. പകല്‍ നോമ്പും ദാനധര്‍മവും പതിവായിരുന്നു. തസ്വവ്വുഫ് എന്നു പറഞ്ഞാല്‍ ‘അല്ലാഹുവില്‍ എത്തിപ്പെടാന്‍ അനുഷ്ഠാനങ്ങളില്‍ മുഖം കുത്തി വീഴലാണെന്നു പറയപ്പെടാറുണ്ട്. ഉസ്മാന്‍(റ)ന്റെ ജീവിതത്തില്‍ ഈ തത്വം പ്രകടമായിരുന്നു. സുഹയ്മ: ബീവി(റ) പറയുന്നു: “ഉസ്മാന്‍(റ) കാലാകാലവും നോമ്പെടുത്തിരുന്നു. രാത്രി തുടക്കത്തില്‍ അല്‍പ സമയമല്ലാതെ ഉറങ്ങിയിരുന്നില്ല.” അവിടുത്തെ പ്രിയപത്നി പറയുന്നു: “മഹാന്‍ രാത്രി ഒറ്റ റക്അതില്‍ തന്നെ ഖുര്‍ആന്‍ പൂര്‍ണമായും ഓതിത്തീര്‍ക്കുക പതിവായിരുന്നു.”

ഹസന്‍(റ) പറയുന്നു:”അമീറുല്‍ മുഅ്മിനീനായിരിക്കെ തന്നെ ആരാരും കൂടെ ഇല്ലാതെ ഒരു കട്ടിപ്പുതപ്പുമായി ഉസ്മാന്‍(റ) പള്ളിയില്‍ കിടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.” അബ് ദുല്‍മാലികുബ്ന്‍ ശദ്ദാദ്(റ) പറയുന്നു: “നാലോ അഞ്ചോ ഉറുപ്പിക വില വരുന്ന ഒരു ക ട്ടിത്തുണി ഉടുത്ത് ഉസ്മാന്‍(റ) മിമ്പറില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.”

ഒരിക്കല്‍ മഹാന്‍ പറഞ്ഞു: “ഞാന്‍ നാളെ നരകത്തിനും സ്വര്‍ഗത്തിനും മധ്യേ നില്‍ ക്കേണ്ടി വരികയും ഏതിലേക്കാണ് എന്റെ പ്രവേശം എന്നുറപ്പാകാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ ഞാനൊരു വെണ്ണീര്‍ കണമായിരുന്നുവെങ്കില്‍ എന്നു മാത്രമേ ആഗ്രഹിക്കൂ.”

അലിയ്യുബ്ന്‍ അബീത്വാലിബ്(റ)

ഇസ്ലാമിന്റെ നാലാം ഖലീഫ അലി(റ) അങ്ങേഅറ്റത്തെ ഭൌതിക വിരക്തനും ആത്മീയ ചിന്തകനുമായിരുന്നു. അബ്ദുല്ലാഹിബ്ന്‍ ശരീദ് തന്റെ പിതാമഹനില്‍ നിന്ന് ഉദ്ധരിക്കുന്നു. ഒരിക്കല്‍ അലി(റ)നു മുമ്പില്‍ ‘ഫാലൂദജ്’ കൊണ്ടുവരപ്പെട്ടു. അദ്ദേഹം പറഞ്ഞു: “അല്ലയോ ഫാലൂദജ്! നിന്റെ വാസന വളരെ നന്ന്. രുചിയും ഏറെ മെച്ചമാകുന്നു. പക്ഷേ, ഞാന്‍ എന്റെ ദേഹത്തിന് ഇന്നുവരെ പതിവാകാത്ത ഒരു പാനീയം രുചിപ്പിക്കാന്‍ തല്‍കാലം ഉദ്ദേശിക്കുന്നില്ല.”

ഒരിക്കല്‍ ബസ്വറക്കാരില്‍ നിന്നുള്ള ഒരു സംഘം അലി(റ)വിന്നരികില്‍ എത്തി. അവരുടെ കൂട്ടത്തില്‍ ജഅ്ദുബ്ന്‍ നഅ്ജം എന്ന ഒരു ഖവാരിജിയും ഉണ്ടായിരുന്നു. ഖലീഫയുടെ ലളിതമായ വസ്ത്ര ധാരണ കണ്ട് അയാള്‍ ആക്ഷേപം പറഞ്ഞു. മഹാന്‍ പറഞ്ഞു: “എന്റെ വസ്ത്രത്തിനെന്താണൊരു കുഴപ്പം. ഇത് അഹങ്കാരത്തില്‍ നിന്ന് അകന്നതും മുസ്ലിംകള്‍ക്കു പിന്തുടരാന്‍ എളുപ്പമായതുമാകുന്നു.” അംരിബ്ന്‍ ഖയ്സ് ഒരിക്കല്‍ മഹാനോടു ചോദിച്ചു: “നിങ്ങള്‍ എന്താണു നീളക്കുപ്പായം കഷ്ണം വെച്ച് ഉപയോഗിക്കുന്നത്?” മഹാന്‍ പറഞ്ഞു: “ഹൃദയ ഭയത്തിനും മുസ്ലിംകള്‍ പിന്തുടരാനും തന്നെ.”

നാല് ഖലീഫമാരുടെ ജീവിതത്തില്‍ നിന്നുള്ള ചില സൂചനകളാണിവിടെ കുറിച്ചത്. ഈ പാത തന്നെയാണു സ്വഹാബികളും സ്വീകരിച്ചത്. സ്വഹാബികള്‍ തസ്വവ്വുഫിന്റെയും ത്വരീഖതിന്റെയും യഥാര്‍ഥ ആശയ-ആദര്‍ശവാഹകര്‍ തന്നെയായിരുന്നു. ഇസ്ലാമിക പ്രമാണങ്ങളുടെ യഥാര്‍ഥ സൂക്ഷിപ്പുകാരും കൈമാറ്റക്കാരും സ്വഹാബികളായതിനാല്‍ അവരെ മാറ്റിനിറുത്തി ആധ്യാത്മ ചരിത്രം പറയാന്‍ ആര്‍ക്കുമാവില്ല.


RELATED ARTICLE

 • അത്യുന്നതര്‍ അവര്‍ തന്നെ
 • കറാമതിന്റെ കരുത്ത്
 • വലിയ്യിന്റെ വഴി
 • സായൂജ്യം സ്വലാത്തിലൂടെ
 • ദിക്റിന്റെ വഴി
 • ഇല്‍ഹാമിന്റെ ഇതിവൃത്തം
 • സംഘട്ടനം വ്യാജകഥ
 • ഫിഖ്ഹും ഫിസ്ഖും
 • വിമര്‍ശനത്തിന്റെ അപകടം
 • ത്വരീഖതില്ലാത്ത ശരീഅത്ത്
 • മജ്ദൂബും ത്വരീഖതും
 • ത്വരീഖതും സാധാരണക്കാരും
 • വ്യാജന്മാരുടെ വൈകൃതങ്ങള്‍
 • ത്വരീഖതും വ്യാജന്മാരും
 • മുരീദും ത്വരീഖതും
 • ശയ്ഖും ത്വരീഖതും
 • തര്‍ബിയതും ത്വരീഖതും
 • അറിവുകള്‍, അനുഭവങ്ങള്‍
 • ത്വരീഖതും ശരീഅതും
 • വൈവിധ്യം: ത്വരീഖതുകളില്‍
 • വൈവിധ്യം: ത്വരീഖതുകളില്‍
 • ചരിത്ര പുരുഷന്മാര്‍
 • ത്വരീഖത്: ഉല്‍ഭവവും വളര്‍ച്ചയും
 • ത്വരീഖത്: പ്രമാണങ്ങളില്‍
 • ത്വരീഖത്