Click to Download Ihyaussunna Application Form
 

 

ലൈലതുല്‍ ബറാഅ: ഹദീസുകളില്‍

വിഷയകമായി റിപ്പോര്‍ട്ടുചെയ്യപ്പെട്ട ഹദീസുകളിലേക്ക് കണ്ണോടിക്കാം: നബി(സ്വ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ കരുണാവിശേഷം കൊണ്ട് വെളിവാകയും അവന്റെ സൃഷ്ടികളില്‍ ബഹുദൈവവിശ്വാസികളും ശത്രുതാ മനോഭാവമുള്ളവരുമല്ലാത്ത എല്ലാവര്‍ക്കും പാപമോചനം നല്‍കുകയും ചെയ്യും’. മറ്റു ചില നിവേദനങ്ങളില്‍ ജ്യോത്സ്യനും മാരണക്കാരനും മദ്യപാനിക്കും മാതാപിതാക്കളെ വെറുപ്പിക്കുന്നവനും നിത്യവ്യഭിചാരിക്കും ഒഴികെ എന്നും വന്നിട്ടുണ്ട്.

ഈ ഹദീസ് മൂ’അാദ്(റ) മുഖേന ഇബ്നുഹിബ്ബാന്‍, ത്വബ്റാനി, ബൈഹഖ്വി(റ.ഹും) എന്നിവരും അബൂമുസല്‍അശ്’അരി(റ)വിലൂടെ ഇബ്നുമാജ(റ)യും അബൂബക്ര്‍(റ)വഴി ബസ്സാര്‍, ബൈഹ ഖ്വി(റ.ഹും) എന്നിവരും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു. ഈ ഹദീസ് സ്വഹീഹാണെന്ന് ഇബ്നുഹിബ്ബാന്‍(റ)വും ഹസാനാണെന്ന് ‘അല്ലാമാ സുര്‍ഖ്വാനിയും പറഞ്ഞിട്ടുണ്ട്. അല്‍ഹാഫിളുല്‍ മുന്‍ദിരി(റ) പറയുന്നത് ഇതിന്റെ സനദിന് (നിവേദകപരമ്പര) യാതൊരു ദോഷവുമില്ല എന്നാണ്.

ആഇശ(റ) പറയുന്നു: നബി(സ്വ) ഒരു രാത്രിയില്‍ എഴുന്നേറ്റു നിസ്കരിച്ചു. വളരെ ദീര്‍ഘമായ സുജൂദായിരുന്നു അവിടുന്ന് ചെയ്തത്. നബി(സ്വ) വഫാത്തായിപ്പോയിരിക്കുമോ എന്നോര്‍ത്ത് ഞാന്‍ അടുത്തുചെന്നു. അവിടുന്ന് സുജൂദില്‍ നിന്ന് തല ഉയര്‍ത്തുകയും നിസ്കാരം അവസാനിപ്പിക്കുകയും ചെയ്ത ശേഷം എന്നോട് ചോദിച്ചു: ‘ആഇശാ! നബി നിന്നെ വഞ്ചിച്ചു എന്ന് നീ വിചാരിച്ചുവോ’ ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹുവാണെ, ഞാനങ്ങനെ വിചാരിച്ചിട്ടില്ല. പക്ഷേ, അങ്ങയുടെ സുജൂദിന്റെ ദൈര്‍ഘ്യം കാരണം അവിടുന്ന് വഫാത്തായിപ്പോയിരിക്കുമോ എന്ന് ഞാന്‍ ഊഹിക്കുകയുണ്ടായി’.

അവിടുന്ന് ചോദിച്ചു: ‘ഈ രാവ് എത്ര മഹത്വമുള്ളതാണെന്ന് നിനക്കറിയാമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്റെ തിരുദൂതര്‍ക്കും കൂടുതലായറിയാം’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘ഇത് ശഅബാന്‍ പതിനഞ്ചാം രാവാണ്. നിശ്ചയം ഈ രാവില്‍ അല്ലാഹു അവന്റെ അടിമകളില്‍ കരുണാകടാക്ഷം കൊണ്ട് പ്രത്യക്ഷപ്പെടുകയും അനന്തരം പാപമോചനത്തിനര്‍ഥിക്കുന്നവര്‍ക്ക് മോചനം നല്‍കുകയും കരുണാര്‍ഥികള്‍ക്ക് കരുണ ചെയ്യുകയും മനസില്‍ ശത്രുതവെച്ചു നടക്കുന്നവരെ അതേ നിലയില്‍ത്തന്നെ വിട്ടുകളയുകയും ചെയ്യും (അവര്‍ പശ്ചാതപിച്ചു മടങ്ങുന്നതുവരെ പൊറുക്കുകയില്ല എന്നു സാരം)  (ബൈഹഖ്വി, ‘അലാഇബുനു ഹാരിസ്)

ഈ ഹദീസിന്റെ സനദില്‍ക്കാണുന്ന അല്‍’അലാഅ്(റ), ആഇശാ(റ)വില്‍ നിന്ന് ഈ ഹദീസ് കേട്ടിട്ടില്ല. പക്ഷേ, അദ്ദേഹം സത്യവാനും പയണ്ഢിതനുമാണ്. ഇമാം മുസ്ലിം(റ)വും നാല് സുനനുകളുടെ കര്‍ത്താക്കളായ അബൂദാവൂദ്(റ), തിര്‍മുദി(റ), നസാഇ(റ), ഇബ്നുമാജ(റ) എന്നിവരും അദ്ദേഹത്തിന്റെ ഹദീസ് സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇമാം ബൈഹഖ്വി(റ) ഈ ഹദീസിനെക്കുറിച്ച് സ്വീകാര്യയോഗ്യമായ മുര്‍സല്‍ അഥവാ മുന്‍ഖത്വി’അ് (ഒരാള്‍ വിട്ടുപോയ നിവേദകപരമ്പര) ആണെന്ന് പ്രസ്താവിച്ചത്.

അലാഅ് മക്ഹൂല്‍ (റ)ല്‍ നിന്ന് കേട്ടതാവാനും സാധ്യതയുണ്ടെന്ന് ബൈഹഖ്വി(റ) പറയുന്നു (സുര്‍ഖ്വാനി 7/411). അങ്ങനെയാകുമ്പോള്‍ ഈ ഹദീസ് മുത്തസ്വിലുസ്സനദും (പൂര്‍ണ നിവേദക പരമ്പര) സംശയത്തിനവകാശമില്ലാത്തതുമായിത്തീരുന്നു.

ആഇശ(റ) പറയുന്നു: ‘ഒരു രാത്രിയില്‍ നബി(സ്വ)യെ ഞാന്‍ ശയ്യയില്‍ കണ്ടില്ല. അപ്പോള്‍ നബിയെ അന്വേഷിച്ചു ഞാന്‍ പുറപ്പെട്ടു. മിഴികള്‍ ആകാശത്തേക്കുയര്‍ത്തിയതായി മദീനയിലെ ഖ്വബര്‍സ്ഥാനായ ബഖ്വീ’ഇല്‍ നബി(സ്വ) നില്‍ക്കുന്നതാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. ‘ആ ഇശാ, അല്ലാഹുവും അവന്റെ റസൂലും നിന്നോട് നീതികേട് ചെയ്യുമെന്ന് നീ ഭയപ്പെടുന്നുവോ’ നബി(സ്വ) ചോദിച്ചു. ഞാന്‍ പ്രതിവചിച്ചു. ‘അല്ലാഹുവിന്റെ റസൂലേ, മറ്റേതെങ്കിലും ഭാര്യമാരു ടെ അടുത്തേക്ക് അങ്ങ് പോയിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു. അപ്പോള്‍ നബി(സ്വ) ഇപ്രകാരം പറഞ്ഞു: ‘തീര്‍ച്ചയായും ശ’അബാന്‍ പതിനഞ്ചാം രാവില്‍ അല്ലാഹു (അവന്റെ കരുണാധി രേകത്താല്‍) ഒന്നാം ആകാശത്തിലേക്കിറങ്ങും. എന്നിട്ട് കല്‍ബ് ഗോത്രക്കാരുടെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ പാപങ്ങള്‍ പൊറുത്തുകൊടുക്കും (അക്കാലത്ത് ഏറ്റവും കൂടുതല്‍ ആടുകള്‍ ഉണ്ടായിരുന്നത് അവര്‍ക്കായിരുന്നു). ശ’അബാന്‍ പതിനഞ്ചാം രാത്രിയായിരുന്നു ഈ സംഭവമെന്നും അന്ന് തന്റെ ഊഴത്തില്‍പെട്ട രാത്രിയായിരുന്നുവെന്നും ആ’ഇശ(റ) പ്രസ്താവിച്ചതായി അഹ്മദ് ഇബ്നു അബീശൈബ, തിര്‍മുദി, ഇബ്നുമാജ, ബൈഹഖി, ഹജ്ജാജുബ്നു അര്‍ത്വ, യഹ്യബ്നു അബീകസീര്‍ വഴി ഉര്‍വ(റ) വഴി ആഇശ(റ)യില്‍ നിന്ന് ബൈഹഖിയും ദാറഖ്വുത്വ്നിയും ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്.

ഇനി ഈ ഹദീസിന്റെ സനദിനെപ്പറ്റി പരിശോധിക്കാം. നാം ഇവിടെ ഉദ്ധരിച്ച നിവേദക പരമ്പര ക്ക് പുറമെ വേറെ മൂന്ന് വഴികളില്‍ക്കൂടിയും ഈ ഹദീസ് നിവേദനം ചെയ്യപ്പെട്ടതായി അല്‍ഹാഫിള്വ് സൈനുദ്ദീന്‍ ഇറാഖ്വി(റ) വ്യക്തമാക്കിയിട്ടുണ്ട്. അവ ഒന്ന് മറ്റൊന്നിനെ ശക്തിപ്പെടുത്തുന്ന വിധത്തിലാണുതാനും. ആകയാല്‍ ഈ ഹദീസ് ഹസനുല്‍ ലിഗ്വൈരിഹി(മറ്റൊന്നിന്റെ പിന്‍ബലത്തോടെ സ്വഹീഹിന്റെ അടുത്തപടി) എന്ന ഡിഗ്രി പ്രാപിച്ചിരിക്കുന്നു (സുര്‍ഖ്വാനി 7/412).

ഈ വിഷയകമായിവന്ന ഹദീസുകളില്‍ ഏറ്റവും സ്വീകാര്യമായത് ഈ ഹദീസാണെന്ന് ഇമാം ഇബ്നുറജബ്(റ) പറഞ്ഞതായി ഇമാം സുര്‍ഖ്വാനി(റ) പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഒന്നാമതായി പറഞ്ഞ ഹദീസും അങ്ങനെ തന്നെ.

സംശയരഹിതവും നിവേദകപരമ്പര (ഇസ്നാദ്)ക്ക് യാതൊരു ദൂഷ്യവുമില്ലാത്തതും ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനത്ത് നിലകൊള്ളുന്നതുമായ ഹദീസുകളാണ് മേലുദ്ധരിച്ചവയെല്ലാം. നിവേദക പരമ്പരയെക്കുറിച്ച് ഇത്രയും വിശദമായി പ്രസ്താവിച്ചത് ചില ദീനിവിരുദ്ധ പ്രചാരകര്‍ ഈ വിഷയത്തെക്കുറിച്ചു വന്ന ഹദീസുകള്‍ അസ്വീകാര്യമെന്നും നിവേദകപരമ്പര അപ്രസക്തമാണെന്നും, പ്രസംഗങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങളില്‍ ആശയക്കുഴപ്പങ്ങളുണ്ടാക്കാനും ഈ പുണ്യരാവിന്റെ മഹത്വത്തിന് കളങ്കം ചാര്‍ത്താനും പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. പ്രസ്തുത വിഷയത്തെ പ്രതിപാദിക്കുന്ന ഹദീസുകള്‍ വേറെയും ധാ രാളമുണ്ട്. ദൈര്‍ഘ്യം ഭയന്ന് അവ മുഴുവനും ഇവിടെ ഉദ്ധരിക്കുന്നില്ല. മൂന്നാമതായി പറഞ്ഞ ഹദീസുമാത്രം ഇവ്വിഷയകമായി മതിയായ തെളിവാണ്. എന്തുകൊണ്ടെന്നാല്‍ ഹസനുല്‍ ലിഗ്വൈരിഹി എന്ന സ്ഥാനമുള്ള ഹദീസാണത്. അത്തരം ഹദീസുകള്‍ അഹ്കാമില്‍ (മതനിയമങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാവുന്നതില്‍) രേഖയായി സ്വീകരിക്കാമെന്ന വസ്തുത തര്‍ക്കമറ്റതാണല്ലോ.

ശൈഖ് അബ്ദുല്‍ഹഖുദ്ദഹ്ലവി പറയുന്നത് കാണുക: “സ്വഹീഹായ ഹദീസ് അഹ്കാമുകള്‍ ക്ക് തെളിവായി എടുക്കാമെന്ന് ഇജ്മാ’അ് ഉണ്ട്. അതുപോലെ വിവിധ നിവേദക പരമ്പരകളിലൂടെ ഹസനുല്‍ ലിഗ്വൈരിഹി എന്ന പദവി ലഭിച്ച ഹദീസും തെളിവാണെന്നുള്ളത് ഇജ്മാ’അ് ആണ്. ബലഹീനമായ ഹദീസ് പുണ്യകര്‍മ്മങ്ങളില്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ എന്ന് പ്രസിദ്ധമായത് കൊണ്ടുള്ള വിവക്ഷ അവയെ ഓരോന്നായി എടുക്കുമ്പോള്‍ എന്നാണ്. എല്ലാം ഒന്നായി എടുക്കുമ്പോള്‍ എന്നല്ല. എന്തുകൊണ്ടെന്നാല്‍ അത് ഹസനില്‍ പ്രവേശിച്ചതാണ്. ബലഹീനമായതില്‍പ്പെട്ടതല്ല. നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുള്ളത് ഇപ്രകാരമാണ് (അല്‍മുഖ്വദ്ദിമ, പേജ് 6).


RELATED ARTICLE

  • ബറാഅത്ത് രാവില്‍ ചൊല്ലേണ്ട ദിക്റുകളും ദുആയും
  • ബറാഅത്ത് നോമ്പും മൂന്നു യാസീനും
  • ലൈലതുല്‍ ബറാഅ: പണ്ഢിതന്മാര്‍ എന്തുപറയുന്നു?
  • ലൈലതുല്‍ ബറാഅ: എങ്ങനെ ആചരിക്കണം
  • ലൈലതുല്‍ ബറാഅ: ഹദീസുകളില്‍
  • ലൈലത്തുല്‍ ബറാഅ: താത്വിക വിശകലനം
  • ലൈലതുല്‍ ബറാഅ: