Click to Download Ihyaussunna Application Form
 

 

ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും

ആധുനിക ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകള്‍ വിശുദ്ധ ഖുര്‍ആന്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പു പ്രഖ്യാപിച്ച പല കാര്യങ്ങളെയും ശരിവച്ചു കൊണ്ടിരിക്കുകയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1999-ല്‍ പ്രസിദ്ധീകരിച്ച ‘പാരമ്പര്യവും ക്ളോണിങ്ങും’ എന്ന പുസ്തകത്തില്‍ ഡോ. ബാലകൃഷ്ണന്‍ എഴുതുന്നു. “പ്രത്യുത്പാദനത്തിന്റെയും വളര്‍ച്ചയുടെയും പൊതുരീതി എല്ലാവര്‍ക്കും അറിവുണ്ട്. പക്ഷേ, ലൈംഗിക പ്രത്യുല്‍പാദനത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കുണ്ടെന്ന കാര്യം വളരെക്കാലം ശാസ്ത്രജ്ഞന്മാര്‍ക്കു പോലും അറിയില്ലായിരുന്നു” .(4)

എന്നാല്‍ അടുത്തകാലം വരെ, മനുഷ്യസൃഷ്ടി പുരുഷ ബീജത്തില്‍ നിന്നു മാത്രമാണെന്നായിരുന്നു ശാസ്ത്ര നിഗമനം. ഖുര്‍ആന്‍ 1,400 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സ്ത്രീക്കും പുരുഷനും ശിശുവിന്റെ മൂലകോശത്തില്‍ പങ്കുണ്ടെന്നു പഠിപ്പിക്കുകയുണ്ടായി.(5) പുരുഷന്റെയും സ്ത്രീയുടെയും ബീജാണ്ഡങ്ങളുടെ സങ്കലന ഫലമായുണ്ടാകുന്ന സിക്താണ്ഡത്തില്‍ നിന്നാണു ശിശു ജനിക്കുന്നതെന്ന പുതിയ ശാസ്ത്ര സത്യത്തെ നേരത്തെതന്നെ അനാവരണം ചെയ്തുകൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു: “നിശ്ചയമായും മനുഷ്യനെ നാം ‘നുത്വ്ഫതുന്‍ അംശാജി’ല്‍ നിന്ന്, അവനെ പരീക്ഷിക്കുവാനായി, സൃഷ്ടിച്ചിരിക്കുന്നു. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു”.(1) എന്താണു നുത്വ്ഫതുന്‍ അംശാജ്? പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡവും സംഗമിച്ചു സമ്മിശ്രമാകുന്ന ദ്രവ്യത്തിനാണു നുത്വ്ഫതുന്‍ അംശാജ് എന്നു പറയുന്നത്. വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഇക്രിമ, മുജാഹിദ്, ഹസന്‍, റബീഅ് തുടങ്ങിയവര്‍ നല്കിയ അര്‍ഥമാണിത്.(2) ഈ ഖുര്‍ആന്‍ വാക്യത്തിന്റെ ആശയം കൂടുതല്‍ വ്യക്തമാക്കുന്നതാണു താഴെ പറയുന്ന ഹദീസു സംഭവം: ഒരിക്കല്‍ ഒരു ജൂതന്‍ പ്രവാചകരുടെ സമീപത്തിലൂടെ നടക്കുകയുണ്ടായി. തിരുമേനി തന്റെ ശിഷ്യന്മാരോടു സംസാരിക്കുകയായിരുന്നു. അപ്പോള്‍ ഖുറൈശികള്‍ പറഞ്ഞു: ഹേ ജൂതാ, ഈ മനുഷ്യന്‍ പ്രവാചകനാണെന്നു വാദിക്കുന്നു. അപ്പോള്‍ ജൂതന്‍ പറഞ്ഞു: “എങ്കില്‍ ഒരു പ്രവാചകനല്ലാതെ മറ്റാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ചു ഞാന്‍ അദ്ദേഹത്തോടു ചോദിക്കും”. അനന്തരം ജൂതന്‍ വന്നു പ്രവാചകരുടെ ചാരത്തിരുന്ന് ഇപ്രകാരം ചോദിച്ചു: ഓ മുഹമ്മദ്, മനുഷ്യന്‍ എന്തിനാല്‍ സൃഷ്ടിക്കപ്പെടുന്നു? “ജൂതാ, രണ്ടില്‍ നിന്നും അവന്‍ സൃഷ്ടിക്കപ്പെടുന്നു. പുരുഷകോശത്തില്‍ നിന്നും സ്ത്രീകോശത്തില്‍ നിന്നും”.(3)

മനുഷ്യകുലത്തില്‍ ഒരു ക്ളോണിങ് ശിശു പിറന്നുവെന്നത് ഇസ്ലാമിന് ഒരിക്കലും വെല്ലുവിളിയാകുന്നില്ല. ഇസ്ലാമിന്റെ ഏതെങ്കിലുമൊരു വിശ്വാസ പ്രമാണത്തിനോ അംഗീകൃത തത്വത്തിനോ അതു യാതൊരു വിധത്തിലും വെല്ലുവിളി സൃഷ്ടിക്കുന്നില്ല. പ്രത്യുത വിശുദ്ധ ഖുര്‍ആനിലെ ചില പ്രസ്താവനകള്‍ക്ക് അത് ഉപോല്‍ബലകമാവുകയാണു ചെയ്യുന്നത്. സ്ത്രീ പുരുഷസംഗമമോ ബീജാണ്ഡ സങ്കലനമോ കൂടാതെ മനുഷ്യ സൃഷ്ടി നടത്തുകയെന്നത് അസംഭവ്യമല്ലെന്ന് ആദം നബി (അ) ന്റെയും ഈസാ നബി (അ) ന്റെയും ജനനസംഭവം ചൂണ്ടിക്കാണിച്ചു കൊണ്ടു ഖുര്‍ആന്‍ പഠിപ്പിക്കുന്നു.

“അല്ലാഹുവിങ്കല്‍ ഈസായുടെ (സൃഷ്ടികര്‍മ്മത്തിന്റെ) നിലപാട് ആദമിന്റേതു പോലെയാണ്. ആദമിനെ മണ്ണില്‍ നിന്നവന്‍ രൂപപ്പെടുത്തി. എന്നിട്ട് ഉണ്ടാകൂ എന്ന് അദ്ദേഹത്തോടു പറഞ്ഞു. അപ്പോള്‍ അദ്ദേഹമതാ ഉണ്ടാകുന്നു”.(1)

ആദിമ മനുഷ്യനായ ആദം നബി (അ) നെ അല്ലാഹു പിതാവും മാതാവുമില്ലാതെ സൃഷ്ടിച്ചപ്പോള്‍ ഈസാ നബി (അ) നെ അവന്‍ പിതാവില്ലാതെയാണു സൃഷ്ടിച്ചിരിക്കുന്നത്. ഇതു പ്രപഞ്ച സ്രഷ്ടാവു നടത്തിയ ക്ളോണിങ്ങാണെന്നു വേണമെങ്കില്‍ പറയാം. മണ്ണില്‍ നിന്ന് ആദമിനെ സൃഷ്ടിച്ച പരിണാമ പ്രജനനത്തെ ആലങ്കാരികമായി മാത്രം നമുക്കു ക്ളോണിങ് എന്നു പറയാം. എന്നാല്‍ മര്‍യമില്‍ നിന്ന് ഈസാ (അ) അവര്‍ കളെ സൃഷ്ടിച്ചതോ? വിഭജന പ്രജനനവും മുകുളനവുമൊക്കെ ക്ളോണിങ്ങില്‍ പെടുത്താമെങ്കില്‍ ഇതും ഒരു ക്ളോണിങ് തന്നെയാണെന്നു പറയാമല്ലോ.

ഇനി ഖുര്‍ആനിലെ മറ്റൊരു ക്ളോണിങ് പറയാം. ആദം നബി (അ) ന്റെ ശരീരത്തില്‍ നിന്ന് ഒരു ഭാഗമെടുത്തു പ്രഥമ സ്ത്രീയും ദ്വിതീയ മനുഷ്യനുമായ ഹവ്വാ (അ) യെ അല്ലാഹു സൃഷ്ടിച്ചു. പുനരുല്‍പത്തിയും കായിക പ്രജനനവുമൊക്കെ ക്ളോണിങ്ങിന്റെ ഇനങ്ങളില്‍ പെടുത്താമെങ്കില്‍ ഇതും ഒരു ക്ളോണിങ്ങാണെന്ന കാര്യം വളരെ വ്യക്തം. ഇതിനെക്കുറിച്ചു വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരമാണു പറഞ്ഞിട്ടുള്ളത്:

“മനുഷ്യരേ, ഒരു വ്യക്തിയില്‍ നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ് ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക.”(2)

ആദം (അ) ന്റെ വാരിയെല്ലില്‍ നിന്നാണ് ഈ ക്ളോണിങ് നടത്തിയത്. വേദനയറിയാതിരിക്കാന്‍ അദ്ദേഹത്തെ തദവസരം അല്ലാഹു ഉറക്കിക്കിടത്തിയിരുന്നു.(1) സ്ത്രീ ഒരു വാരിയെല്ലില്‍ നിന്നു സൃഷ്ടിക്കപ്പെട്ടു എന്ന പ്രവാചകരുടെ പ്രസ്താവന ബുഖാരിയും മുസ്ലിമും (2) ഉദ്ധരിച്ചിട്ടുണ്ട്. പക്ഷേ, മനുഷ്യരുടെ ക്ളോണിങ്ങിന്റെ വൈകൃതങ്ങളോ ന്യൂനതകളോ സ്രഷ്ടാവിന്റെ ക്ളോണിങ്ങിലില്ല. ഇമാം റാസി (റ) പറയുന്നു: സകല മനുഷ്യരെയും ഒരു മനുഷ്യനില്‍ നിന്നു സൃഷ്ടിക്കുകയെന്നതു കഴിവിന്റെ മികവിനു ഏറ്റം വലിയ തെളിവാകുന്നു. കാരണം, ഇക്കാര്യം കേവലം പ്രകൃതി മൂലമായിരുന്നുവെങ്കില്‍ ഒരു മനുഷ്യനില്‍ നിന്നുണ്ടായ സകലരും ആകൃതിയിലും പ്രകൃതിയിലും പരസ്പര സദൃശര്‍ മാത്രമായേനേ. മനുഷ്യ വ്യക്തികളില്‍ വെളുത്തവന്‍, കറുത്തവന്‍, ചുവന്നവന്‍, തവിട്ടു നിറമുള്ളവന്‍, സുന്ദരന്‍, വിരൂപി, ദീര്‍ഘകായന്‍, ഹ്രസ്വകായന്‍ എന്നിങ്ങനെ വൈവിധ്യം കാണുവാന്‍ നമുക്കു സാധ്യമായപ്പോള്‍ അവരുടെ സ്രഷ്ടാവും നിയന്താവും സ്വതന്ത്രനായ ഒരു പ്രവര്‍ത്തകനാണ്, യാന്ത്രിക നിമിത്തമോ പ്രകൃതി ശക്തിയോ അല്ല എന്നു നമുക്കു മനസ്സിലാക്കാന്‍ സാധിച്ചു. അപ്പോള്‍ അവന്‍ സര്‍വ്വ ശക്തനും സര്‍വ്വജ്ഞനുമാണെന്നു വന്നു. എങ്കില്‍ അവന്റെ നിയമങ്ങളെയും വിധിവിലക്കുകളെയും അനുസരിക്കല്‍ അനിവാര്യമാണെന്നും വന്നു.(3)

ഇനി നടക്കാനിരിക്കുന്ന അത്ഭുതകരമായ മറ്റൊരു ക്ളോണിങ്ങിനെക്കുറിച്ചു വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. മണ്ണില്‍ നിന്ന് ആവിര്‍ഭവിച്ച മനുഷ്യന്‍ മരിച്ചു മണ്ണടിഞ്ഞ ശേഷം, ഭൂമിയില്‍ അവശേഷിക്കുന്ന അവന്റെ ഒരു ശരീര കോശത്തില്‍ നിന്ന് അവനു പുനര്‍ജന്മം നല്‍കുകയാണ് പ്രസ്തുത ക്ളോണിങ്. വിശുദ്ധ ഖുര്‍ആന്‍ പലയിടങ്ങളിലായി പ്രപഞ്ചനം ചെയ്ത ഈ ഭവിഷ്യല്‍ സംഭവത്തിന്റെ സംഗ്രഹം ഈ വാക്യത്തില്‍ വായിക്കാം:

“ഭൂമിയില്‍ നിന്നാണു നിങ്ങളെ നാം സൃഷ്ടിച്ചത്. അതിലേക്കു തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്നു തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തു കൊണ്ടുവരികയും ചെയ്യും”.(4)

സസ്യബീജങ്ങള്‍ അനുകൂലസാഹചര്യം ലഭിക്കുമ്പോള്‍ മുളച്ചു പൊങ്ങുന്നതു പോലെ മരിച്ചു മണ്ണടിഞ്ഞ മനുഷ്യന്‍ അവന്റെ കോടിക്കണക്കിനു സെല്ലുകളില്‍ നിന്ന് അല്ലാഹു അവശേഷിപ്പിച്ച പ്രത്യേകമായ ഒരു സൂക്ഷ്മ കോശത്തില്‍ നിന്നു പുനര്‍ജന്മ സമയത്ത് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

വളരെക്കുറഞ്ഞ താപത്തെപ്പോലെതന്നെ വളരെ വര്‍ദ്ധിച്ച താപവും വിത്തു മുളയ്ക്കുന്നതിനു പ്രാതികൂല്യം സൃഷ്ടിക്കുന്നു. ഈര്‍പ്പത്തിന്റെ അഭാവത്തില്‍ നിഷ്ക്രിയമായിക്കിടക്കുന്ന വിത്ത് വെള്ളം ലഭിക്കുമ്പോള്‍ മുളച്ചു പൊങ്ങുകയായി. അല്ലാഹു പറയുന്നു:

“ഭൂമി വരണ്ടു നിര്‍ജീവമായിക്കിടക്കുന്നതായിട്ടു താങ്കള്‍ക്കു കാണാം. എന്നാല്‍ അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതു പുളകം കൊള്ളുകയും വികസിക്കുകയും കൌതുകമുള്ള എല്ലായിനം ചെടികളെയും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു”.(1) ആരാണിവിടെ ബീജത്തെ മുളപ്പിക്കുന്നത്? സര്‍വ്വശക്തനായ അല്ലാഹു തന്നെ. ചേതന വസ്തുവില്‍ നിന്ന് അചേതന വസ്തുവെയും അചേതന വസ്തുവില്‍ നിന്ന് ചേതന വസ്തുവെയും ഉത്പാദിപ്പിക്കുവാന്‍ കഴിവുള്ള സ്രഷ്ടാവ്.

“ധാന്യ ബീജങ്ങളെയും ഈത്തപ്പഴവിത്തുകളെയും പിളര്‍ക്കുന്നവനാകുന്നു അല്ലാഹു, നിശ്ചയം. നിര്‍ജീവമായതില്‍ നിന്നു ജീവനുള്ളതിനെ അവന്‍ പുറത്തുകൊണ്ടുവരുന്നു. ജീവനുള്ളതില്‍ നിന്നു നിര്‍ജീവമായതിനെയും പുറത്തു കൊണ്ടു വരുന്നവനാണവന്‍. എന്നിരിക്കെ, എങ്ങനെയാണു നിങ്ങള്‍ വഴിതെറ്റിക്കപ്പെടുന്നത്”.(2)

ഇപ്രകാരം തന്നെയാണ് മനുഷ്യന്റെ പുനര്‍ജന്മത്തിന്റെയും കഥ. ശരീരത്തിലെ ശിഷ്ടമായ സൂക്ഷ്മകോശം അനേക സഹസ്രാബ്ദങ്ങള്‍ ഭൂമിയില്‍ അവശേഷിക്കുന്നു. പിന്നീടു പുനരുത്ഥാന സമയത്ത് ഒരു നേര്‍ത്ത മഴ വര്‍ഷിക്കുന്നു. അതോടെ പ്രസ്തുത കോശം വളരാന്‍ തുടങ്ങുന്നു. പുനരുത്ഥാനത്തിനുള്ള ആഹ്വാനം, അല്ലാഹുവിന്റെ കല്‍ പന പ്രകാരം ഇസ്റാഫീല്‍ അലൈഹിസ്സലാം നടത്തുമ്പോള്‍ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. നബി (സ്വ) പറയുന്നു:

“സ്വൂറില്‍ ഒന്നാമത്തെ പ്രഖ്യാപനത്തെത്തുടര്‍ന്ന് സകലജനങ്ങളും മരിച്ചു കഴിഞ്ഞാല്‍ അല്ലാഹു ഒരു നേര്‍ത്ത മഴ വര്‍ഷിപ്പിക്കുന്നു. അതുമൂലം മനുഷ്യ ശരീരങ്ങള്‍ മുളയ്ക്കുകയായി. പിന്നീടു സ്വൂറില്‍ മറ്റൊരു പ്രഖ്യാപനവും കൂടി ഉണ്ടാകുന്നു അപ്പോള്‍ അവരതാ എഴുന്നേറ്റു കണ്ണുമിഴിച്ചു നോക്കുന്നു”.(1) വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലങ്ങള്‍ നോക്കുക. ഭൂമി നിര്‍ജീവമായിക്കഴിഞ്ഞതിനു ശേഷം എങ്ങനെയാണ് അതിനെ അവന്‍ സജീവമാക്കുന്നത്? അതു ചെയ്യുന്നവന്‍ മരിച്ചവരെ ജീവിപ്പിക്കുന്നവന്‍ തന്നെ, നിശ്ചയം. അവന്‍ എല്ലാറ്റിനും കഴിവുറ്റ മഹാശക്തനത്രേ”.(2)

അനേകായിരം സംവത്സരങ്ങള്‍ നിഷ്ക്രിയമായിക്കിടന്ന ഒരു കോശം പിന്നീടു സജീവമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഇന്നു ശാസ്ത്രദൃഷ്ട്യാ വിദൂരമല്ല. ബീജങ്ങള്‍ക്കും വിത്തുകള്‍ക്കും പ്രതികൂല സാഹചര്യങ്ങളെ അനേക സംവത്സരങ്ങള്‍ തരണം ചെയ്യുവാനും പിന്നീട് അനുകൂല സാഹചര്യം ലഭിക്കുമ്പോള്‍ മുളച്ചു വരുവാനും സാധിക്കും. സര്‍വ്വാംഗീകൃതമായ ഈ ശാസ്ത്രീയ സത്യം ബ്രിട്ടാനിക്കാ സര്‍വ്വ വിജ്ഞാന കോശം ഇപ്രകാരം രേഖപ്പെടുത്തുന്നു:(There are seeds and spores that remain, so far as is known, perfectly dormant and totally without metabolic activity at low temperatures for hundreds, perhaps thousands of years).(3) അറിയപ്പെട്ടതനുസരിച്ച്, പൂര്‍ണ്ണമായും നിദ്രാവസ്ഥ പൂണ്ടും പരിണാമ പ്രവര്‍ത്തനങ്ങള്‍ തീരെയില്ലാതെയും വളരെക്കുറഞ്ഞ താപാവസ്ഥയില്‍ നൂറ്റാണ്ടുകളോളം, ഒരുവേള സഹസ്രാബ്ദങ്ങളോളം തന്നെ അവശേഷിക്കുന്ന വിത്തുകളും ബീജങ്ങളുമുണ്ട്.(4)

ജനിതകശാസ്ത്രത്തിന്റെ ആഗമം ഈ പുനരുത്ഥാന തത്വത്തെ കുറച്ചു കൂടി ശാസ്ത്ര സങ്കേതത്തില്‍ വച്ചുതന്നെ വ്യക്തമാക്കിത്തരുന്നു. മനുഷ്യന്‍ മരിച്ചു മണ്ണടഞ്ഞതിനു ശേഷം അവന്റെ ഒരു സൂക്ഷ്മ ഭാഗം അവശേഷിക്കുമെന്ന് പറഞ്ഞുവല്ലോ. അതില്‍ നിന്നാണു പിന്നീട് അവന്റെ പുനര്‍ജന്മവും പുനഃസംഘാടനവും ഉണ്ടാകുന്നത്. നബി(സ്വ) പറയുന്നു:

“മനുഷ്യശരീരത്തില്‍ നിന്ന് ഒരു അസ്ഥിഭാഗമൊഴിച്ചു മറ്റുള്ളതെല്ലാം നശിക്കുക തന്നെ ചെയ്യും. ആ നശിക്കാത്ത ഭാഗം ‘ഉജ്ബുദ്ദനബ്’ ആകുന്നു. അതില്‍ നിന്നാണ് അന്ത്യദിനം സൃഷ്ടി പുനഃസംഘാടനം നടത്തപ്പെടുന്നത്”.(1) എന്താണ് ഉജ്ബുദ്ദനബ്, അല്ലാഹുവിന്റെ പ്രവാചകരേ? എന്നു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: “അതൊരു കടുകു മണിപോലുള്ള ഭാഗമാണ്”.(2) നട്ടെല്ലിന്റെ അടിഭാഗത്തുള്ള അതിസൂക്ഷ്മമായ അസ്ഥി ഭാഗമാണ് ഇത്. നാല്‍ക്കാലികളുടെ വാല്‍ക്കുറ്റിയുടെ സ്ഥാനത്താണതിരിക്കുന്നത്.(3)

ഒരു ബീജ കോശത്തില്‍ നിന്ന് ഒരു വൃക്ഷത്തെ ഉല്‍പാദിപ്പിക്കുന്നതു പോലെയും സിക്താണ്ഡം എന്ന ഏക കോശത്തില്‍ നിന്ന് ഒരു മനുഷ്യനെ സൃഷ്ടിക്കുന്നതു പോലെയുമാണ് ഇതെന്നു പറയാം. ആധുനിക ശാസ്ത്രത്തിന്റെ ക്ളോണിങ് സങ്കേതത്തിലേക്കു കയറി ഒരു ശരീര കോശത്തില്‍ നിന്ന് ഒരു മനുഷ്യനെ ക്ളോണ്‍ ചെയ്യുന്ന പ്രക്രിയയാണ് എന്നും പറയാവുന്നതാണ്. ഇതപര്യന്തം പറഞ്ഞതിന്റെ ഉദ്ദേശ്യം ലൈംഗിക കോശങ്ങളുടെ സങ്കലനമില്ലാതെ ഒരു ശിശു പി റക്കുകയെന്നത് വിശുദ്ധ ഖുര്‍ആനിനോ അതു പ്രതിനിധാനം ചെയ്യുന്ന ദൈവ വിശ്വാസത്തിനോ മതത്തിനോ വെല്ലുവിളിയാകുന്നില്ല എന്നതാണ്. എന്നാല്‍ ക്ളോണിങ് അനുവദനീയമാണോ അല്ലേ? ക്ളോണിങ് മനുഷ്യനു, മാനുഷിക നിയമങ്ങള്‍ ബാധകമാണോ അല്ലേ?

ക്ളോണിങ്ങും കര്‍മ്മശാസ്ത്രവും എന്ന ശീര്‍ഷകം കാണുക.(ഫിഖ്ഹ്)


RELATED ARTICLE

 • വിശുദ്ധ ഖുര്‍ആന്‍
 • വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം
 • വഹ്യിന്റെ ആരംഭം
 • ഖുര്‍ആന്‍ മന:പാഠമാക്കല്‍
 • ഖുര്‍ആന്‍ പാരായണത്തിന്റെ ശ്രേഷ്ഠതകള്‍
 • ഖുര്‍ആന്‍ പാരായണ മര്യാദകള്‍
 • ഖുര്‍ആന്‍ തുറന്ന വഴി
 • ഖുര്‍ആനും സസ്യശാസ്ത്രവും
 • ഖുര്‍ആനും വൈദ്യശാസ്ത്രവും
 • ഖുര്‍ആനും ഭൂമിശാസ്ത്രവും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും നബിചര്യയും
 • ഖുര്‍ആനും ജന്തുശാസ്ത്രവും
 • ഖുര്‍ആനും ഗോളശാസ്ത്രവും
 • ഖുര്‍ആനില്‍ പതിവാക്കേണ്ടവ
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിന്റെ അവതരണം
 • ഖുര്‍ആനിനെ ആദരിക്കല്‍
 • ക്ളോണിങ്ങും വിശുദ്ധ ഖുര്‍ആനും