Click to Download Ihyaussunna Application Form
 

 

നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം

മഹാനായ റസൂല്‍(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷത്തെക്കുറിച്ച് ഇന്ന് ചര്‍ച്ച വേണ്ടിവന്നിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യ ചര്‍ച്ചയായിരുന്നില്ല ഇത് .പക്ഷേ,  ഇക്കാര്യത്തില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തി വിവാദമുണ്ടാക്കുന്നവരുണ്ടെന്നതിനാല്‍ അവരുടെ നിലപാടിലെ വിവരക്കേട് അനാവരണം ചെ യ്യേണ്ടതായി വന്നിട്ടുണ്ട് കാരണം. ഇസ്ലാമികാദര്‍ശത്തിന്റെ  അപ്രമാദിത്വത്തില്‍ സംശയം ജനിപ്പിക്കാനീ വിവാദം കാരണമായിട്ടുണ്ട്.

ഏതു വിഷയത്തിലും സംശയം ജനിപ്പിക്കാനെളുപ്പമാണ്.  അതു ദൂരീകരിച്ച് സത്യം മനസ്സിലാക്കിക്കൊടുക്കുക ആയാസകരവുമാണ്. ഇസ്ലാമിന്റെ പേരില്‍ നിലവിലുള്ള വ്യതിയാന, നിരാസ ചിന്തക്കാരെല്ലാം തന്നെ ഈ അടിസ്ഥാന ആനുകൂല്യത്തിന്റെ സൌകര്യം ഉപയോഗപ്പെടുത്തുന്നവരാണ്. അജ്ഞരുടെ മുമ്പില്‍ കേവല ബുദ്ധി(?) അവതരിപ്പിച്ചു മേന്‍മ നടിക്കുകയാണവര്‍. തങ്ങളുടെ അജ്ഞതയുടെ ആഴം അറിയാത്തവര്‍ പുതിയ സംശയത്തിന്റെ വക്താക്കളായി ചമയുന്നതില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു.

നബി(സ്വ) തങ്ങളുടെ മാതാപിതാക്കളെ കുറിച്ചും അവരുടെ വംശ പരമ്പരയെ കുറിച്ചും അനാവശ്യമായ ചര്‍ച്ച നടത്തുന്നവര്‍ ഒരുതരം പ്രവാചകനിന്ദയാണ് നടത്തുന്നത്. മഹാരഥന്‍മാരായ പണ്ഢിതസൂരികള്‍ അതിന്റെ ഗൌരവം ബോധ്യപ്പെടുത്തിയതാണ്. പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഇസ്ലാമിന്റെ ആദര്‍ശാചാരാനുഷ്ഠാനങ്ങളുടെ പ്രായോഗിക പാരമ്പര്യം പകരാനും നുകരാനും ശ്രമിച്ചവരാണ് പൂര്‍വ്വികര്‍. അവരില്‍ നിന്നു സ്വീകരിച്ച ഇസ്ലാമിന്റെ പ്രായോഗിക വഴിയാണ് മുസ്ലിംകള്‍ക്ക് കരണീയം. ഈ പാരമ്പര്യപാതയില്‍ നിന്നു വ്യതിചലിച്ചവരാണ് ശിഥിലീകരണ ചിന്തക്കാരെല്ലാം. നിലവിലുള്ള പുത്തന്‍ പ്രസ്ഥാനങ്ങളിലുള്ളവരെല്ലാം പരമ്പരാഗത മുസ്ലിം സമൂഹത്തിലെ മാതാപിതാക്കളുടെ മക്കളാണ്. അവര്‍ പിഴച്ചവരായിരുന്നു എന്നും തങ്ങള്‍ ഹിദായത്തിലായെന്നും ദ്യോതിപ്പിക്കുന്ന വിധമു ള്ള ഇവരുടെ മതം മാറ്റത്തിന് നബി(സ്വ)യോട് സമാനത അവകാശപ്പെടുന്ന വിചിത്ര കാഴ്ചയാണിന്നു കാണുന്നത്.

തങ്ങളുടെ മാതാപിതാക്കള്‍ സത്യത്തിലായിരുന്നില്ല എന്നത് തങ്ങള്‍ക്കു യാതൊരു ന്യൂനതയും വരുത്തുന്നില്ല എന്നാണിവരുടെ ചിന്താഗതി. നബി(സ്വ)തങ്ങളുടെ മാതാപിതാക്കളും വ്യത്യസ്ത അവസ്ഥയിലായിരുന്നില്ലല്ലൊ എന്ന ന്യായീകരണമാണവര്‍ നടത്തുന്നത്.

വിശ്വാസിയെ സംബന്ധിച്ചിടത്തോളം സ്വന്തം വിശ്വാസത്തിന്റെ സത്തയുമായി നേരിട്ടു ബ ന്ധമില്ലാത്ത ഇത്തരമൊരു വിഷയത്തില്‍  എന്തിനാണ് ഇടപെടുന്നത്?. അതു വര്‍ജ്ജിക്കുക യല്ലേ വേണ്ടത്?.എന്ന് സ്വയം ആലോചിക്കേണ്ടതാണ് ഇത്തരം പ്രചാരണം വഴി ഇസ്ലാമി നോ സമൂഹത്തിനോ എന്തെങ്കിലും ഗുണമോ നേട്ടമോ ലഭിച്ചതായി എടുത്തുകാണിക്കാനാവില്ല. ദോഷഫലങ്ങള്‍ ധാരാളമുണ്ടുതാനും.

കുത്സിതമായ ഇത്തരം ചര്‍ച്ചകള്‍ ക്രിസ്തുമത പ്രചാരകര്‍ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഒന്നാമാത്തെ ദോഷഫലം. വിശുദ്ധഖുര്‍ആനില്‍ മഹാനായ ഈസാനബി(അ)നെയും മാതാവിനെയും കുടുംബത്തെയും ഗ്രന്ഥത്തെയും വാഴ്ത്തിക്കൊണ്ടുള്ള സൂക്തങ്ങളുണ്ട്.  മുഹമ്മദ് നബി(സ്വ)യെക്കാള്‍ ഉന്നതനാണ് യേശു എന്നു സ്ഥാപിക്കാന്‍  ക്രിസ്തുമത പ്രചാരകര്‍ ഈ സൂക്തങ്ങള്‍ ഉദ്ധരിക്കാറുണ്ട്. ‘യേശുക്രിസ്തുവും മാതാവും മാതാമഹിയും വാഴ് ത്തപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ മാതാപിതാക്കള്‍ അവിശ്വാസികളും നരകാവകാശികളുമാണെന്നു മുസ്ലിംകള്‍ തന്നെ പറയുന്നു. ഇതു രണ്ടും ചേര്‍ത്തു വായിച്ചു നോക്കുക’എന്നു ചില ക്രിസ്തു മതപ്രചാരകര്‍ അനുവാചകരോടു പറയുന്നു.

യുക്തിവാദപരമായതാണു മറ്റൊരു ദോഷഫലം. വിശ്വത്തിനാകമാനം മോക്ഷം നല്‍കാന്‍ നിയോഗിതരായവരാണ് പ്രവാചകര്‍. എന്നിട്ടും തങ്ങളുടെ മാതാപിതാക്കളുടെ മോചനത്തിനു പോലും സാധിക്കാത്തവരാണോ പ്രവാചകന്‍? ഒരു വിമോചകനെ നിയോഗിക്കുമ്പോള്‍ സംശുദ്ധവും പവിത്രവുമായ കുടുംബ പാരമ്പര്യവും വ്യക്തിത്വവും ഉറപ്പുവരുത്താന്‍ അശക്തനാണോ ദൈവം? എങ്കില്‍ ദൈവത്തിന്റെ സര്‍വ്വശക്തി ചൈതന്യമെവിടെ?. ഇങ്ങനെ ഒരു വിരുദ്ധ പ്രചാരണത്തിന് നാം അവസരമുണ്ടാക്കണമോ എന്നും ആലോചിക്കുക.

പ്രസ്തുത സംശയങ്ങള്‍ക്കും പ്രചാരണത്തിനും നമുക്കു ന്യായവും മറുപടിയും ഉണ്ടാവാം. പക്ഷേ; ആത്മാര്‍ഥമായ സത്യാന്വേഷണം നടത്തുന്നവര്‍ക്ക് മാത്രമാണതുപകാരപ്പെടുന്നത്. അല്ലാത്തവര്‍ മറുചോദ്യം രൂപപ്പെടുത്തുകയും ന്യായങ്ങളവതരിപ്പിക്കുകയുമാണ് ചെയ്യുക.  അജ്ഞരായ സഹോദരങ്ങള്‍ക്കിടയില്‍ ഇത്തരം പ്രചാരണങ്ങള്‍ ഉപയോഗപ്പെടുത്തി മതം മാറ്റത്തിനും നിരാസത്തിനും നിഷേധത്തിനും വ്യതിയാനത്തിനുമൊക്കെ അവസരം തേടു ന്നവരുണ്ട് എന്നത് ഭയാനകമാണ്.

ചരിത്രപരമായ വിശകലനങ്ങളിലും ആദര്‍ശപരമായ ചര്‍ച്ചകളിലും പൂര്‍വ്വസൂരികളായ പ ണ്ഢിതമഹത്തുക്കള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സമുദായത്തെക്കുറിച്ചുള്ള സദ്വിചാ രം കൊണ്ടാണ് അവരതു ചെയ്തത്.  അതിലെ പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യുന്നത് അവരെ നിന്ദിക്കലാണ്. അവരെക്കൂടി ഈ തെറ്റായ വാദത്തിന്റെ വക്താക്കളാക്കി അവതരിപ്പിക്കുന്നത് അപരാധമാണ്.

മോക്ഷം എന്തുകൊണ്ട്?.

അബ്ദുല്ല-ആമിനാ(റ) ദമ്പതികള്‍ പാരത്രിക മോക്ഷത്തിനര്‍ഹരാണ് എന്ന നിലപാടാണ് വി ശ്വാസികള്‍ക്കു കരണീയം. ചരിത്രത്തിന്റെയും പ്രമാണങ്ങളുടെയും പിന്തുണയുളളതാണിത്. അവരുടെ മോക്ഷം വിളംബരം ചെയ്യുന്ന ധാരാളം കൃതികള്‍ വിരചിതമായിട്ടുണ്ട്. ഡോക്ടര്‍ സുലൈമാന്‍ അല്‍ഫറജ് രചിച്ച ‘അല്‍ വഫാ ലില്‍വാലിദൈന്‍’ എന്ന കാവ്യകൃതിയുടെ വ്യാഖ്യാനത്തിന്റെ ആമുഖത്തില്‍ 42 ഗ്രന്ഥങ്ങളുടെ പട്ടിക ചേര്‍ത്തിട്ടുണ്ട്. ഈ പട്ടികയില്‍ പെടാത്ത ഒരു ഡസനോളം കൃതികളെകുറിച്ചുള്ള പരാമര്‍ശങ്ങള്‍ വേറെയും കാണാനായിട്ടുണ്ട്. പരന്ന അന്വേഷണത്തില്‍ ഇനിയും ധാരാളം രചനകള്‍ കാണാനാവുമെന്നതാണ് സ്ഥിതി.

നബി(സ്വ) തങ്ങളുടെ  മാതാപിതാക്കള്‍ മോക്ഷാര്‍ഹരാണെന്നു തങ്ങളുടെ കൃതികളിലുടെ സ്ഥാപിച്ചവരും അത് ചര്‍ച്ച ചെയ്തവരും ഏറെയുണ്ട.് അല്ലാമാ അലിയ്യുല്‍ ഹലബി ശ്ശാഫി ഈ(റ), ഇമാം ഫഖ്റുദ്ദീനീര്‍ റാസി(റ), ഇമാം ഖുര്‍ത്വുബി(റ), അബൂഅബ്ദില്ലാഹില്‍ അബി യ്യ്(റ), ഇമാം ഖസ്ത്വല്ലാനി(റ), അല്ലാമാ സുര്‍ഖാനീ(റ), ഇസ്മാഈലുല്‍ ഇജ്ലൂനി(റ), ഇമാം സുഹൈലി(റ), അല്ലാമാ ത്വാഹിറുല്‍ കുര്‍ദി(റ), അബൂബക്റിബ്നുല്‍ അറബി(റ), ഇമാം ത്വഹാവീ(റ), ഹാഫിള് ശംസുദ്ദീനിദ്ദിമശ്ഖി(റ), മുഹമ്മദ് ഹള്റമിശ്ശാഫിഈ(റ), ഖാളി സനാഉല്ല അല്‍ഉസ്മാനി(റ), മുഹ്യിദ്ദീന്‍ മുഹമ്മദ് ബഹാഉദ്ദീന്‍(റ) തുടങ്ങിയ പണ്ഢിതര്‍ ഇവരില്‍ പ്രമുഖരാണ്.

അല്ലാഹുവിന്റെ തീരുമാനം.

നബി(സ്വ) തങ്ങളുടെ മാതാപിതാക്കളാവാന്‍ അല്ലാഹുവാണ് അബ്ദുല്ല – ആമിന(റ) ദമ്പതികളെ നിശ്ചയിച്ചത്. അത് അവര്‍ക്കൊരു പരിഗണനയാണ്, ആദരവാണ്. വിശ്വവിമോചകരായ അന്ത്യപ്രവാചകരുടെ മാതാപിതാക്കളാവുക എന്ന പദവി അത്യധികം ആദരണീയമാണ്. പ്രവാചകശൂന്യ കാലഘട്ടത്തിലാണവര്‍ ജീവിച്ചിരുന്നത്. എന്നിട്ടും അവരുടെ ജീവിതം പരിശുദ്ധവും ബഹുദൈവ വിശ്വാസമുക്തവുമായിരുന്നു എന്നതിനാണ് ചരിത്രസാക്ഷ്യം. അവരുടെ പരിശുദ്ധ ജീവിതസാഹചര്യത്തിന്റെ പ്രേരകം അവരില്‍ അര്‍പ്പിതമായ ദൌത്യമായിരുന്നു.

നല്ല കുടുംബത്തിലെ നല്ലവരായ മാതാപിതാക്കള്‍ക്ക് ജനിച്ചു വളര്‍ന്ന രണ്ടു പേരുടെയും ദാ മ്പത്യത്തെകുറിച്ച്  നേരത്തെ തന്നെ പ്രവചനങ്ങളുണ്ടായിരുന്നു.  വിവാഹം നടന്നു വൈകാ തെ ഗര്‍ഭധാരണമുണ്ടായി. അബ്ദുല്ല(റ) താമസിയാതെ ദിവംഗതനായി. നബി(സ്വ) പിറന്നു വളര്‍ന്നു സ്വന്തം ആവശ്യപൂര്‍ത്തീകരണത്തിന് പരസഹായം അനിവാര്യമല്ലാത്ത പ്രായമെത്തിയപ്പോള്‍ ആമിന(റ)യും യാത്രയായി. ഹ്രസ്വകാല ദാമ്പത്യത്തിലൂടെ  ഒരു കുഞ്ഞിനു ജന്മം നല്‍കുക എന്നതു മാത്രം ജീവിതദൌത്യമായി നിര്‍ണ്ണയിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്നു അവര്‍. അതൊരു നിയോഗം തന്നെയായിരുന്നു, പ്രപഞ്ചനാഥനാല്‍ നിശ്ചിതമായ തീരുമാനം.

തങ്ങളിലൂടെ പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ വ്യക്തി പ്രഭാവത്തിനും ജീവിത ദൌത്യത്തിനും പ്രത്യക്ഷമായി തന്നെ അനുരൂപമായ നാമങ്ങളാണവര്‍ക്കല്ലാഹു നിശ്ചയിച്ചത്. അറബികള്‍ ക്കിടയില്‍ പല അപരനാമങ്ങളും അന്നു സര്‍വ്വസാധാരണമാണ്. എന്നാല്‍ നമ്മുടെ ദമ്പതിക ള്‍ക്ക് നല്‍കപ്പെട്ട നാമങ്ങള്‍ അബ്ദുല്ല അഥവാ അല്ലാഹുവിന്റെ ദാസന്‍ എന്നും ആമിന

അഥവാ വിശ്വസ്ത എന്നുമായിരുന്നു. അവര്‍ക്കീ സുസമ്മതവും ശൂഭസൂചകവുമായ നാമങ്ങള്‍ കൈവന്നത് യാദൃച്ഛികമായിരുന്നില്ല. പ്രപഞ്ചനാഥന്റെ പക്കല്‍ നിന്നുള്ള തോന്നിപ്പിക്കല്‍ തന്നെയാണത്. സത്യവിശ്വാസത്തിന്റെ കൂടി കുറിമാനങ്ങളാണതു രണ്ടും.

സയ്യിദ് സ്വാലിഹുല്‍ ജഅ്ഫരി(റ) തന്റെ സീറത്തുന്നബവിയ്യയില്‍ ഈ നാമകരണത്തെയും നാമങ്ങളെയും കുറിച്ചിങ്ങനെ എഴുതുന്നു:

“പ്രപഞ്ചനാഥനായ അല്ലാഹു അബ്ദുല്‍മുത്ത്വലിബിന്,  അബ്ദുല്ല എന്ന് മകനു നാമകര ണം ചെയ്യാന്‍ ഉള്‍വിളിയിലൂടെ തോന്നിപ്പിച്ചതാണ്. കാരണം അബ്ദുല്‍ മുത്ത്വലിബിന്റെ പു ത്രനായ അബ്ദുല്ലയുടെ മകന്‍ ഏക ഇലാഹിനെ ഇബാദത്ത് ചെയ്യാനും ബഹുദൈവത്വവും ബിംബാരാധനയും നിഷ്കാസനം ചെയ്യാനും പ്രബോധനം ചെയ്യേണ്ടവനാണ്”.

“വഹ്ബിന്, തന്റെ പുത്രിക്ക് ആമിന എന്ന നാമം നല്‍കുന്നതിനും സ്രഷ്ടാവില്‍ നിന്ന് ഉള്‍ വിളിയുണ്ടായതുതന്നെയായിരുന്നു. കാരണം സൃഷ്ടികളുടെ സന്‍മാര്‍ഗത്തിനും സുരക്ഷ ക്കും നിമിത്തമായിത്തീരുന്ന ഒരു പുത്രന്റെ മാതാവാകേണ്ടവരാണവര്‍”(അല്‍ വഫാ ലിവാലിദൈല്‍ മുസ്ത്വഫാ. പേജ്. 31).

പ്രപഞ്ചനാഥനായ അല്ലാഹു അവന്റെ ഇഷ്ടദാസനും സൃഷ്ടി ശ്രേഷ്ഠനുമായ മുഹമ്മദ് (സ്വ) തങ്ങള്‍ക്ക് ജന്മം നല്‍കാനും മുലയൂട്ടാനും സ്നേഹവാത്സല്യവും ശൈശവകാല പരിചരണവും നല്‍കാനും നിയോഗിച്ചവര്‍ നിസ്തുലരും ഉന്നതരുമാണ്.  നബി(സ്വ) തങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കിയ ഹലീമ(റ)യും കുടുംബവും അനുഭവിച്ച ഭൌതികമായ നേട്ടങ്ങളും ഗുണങ്ങളും പ്രസിദ്ധമാണ്. പ്രതിഫലം നിശ്ചയിച്ചു നടത്തിയ ഈ പരിചരണത്തിനുപോലും നാ ഥന്‍  അവര്‍ക്കു വലിയ സൌഭാഗ്യം നല്‍കിയെങ്കില്‍, സ്വന്തം മകനെന്നനിലയില്‍ ആപുണ്യപൂമേനിയെ ഉദരത്തില്‍ വഹിക്കാനും മാറോടണയ്ക്കാനും വാത്സല്യം ചൊരിയാനും ഭാഗ്യമുണ്ടായ ആമിന(റ)യുടെ മഹാഭാഗ്യമെത്രയാണ്!

നബി(സ്വ)യും കുടുംബവും  പ്രപഞ്ചനാഥനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെന്ന് നബി(സ്വ) തന്നെ പറഞ്ഞിട്ടുണ്ട്.

“നിശ്ചയം, അല്ലാഹു ഇസ്മാഈല്‍ സന്തതികളില്‍ നിന്നു കിനാനികളെ തിരഞ്ഞെടുത്തു. കിനാനികളില്‍ നിന്നു ഖുറൈശികളെ തിരഞ്ഞെടുത്തു. ഖുറൈശികളില്‍ നിന്നു ബനൂഹാശിമിനെ തിരഞ്ഞെടുത്തു. ബനൂഹാശിമില്‍ നിന്ന് എന്നെ തിരഞ്ഞെടുത്തു” (മുസ്ലിം).

അല്ലാഹുവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ വന്ന തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് നബി (സ്വ) തങ്ങള്‍. അതിനാല്‍ തന്നെ തന്റെ ശ്രേഷ്ഠനായ സൃഷ്ടിയെ ജാതനാക്കാനായി അല്ലാ ഹു തിരഞ്ഞെടുത്തവര്‍ക്ക് ലഭിച്ചിരിക്കുന്നത് ഉന്നതപദവി തന്നെയാണ്. അതാകട്ടെ അവരു ടെ പരിശുദ്ധിയെയും മോക്ഷത്തെയും വ്യക്തമാക്കുന്നതുമാണ്.

ഇബ്റാഹീം നബി(അ)ന്റെ പ്രാര്‍ഥന

ഇബ്റാഹീം നബി(അ തന്റെ സന്തതികളുടെ ഗുണത്തിനും പരിശുദ്ധിക്കുമായി നടത്തിയ പ്രാര്‍ഥനകള്‍ വിശുദ്ധഖുര്‍ആനിലുണ്ട്. ഇബ്റാഹീം(അ)ന്റെ സന്തതികള്‍ തന്നെയാണ് നബി (സ്വ) തങ്ങളുടെ പിതാക്കള്‍. ഖര്‍ആന്‍ പറയുന്നു:

“എന്റെ നാഥാ, ഈ ദേശത്തെ നീ സുരക്ഷയുള്ളതാക്കേണമേ, എന്നെയും എന്റെ സന്താനങ്ങളെയും ബിംബാരാധന  എന്ന പാതകത്തില്‍ നിന്നു നീ അകറ്റേണമേ, എന്ന് ഇബ്രാഹീം (അ) പ്രാര്‍ഥിച്ച സന്ദര്‍ഭം സ്മരണീയമത്രെ”(ആശയം; ഇബ്രാഹീം:35).

“ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ മുസ്ലിംകളാക്കേണമേ, ഞങ്ങളുടെ സന്തതികളില്‍ നിന്നു നിസ്കാരം നിലനിര്‍ത്തുന്നവരെ നീ ആക്കേണമേ, ഞങ്ങളുടെ നാഥാ ഈ പ്രാര്‍ഥന നീ സ്വീകരിക്കേണമേ”(ആശയം, ഇബ്രാഹീം.40).

“ഞങ്ങളുടെ നാഥാ, എന്റെ സന്താനങ്ങളില്‍പെട്ടവനെ, കൃഷിയൊന്നുമില്ലാത്ത താഴ്വാരത്ത്,നിന്റെ വിശുദ്ധ ഭവനത്തിങ്കല്‍ ഞാന്‍ താമസിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ നാഥാ, അവര്‍ നി സ്കാരം നിലനിര്‍ത്തുന്നതിനായി. അതിനാല്‍ മനുഷ്യഹൃദയങ്ങളെ നീ അവരിലേക്ക് ആകര്‍ ഷിപ്പിക്കുകയും അവര്‍ക്ക് എല്ലാ പഴങ്ങളും നീ നല്‍കുകയും ചെയ്യേണമേ. അവര്‍ നന്ദിയുള്ളവരാവാന്‍വേണ്ടി”(ആശയം: ഇബ്രാഹീം: 37).

“ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ മുസ്ലിംകളാക്കേണമേ. ഞങ്ങളുടെ സന്തതികളില്‍ നിന്നു നിനക്ക് മുസ്ലിമായിക്കഴിയുന്ന ഒരു സമുദായത്തെ നീ ആക്കേണമേ”(ആശയം, അല്‍ബഖറ. :128).

“ഞങ്ങളുടെ നാഥാ, അവരിലേക്ക്, അവരില്‍ നിന്നു തന്നെ, അവര്‍ക്ക് നിന്റെ സൂക്തങ്ങള്‍ പാരായണം ചെയ്തതു കേള്‍പ്പിക്കുകയും ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നീ നിയോഗിക്കേണമേ”(ആശയം: അല്‍ബഖറ:129).

മക്കയെ സുരക്ഷിത ദേശമാക്കുക, സന്താനങ്ങളെ ബിംബാരാധനയില്‍ നിന്നു സുരക്ഷിതരാക്കുക, അവരെ നിസ്കാരം നിലനിര്‍ത്തുന്നവരാക്കുക, മുസ്ലിമതായ ഒരു സമുദായത്തെ ഉണ്ടാക്കുക, അവരില്‍ നിന്ന് ഒരു ദൂതനെ നിയോഗിക്കുക, മക്കയിലെ വിജനതയില്‍ ജനവാസമുണ്ടാവുക, പഴവര്‍ഗങ്ങള്‍ ലഭ്യമാവുന്ന സ്ഥിതിയുണ്ടാവുക എന്നീ കാര്യങ്ങള്‍ ഇബ്രാഹീം(അ)ന്റെ പ്രാര്‍ഥനകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ഈ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സാ ക്ഷാല്‍കൃതമാവുകയും ചെയ്തു.

മക്ക നിര്‍ഭയസ്ഥാനമായതും അവിടേക്ക് പഴവര്‍ഗങ്ങള്‍ ഇറക്കുമതിചെയ്യപ്പെടുന്നതും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:

“അവര്‍ക്കു നാം വിശുദ്ധഭൂമിയെ നിര്‍ഭയസ്ഥാനമായി സൌകര്യപ്പെടുത്തി നല്‍കിയില്ലേ. അവിടേക്ക് എല്ലാവിധ പഴങ്ങളും ഇറക്കുമതിചെയ്യപ്പെടുന്നുണ്ട്, നമ്മുടെ പക്കല്‍ നിന്നുള്ള ഭ ക്ഷണമായിട്ട്” (ആശയം,അല്‍ബഖറ : 57).

ഇസ്മാഈല്‍(അ)മും ഹാജറബീവി(റ)യും താമസമാരംഭിക്കുമ്പോള്‍ മക്ക വിജനമായിരുന്നു വെന്നു പ്രാര്‍ഥനാവചനം തന്നെ പറയുന്നു. എന്നാല്‍ ഏറെത്താമസിയാതെ മനുഷ്യവര്‍ഗത്തിന്റെ ആകര്‍ഷണകേന്ദ്രവും സമാധാന ഭൂമിയുമായി മക്ക മാറി എന്നതാണ് ചരിത്രം. മഹാനായ മുഹമ്മദ് നബി(സ്വ)തങ്ങളുടെ നിയോഗം, ‘അവരില്‍ നിന്നുതന്നെ ഒരു പ്രവാചക നെ നിയോഗിക്കേണമേ’ എന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമായി. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:

“വിശ്വാസികള്‍ക്ക് അവരില്‍ നിന്നുതന്നെ ഒരുദൂതനെ നിയോഗിക്കുകവഴി അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു. ആ പ്രവാചകന്‍ അവര്‍ക്ക് അല്ലാഹുവിന്റെ സൂക്തങ്ങള്‍ പാരായ ണം ചെയ്തു കൊടുക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാ നവും അദ്ധ്യാപനം ചെയ്യുകയും ചെയ്യുന്നു” (ആശയം : ആലുഇംറാന്‍: 164).

ഇബ്റാഹീം നബി(അ)ന് അല്ലാഹു നല്ലവരായ സന്തതികളുടെ ഒരു പരമ്പരതന്നെ നല്‍കുകയുണ്ടായി.  ശേഷം നിയോഗിതരായ മുഴുവന്‍ പ്രവാചകന്മാരും ആ സന്തതികളില്‍ നിന്നായിരുന്നു. ഇസ്ഹാഖ് നബി(അ)ന്റെ പുത്രനായ യഅ്ഖൂബ് നബി(അ)ന്റെ മറ്റൊരു പേരാണ് ഇസ്റാഈല്‍. അദ്ദേഹത്തിന്റെ സന്തതികളാണ് ബനൂഇസ്രാഈല്‍ എന്നറിയപ്പെടുന്നത്. അവരില്‍ ആയിരക്കണക്കിനു പ്രവാചകന്‍മാര്‍ നിയോഗിതരായിട്ടുണ്ട്. ആ പരമ്പരയിലെ അ വസാന പ്രവാചകനാണ് ഈസാ(അ). നമ്മുടെ നബി(സ്വ) തങ്ങളെക്കുറിച്ച് ഇതര പ്രവാചകന്മാരെക്കാള്‍  ശുഭവാര്‍ത്തകള്‍ ഈസാ(അ) നല്‍കിയിട്ടുണ്ട്. ഇസ്മാഈല്‍(അ)ന്റെ പരമ്പരയില്‍ മുഹമ്മദ്നബി(സ്വ) തങ്ങളല്ലാതെ മറ്റു പ്രവാചകന്‍മാരാരും ഉണ്ടായിരുന്നില്ല. ഇതെക്കുറിച്ച് ഓര്‍മ്മപ്പെടുത്തി അല്ലാഹുപറയുന്നു:

“നാമദ്ദേഹത്തിന് (ഇബ്റാഹീം(അ)ന്) ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി; തന്റെ സന്തതികളില്‍ പ്രവാചകത്വവും ഗ്രന്ഥവും നിശ്ചയിച്ചു” (ആശയം: അല്‍ അന്‍കബൂത്: 27).

‘സന്തതികളില്‍ സത്യവിശ്വാസികളായ ഒരു സമുദായത്തെ നീ ആക്കേണമേ’ എന്ന പ്രാര്‍ഥനയുടെ പുലര്‍ച്ച ഈ സുക്തം വ്യക്തമാക്കുന്നു.

“അല്ലാഹു അതിനെ (സത്യാദര്‍ശത്തെ/ആദര്‍ശവാക്യത്തെ) ഇബ്റാഹീം(അ)ന്റെ സന്തതികളിലായി എന്നെന്നും ശേഷിക്കുന്ന വചനമാക്കിയിരിക്കുന്നു” (ആശയം: അസ്സുഖ്റുഫ്: 28).

ഇബ്റാഹീം(അ)ന്റെ നാട്ടുകാരുടെ  ബിംബാരാധനാ സ്വഭാവത്തില്‍ നിന്ന് ഇബ്റാഹീം(അ) ഒഴിവാണെന്നും ഏകനായ ഇലാഹിനെ ആരാധിക്കുന്ന മാര്‍ഗമാണദ്ദേഹം അവലംബിച്ചതെന്നും വ്യക്തമാക്കുന്ന സുക്തങ്ങളുടെ തുടര്‍ച്ചയായിട്ടാണീ സുക്തം ഉള്ളത്. അഥവാ ആ പാരമ്പര്യത്തിന്റെ വാഹകര്‍ എന്നെന്നും ശേഷിക്കുന്നു എന്നാണീ സുക്തം വ്യക്തമാക്കുന്നത്. ഇമാം ഖുര്‍ത്വുബി(റ), ഇബ്നുകസീര്‍(റ) തുടങ്ങിയവര്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

“അഖിബ്” എന്ന പ്രയോഗമാണ് സൂക്തത്തിലുള്ളത്. അതിനു മക്കളും മക്കളുടെ മക്കളുമാ യി തുടര്‍ന്നുവരുന്ന അനന്തരഗാമികള്‍ എന്നാണര്‍ഥകല്‍പന. അതിനാല്‍ തന്നെ  ബിംബാരാധനയോടുള്ള ഈര്‍ഷ്യതയും ഏക ഇലാഹിലുള്ള വിശ്വാസവും തലമുറകളിലുടെ ഇബ്റാ ഹീം(അ)ന്റെ സന്തതികളില്‍ അസ്തമിക്കാതെ നിലനിന്നിരുന്നു.

സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇക്രിമ(റ) പറയുന്നു: “നാഥാ, ഞങ്ങള്‍ രണ്ടു പേരെ യും നീ മുസ്ലിംകളാക്കേണമേ” എന്ന് ഇബ്റാഹീം(അ) പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു “ഞാ നങ്ങനെ ചെയ്തിരിക്കുന്നു” എന്ന് പറയുകയുണ്ടായി. തുടര്‍ന്ന് “എന്റെ സന്തതികളില്‍ നിന്നും മുസ്ലിമതായ ഒരു സമുദായത്തെ നീ ഉണ്ടാക്കേണമേ” എന്നു പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു “ഞാനതും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു(ഇബ്നുകസീര്‍ 1/242).

ബിംബാരാധന നടത്താത്തവരുടെ സാന്നിദ്ധ്യം തന്റെ സന്തതികളില്‍ എക്കാലത്തുമുണ്ടാവണമെന്നതാണ് ഇബ്റാഹീം നബി(അ)യുടെ  പ്രാര്‍ഥനയുടെ താല്‍പര്യം. നാഥന്‍ അതു സാ ധിപ്പിച്ചിട്ടുണ്ട് താനും. എന്നിരിക്കെ ഈ വിശദീകരണത്തിന്റെയും ഖുര്‍ആനിക സൂചനകളു ടെയും പരിധിയില്‍ നിന്നു നബി(സ്വ) തങ്ങളുടെ മാതാപിതാക്കള്‍ പുറത്താണെന്ന് പറയാന്‍ എന്തു ന്യായമാണുള്ളത്? അങ്ങനെയൊരു തെളിവുമില്ലാത്ത സ്ഥിതിക്ക് അവര്‍ രക്ഷപ്പെട്ടവരുടെ കൂട്ടത്തിലാണെന്നും അതിനുപകരിക്കുന്ന വിധമാണവര്‍ ജീവിച്ചതെന്നും വ്യക്തമാണ്.

നബി(സ്വ)തങ്ങളുടെ ചില പ്രയോഗങ്ങള്‍

ചില ഹദീസുകളില്‍ നബി(സ്വ) പിതാവിന്റെയും പിതാമഹന്റെയും കൂടെ തങ്ങളെ ചേര്‍ ത്തു പറഞ്ഞത് കാണാന്‍ കഴിയും.

“ഒരിക്കല്‍ അബ്ബാസ്(റ) നബി(സ്വ) തങ്ങളുടെ അടുത്തേക്കു  വന്നു. അദ്ദേഹം എന്തോ കേട്ട് അസ്വസ്ഥനായതു പോലെയുണ്ടായിരുന്നു. ഇതു കണ്ട റസൂല്‍(സ്വ)തങ്ങള്‍ പ്രസംഗ പീഠത്തില്‍ കയറി “ഞാന്‍ ആരാണ്’ എന്നു ചോദിച്ചു. “അങ്ങ് അല്ലാഹുവിന്റെ തിരുദൂതരാണ്” എന്നു സ്വഹാബികള്‍ മറുപടി പറഞ്ഞു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലായുടെ മകനാണ്. നിശ്ചയം, അല്ലാഹു സൃഷ്ടികര്‍മ്മം നടത്തി. സൃഷ്ടികളില്‍ ഉത്തമമായ വിഭാഗത്തില്‍ എന്നെ ഉള്‍പ്പെടുത്തി. പിന്നെ അവരെ വ്യത്യസ്ത ഗോത്രങ്ങളാക്കി. എന്നെ ഏറ്റവും ഉത്തമമായ ഗോത്രത്തിലുള്‍പ്പെടുത്തി. ആ ഗോത്രത്തെ വ്യത്യസ്ത കുടുംബങ്ങളാക്കി. എന്നെ അവരില്‍ ഉത്തമമായ കുടുംബത്തിലാക്കി” (തുര്‍മുദി).

ഈ സംഭവത്തിന്റെ പശ്ചാത്തലം കൂടി അറിയുന്നത് വിഷയത്തിന്റെ നിജസ്ഥിതിയറിയാനുപകരിക്കും. അബ്ബാസ്(റ)വിനെ ആരോ മാനസികമായി വിഷമിപ്പിക്കുകയുണ്ടായി. അത് അദ്ദേഹത്തിന് സഹിക്കാനാകുമായിരുന്നില്ല. നബി(സ്വ) തങ്ങള്‍ പിതൃവ്യന്റെ ഈ വിഷമാവസ്ഥയില്‍ കുടുംബ ബന്ധത്തിന്റെ പേരില്‍  ഇടപെടുകയായിരുന്നു. ഞാനും അബ്ബാസ്(റ)വിന്റെ കുടുംബമാണ്.

“ജനങ്ങളേ, എന്റെ പിതൃവ്യനെ ആരെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ അവന്‍ എന്നെയാണ് ബുദ്ധിമുട്ടിക്കുന്നത. നിശ്ചയം, ഒരാളുടെ പിതൃസഹോദരന്‍ അവന്റെ പിതാവിനെപ്പോലെ തന്നെയാണ്”(തുര്‍മുദി).

നബി(സ്വ) ഉത്തമകുടുംബം എന്ന് പ്രയോഗിച്ചതിനാല്‍  കുടുംബനാഥന്‍മാരെങ്കിലും ഉത്തമന്‍മാരാവാതെ തരമില്ല. അപ്പോള്‍ ഉത്തമ കുടുംബം എന്ന നിലയില്‍ നബി(സ്വ)യുടെ മാതാപിതാക്കളുടെ ഉത്തമാവസ്ഥയും ഗ്രഹിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അവര്‍ ഉത്തമന്‍മാരായിരുന്നില്ല എന്ന എതിര്‍സാക്ഷ്യം ആവശ്യമാണ്; അതാകട്ടെ ഇതു വരെ ഉന്നയിക്കപ്പെട്ടിട്ടില്ലതാനും.

നബി(സ്വ) ഒരിക്കല്‍ ഒരു പ്രസംഗത്തില്‍ തന്റെ കുടുംബത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്:

“ഞാന്‍ നിസാറിന്റെ മകനായ മുളര്‍ മകന്‍ ഇല്‍യാസ് മകന്‍, മുദ്രിക മകന്‍, ഖുസൈമ മകന്‍, കിനാന മകന്‍, നള്ര്‍ മകന്‍, മാലിക് മകന്‍, ഫിഹ്ര്‍ മകന്‍, ഗാലിബ് മകന്‍, ലുഅയ്യ് മകന്‍, കഅ്ബ് മകന്‍, മുര്‍റത്ത് മകന്‍, കിലാബ് മകന്‍, ഖുസ്വയ്യ് മകന്‍, അബ്ദുമനാഫ് മകന്‍, ഹാശിം മകന്‍, അബ്ദുല്‍ മുത്ത്വലിബ് മകന്‍ അബ്ദുല്ലായുടെ മകനായ മുഹമ്മദ് ആണ്. ജനങ്ങള്‍ രണ്ടായി പിരിയുന്ന ഘട്ടങ്ങളിലെല്ലാം എന്നെ അല്ലാഹു ഉത്തമമായതിലാണാക്കിയത്. എന്റെ മാതാപിതാക്കളിലൂടെ ഞാന്‍ ജാതനായി. അജ്ഞാന കാലഘട്ടത്തിലെ അവിഹിത ശാരീരികബന്ധങ്ങള്‍ യാതൊന്നും എന്നെ ബാധിച്ചിട്ടില്ല. ഞാന്‍ ശരിയായ വിവാഹ കര്‍മ്മത്തിലൂടെയുള്ള ദാമ്പത്യത്തിലാണ് ജനിച്ചത്. ഞാന്‍ അരുതാത്ത വിവാഹബന്ധത്തില്‍ പിറന്നവനല്ല. ആദം(അ) മുതല്‍ ഇപ്രകാരം ഞാനെന്റെ മാതാപിതാക്കളിലെത്തിച്ചേര്‍ന്നു. ആകയാല്‍ ഞാന്‍ നിങ്ങളില്‍ ഉത്തമ മാനസനാണ്. ഉത്തമശരീരിയാണ്. നിങ്ങളില്‍ ഉത്തമനായ പിതാവുള്ളവനുമാണ” (ബൈഹഖി. ദലാഇല്‍ : 1/174,175).

ഇബ്നു കസീര്‍(റ) അല്‍ബിദായതുവന്നിഹായ വാള്യം രണ്ട്, പേജ് 333ല്‍ ഈ പ്രസംഗം ഉ ദ്ധരിച്ച ശേഷം ഇങ്ങനെ പറയുന്നു: “പരമ്പരയുടെ അടിസ്ഥാനത്തില്‍ ഈ ഹദീസ് ളഈഫാണെന്ന് പറയാമെങ്കിലും ആശയപരമായി ഇതിന് ഉപോല്‍ബലകമായ ധാരാളം ഹദീസുകളുണ്ട്”.

നബി(സ്വ) സ്വന്തം പിതാക്കളുടെ പേരില്‍  മേന്‍മ പറയുന്നത് ഇതില്‍ വ്യക്തമാണ്. അതോടൊപ്പം ശ്രോതാക്കളായ സ്വഹാബികളുടെയൊക്കെ പിതാക്കളെക്കാള്‍ ഉത്തമനായ പിതാവുള്ളവനാണ് താനെന്ന പ്രയോഗം കൂടുതല്‍ അര്‍ഥഗര്‍ഭമാണ്. നബി(സ്വ)യുടെ നന്മ എന്ന പ്ര യോഗത്തിന് സത്യവിശ്വാസം എന്ന അടിസ്ഥാന നന്മ ഉള്‍ക്കൊള്ളാന്‍ മാത്രം വ്യാപ്തിയില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? അതോ നബി(സ്വ) തങ്ങള്‍ക്ക് പിതാവെന്ന നിലയില്‍ പ രിചയപ്പെടുത്താന്‍ തടസ്സമാവാത്തവിധം ഇബ്റാഹീമീസരണയില്‍ ജീവിച്ചവരായിരുന്നു അവര്‍ എന്നാണോ?.

സമകാലജനതയുടെ ശീലമായ ആഭിജാത്യപ്രഘോഷണത്തിന്റെ ഭാഗമായി നബി(സ്വ) തങ്ങളുടെ ഈ പരാമര്‍ശത്തെ നമുക്ക് കാണാന്‍ സാധ്യമല്ല. പ്രത്യുത; നല്ല ഗോത്രത്തില്‍ നല്ല കുടുംബത്തില്‍ നല്ലവനായ പിതാവിനു പിറന്നവനാണ് താനെന്നു ലോകത്തെ അറിയിക്കുകയാണവിടുന്ന് . വിരുദ്ധ പ്രചാരണങ്ങള്‍ ഉണ്ടാവുമെന്നതിലേക്കുള്ള സൂചന കൂടി അതിലടങ്ങിയോ എന്ന് ആലോചിക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാവില്ല. അതിനാല്‍ തന്നെ ഉത്തമം എന്ന വിശേഷണത്തിനര്‍ഹരായിട്ടുള്ള കുടുംബത്തിലെയും ഗോത്രത്തിലെയും അംഗങ്ങളെയും പിതാവിനെയും അനുസ്മരിക്കുകയും അവര്‍ അനുസ്മരണ യോഗ്യരാണെന്ന് പഠിപ്പിക്കുകയുമാണ് നബി(സ്വ). അജ്ഞാന കാലത്ത് അവിശ്വാസികളായ പിതാക്കളിലേക്ക് ചേര്‍ത്തി കുടുംബ മാഹാത്മ്യവും മറ്റും പറയുന്നത് നബി(സ്വ) തങ്ങള്‍ തന്നെ വിലക്കിയിട്ടുള്ളതുമാണ്. നബി(സ്വ) പറയുന്നു:

“അജ്ഞാനകാലത്ത് മൃതിയടഞ്ഞ പിതാക്കളെക്കൊണ്ട് നിങ്ങള്‍ പെരുമ പറയരുത്.അല്ലാഹുവാണെ, ഈ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം നസ്യം ചെയ്യുന്നതാണ് ജാഹിലിയ്യാ കാല ത്തെ പിതാക്കളെ പ്രശംസിക്കുന്നതിനേക്കാള്‍ ഉത്തമമായത്”(അഹ്മദ്, ത്വബ്റാനി).

“ഒരുവന്‍ തന്റെ പിതാക്കളില്‍ നിന്ന് അവിശ്വാസികളായ ഒമ്പതു പേരെ മേന്‍മ എന്ന നിലയില്‍ തന്നിലേക്കു ചേര്‍ത്തു പറഞ്ഞാല്‍ അവന്‍ അവരോടൊപ്പം പത്താമത്തെ ആളായി നരകത്തിലായിരിക്കും” (അഹ്മദ്, അബുയഅ്ല).

ഈ ഹദീസുകളുടെ ബാഹ്യാര്‍ഥവും അതിനു നല്‍കപ്പെട്ട വ്യാഖ്യാനങ്ങളും പരിഗണിച്ചാ ലും, നബി(സ്വ)യില്‍ നിന്ന് ഈ നിരോധിത കാര്യം ഉണ്ടാവാന്‍ പാടില്ലാത്തതാണ്. അതിനാ ല്‍ നബി(സ്വ) ചെയ്തത് അനുവദനീയമായ കാര്യവും അവിടുന്നു പറഞ്ഞ പിതാക്കള്‍ പറയപ്പെടാനര്‍ഹരുമാണ് എന്നാണ് ഈ രണ്ടു ഹദീസുകളും ചേര്‍ത്തുവായിച്ചാല്‍ മനസ്സിലാവുക. അറബികളുടെ ശൈലിയനുസരിച്ചു വളര്‍ത്തുപിതാവിലേക്ക് ചേര്‍ത്തി മകനെന്നു പറയാറുണ്ട്. ജനിക്കുന്നതിനു മുമ്പ് പിതാവ് മരണപ്പെട്ടതിനാല്‍ പിതാമഹനായ അബ്ദുല്‍ മുത്ത്വലിബാണ് നബി(സ്വ)യെ വളര്‍ത്തിയത്. അക്കാരണത്താല്‍ നബി(സ്വ)യെ അറബികളില്‍ ചിലര്‍ ഇബ്നു അബ്ദില്‍ മുത്ത്വലിബ് എന്നും വിളിക്കാറുണ്ടായിരുന്നു.

“ഒരിക്കല്‍ നബി(സ്വ)യും സ്വഹാബികളും പള്ളിയിലായിരിക്കെ ഒരു ഗ്രാമീണന്‍ വന്ന്, നബി (സ്വ)യെ അന്വേഷിച്ചു. സ്വഹാബികളദ്ദേഹത്തിന് നബി(സ്വ)യെ കാണിച്ചു കൊടുത്തപ്പോള്‍ അയാള്‍  “അബ്ദുല്‍ മുത്ത്വലിബിന്റെ മകനേ” എന്നു വിളിച്ചു. നബി(സ്വ) അതിനു മറുപടിനല്‍കുകയും ചെയ്തു”(ആശയം: ബുഖാരി, നസാഈ).

ഈ സംബോധന നബി(സ്വ) തങ്ങള്‍ തിരുത്തുകയുണ്ടായില്ല. അവിടുന്നു തന്നെ അങ്ങനെ പറഞ്ഞ സന്ദര്‍ഭവുമുണ്ടായിട്ടുണ്ട്. ഹുനൈന്‍ യുദ്ധവേളയില്‍ ഒരവസരത്തില്‍ നിരായുധരായ സ്വഹാബികളില്‍ ചിലര്‍ യുദ്ധമുഖത്തുനിന്നു മാറിനിന്ന സാഹചര്യമുണ്ടായി. മുസ്ലിം പോരാളികള്‍ യുദ്ധക്കളത്തില്‍ കുറവാണെന്നു കണ്ടു ശത്രുപക്ഷം മുന്നോട്ടാഞ്ഞപ്പോള്‍ നബി(സ്വ) സാഭിമാനം, സധൈര്യം പ്രഖ്യാപിച്ചു: “ഞാന്‍ പ്രവാചകനാണ്. ഇത് കളവല്ല. ഞാന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രനാണ്” (ബുഖാരി/മുസ്ലിം).

‘കഅ്ബ തകര്‍ക്കാനായി അബ്റഹത്തും പരിവാരങ്ങളുമെത്തിയ സന്ദര്‍ഭത്തില്‍ സ്ഥൈര്യ വും ധൈര്യവും കൈവിടാതെ ശാന്തനായിക്കഴിയുകയും യുദ്ധമില്ലാതെ വിജയം വരിക്കുകയും ചെയ്ത അബ്ദുല്‍ മുത്ത്വലിബിന്റെ പുത്രനാണ് ഞാന്‍. ഇവിടെ പതറുന്ന പ്രശ്നമില്ല. അതോടൊപ്പം ഞാനൊരു പ്രവാചകനാണെന്നതിനാല്‍ എനിക്ക് പിറകോട്ടു പോവേണ്ടതില്ല’ എന്നതായിരിക്കാം ആ പ്രഖ്യാപനത്തിന്റെ പൊരുള്‍.

നബി(സ്വ) തങ്ങള്‍ സ്വന്തം പിതാക്കളില്‍ അഭിമാനിക്കുകയും സമാധാനം കൊള്ളുകയും ചെയ്യുന്നുവെങ്കില്‍ അതിനവര്‍ അര്‍ഹരും യോഗ്യരുമായിരിക്കണമല്ലോ. അല്ലാത്ത പക്ഷം പ്രസ്തുത നിരോധനത്തിന്റെ പരിധിയില്‍ നിന്ന് ഇതും ഒഴിവാകുന്നതല്ല.

വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശം

വിശുദ്ധ ഖുര്‍ആന്‍ 26ാം അധ്യായമായ സൂറത്തുശ്ശുഅറാഇലെ. 219 ാം നമ്പര്‍ സൂക്തത്തിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്നു അബ്ബാസ്(റ) നല്‍കിയ വ്യാഖ്യാനമനുസരിച്ച് മനുഷ്യാരംഭം മുതലുള്ള, നബി(സ്വ)യുടെ മാതാപിതാക്കളെല്ലാം സല്‍സരണിയില്‍ സഞ്ചരിച്ചിരുന്നവരായിരുന്നു എന്നു വ്യക്തമാണ്. പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാക്കളെ ല്ലാം ഈ വീക്ഷണം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസ്(റ)വിന്റെ തന്നെ വ്യാഖ്യാന പരാമര്‍ശങ്ങള്‍ ക്രോഡീകരിച്ച തന്‍വീറുല്‍ മിഖ്ബാസ് പേജ് 396ല്‍ ഈ സൂക്തത്തിന്ന് നല്‍കിയ വ്യാഖ്യാനമിങ്ങനെയാണ്:

“തങ്ങള്‍ നിന്നു നിസ്കരിക്കുന്ന സമയത്തും, സുജൂദ് ചെയ്യുന്നവരിലുടെ അങ്ങ് നീങ്ങിക്കൊണ്ടിരിക്കുന്നതും അല്ലാഹു കാണുന്നുണ്ടായിരുന്നു”(ആശയം: അശ്ശുഅറാഅ് 218, 219).

പുത്തന്‍ വാദികള്‍ക്ക് കൂടി സ്വീകാര്യരായ ശൌക്കാനിയും ഇബ്നുകസീറും(റ) ഇബ്നു അ ബ്ബാസ്(റ) വിന്റെ ഈ തഫ്സീര്‍ ഉദ്ധരിച്ചിട്ടുണ്ട്.

“അങ്ങയെ നാം ഏക ദൈവവിശ്വാസികളിലായി, ഒരു പ്രവാചകനില്‍ നിന്നു മറ്റൊരു പ്രവാചകനിലേക്ക്(എന്നിങ്ങനെ) ഈ സമുദായത്തില്‍ നിന്നു രംഗത്തു കൊണ്ടുവന്നു” (ഫത്ഹുല്‍ ഖദീര്‍: 4/149).

തുടര്‍ന്ന് അദ്ദേഹം എഴുതുന്നു: “അബൂഅംറിനില്‍അദനീ തന്റെ മുസ്നദിലും ബസ്സാര്‍, ഇബ്നു അബീഹാതിം, ത്വബ്റാനീ, ഇബ്നുമര്‍ദവൈഹി, അബൂനുഐം(റ.ഹും) എന്നിവരും,  “സുജൂദ് ചെയ്യുന്നവരിലൂടെ… ”എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്നു അബ്ബാസ് (റ) ഇങ്ങനെ പറഞ്ഞതായി ഉദ്ധരിച്ചിട്ടുണ്ട്. “ഒരു നബിയില്‍ നിന്നു മറ്റൊരു നബിയിലേക്ക്; അങ്ങനെ നിങ്ങള്‍ നബിയായി നിയോഗിക്കപ്പെടുന്നതു വരെ” (നോക്കുക, ഫത്ഹുല്‍ ഖദീര്‍: 4/152)

നബി(സ്വ) ഒരു പ്രവാചകനില്‍ നിന്നു മറ്റൊരു പ്രവാചകനിലേക്ക് എന്ന ക്രമത്തില്‍ നീങ്ങുകയും പിന്നീട് നിയോഗിതനാവുകയും ചെയ്തു എന്ന പ്രയോഗം ശ്രദ്ധേയമാണ്. നബി (സ്വ)യുടെ പിതാക്കളില്‍ ഇസ്മാഈല്‍(അ)വരെയുള്ളവരാരും പ്രവാചകരായിരുന്നില്ല. ഇസ്മാഈല്‍(അ)ന് മുമ്പുള്ള പിതാക്കളിലും പ്രവാചകരല്ലാത്തവരുണ്ടായിട്ടുണ്ട.് എങ്കില്‍ ആ പരമ്പരയിലെ പ്രവാചകരല്ലാത്ത പിതാക്കള്‍ പോലും സല്‍സരണിയിലൂടെ ജീവിക്കുന്ന വരായിരുന്നു എന്നാണു മനസ്സിലാക്കാനാവുന്നത്.  നബി(സ്വ) തങ്ങളുടെ ഹദീസുകള്‍ അ തിന്നു തെളിവാണ്.

ഇബ്നുഅബ്ബാസ്(റ)വിന്റെ വ്യാഖ്യാനം ഉദ്ധരിച്ചിട്ടുള്ള തഫ്സീര്‍ ചരിത്രഗ്രന്ഥങ്ങളില്‍ ചിലത് താഴെ കൊടുക്കുന്നു: തഫ്സീറുബ്നി കസീര്‍: വാള്യം 3 പേജ് 352, തഫ്സീര്‍ റാസി: വാള്യം: 24 പേജ്: 149, തഫ്സീറുല്‍ ഖുര്‍ത്വുബി: വാള്യം: 13 പേജ:് 97, ഹാശിയത്തുസ്സ്വാവി: വാള്യം: 3 പേജ്: 152, തഫ്സീറുല്‍ ഖാസിന്‍: വാള്യം: 3 പേജ്: 334, തഫ്സീറുല്‍ മാവര്‍ദി: വാള്യം: 4 പേജ്: 189, തഫ്സീര്‍ റൂഹുല്‍ മആനി: വാള്യം: 10 പേജ്: 135, തഫ്സീര്‍ റൂഹുല്‍ ബയാന്‍: വാള്യം: 6 പേജ്: 313, തഫ്സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍: വാള്യം: 5 പേജ്: 184,തഫ്സീര്‍ സാദുല്‍ മസീര്‍: വാള്യം: 6 പേജ്: 148, തഫ്സീര്‍ ഫത്ഹുല്‍ ഖദീര്‍: വാള്യം: 4 പേജ്: 149, തഫ്സീറുല്‍ ബഗ്വീ: വാള്യം: 3 പേജ്: 344, ത്വബഖാത്ബ്നു സഅ്ദ:് വാള്യം: 1 പേജ:് 22, അല്‍ മിനഹുല്‍ മക്കിയ്യ: വാള്യം: 1 പേജ്: 151.

“സുജൂദ് ചെയ്യുന്നവര്‍ എന്നതിന്റെ വ്യാഖ്യനം പ്രവാചകന്‍മാര്‍ എന്നാണ്. ഇമാം ത്വബ്റാനി(റ), ബസ്സാര്‍(റ), അബുനുഐം(റ) അടക്കമുള്ള ഒരു സംഘം ഇബ്നു അബ്ബാസ്(റ)വി ല്‍ നിന്ന് ഉദ്ധരിച്ചിട്ടുള്ളതാണിത്”(റൂഹുല്‍ മആനി 10/135).

ഇബ്നുമര്‍ദവൈഹി(റ) ഉദ്ധരിച്ച ഒരു ഹദീസ് ഈ ആയത്തിന്റെ വ്യാഖ്യാന ചര്‍ച്ചയില്‍ ഇമാം സുയൂഥി(റ) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

“ഇബ്നു അബ്ബാസ്(റ) പറയുന്നു:  “ആദം(അ) സ്വര്‍ഗത്തിലായിരുന്നപ്പോള്‍ അങ്ങ് എവിടെയായിരുന്നു” എന്നു ഞാന്‍ നബി(സ്വ)യോടു ചോദിച്ചു. അപ്പോഴവിടുന്നു നന്നായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു: “ഞാന്‍ ആദം(അ)ന്റെ മുതുകിലായിരുന്നു. ഞാന്‍ മുതുകിലായിരിക്കെയാണ് ആദം(അ) സ്വര്‍ഗത്തില്‍ നിന്നു പുറത്തു വന്നത്. എന്റെ പിതാവ് നൂഹ് നബി (അ)ന്റെ മുതുകിലായി ഞാന്‍ കപ്പലില്‍ സഞ്ചരിച്ചിരുന്നു. എന്റെ പിതാവ് ഇബ്റാഹീം (അ)ന്റെ മുതുകിലായി ഞാന്‍ തീയിലെറിയപ്പെട്ടിരുന്നു. എന്റെ മാതാപിതാക്കള്‍ അവിശുദ്ധ വിവാഹത്തിലായി സന്ധിച്ചിട്ടില്ല. ഉത്തമമായ മുതുകുകളില്‍ നിന്നു(പിതാക്കളില്‍ നിന്നു) പരിശുദ്ധമായ ഗര്‍ഭാശയങ്ങളിലൂടെ(മാതാക്കളിലുടെ) പരിശുദ്ധമായും നിര്‍മ്മലമായും അ ല്ലാഹു എന്നെ നീക്കിക്കൊണ്ടിരുന്നു. ജനതകള്‍ എപ്പോഴൊക്കെ രണ്ട് ശാഖകളായി പിരിയുന്നുവോ അപ്പോഴൊക്കെ ഞാന്‍ അവരിലേറ്റവും ഉത്തമമായ ശാഖയിലായിരുന്നു” (തഫ്സീറു:അദ്ദുര്‍റുല്‍ മന്‍സൂര്‍: 5/184).

ഇമാം റാസി(റ) ഈ ഹദീസിന്റെ ഭാഗങ്ങള്‍ നബി(സ്വ)യുടെ മാതാപിതാക്കളുടെ പരിശുദ്ധിക്കു തെളിവായി ഉദ്ധരിച്ചിട്ടുണ്ട്.

ചുരുക്കത്തില്‍ വിശുദ്ധ ഖുര്‍ആനിലെ ഈ സുക്തം നബി(സ്വ)യുടെ മാതൃ പിതൃപരമ്പരയുടെ പവിത്രതയും അതുവഴി അവരുടെ മോക്ഷവും മനസ്സിലാക്കാന്‍ മതിയായ തെളിവാണ്.


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു