Click to Download Ihyaussunna Application Form
 

 

ലാളിത്യത്തിന്റെ വിശ്വരൂപം

ഇസ്ലാം ലാളിത്യത്തിന്റെ മതമാണ്. മുഹമ്മദ് തിരുമേനി(സ്വ) ലാളിത്യത്തിന്റെ പ്രവാചകനും. അവിടുത്തെ വാക്കും പ്രവൃത്തിയും ചര്യയും എല്ലാം ലളിതസുന്ദരങ്ങളായിരുന്നു. ലാളിത്യം സത്യവിശ്വാസത്തിന്റെ മുഖമുദ്രയാണ്. നബിതിരുമേനി(സ്വ) പറയുന്നു: നിങ്ങള്‍ കേള്‍ക്കുന്നില്ലയോ? നിങ്ങള്‍ കേള്‍ക്കുന്നില്ലയോ? നിശ്ചയം ലാളിത്യം വിശ്വാസത്തിന്റെ ഭാഗമാണ്. നിശ്ച യം ലാളിത്യം വിശ്വാസത്തിന്റെ ഭാഗമാണ്(അബൂദാവൂദ്: 4161).

വിശ്വാസിയുടെ മുമ്പില്‍ ശാശ്വതമായ പാരത്രികലോകം അത്യധികം വലുതും ക്ഷണഭംഗുരമാ യ ഐഹിക വിഭവങ്ങള്‍ അത്യധികം നിസ്സാരവുമായിരിക്കണമെന്നാണു ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നത്. ഖുര്‍ആനിന്റെ ശരിപ്പകര്‍പ്പും സമ്പൂര്‍ണ വ്യാഖ്യാനവുമായിരുന്നു നബി(സ്വ)യുടെ ജീവിതം. അതുകൊണ്ടാണ് അവിടുത്തെ പ്രിയപത്നിയായ ആഇശ(റ), നബി(സ്വ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു എന്നു പ്രസ്താവിച്ചത്(മുസ്ലിം). വിശുദ്ധ ഖുര്‍ആന്‍ വരച്ചു കാ ണിച്ച മിത ലളിത ജീവിതത്തിന്റെ അത്യുജ്ജ്വല ദര്‍ശനമായിരുന്നു അവിടുത്തെ ജീവിതം. നടത്തം, ഇരുത്തം, കിടത്തം, ഉറക്കം, തീറ്റ, കുടി, സംസാരം, ചിരി, ശുചീകരണം, വസ്ത്രം, പാര്‍പ്പിടം എല്ലാം ലളിതം. ഭൌതികന്മാരിലോ ഭൌതികാഡംബരങ്ങളിലോ കണ്ണുവെക്കരുതെന്ന് അല്ലാഹു പ്രവാചകനു നല്‍കിയ നിര്‍ദ്ദേശം അവിടുത്തെ ലാളിത്യത്തിനു മാറ്റുകൂട്ടി. “അവരില്‍ പല വിഭാഗങ്ങള്‍ക്കും പരീക്ഷണത്തിനായി ഐഹിക ജീവിതാലങ്കാരമായി ആസ്വദിപ്പിച്ചിട്ടുള്ള വസ്തുക്കളിലേക്കു താങ്കള്‍ കണ്ണു നീട്ടരുത്. താങ്കളുടെ രക്ഷിതാവിന്റെ പ്രതിഫലമാണ് ഏറ്റവും ഉത്തമവും അനശ്വരവും”(20: 131).

പ്രവാചകനായ ഒരടിമയായിട്ടോ പ്രവാചകനായ രാജാവായിട്ടോ ജീവിക്കാനാഗ്രഹിക്കുന്നതെന്ന് അല്ലാഹു ഇഷ്ടമാരാഞ്ഞപ്പോള്‍ ‘പ്രവാചകനായ അടിമയായിട്ട്’ എന്നായിരുന്നു തിരുനബി(സ്വ)യുടെ മറുപടി(ബൈഹഖി). അന്നുതൊട്ടു മരണം വരെ അവിടുന്ന് ചാരിയിരുന്നു ഭക്ഷണം കഴിച്ചിട്ടില്ല(നസാഈ). വിനയജന്യമായ ലാളിത്യത്തിന്റെ ആഴമാണിതു കാണിക്കുന്നത്. നബി(സ്വ)യുടെ ഒരു പ്രാര്‍ഥന കാണുക: അല്ലാഹുവേ, എന്നെ ദരിദ്രനായി ജീവിപ്പിക്കുകയും ദരിദ്രനായി മരിപ്പിക്കുകയും ദരിദ്രരുടെ സമൂഹത്തിലായി എന്നെ പരലോകത്ത് ഒരുമിച്ചുകൂട്ടിത്തരികയും ചെയ്യേണമേ(തുര്‍മുദി, ഇബ്നുമാജ). തിരുമേനിയുടെ മറ്റൊരു പ്രാര്‍ഥന: അല്ലാഹുവേ, മുഹമ്മദിന്റെ കുടുംബത്തിന്റെ ആഹാരം ഉപജീവനത്തിന്റെ അളവു മാത്രമാക്കേണമേ(ബുഖാരി). പ്രവാചകരുടെ കാലത്ത് സാധാരണമായ മുഖ്യാഹാരം ഗോതമ്പിന്റെ റൊട്ടിയായിരുന്നു. എന്നാല്‍ അത് ഇടയ്ക്കു വല്ലപ്പോഴും മാത്രമേ നബി(സ്വ)ക്കും കുടുംബത്തിനും കിട്ടാറുള്ളൂ. പ്രവാചകരുടെ പ്രിയപത്നിയായ ആഇശ(റ) പറയുന്നു: മുഹമ്മദ് നബി(സ്വ) മദീനയില്‍ വന്നതുതൊട്ട് തിരുമേനി(സ്വ) വഫാത്താകുന്നതുവരെ മൂന്നു ദിവസം തുടര്‍ച്ചയായി ഗോതമ്പു റൊട്ടി തിന്ന് പ്രവാചക കുടുംബം വിശപ്പടക്കിയിട്ടില്ല(ബുഖാരി).

നബി(സ്വ)യുടെ കിടത്തവും ഉറക്കവും ഏറ്റവും വൃത്തിയിലും ശുദ്ധിയിലും ഭക്തിയിലുമായിരുന്നുവെന്നതു പോലെത്തന്നെ വളരെ ലാളിത്യത്തിലുമായിരുന്നു. ഒരിക്കല്‍ റസൂല്‍ തിരുമേനി(സ്വ) ഒരു പായയില്‍ കിടന്നുറങ്ങി എഴുന്നേറ്റു. ആ പരുക്കന്‍ പായ അവിടുത്തെ ദേഹത്ത് പാടുകള്‍ തീര്‍ത്തിരുന്നു. അപ്പോള്‍ സ്വഹാബിമാര്‍ തിരുമേനിക്കൊരു മെത്തയുണ്ടാക്കിക്കൊടുക്കാന്‍ സമ്മതം ചോദിച്ചു. അവിടുന്നു പറഞ്ഞു: ഞാനും ദുന്‍യാവുമായി എന്തു സ്നേഹബന്ധമാണുള്ളത്? തല്‍ക്കാലം ഒരു മരത്തണലില്‍ വിശ്രമിച്ചു സ്ഥലംവിട്ട യാത്രക്കാരനെപ്പോലെ മാത്രമാണ് ഈ ദുന്‍യാവില്‍ എന്റെ സ്ഥാനം(തുര്‍മുദി, ഇബ്നുമാജ).

ഒരിക്കല്‍ വിരിപ്പില്ലാത്ത പായയില്‍ ഈന്തപ്പന നാരു നിറച്ച തുകല്‍ തലയണ വെച്ചു തിരുമേനി(സ്വ) കിടക്കുമ്പോള്‍, ദേഹത്തില്‍ പായയുടെ പാടുകണ്ട് ഉമര്‍(റ) പറഞ്ഞു: ‘പ്രവാചകരേ, അല്ലാഹുവോടു പ്രാര്‍ഥിക്കുക. അവന്‍ അങ്ങയുടെ സമുദായത്തിനു വിശാലത നല്‍കട്ടെ. പേര്‍ഷ്യക്കാരും റോമക്കാരും അല്ലാഹുവിനെ ആരാധിക്കാത്തവരായിരിക്കെ, അവര്‍ക്കവന്‍ ഐശ്വര്യവിശാലത നല്‍കിയിട്ടുണ്ടല്ലോ’. തദവസരം തിരുമേനി(സ്വ) പറഞ്ഞു: ‘ഖത്ത്വാബിന്റെ മകനേ, നീ ഈ അഭിപ്രായത്തിലാണോ? തങ്ങളുടെ നന്മകള്‍ ഭൌതിക ജീവിതത്തില്‍ തന്നെ ഉളരിക്കപ്പെട്ടവരാണവര്‍. അവര്‍ക്കിഹലോകവും നമുക്കു പരലോകവും ഉണ്ടാവുകയെന്നതു നീ ഇഷ്ടപ്പെടുന്നില്ലയോ?’ (ബുഖാരി, മുസ്ലിം). രോമം നിറച്ച മെത്ത ഒരു അന്‍സ്വാരിപ്പെണ്ണ് തിരുമേനി(സ്വ)ക്കു ഹദ്യയായി  ആഇശാ ബീവി(റ)യെ ഏല്‍പിച്ചു. അതു തിരിച്ചു കൊടുക്കാനായിയിരുന്നു അവിടുത്തെ ഉത്തരവ്. വിസമ്മതം കാണിച്ചപ്പോള്‍ ആഇശ(റ)യോടു തിരിച്ചു കൊടുക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. എന്നിട്ടവിടുന്നു പ്രസ്താവിച്ചു: ആഇശാ, അല്ലാഹുവാണെ, ഞാനാഗ്രഹിച്ചിരുന്നുവെങ്കില്‍ എന്റെ കൂടെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പര്‍വതങ്ങള്‍ അല്ലാഹു നടത്തിയേനേ (ബൈഹഖി).

തിരുമേനി(സ്വ) വീട്ടുജോലികളില്‍ പങ്കുകൊള്ളുമായിരുന്നു. വസ്ത്രം വൃത്തിയാക്കും, ആടി നെ കറക്കും, ചെരിപ്പു കേടായാല്‍ സ്വയം നന്നാക്കും, ആവശ്യങ്ങള്‍ സ്വയം നിര്‍വഹിക്കും, കഴുതപ്പുറത്തു യാത്ര ചെയ്യും, കമ്പിളി വസ്ത്രം ധരിക്കും, അതിഥിയെ പരിചരിക്കും, കുട്ടികള്‍ക്കും സലാം പറയും, അടിമയുടെ ക്ഷണം പോലും സ്വീകരിക്കും, അടിമയുടെയോ വിധവയുടെയോ ആവശ്യ നിര്‍വഹണത്തിന് അവരുടെ കൂടെ പോകുന്നതിനു മടികാണിക്കില്ല, പുഞ്ചിരിക്കും. അധികസമയത്തും മൌനമായിരുന്നു. മൌനസമയത്തു ചിന്താമഗ്നനും. അനാവശ്യമായി സംസാരിക്കില്ല. സംസാരിച്ചാല്‍ അര്‍ഥഗര്‍ഭങ്ങളായ സംക്ഷേപവാക്കുകള്‍ മാത്രം(ദലാഇലുല്‍ ബൈഹഖി 1;194-333).

ദരിദ്രനായി ജീവിച്ച് ദരിദ്രനായി മരിക്കാനായിരുന്നല്ലോ നബിതിരുമേനി(സ്വ)യുടെ പ്രാര്‍ഥന. അത് അല്ലാഹു നിറവേറ്റുകയും ചെയ്തു. അവിടുത്തെ പ്രിയപത്നി ആഇശ(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ) മരിക്കുമ്പോള്‍ ദീനാറോ ദിര്‍ഹമോ ഉപേക്ഷിച്ചിട്ടില്ല; ആടിനെയോ ഒട്ടകത്തെയോ വിട്ടേച്ചു പോയിട്ടില്ല. ഒരു സമ്പത്തു കൊണ്ടും വസ്വിയ്യത്തു ചെയ്തിട്ടുമില്ല(മുസ്ലിം). സ്വന്തം പടയങ്കി 30 സ്വാഅ് യവത്തിനു പണയം വെച്ചിരിക്കെയാണ് തിരുമേനി(സ്വ) മരണപ്പെട്ടത്(ബുഖാരി). ഒരു ദിനം അബൂബര്‍ദത്ത്(റ), ആഇശ(റ) യുടെ അടുത്തു ചെന്നപ്പോള്‍ ഒരു കട്ടിയുള്ള തുണിയും കരിമ്പടവും എടുത്തു കാണിച്ചു കൊണ്ട് ആഇശ(റ) അല്ലാഹുവിലാണയിട്ടു പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍(സ്വ) ഈ രണ്ടു വസ്ത്രങ്ങളിലായിട്ടാണു മരണപ്പെട്ടത്(ബുഖാരി).

വയറുനിറച്ച് ആഹാരം കഴിക്കുന്ന പതിവ് നബി(സ്വ)ക്കുണ്ടായിരുന്നില്ല. ഒരു ഭക്ഷണം മാത്രം പതിവാക്കാറുമില്ല.നാട്ടില്‍ പതിവുള്ളതും മനസ്സിനിണങ്ങുന്നതുമായ മാംസം, പഴങ്ങള്‍, റൊട്ടി, കാരക്ക മുതലായവ കഴിക്കും. മനസ്സിനിണങ്ങാത്ത ഭക്ഷണം കഴിക്കില്ല. ഒരു ആഹാരത്തെയും കുറ്റം പറയില്ല. തനിക്കിഷ്ടപ്പെട്ടാല്‍ കഴിക്കും. ഇല്ലെങ്കില്‍ കഴിക്കില്ല. റൊട്ടിക്കു സഹവിഭവമായി മാംസം, കാരക്ക, സുര്‍ക്ക, വത്തക്ക എന്നിവയില്‍ നിന്നു ലഭ്യമായതു കഴിക്കും. തന്റെ നാട്ടിലെ പഴവര്‍ഗങ്ങളില്‍ നിന്നു ലഭ്യമായത് ഉപേക്ഷിക്കാറില്ല. ഏതൊരു നാട്ടിലും അതിന്റെ പ്രകൃതിക്കും അവസരത്തിനുമിണങ്ങുന്ന പഴങ്ങളാണുണ്ടാവുക. ആരോഗ്യസംരക്ഷണത്തില്‍ അവയ്ക്കു വലിയ പങ്കുണ്ട്. എങ്കിലും പഴങ്ങള്‍ അമിതമായി കഴിക്കാറില്ല. അവയ്ക്കു മുകളില്‍ വെള്ളം കുടിക്കാറുമില്ല(അത്ത്വിബ്ബുന്നബവി പേജ്; 220).

മെത്തയിലിരുന്നോ തലയിണയില്‍ ചാരിയിരുന്നോ നബി(സ്വ) ആഹാരം കഴിച്ചിരുന്നില്ല. അവിടന്നു പറഞ്ഞു: “ചാരിയിരുന്നു ഞാന്‍ ആഹാരം കഴിക്കില്ല. ഒരു ദാസന്‍ ഇരിക്കുന്നതു പോ ലെ ഞാന്‍ ഇരിക്കും; ഒരു ദാസന്‍ തിന്നുന്നതു പോലെ ഞാന്‍ തിന്നും”. ഇരുത്തത്തിലും തീറ്റയിലും ലാളിത്യം! പരസ്പരം പൊരുത്തപ്പെടാത്ത ആഹാരം ഒരുമിച്ചു തിരുമേനി(സ്വ) കഴിച്ചിരുന്നില്ല. പാലിനോടൊപ്പം മത്സ്യമോ പുളിയുള്ള വസ്തുക്കളോ മുട്ടയോ മാംസമോ ചേര്‍ത്തു കഴിക്കില്ല. പെട്ടെന്നു ദഹിക്കുന്നതും വളരെ സാവധാനം ദഹിക്കുന്നതും ഒപ്പം കഴിക്കില്ല. ചുട്ടതിനോടൊപ്പം പുഴുങ്ങിയതോ പച്ചയോടൊപ്പം ഉണങ്ങിയതോ കഴിക്കില്ല. അമിത ചൂടുള്ള ആ ഹാരമോ ചൂടു പിടിപ്പിച്ച പഴയ ആഹാരമോ കഴിക്കില്ല. ഉപ്പിട്ടോ സുര്‍ക്ക ചേര്‍ത്തോ സൂക്ഷിച്ചുവെച്ച ആഹാരവസ്തുക്കളും കഴിക്കാറില്ല. രാത്രി ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങില്ല. അങ്ങ നെ ഉറങ്ങരുതെന്നായിരുന്നു തിരുമേനി(സ്വ)യുടെ നിര്‍ദ്ദേശവും. അപ്രകാരം തന്നെ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന പതിവും തിരുമേനിക്കുണ്ടായിരുന്നില്ല. അതു സുഗമമായ ദഹനപ്രക്രിയയ്ക്കു തടസ്സം സൃഷ്ടിക്കുമല്ലോ(അത്ത്വിബ്ബുന്നബവി പേജ്: 224).

തിരുമേനി(സ്വ)യുടെ ഉറക്കത്തിന്റെ രീതി വളരെ ലളിതവും എന്നാല്‍ വളരെ ഫലപ്രദവും ആ രോഗ്യകരവുമായിരുന്നു. രാത്രിയുടെ ആദ്യഭാഗം ഉറങ്ങി രണ്ടാംപാതിയുടെ തുടക്കത്തില്‍ എഴുന്നേറ്റു ദന്തശുദ്ധിയും അംഗശുദ്ധിയും വരുത്തി നിസ്കാരത്തില്‍ വ്യാപൃതനാകും. ശരീരത്തിനു വിശ്രമത്തിനു ശേഷം വ്യായാമം; മനസ്സിനു നിര്‍വൃതി. ശരീരവും മനസ്സും നവോന്മേഷം പ്രാപിക്കുന്നു. ദുന്‍യാവും ആഖിറവും ധന്യമാകുന്നു. ആവശ്യത്തിലുപരി അവിടുന്നുറങ്ങില്ല. എന്നാല്‍ ആവശ്യമായ അളവ് ഉറങ്ങാതിരിക്കുകയുമില്ല. വുളൂ ചെയ്ത് വലതുവകത്ത് ഖിബ്ലക്കഭിമുഖമായി കിടക്കും. നിലത്തു കിടക്കില്ല. ഉയര്‍ന്ന മെത്തയിലും കിടക്കില്ല. തലയിണ വെക്കും. പലപ്പോഴും വലതുകൈ വലതുകവിളിനു താഴെ വെച്ചാണുറങ്ങുക (അത്ത്വിബ്ബുന്നബവി പേജ് : 229).

വസ്ത്രത്തിലും വസതിയിലും ലാളിത്യം വളരെ പ്രകടമായിരുന്നു. അധികസമയവും ഉടുമുണ്ടും മേല്‍മുണ്ടുമായിരുന്നു വസ്ത്രം. ഖമീസ്വ് ഇഷ്ടപ്പെട്ട വസ്ത്രമായിരുന്നു. വെളുപ്പായിരുന്നു ഇഷ്ടവര്‍ണം. വസ്ത്രത്തിന് ആവശ്യത്തിലുപരി നീളമോ വിസ്തൃതിയോ ഉണ്ടായിരുന്നില്ല. കുപ്പായക്കൈകള്‍ മണിബന്ധം വരെ; ഖമീസ്വും ഉടുമുണ്ടും നെരിയാണിക്കു മുകളില്‍ കണങ്കാല്‍ മധ്യം വരെ. പരലോക യാത്രാമധ്യേ, ഇടവേള താമസം മാത്രമാണു ഭൂമിയിലുള്ളതെന്ന് അടിക്കടി ഉണര്‍ത്തിക്കൊണ്ടിരുന്ന പ്രവാചകന്‍(സ്വ) വീടിന്റെ കാര്യത്തില്‍ അത്യധികം ലാളിത്യം പുലര്‍ത്തിയിരുന്നു. നബി(സ്വ)ക്കോ സ്വഹാബിമാര്‍ക്കോ വീട് ഉയര്‍ത്തുന്നതിലോ വിപുലീകരിക്കുന്നതിലോ ഭംഗി വരുത്തുന്നതിലോ താല്‍പര്യമുണ്ടായിരുന്നില്ല. നബി(സ്വ) വീടുവയ്ക്കാറുണ്ടായിരുന്നു; തണുപ്പും ചൂടുമകറ്റാന്‍, ജനദൃഷ്ടിയില്‍ നിന്നു മറയാന്‍, ജന്തുക്കളുടെ പ്രവേശം തടയാന്‍ പര്യാപ്തമായ അളവില്‍ മാത്രമുള്ള വീട്. വിശാലത കൂട്ടി പക്ഷികളോ മറ്റോ കൂടുകൂട്ടാന്‍ ഇടവരുത്തുമായിരുന്നില്ല. കാറ്റുപിടിക്കാനിടവരും വിധം പൊക്കുകയുമില്ല. എന്നാല്‍ ആവശ്യത്തിനു സങ്കുചിതത്വം വരുത്തുകയുമില്ല. വീട്ടിനകത്തു കക്കൂസുകള്‍ നിര്‍മിക്കില്ല. (അന്നത്തെ സംവിധാനത്തില്‍) അതു വൃത്തികേടിനും ദുര്‍ഗന്ധത്തിനുമിടവരുത്തുമല്ലോ(അത്ത്വിബ്ബുന്നബവി പേജ് : 229).


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു