Click to Download Ihyaussunna Application Form
 

 

നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍

തൌഹീദിന്റെ കേന്ദ്രമായി ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട കഅ്ബാ ശരീഫില്‍ പോലും ബഹുദൈവാരാധനയുടെ ഉറവിടങ്ങളായ നൂറുകണക്കിന് ദൈവങ്ങള്‍. ആരുടേയോ കരവിരുതില്‍ പിറന്ന വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്ന മനുഷ്യര്‍. അവന്റെ തീരുമാനങ്ങളെ നിയന്ത്രിക്കാന്‍ അര്‍പ്പിക്കപ്പെട്ട അമ്പിന്‍കോലുകളും പക്ഷികളും. തങ്ങളുടെ സവിശേഷാനുഗ്രഹമായ വിവേകം നഷ്ടപ്പെടുത്തി കുടിച്ചുകൂത്താടുന്നവര്‍ക്കായി തയ്യാറായി നില്‍ക്കുന്ന മദ്യത്തിന്റെ വീപ്പകള്‍

യുദ്ധമെന്നുകേട്ടാല്‍ ന്യായാന്യായങ്ങള്‍ ആരോടൊപ്പമെന്ന് നോക്കാതെ, തന്റെ ഗോത്രം ഏത് ഭാഗത്താണോ, അവര്‍ക്കൊപ്പം ചേര്‍ന്ന് ശത്രുവിന്റെ രക്തത്തിന് ദാഹിക്കുന്ന യുവാക്കള്‍. എന്തിനാണ് താന്‍ യുദ്ധം ചെയ്തതെന്നോ എന്തിനാണ് വധിക്കപ്പെട്ടതെന്നോ അറിയാതെ കിടക്കുന്ന കബന്ധങ്ങള്‍. പിറന്നുവീണ് ഒന്നുകരയാന്‍ പോലും അനുവദിക്കാതെ തന്റെ പിതാവിന്റെ കരങ്ങളാല്‍ കുഴിച്ചുമൂടപ്പെടുന്ന പിഞ്ചു പെണ്‍കിടാങ്ങളുടെ രോദനങ്ങള്‍. മനുഷ്യന്‍ വെറും മൃഗം മാത്രമാണെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലേക്ക് നിലം പതിച്ച സ്ത്രീപുരുഷ ബന്ധങ്ങള്‍. താരുണ്യ വര്‍ണ്ണനകളില്‍ മുക്കിയെടുത്ത കവിതകളുമായി ഊരുചുറ്റുന്ന സാഹിത്യ തമ്പ്രാക്കന്‍മാര്‍….. ഇതെല്ലാം അടങ്ങിയതായിരുന്നു മക്കയിലേയും പരിസരങ്ങളിലേയും ആറാം നൂറ്റാണ്ട്.

മനുഷ്യന്‍ ഒരുപാട് വികാരങ്ങള്‍ ഉള്‍കൊള്ളുന്ന ജീവിയാണ്. വിവേകം ഒപ്പമുണ്ടെങ്കിലും പലപ്പോഴും വികാരങ്ങള്‍ തള്ളിക്കയറും. മുന്‍സമൂഹങ്ങളിലും മനുഷ്യന്‍ അരാചകത്വത്തിലൂടെ സഞ്ചരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ലോക രക്ഷിതാവ് തന്റെ ദൂതന്മാരെ അവര്‍ക്കിടയിലേക്ക് അയക്കുകയും, ആ ദൂതന്മാര്‍ ജനങ്ങളെ സന്‍മാര്‍ഗ്ഗത്തിലേക്ക് ക്ഷണിക്കുകയും അവര്‍ക്ക് തങ്ങളുടെ യഥാര്‍ത്ഥ ലക്ഷ്യം ഉണര്‍ത്തികൊണ്ടിരിക്കുകയും ചെയ്തു. ചിലര്‍ ഒന്നും പ്രതികരിക്കാതെയിരിക്കും, ചിലര്‍ നശിപ്പിക്കാന്‍ ശ്രമിക്കും. എങ്കിലും ചിലരെല്ലാം സന്‍മാര്‍ഗ്ഗം സ്വീകരിച്ചു. എന്നാല്‍ ആ ദൂതന്‍മാരുടെ ശൃംഖല ഒരിക്കല്‍ മുറിഞ്ഞുപോയിരുന്നു. നൂറ്റാണ്ടു
കള്‍ നീണ്ടു നിന്ന ആ ഇടവേളയില്‍ മനുഷ്യന്‍ അരാചകത്വത്തിന്റെ സര്‍വ്വ സീമകളും കടന്ന് കാട്ടാളത്വത്തിന്റെ മൂര്‍ത്ത രൂപം എടുത്തണിഞ്ഞു. അതിനൊരുദാഹരണമാണ് നാം മക്കയിലേക്ക് നോക്കിയപ്പള്‍ കണ്ടത്. ചരിത്രകാരന്‍മാര്‍ ആ കാലത്തെ ഓമനപ്പേരിട്ടു വിളിച്ചു, ഇരുണ്ട യുഗം.
അല്ലാഹുതആല പറയുന്നു, നിശ്ചയം അല്ലാഹു നീതികൊണ്ടു നന്മകൊണ്ടും കുടുംബങ്ങള്‍ക്ക് നല്‍കല്‍കൊണ്ടും കല്‍പ്പിക്കുന്നു. വ്യഭിചാരത്തെയും തിന്മകളെയും അക്രമങ്ങളെയും വിരോധിക്കുകയും ചെയ്യുന്നു”(സൂറത്തുന്നൂര്‍ 90). മനുഷ്യനോടുള്ള അല്ലാഹുവിന്റെ ശാസന ഇതാണ്. എന്നാല്‍ നാം നേരത്തെ കണ്ട സമൂഹത്തിന് നന്മ ഏതെന്നോ തിന്മ ഏതെന്നോ തിരിച്ചറിവ് പോലുമില്ല. എന്നിട്ടല്ലേ കര്‍മ്മങ്ങള്‍.. അത്കൊണ്‍ട് തന്നെ തന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആ സുന്ദര ലോകം തീര്‍ക്കാന്‍ അല്ലാഹു തന്റെ ഏറ്റവും ഉത്തമ സൃഷ്ടിയായ മുത്ത് നബി(സ്വ)യെ തന്നെയാണ് ആ സമൂഹത്തിലേക്കയച്ചത്. നന്മയുടെ കേദാരമായ ആ തിരുദേഹത്തിന്റെ ഹൃസ്വകാലത്തെ സാന്നിദ്ധ്യം ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിണാമമാണ് ലോകത്ത് വരുത്തിവെച്ചത്. സമാധാനം കളിയാടുന്ന ലോകം, എവിടെയും നന്മകള്‍ ചെയ്യാന്‍ വെമ്പുന്ന മുഖങ്ങള്‍. തിന്മ, മേഘങ്ങളെപ്പോലെ എങ്ങോട്ടന്നറിയാതെ പോയ്മറഞ്ഞു. ആ ഇരുണ്ട ഭൂമിക ഉത്തമ സംസ്കാരത്തിന്റെ ഉദാത്ത മാതൃകയുടെ നാടായി രൂപാന്തരപ്പെട്ടു.

നബി(സ്വ)യുടെ ജീവിതം തന്നെയായിരുന്നു ആ ദൌത്യ നിര്‍വഹണത്തിലെ നായകന്‍. തിന്മകളില്‍ നിന്നും ലോകത്തെ മോചിപ്പിക്കാന്‍ വന്ന ആ തിരുദേഹത്തിന്റെ പിറവിയില്‍ തന്നെ തിന്മകള്‍ക്കെതിരെ ഒരു കൊടുങ്കാറ്റ് വരാനിരിക്കുന്നുവെന്ന വിളിച്ചുപറയല്‍ ഉണ്ടായിരുന്നു. ഏറ്റവും കൊടിയ തിന്മയായ ശിര്‍ക്കിന്റെ കേന്ദ്രങ്ങളായി വര്‍ത്തിച്ചിരുന്ന വിഗ്രഹങ്ങള്‍ തലകുത്തി വീണു. ആരാധിക്കപ്പെട്ടിരുന്ന തീ അണഞ്ഞുപോയി. തങ്ങളുടെ അഭിമാനമായി മുശ്രിക്കുകള്‍ കണ്‍ടിരുന്ന ജലാശയം അപ്രത്യക്ഷമായി. അത്ഭുതങ്ങളുമായി ജനിച്ച അവിടുന്ന്, ജീവിതത്തിന്റെ ഓരോ പടവുകള്‍ കയറുമ്പോഴും ലോകത്ത് നിന്ന് തിന്മകള്‍ ക്ഷയിച്ചുകൊണ്‍ടിരുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവിടുന്ന് സൂക്ഷിച്ചിരുന്ന സത്യസന്ധത അനുഭവിച്ചറിഞ്ഞവരുടെ ചുണ്ടുകള്‍ അവിടുത്തെ സംബോധനം ചെയ്തു, അല്‍ അമീന്‍. നീതിയുടെ ഉറവിടമായിരുന്ന തിരുനബിയുടെ അടുത്തേക്ക് മക്കയിലെ കാരണവന്‍മാര്‍ പോലും നീതിയും പ്രശ്നപരിഹാരങ്ങളും തേടിയെത്തി. അറബികളൊന്നാകെ ഉറ്റുനോക്കിയ കഅ്ബാ പുനര്‍ നിര്‍മ്മാണവേളയിലെ ഹജറുല്‍ അസ്വദ് പ്രതിഷ്ഠിക്കല്‍ കര്‍മത്തിന് നിയോഗിക്കപ്പെട്ടത് നബി തങ്ങള്‍ക്ക് സമൂഹത്തിമുണ്ടാരുന്ന സ്ഥാനം വിളിച്ചോതുന്നതായിരുന്നു.

വെറുമൊരു പരസ്യക്കാരന്റെ റോളിലായിരുന്നില്ല അവിടുത്തെ പ്രവര്‍ത്തനങ്ങള്‍. അഴുകിയ ജീവിത ക്രമങ്ങള്‍ക്കെതിരെ മുഖം തിരിക്കുകയും മോശത്തരങ്ങളെ അവിടുന്ന് തടഞ്ഞു നിര്‍ത്തുകയും ചെയ്തു. സുകൃതങ്ങളെ അതിരറ്റ് പ്രോത്സാഹിപ്പിച്ച അവിടുന്ന്, സുകൃതങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍, പൊതുജനത്തെ ബഹുദൂരം പിന്നിലാക്കുകയും അവ പ്രവര്‍ത്തിക്കുന്നതില്‍ ജനങ്ങളെ മത്സരസജ്ജരാക്കുകയും ചെയ്തു. പ്രവാചക ദൌത്യാരംഭത്തിന് മുമ്പ് തന്നെ റസൂലിന്റെ ജീവിതം, സമൂഹത്തിനു മുമ്പില്‍ മനുഷ്യത്വമുള്ളവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളും ചെയ്തുകൂടാത്ത കാര്യങ്ങളുമുണ്ടെന്ന ബോധവും റസൂലിന്റെ വഴിയെ പിന്‍തുടരുന്നതാണ് മാന്യന്‍മാര്‍ക്ക് യോജിച്ചതെന്ന അനുഭവവും ഉണ്ടാക്കി കൊടുത്തിരുന്നു.

പ്രവാചക ദൌത്യം കൂടി ലഭിച്ചതോടെ ഒരായിരം ഉത്തരവാദിത്വങ്ങള്‍ വന്നുപെട്ടപ്പോഴും സര്‍വ്വ മേഖലകളിലും നന്മയുടെയും തിന്മയുടെയും അതിര്‍വരമ്പുകള്‍ സമൂഹത്തിനു മുമ്പില്‍ വരച്ചുകാണിച്ചുകൊടുക്കുകയും നന്മകള്‍ ചെയ്യുന്നതിലും തിന്മകളെ സംഹരിക്കുന്നതിലും നായക സ്ഥാനം കൈക്കലാക്കുകയും ചെയ്തു. പ്രബോധനത്തിന്റെ ആദ്യകാലങ്ങളില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്‍ടി വന്ന തിരുനബി, പീഡിതരായ തന്റെ അനുയായികളെ ഒരു പതിറ്റാണ്ട്
കാലം ക്ഷമയില്‍ ഊട്ടിയെടുക്കുകയായിരുന്നു. എല്ലാം സഹിക്കാനും പൊറുക്കാനും കാര്യങ്ങള്‍ അല്ലാഹുവിലേല്‍പ്പിച്ച് മുന്നേറാനും പഠിപ്പിച്ച അവിടുന്ന്, ഈമാനും ദീനും സംരക്ഷിക്കാന്‍ എന്തു ത്യാഗം ചെയ്താലും അതൊരധികപ്പറ്റല്ലെന്ന് കാണിക്കുകയായിരുന്നു. ഇങ്ങോട്ട് തിന്മ പ്രവര്‍ത്തിച്ചവരോടും നന്മകൊണ്‍ട് നേരിട്ട നബി(സ്വ), തന്നെ സ്ഥിരമായി വഴിയില്‍ മ്ളേച്ചതകള്‍ കൊണ്ടഭിഷേകം ചെയ്യാറുണ്‍ടായിരുന്ന സ്ത്രീയെ കാണാതായ സമയത്ത് അന്വേഷിക്കുകയും, രോഗിയാണെന്ന് അറിഞ്ഞപ്പോള്‍ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തുകയും ചെയ്തു.

തോളിലിട്ട പുതപ്പ് വലിച്ച് തന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ച കാട്ടറബിയോടും അവിടുന്ന് പുഞ്ചിരികൊണ്‍ടായിരുന്നു മറുപടി പറഞ്ഞത്. ക്ഷമിക്കുന്നവരോടൊപ്പമാണ് അല്ലാഹു എന്ന് സമൂഹത്തെ ധരിപ്പിച്ച തിരുനബി, തന്റെ അനുചരരില്‍ ഒരുപാട് പീഢനങ്ങള്‍ അനുഭവിക്കേണ്‍ടി വന്ന ബിലാല്‍ (റ)വിന്റെ കാലടി ശബ്ദം സ്വര്‍ഗ്ഗത്തില്‍ മുഴങ്ങിയതിന് തന്റെ കര്‍ണപുടം സാക്ഷിയാണെന്ന് പറഞ്ഞ് ക്ഷമയുടെ പ്രതിഫലം സ്വര്‍ഗ്ഗമാണെന്ന സന്തോശവാര്‍ത്ത അറിയിച്ചുകൊടുക്കുകയും ചെയ്തു.

ഒന്നര പതിറ്റാണ്ടോളം കാലം ദ്രോഹിച്ച ശത്രുക്കള്‍ തനിക്കുമുമ്പില്‍ നിരായുധരായി, എന്തുവിധിച്ചാലും സ്വീകരിക്കാന്‍ തലയും താഴ്ത്തി, കാത്തുനിന്ന സമയത്ത് “ഇല്ല, നിങ്ങള്‍ക്കുമേല്‍ പ്രതികാരമില്ല, നിങ്ങള്‍ സ്വതന്ത്രരാണ്” എന്ന് പറഞ്ഞ് നബിതങ്ങള്‍ മാപ്പ് നല്‍കി. തന്റെ സ്വന്തം നാട്ടില്‍ പീഡനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അടുത്ത നാടായ ത്വാഇഫില്‍ പ്രബോധനത്തിനു ചെന്നു നബി(സ്വ). ചെറുപ്പക്കാരെകൊണ്ട് കല്ലെറിയിച്ചും പരിഹസിച്ചുമാണ് ആ നാട്ടുകാര്‍ സ്വീകരിച്ചത്. ഏറു കൊണ്ട് ശരീരത്തില്‍ രക്തം പൊട്ടിയപ്പോള്‍ ജിബ്രീല്‍ (അ) വന്ന് അക്രമം ചെയ്ത സമൂഹത്തെ കുന്നുകള്‍ക്കിടയിലിട്ട് നശിപ്പിക്കട്ടയോ? എന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞ മറുപടി നബി (സ്വ) ഒരു രക്ത ദാഹിയായിരുന്നുവെന്ന് പറഞ്ഞവര്‍ക്കൊരു മറുപടിയും തിന്മകളെ നന്മകൊണ്‍ട് എതിരിടുന്നതില്‍ റസൂല്‍(സ്വ) തങ്ങള്‍ എത്രമാത്രം മുന്നിലാണെന്ന് ഓര്‍മ്മിപ്പിക്കാന്‍ പോന്ന വാക്കുകളുമായിരുന്നു. “ഈ നാട്ടുകാര്‍ ഒന്നാകെ നശിക്കുന്നതിനേക്കാള്‍ അവരില്‍ ഒരാളെങ്കിലും സത്യദീന്‍ പുല്‍കുന്നതാണ് എന്നെ സന്തോഷിപ്പിക്കുക” എന്നായിരുന്നു ആ മറുപടി.

കള്ളില്‍ കുതിര്‍ന്ന ജീവിതങ്ങളെ ഘട്ടംഘട്ടമായി മോചിപ്പിച്ചെടുത്ത തിരുനബി, വിവേകം നശിപ്പിക്കാനുള്ളതല്ലെന്നും, വിലപ്പെട്ട ആ സ്വത്ത്, ലഹരി വസ്തുക്കളില്‍ നിന്ന് പൂര്‍ണ്ണമായും സംരക്ഷിക്കപ്പെടേണ്‍ടതാണെന്നും സമൂഹത്തെ ബോധിപ്പിച്ചു. എന്തിനെന്നറിയാതെ പതിറ്റാണ്ടുകള്‍ യുദ്ധങ്ങളില്‍ മുഴുകിയിരുന്ന ജനതയോട, സത്യവും നീതിയും നോക്കിയാണ് കക്ഷി ചേരേണ്ടതെന്നും, ആ ലക്ഷ്യപൂര്‍ത്തീകരണത്തിനായി മരണം വരിക്കാന്‍ പോലും തയ്യാറാകുന്നതാണ് ആണത്തമെന്നും പഠിപ്പിച്ചു. വ്യക്തിപരവും മറ്റുമായ ചെറിയ കാര്യങ്ങള്‍ക്കുപോലും യുദ്ധത്തിനുപുറപ്പെടാതെ വിട്ടുവീഴ്ച ചെയ്തുകൊടുക്കലാണ് മാന്യതയെന്ന് ബോധിപ്പിച്ച അവിടുത്തെ അദ്ധ്യാപനങ്ങള്‍ അനുയായികള്‍ അതേപടി സ്വീകരിച്ചു.

ഒരു യുദ്ധത്തില്‍ നിരായുധനായി തന്റെ പൂര്‍ണ്ണ അധീനതയില്‍പ്പെട്ടുപോയ ശത്രുയോദ്ധാവ് തന്റെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പിയപ്പോള്‍, ഇനി താന്‍ കൊല്ലുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കലായിപ്പോകുമെന്ന് മനസ്സിലാക്കുകയും അന്യായമായിപ്പോവുമോ എന്ന് ഭയന്ന് പിന്മാറിയ ഒരു അനുയായിയുടെ പ്രവര്‍ത്തനം ആ ജനങ്ങളില്‍ രക്തദാഹമല്ല ഉണ്‍ടായിരുന്നത് മറിച്ച് സത്യവും നീതിയും മാത്രമാണ് ലക്ഷ്യമെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നതും ആ തിരുനബി വരച്ചുകാണിച്ച വഴികള്‍ എത്ര സംശുദ്ധമായിരുന്നുവെന്ന് കാണിച്ചുതരുന്നതുമാണ്.

കുടുംബ ബന്ധങ്ങളുടെ മധുരിമ ജനങ്ങള്‍ക്ക് കാണിച്ചു കൊടുത്ത അവിടുന്ന് മണ്ണറകളിലേക്ക് വലിച്ചെറിയപ്പെടുന്ന പിഞ്ചുപൈതങ്ങളെ മെത്തയിലേക്ക് തിരിച്ചുകൊണ്‍ടുവന്നു. തന്റെ മകള്‍ കയറിവരുമ്പോള്‍ എഴുന്നേറ്റുനിന്ന് ആലിംഗനം ചെയ്തു സ്വീകരിക്കുന്ന അവിടുത്തെ പെരുമാറ്റം കണ്ട ജനത്തിനു മനസ്സിലായി, പെണ്‍കുട്ടികള്‍ വീടിന്റെ ഐശ്വര്യമാണെന്നും ആണു ങ്ങളേക്കാള്‍ സ്നേഹവും പരിചരണവും അവര്‍ക്ക് ലഭിക്കേണ്‍ടതുണ്‍ടെന്നും.

പെണ്‍മക്കളോടുള്ള വെറുപ്പ് കാരണം പുതുദമ്പതികളോടുള്ള അഭിവാദനത്തില്‍പോലും നല്ല ആണ്‍കുട്ടികളുണ്‍ടാവട്ടെ എന്നു പറഞ്ഞിരുന്ന സമൂഹത്തിന് “നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ബറകത് ഉണ്ടാവട്ടെ” എന്നുള്ള എല്ലാത്തിലും നന്മ കാംക്ഷിക്കുന്ന വാക്കുകള്‍ പകരം നല്‍കി. ഒപ്പം, പെണ്‍കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തിയവന് സ്വര്‍ഗ്ഗത്തില്‍ സ്ഥാനം വാഗ്ദാനം ചെയ്തും തിരുനബി പെണ്‍കുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന കാട്ടാളത്വം ജനങ്ങളില്‍ നിന്ന് തുടച്ചുമാറ്റി. ഈ പ്രപഞ്ചമാകെ കൊതിപ്പിക്കുന്ന ചരക്കുകളാണെന്നും അതില്‍ ഏറ്റവും നല്ലത് സ്വാലിഹത്തായ സ്ത്രീകളാണെന്നും ഉണര്‍ത്തിയ റസൂല്‍(സ്വ), സ്ത്രീകള്‍ വെറും സുഖഭോഗ വസ്തുവല്ലെന്ന് ബോധ്യപ്പെടുത്തുകയും മോശമായ വഴികളിലൂടെ സ്ത്രീകളെ സമീപിക്കാതെ വിവാഹം ചെയ്ത് ജീവിക്കുവാനും തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് ബോധ്യപ്പെടുത്തി. വിവാഹം ചെയ്യുമ്പോള്‍ മറ്റെന്തിനേക്കാളും നിങ്ങള്‍ അവളുടെ ദീനിന് പ്രാധ്യാന്യം നല്‍കണമെന്നാണ് അവിടുന്ന് പഠിപ്പിക്കുന്നത്.

മദീനയിലേക്ക് പലായനം ചെയ്തത് മുതല്‍ തിരുനബി ഒരു ഭരണാധിപനായി മാറുന്നു. നീതിയും ന്യായവും നോക്കി ഭരണം നടത്തുന്നു. വ്യക്തി ബന്ധങ്ങളോ ഉപകാര സ്മരണകളോ ആ ഗമനത്തെ ബാധിക്കുന്നില്ല. നബിയുടെ ഒരു അനുയായിക്കെതില്‍ തെളിവുമായി വന്ന ജൂതന്‍ തന്റെ ഭാഗം വിജയിച്ചത് കണ്ട് സത്യദീന്‍ ആശ്ളേഷിച്ചുപോയി. തന്റെ മകള്‍ ഫാത്വിമ, തന്റെ കരളിന്റെ കഷ്ണമാണെന്ന് പറഞ്ഞ അവിടുന്ന്, ഫാത്വിമ തന്നെ മോഷ്ടിച്ചാലും കൈ ചേദിക്കുമെന്ന് ലോകത്തിനു മുമ്പില്‍ പ്രഖ്യാപിച്ചത് സത്യവും നീതിയുമാണ് ലോകത്ത് ജീവിച്ചിരിക്കേണ്‍ടതെന്നും സാഹചര്യങ്ങള്‍ക്കനുസരിച്ച് നീതി കണ്ടെത്തുകയല്ല നല്ല ഭരണാധിപന്റെ ലക്ഷണമെന്നും കാണിച്ചുതരുന്നു.

തന്റെ കൈകള്‍ വീട്ടുജോലിയെടുത്ത് പൊട്ടുന്നുവെന്ന് പറഞ്ഞ് പിതാവിന്റെ അടുത്തേക്ക് പരാതിയുമായിവന്ന ഫാത്വിമ ബീവി, തന്റെ പിതാവിന് യുദ്ധ മുതല്‍ വരാനുണ്ടെന്നും ഒരു ഭൃത്യനെയെങ്കിലും തനിക്ക് കൊടുത്തയക്കുമെന്നും പ്രതീക്ഷിച്ച് കാത്തിരുന്നു. പക്ഷേ, വെറും കയ്യോടെയാണ് ആ പിതാവ് മകളുടെ അടുത്തേക്ക് ചെന്നത്. തന്റെ മകള്‍ക്ക് ഇഹലോക സുഖമല്ല വേണ്ടെത്, പരലോകത്തെ ശാശ്വത സൌഖ്യമാണ് വേണ്ടത്. ഇതായിരുന്നു ആ പിതാവിന്റെ ആഗ്രഹം. ഈ സംഭവത്തിലൂടെ തന്റെ പിതാവ് ഒരു സുല്‍ത്താനാകാത്തത് കൊണ്ടല്ലെ തനിക്ക് ഈ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്‍ടി വന്നതെന്ന് ഒരു പാവപ്പെട്ടവനും ചിന്തിക്കാനിടവരു ത്താതിരിക്കുകയും എപ്പോഴും പാവങ്ങളോടൊപ്പം ജീവിക്കാന്‍ തന്റെ സന്താനങ്ങളെ കൂടി പഠിപ്പിക്കുകയും ചെയ്തു അവിടുന്ന്.

ഇന്നും ഒരു നല്ല ഭരണം എന്നുകേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സില്‍ വരുന്നത് നബി(സ്വ) യുടെ ഭരണം മാത്രമാണ്. കാരണം തിന്മകള്‍ അനുവദിക്കാത്തതും നന്മകള്‍ നിറഞ്ഞതും പിഴവറ്റതുമായ ആ ഭരണം നിസ്തുലമായിരുന്നു

ഒരു സമൂഹത്തിലേക്കിറങ്ങുന്നവന് ഉയര്‍ന്നവരെകാണുമ്പോള്‍ അസൂയ തോന്നുന്നു. എങ്ങ നെയും അപ്രകാരമാകണമെന്ന് മോഹിക്കുകയും, അത് നേടാനായി വളഞ്ഞ വഴികള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ആ ദുരന്തമില്ലാതിരിക്കാന്‍, നിങ്ങള്‍ നിങ്ങള്‍ക്ക് താഴെയുള്ളവരിലേക്ക് നോക്കണമെന്നാണ് തിരുനബിയുടെ കല്‍പ്പന. സാമ്പത്തിക മേഖലകളെ അതീവ സുരക്ഷിതത്വത്തില്‍ പിടിച്ചുനിര്‍ത്തിയ റസൂല്‍(സ്വ) കടംവാങ്ങിയവരില്‍ നിന്ന് അധികം പിടിച്ച് വാങ്ങരുതെന്നും സമയത്ത് വീട്ടാന്‍ കഴിയാത്തവന് സമയം നീട്ടികൊടുക്കാനും തീരെ കഴിവില്ലാത്തവര്‍ക്ക് ഒഴിവാക്കികൊടുക്കാനും നിര്‍ദേശിച്ചു.

സുന്നത്തുനോമ്പുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിച്ച നബി(സ്വ), മനുഷ്യന്‍ വയറുനിറയെ ഭക്ഷണം കഴിക്കരുതെന്നും വയറിന്റെ മൂന്നിലൊരുഭാഗം എപ്പോഴും ഒഴിച്ചിടണമെന്നും നിര്‍ദേശിക്കുന്നു. അമിതമാകുന്ന ഭക്ഷണം ആരാധനാ കാര്യങ്ങള്‍ക്ക് ക്ഷീണമേല്‍പ്പിക്കാന്‍ സാധ്യതയുണ്‍ടെന്നതോടൊപ്പം മനുഷ്യത്വത്തില്‍ നിന്ന് മൃഗീയതയിലേക്ക് നീങ്ങിപ്പോകുന്നതിലൂടെ തിന്മകള്‍ ചെയ്യുന്നവരാകാതിരിക്കാനുമാണ് അങ്ങനയൊരു നിര്‍ദേശം.

വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവനോടും തെറ്റുകളിലേക്ക് നീങ്ങിപ്പോകാതിരിക്കാന്‍ സുന്നത്തുനോമ്പുകള്‍ നോറ്റ് നിയന്ത്രിക്കാനാണ് പറഞ്ഞത്. അതേ സമയം, തുടര്‍ച്ചയായി നോമ്പെടുക്കുന്നതിനെ നബി തങ്ങള്‍ നിരോധിച്ചു. അതുപോലെ തന്റെയടുക്കല്‍ വന്ന് ഞങ്ങള്‍ ഉറങ്ങാതെയും വിവാഹം കഴിക്കാതെയും ആരാധനകളില്‍ കൂടുതല്‍ സമയം വിനിയോഗിക്കട്ടെ എന്നു ചോദിച്ചവരെ നിരുത്സാഹപ്പെടുത്തി. ഞാന്‍ നിങ്ങളേക്കാള്‍ അല്ലാഹുവിനെ അറിഞ്ഞവനും ഭയക്കുന്നവനുമാണെന്നും, എന്നിട്ടും ഞാന്‍ അവയെല്ലാം ചെയ്യുന്നുണ്ടെന്നും, സ്വശരീരത്തെ നാശത്തിലേക്ക് തള്ളുന്ന തരത്തിലേക്ക് ആരാധനാ കര്‍മ്മങ്ങള്‍ നീണ്ടു
പോകല്‍ പോലുള്ള അപകടങ്ങളിലേക്ക് എത്തിപ്പെടുന്നത് നന്നല്ലെന്നും ബോധ്യപ്പെടുത്തിക്കൊടുത്ത് നന്മയുടെയും തിന്മയുടേയും അതിര്‍വരമ്പുകള്‍ അരക്കിട്ടുറപ്പിക്കുകയായിരുന്നു അവിടുന്ന്. ഭക്ഷണം കുറക്കുന്നതി ലൂടെ പാവങ്ങളുടെ രോദനങ്ങള്‍ മനസ്സില്‍ തികട്ടിവരും എന്നതും മനുഷ്യനെ നല്ലകാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് കൊണ്ടു വരുന്നു.

യാത്രക്കാരനോട് ആവശ്യമുള്ളവരെ സഹായിക്കാനും വഴിയിലുള്ള ബുദ്ധിമുട്ടുകള്‍ നീക്കാനും കല്‍പ്പിച്ചു. ജനങ്ങളോട് പരസ്പരം കാര്യങ്ങള്‍ ചികഞ്ഞന്വേഷിക്കുന്നത് നബിതങ്ങല്‍ വിലക്കി. കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടാതെ ഭാവിച്ചെടുത്ത് കൈകാര്യം ചെയ്യുന്നത് പല അപകടങ്ങളിലേക്കും ചെന്നുപെടാന്‍ ഹേതുവാകുമെന്നും ഉണര്‍ത്തി. ഒരു മുഅ്മിന്‍ മോശക്കാരനാകരുതെന്നും മോശക്കാരെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള അവസരങ്ങള്‍ ഉണ്‍ടാകാതെ ശ്രദ്ധിക്കണമെന്നും അവിടുന്ന് നിര്‍ദേശിക്കുന്നുണ്‍ട്.

മുസ്ലിം എന്നാല്‍ തന്റെ നാവില്‍ നിന്നും കൈകളില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടവനാണെന്നാണ് പ്രവാചകരുടെ അദ്ധ്യാപനം. തന്നില്‍നിന്ന് വാക്കാലോ പ്രവര്‍ത്തിയാലോ മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുളള ദ്രോഹവും വന്നുപോകരുതെന്നാണ് അവിടുന്ന് നിഷ്കര്‍ശിക്കുന്നത്. ആരെങ്കിലും ദുഷ്ചെയ്തികളിലേര്‍പ്പെടുന്നത് കണ്ടാല്‍ കൈകൊണ്ടും കഴിഞ്ഞില്ലെങ്കില്‍ നാവ് കൊണ്ടും തടയാന്‍ നിര്‍ദേശിച്ച പ്രവാചകന്‍, നാവിന്റെയും കൈകളുടെയും നന്മ തിന്മ വരച്ചുകാണിക്കുകയാണവിടെ.

മുസ്ലിമിന്റെ ജീവിത്തിലെ മുഴുവന്‍ നിമിഷങ്ങളിലും അനുഷ്ടിക്കേണ്ട നന്മകളും ഉപേക്ഷിക്കേണ്ടതിന്മകളും പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരാള്‍ ഒരു തെറ്റുപോയ്താല്‍ അവനോട് കൃപകാണിച്ച് നാഥന്‍ അത് മറച്ചുവെക്കുമെന്നും മറ്റുള്ളവര്‍ക്കിടയില്‍ ആ കാര്യം പരസ്യമാക്കരുതെന്നും റസൂല്‍ (സ്വ) നിര്‍ദേശിച്ചു. തെറ്റു ചെയ്തത് പരസ്യപ്പെടുത്തുന്നവനും, പരസ്യമായി തെറ്റുചെയ്യുന്നവനും ആ തെറ്റിനെ നിസ്സാരവല്‍ക്കരിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയുമാണ് ചെയ്യുന്നത്. ഫലമോ, താനും തന്നില്‍ നിന്ന് പഠിച്ചവനും ആ തെറ്റിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നു. മറ്റുള്ളവരില്‍ നിന്നും തെറ്റു കണ്ടാല്‍ അതു മറച്ചുവെക്കുന്നവന് അന്ത്യനാളില്‍ തന്റെ ദോഷങ്ങള്‍ അല്ലാഹു മറച്ചുവെച്ച് പ്രത്യുപകാരം ചെയ്യുമെന്നും പ്രവാചകര്‍ പഠിപ്പിച്ചു.
നന്മ തിന്മകളെ ഇങ്ങനെ വ്യക്തമായി വരച്ചു കാണിക്കുകയും അത് പ്രവര്‍ത്തിയില്‍ കൊണ്ട് വരികയും ചെയ്ത തിരുനബി(സ്വ), ആ സ്വഭാവം അവിടുത്തെ അനുചരരിലേക്ക് പകര്‍ത്തികൊടുത്തതിലൂടെ ഈ സമുദായത്തിന് ശ്രേഷ്ടത ലഭിച്ചുവെന്ന് മാത്രമല്ല. നാളെ പരലോകത്ത് എന്റെ സമുദായമാണ് ഒന്നാമതെന്നും അവിടുന്ന് ഓര്‍മ്മപ്പെടുത്തി. കേവലം അറുപത്തിമൂന്ന് വര്‍ഷങ്ങളിലെ പ്രവാചക ജീവിതം എത്രമാത്രം ഈ ലോകത്ത് പ്രതിഫലിച്ചുവെന്നതിന് തെളിവാണ്, നന്മകള്‍ ചെയ്യുകയും നന്മകളെ പ്രോത്സാഹിപ്പിക്കുകയും മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യുകയും, തിന്മകളെ എതിര്‍ക്കാനും കഴിഞ്ഞില്ലെങ്കില്‍ പുറം തിരിഞ്ഞ് നടക്കാനെങ്കിലും കഴിയുന്നതുമായ ഒരു ഉത്തമ ജനത ഇന്നും ജീവിച്ചിരിപ്പുണ്ട് എന്നുള്ളത്. ആ സുന്ദര ജീവിതം നുകര്‍ന്ന് ജീവിക്കാനും ആ പുണ്യമേനിയെ സ്നേഹിച്ച് നാളെ സ്വര്‍ഗ്ഗജീവിതം വരിക്കാനും നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍!


RELATED ARTICLE

  • നബിദിനാഘോഷം പ്രമാണങ്ങളില്‍
  • മദീനത്തുര്‍റസൂല്‍
  • മൌലിദ് എന്നാല്‍ എന്ത്?
  • അബൂലഹബും ഥുവൈബയും
  • റബീഉല്‍ അവ്വല്‍ പന്ത്രണ്‍ടിന് പാടില്ല
  • പുണ്യദിനാഘോഷങ്ങള്‍
  • പാക്ഷികങ്ങള്‍ കഥപറയുന്നു
  • മൌലിദാഘോഷം പണ്ഢിതന്മാരെന്ത് പറയുന്നു.?
  • മക്കാ വിജയം
  • അറേബ്യ : ഭൂതവും വര്‍ത്തമാനവും
  • ഓണം സുന്നത്ത്; മൌലിദ് ബിദ്അത്ത്!
  • സൂവ്യക്ത വിവരണം
  • എല്ലാവരുടെയും നബി
  • പ്രവാചകത്വത്തിലെ പ്രാഥമ്യം
  • മുസ്വന്നഫ് അബ്ദുറസാഖ്(റ)വും ജാബിര്‍(റ)വിന്റെ ഹദീസും
  • പ്രകാശവും പ്രാഥമ്യവും
  • ശഫാഅത്ത്
  • പുനര്‍ജന്മവും വിശ്വാസവും
  • ഒരു ഹദീസിന്റെ പൊരുളും അവസ്ഥയും
  • ഫത്റത്ത് കാലഘട്ടക്കാര്‍
  • നബി(സ്വ) തങ്ങളുടെ മാതാപിതാക്കളുടെ പരലോക മോക്ഷം
  • സഹവര്‍ത്തിത്വത്തിന്റെ ഉജ്ജ്വല മാതൃകകള്‍
  • മദീനത്തുര്‍റസൂല്‍
  • ലാളിത്യത്തിന്റെ വിശ്വരൂപം
  • ചരിത്ര പുരുഷന്‍
  • പ്രവാചക സ്നേഹത്തിന്റെ മധുഭാഷിതം
  • അതുല്യ നേതാവ്
  • നബി സ്നേഹത്തിന്റെ കാവ്യതല്ലജങ്ങള്‍
  • ബാനത് സുആദ:വിവക്ഷയും വിശകലനവും
  • നന്മ തിന്മ വരച്ചു കാണിച്ച മഹാപ്രവാചകര്‍
  • വീണ്ടും വസന്തം വന്നണഞ്ഞു