Click to Download Ihyaussunna Application Form
 

 

ബദര്‍ദിന ചിന്തകള്‍

എ.ഡി 624 ജനുവരിയില്‍, ഹിജ്റയുടെ പത്തൊമ്പതാം മാസം റമള്വാന്‍ പതിനേഴിന് ബദര്‍ യുദ്ധം നടന്നു. അല്ലാഹുവിന്റെ തിരുദൂതര്‍ മുഹമ്മദ് നബി(സ്വ)യുള്‍പ്പടെ 313 പേര്‍(എണ്ണത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ട്) സത്യവിശ്വാസികളുടെ ഭാഗത്ത് അണിചേര്‍ന്നു. മക്കയിലെ പ്രമുഖ പ്രഭു അബൂജഹ്ലിന്റെ നായകത്വത്തില്‍ ആയിരത്തോളം പടയാളികള്‍ നിഷേധികളുടെ ഭാഗത്ത് അണിചേര്‍ന്നിരുന്നു. ഇസ്ലാമിക പ്രസ്ഥാനം ശത്രുക്കളുമായി നടത്തിയ പ്രഥമ പോരാട്ടമായിരുന്നു ബദര്‍യുദ്ധം. നിര്‍ണായകമായിരുന്നു അതിന്റെ ഫലം.

ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായിരുന്നു ബദര്‍യുദ്ധം. ലോകത്ത് ഇസ്ലാമിന്റെയും പ്രവാചകന്റെയും നിലനില്‍പ്പു നിര്‍ണയിച്ച യുദ്ധമായിരുന്നു ഇത്. യുദ്ധത്തിനു മുന്നോടിയായി തിരുനബി(സ്വ) നടത്തിയ ആത്മാര്‍ഥമായ പ്രാര്‍ഥന ഇതിനു മതിയായ ചരിത്രസാക്ഷ്യമാണ്. തങ്ങള്‍ ദു’ആ ചെയ്തു. “അല്ലാഹുവേ, ഈ സംഘത്തെ നീ പരാജയപ്പെടുത്തുകയാണെങ്കില്‍ പിന്നെ ഭൂമുഖത്ത് നിനക്ക് ആരാധന നടക്കുന്നതല്ല. അതുകൊണ്ട് നീ എനിക്കുതന്ന വാക്കു പാലിക്കണേ. നിന്റെ സഹായം കൊണ്ടനുഗ്രഹിക്കണേ”.

ബദര്‍യുദ്ധം നടന്നത് പരിശുദ്ധ റമള്വാനിലായിരുന്നുവെന്ന് പറഞ്ഞല്ലോ. റമള്വാന്‍ വ്രതനിര്‍ബന്ധത്തിനു പിന്നാലെയാണ് യുദ്ധമുണ്ടായത്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) കുറിക്കുന്നത് കാണുക: “ബദര്‍ദിനം ഹിജ്റ രണ്ടാം വര്‍ഷം റമള്വാന്‍ മാസം പതിനേഴിനായിരുന്നു. അന്നത്തെ രാവില്‍ തിരുദൂതര്‍ നിസ്കാരാദി കര്‍മ്മങ്ങള്‍ കൊണ്ട് ധന്യമാക്കിയിരുന്നു. അവിടുന്ന് സുജൂദില്‍ ‘യാഹയ്യു യാ ഖയ്യൂം’ എന്ന ദിക്റ് ആത്മാര്‍ഥമായി ആവര്‍ത്തിച്ചിരുന്നു”.

ബദ്റില്‍ നബിക്കും സ്വഹാബത്തിനും പൊരുതേണ്ടിവന്നത് സര്‍വ്വായുധ സജ്ജരായ ശത്രുസൈന്യത്തോടായിരുന്നു. ആര്‍ഭാടത്തോടെ, അതിലുപരി അഹങ്കാരത്തോടെ യുദ്ധസന്നദ്ധരായി വന്ന സൈന്യ ത്തെ കുറിച്ച് ചരിത്രകാരനായ ഇബ്നു ഇസ്ഹാഖ്വ്(റ) പറയുന്നു: “തൊള്ളായിരത്തി അന്‍പതില്‍ പരം യോദ്ധാക്കള്‍ ഖുറൈശി പക്ഷത്തുണ്ടായിരുന്നു. ഇരുനൂറോളം കുതിരകള്‍ മുന്നില്‍ അണിനിരന്നിരുന്നു. സത്യവിശ്വാസികളെ അപഹസിച്ചും പരിഹസിച്ചും ദഫും മേളവും കൊണ്ട് മുഖരിതമായിരുന്നു ശത്രുസൈന്യവ്യൂഹം”.

സൈനിക സഹായവും ആയുധബലവും മാത്രമല്ല അത്യാവശ്യ ഭക്ഷണം പോലും മുസ്ലിംകള്‍ ക്കുണ്ടായിരുന്നില്ല. ഹുദലി(റ)യില്‍ നിന്നുദ്ധരിക്കുന്നത് കാണുക: “മുശ്രിക്കുകളുടെ പക്കല്‍ അറുനൂറില്‍പ്പരംഅങ്കികള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുസ്ലിം പക്ഷത്തു കേവലം രണ്ട് കുതിരയും അറുപത് അങ്കിയും മാത്രമാണുണ്ടായിരുന്നത്”.

അലി(റ) സ്മരിക്കുന്നു: “ബദര്‍ ദിനത്തില്‍ ഞങ്ങളുടെ കൂടെ ആകെ രണ്ട് കുതിരകള്‍ മാത്രമാണുണ്ടായിരുന്നത്. ഒന്ന് സുബൈറിനും മറ്റൊന്ന് മിഖ്വ്ദാദുബ്നു അസ്വദിനും”.

മുസ്ലിംകള്‍ക്കുണ്ടായിരുന്നത് ആകെ എഴുപത് ഒട്ടകങ്ങളായിരുന്നു. ഓരോ ഒട്ടകത്തെയും മൂ ന്നുപേര്‍ വീതം പങ്കുവെച്ചായിരുന്നു യാത്ര. നബി(സ്വ)യും ഈ കൂട്ടത്തില്‍ ഒരു കൂറുകാരനായിരുന്നു. അങ്ങനെ നബിയുടെ ഊഴമെത്തിയാല്‍ സ്വഹാബത്ത് പറയും: “തിരുദൂതരേ, ഞങ്ങള്‍ നടന്നുകൊള്ളാം. അവിടുന്ന് ഒട്ടകപ്പറത്ത് യാത്ര ചെയ്യുക”. ഇതു കേള്‍ക്കുമ്പോള്‍ നബി(സ്വ)യുടെ പ്രതികരണം. “നിങ്ങള്‍ എന്നെക്കാള്‍ ആരോഗ്യവാന്മാരൊന്നുമല്ല. ഞാനാണെങ്കില്‍ നിങ്ങളെക്കാള്‍ പ്രതിഫലം ആവശ്യമില്ലാത്തവനുമല്ല’. മുസ്ലിംകളുടെ വിശ്വാസത്തിന്റെയും ആത്മവീര്യത്തിന്റെയും മാറ്റു തെളിയിച്ച യുദ്ധമായിരു ന്നു ബദര്‍.’ വളരെ ചെറിയ ഒരു സംഘം മൂന്നിരട്ടി വരുന്ന സര്‍വ്വായുധ വിഭൂഷിതരായ വന്‍ സൈന്യത്തോടാണ് പൊരുതി ജയിച്ചത്. ആള്‍ബലമല്ല ആത്മശക്തിയാണ് വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന് തെളിയിക്കാന്‍ സ്വഹാബത്തിന് കഴിഞ്ഞു. ഇസ്ലാമിനുവേണ്ടി ജീവാര്‍പ്പണം ചെയ്യാനുള്ള അചഞ്ചലമായ ഉറപ്പായിരുന്നു ബദ്രീങ്ങളുടെ ശക്തിരഹസ്യം. നബി(സ്വ) പറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവരുടെ മനസ്സിന് ചാഞ്ചല്യമുണ്ടായിരുന്നില്ല. അന്‍സ്വാരികളായ സ്വഹാബികള്‍ നബി(സ്വ) യോട് പ്രഖ്യാപിച്ച വാക്കുകള്‍ ഇതു വ്യക്തമാക്കുന്നു.

“നബിയേ, എന്തിനു ഭയക്കണം? യുദ്ധവേദിയൊരുങ്ങിയാല്‍ മൂസാ നബിയോട് തന്റെ ജനത പറഞ്ഞത് പോലെ ഞങ്ങളും പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ. അവര്‍ പറഞ്ഞത് “നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യുക” എന്നാണെങ്കില്‍ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. അവിടത്തെ മുന്നിലും പിന്നിലും ഇടതും വലതുമെല്ലാം നിന്നു ഞങ്ങള്‍ പൊരുതും. അങ്ങയെ ദൂതനായി അയച്ച നാഥനെ തന്നെ സത്യം. ഞങ്ങള്‍ അവിടത്തെ ആജ്ഞകളെന്തും ശിരസ്സാവഹിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്നു”.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും അഭൌതിക സഹായവും മുസ്ലിംകള്‍ക്കു വന്നെത്തിയതിനു കാരണം അവര്‍ പ്രകടിപ്പിച്ച ഉത്സാഹമായിരുന്നു. മലകുകളുടെ അവതരണം കൊണ്ട് ബദ്റില്‍ അല്ലാഹു വിശ്വാസികള്‍ക്കു സഹായം പകര്‍ന്നതായി ഖുര്‍ആന്‍ പറയുന്നുണ്ട്.

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായ ഈ യുദ്ധത്തെ വിശ്വാസികള്‍ എന്നും സ്മരിക്കുന്നു. റമള്വാനില്‍ ബദ്ര്‍ ദിനാചരണവും ബദ്രീങ്ങളുടെ പ്രകീര്‍ത്തനവും നടത്തുന്നു. ബദ്രീങ്ങളുടെ മഹത്വത്തെപറ്റി ബോധമുള്ള പൂര്‍വ്വികര്‍ തുടങ്ങിവെച്ച ഈ ആചാരം അണഞ്ഞു പോകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. ഭൌതികവും ആത്മീയവുമായ അര്‍ഥതലങ്ങള്‍ ഈ ആചാരത്തിനു പിന്നിലുണ്ട്. ഒന്നാമതായി ബദര്‍ ചരിത്രസ്മരണ അനേകം ഗുണപാഠങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. വിശ്വാസത്തിന്റെ ഈ വിജയം ലോകത്തിനു ലഭിക്കുന്ന ഉത്തമ പാഠമാണ്. രണ്ടാമത്തെ നേട്ടം ആത്മീയമാണ്.

മു’ആദ്(റ) പറയുന്നു: “അമ്പിയാഇനെക്കുറിച്ചുള്ള സ്മരണകള്‍ ആരാധനയുടെ ഭാഗമാണ്. മഹാത്മാക്കളെ സ്മരിക്കല്‍ പാപമുക്തിക്കു കാരണമാകുന്നു” (മസ്നദുല്‍ ഫിര്‍ദൌസ്). ബദ്രീങ്ങള്‍ മഹാത്മാക്കളാണെന്നതില്‍ പക്ഷാന്തരമില്ലല്ലോ. ബദ്റില്‍ പങ്കെടുത്തവര്‍ക്ക് വളരെയധികം മഹത്വമുണ്ടെന്നു നബി(സ്വ) പറഞ്ഞിട്ടുണ്ട്. സര്‍വ്വാംഗീകൃത ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയിലെ ഒരധ്യായത്തിന്റെ നാമം തന്നെ ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വം എന്നാണ്. പ്രസ്തുത അധ്യായത്തില്‍ ഇമാം ബുഖാരി(റ) ബദ്രീങ്ങളെ പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. അല്‍ഹാഫിള് ഇബ്നുകസീര്‍(റ) തന്റെ അല്‍ബിദായതുവന്നിഹായയില്‍ ബദ്രീങ്ങളുടെ മഹത്വത്തെപ്പറ്റി ഒരധ്യായം ചേര്‍ത്തിട്ടുണ്ട്. അതില്‍ ചിലഭാഗങ്ങള്‍ കാണുക: “മു’ആദുബ്നു രിഫാഅ(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരിക്കല്‍ നബി സവിധത്തില്‍ ജിബ്രീല്‍(അ) വന്നു ചോദിച്ചു. “ബദ്റില്‍ പങ്കെടുത്തവരെ എങ്ങനെയാണ് നിങ്ങള്‍ കണക്കാക്കുന്നത്?” നബി(സ്വ) മറുപടി പറഞ്ഞു: “മുസ്ലിംകളില്‍ സര്‍വ്വശ്രേഷ്ഠന്‍ എന്ന പദവിയാണ് ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത്” അപ്പോള്‍ ജിബ്രീല്‍(അ) പറഞ്ഞു: ‘ബദ്റില്‍ പങ്കെടുത്ത മലകുകള്‍ക്കും ഞങ്ങള്‍ ഈ പദവി തന്നെയാണ് നല്‍കിയിരിക്കുന്നത” (ബുഖാരി).

ഹാരിസ(റ)വിനെക്കുറിച്ച് അദ്ദേഹത്തിന്റെ മാതാവ് നബി(സ്വ)യോടിങ്ങനെ ആരാഞ്ഞു. “നബിയേ, എനിക്കെന്റെ പുത്രനുമായുള്ള ബന്ധത്തെപ്പറ്റി തങ്ങള്‍ക്കറിവുള്ളതാണല്ലോ. അവന്‍ സ്വര്‍ ഗപ്രവേശിതനാണോ?’ പ്രവാചകന്‍ പറഞ്ഞു; ‘സ്വര്‍ഗം പലതുണ്ട്. നിങ്ങളുടെ പുത്രന്‍ ഫിര്‍ദൌസുല്‍ അ’അ്ലാ എന്ന അത്യുന്നത സ്വര്‍ഗത്തിലാകുന്നു’(ബുഖാരി). ഈ ഹദീസ് ഉദ്ധരിച്ച് ഇബ്നുകസീര്‍(റ) പറയുന്നു.

“ബദ്റില്‍ പങ്കെടുത്തവരുടെ മഹത്വത്തെപ്പറ്റി ഈ സംഭവം വ്യക്തമായ ബോധനം നല്‍കുന്നു. ബഹുമാനപ്പെട്ട ഹാരിസത് യുദ്ധക്കളത്തിലോ യുദ്ധം കൊടുമ്പിരി കൊണ്ട സ്ഥലത്തോ ആയിരുന്നില്ല. അകലെ നിന്നു യുദ്ധം നോക്കിക്കാണുകയായിരുന്നു. ഒരു ജലാശയത്തില്‍ നിന്നു വെ ള്ളം കുടിച്ചുകൊണ്ടിരിക്കെ അമ്പേറ്റാണ് അദ്ദേഹം രക്തസാക്ഷിയായത്. എന്നിട്ടുപോലും സ്വര്‍ ഗത്തില്‍ അത്യുന്നതസ്ഥാനമായ ഫിര്‍ദൌസിലാണദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടത്. സ്വര്‍ഗത്തിലെ മുഴുവന്‍ നദികളും ഒഴുകുന്നത് ഫിര്‍ ദൌസില്‍ നിന്നാണ്. ആ സ്ഥാനം ആവശ്യപ്പെടാന്‍ നബി(സ്വ) നമ്മോട് പ്രത്യേകം ആജ്ഞാപിക്കുന്നുണ്ട്. ഇത്രുയം മഹത്തായ സ്ഥാനം പ്രാപിക്കാന്‍ ഹാരിസ(റ)വിനായെങ്കില്‍ മൂന്നിരട്ടിയിലധികം വരുന്ന സൈന്യത്തോട് പൊരുതിയവര്‍ക്കുള്ള മഹത്വവും പ്രതിഫലവും എത്രമാത്രമായിരിക്കും”.

ബദര്‍ രക്തസാക്ഷികള്‍ 14 പേര്‍ മാത്രമാണ്. എന്നാല്‍ യുദ്ധത്തില്‍ സംബന്ധിച്ചവരെല്ലാവരും വിശുദ്ധ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘അല്ലാഹു ബദര്‍ പോരാളികള്‍ക്ക് പ്രത്യക്ഷനായി അറിയിച്ചേക്കും; നിങ്ങള്‍ക്കിനി ഇഷ്ടമുള്ളതാകാം. എല്ലാം നിങ്ങള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു’ (സ്വഹീഹു മുസ്ലിം 4/1941 നമ്പര്‍ 2494, സ്വഹീഹുല്‍ ബുഖാരി 3/1095 നമ്പര്‍ 2845).

ബദ്റില്‍ പങ്കെടുത്തവര്‍ക്കു മതവിധിവിലക്കുകള്‍ ബാധകമല്ലെന്നോ ശിഷ്ടകാലം തോന്നിയപോലെ ആ കാമെന്നോ ഈ പറഞ്ഞതിനര്‍ഥമില്ല. ബദ്രീങ്ങളുടെ ശ്രേഷ്ഠത വ്യക്തമാക്കുക മാത്രമാണിവിടെ ഉദ്ദേശ്യം. ജാബിര്‍(റ)വില്‍ നിന്നുള്ള ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “ബദ്റില്‍ പങ്കെടുത്ത മുസ്ലിം സൈന്യത്തിലെ ഒരാളും നരകത്തില്‍ കടക്കുന്നതല്ല”(അഹ്മദ്). ഈ ഹദീസ് സ്വീകാര്യമായതാണെന്ന് ഇബ്നുഹജറില്‍ അസ്ഖ്വലാനി(റ) പറഞ്ഞിരിക്കുന്നു.

അബൂഹുറയ്റ(റ)വില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ ‘ഇന്‍ശാ അല്ലാഹ്, ബദ്റില്‍ പങ്കെടുത്ത ആരും തന്നെ നരകത്തില്‍ പ്രവേശിക്കുന്നതല്ലെന്നു ഞാന്‍ ന്യായമായും പ്രതീക്ഷിക്കുന്നു’ (ബസ്സാര്‍) എന്നു നബി(സ്വ) പറഞ്ഞതായി കാണാം. ബദ്റില്‍ പങ്കെടുത്ത മഹാത്മാക്കളെ സ്മരിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. റമള്വാന്‍ പതിനേഴിനു ബദര്‍ദിനം ആചരിക്കുന്നതിലൂടെ ആ ബാധ്യതയാണ് നാം നിറവേറ്റുന്നത്.

പോരാളികള്‍ ബദ്റിന് ശേഷം

അല്ലാഹുവിന്റെ സത്യമാര്‍ഗത്തെ സംരക്ഷിക്കുവാന്‍ തീരുമാനമെടുത്ത ബദര്‍ പോരാളികളെ സംരക്ഷിക്കാന്‍ അവനും തീരുമാനിച്ചു. ധര്‍മപോരാളികളുടെ പേരും പെരുമയും അന്ത്യനാള്‍ വരെ യഥോചിതം സംരക്ഷിക്കുവാന്‍ ആദര്‍ശബോധമുള്ള അവരുടെ പിന്‍ഗാമികളെ അല്ലാഹു തിരഞ്ഞെടുക്കുകയും ചെയ്തു.

ബദര്‍ പോരാളികളെ അളവറ്റ ആദരവോടെയാണ് ഈ സമുദായം പില്‍ക്കാലത്ത് സമീപിച്ചത്. ബദര്‍ പടക്കളത്തില്‍ സാക്ഷികളായ ഏക കാരണത്തില്‍ അവരെയെല്ലാവരെയും മരണം വരെ പ്രത്യേക പരിഗണന നല്‍കി ബഹുമാനിക്കുവാന്‍ നബിയും സ്വഹാബത്തും മറ്റു മുസ്ലിംകളും തയ്യാറായിരുന്നു. ഏതു രംഗത്തും എന്തെന്നില്ലാത്ത ആദരവും പ്രത്യേകതയും കല്‍പ്പിച്ചുകൊണ്ടാണ് ബദര്‍ പോരാളികള്‍ ഓര്‍മിക്കപ്പെട്ടത്. ബദര്‍ പോരാളികളില്‍ പലരും ബദര്‍ യുദ്ധത്തിനുശേഷം പതിറ്റാണ്ടുകള്‍ ജീവിച്ചു. പോരാളികളില്‍ പ്രമുഖനായ കഅ്ബ് ബ്നു അംറ് അല്‍ ഖസ്റജി(റ) തന്റെ നൂറ്റി ഇരുപതാം വയസ്സില്‍ ഹിജ്റാ ബ്ദം 55-ാം വര്‍ഷമാണ് മൃതിയടഞ്ഞത്(അല്‍ തുഹ്ഫതുല്ലത്വീഫ 2/395). ഹിജ്റാബ്ദം 61ല്‍ തന്റെ തൊ ണ്ണൂറ്റി ഒന്നാം വയസ്സില്‍ നിര്യാതനായ ജബ്റുബ്നു അതീഖ്(റ) ആണ് ബദര്‍ പോരാളികളില്‍ നിന്ന് ഏ റ്റവും ഒടുവില്‍ മരണപ്പെട്ടതെന്ന് അഭിപ്രായമുണ്ട്(അല്‍ തുഹ്ഫതുല്ലത്വീഫ1/233). സുദീര്‍ഘമായ ഇക്കാലമത്രയും മുസ്ലിംകള്‍ക്കിടയില്‍ ജീവിച്ചിരുന്ന ബദര്‍ പോരാളികള്‍ സമുദായത്തിലെ ഒന്നാം നിരക്കാരും, സര്‍വാദരണീയരുമായാണ് കരുതപ്പെട്ടത്. ബദര്‍ പോരാളികള്‍ക്ക് ലഭിച്ച ബഹുമാനാദരവുകള്‍ക്കു സമാനമായ ഒരു വിശിഷ്ട സമീപനം ഈ സമുദായത്തില്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ഏതാനും ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ നിന്നും നമുക്കുദ്ധരിക്കാം.

(1) ബദര്‍ പോരാളികളില്‍പ്പെട്ട മുഴുവനാളുകളുടെയും പേരുവിവരങ്ങള്‍ കൃത്യമായും കണിശമായും സൂക്ഷിക്കപ്പെട്ടു. ലോകചരിത്രവായനയില്‍ തന്നെ വല്ലാത്ത വിസ്മയം സൃ ഷ്ടിക്കുന്ന സംഗതിയാണിത്. ആയിരത്തി നാനൂറ്റി ചില്വാനം വര്‍ഷങ്ങള്‍ക്കപ്പുറത്ത് അറേബ്യയില്‍ നടന്ന ഒരു പോരാട്ടത്തില്‍ പോരാളികളായി അണിനിരന്ന മുഴുവന്‍ സൈനികാംഗങ്ങളുടെയും പേരും പിതൃനാമവും കുടുംബപ്പേരും മറ്റും ഇന്നും കൃത്യമായി സൂക്ഷിക്കപ്പെടുന്നു എന്നത് ചരിത്രപരമായി നിസ്സാരകാര്യമല്ല. .നിരവധി ചരിത്രരേഖകളിലും പ്രാമാണിക ഗ്രന്ഥങ്ങളിലും 313 പേരുകള്‍ അതിസൂക്ഷ്മമായി രേഖപ്പെട്ടുകിടക്കുന്നു. പലരെക്കുറിച്ചും വിശദവിവരണങ്ങള്‍ തന്നെ ലഭ്യമാണ്. കുടുംബ നാമവും പിതൃനാമവും ലഭ്യമല്ലാത്തവരായി ആരും തന്നെയില്ല.(ബദര്‍ മൌലിദിലും മറ്റും പാരായണ സൌകര്യത്തിനുവേണ്ടിയാണ് ചുരുക്കപ്പേരുകള്‍ മാത്രം പരാമര്‍ശിച്ചത്). ക്രൈസ്തവ- ഹൈന്ദവ സമൂഹങ്ങളിലും മറ്റും ആയിരം വര്‍ഷം മുമ്പ് നടന്ന ഏതെങ്കിലുമൊരു ചരിത്ര സംഭവത്തില്‍ സംബന്ധിച്ച നൂറുപേരുടെ പോലും പേരുവിവരങ്ങള്‍ ഇന്ന് സൂക്ഷിക്കപ്പെടുന്നില്ലെന്ന യാഥാര്‍ഥ്യത്തോട് താരതമ്യം ചെയ്യുമ്പോഴാണ് മുസ്ലിം പണ്ഢിതന്മാരുടെ ചരിത്രബോധവും പോരാളികളുടെ മഹത്വവും ബോധ്യപ്പെടുക.

ഹിജ്റ 266ല്‍ അന്തരിച്ച ഇമാം അഹ്മദുബ്നു മുഹമ്മദ് ബ്നു ഹമ്പല്‍((റ) എന്ന പണ്ഢിതന്‍ രചിച്ച മസാഇലുല്‍ ഇമാം അഹ്മദ്(റ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ബദ്ര്‍ പോരാളികളുടെ പേരുവിവരങ്ങള്‍ വിശദമായി കണ്ടെടുക്കാവുന്നതാണ്. ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി(റ)യുടെ അല്‍ഇസ്വാബ, ഇമാം ശംസുദ്ദീനുസ്സഖാവി(റ, മരണം 902)യുടെ അല്‍തുഹ്ഫതുല്ലത്വീഫ, ഇമാം അബ്ദുല്‍ ഹയ്യ് അല്‍കത്താനി(റ)യുടെ അല്‍തറാത്തീബുല്‍ ഇദാരിയ്യ മുതലായ ഗ്രന്ഥങ്ങളിലെല്ലാം ബദ്രീങ്ങളുടെ പേരുവിവരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഡോ. മുഹമ്മദ് അബ്ദുയമാനിയുടെ അല്‍ബദ്റുല്‍ കുബ്റാ എന്ന വിശിഷ്ട ഗ്രന്ഥത്തില്‍ ബദ്രീങ്ങളുടെ പേരു വിവരങ്ങള്‍ മുഹാജിറുകളെയും അന്‍ സ്വാറുകളെയും മറ്റും വേര്‍തിരിച്ച് വിവരിച്ചിരിക്കുന്നു. ഇത്രയധികം വരുന്ന പോരാളികളു ടെ പേരുകള്‍ പൂര്‍വീകന്മാര്‍ മനഃപാഠമാക്കുകയും രേഖപ്പെടുത്തുകയും പിന്‍തലമുറക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്തതില്‍ നിന്നും ബദ്ര്‍ പോരാളികളുടെ മഹത്വം ഗ്രഹിക്കാവുന്നതാണ്. ഇസ്ലാമിക പ്രസ്ഥാനത്തിന് ജീവന്‍ നല്‍കിയ മഹാത്മാക്കളെ അനുസ്മരിക്കാതെ മുന്നോട്ടുപോകാന്‍ പ്രബുദ്ധതയുള്ള പിന്‍തലമുറക്ക് സാധ്യമല്ല.

അറബിഭാഷയും ചരിത്രവുമൊന്നും വശമില്ലാത്തവരെങ്കില്‍ പോലും 313 ബദര്‍ പടയാളികളുടെ വിശുദ്ധ നാമങ്ങള്‍ മനഃപാഠം സൂക്ഷിക്കുന്ന, പതിവ് തെറ്റാതെ ചൊല്ലി അനുസ്മരിക്കുന്ന വലിയൊരു ഭക്ത വിഭാഗം ഈ സമുദായത്തില്‍ ഇന്നും ജീവിക്കുന്നുണ്ട് എന്നത് ബദര്‍ പോരാളികളുടെ മഹത്വത്തിന്റെ അനശ്വരതയാണ് വ്യക്തമാക്കുന്നത്.

(2) പില്‍ക്കാല ജീവിതത്തിലുടനീളം തിരുനബി(സ്വ) ബദര്‍ പോരാളികള്‍ക്കു കല്‍പ്പിച്ചു നല്‍കിയ പരിഗണനകള്‍ സീമാതീതമായിരുന്നു. പ്രസിദ്ധമായ ഒരു സംഭവം ശ്രദ്ധിക്കുക. ഇമാം മുഖാതില്‍(റ) ഉദ്ധരിക്കുന്നു. ഒരു വെള്ളിയാഴ്ച മദീനാപള്ളി നിബിഢമായി. സ്ഥലപരിമിതിമൂലം ചിലര്‍ക്ക് ഇരിക്കാനിടം ലഭിച്ചില്ല. മുഹാജിറുകളും അന്‍സ്വാറുകളുമായ ബദര്‍ പോരാളികളെ പ്രത്യേകം ആദരിക്കുക നബി(സ്വ)യുടെ പതിവായിരുന്നു.ചില ബദര്‍ പോരാളികള്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഇരിപ്പിടം ലഭിച്ചില്ല. മറ്റുചിലര്‍ മുമ്പേ ഇരുന്നു കഴിഞ്ഞിരുന്നു. നബി(സ്വ)ക്കു സലാം ചൊല്ലിയ ശേഷം പോരാളികളില്‍പ്പെട്ടവര്‍ ക്ഷമാപൂര്‍വം കാ ത്തുനിന്നു. ഇരിക്കുന്നവര്‍ പോരാളികള്‍ക്കു ഇരിപ്പിടം തരപ്പെടുത്തിക്കൊടുക്കാത്തതില്‍ തിരുനബിക്ക് വിഷമമുണ്ടായി. ഒടുവില്‍ മുമ്പേ വന്ന് ഇരിപ്പിടം കൈവശപ്പെടുത്തിയ ചിലരോട് പേരുവിളിച്ചു പറഞ്ഞു നബി(സ്വ) എഴുന്നേല്‍ക്കാനാവശ്യപ്പെട്ടു. പോരാളികളില്‍ നിന്നും നില്‍ക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടം ഒഴിവാക്കിയെടുത്തു. ശേഷം തല്‍സ്ഥാനത്ത് പോരാളികളോട് ഇരിക്കുവാന്‍ ആവശ്യപ്പെട്ടു. ഇരിപ്പിടം നഷ്പ്പെട്ടവര്‍ക്ക് സദുപദേശം നല്‍കി ആശ്വസിപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് പരിശുദ്ധ ഖുര്‍ആനിലെ അല്‍മുജാദലയിലെ പതിനൊന്നാം വചനം അവതീര്‍ണമായത്(ഇമാം ഇബ്നുകസീര്‍. തഫ്സീര്‍ 4/325, ഇമാം ഖുര്‍ത്വുബി. തഫ്സീര്‍ 17/297). ഇബ്നുകസീര്‍(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ അവകാശത്തില്‍ ജനങ്ങള്‍ വീഴ്ചവരുത്തിയത് പരിഹരിക്കാനും അവരുടെ സവിശേഷമായ മഹത്വം ജനങ്ങളെ തെര്യപ്പെടുത്താനും വേണ്ടിയാണ് തിരുനബി(സ്വ) ഇപ്രകാരം ചെയ്തത്’ (തഫ്സീറു ഇബ്നുകസീര്‍ 4/326).

(3) ഒരിക്കല്‍ ഒരു പോരാളിയോട് ഉമര്‍(റ) അല്‍പം പരുഷമായി സംസാരിച്ചത് പ്രവാചക തിരുമേനിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടുന്ന് ഗൌരവ സ്വരത്തില്‍ അതിനെ വിലക്കുകയും പോരാളികളെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു. ഇതുകേട്ട സ്വഹാബിമാര്‍ പോരാളികളില്‍പ്പെട്ട സ്വഹാബിമാരെ തിരഞ്ഞുപിടിച്ച് ആദരപൂര്‍വം ആലിംഗനം ചെയ്തു. അവരോട് ‘കളിച്ചാല്‍’ വല്ലനാശവും പറ്റിപ്പോകുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പിന്നീട് ഉമര്‍(റ) പറയുമായിരുന്നു. ‘നശിച്ചവരെല്ലാം നശിക്കാനിടവന്നത് ബദര്‍ പോരാളികളോട് കളിച്ചതുകൊണ്ടത്രെ’ (തഫ്സീറുത്വബ്രി 28/45).

(4) ഖലീഫാ ഉമര്‍(റ) തന്റെ ഭരണകാലത്ത് മുസ്ലിം പൌരന്മാരുടെ പട്ടിക തയ്യാറാക്കുവാന്‍ ഉത്തരവിട്ടു. ബഹുമാനം, ദാനം, പ്രവേശനാനുമതി മുതലായ കാര്യങ്ങളില്‍ പ്രസ് തുത പട്ടിക ക്രമമനുസരിച്ച് പരിഗണന നല്‍കാനും ഉമര്‍(റ) കല്‍പ്പിച്ചു. പ്രസ്തുത പട്ടികയില്‍ ആദ്യനിരയില്‍ സ്ഥാനം നേടിയവര്‍ ബദര്‍ പോരാളികളായിരുന്നു. ഒന്നാമത്തെ നാ മം അലി(റ)യുടെതായിരുന്നു(അല്‍തറാത്തീബുല്‍ ഇദാരിയ്യ 1/225).

(5) ഖലീഫാ ഉമറി(റ)ന്റെ ഭരണകാലത്ത് മുസ്ലിംകള്‍ക്കിടയില്‍ ധനവിതരണത്തിന്റെ പട്ടിക തയ്യാറാക്കി. അത്വാഅ്(റ)പറയുന്നു. ഓരോ ബദര്‍ പോരാളിക്കും(അക്കാലത്ത് ജീവിച്ചിരിപ്പുള്ളവര്‍ക്ക്) അയ്യായിരം വീതം നിശ്ചയിക്കുവാന്‍ ഉമര്‍(റ) കല്‍പ്പിച്ചു. അദ്ദേഹം പ്ര ഖ്യാപിച്ചു: ‘ബദര്‍ പോരാളികളെ മറ്റുള്ളവരേക്കാള്‍ ഞാന്‍ പരിഗണിക്കുകതന്നെ ചെയ്യും (സ്വഹീഹുല്‍ ബുഖാരി 4/1475 നമ്പര്‍ 3797).

(6) ഉമര്‍(റ)ന്റെ ഭരണകാലത്ത് ധനസഹായത്തില്‍ ബദ്ര്‍ പോരാളികള്‍ക്ക് മുന്തിയ പരിഗണന നല്‍കിയതിനു പുറമെ അവരുടെ വിധവകള്‍ക്കും മക്കള്‍ക്കും പ്രത്യേക ധനസഹായം കൊടുക്കുന്ന സമ്പ്രദായവും നിലവില്‍വന്നു. ഇമാം ഇബ്നുസഅദ്(റ) രേഖപ്പെടുത്തുന്നു: ‘ഉമര്‍(റ) ബദ്ര്‍ പോരാളികളുടെ മക്കള്‍ക്ക് രണ്ടായിരം വീതം സഹായധനം പ്ര ഖ്യാപിച്ചു’(ത്വബഖാതുല്‍കുബ്റാ 3/296). ഇമാം ത്വബരി(റ) എഴുതുന്നു: ‘ഉമര്‍(റ) ബദര്‍ പോരാളികളുടെ സ്ത്രീകള്‍ക്ക് അഞ്ഞൂറ് നാണയം വിതം ധനസഹായം അനുവദിച്ചു’(താരീഖുത്വബരി 2/452).

(7) ഉമ്മുല്‍ഹകം(റ) പറയുന്നു. ഒരിക്കല്‍ നബി(സ്വ)യുടെ സവിധത്തില്‍ കുറച്ച് ധനം എത്തിച്ചേര്‍ന്നു. ഞാനും എന്റെ സഹോദരിയും വിവരമറിഞ്ഞു ചെന്ന് സഹായം ആവശ്യപ്പെട്ടു. അപ്പോള്‍ തിരുനബി(സ്വ) പറഞ്ഞു: ‘വന്ന പണമെല്ലാം ബദര്‍ പോരാളികളുടെ വിധവകള്‍ ക്കും അനാഥകള്‍ക്കുമായി വിതരണം ചെയ്തു കഴിഞ്ഞു’(ഇമാം അഹ്മദ് അബൂബക്ര്‍ ശൈബാനി, മരണം ഹി. 287, അല്‍ആഹാദു വല്‍ മസാനി 6/243).

(8) ബദര്‍ പോരാളികള്‍ക്ക് പ്രത്യേകമായി സ്വഹാബിമാര്‍ കല്‍പ്പിച്ചുനല്‍കിയ ആദരവിന്റെ ഏറ്റവും ഉദാത്തമായ ഒരു ഉദാഹരണമാണ് അവരുടെ പേരിലുള്ള മയ്യിത്തു നിസ്കാരത്തില്‍ സ്വീകരിക്കപ്പെട്ട സവിശേഷ രീതി. ഇമാം ബുര്‍ഹാനുദ്ദീനുല്‍ ഹലബി(റ) എഴുതുന്നു: ‘ബദര്‍ പോരാളികളുടെ പേരിലുള്ള മയ്യിത്ത് നിസ്കാരത്തില്‍ സാധാരണ നിസ്കാരത്തേക്കാള്‍ ഒരു തക്ബീര്‍ കൂടി വര്‍ധിപ്പിക്കുന്ന സമ്പ്രദായം സ്വീകരിക്കപ്പെട്ടിരുന്നു. അവരുടെ പ്രത്യേക മഹത്വം പ്രകാശിപ്പിക്കുവാനായി അഞ്ചു തക്ബീറുകള്‍ ചൊല്ലിയാണ് മയ്യി ത്ത് നിസ്കരിച്ചിരുന്നത്’(സീറത്തുല്‍ ഹലബിയ്യ 2/470). ഇമാം ഇബ്നു സഅദ്  (റ) രേഖപ്പെടുത്തുന്നു: ‘ബദര്‍ പോരാളികളില്‍പ്പെട്ട സഹ്ലുബ്നു ഹുനൈഫ്(റ) വഫാത്തായപ്പോള്‍ അലി(റ)യാണ് ജനാസ നിസ്കാരത്തിന് നേതൃത്വം നല്‍കിയത്. അദ്ദേഹം അഞ്ച് തക്ബീറുകള്‍ ചൊല്ലി. ആരോ ചോദിച്ചു: ‘ഒരു തക്ബീര്‍ അധികമായത് എന്തുകൊണ്ടാണ്? ‘അലി (റ) പറഞ്ഞു: ‘ഇത് സഹ് ലുബ്നു ഹുനൈഫി(റ)ന്റെ ജനാസയാണ്. ബദ്ര്‍ പോരാളിയാണദ്ദേഹം. പോരാളികള്‍ക്കെല്ലാം അവരെല്ലാത്തവരെക്കാള്‍ കൂടുതല്‍ മഹത്വമുണ്ട്. ബദര്‍ പോരാളികളുടെ വര്‍ധിച്ച പദവി നിങ്ങള്‍ക്കു പഠിപ്പിച്ചുതരുവാന്‍ വേണ്ടിയാണ് ഞാന്‍ ഒരു തക്ബീര്‍ വര്‍ധിപ്പിച്ചത്’ (ത്വബഖാതുല്‍ കുബ്റാ 3/472). ബദര്‍ പോരാളികള്‍ ജീവിച്ചിരുന്ന കാലമത്രയും സമകാലീന മുസ്ലിംകള്‍ അളവറ്റ ബഹുമാനവും ആദരവും നല്‍കി അവരുടെ സ്ഥാന മഹത്വങ്ങള്‍ പ്രകാശിപ്പിക്കുകയുണ്ടായി. നബി(സ്വ)യുടെ കാലശേഷം വന്ന മുസ്ലിംകളെല്ലാവരും സമുദായത്തിലെ ഏറ്റവും ശ്രേഷ്ഠ വ്യക്തികളായി ബദര്‍ പോരാളികളെ പരിഗണിച്ചുപോന്നു. നിസ്കാരവേളകളില്‍ ബദര്‍ പോരാളികളില്‍പ്പെട്ട ഒരാള്‍ സ്ഥലത്തുണ്ടെങ്കില്‍ അവരെ മറികടന്ന് ഇമാമത്ത് പദവി സ്വീകരിക്കുവാന്‍ മറ്റാരും തയ്യാറായിരുന്നില്ല(ഇമാം മഹ്മൂദ് അല്‍ സമഖ്ശരി, മരണം ഹി. 538 അല്‍ ഫാഇഖ് 2/105). പണ്ഢിതയായ ആഇശ(റ)യുടെ മുമ്പില്‍ വെച്ച് ഒരു മാതാവ് സ്വന്തം മകനെ ശകാരിച്ചു. ഇതുകേട്ട ആഇശ(റ) കോപാകുലയായി ചോദിച്ചു. ‘എന്താണിത്. അദ്ദേഹം ബദര്‍ പോരാളിയല്ലെ. നിങ്ങളുടെ മകനാണെങ്കില്‍ പോലും ബദര്‍ പോരാളികളില്‍ അദ്ദേഹം ഉള്‍പ്പെട്ടുപോയിരിക്കുന്നു. ഇനിമേലില്‍ ഇത് പറയരുത്’ (ഇമാം സുയൂത്വി, തഫ്സീര്‍ ദുര്‍റുല്‍ മന്‍സ്വൂര്‍ 6/148). പ്രമുഖ സ്വഹാബിയായ ഖാലിദുബ്നുല്‍ വലീദ്(റ) അബ്ദുറഹ്മാനുബ്നു ഔഫി(റ)നെ കുറിച്ച് നബി(സ്വ)യോട് പരാതിപ്പെട്ടു. നബി(സ്വ) പറഞ്ഞു: ‘ഓ ഖാലിദ്. ബദര്‍ പോരാളികളില്‍പ്പെട്ട ഒരു മാന്യനെ നീ വിഷമിപ്പിക്കുകയാണോ? നീ മനസ്സിലാക്കുക. ഉഹ്ദ് പര്‍വതത്തോളം സ്വര്‍ണം നീ വ്യയം ചെയ്താല്‍ പോലും അന്ന് ബദര്‍ പോരാളികള്‍ ചെയ്ത പു ണ്യം നിനക്കു ചെയ്തു തീര്‍ക്കാനാകില്ല’ (സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ 15/565 നമ്പര്‍ 7091).

ഹജ്ജ് വേളകളിലൊന്നില്‍ തനിക്ക് അപരിചിതമായ ഒരു മതവിധി മഹാ പണ്ഢിതനായ അബ്ദുല്ലാഹിബ്നു ഉമറി(റ)നെ ഒരാള്‍ കേള്‍പ്പിച്ചു. ആരാണിപ്പറഞ്ഞത്? ഇബ്നു ഉമര്‍(റ) ചോദിച്ചു. ‘അബൂഹബ്ബ(റ)യാണത്’ എന്ന മറുപടി കേട്ടപ്പോള്‍ ഇബ്നു ഉമര്‍ പ്രതികരിച്ചു: ‘അബൂഹബ്ബ പറഞ്ഞതാണോ? അദ്ദേഹം പറഞ്ഞത് സത്യമായിരിക്കും. അദ്ദേഹം ബദര്‍ പോരാ ളികളില്‍പ്പെട്ട വ്യക്തിയാണ്’(ഇമാം ഫാക്കിഹി, അഖ്ബാറു മക്ക 4/297). മഹാത്മാ ക്കളായ ബദര്‍ പോരാളികളുടെ മഹത്വവും അത്യുന്നത പദവിയും പില്‍ക്കാല മുസ്ലിംകളും അര്‍ഹമായി മനസ്സിലാക്കുകയുണ്ടായി. ഈ സമുദായത്തിന്റെ കാവല്‍ഭടന്മാരായ മഹാപുരുഷന്മാരെ സ്നേഹിച്ചും ആദരിച്ചും അനുസ്മരിച്ചുമാണ് ഓരോ തലമുറയും കടന്നുപോന്നത്. അവരുടെ ചരിത്രം പറയുന്നതും പെരുമ പ്രചരിപ്പിക്കുന്നതും പുണ്യകര്‍മമായി ഈ സമുദായം ഗണിച്ചുവരുന്നു. അല്ലാഹു അനശ്വരത നല്‍കിയാദരിച്ച മഹദ് വ്യക്തികളാണവര്‍. തിരുനബി(സ്വ) യുടെ ഉറ്റ കൂട്ടുകാര്‍. അതിനിര്‍ണായക ഘട്ടത്തില്‍ ഈ സത്യമതത്തെ എല്ലാം സമര്‍പ്പിച്ച് പുഷ്ടിപ്പെടുത്തിയവര്‍. അവരുടെ അപദാനങ്ങള്‍ പാടിപ്പറഞ്ഞു പുകഴ്ത്തുന്നത് സത്യവിശ്വാസികള്‍ക്ക് ഒഴിച്ചു നിര്‍ത്താനാകാത്തതാണ്. സ്വഹീഹുല്‍ ബുഖാരിയിലെ ഒരു ഹദീസ് ഇങ്ങനെ സംഗ്രഹിക്കാം: ‘തിരുനബി(സ്വ) മദീനയിലെ ഒരു വീട്ടില്‍ കല്യാണാഘോഷ ത്തിനെത്തുന്നു. അവിടെ ചില പെണ്‍കുട്ടികള്‍ അപദാന ഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരി ക്കയാണ്. ബദര്‍ രക്തസാക്ഷികളെ പുകഴ്ത്തുന്ന ഗാനങ്ങളായിരുന്നു അത്. തിരുനബി(സ്വ) കടന്നുവന്നപ്പോള്‍ കുട്ടികളുടെ പ്രകീര്‍ത്തന ഗാന വിഷയം മാറി. സ്വാഭാവികമായും അവര്‍ തിരുനബി(സ്വ)യെ പ്രകീര്‍ത്തിച്ചു പാടാന്‍ തുടങ്ങി. നബി(സ്വ) അവരോട് പറഞ്ഞു: ‘ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിക്കൊണ്ടിരുന്നതു തന്നെ പാടുവീന്‍’ (സ്വഹീഹുല്‍ ബുഖാരി 4/1496 നമ്പര്‍ 3779).


RELATED ARTICLE

 • പ്രതിദിന ദിക്റുകള്‍
 • എല്ലാദിവസവും ചൊല്ലേണ്ട ദുആ
 • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
 • പെരുന്നാള്‍ നിസ്കാരം
 • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
 • ലൈലതുല്‍ ഖ്വദ്ര്‍
 • ബദര്‍ദിന ചിന്തകള്‍
 • തറാവീഹ് : ജല്‍പ്പനവും മറുപടിയും
 • എട്ട് റക്’അത് നിഷ്ഫലം
 • രേഖകള്‍ ഇരുപതിനു തന്നെ
 • തറാവീഹിന്റെ റക്’അതുകള്‍
 • തറാവീഹിലെ ജമാ’അത്
 • തറാവീഹ് നിസ്കാരം
 • റമള്വാനിലെ സംസര്‍ഗം
 • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
 • നോമ്പിന്റെ സമയം
 • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
 • ഇസ്തിഹാളത് കാരിയുടെ നോമ്പ്
 • നോമ്പില്‍ ഇളവുള്ളവര്‍
 • നോമ്പിന്റെ സുന്നത്തുകള്‍
 • നോമ്പിന്റെ ഫര്ളുകള്‍
 • നോമ്പ് നിര്‍ബന്ധമായവര്‍
 • സംശയനിവാരണം
 • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
 • റമളാനിന്റെ സ്ഥിരീകരണം
 • കണക്കും ജ്യോതിശാസ്ത്രവും
 • നോമ്പിന്റെ അനിവാര്യത
 • റമളാന്‍ മഹത്വവും പ്രസക്തിയും
 • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
 • ആമീന്‍ പറഞ്ഞിരുന്നുവെന്നതിന് ഹദീസില്‍ തെളിവില്ല
 • രക്ത വിപണനവും രക്തദാനവും
 • മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ദിക്റും ദിക്റ് ഹല്‍ഖകളും
 • ഖബര്‍ സിയാറത്
 • തറാവീഹ്
 • തല്‍ഖീന്‍
 • സ്ത്രീ ജുമുഅ ജമാഅത്ത്
 • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം
 • നിസ്കാരത്തില്‍ ഖുനൂത്
 • സ്ത്രീ പള്ളിപ്രവേശത്തിന്റെ മതവീക്ഷണം
 • നേര്‍ച്ച
 • മാസപ്പിറവി
 • ഖുത്വുബയുടെ ഭാഷ
 • കൂട്ടുപ്രാര്‍ഥന
 • ജുമുഅയും വിവാദങ്ങളും
 • ജാറങ്ങള്‍
 • അടിയന്തിരം
 • സുന്നത്ത് കുളികള്‍
 • സുന്നത് നോമ്പുകള്‍
 • വ്രതാനുഷ്ഠാനം: