Click to Download Ihyaussunna Application Form
 

 

നോമ്പ് മുറിയുന്ന കാര്യങ്ങള്‍

(1) റമള്വാന്‍ നോമ്പിന്റെ പകല്‍ സമയത്ത് കരുതിക്കൂട്ടി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കൊണ്ട് നോമ്പ് അസാധുവാകും പ്രായശ്ചിത്തവും നിര്‍ബന്ധമാകും. ‘റമള്വാനിലെ സംസര്‍ഗം’ എന്ന ലേഖനം നോക്കുക. മറ്റ് ചില കാരണങ്ങള്‍ കൊണ്ടും നോമ്പ് അസാധുവാകുന്നതാണ്. അത് വിശദീകരിക്കുകയാണിവിടെ. (2) നോമ്പുകാരനാണെന്ന ബോധവും നിഷിദ്ധമാണെന്ന അറിവും ഉള്ളതോടെ കരുതിക്കൂട്ടി ഛര്‍ദ്ദിക്കുക. ഛര്‍ദ്ദി വന്നവന് നോമ്പ് ഖ്വളാഅ് വീട്ടേണ്ടതില്ലെന്നും ഉണ്ടാക്കി ഛര്‍ദ്ദിച്ചവനാണ് ഖ്വളാഅ് വീട്ടേണ്ടതെന്നുമുള്ള സ്വഹീഹായ ഹദീസാണ് ഇതിന് രേഖ.

എന്നാല്‍ അടുത്ത കാലത്ത് ഇസ്ലാമാശ്ളേഷിച്ച വ്യക്തിയാവുക, പണ്ഢിതന്മാരില്‍ നിന്നും ദൂരെയുള്ള സ്ഥലത്ത് ജീവിക്കുക തുടങ്ങിയ പ്രതിബന്ധങ്ങളുള്ള സാധാരണക്കാരനും നോമ്പുകാരനാണെന്ന കാ ര്യം മറന്നവനും ബലാല്‍ക്കാരത്തിന് വിധേയമായവനും ഉപര്യുക്ത കാര്യങ്ങളും ശേഷം വിശദീകരിക്കുന്ന കാര്യങ്ങളും ചെയ്യുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല.

ഉണ്ടാക്കി ഛര്‍ദ്ദിക്കുന്നവന്റെ വായയില്‍ നിന്ന് ഒരു വസ്തുവും ഉള്ളിലേക്ക് ഇറങ്ങിയിട്ടില്ലെന്നുറപ്പായാലും നോമ്പ് മുറിയുക തന്നെ ചെയ്യും. ഉണ്ടാക്കി ഛര്‍ദ്ദിച്ചുവെന്നതാണ് കാരണം. ഉള്ളിലേക്ക് അതില്‍ നിന്ന് വല്ലതും പ്രവേശിച്ചോ ഇല്ലയോ എന്ന പരിഗണന ഇവിടെയില്ല.

എന്നാല്‍ തലയില്‍ നിന്നോ ഉള്ളില്‍ നിന്നോ കഫം കാര്‍ക്കിച്ചെടുത്ത് പുറത്തേക്ക് തുപ്പിക്കളയുന്നത് കൊണ്ട് നോമ്പ് മുറിയുന്നതല്ല. അത് ഛര്‍ദ്ദി ഉണ്ടാക്കലല്ലല്ലോ. പക്ഷേ, വായയുടെ പരിധിയിലേക്കെത്തിയ ശേഷം തുപ്പാന്‍ സൌകര്യമായിട്ടും തുപ്പിക്കളയാതെ ഉള്ളിലേക്ക് ഇറങ്ങിപ്പോയാല്‍ നോമ്പ് അസാധുവാകുമെന്നതില്‍ പണ്ഢിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല.

ഈച്ച ശരീരത്തിനകത്തു പ്രവേശിച്ചാല്‍

നോമ്പുകാരന്റെ വയറ്റിലേക്കോ മറ്റോ അറിയാതെ ഈച്ച പ്രവേശിച്ചാല്‍ നോമ്പു മുറിയുകയില്ല. എന്നാ ല്‍ അതിനെ പുറത്തെടുക്കാന്‍ വേണ്ടി ഉണ്ടാക്കി ഛര്‍ദ്ദിച്ചാല്‍ നോമ്പു നഷ്ടപ്പെടും. ഈച്ചയുടെ പ്രവേശം മൂലം കഠിനമായി പ്രയാസപ്പെടുന്ന വ്യക്തിക്ക് ഈച്ചയെ പുറത്തെടുക്കാം. അതു ഫര്‍ള്വ് നോമ്പാണെങ്കില്‍ ഖ്വള്വാഅ് വീട്ടല്‍ നിര്‍ബന്ധവുമാണ് (തുഹ്ഫ: 3/403).

നോമ്പുകാരന്റെ ഉള്ളില്‍ പോയ ഈച്ച നോമ്പു മുറിയുന്ന പരിധിയില്‍ കയറിയോ എന്നു സംശയിച്ചാല്‍ അതിനെ പുറത്തുചാടിക്കാം. അതുമൂലം നോമ്പു മുറിയില്ല. മാത്രവുമല്ല, നോമ്പു മുറിയുന്ന പരിധിയിലേക്കു കയറുമെന്നു ഭയന്നാല്‍ ഫര്‍ള്വ് നോമ്പുകാരനാണെങ്കില്‍ നിര്‍ബന്ധമായും ചാടിക്കണം. ഉള്ളിലേക്കു കയറുമെന്നു കണ്ട കഫം പുറത്തു ചാടിക്കുന്നതു പോലെത്തന്നെയാണ് ഇവിടെയും (ശര്‍വാനി: 3/403).

നോമ്പുകാരന്റെ ഉള്‍ഭാഗം

(3) മനുഷ്യശരീരത്തില്‍ നിന്ന്, സാധാരണഗതിയില്‍ ഉള്‍ഭാഗം എന്ന് പറയപ്പെടുന്ന സ്ഥലങ്ങളിലേക്ക് വല്ല തടിയും ചേരുന്നത് കൊണ്ടും നോമ്പ് മുറിയുന്നതാണ്. ഉള്‍ഭാഗം എന്നാല്‍ തലയോട്ടി, ചെവി, മുലക്കണ്ണ്, വയര്‍, ലിംഗാഗ്രം, പിന്‍ദ്വാരം എന്നിവയുടെ ഉള്‍ഭാഗവും തരിമൂക്ക്, അറബി അക്ഷരങ്ങളിലെ ആറാമത്തതിന്റെ ഉറവിടം (കുറുനാക്ക്), കാലുകള്‍ കുത്തനെ വെച്ചിരിക്കുമ്പോള്‍ യോനിയില്‍ നിന്ന് വെളിവാകുന്ന ഭാഗം എന്നിവകള്‍ക്കപ്പുറം, ശ്വാസനാളം, അന്നനാളം, മൂത്രാശയം, കുടല്‍ എന്നിവയാണ് (തുഹ് ഫ 3/399, 402, 403, മുഗ്നി 1/427, 428, ഇ’ആനത്ത് 2/228, 229, 231, ശര്‍ഹുബാഫള്ല്‍ & കുര്‍ദി 2/175, 176, ഇബ്നു ഖാസിം (ആശിയതുത്തുഹ്ഫ) 3/402, ശര്‍വാനി 3/400, 402, 403).

നാവില്‍ വല്ല സാധനവും വെച്ചത് കാരണം പ്രസ്തുത സാധനത്തിന്റെ രുചി മാത്രമോ  മണത്ത വസ്തുവിന്റെ വാസന മാത്രമോ ഉള്ളിലേക്ക് ചേരുന്നത് കൊണ്ട് നോമ്പ് മുറിയുന്നില്ല. രുചി, വാസന തുടങ്ങിയവ തടി അല്ലെന്നതാണ് കാരണം.

പുകവലി

എന്നാല്‍ പുകയിപ്പിക്കുക, പുക വലിക്കുക തുടങ്ങിയവയിലൂടെ ഉള്ളിലേക്ക് പുക ചേരുന്നത് കൊണ്ട് നോമ്പ് മുറിയുമോ?

നമുക്ക് പരിശോധിക്കാം. പുക സാധാരണഗതിയില്‍ ഒരു തടിയായി പരിഗണിക്കപ്പെടാത്തതി നാല്‍ മേല്‍ പറഞ്ഞവ കൊണ്ട് നോമ്പ് മുറിയില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ മേല്‍പറഞ്ഞവയിലൂടെ പുക ഉള്ളിലേക്ക് എത്തിയാല്‍ തടി തന്നെയാണ് ഉള്ളിലേക്ക് ചേരുന്നതെന്നും അതുകൊണ്ട് നോമ്പ് മുറിയുന്നതാണെന്നുമുള്ള അഭിപ്രായമാണ് പ്രബലം. വാസ്തവവും ഇത് തന്നെ. ശൈഖ് ‘അലിയ്യുബ്നുല്‍ ജമാലില്‍ മക്കി, ബര്‍മാവി, അല്ലാമാ അബ്ദുല്ലാഹിബ്നു സ’ഈദ്, ഇബ്നുഖ്വാസിം, ബാജൂരി, ഇബ്നുസിയാദ് (റ.ഹും.) തുടങ്ങിയ പണ്ഢിതന്മാര്‍ പ്രസ്താവിച്ചതാണ് ഇക്കാര്യം.

ഉള്‍ഭാഗം എന്നുപറയാന്‍ പറ്റാത്ത വിധം മാംസം നിറഞ്ഞുനില്‍ക്കുന്ന ശരീരപേശികള്‍, മജ്ജ നിറഞ്ഞുനില്‍ക്കുന്ന എല്ലിന്റെ ആന്തരികഭാഗം തുടങ്ങിയ സ്ഥലങ്ങളിലേക്ക് കത്തി പോലെയുള്ളവ താഴ്ത്തുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. ഇക്കാര്യം തുഹ്ഫയില്‍ ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്.

ഇഞ്ചക്ഷന്‍

മേല്‍ പറഞ്ഞതനുസരിച്ച് മസിലിലേക്ക് അടിക്കുന്ന ഇഞ്ചക്ഷന്‍ കൊണ്ട് നോമ്പ് മുറിയില്ലെന്ന് വ്യക്തമാകുന്നു. എന്നാല്‍ ഞരമ്പിലേക്ക് കയറ്റുന്ന ഇഞ്ചക്ഷന്‍, ഗ്ളൂക്കോസ്, രക്തം തുടങ്ങിയവ കൊണ്ട് നോമ്പ് മുറിയുമെന്നാണ് പണ്ഢിത പക്ഷം. സാധാരണഗതിയില്‍ ഉള്‍ഭാഗം എന്നു പറയാന്‍ പറ്റുന്ന ഭാ ഗം മേല്‍ വസ്തുക്കള്‍ കയറ്റുന്ന ഞരമ്പുകള്‍ക്കുണ്ടെന്നതാണ് കാരണം. വല്ല വസ്തുവും കഴിച്ചു കൊ ണ്ട് നോമ്പ് നഷ്ടപ്പെടുത്താതെയും ഭക്ഷണം ഉപേക്ഷിച്ചു കൊണ്ട് ക്ഷീണിക്കാതെയും നോമ്പ്  ലഭ്യമാകാന്‍ ഗ്ളൂക്കോസ് കയറ്റിയാല്‍ മതിയാകുമെന്ന ധാരണ നിരര്‍ഥകമാണെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് വ്യക്തമായി.

മജ്ജ എല്ലിന്റെ ഉള്‍ഭാഗത്ത് നിറഞ്ഞു നില്‍ക്കുന്നത് പോലെ രക്തവും ഞരമ്പിന്റെ ഉള്‍ഭാഗത്ത് നിറഞ്ഞു നില്‍ക്കുന്നത് കൊണ്ട് സാധാരണഗതിയില്‍ ഉള്‍ഭാഗം എന്നുപറയാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു ഭാഗം ഞരമ്പിനില്ലെന്നതാണ് ചിലരുടെ ന്യായീകരണം. ഇത് ശരിയല്ല. കാര്യം മേല്‍പറഞ്ഞത് പോലെയാണെങ്കില്‍ മജ്ജ എല്ലിന്റെ ഉള്ളില്‍ നിശ്ചലമായി നില്‍ക്കുന്ന പോലെ രക്തവും ഞരമ്പുകള്‍ക്കുള്ളില്‍ നിശ്ചലമായി നില്‍ക്കേണ്ടിയിരുന്നു. മറിച്ച് അത് എപ്പോഴും ചലിച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ അതിലേക്ക് കയറ്റുന്ന രക്തം, ഗ്ളൂക്കോസ്, മരുന്ന് മുതലായവയും ചലിച്ച് കൊണ്ടിരിക്കുന്നു.

എന്നാല്‍ ഉമിനീര് ഇറക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. പക്ഷേ, ഇപ്പറഞ്ഞത് ഉമിനീരിന്റെ ഉറവിടമായ വായില്‍ നിന്ന് നേരെ ഉള്ളിലേക്ക് തന്നെ ഇറങ്ങിപ്പോയാലാണ്. പ്രത്യുത, നാവിന്മേലായിട്ടല്ലാതെ പുറത്തുവന്ന തുപ്പുനീര് വീണ്ടും ഉള്ളിലേക്ക് ഇറക്കിയാല്‍ നോമ്പ് മുറിയുക തന്നെ ചെയ്യും. വായില്‍ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന തുപ്പുനീര് തുപ്പിക്കളയാതെ അവ ഒരുമിച്ചു കൂടിയ ശേഷം അകത്തേക്ക് ഇറക്കുന്നത് കൊണ്ടും നോമ്പ് മുറിയുന്നില്ല.

എന്നാല്‍ ഉമിനീര് ഇറക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ലെന്ന് പറഞ്ഞത് പല്ലിന്റെ ഊന് പൊട്ടിയ രക്തം പോലെയുള്ളവ കൊണ്ട് അത് നജസായിട്ടില്ലെങ്കിലാണ്. പ്രത്യുത, നജസായിട്ടുണ്ടെങ്കില്‍ അത് ഇറക്കുന്നത് കൊണ്ട് നോമ്പ് മുറിയുന്നതാണ്. രക്തത്തിന്റെ ഒരു കലര്‍പ്പുമില്ലാത്ത വിധം തുപ്പുനീര്‍ തെളിഞ്ഞിരുന്നാലും ശരി. നജസായതോടെ അത് അന്യവസ്തുവിന്റെ സ്ഥാനത്തായെന്നതാണ് കാരണം. ഇപ്പറഞ്ഞത് സാധാരണ ഊന്‍ പൊട്ടി രക്തം വരുന്നത് കൊണ്ട്  വിഷമത്തിലായിട്ടില്ലെങ്കിലാണ്. ഇനി വിഷമസന്ധിയിലകപ്പെട്ടവനാണെങ്കില്‍ അതുകൊണ്ട് നോമ്പ് മുറിയുന്നതല്ല. നിയന്ത്രിക്കാനാകാത്തത് തന്നെ കാരണം.

എന്നാല്‍ വുള്വൂഅ് എടുക്കുന്ന സമയത്ത് വായില്‍ വെള്ളം കൊപ്ളിക്കുമ്പോള്‍ തുപ്പുനീരോടൊപ്പം വെള്ളത്തിന്റെ കലര്‍പ്പുണ്ടായാല്‍ അത് ഉള്ളിലേക്ക് ഇറക്കുന്നത് മൂലം നോമ്പ് മുറിയുകയില്ല. തുപ്പിക്കളയാന്‍ സാധ്യമാണെങ്കിലും ശരി. അതിനെ സൂക്ഷിക്കുക വിഷമകരമാണെന്നതാണ് കാരണം.

ചെവി, മൂക്ക്, മൂത്രദ്വാരം എന്നിവയിലൂടെ ശരീരത്തിന്റെ ഉള്ളിലേക്ക് മരുന്ന് ഉറ്റിക്കുക, മലദ്വാരത്തിലൂടെ മരുന്ന് കയറ്റുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും നോമ്പ് മുറിയുന്നതാണ്.

സാധാരണഗതിയില്‍ മനുഷ്യശരീരത്തില്‍ നിന്ന് ഉള്‍ഭാഗം എന്ന് പറയപ്പെടാവുന്ന ഭാഗത്തേക്ക് വല്ല തടി യും ചേരുന്നത് കൊണ്ട് നോമ്പ് മുറിയുമെന്ന് സന്ദര്‍ശകര്‍ മനസ്സിലാക്കിയല്ലോ. എന്നാല്‍ അപ്പറഞ്ഞത് തുറക്കപ്പെട്ട ദ്വാരത്തിലൂടെ അവ ഉള്ളിലേക്ക് എത്തിയാലാണ്. അപ്പോള്‍ തലയിലും ശരീരത്തിലും എണ്ണ തേക്കുന്നതിനാല്‍ രോമകൂപങ്ങള്‍ക്കിടയിലൂടെ അവ ഉള്ളിലേക്ക് പ്രവേശിക്കുന്നത് കൊണ്ട് നോമ്പ് മുറിയുന്നില്ല. അതിന്റെ പ്രതിഫലനം ഉള്ളിലേക്ക് എത്തിയാലും ശരി. അപ്രകാരം തന്നെ കണ്ണില്‍ സുറുമയിടുന്നത് കൊണ്ടും നോമ്പ് മുറിയുകയില്ല. പീളക്കുഴിയുടെ ചെറിയ ദ്വാരത്തിനുള്ളിലൂടെ സുറുമയുടെ കുളിര്‍മ തൊണ്ടയില്‍ എത്തുന്നുണ്ടെങ്കിലും ശരി. ഇവയൊന്നും തുറക്കപ്പെട്ട ദ്വാരങ്ങളല്ലെന്നതാണ് കാരണം. എന്നാല്‍ തുറക്കപ്പെട്ട ദ്വാരം കൊണ്ടുദ്ദേശിക്കുന്നത് സൃഷ്ടിപ്പില്‍ തന്നെ ഉള്ളത് മാത്രമല്ല, കൃത്രിമമായി പിന്നീട് ഉണ്ടാക്കപ്പെട്ടതും അതിലുള്‍പ്പെടും. അതുകൊണ്ടാണ് തലച്ചോറിലേക്ക് എത്തും വിധമോ വയറ്റിലേക്ക് എത്തും വിധമോ കത്തിപോലെയുള്ളവ താഴ്ത്തിയാലും നോമ്പ് അസാധുവാകുന്നത്.

വഴിയിലെ പൊടിപടലങ്ങള്‍, ഗോതമ്പ്, അരി തുടങ്ങിയവയുടെ നേരിയ പൊടികള്‍ തുടങ്ങിയവ ഉള്ളിലേക്ക് എത്തുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. അവ സൂക്ഷിക്കല്‍ പ്രയാസകരമായതാണ് കാരണം. അപ്പോള്‍ പിന്നെ ഉള്ളിലേക്കെത്തിയത് അല്‍പ്പമോ കൂടുതലോ എന്ന പരിഗണനയില്ല. അവിചാരിതമായി കയറുന്നത് സംബന്ധിച്ചാണിപ്പറയുന്നത്. ഇതനുസരിച്ച് പൊടിപടലങ്ങളുണ്ടാകുന്ന സിമന്റ്, മാര്‍ബിള്‍ തുടങ്ങിയവയുടെ ഉത്പാദന കേന്ദ്രങ്ങളിലും റൈസ്മില്‍, സോമില്‍ തുടങ്ങിയ സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവരുടെ ശ്വാസത്തിലൂടെ അവിചാരിതമായി പൊടികള്‍ കയറിപ്പോകുന്നത് കൊണ്ട് നോ മ്പ് മുറിയില്ലെന്ന് വരുന്നു.

മുങ്ങിക്കുളിക്കല്‍

എന്നാല്‍ മുങ്ങിക്കുളിക്കുന്നവന്റെ ഉള്ളിലേക്ക് വെള്ളം എത്തിയാല്‍ നോമ്പ് മുറിയുന്നതാണ്. അവിചാരിതമായി കയറിയതായാലും ശരി. മറിച്ച് വെള്ളം ഒഴിച്ചു കുളിക്കുന്നവന്റെ ഉള്ളിലേക്ക് അവിചാരിതമായി കയറുന്നത് കൊണ്ട് നോമ്പ് മുറിയുന്നില്ല. നോമ്പുകാരനെ അപേക്ഷിച്ച് മുങ്ങിക്കുളിക്കുന്നത് വിലക്കപ്പെട്ടതും വെള്ളം ശരീരത്തിലൊഴിച്ച് കുളിക്കുന്നത് വിലക്കപ്പെടാത്തതുമാണ്. മുങ്ങുന്നത് കൊണ്ട് തന്നെ നോമ്പ് മുറിയുമെന്ന നിലക്കല്ല ഉള്ളിലേക്ക് വെള്ളം ചേ രാന്‍ അത് കാരണമാകുന്നു എന്നത് കൊണ്ടാണ്. അപ്പോള്‍ ഉള്ളിലേക്ക് വെള്ളം ചേരാതെ മുങ്ങിയത് കൊണ്ട് നോമ്പ് മുറിയില്ല.

അര്‍ശസ് (മൂലക്കുരു)

മൂലവ്യാധിയുള്ളവനില്‍ നിന്ന് പുറത്തുവരുന്ന മൂലം ഉള്ളിലേക്ക് തന്നെ കയറുന്നത് കൊണ്ട് നോമ്പ് മു റിയുന്നില്ല. ഇപ്രകാരം തന്നെയാണ് അവന്‍ കയറ്റിയാലും.  നിവൃത്തിയില്ലാത്തതിനാലാണത്. എന്നാല്‍ രക്തം പോലെയുള്ള അശുദ്ധമായ വല്ല വസ്തുക്കളും അതിന്റെമേല്‍ ഉണ്ടെന്നിരിക്കട്ടെ. എങ്കില്‍ അതി നെ കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയുമോ ഇല്ലയോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്. നോമ്പ് മുറിയില്ലെന്ന അഭിപ്രായത്തിനാണ് പ്രാബല്യം. ഈ രണ്ടഭി പ്രായം തന്നെ പ്രസ്തുത അശുദ്ധ വസ്തുക്കളുള്ള മൂലം കഴുകുന്നത് കൊണ്ട് വിഷമമില്ലെങ്കിലാണ്. പ്രത്യുത വിഷമമുണ്ടെങ്കില്‍ കഴുകുന്നതിന്റെ മുമ്പുതന്നെ കയറ്റുന്നത് കൊണ്ട് നോമ്പ് മുറിയില്ലെന്ന് ഉറപ്പിച്ച് പറയാനാകും.

വുള്വൂഇന്റെ സുന്നതുകളായ വായില്‍ വെള്ളം കൊപ്ളിക്കുക, മൂക്കില്‍ വെള്ളം കയറ്റിച്ചീറ്റുക എന്നിവയിലൂടെ വെള്ളം ഉള്ളിലേക്ക് ചേര്‍ന്നാല്‍ നോമ്പ് മുറിയും. എന്നാല്‍ മുറിയുമെന്ന് പറഞ്ഞത് നോമ്പുകാരന് വിലക്കപ്പെട്ടവിധം അമിതമായി ചെയ്തിട്ടുണ്ടെങ്കിലാണ്. ഇല്ലെങ്കില്‍ നോമ്പ് മുറിയാത്തതാകുന്നു. പക്ഷേ, വായ നജസായിട്ടുണ്ടെങ്കില്‍ അതിന്റെ ശുചീകരണത്തിനുവേണ്ടി കഴുകുമ്പോള്‍ ആധിക്യം പ്രവര്‍ത്തിക്കല്‍ അനിവാര്യമായത് കൊണ്ട് അവിചാരിതമായി വെള്ളം ഉള്ളിലേക്ക് ചേര്‍ന്നാല്‍ നോമ്പ് മുറിയുകയില്ല.

രാത്രി കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ തങ്ങിനിന്നുവെന്നിരിക്കട്ടെ. എന്നാല്‍ അവിചാരിതമായി തുപ്പുനീരിനോട് കൂടെ ആ അവശിഷ്ടങ്ങള്‍ ഉള്ളിലേക്കിറങ്ങിയാല്‍ നോമ്പ് മുറിയുന്നതല്ല. തുപ്പുനീരില്‍ നിന്ന് അവയെ വേര്‍തിരിച്ച് ഒഴിവാക്കാന്‍ സാധ്യമായില്ലെങ്കിലാണിപ്പറഞ്ഞത്. പ്രത്യുത സാധ്യമാവുകയും എന്നിട്ട് അതിനെ ഒഴിവാക്കാതിരിക്കുകയും ചെയ് താല്‍ അത് ഇറങ്ങുന്നത് കൊണ്ട് നോമ്പ് മുറിയുക തന്നെചെയ്യും.

ചുംബനവും നോമ്പും

(4) ശുക്ളം പുറപ്പെടുവിക്കുന്നത് കൊണ്ടും നോമ്പ് മുറിയുന്നതാണ്. പുറപ്പെടുവിച്ചത് അനുവദനീയമായ മാര്‍ഗേണയോ അല്ലാത്ത മാര്‍ഗേണയെന്നോ എന്നുള്ള വ്യത്യാസമില്ല. ഇപ്രകാരം തന്നെ സ്പര്‍ശനം, ചുംബനം തുടങ്ങിയ കാരണങ്ങളാല്‍ ശുക്ളം പുറപ്പെട്ടാലും നോമ്പ് മുറിയും. ശരീരസ്പര്‍ശനത്തോടെ ഭാര്യയുമൊന്നിച്ച് കിടന്ന കാരണത്താല്‍ ഇന്ദ്രിയം പുറപ്പെട്ടാലും തഥൈവ. എന്നാല്‍ മറയോട് കൂടിയു ള്ള സ്പര്‍ശനം, വികാരത്തോടെയുള്ള ദര്‍ശനം, ചിന്ത തുടങ്ങിയ കാരണങ്ങളാല്‍ ശുക്ളം പുറപ്പെടുന്നത് കൊണ്ട് നോമ്പ് മുറിയുന്നില്ല. വുള്വൂഇനെ മുറിക്കും വിധമുള്ള സ്പര്‍ശനം ഇല്ലാത്തതിനാല്‍ സ്വപ്ന സ്ഖലനത്തോടാണ് ഇതിന് സാമ്യതയുള്ളത്. വികാരത്തെ ഇക്കിളിപ്പെടുത്തുന്ന ചുംബനം പോലെയുള്ളവ നോമ്പുകാരന് കറാഹത്താകുമെന്നാണ് നിയമം. ഫര്‍ള്വ് നോമ്പാണ് അനുഷ്ഠിക്കുന്നതെങ്കില്‍ ഹ റാമിന്റെ കുറ്റമുള്ള(തഹ്രീമിന്റെ) കറാഹത് തന്നെയാകും.

ശരീരത്തില്‍ കൊത്തി വ്രണപ്പെടുത്തിയോ കൊമ്പുവെച്ചോ രക്തം എടുക്കുന്നത് കൊണ്ട് നോ മ്പ് മുറിയുന്നതല്ല. പക്ഷേ ഇന്നത്തെ ആധുനിക സംവിധാനമനസരിച്ച് രക്തമെടുക്കുന്നത് കൊ ണ്ട് നോമ്പ് മുറിയുമെന്നാണ് മുന്‍വിശദീകരണത്തിന്റെ താത്പര്യം. രക്തമെടുത്തുവെന്നതല്ല പ്രശ്നം. പ്രത്യുത ഞരമ്പിന്റെ ഉള്ളിലേക്ക് സിറിഞ്ച് പ്രവേശിച്ചുവെന്നതാണ് (തുഹ്ഫ ശര്‍വാനി സഹിതം 3/397 മുതല്‍ 413 വരെ നോക്കുക).


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • സുന്നത് നോമ്പുകള്‍
  • വ്രതാനുഷ്ഠാനം: