Click to Download Ihyaussunna Application Form
 

 

കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?

കണക്കുകള്‍ കൊണ്ട് മാസം കാണില്ലെന്ന് ബോധ്യപ്പെട്ട ദിവസം മാസം കണ്ടതായി സാക്ഷികള്‍ വ്യക്തമാക്കിയാല്‍ പ്രസ്തുത സാക്ഷിത്വം അംഗീകരിക്കപ്പെടുമോ? എന്ന ചോദ്യം പ്രസക്തമാണ്. സാക്ഷിത്വം തള്ളിക്കളയണമെന്ന ‘ഉബ്ബാദി(റ)യുടെ വാക്കുകള്‍ ഉദ്ധരിച്ച ശേഷം അത് ശരിവെക്കുകയാണ് ബഹു. ഖ്വല്‍യൂബി(റ) ചെയ്തിരിക്കുന്നതെന്ന് ചില ആളുകള്‍ വാദിക്കുന്നു.

നമുക്ക് പണ്ഢിതന്മാരുടെ വാക്കുകള്‍ പരിശോധിക്കാം. ശൈഖ് മുഹമ്മദുദ്ദിംയാത്വി(റ) പറയുന്നു: “നീതിമാന്റെ സാക്ഷിമൊഴി അവലംബിച്ച് ഖ്വാള്വിക്ക് മാസപ്പിറവി നിശ്ചയിക്കാം. സാക്ഷിത്വം (ശഹാദത്) കേവലം ഒരു വാക്കാണെങ്കിലും അതവലംബിക്കാ വുന്നതാണ്. ഇബ്നു ‘ഉമറി(റ)ന്റെ ഹദീസില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഇബ്നു ‘ഉമര്‍(റ) പറഞ്ഞു: “ഞാന്‍ മാസപ്പിറവി കണ്ടതായി നബി(സ്വ)യെ അറിയിച്ചപ്പോള്‍ നബി(സ്വ) അതനുസരിച്ച് നോമ്പനുഷ്ഠിക്കുകയും ജനങ്ങളോട് നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു.” കണക്കുകള്‍ അടിസ്ഥാനമാക്കി ഗോളശാസ്ത്രജ്ഞന്മാര്‍ മാസം കാ ണില്ലെന്നുപറഞ്ഞാല്‍ അത് പരിഗണനീയമല്ല. ഈ വാക്കുകള്‍ പരിഗണിച്ച് സാക്ഷികളുടെ മൊഴി സ്വീകരിക്കപ്പെടുകയില്ലെന്ന ഖ്വല്‍യൂബി(റ)യുടെ അഭിപ്രായത്തെ എതിര്‍ ത്തുകൊണ്ടാണ് ഞാനിത് പറയുന്നത്’ (അദ്ദലീലുത്താം അലാ മുര്‍ശിദില്‍ അനാം 2/170).

ഫത്ഹുല്‍ അല്ലാം പറയുന്നു: “ശാഫി’ഈ മദ്ഹബ് പ്രകാരം ഖ്വല്‍യൂബി(റ)യുടെ അഭിപ്രായം പരിഗണനീയമല്ല. കണക്കുകള്‍ക്കെതിരെയുള്ള സാക്ഷിത്വം സ്വീകരിക്കപ്പെടുമെന്നതാണ് ശാഫി’ഈ മദ്ഹബില്‍ പരിഗണനീയമായത്” (ഫത്ഹുല്‍ അല്ലാം 2/171).

ഉബ്ബാദി(റ)യുടെ അഭിപ്രായം ശരിവെച്ച മറ്റൊരു വ്യക്തിയാണ് ഇമാം സുബ്കി(റ). ഇമാം സുബ്കി(റ)യുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് ഇമാം റംലി(റ) എഴുതുന്നു: “കണക്കിനെ നബി(സ്വ) അവലംബിച്ചിട്ടില്ല. പ്രത്യുത, അവഗണിക്കുകയാണുണ്ടായത്. അതുസംബന്ധമായി ശരീ’അത്തിന്റെ വിധിയും മറ്റൊന്നല്ല. തന്റെ പിതാവ് അപ്രകാരം ഫത്വ നല്‍കിയിട്ടുമുണ്ട്” (നിഹായ 3/153 ഇപ്രകാരം മുഗ്നി 1/421ലും കാണാം).

ഇമാം റംലി(റ) തന്നെ പറയട്ടെ. “സുബ്കി(റ)യുടെ വാക്ക് തള്ളപ്പെട്ടതാകുന്നു. പില്‍ ക്കാല പണ്ഢിതന്മാരില്‍ ഒരു സംഘം ആളുകള്‍ തന്നെ സുബ്കി(റ)യുടെ വാക്കിനെ എതിര്‍ത്തിരിക്കുകയാണ്. ഇതിന്റെ ന്യായം നബി(സ്വ) കണക്കിനെ അവലംബമാക്കിയിട്ടില്ല, പ്രത്യുത, പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തതെന്നാണ്. നബി(സ്വ) പറഞ്ഞു: “നാം എഴുത്തും കണക്കുമില്ലാത്ത സമൂഹമാണ്” (ഫതാവാ റംലി ഹാമിശു ഫതാവല്‍ കുബ്റ 2/59).

എന്നാല്‍ ഇബ്നുഹജര്‍(റ) പറയുന്നത് കാണുക: “കണക്കിന് നിദാനമാക്കുന്ന അടിസ്ഥാന തത്വങ്ങള്‍ സംശയരഹിതമാണെന്ന് അതുസംബന്ധമായി പരിജ്ഞാനമുള്ളവര്‍ ഏകോപിക്കുകയും അവരില്‍ നിന്ന് ഇക്കാര്യം ഉദ്ധരിക്കുന്നവര്‍ അദദുത്തവാതുര്‍ (അസത്യത്തില്‍ ഐക്യമാകാന്‍ സാധ്യതയില്ലാത്ത എണ്ണം)  ഉണ്ടാവുകയും ചെയ്താല്‍ സാക്ഷിമൊഴി തള്ളേണ്ടതും അല്ലാത്ത പക്ഷം സാക്ഷിമൊഴി തള്ളാന്‍ പാടില്ലാത്തതുമാണെന്നാണ് പ്രബലമായത്. ഈ വിശദീകരണമാണ് നിരുപാധികമായി സാക്ഷിത്വം തള്ളണമെന്ന സുബ്കി(റ)യുടെയും നിരുപാധികം സാക്ഷിത്വം സ്വീകരിക്കണമെന്ന മറ്റുള്ളവരുടെയും അഭിപ്രായത്തെക്കാള്‍ അനുയോജ്യമായത്” (തുഹ്ഫ 3/382, 383)

മുകളിലുദ്ധരിച്ച ഇബ്നുഹജറി(റ)ന്റെ വാക്കുകളെ ഖണ്ഡിച്ച ഇബ്നുഖ്വാസിമി(റ)ന് ബഹു. ശര്‍വാനി(റ) മറുപടി നല്‍കുന്നുണ്ട്. ഇബ്നുഹജര്‍(റ)വിന്റെ മേല്‍ വാക്കുകള്‍ ബഹു. ശര്‍വാനി(റ) വ്യാഖ്യാനിക്കുന്നത് കാണുക. “സാക്ഷിത്വം മുഖേന ലഭിക്കുന്ന  ബോധ്യത്തെക്കാള്‍ മികച്ചതും ഉറപ്പിലെക്കടുത്തതുമായ ബോധ്യം അദദുത്തവാതുര്‍(അസത്യത്തില്‍ യോജിക്കല്‍ അസാധ്യമായ എണ്ണം) എത്തിച്ചവരുടെ റിപ്പോര്‍ട്ട് വഴി കരസ്ഥമായാല്‍ അത് സാക്ഷിത്വം തള്ളുന്നതിന് പര്യാപ്തമാകുന്നു” (ഹാശിയതുശര്‍വാനി 3/382).

ഈ വിശദീകരണ പ്രകാരം ബഹു. ഇബ്നുഹജര്‍(റ) പറഞ്ഞ രണ്ട് ഉപാധികള്‍ ഒരുമിച്ചുകൂടുക അത്ര എളുപ്പമല്ല. ഇമാം കുര്‍ദി(റ)യുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. “കണക്കിന് അവലംബമാക്കിയ അടിസ്ഥാന തത്വങ്ങള്‍ ഖണ്ഡിതമാണെന്ന് കണക്കുകാരെല്ലാം ഏകോപിച്ചാലും അവരില്‍ നിന്ന് പ്രസ്തുത കാര്യം ഉദ്ധരിക്കുന്നവര്‍ അദദുത്തവാതുര്‍ എത്തിക്കലും നിബന്ധനയാണെന്ന് പറഞ്ഞത് കാര്യത്തെ ലഘൂകരിക്കുന്നുണ്ട്. എവിടെനിന്നാണ് ഇപ്പറഞ്ഞ നിബന്ധനകള്‍  സംയോജക്കുക” (ഫതാവല്‍ കുര്‍ദി പേജ് 78).

അതത്ര എളുപ്പമല്ലാത്തത് കൊണ്ട് തന്നെയാണ് ഇബ്നുഹജര്‍(റ) തന്നെ ശര്‍ഹുല്‍ ‘ഉബാബില്‍ ഇങ്ങനെ പറഞ്ഞത് “ഈ പറഞ്ഞ നിബന്ധനകളെല്ലാം ഒത്തുകൂടിയെന്നു സ ങ്കല്‍പ്പിക്കപ്പെട്ടാല്‍ മാസം കണ്ടിരിക്കുന്നുവെന്ന സാക്ഷിത്വം സ്വീകരിക്കപ്പെടുകയില്ല” (ഹാശിയതുശര്‍വാനി 3/374 നോക്കുക).

ഉപര്യുക്ത നിബന്ധനകള്‍ ഒരുമിച്ചുകൂടുക എന്നത് കേവലം സാങ്കല്‍പ്പികം മാത്രമാണ്. ഇക്കാര്യം ഇബ്നുഹജറി(റ)ന്റെ ഉപര്യുക്ത വാക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. കാരണം കണക്കുകളുടെ മാനദണ്ഡമായി സ്വീകരിക്കപ്പെടുന്ന നിദാന തത്വങ്ങള്‍ മുഴുവനും ഖണ്ഡിതമായി സ്ഥിരപ്പെട്ടതാണെന്ന് ഈ വിജ്ഞാന ശാഖയുമായി ബന്ധപ്പെട്ട പണ്ഢിതന്മാര്‍ തന്നെ പറയുന്നില്ല.

ജസീരിയുടെ വാക്കുകള്‍ കാണുക: “ഗോളശാസ്ത്രജ്ഞന്മാരുടെ പ്രവചനങ്ങള്‍ക്ക് നിദാ നം വളരെ ഗാഢമായ തത്വങ്ങളാണെങ്കിലും മിക്ക സമയത്തും അവരുടെ അഭിപ്രായങ്ങള്‍ കൃത്യമാകാതെയാണ് നാം കാണുന്നത്. അധികസമയങ്ങളിലും അവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമാകുന്നത് ഇതിന് തെളിവാണ്” (അല്‍ മദാഹിബുല്‍ അര്‍ബ’അ, 1/500).

എന്നാല്‍ ഏതാനും നിദാനങ്ങളില്‍ ഏകോപിതരായ പണ്ഢിതന്മാര്‍ തന്നെ അദദുത്തവാതുര്‍ ഉള്ളവരുമല്ല. അതിനാല്‍ ഏതെങ്കിലും ചിലരുടെ കണക്കുകള്‍ അവലംബിച്ച് സാക്ഷിത്വം തള്ളുന്നത് ന്യായീകരിക്കാവതല്ല. അത് ശാഫി’ഈ മദ്ഹബിലെ പ്രധാന ഗ്രന്ഥങ്ങളായ തുഹ്ഫ, നിഹായ, മുഗ്നി തുടങ്ങിയ ഗ്രന്ഥങ്ങളുടെ ഏകകണ്ഠമായ തീരുമാനത്തിന് എതിരാണ്.

ശാഫി’ഈ മദ്ഹബില്‍ മറ്റെല്ലാ അഭിപ്രായങ്ങള്‍ക്കുമുപരി തുഹ്ഫയുടെയും നിഹായയുടെയും ഏകോപനമാണ് അംഗീകരിക്കപ്പെടുക. തുഹ്ഫക്കും നിഹായക്കുമെതിരില്‍ പ്രകടിപ്പിക്കപ്പെടുന്ന ഇതര അഭിപ്രായങ്ങള്‍ക്ക് ശാഫി’ഈ മദ്ഹബില്‍ അംഗീകാരമില്ലെന്ന് സാരം. അല്‍ ഫവാഇദുല്‍ മദനിയ്യ പേജ് 44ല്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇത് തന്നെയാണ് മറ്റ് മദ്ഹബിന്റെ പണ്ഢിതന്മാരുടെയും പക്ഷം. ഹനഫീ കര്‍മശാസ്ത്ര പണ്ഢിതനായ ബഹു. ഇബ്നുല്‍ ‘ആബിദീന്‍(റ) പറയുന്നു. “ശാഫി’ഈ പണ്ഢിതനായ ഇമാം സുബ്കി(റ)ക്ക് ഒരു രചനയുണ്ട്. കണക്ക് അവലംബമാക്കാമെന്നതിലേക്കാണ് അതിന്റെ ചായ്വ്. കണക്ക് ഖണ്ഡിതമാണെന്നതാണ് അതിന് കാരണമായി സുബ്കി(റ) പറയുന്നത്. എന്നാല്‍ ഞാന്‍ പറയട്ടെ. സുബ്കി(റ) പറഞ്ഞതിനെ അദ്ദേഹത്തിന്റെ മദ്ഹബുകാരായ പില്‍ക്കാല പണ്ഢിതന്മാര്‍ തന്നെ എതിര്‍ത്തിരിക്കുകയാണ്. ഇബ്നുഹജറും(റ) റംലി(റ)യും അവരില്‍പ്പെടും” (റദ്ദുല്‍ മുഹ്താര്‍ 2/141).

മാലികീ മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഢിതനായ ഇമാം ഖത്ത്വാബ്(റ) പറയുന്നത് കാ ണുക. “മാസപ്പിറവി ദര്‍ശിച്ചതായി സാക്ഷികള്‍ മൊഴിയുകയും കണക്കുകാര്‍ ദര്‍ശനത്തിന് സാധ്യതയില്ലെന്ന് ഖണ്ഡിതമായി പറയുകയും ചെയ്താല്‍ നമ്മുടെ പണ്ഢിതരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് കണക്കുകാരുടെ വാക്ക് പരിഗണനീയമല്ലെന്നാണ്’ (മവാഹിബുല്‍ ജലീല്‍ 2/388).

ഏതെങ്കിലും വ്യക്തികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കി ഖാള്വിമാര്‍ അവരുടെ അരികില്‍ സ്ഥിരപ്പെട്ട സാക്ഷിമൊഴി തള്ളിക്കളയണമെന്ന ജല്‍പ്പനം മദ്ഹബുകള്‍ക്കും മറ്റു പണ്ഢിതന്മാര്‍ക്കും വിരുദ്ധമാണെന്ന് മേല്‍ വിശദീകരണത്തില്‍ നിന്ന് വ്യക്തമായി. എ ന്നാല്‍ സാക്ഷിയുടെ മൊഴി അംഗീകരിക്കണമെങ്കില്‍ റമള്വാന്‍, അല്ലെങ്കില്‍ ശ’അ്ബാന്‍ 29 അസ്തമിച്ച ശേഷം നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ മാസപ്പിറവി ദര്‍ശിച്ചിരിക്കണം. പ്രത്യത കണ്ണാടി, വെള്ളം, ഗ്ളാസ്, ദൂരദര്‍ശിനി തുടങ്ങിയവ ഉപയോഗിച്ച് കൊണ്ടുള്ള കാഴ്ചക്ക് യാതൊരു പരിഗണനയുമില്ല” (തുഹ്ഫ ശര്‍വാനി സഹിതം 3/372 നോക്കുക).

അയല്‍രാജ്യക്കാര്‍ക്കും വിധി ബാധകം

ഒരു പ്രദേശത്ത് മാസപ്പിറവി ദര്‍ശനമുണ്ടായാല്‍ അതിനോട് അടുത്തു നില്‍ക്കുന്ന രാജ്യങ്ങള്‍ക്കും ആ വിധി ബാധകമാകുന്നതാണ്. ഉദയങ്ങള്‍ വ്യത്യാസമാകലും ആകാതിരിക്കലുമാണ് രാജ്യങ്ങള്‍ പരസ്പരം അടുപ്പത്തിലും അകല്‍ച്ചയിലുമാകുന്നതിന്റെ മാനദണ്ഡം. ഈ അഭിപ്രായമാണ് പ്രബലമായത്. ഇമാം നവവി(റ) മിന്‍ഹാജില്‍ പ്രസ്താവിച്ചതാണിക്കാര്യം.

ഈ വാക്കുകള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നുഹജര്‍(റ) എഴുതുന്നു: “ഉദയാസ്തമയങ്ങള്‍ വ്യത്യാസമാകുന്നതിലും ആകാതിരിക്കുന്നതിലും ഗോളശാസ്ത്രജ്ഞന്മാരെ വിധി കര്‍ത്താക്കളാക്കാവുന്നതാണ്. ഇവരെ വിധികര്‍ത്താക്കളാക്കാന്‍ പാടില്ലെന്ന് പറയുന്നത് അടിസ്ഥാന പ്രമാണങ്ങളില്‍ മാത്രമാണ്. അനുബന്ധങ്ങളിലല്ല. ഉദയവ്യത്യാസം കണക്കാക്കല്‍ ഈ അനുബന്ധങ്ങളില്‍പ്പെട്ടതാണ് (വ്രതം നിര്‍ബന്ധമാകുന്നതിന് അടിസ്ഥാനപരമായി അവരെ അവലംബിക്കാന്‍ പാടില്ലെങ്കിലും ഒരു രാജ്യത്തുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമായാല്‍ അതോടനുബന്ധിച്ച് അയല്‍ രാജ്യക്കാര്‍ക്കും അത് ബാധകമാകുമെന്ന വിഷയത്തില്‍ അവരെ വിധികര്‍ത്താക്കളാക്കാമെന്ന് ചുരുക്കം). എന്നാല്‍ ഒരു രാജ്യത്ത് ദര്‍ശിക്കപ്പെട്ടതു കൊണ്ട് മറ്റേ രാജ്യത്ത് ദര്‍ശിക്കാനുള്ള സാധ്യത വിരളമാകമാകും വിധം രണ്ട് രാജ്യങ്ങളും അകന്നിരിക്കലാണ് ഉദയങ്ങള്‍ വ്യത്യാസമാകുന്നത് കൊണ്ടുള്ള വിവക്ഷയെന്ന് അന്‍വാറില്‍ പ്രസ്താവിച്ചിട്ടുണ്ട്” (തുഹ്ഫ 3/381).

ഇതനുസരിച്ച് ഉദയവ്യത്യാസം കണക്കാക്കാന്‍ ജ്യോത്സ്യന്മാരെ ആശ്രയിക്കേണ്ടി വരുന്നില്ല. ഇതുകൊണ്ടുതന്നെയാണ് ഉദയവ്യത്യാസത്തിന് അവലംബമായി ഫത്ഹുല്‍ മുഈന്‍ പേജ് 187ല്‍ അന്‍വാറിന്റെ വാക്ക് മാത്രമുദ്ധരിച്ചത്.

ഇബ്നുഹജര്‍(റ) പറയുന്നു: “ഒരു രാജ്യത്ത് മാസപ്പിറവി ദര്‍ശിച്ചാല്‍ അതിന്റെ അടുത്ത രാജ്യക്കാര്‍ക്കും മേല്‍വിധി ബാധകമാകുമെന്ന് പറഞ്ഞതിന്റെ താത്പര്യം പ്രസ്തുത രാജ്യത്ത് ദര്‍ശിക്കല്‍ കൊണ്ട് മാത്രം അയല്‍രാജ്യക്കാര്‍ക്കും നോമ്പും പെരുന്നാളുമെല്ലാം നിര്‍ബന്ധമാകുമെന്നാണ്. പക്ഷേ, ചന്ദ്രോദയം ദര്‍ശിച്ചതായി ജനസംസാരമുള്ള രാജ്യത്ത് (ഖ്വാള്വി മുഖേനയോ മറ്റോ) റമള്വാന്‍ സ്ഥിരപ്പെട്ടിട്ടില്ലെങ്കില്‍ മാസപ്പിറവി ദര്‍ശിച്ചതായി പറയുന്നവരെ വിശ്വസിക്കുന്ന അയല്‍രാജ്യക്കാരില്‍ നിന്നുള്ളവര്‍ക്ക് മാത്രം വ്രതമെടുക്കല്‍ നിര്‍ബന്ധമാകുന്നതും അവരല്ലാത്തവര്‍ക്ക് നിര്‍ബന്ധമാകാത്തതുമാകുന്നു. പ്രസ്തുത രാജ്യത്ത് റമള്വാന്‍ സ്ഥിരപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ അയല്‍രാജ്യക്കാര്‍ക്കും റമള്വാന്‍ സ്ഥിരപ്പെടുന്നതാണ്. പക്ഷേ, അയല്‍രാജ്യക്കാര്‍ക്ക് പ്രസ്തുത സ്ഥി രീകരണമറിയാനുള്ള മാര്‍ഗമുണ്ടായിരിക്കല്‍ അനിവാര്യമാണ്. (ഖ്വാള്വിയുടെ) വിധിപ്രഖ്യാപനം കൊണ്ടാണ് പ്രസ്തുത രാജ്യത്ത് റമള്വാന്‍ സ്ഥിരപ്പെട്ടതെങ്കില്‍ അയല്‍രാജ്യത്തെ ഖ്വാള്വിയുടെ അരികില്‍ പ്രസ്തുത ഖ്വാള്വി വിധി പ്രഖ്യാപിച്ചതായി രണ്ടുപേര്‍ സാക്ഷി നില്‍ക്കലാണ് പ്രസ്തുത മാര്‍ഗങ്ങളില്‍ ഒന്ന്. ഒരാള്‍ മാത്രം സാക്ഷി നിന്നാല്‍ മതിയാകില്ല. ആദ്യത്തെ ഖ്വാള്വി വിധി പ്രഖ്യാപിക്കാന്‍ ഒരു സാക്ഷി മാത്രം മതിയെന്ന് പറയുന്നത് നോമ്പ് കൊണ്ട് വിധിക്കാനാണ്. രണ്ടാമത്തെ ഖ്വാള്വി നോമ്പ് കൊണ്ട് വിധിക്കുകയല്ലല്ലോ. പ്രത്യുത, മാസം കണ്ട രാജ്യത്തെ ഖ്വാള്വി വിധിച്ചതായി സ്ഥിരീകരിക്കുകയാണ്. ചന്ദ്രോദയം ദര്‍ശിച്ചതായി പ്രസിദ്ധിയാര്‍ജിക്കല്‍ കൊണ്ട് പ്രസ്തുത രാജ്യത്ത് റമള്വാന്‍ സ്ഥിരപ്പെട്ടതായി അയല്‍ പ്രദേശത്തെ ഖ്വാള്വിയുടെ അരികില്‍ രണ്ടുപേര്‍ സാക്ഷിനില്‍ക്കലാണ് രണ്ടാമത്തെ മാര്‍ഗം” (തുഹ്ഫ 3/380).

മാസപ്പിറവി ദര്‍ശിച്ചതായി പ്രസിദ്ധിയാര്‍ജിക്കല്‍ കൊണ്ട് മാത്രം ആ രാജ്യത്ത് പൊതുവായി നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകുമെന്ന് രണ്ടാമത് പറഞ്ഞ മാര്‍ഗത്തില്‍ നിന്ന് വ്യക്തമാകുന്നതായി ബഹു. ശര്‍വാനി(റ) തുഹ്ഫയുടെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ മാസം കണ്ട രാജ്യത്തു തന്നെ പൊതുവായി നോമ്പ് നിര്‍ബന്ധമാകണമെങ്കില്‍ ആ നാട്ടിലെ ഖ്വാള്വി വിധി പ്രഖ്യാപിക്കുകയോ മാസം കണ്ടതായി ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധിയാര്‍ജിക്കുകയോ ചെയ്യേണ്ടതാണ്.

ബഹു. ശൈഖ് മഖ്ദൂം(റ) എഴുതുന്നു: “ഖ്വാള്വിയുടെ അരികില്‍ റമള്വാന്‍ മാസപ്പിറവി ദര്‍ശിച്ചതായി നീതിമാനായ ഒരു വ്യക്തിയുടെ സക്ഷിത്വം മുഖേന സ്ഥിരപ്പെടുകയും അതനുസരിച്ച് എന്റെ അരികില്‍ റമള്വാന്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്ന് ഖ്വാള്വി പ്രഖ്യാപിക്കുകയും ചെയ്താല്‍ ആ രാജ്യക്കാര്‍ക്ക് മുഴുക്കെയും നോമ്പ് നിര്‍ബന്ധമാകുന്നതാണ്. ഇപ്രകാരം തന്നെയാണ് മാസപ്പിറവി കണ്ടിരിക്കുന്നുവെന്ന മുതവാതിറായ (അനിഷേധ്യമാംവിധം പ്രസിദ്ധമായ) വിവരവും. ഈ അറിവ് അമുസ്ലിംകളില്‍ നിന്നാണെങ്കിലും ശരി. ഇതുമുഖേന നിഷേധിക്കാനാകാത്ത വിധമുള്ള അറിവ് ലഭിക്കുന്നുണ്ടെന്നതാണ് കാരണം” (ഫത്ഹുല്‍മു’ഈന്‍, പേജ് 187).

അയല്‍രാജ്യത്തെ ഖ്വാള്വിക്ക് തക്കതായ അവലംബമടിസ്ഥാനമാക്കിയുള്ള അറിവൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ ഏത് മാര്‍ഗത്തിലായിരുന്നാലും രണ്ട് സാ ക്ഷികള്‍ മുഖേനയുള്ള വിവരം ലഭിച്ചാലല്ലാതെ വിധി പ്രഖ്യാപിക്കാന്‍ വഴിയില്ല.

മാസപ്പിറവി ദര്‍ശിച്ച രാജ്യത്ത് പ്രസ്തുത രണ്ട് മാര്‍ഗങ്ങളിലൂടെ നോമ്പ് പൊതുവായി നിര്‍ബന്ധമായിട്ടില്ലെങ്കിലും ദര്‍ശിച്ചവര്‍ക്കും അവരെ  വിശ്വസിക്കുന്നവര്‍ക്കും നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാകും. ദര്‍ശിച്ച വ്യക്തി സാക്ഷിക്ക് പറ്റാത്തവനായാലും ശരി. അതുപോലെ തന്നെ തന്റെ രാജ്യത്തെ അപേക്ഷിച്ച് ഉദയവ്യത്യാസമില്ലാത്ത രാജ്യത്ത് റമള്വാന്‍ സ്ഥിരപ്പെട്ടതായി പറയുന്ന വ്യക്തിയെ വാസ്തവമാക്കുന്നവനും വ്രതമെടുക്കല്‍ നിര്‍ബന്ധമാകും. പെരുന്നാളിന്റെ കാര്യവും തഥൈവ” (തുഹ്ഫ 3/379).


RELATED ARTICLE

 • പ്രതിദിന ദിക്റുകള്‍
 • എല്ലാദിവസവും ചൊല്ലേണ്ട ദുആ
 • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
 • പെരുന്നാള്‍ നിസ്കാരം
 • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
 • ലൈലതുല്‍ ഖ്വദ്ര്‍
 • ബദര്‍ദിന ചിന്തകള്‍
 • തറാവീഹ് : ജല്‍പ്പനവും മറുപടിയും
 • എട്ട് റക്’അത് നിഷ്ഫലം
 • രേഖകള്‍ ഇരുപതിനു തന്നെ
 • തറാവീഹിന്റെ റക്’അതുകള്‍
 • തറാവീഹിലെ ജമാ’അത്
 • തറാവീഹ് നിസ്കാരം
 • റമള്വാനിലെ സംസര്‍ഗം
 • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
 • നോമ്പിന്റെ സമയം
 • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
 • ഇസ്തിഹാളത് കാരിയുടെ നോമ്പ്
 • നോമ്പില്‍ ഇളവുള്ളവര്‍
 • നോമ്പിന്റെ സുന്നത്തുകള്‍
 • നോമ്പിന്റെ ഫര്ളുകള്‍
 • നോമ്പ് നിര്‍ബന്ധമായവര്‍
 • സംശയനിവാരണം
 • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
 • റമളാനിന്റെ സ്ഥിരീകരണം
 • കണക്കും ജ്യോതിശാസ്ത്രവും
 • നോമ്പിന്റെ അനിവാര്യത
 • റമളാന്‍ മഹത്വവും പ്രസക്തിയും
 • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
 • സുന്നത് നോമ്പുകള്‍
 • വ്രതാനുഷ്ഠാനം: