Click to Download Ihyaussunna Application Form
 

 

റമളാനിന്റെ സ്ഥിരീകരണം

ഇബ്നുഹജര്‍(റ) പറയുന്നു:  ” റമളാന്‍ മാസപ്പിറവി ദര്‍ശിക്കാത്തവനെ അപേക്ഷിച്ച്  ഖാളി വിധിക്കല്‍ കൊണ്ട് ദര്‍ശനം സ്ഥിരപ്പെടുന്നതാണ്.  ഖാളിയുടെ സ്വന്തം അറിവിനെ അവലംബിച്ചോ നീതിമാനായ ഒരു സാക്ഷിയുടെ മൊഴിയെ അവലംബിച്ചോ ഖാളിക്ക് വിധിക്കാവുന്നതാണ്. ഖാളിയുടെ മുമ്പില്‍ ഞാന്‍ മാസം കണ്ടിരിക്കുന്നുവെന്നോ റമള്വാന്‍ മാസം ഉദിച്ചിരിക്കുന്നുവെന്നോ അവന്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. ശേഷം എന്റെ അടുത്ത് റമളാന്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നോ അവന്റെ സാക്ഷിമൊഴി പ്രകാരം ഞാന്‍ വിധിച്ചിരിക്കുന്നുവെന്നോ ഖാളിയും പറയല്‍ അനിവാര്യമാണ്” (തുഹ്ഫ 3/375).

ഖാളിയുടെ ഈ വിധിപ്രഖ്യാപനത്തോടെ ജനങ്ങള്‍ക്കാകമാനം വ്രതമെടുക്കല്‍ നിര്‍ബന്ധമാകുമെന്ന് ഇബ്നുഹജര്‍(റ) ഈ’ആബില്‍ പ്രസ്താവിച്ചതായി ശര്‍വാനി(റ) ഉദ്ധരിക്കുന്നു (3/375).

ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ: റമള്വാന്‍ മാസപ്പിറവി ദര്‍ശിക്കാത്തവന്‍, കണ്ടുവെന്നോ ദര്‍ശനത്തെ കുറിക്കും വിധം റമള്വാന്‍ മാസമായിരിക്കുന്നുവെന്നോ സാക്ഷി പറയാന്‍ പാടില്ല. മാസപ്പിറവി ദര്‍ശനം നാട്ടിലാകെ പ്രസിദ്ധിയാര്‍ജ്ജിച്ചാലും ശരി. എന്നല്ല അനിഷേധ്യമാം വിധം ധാരാളം ആളുകള്‍ മുഖേന വിവരം ലഭിച്ചിട്ടാണെങ്കിലും തഥൈവ” (തുഹ്ഫ 3/376).

എന്നാല്‍ യോഗ്യനും നീതിമാനുമായ സാക്ഷിയുടെ മൊഴി ലഭിച്ചിട്ടില്ലെങ്കിലും ഖാളി തന്നെ മാസം കണ്ടാല്‍ പ്രസ്തുത ദര്‍ശനം ആസ്പദമാക്കിയും ഖാളിക്ക് വിധിക്കാവുന്നതാണ്.

ഇബ്നുഹജര്‍(റ) പറയുന്നു: “ഖാളിക്ക് അവന്റെ അറിവ് ആസ്പദമാക്കി വിധിക്കാവുന്നതാണ്. (നിബന്ധനകള്‍ മേളിച്ചിട്ടില്ലാത്ത) ള്വറൂറത്തിന്റെ  ഖാളി യായാലും ഇപ്രകാരം തന്നെയാണെന്നാണ് പ്രബലം.  ഖാളിയുടെ അറിവുകൊണ്ട് വിവക്ഷിക്കുന്നത് ശക്തിയാര്‍ജ്ജിച്ച ബോധ്യമുണ്ടാവലാണ്. അതവലംബമാക്കി സാക്ഷി പറയാന്‍ പറ്റും വിധമുള്ള ബോധ്യം എന്ന് സംക്ഷിപ്തം. ഈ അറിവു ലഭിച്ചത് ഖാളി സ്ഥാനമേല്‍ക്കും മുമ്പായിരുന്നാലും ശരി” (തുഹ്ഫ 10/148).

മുഗ്നിയുടെ വാക്കുകള്‍ കാണുക: “ഖാളിക്ക് അറിവ് ലഭ്യമായത് സ്ഥാനമേല്‍ക്കുന്നതിന്റെ മുമ്പോ അധികാരമില്ലാത്ത സ്ഥലത്തുവെച്ചോ ആയാലും ശരി” (മുഗ്നി 4/398).

ഇതില്‍ നിന്ന് ഖാളി അധികാരമേല്‍ക്കും മുമ്പോ അധികാരം ഏറ്റതിന് ശേഷം തന്നെ അധികാരമിലല്ലാത്ത സ്ഥലത്തു വെച്ചോ മാസം ദര്‍ശിക്കുക, ആ രാജ്യത്തെ ഖാളി വിധിക്കല്‍ കൊണ്ടോ മറ്റോ റമളാന്‍ സ്ഥിരപ്പെട്ടതായി ബോധ്യപ്പെടുക, തുടങ്ങിയവ അവലംബമാക്കി ഉദയാസ്തമാനത്തില്‍ വ്യത്യാസമില്ലാത്തതും ഖാളിക്ക് അധികാരമുള്ളതുമായ നാട്ടില്‍ മറ്റു സാക്ഷിമൊഴി കൂടാതെ തന്നെ ഖാളിക്ക് റമള്വാന്‍ സ്ഥിരപ്പെട്ടതായി വിധിക്കാവുന്നതാണെന്ന് വ്യക്തമായി.

ഇനി ഒരു നാട്ടില്‍ ഖാളി ഇല്ലാതിരിക്കുകയോ ഉള്ള ഖാളി സാക്ഷിമൊഴി സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ ആ നാട്ടുകാരെന്തു ചെയ്യണം? കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ ഇതിന് മറുപടി പറയുന്നുണ്ട്.

ഇബ്നുഹജര്‍(റ) പറയുന്നു: ” ഒരു രാജ്യത്ത് സാക്ഷിമൊഴി കേള്‍ക്കുന്നവന്‍ (ഖാളി) ഇല്ലാതിരിക്കുകയോ ഉള്ള ഖാളി സാക്ഷിമൊഴി സ്വീകരിക്കാതിരിക്കുകയോ ചെയ്താല്‍ നാട്ടില്‍ പൊതുവായി റമളാന്‍  സ്ഥിരപ്പെടില്ലെങ്കിലും അയല്‍ രാജ്യത്ത് മാസം സ്ഥിരപ്പെട്ടതായി പറയുന്ന വ്യക്തിയെ വാസ്തവമാക്കുന്നവര്‍ക്ക് റമള്വാന്‍ സ്ഥിരപ്പെടുന്നതാണ്” (തുഹ്ഫ 3/381).

ഈ വിശദീകരണത്തില്‍ നിന്ന് ഉദയാസ്തമാനം വ്യത്യാസമില്ലാത്ത രാജ്യത്ത് മാസപ്പിറവി ദര്‍ശിച്ചതായോ ദര്‍ശനത്തെ ആസ്പദമാക്കി ആ നാട്ടിലെ ഖാളി വിധിച്ചതായോ വിശ്വസനീയമായ സാക്ഷികള്‍ മുഖേന ബോധ്യമായിട്ടും ഖാളി വിധിക്കാതിരുന്നാല്‍ മാസം കണ്ടതായോ പ്രസ്തുത നാട്ടില്‍ ഖാളി വിധിച്ചതായോ സത്യസന്ധമായി വിവരം ലഭിച്ചവര്‍ക്കെല്ലാം നോമ്പും പെരുന്നാളും സ്ഥിരപ്പെടുമെന്ന് സുതരാം വ്യക്തമായി.

ഇനി അടിസ്ഥാനപരമായ ഒരവലംബവുമില്ലാതെ ഖാളി നോമ്പും പെരുന്നാളും സ്ഥിരപ്പെടുത്തിയാല്‍ അത് സ്വീകാര്യമല്ലാത്തതാകുന്നു. മാത്രമല്ല, ള്വറൂറത്തിന്റെ  ഖാളിമാര്‍ വിധിയുടെ അവലംബമെന്താണെന്ന് വ്യക്തമാക്കുക തന്നെ വേണം.

ഇബ്നുഹജര്‍(റ) പറയുന്നു: “ള്വറൂറത്തിന്റെ ഖാളി തന്റെ വിധിക്കാധാരമായ അവലംബം എല്ലാ വിധികളിലും വ്യക്തമാക്കല്‍ നിര്‍ബന്ധമാകുന്നു. ഒരു അവലംബവും വ്യക്തമാക്കാതെ ഞാന്‍ ഇപ്രകാരം വിധിച്ചിരിക്കുന്നുവെന്ന ഖ്വാള്വിയുടെ വാക്ക് സ്വീകാര്യമല്ലാത്തതാകുന്നു. ഇത് പില്‍ക്കാല പണ്ഢിതരില്‍ ഒരുവിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നിബന്ധനകളും മേളിക്കാത്തവനാണ് ള്വറൂറത്തിന്റെ ഖാളി ” (തുഹ്ഫ 10/114, 115).

സാക്ഷി വിസ്താരവും ആളെ അയക്കലും

എന്നാല്‍ സാക്ഷിയുടെ സത്യസന്ധത തെളിയിക്കുന്നതിനുവേണ്ടി ചന്ദ്രന്റെ ആകൃതിയും ഉദിച്ച  ഭാഗവും ദിശയും ചോദിച്ച് സാക്ഷിയെ വിസ്തരിക്കുന്നത് ശരിയല്ല. ഇബ്നുഹജര്‍ (റ) പറയുന്നു: “ചന്ദ്രന്റെ ഗുണവും അത് ഉദിച്ച സ്ഥാനവും പറയാന്‍ സാക്ഷിയെ നിര്‍ബന്ധിക്കരുതെന്നാണ് പ്രബലം. പക്ഷേ,  സാക്ഷി ചന്ദ്രനുദിച്ചതായി പറഞ്ഞുവെന്നി രിക്കട്ടെ, ആ ഭാഗം മാറിയതായി രണ്ടാമത്തെ രാവില്‍ ബോധ്യപ്പെട്ടാല്‍ സാധാരണഗതിയില്‍ ദിശമാറി ഉദിക്കാന്‍ സാധ്യതയില്ലാത്തത്ര വ്യത്യാസമുണ്ടെങ്കില്‍ സാക്ഷി കള്ളം പറഞ്ഞതാണെന്ന് ബോധ്യമായി” (തുഹ്ഫ 3/377).

ഒരു നാട്ടില്‍ റമളാന്‍ മാസപ്പിറവി കണ്ടതായി വ്യാപകമാവുകയും ഇന്നാട്ടുകാരായ നമുക്ക് ദര്‍ശനം ഉറപ്പാവാതിരിക്കുകയും ചെയ്താല്‍ നമ്മുടെ നാട്ടിലെ കാര്യകര്‍ത്താക്കള്‍ക്ക് ദര്‍ശനമുറപ്പുവരുത്തുന്നതിനു വേണ്ടി കണ്ട രാജ്യത്തേക്ക് ആളെ അയച്ച് അന്വേഷിക്കല്‍ നിര്‍ബന്ധമാകുമോ? ചിലര്‍ ഉന്നയിക്കുന്ന സംശയമാണിത്. ഇതു സംബന്ധിച്ച് ഇബ്നുഹജര്‍(റ) പറയുന്നത് കാണുക.

“മാസം കണ്ട റിപ്പോര്‍ട്ട് ഉറപ്പുവരുത്തുന്നതിനുവേണ്ടി പ്രസ്തുത സാഹചര്യത്തില്‍ ആളെ അയച്ച് അന്വേഷിക്കുന്നത് കാര്യകര്‍ത്താക്കള്‍ക്ക് നിര്‍ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്. പക്ഷേ, അത് സുന്നത്താണെന്ന് പറയുന്നത് അത്ര വിദൂരമൊന്നുമല്ല. നോമ്പിനു വേണ്ടി സൂക്ഷ്മത പാലിക്കല്‍ അതിലുണ്ടെന്നതാണ് കാരണം. അപ്പോള്‍ അത് നിര്‍ബന്ധമില്ലെങ്കിലും സുന്നത്താകേണ്ടതാണ്. ഇതുകൊണ്ടാണല്ലോ മാസപ്പിറവി നോക്കുന്നതിനുവേണ്ടി യോഗ്യരും വിശ്വസ്തരുമായവരെ നിയമിക്കല്‍ ഭരണാധികാരികള്‍ക്ക് ശക്തിയായ സുന്നത്തായത്. വിശിഷ്യാ ദീനീ കാര്യങ്ങള്‍ ബന്ധിച്ചുനില്‍ക്കുന്ന റമളാന്‍, ശവ്വാല്‍, ദുല്‍ഹിജ്ജ തുടങ്ങിയ മാസങ്ങള്‍. മറ്റു മാസങ്ങളിലുപരി ഈ മാസങ്ങളെ അറിയാനുള്ള ആവശ്യം വ്യാപകമാണ്. മാസപ്പിറവി ദര്‍ശിക്കല്‍ ‘ഫര്‍ള് കിഫായ’യില്‍(സാമൂഹിക ബാധ്യത) പെട്ടതാണെന്ന് വരെ അഭിപ്രായമുണ്ട്. ഇതനുസരിച്ച് ജനങ്ങള്‍ മാസം നോക്കുന്ന സമ്പ്രദായം നിര്‍ത്തിയതായി സങ്കല്‍ പ്പിക്കപ്പെട്ടാല്‍(ഇന്ന് പലയിടത്തും അതാണവസ്ഥ) മാസപ്പിറവി നോക്കാനും ആ ബാധ്യതകൊണ്ട് നിന്നു പോരാനും ആളുകളെ പ്രേരിപ്പിക്കല്‍ നിര്‍ബന്ധമാകും” (അല്‍ ഫതാവല്‍ കുബ്റ 2/60, 61).

ഇനി മാസപ്പിറവി കണ്ട രാജ്യത്തു നിന്ന് കാണാത്ത രാജ്യത്തേക്ക് മാസപ്പിറവി ദര്‍ശനവാര്‍ത്തയുമായി ആളെ അയച്ചാല്‍ അവരെ അനുകരിച്ച് ആ നാട്ടുകാര്‍ക്കും വ്രതവും പെരുന്നാളുമനുഷ്ഠിക്കല്‍ നിര്‍ബന്ധമാകുമോ? എന്ന ചോദ്യവും പ്രസക്തം തന്നെ. ഇതുസംബന്ധിച്ച് ഇമാം റംലി പറയുന്നു.

“ഉദയവ്യത്യാസമില്ലാത്ത വിധമുള്ള അയല്‍ രാജ്യങ്ങളിലേക്ക് ചന്ദ്രദര്‍ശനം സ്ഥിരപ്പെടും വിധം കണ്ട രാജ്യത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ ആളെ അയക്കുന്ന പക്ഷം ആ രാജ്യങ്ങളിലെ ഖ്വാള്വിമാരുടെ വിധി പ്രകാരം ആ നാട്ടുകാര്‍ക്കൊക്കെയും വ്രതവും പെരുന്നാളുമനുഷ്ഠിക്കല്‍ നിര്‍ബന്ധമാകും. ഖ്വാള്വിമാരുടെ അരികില്‍ അവര്‍ അയച്ച ആളുകള്‍ മുഖേന ദര്‍ശനം സ്ഥിരപ്പെട്ടിട്ടില്ലെങ്കില്‍ പ്രസ്തുത ദര്‍ശന വാര്‍ത്തയുമായി വന്ന ആളുകളെ വിശ്വസിക്കുന്നവര്‍ക്ക് മാത്രം വ്രതവും പെരുന്നാളും അനുഷ്ഠിക്കല്‍ നിര്‍ബന്ധമാകുന്നതും നാട്ടില്‍ പൊതുവായി നിര്‍ബന്ധമാകാത്തതുമാകുന്നു” (ഫതാവാ റംലി, ഹാമിശുഫതാവല്‍ കുബ്റ 2/57 നോക്കുക).

സാക്ഷിയുടെ മൊഴിമാറ്റം

നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ച് ഖ്വാള്വി വിധി പ്രഖ്യാപിച്ചതിനു ശേഷം സാക്ഷി മടങ്ങിയെന്നിരിക്കട്ടെ. എന്നാല്‍ അതു കൊണ്ട് യാതൊരു പ്രശ്നവും ഇല്ല. ഇനി ഖ്വാള്വി വിധി പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ തന്നെ ജനങ്ങള്‍ നോമ്പില്‍ പ്രവേശിച്ചിട്ടുണ്ടെങ്കിലും തഥൈവ. ഖ്വാള്വി വിധി പ്രഖ്യാപിക്കുന്നതിന്റെയും ജനങ്ങള്‍ നോമ്പില്‍ പ്രവേശിക്കുന്നതിന്റെയും മുമ്പാണ് സാക്ഷി മടങ്ങിയതെങ്കില്‍ ആ സാക്ഷിമൊഴി ആസ്പദമാക്കി നോമ്പനുഷ്ഠിക്കാന്‍ പാടുള്ളതല്ല (ഹാശിയതു ഇബ്നി ഖ്വാസിം 3/381).

ഇമാം റംലി(റ) പറയുന്നു: “മാസം കണ്ടതായി സാക്ഷി നിന്ന അടിസ്ഥാനത്തില്‍ ജനങ്ങള്‍ വ്രതമെടുത്ത ശേഷം സാക്ഷി മടങ്ങിയാലും അവര്‍ക്ക് വ്രതം നിര്‍ബന്ധം തന്നെ. അതാണ് പ്രബലം. ഇമാം അദ്റ’ഇ (റ)യുടെ പക്ഷവും ഇതു തന്നെയാണ്. ഇതനുസരിച്ച് എണ്ണം(മുപ്പത്ദിവസം) പൂര്‍ത്തിയായാല്‍ മാസം കണ്ടിട്ടില്ലെങ്കിലും പെരുന്നാള്‍ അനുഷ്ഠിക്കേണ്ടതാണ്” (നിഹായ 3/155).

ഇനി മാസമുറപ്പിക്കാന്‍ ഖ്വാള്വി അവലംബമാക്കിയ സാക്ഷി നീതിമാനല്ലെന്നോ അല്ലെങ്കില്‍ ഖ്വാള്വി തന്നെ നീതിമാനല്ലെന്നോ വ്യക്തമായാല്‍ എന്തു ചെയ്യണം. ഇതുസംബന്ധിച്ച് ശൈഖ് മുഹമ്ദ് സ്വാലിഹുര്‍റഈസി(റ)നോട് ചോദിച്ച ചോദ്യവും മറുപടിയും കാണുക.

ചോദ്യം: റമള്വാന്‍ മുപ്പതിന്റെ (ഇരുപത്തിയൊമ്പത് അസ്തമിച്ച)രാവില്‍ മാസം കണ്ടതായി സാക്ഷികളുടെ മൊഴിപ്രകാരം ഒരു നാട്ടിലെ ഖ്വാള്വി ശവ്വാല്‍ മാസമുറപ്പിച്ചു. ചില പണ്ഢിതന്മാര്‍ രണ്ടു കാരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത ശവ്വാല്‍ സ്ഥിരീകരണത്തെ എതിര്‍ത്തു.

(1) സാക്ഷികള്‍ നീതിന്മാരായിരുന്നില്ല. പതിനാലോളം വരുന്ന ആളുകളായിരുന്നു സാക്ഷികള്‍. (2) ഖ്വാള്വി ഫാസിഖ്വ് ആണ്. മാതാപിതാക്കളെ വ്യഭിചാരം കൊണ്ടാരോപിക്കുക, സ്വന്തം പിതാവിനെക്കുറിച്ച് അബൂലഹബ്, നംറൂദ്, ഫിര്‍ഔന്‍, ഇബ്ലീസ് എന്നീ നാമങ്ങള്‍ വിളിക്കുക തുടങ്ങിയവയാണ് അദ്ദേഹം ഫാസിഖ്വാകാന്‍ കാരണം. ഈ അടിസ്ഥാനത്തില്‍ ചിലര്‍ക്കെങ്കിലും ഖ്വാള്വിയുടെ പ്രസ്തുത പ്രഖ്യാപനത്തില്‍ സംശയമുളവായി. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഈ ദിവസത്തെ നോമ്പ് ഖ്വള്വാഅ് വീട്ടേണ്ടതുണ്ടോ? ഇല്ലയോ? ഖ്വള്വാഅ് വീട്ടേണ്ട പക്ഷം അത് വാജിബോ സുന്നത്തോ?

മറുപടി: സാക്ഷികള്‍ നീതിന്മാരാണെന്ന് ബോധ്യപ്പെട്ട അടിസ്ഥാനത്തില്‍ ഖ്വാള്വി പെരുന്നാള്‍ പ്രഖ്യാപിച്ചിരിക്കെ ചോദ്യത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംശയത്തിന് പരിഗണനയില്ല. അതു കൊണ്ടു തന്നെ പെരുന്നാളാഘോഷിച്ച ദിവസത്തിനു പകരമായി ഒരു നോമ്പ് ഖ്വള്വാഅ് വീട്ടല്‍ അനുവദനീയമല്ല. സുന്നത്തും നിര്‍ബന്ധവുമൊക്കെയാകുക പിന്നെയല്ലേ. പക്ഷേ, സാക്ഷികള്‍ നീതിമാന്മാരല്ലെന്ന് ആരോപിച്ചവര്‍ അസത്യത്തില്‍ യോജിക്കാന്‍ സാധ്യതയില്ലാത്തവിധം എണ്ണം (അദദുത്തവാതുര്‍) ഉണ്ടെങ്കില്‍ അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഇനി ആരോപിച്ചവര്‍ പ്രസ്തുത എണ്ണം ഇല്ലെങ്കില്‍ തന്നെ ശര്‍ഇയ്യായ മറ്റു മാര്‍ഗത്തിലൂടെ അവര്‍ നീതിമാന്മാരല്ലെന്ന് തെളിഞ്ഞാലും തഥൈവ. അപ്പോള്‍ ഖ്വള്വാഅ് നിര്‍ബന്ധമാകും. എന്നാല്‍ ഖാളി തന്റെ പിതാവില്‍ പറഞ്ഞ സ്വഭാവങ്ങള്‍, പിതാവിലില്ലെന്ന് തെളിഞ്ഞാല്‍ അദ്ദേഹം ഫാസിഖ്വാണെന്നതില്‍ സംശയമില്ല. പക്ഷേ, ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് നാട്ടിലെ പ്രതാപമുള്ളവര്‍ ഇദ്ദേഹത്തെ ഖാളിയാക്കിയതെങ്കില്‍ ഇയാളുടെ വിധിക്ക് നിയമപ്രാബല്യം ഉണ്ടാവുന്നതാണ്” (ഫതാവാ മുഹമ്മദ് സ്വാലിഹ് ബി ഹാമിശി ഫതാവല്‍ കുര്‍ദി, പേജ് 90, 91). ഇതില്‍ നിന്ന് താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമായി.

(1) നീതിയുള്ളവരാണെന്ന് ബോധ്യപ്പെട്ട സാക്ഷിമൊഴി അവലംബമാക്കിയുള്ളഖാളിയുടെ പ്രഖ്യാപനം പ്രസ്തുത സാക്ഷികളെ സംബന്ധിച്ച് ആരെങ്കിലും ചിലര്‍ മാത്രം ആരോപണം ഉന്നയിക്കുന്നത് കൊണ്ട് ദുര്‍ബലമാകുന്നില്ല.

(2) ആരോപിക്കുന്നവരുടെ എണ്ണം അദദുത്തവാതുര്‍ ഉണ്ടെങ്കില്‍ അത് സ്വീകാര്യവും അതനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്.

3) ഖാളിയെ സംബന്ധിച്ച് അറിയുന്ന പ്രതാപശാലികളാണ് അദ്ദേഹത്തെ ഖാളിയാക്കി നിയമിച്ചതെങ്കില്‍ ആരോപണ വിധേയനായാലും അദ്ദേഹത്തിന്റെ വിധികള്‍ക്ക് നിയമപ്രാബല്യമുണ്ടാകുന്നതാണ്.

—————— അനുബന്ധം

ദൂരദര്‍ശിനിയിലൂടെ മാസം കണ്ടാല്‍

ചെറിയ വസ്തുക്കളെ വലുതാക്കികാണിക്കുകയോ ദൂരത്തുള്ളതിനെ അടുപ്പിച്ച് കാണിക്കുകയോ ചെയ്യുന്ന യന്ത്രങ്ങളിലൂടെ ചന്ദ്രപ്പിറവി കണ്ടാല്‍ നോമ്പ് നിര്‍ബന്ധമില്ല (ശര്‍വാനി 3/372).

ഫോണിലൂടെ മാസപ്പിറവി

ഫോണിലൂടെ ലഭിക്കുന്ന വിവരമനുസരിച്ച് മാസപ്പിറവി നിശ്ചയിക്കാന്‍ പാടില്ല. മാസപ്പിറവി നിശ്ചയിക്കാന്‍ ആവശ്യമായ സാക്ഷികള്‍ നിയമപ്രകാരമുള്ള മൊഴി നല്‍കുന്നതിലൂടെയാണ്  ഖാളിക്ക്, സ്ഥിരപ്പെടുത്താവുന്ന ഒരു മാര്‍ഗം. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരു സ്ഥലത്തെ ഖാളി ചന്ദ്രദര്‍ശനം സ്ഥിരപ്പെടുത്തിയ വിവരം മറ്റു പ്രദേശത്തെ ഖാളിമാര്‍ക്ക് ലഭിക്കലാണ് മറ്റൊരു മാര്‍ഗം. രണ്ടാമത്തെ വിധത്തില്‍ മറ്റു ഖാളിമാര്‍ക്ക് മാസമുറപ്പിക്കണമെങ്കിലും ചില നിബന്ധനകളുണ്ട്. മാസപ്പിറവി കണ്ട പ്രദേശവും വിധിക്കപ്പെടുന്ന പ്രദേശവും ഉദയാസ്തമയ വ്യത്യാസമുണ്ടാവരുത്. “നിശ്ചിത പ്രദേശത്തെ ഖാളി വിധിച്ചു ” എന്ന് വിശ്വാസയോഗ്യരായ രണ്ടു പുരുഷന്മാര്‍ വിധിക്കാന്‍ പോവുന്ന ഖ്വാള്വിയുടെ അടുത്ത് സാക്ഷി നില്‍ക്കുകയോ അല്ലെങ്കില്‍ നിശ്ചയിച്ച ഖാളി എഴുത്ത് മുഖേന മറ്റു ഖാളിമാര്‍ക്ക് വിവരം കൊടുക്കുകയോ വേണം. ഈ എഴുത്ത് വിധിപ്രഖ്യാപിച്ച ഖ്വാള്വിയുടേതാണെന്നതിന് രണ്ടു സാക്ഷികള്‍ വേണം (ഫ.മു’ഈന്‍).

ഫോണ്‍ സന്ദേശം കേട്ടവര്‍ സാക്ഷി നിന്നതുകൊണ്ടും കാര്യമില്ല. കാരണം ‘കേവലം ശബ്ദം മാത്രം കേട്ട് ഒരു വിഷയത്തില്‍ സാക്ഷി നില്‍ക്കാന്‍ പറ്റില്ല’ (തുഹ്ഫ 10/261). ശബ്ദിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുകയും മൊഴിയുന്ന വ്യക്തിയെ നേരില്‍ കാണുകയും വേണം (തുഹ്ഫ 10/258).  ഖാളി തന്നെ നേരിട്ട് ഫോണ്‍ സന്ദേശം കേട്ടാലും മാസമുറപ്പിക്കാന്‍ പാടില്ല.  ഖാളിക്ക് തന്റെ അറിവുപ്രകാരം വിധിക്കണമെങ്കില്‍, വിവരം ഒരു സാക്ഷിക്ക് സാക്ഷി നില്‍ക്കാന്‍ പറ്റുന്ന വിധത്തില്‍ ലഭിച്ചതായിരിക്കണം (തുഹ്ഫ 10/148).


RELATED ARTICLE

  • പ്രതിദിന ദിക്റുകള്‍
  • എല്ലാദിവസവും ചൊല്ലേണ്ട ദുആ
  • എട്ട് റക്അതുകാരുടെ രേഖകള്‍ ദുര്‍ബലം
  • പെരുന്നാള്‍ നിസ്കാരം
  • ഈദുല്‍ ഫിത്വ്ര്‍ ആഘോഷം
  • സംഘടിത സകാത്
  • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
  • ഫിത്വ്ര്‍ സകാത്
  • സകാത്
  • ലൈലതുല്‍ഖദ്ര്‍: വ്യത്യസ്ത വീക്ഷണങ്ങള്‍
  • ലൈലതുല്‍ ഖ്വദ്ര്‍
  • ബദര്‍ദിന ചിന്തകള്‍
  • തറാവീഹ് : ജല്‍പ്പനവും മറുപടിയും
  • എട്ട് റക്’അത് നിഷ്ഫലം
  • രേഖകള്‍ ഇരുപതിനു തന്നെ
  • തറാവീഹിന്റെ റക്’അതുകള്‍
  • തറാവീഹിലെ ജമാ’അത്
  • തറാവീഹ് നിസ്കാരം
  • റമള്വാനിലെ സംസര്‍ഗം
  • നോമ്പ് മുറിയുന്ന കാര്യങ്ങള്‍
  • നോമ്പിന്റെ സമയം
  • നോമ്പ് ഖ്വള്വാഅ് വീട്ടല്‍
  • ഇസ്തിഹാളത് കാരിയുടെ നോമ്പ്
  • നോമ്പില്‍ ഇളവുള്ളവര്‍
  • നോമ്പിന്റെ സുന്നത്തുകള്‍
  • നോമ്പിന്റെ ഫര്ളുകള്‍
  • നോമ്പ് നിര്‍ബന്ധമായവര്‍
  • സംശയനിവാരണം
  • കണക്ക് കൊണ്ട് സാക്ഷ്യം തള്ളാമോ?
  • റമളാനിന്റെ സ്ഥിരീകരണം
  • കണക്കും ജ്യോതിശാസ്ത്രവും
  • നോമ്പിന്റെ അനിവാര്യത
  • റമളാന്‍ മഹത്വവും പ്രസക്തിയും
  • മനസില്‍ മാലാഖ വരുന്ന നോമ്പുകാലം
  • സുന്നത് നോമ്പുകള്‍
  • വ്രതാനുഷ്ഠാനം: