Click to Download Ihyaussunna Application Form
 

 

കറന്‍സിയുടെ ചരിത്രവും സകാതും

ചോദ്യം: എന്താണ് പണം? എങ്ങനെയാണ് കറന്‍സിക്ക് സകാതുണ്ടാകുന്നത്? കറന്‍സിയുടെ ചരിത്രമൊന്ന് വിശദീകരിച്ചാലും?

ഉത്തരം: പണത്തിനെപ്പറ്റി പല അനുമാനങ്ങളുമുണ്ട്. അങ്ങനെ ഒരു സാധനം തന്നെ പണ്ട് ഭൂമിയിലുണ്ടായിരുന്നില്ലത്രെ. പിന്നെ ആവശ്യമുള്ള വസ്തുക്കള്‍ എങ്ങനെയാണവര്‍ വാങ്ങിയിരുന്നത്. നമുക്കിന്നുള്ളത്ര ആവശ്യങ്ങളൊന്നും അവര്‍ക്കുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നു നാം നിത്യേന ഉപയോഗിക്കുന്ന ലൈറ്റും ഫാനും വാഹനങ്ങളുമൊ ന്നും അന്ന് കണ്ടുപിടിച്ചിരുന്നില്ല. ഭക്ഷണത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് അവര്‍ക്ക് പ്രധാനമായും വേണ്ടിയിരുന്നത്. പിന്നെ ധരിക്കാന്‍ വേണ്ട വസ്്രതങ്ങളും വീട്ടില്‍ കിടക്കാന്‍ വേണ്ട അത്യാവശ്യ സാധനങ്ങളുമൊക്കെ. അതില്‍ ചിലതെല്ലാം വീട്ടില്‍ തന്നെ ഉണ്ടാക്കും. മറ്റു വസ്തുക്കള്‍ സംഘടിപ്പിക്കണം.

സക്കീറിന് ഒരു പശുവിനെ കിട്ടണം എന്നു വിചാരിക്കുക. കുറേ തേങ്ങ മാത്രമേ സക്കീറിന്റെ കൈയിലുള്ളൂ. സക്കീര്‍ പശുവിനെ വില്‍ക്കുന്നയാളുടെ അടുത്തെത്തി. ഒരുപശുവിനെ തന്നാല്‍ ഇത്ര തേങ്ങ തരാമെന്ന് പറഞ്ഞു. പശുവിന്റെ ഉടമക്ക് തേങ്ങ വളരെ അത്യാവശ്യമായിരുന്നു. അങ്ങനെ തേങ്ങക്കുപകരമായി അയാള്‍ പശുവിനെ സക്കീറിന് കൊടുത്തു. എന്തെളുപ്പമുള്ള കച്ചവടം.

പക്ഷേ ഇതിന് വലിയൊരു കുഴപ്പമുണ്ട്. ഉദാഹരണമായി സക്കീറിന്റെ കാര്യം തന്നെയെടുക്കുക. പശുവിന്റെ ഉടമക്ക് തേങ്ങയല്ല, ആടുകളെയാണ് വേണ്ടതെങ്കിലോ? സക്കീറിനാണെങ്കില്‍ ആടുകളില്ല. ഉടനെ സക്കീര്‍ ആടു വളര്‍ത്തുകാരന്റെ അടുത്തേക്കോടി. തേങ്ങക്കുപകരം ആടിനെ തരുമോ എന്നന്വേഷിക്കുന്നു. അയാള്‍ക്കും തേങ്ങ വേണ്ട. മുണ്ട് മതി. മുണ്ടന്വേഷിച്ച് സക്കീര്‍ വീണ്ടും നെയ്തുകാരന്റെ അടുത്തെത്തുന്നു. തേങ്ങക്കുപകരം മുണ്ടുകൊടുക്കാന്‍ അയാള്‍ തയ്യാറായാല്‍ ഭാഗ്യം. മുണ്ട് വാങ്ങി ആടുവളര്‍ത്തുകാരന് കൊടുത്ത് ആടിനെ വാങ്ങാം, അത് കൊടുത്ത് പശുവിനെയും വാങ്ങാം.

പക്ഷേ, അതിനിടക്കും പ്രശ്നമുണ്ടായെന്നു വരും. ഒരാട് വളരെ ചെറുതായത് കൊണ്ട് പശുവിനെ കൊടുക്കാന്‍ ഉടമ തയ്യാറായില്ലെങ്കിലോ? എല്ലാം കുഴഞ്ഞതുതന്നെ. എന്തായാലും ഇത്തരത്തിലായിരുന്നു പണ്ട് ചെറിയ ചെറിയ സമൂഹങ്ങളായി മനുഷ്യന്‍ ജീവിച്ചിരുന്നപ്പോള്‍ പരസ്പരം സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയുമൊക്കെ ചെയ്തിരുന്നത്. ഒരു സാധനത്തിനും കൃത്യമായി വിലയൊന്നും അന്നുണ്ടായിരുന്നില്ല. പിന്നീട് പല വസ്തുക്കള്‍ക്കും ചില പ്രത്യേക വിലയൊക്കെ നിശ്ചയിക്കാന്‍ തുടങ്ങി. ഒരു പശുവിന് നാല് ആട്, ഒരാടിന് നാലുമുണ്ട്, ഒരു മുണ്ടിന് പത്തു തേങ്ങ എന്നൊക്കെ വിലയിട്ടു.

പിന്നെ സാധനങ്ങള്‍ വാങ്ങുക കുറേക്കൂടി എളുപ്പമായി. ഉടമക്ക് ആടിനെ വേണ്ടെങ്കിലും കുഴപ്പമില്ല. നാല് ആടിന്റെ വിലയായ പതിനാറു മുണ്ട് കൊടുത്തും പശുവിനെ വാങ്ങാം. അല്ലെങ്കില്‍ നൂറ്റി അറുപത് തേങ്ങ കൊടുത്താലും മതി. വലിയൊരു മുന്നേറ്റമായിരുന്നു ഇത്.

എന്നാല്‍, ഈ രീതിയിലുമുണ്ടായിരുന്നു കുഴപ്പം. ആടുകളില്‍ വലുതും ചെറുതും മെലിഞ്ഞതും രോഗം പിടിച്ചതുമെല്ലാമുണ്ടല്ലോ. തീരേ മോശപ്പെട്ട ആടുകളായതുകൊണ്ട് നാലര ആടുകളെ തന്നാലേ പശുവിനെ തരൂ എന്നാര്‍ക്കും ആവശ്യപ്പെടാനൊന്നും വയ്യ. കൊണ്ടു നടക്കാനാണെങ്കില്‍ അതിലേറെ വിഷമവും.

അങ്ങനെയാണ് എളുപ്പം അളന്നുകൊടുക്കാവുന്നതും കൊണ്ടുനടക്കാവുന്നതുമായ സാ ധനങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ആദ്യത്തെ പണത്തിന്റെ വരവ് യഥാര്‍ഥത്തില്‍ അങ്ങനെയായിരുന്നു. ആടും കോഴിയുമൊന്നുമില്ലാതെ ആര്‍ക്കും എടുത്തു കൈ കാര്യം ചെയ്യാവുന്ന ഒരുതരം പണം. ആദ്യത്തെ ആ പണം ഏതായിരുന്നു? ചരിത്രകാരന്മാരെ കുഴക്കുന്ന ചോദ്യമാണിത്. കന്നുകാലി പണവും എല്ലും പല്ലുമൊന്നും ശരിക്കും പണമായി കണക്കാക്കാന്‍ പറ്റില്ലല്ലോ. ഇന്നത്തെ നാണയങ്ങളോ നോട്ടോ പോലെ കൃത്യം എണ്ണം കണക്കാക്കി ഉപയോഗിക്കാന്‍ പറ്റുന്ന ആദ്യത്തെ പണം ഒരുതരം കക്കകളായിരുന്നു വെന്നാണ് പറയപ്പെടുന്നത്. കവടി എന്നറിയപ്പെടുന്ന ഈ കക്കകള്‍ പുരാതന കാലത്തുതന്നെ ചൈനയിലും ഇന്ത്യയിലും ഉപയോഗിച്ചിരുന്നു. അതേ, നമ്മുടെ നാട്ടില്‍ ജ്യോത്സ്യന്മാര്‍ പ്രശ്നം വെക്കാനും മറ്റും ഇന്നുപയോഗിക്കുന്ന കവടികള്‍ തന്നെ. ഗുഹകളിലും മറ്റും താമസിച്ചിരുന്ന ആദിമ മനുഷ്യന്‍ കവടി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചൈനക്കാരുടെ കൈവശം കവടിപ്പണമുണ്ടായിരുന്നതായി സുപ്രസിദ്ധ സഞ്ചാരിയായ മാര്‍േക്കാപോളോ പറയുന്നു. കവടിപ്പണം ഒരു കിഴിയിലിട്ട് കൊണ്ടു നടക്കാന്‍ എളുപ്പമാണെന്നു മാത്രമല്ല. വളരെക്കാലം കേടു കൂടാതിരിക്കുകയും ചെയ്യും. കന്നുകാലിപ്പണം പോലെ തീറ്റ കൊടുക്കേണ്ട. രോഗം വരുമെന്ന പേടി വേണ്ട. എങ്കിലും കുറേക്കാലം കഴിഞ്ഞപ്പോള്‍ കവടിപ്പണവും പോരെന്നായി. പത്തോ ഇരുപതോ കൊല്ലത്തിനു പകരം നൂറോ ഇരുനൂറോ കൊല്ലം കേടുവരാതിരിക്കുന്ന വസ്തുക്കളിലായി ശ്രദ്ധ.

അങ്ങനെയാണ് ലോഹങ്ങളിലേക്ക് തിരിയുന്നത്. ഓടുകൊണ്ടുണ്ടാക്കിയ കത്തിയും തൂമ്പയുമായിരുന്നു ചൈനക്കാര്‍ പണമാക്കിയത്. അമേരിക്കയിലെ ആസ്ടെക് എന്ന റെഡ് ഇന്ത്യന്‍ വര്‍ഗക്കാര്‍ ചെമ്പുകൊണ്ടുള്ള കോടാലിയും പണമായി ഉപയോഗിച്ചു. മലേഷ്യക്കാരാകട്ടെ തകരത്തൊപ്പിയും. ലോഹമല്ലെങ്കിലും ജപ്പാന്‍കാരുടെ ചെടിപ്പണവും വളരെക്കാലം നിലനില്‍ക്കുന്നതായിരുന്നു. നല്ല ഭംഗിയുള്ള ചിലതരം കൊച്ചു ചെടികള്‍ ഉണക്കി സൂക്ഷിച്ചാണ് അവര്‍ ഇതുണ്ടാക്കിയിരുന്നത്. മൊറൊക്കോയില്‍ പണ്ടുള്ളവര്‍ മരക്കമ്പുകള്‍ നാണയം പോലെ ചെത്തി ഉപയോഗിക്കുകയായിരുന്നു പതിവ്. അതില്‍ ചില രൂപങ്ങളും കൊത്തിയുണ്ടാക്കും. ആവശ്യമെന്നു വന്നാല്‍ ഇവ ചെറിയ കഷ്ണങ്ങളാക്കി ചില്ലറയാക്കുകയും ചെയ്യാം. അങ്ങനെ കൈയില്‍ കിട്ടിയ ലോഹവും മറ്റും മിക്ക സ്ഥലങ്ങളിലും പണമായി മാറി.

കുന്തമുനയും ഏറുകത്തിയും ചൂണ്ടല്‍ കൊളുത്തുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. സ്വര്‍ണ വളയമായിരുന്നു ഈജിപ്തിലെ പണം. എങ്കിലും ഇന്നത്തെ രീതിയിലുളള നാണയങ്ങളു രൂപം വരാന്‍ പിന്നെയും സമയമെടുത്തു. പല സ്ഥലങ്ങളിലും നാണയങ്ങളായി ഉപയോഗിച്ചിരുന്ന ലോഹങ്ങളില്‍ സ്വര്‍ണത്തിനും വെള്ളിക്കും പ്രാധാന്യം കൂടി. അങ്ങനെയാണ് ഒരു പ്രത്യേക ലോഹം തന്നെ ഭരണാധികാരികള്‍ പണമായി ഇറക്കാന്‍ തുടങ്ങിയത്.

ഇന്നത്തെ ടര്‍ക്കിയില്‍ ഉള്‍പ്പെട്ട ലിഡിയയാണ് ഭൂമുഖത്ത് ആദ്യമായി നാണയങ്ങള്‍ അടിച്ചിറക്കിയതെന്ന് കരുതപ്പെടുന്നു. 2700 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലിഡിയ ഭരിച്ചിരുന്ന ക്രോ യ്ഡസ് രാജാവിന്റെ കാലത്താണിതുണ്ടായത്. തനി കട്ടി സ്വര്‍ണത്തില്‍ നിര്‍മിച്ച ഈ നാ ണയത്തെക്കുറിച്ചു കൂടുതലായി ഒന്നും തന്നെ അറിയില്ലെങ്കിലും മറ്റൊരു കാര്യം ഉറപ്പാണ്. ബി.സി. 540ല്‍ സമോസ് എന്ന സ്ഥലത്തെ പോളിക്രേറ്റസ് എന്നയാള്‍ അതുപോലുള്ള കള്ള നാണയങ്ങള്‍ നിര്‍മിച്ചിരുന്നതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

താമസിയാതെ ഗ്രീസിലും അയല്‍ രാജ്യങ്ങളിലുമൊക്കെയുള്ള ഭരണാധികാരികള്‍ ലിഡിയയിലേത് പോലെ നാണയങ്ങളടിക്കാന്‍ തുടങ്ങി. സ്വര്‍ണവും വെള്ളിയുമായിരുന്നു ഇവയിലധികവും. ഇവരണ്ടും കൂടിച്ചേര്‍ന്ന ഇലക്ട്രം എന്ന ലോഹവും ഏഷ്യാമൈനറിലെ ചില രാജ്യങ്ങളില്‍ ഉപയോഗിച്ചിരുന്നു. അവയില്‍ ചില രൂപങ്ങള്‍ കൊത്തുന്ന പതിവു തുടങ്ങിയത് ഏതന്‍സുകാരാണെന്ന് കരുതപ്പെടുന്നു. മനുഷ്യന്റെയും കാളയുടെയും രൂപമാണ് അതിലധികവും. 2400 വര്‍ഷം മുമ്പുള്ള റോമക്കാര്‍ ഇതിനോടൊപ്പം ആമയുടെയും കുതിരയുടെയും ചിത്രമുള്ള നാണയങ്ങളും നിര്‍മിച്ചു.

നാണയങ്ങളുടെ വലിപ്പവും രൂപവുമൊന്നും എല്ലായിടത്തും ഒരുപോലെയായിരുന്നില്ല. ഏതന്‍സിലെ ചില ഇലക്ട്രം നാണയങ്ങള്‍ക്ക് ഒരു തീപ്പെട്ടി കമ്പിന്റെ മൊട്ടോളമേ വലിപ്പമുണ്ടായിരുന്നുള്ളൂ. ഇതേ കാലത്തുതന്നെ റോമക്കാരിറക്കിയ കാളനാണയത്തിനു നമ്മുടെ ഒരു പോസ്റ്റു കാര്‍ഡിനെക്കാള്‍ വലിപ്പമുണ്ടായിരുന്നു. കണ്ടാല്‍ ഒരു ഇഷ്ടികക്കട്ട പോലിരിക്കും. അതിന്റെ ഭാരവും മോശമായിരുന്നില്ല. കഷ്ടിച്ച് രണ്ടുകിലോ വരും.

അങ്ങനെ പല നാണയങ്ങളും രംഗത്തെത്തി. എന്നിട്ടും പ്രശ്നങ്ങള്‍ കുറഞ്ഞില്ല. കാര ണം വലിയ തുകക്കുള്ള സാധനങ്ങള്‍ വാങ്ങാനേ അക്കാലത്തെ നാണയങ്ങള്‍ കൊണ്ട് കഴിഞ്ഞുള്ളൂ. ചെറുതെല്ലാം മറ്റുതരം ലോഹമോ പണമോ ഉപയോഗിച്ചാണ് വാങ്ങിയിരുന്നത്. ദൂരദേശത്തുള്ള രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്ന ഏതന്‍സുകാര്‍ തന്നെയാണ് ഇതിനൊരു പരിഹാരം കണ്ടെത്തിയത്. ടാലന്റ് എന്നായിരുന്നു അവരുടെ നാണയത്തിന്റെ പേര്. ടാലന്റ് അവര്‍ 60 ആയി വിഭജിച്ചു. മൈന എന്ന നാണയമുണ്ടാക്കി. 60 മൈന കൂടിയാല്‍ ഒരു ടാലന്റ് എന്നായിരുന്നു കണക്ക്. അതിനുശേഷം ഓരോ മൈന യും നൂറ് ഡ്രോക്ക്മാ നാണയങ്ങളായി തിരിച്ചു. കച്ചവടക്കാരുടെ കൈകലിലൂടെ പല രാജ്യങ്ങളുമെത്തിയ ഈ നാണയങ്ങള്‍ എല്ലായിടത്തും വളരെ വേഗം പ്രചാരത്തിലായി. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയും സ്പെയിനുമൊക്കെ അത്തരത്തിലുള്ള ചില്ലറ നാണയങ്ങളും ഒറ്റനാണയങ്ങളും നിര്‍മിക്കാനാരംഭിക്കുകയും ചെയ്തു. മൂങ്ങ നാണയം എ ന്നായിരുന്നു ഇവക്കു പേര്. കാരണം ഗ്രീസിലെ ഓരോ നഗരവും ഓരോ ചിഹ്നമുള്ള നാണയങ്ങളാണ് അടിച്ചിരുന്നത്. ഏതന്‍സ് മൂങ്ങയും ഏയ്ജിന കടലാമക്കുട്ടിയും കൊറിന്ത് പറക്കും കുതിരയും ലിഡിയ സിംഹവുമൊക്കെ ഉപയോഗിച്ചു. നാണയങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ചില രാജ്യങ്ങള്‍ ദൈവങ്ങളുടെ രൂപവും കൊത്തിവെച്ചു. രണ്ടായിരത്തിലധികം വര്‍ഷം മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ടോളമി ഒന്നാമനാകട്ടെ സ്വന്തം മുഖം തന്നെയാണ് നാണയങ്ങളില്‍ മുദ്രവെക്കാന്‍ തിരഞ്ഞെടുത്തത്. നാണയത്തിന്റെ കാലമറിയാനും രാജാവിന്റെ പ്രശസ്തിക്കും ഈ സൂത്രം നന്നായി ഉപകരിച്ചു. പിന്നെ താമസിച്ചില്ല. സര്‍വരാജാക്കന്മാരും ഈ വിദ്യ തുടങ്ങി. ആദ്യമെല്ലാം നാണയങ്ങള്‍ ഓരോന്നായി അടിച്ചുപരത്തുകയായിരുന്നു പതിവ്. സമര്‍ഥരായ കകൌശലക്കാര്‍ അതില്‍ ഓരോന്നിലും വേണ്ട മുദ്രകള്‍ കൊത്തിവെക്കും. പക്ഷേ, ഇത് വളരെ പതുക്കെയല്ലേ പറ്റൂ. അങ്ങനെയാണ് നാണയങ്ങള്‍ക്ക് വേണ്ട ആകൃതിയിലും വലിപ്പത്തിലുമുള്ള അച്ചുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.

കച്ചവടവും മറ്റും വര്‍ധിച്ചതോടെ ഇതും പോരെന്നു വന്നു. അന്നൊക്കെ സ്വര്‍ണം കൊ ണ്ടും വെള്ളി കൊണ്ടുമുള്ള നാണയങ്ങളായിരുന്നല്ലോ പ്രധാനം. പലരും അവയുടെ അ രികുകള്‍ ചെത്തിയെടുത്തു. വേറെ വില്‍ക്കാന്‍ തുടങ്ങി. പലരും സ്വന്തം ഇഷ്ടപ്രകാരം നാണയമുണ്ടാക്കുകയും ചെയ്തു. നല്ലതും കള്ളവുമായ നാണയങ്ങള്‍ കൂടിയപ്പോഴാണ് ചിലര്‍ മറ്റൊരു സൂത്രം കണ്ടെത്തിയത്. നാണയങ്ങള്‍ക്ക് ചുറ്റും നിറയെ വരകളിടുക. പിന്നെ, അത് രാകിയെടുത്താല്‍ പെട്ടെന്നു തിരിച്ചറിയാമല്ലോ. നമ്മുടെ ഇരുപത്തിയഞ്ചിന്റെയും അമ്പതിന്റെയും പൈസകളില്‍ ഇന്നും ഈ വരകള്‍ കാണാം. ഗ്രെയിന്‍ എന്നാണ് ഈ വരകള്‍ക്കു പേര്.

പതിനഞ്ചാം നൂറ്റാണ്ടുവരെ ഇത്തരത്തിലായിരുന്നു നാണയ നിര്‍മാണം. അതിനുശേഷമാണ് വലിയ യന്ത്രങ്ങളുപയോഗിച്ച് നാണയമടിക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്. കമ്മട്ടം എന്നാണിതിനു പറയുക. നാലു നൂറ്റാണ്ടു മുമ്പ് ഫ്രാന്‍സില്‍ ആദ്യത്തെ നാണയമടിക്കുന്ന യന്ത്രം സ്ഥാപിച്ചെങ്കിലും അതു വേഗം തന്നെ അടച്ചുപൂട്ടി. കാരണം സ്ഥിരം നാ ണയമുണ്ടാക്കുന്ന തൊഴിലുകാരുടെ എതിര്‍പ്പുതന്നെ. എങ്കിലും താമസിയാതെ യൂറോപ്പില്‍ പലയിടത്തും കൂറ്റന്‍ യന്ത്രക്കമ്മട്ടങ്ങള്‍ വന്നു. ആദ്യമൊക്കെ കുതിരകള്‍ വലിക്കുമ്പോള്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ഇവ. രണ്ട് കൂറ്റന്‍ ഇരുമ്പു റോളറുകള്‍ ലോഹത്തകിടിനെ ഒരേ കനത്തിലും ആകൃതിയിലും മുറിച്ച് അതില്‍ മുദ്രകുത്തുന്ന സൂത്രമായിരുന്നു ആദ്യം. പിന്നീട് ജയിംസ് വാട്ടും കൂട്ടരും ആവിയന്ത്രം കണ്ടുപിടിച്ചപ്പോള്‍ കുതിരകളെ മാറ്റി. പകരം ആവിയന്ത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്മട്ടങ്ങളായി. മിനിറ്റില്‍ അറുപതോളം നാണയങ്ങള്‍ നിര്‍മിക്കാനേ അവക്കു കഴിവുണ്ടായിരുന്നുള്ളൂ. പിന്നീട് വൈദ്യുതിയും മറ്റും വന്നപ്പോള്‍ മിനിറ്റില്‍ പതിനായിരം നാണയങ്ങള്‍ നിര്‍മിക്കുന്ന കമ്മട്ടങ്ങള്‍ നിലവില്‍വന്നു.

എന്നാല്‍ ഇതിനിടയിലൊക്കെത്തന്നെ പണമായ ിലോഹനാണയവും പോര എന്നു പലര്‍ ക്കും തോന്നിത്തുടങ്ങിയിരുന്നു. കേടുവരില്ലെങ്കിലും കിഴികെട്ടി കൊണ്ടുപോകാന്‍ പ്രയാസം. കള്ളന്മാര്‍ക്കു കണ്ടാലുടനെ പണമുണ്ടെന്ന് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും.

അങ്ങനെയാണ് ചിലര്‍ പുതിയ ഒരുതരം പണത്തെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടിലായിരുന്നു അത്. അപ്പോഴേക്കും യൂറോപ്പില്‍ പലയിടത്തും കടലാസും അച്ചടിയുമൊക്കെ നിലവില്‍ വന്നിരുന്നു. എങ്കില്‍ എന്തുകൊണ്ട് കടലാസ് തന്നെ പണമായി ഉപയോഗിച്ചുകൂടാ എന്നായി പല രാജ്യങ്ങളിലുള്ളവരെയും ആലോചന. പണം സുരക്ഷിതമായി സൂക്ഷിക്കുന്ന ചില സ്ഥാപനങ്ങള്‍ അതിനിടെ പലസ്ഥലത്തുമുണ്ടായിക്കഴിഞ്ഞിരുന്നു. നമ്മുടെ ഇന്നത്തെ ബേങ്കുകളുടെ മുത്തച്ഛന്മാര്‍ തന്നെ. അവിടെ പണം സൂക്ഷിക്കാനെത്തിയവര്‍ക്കു ബേങ്കുടകമകള്‍ കൈ കൊണ്ടെഴുതി ചില രസീതുകള്‍ നല്‍കിയിരുന്നു. ഇന്നയാള്‍ ഇത്ര പണം ഇവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നും ആവശ്യപ്പെടുമ്പോള്‍ അത് തിരികെ കൊടുത്തുകൊള്ളാമെന്നുമുള്ള കരാറായിരുന്നു അത്.

ഇന്നത്തെ കറന്‍സി നോട്ടുപോലെയൊന്നുമല്ലെങ്കിലും ആളുകള്‍ പണത്തിനുപകരം പരസ്പരം ഈ കരാറെഴുതിയ കടലാസ് കൈമാറാന്‍ തുടങ്ങി. അത് കൊടുക്കുന്നയാള്‍ക്ക് നിക്ഷേപിച്ച പണം നല്‍കാമെന്നാണ് ബേങ്കിന്റെ വ്യവസ്ഥ.

പുതിയൊരുതരം പണത്തിന്റെ വരവിനു പിന്നെ താമസമുണ്ടായില്ല. അതേ, ലോഹനാണയത്തിനുപകരം കനം കുറഞ്ഞ കടലാസില്‍ എഴുതിയ പണം. ഓരോ പണക്കടലാസിന്റെയും വിലയും മറ്റും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്വീഡനിലെ സ്റ്റോക്ക് ഹോം ബേങ്ക് 1664ല്‍ അടിച്ചിറക്കിയ കടലാസ് പണമാണ് ഇന്നത്തെ കറന്‍സി നോട്ടിന്റെ മുന്‍ഗാമി എന്ന് കരുതപ്പെടുന്നു.

ബേങ്കുകള്‍ നോട്ടടിച്ചിറക്കാന്‍ തുടങ്ങിയതോടെ മറ്റൊരു കുഴപ്പമുണ്ടായി. ഭരണാധികാരികളെല്ലാം നാണയങ്ങളായിരുന്നല്ലോ നിര്‍മിച്ചിരുന്നത്. ജനങ്ങളില്‍ പലരും നാണയങ്ങള്‍ ബേങ്കുകളില്‍ നിക്ഷേപിച്ചു കടലാസ് പണം വാങ്ങാന്‍ തുടങ്ങി. ഇതുകണ്ട് ഭരണാധികാരികളില്‍ പലരും ബേങ്കുകളുടെ നോട്ടുസൂത്രം കടംവാങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവ അടിച്ചിറക്കുകയും ചെയ്തു. താമസിയാതെ സര്‍ക്കാറോ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബേങ്കോ അല്ലാതെ നോട്ടടിക്കരുതെന്ന നിയമവും വന്നു.

സാധാരണ വലിയ വലിയ കച്ചവടക്കാര്യങ്ങള്‍ക്കായി മാത്രമേ ആദ്യത്തെ നോട്ടുകള്‍ ഉപയോഗിച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ വലിയ തുകക്കുള്ള കടലാസ് പണങ്ങളായിരുന്നു അവയില്‍ മിക്കതും. അന്നത്തെ നോട്ടുകള്‍ കണ്ടാല്‍ നമുക്കിന്ന് ചിരിവരും. കട്ടിക്കടലാസില്‍ ഇരുവശത്തും എഴുതുകയും വരക്കുകയും ചായം പുരട്ടുകയുമൊക്കെ ചെയ്തവയായിരുന്നു അവ. അച്ചടിവിദ്യ പുരോഗമിച്ചതോടെ നല്ല അച്ചുകള്‍ നിര്‍മിച്ച് നോട്ട് നിര്‍മിക്കാനായി ശ്രമം.

ഈ നൂറ്റാണ്ടായപ്പോഴേക്കും നാണയങ്ങളുടെ പ്രാധാന്യം കുറഞ്ഞുവന്നു. പല നാണയങ്ങളും ഈയടുത്ത കാലത്തായി തീരേ ഇല്ലാതാവുകയും ചെയ്തു. ഒന്ന്, രണ്ട്, മൂന്ന് പൈസകള്‍ ഇന്ത്യയില്‍ കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നതായി ചിലര്‍െക്കങ്കിലും അറിയാമായിരിക്കും. ഇപ്പോള്‍ ആ നാണയങ്ങളെല്ലാം പിന്‍വലിച്ചുകഴിഞ്ഞു.

നോട്ടിനെക്കാള്‍ മുമ്പുവന്ന പണമാണല്ലോ നാണയം. അതുകൊണ്ട് നാണയം തന്നെയാണ് ആദ്യം തട്ടിപ്പില്‍ വീണത്. 2700 വര്‍ഷം മുമ്പ് ലിഡിയയിലാണ് ആദ്യമായി നാണയമടിച്ചതെന്നു നമുക്കറിയാം. വെറും നൂറുവര്‍ഷത്തിനകം തന്നെ ആദ്യത്തെ തട്ടിപ്പ് വീണ്ടും രംഗത്തെത്തി. പോളിക്രേറ്റസ് എന്ന ഒരാള്‍ സ്പാര്‍ട്ടക്കാര്‍ക്കു കള്ളനാണയം നല്‍കിയതിന്റെ പേരില്‍ പിടിക്കപ്പെട്ടു. അങ്ങനെ ചരിത്രത്തിലറിയപ്പെടുന്ന ആദ്യത്തെ കള്ളനാണയ വീരന്‍ പോളിക്രേറ്റസായിത്തീര്‍ന്നു.

തട്ടിപ്പുകാര്‍ മാത്രമല്ല, ഇന്നത്തെ ഭരണാധികാരികളും കള്ളനോട്ടടിച്ചിറക്കാറുണ്ട്. ശത്രുരാജ്യങ്ങളിലെ നോട്ടായിരിക്കും അടിക്കുന്നതെന്നേയുള്ളൂ. എന്നിട്ട് ആരുമറിയാതെ ചാരന്മാര്‍ മുഖേന അവയെല്ലാം ശത്രുരാജ്യത്ത് പ്രചരിപ്പിക്കും. യഥാര്‍ഥത്തില്‍ വിലയില്ലാത്തവയാണല്ലോ ഈ കള്ളനോട്ടുകള്‍. അതോടെ ആ രാജ്യത്തെ നോട്ടുകള്‍ക്ക് വിലയില്ലാതാകും. മറ്റു രാജ്യങ്ങളൊന്നും തന്നെ അവരുടെ നോട്ടിനു സാധനങ്ങള്‍ വില്‍ക്കാന്‍ തയ്യാറാവില്ല. വസ്തുക്കളുടെ വില ഭയങ്കരമായി വര്‍ധിക്കും. സാമ്പത്തികമായി പാപ്പരായി പട്ടിണിയും മറ്റും വന്നു താമസിയാതെ ശത്രുരാജ്യം യുദ്ധത്തില്‍ തോല്‍ക്കുകയും ചെയ്യും. രണ്ടാം ലോക മഹായുദ്ധകാലത്ത് ജര്‍മനി ഇത്തരം ഒരു വിദ്യയൊപ്പിച്ചു. ജയിലില്‍ കിടന്നിരുന്ന കള്ളനോട്ട് പ്രതികളെയെല്ലാം കൂട്ടി ഇംഗ്ളണ്ടിലെ കറന്‍സിയായ പൌണ്ട് നോട്ടുകളടിക്കാന്‍ ഏര്‍പ്പാടാക്കി. മുന്നൂറ് കോടിയിലധികം രൂപ തുക വരുന്നത്രയും ഇംഗ്ളീഷ് കറന്‍സിയാണവര്‍ അടിച്ചതെന്ന് പറയപ്പെടുന്നു. കണ്ടാലാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത വിധം നിര്‍മിച്ച ഈ കള്ളനോട്ടുകള്‍ വന്നപ്പോള്‍ ഇംഗ്ളണ്ടിന് ഒ രൊറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളൂ. അഞ്ച് പൌണ്ടിന് മുകളില്‍ ഉള്ള എല്ലാ നോട്ടുകളും അന്നുമുതല്‍ പിന്‍വലിക്കുക തന്നെ. പകരം പുതിയ ഡിസൈനില്‍ നോട്ടിറക്കുക. എന്തായാലും അത് ഫലിച്ചു. ജര്‍മനിയിറക്കിയ കള്ളനോട്ടുകളെല്ലാം വെറുതെയായി. ഇത്തരം തട്ടിപ്പുകാരുടെ എണ്ണം കാലം കഴിയുംതോറും കൂടിവന്നതേയുള്ളൂ. നാണയങ്ങളുടെ അരിക് വെട്ടിയെടുത്ത് ഒന്നിച്ച് കൂട്ടിപുതിയ നാണയങ്ങളുണ്ടാക്കുകയായിരുന്നു ആദ്യം ചിലരുടെ വിദ്യ. മറ്റു ചിലരാകട്ടെ വിലകുറഞ്ഞ ചെമ്പും മറ്റും കൂട്ടി കള്ളനാണയമുണ്ടാക്കാന്‍ തുടങ്ങി.

എന്നാല്‍ ഇത്തരം വിരുതന്മാര്‍ മാത്രമായിരുന്നു കള്ളനാണയങ്ങളടിച്ചിരുന്നത് എന്നൊ ന്നും കരുതരുതേ. നാണയമടിച്ചിരുന്ന രാജാക്കന്മാര്‍ തന്നെ പല കള്ളത്തരങ്ങളും കാണിച്ചിരുന്നു. റോമിലെ ഭരണാധികാരിയായിരുന്ന നീറോ ചക്രവര്‍ത്തി വെള്ളി നാണയങ്ങളില്‍ ഒരു സൂത്രമൊപ്പിച്ചു. അവയോരോന്നിന്റെയും വെള്ളി അല്‍പ്പം വീതമെടുത്തു പോ ക്കറ്റിലാക്കി.

അവസാനം വെള്ളി നാണയത്തില്‍ രണ്ടുശതമാനം പോലും വെള്ളിയില്ല എന്നായി അ വസ്ഥ. വിലകുറഞ്ഞ ലോഹങ്ങള്‍ക്കു മീതെ സ്വര്‍ണവും വെള്ളിയും കൊണ്ട് പൊതിയുകയായിരുന്നു ഫ്രാന്‍സിലെ ഫിലിപ്പ് രാജാവിന്റെയും ഇംഗ്ളണ്ടിലെ ഹെന്ററി എട്ടാമന്റേയുമൊക്കെ സൂത്രം. നാട്ടുകാരാകട്ടെ നാണയങ്ങള്‍ ഓരോന്നും കടിച്ചു അവക്കുള്ളില്‍ എന്താണെന്ന് പരിശോധിക്കുകയും ചെയ്തു. വെള്ളിനാണയത്തിനിടയില്‍ വെറും ചെ മ്പാണെന്നു കണ്ട് നാട്ടുകാര്‍ രണ്ടുപേര്‍ക്കും ഓരോ പേരും നല്‍കി. ഹെന്റിക്ക് ചെമ്പുമൂക്കന്‍ എന്നും ഫിലിപ്പിനു തട്ടിപ്പുവീരന്‍ രാജാവെന്നും.

പിന്നീട് കടലാസ് പണം വന്നപ്പോഴോ, ആദ്യമൊക്കെ ബേങ്കുകാര്‍ നിക്ഷേപകര്‍ക്കു കടലാസില്‍ എഴുതിക്കൊടുത്ത കരാര്‍ രശീതികളായിരുന്നല്ലോ നോട്ടുകള്‍. കടലാസും മഷിയും കിട്ടിയാല്‍ ഏതു സമര്‍ഥനും കള്ളനോട്ടുണ്ടാക്കാമെന്നായി സ്ഥിതി. അങ്ങനെയാണ് അനുകരിക്കാന്‍ പ്രയാസമുള്ള മുദ്രകളും ചായങ്ങളുമൊക്കെ ഉപയോഗിച്ച് ഭരണാധികാരികള്‍ നോട്ടടിക്കാന്‍ തുടങ്ങിയത്. എല്ലാ നോട്ടുകള്‍ക്കും പ്രത്യേകം നമ്പറോ അടയാളമോ ഇടാനും ആരംഭിച്ചു.

എങ്കിലും കള്ളനോട്ടിനു ക്ഷാമമുണ്ടായില്ല. ഒടുവില്‍ സഹികെട്ട ഇംഗ്ളണ്ടിലെ ഖജനാവുകാരാണ് വാട്ടര്‍മാര്‍ക്ക് എന്ന മുദ്ര നോട്ടില്‍ പതിപ്പിക്കുന്ന സൂത്രം കണ്ടെത്തിയത്. കടലാസുണങ്ങുന്നതിന് മുമ്പ് തന്നെ മുദ്ര ചേര്‍ത്തുവെച്ചാണ് ഇതുണ്ടാക്കുന്നത്. വെളിച്ചത്തിനു നേരെ പിടിച്ചാല്‍ വാട്ടര്‍മാര്‍ക്ക് വ്യക്തമായിക്കാണാം.

എങ്കിലും കണ്ടാല്‍ പെട്ടെന്നു തിരിച്ചറിയാത്ത കള്ളനോട്ടുകള്‍ പിന്നെയുമിറങ്ങി. അങ്ങനെയാണ് നോട്ടിനിടയില്‍ പ്ളാസ്റ്റിക് കൊണ്ടുള്ള ഒരു നേരിയ നൂല്‍ ഘടിപ്പിക്കാന്‍ തുടങ്ങിയത്. നോട്ടില്‍ കാണുന്ന നേരിയ കറുത്ത വര ഇതാണ്. നിര്‍മിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഇത്തരം നോട്ടുകള്‍ പക്ഷേ, കള്ളനോട്ടുകാരെ പിന്തിരിപ്പിച്ചിട്ടൊന്നുമില്ല.

ഇന്ത്യ പല നാട്ടുരാജ്യങ്ങളായാണ് കിടന്നിരുന്നത്. ഇതുകൊണ്ടൊരു കുഴപ്പം പറ്റി. ഓരോ രാജാവും അവരവര്‍ക്കു തോന്നിയ തരം നാമയങ്ങളടിച്ചിറക്കി. ഇംഗ്ളീഷുകാരുടെ വരവോടെയാണ് ഇതിനു മാറ്റം വന്നത്. 1835ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അന്നുവരെ നിലവിലിരുന്ന 994 തരം നാണയങ്ങള്‍ക്കും പകരം വെള്ളി രൂപ അടിച്ചിറക്കി. പഴയ നാണയങ്ങ ള്‍ക്കു പകരം പുതിയവ കൊടുക്കുകയും ചെയ്തു.

ആ കാലഘട്ടത്തില്‍ തന്നെയാണ് കടലാസ് പണത്തിന്റെയും വരവ്. ആദ്യമെല്ലാം ഗവ ണ്‍മെന്റിനു വേണ്ടി ബേങ്കുകളായിരുന്നു നോട്ടടിച്ചിരുന്നത്. 1935ല്‍ റിസര്‍വ് ബേങ്ക് സ്ഥാപിച്ചതോടെ നോട്ടടി മുഴുവന്‍ അങ്ങോട്ട് മാറ്റി. ആദ്യമൊക്കെ അവര്‍ അടിച്ചിരുന്ന നോട്ടുകള്‍ ഏതൊക്കെയെന്നോ? 2, 5, 10, 100, 1000, 10000 രൂപയുടെ നോട്ടുകള്‍. ഇന്ത്യക്ക് സ്വാതന്ത്യ്രം കിട്ടിയതിനുശേഷം ഇവയില്‍ പലതും നിര്‍ത്തലാക്കി.

നമ്മുടെ രൂപക്ക് ആ പേര് വന്നതെങ്ങനെയാണ്? സംസ്കൃതത്തില്‍ നിന്നാണ് രൂപയുടെ വരവ്. സംസ്കൃതത്തില്‍ രൂപ്യം എന്നാല്‍ വെള്ളി നാണയം എന്നാണര്‍ഥം. മുമ്പൊക്കെ അവയാണ് പ്രധാനമായും നമ്മുടെ നാട്ടിലുണ്ടായിരുന്നത്. പിന്നീട് അത്രയും വിലക്കുള്ള കടലാസ് പണം വന്നപ്പോഴും പേരിനു വലിയ മാറ്റമുണ്ടായില്ല. രൂപ്യം ഹിന്ദിയില്‍ രൂപ യായി മാറി. ഇംഗ്ളീഷില്‍ റുപ്പിയും. ഈ റുപ്പിയാണ് മലയാളത്തിലെ ഉറുപ്പികയായത്. കൂടെ രൂപയാ അല്‍പം മാറ്റി രൂപ എന്നും കടലാസ് പണത്തെ വിളിക്കാന്‍ തുടങ്ങി.

പൈസയുടെ കഥയും ഏതാണ്ടിതിപോലെ തന്നെയാണ്. ചക്രം എന്നാണ് പൈസ, പൈ തുടങ്ങിയ വാക്കുകള്‍ക്കര്‍ഥം. മുമ്പുകാലത്തു ചെറിയ ഒരു തരം ചെമ്പുനാണ്യങ്ങള്‍ ക്കാണ് പൈസ എന്ന് പറഞ്ഞിരുന്നത്. പഴയ തിരുവിതാം കൂറില്‍ ചക്രം എന്നുപേരുള്ള ഈ ചെമ്പ് നാണയം തന്നെ ഉണ്ടായിരുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം ഭരിച്ചിരുന്ന ഭാനു വിക്രമനാണ് ഇവിടെ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന തരം ഒരു നാണയമിറക്കിയത്. രാശി എന്നായിരുന്നു ഇതിനു പേര്. ഏതാണ്ട് കേരളം മുഴുവനും അന്ന് ഒറ്റ രാജ്യമായിരുന്നു. പില്‍ക്കാലത്ത് തിരുവിതാംകൂര്‍, കൊച്ചി, കോഴിക്കോട് എന്നിങ്ങനെ പല രാജ്യങ്ങളായി. ഓരോ സ്ഥലത്തും ഓരോ തരം നാണയങ്ങളും വന്നു. കൊച്ചി രാജാവിന്റെയും കണ്ണൂരിലെ ആലി രാജാവിന്റെയും നാണയങ്ങള്‍ക്ക് പണം എന്നുതന്നെയായിരുന്നു പേര്. പിന്നീട് കൊച്ചിയിലത് കലിയമേനി പുത്തന്‍ എന്നായി മാറി. ഒടുവില്‍ വെറും പുത്തന്‍ എന്നും. കോഴിക്കോട്ടെ സാമൂതിരി വീരരായനും തിരുവിതാംകൂര്‍ രാജാവ് അനന്തരായനും പണമെന്നാണ് നാണയങ്ങള്‍ക്കിട്ട പേര്. 1776ല്‍ മൈസൂരിലെ സുല്‍ത്വാനായ ഹൈദര്‍ എല്ലാ നാണയങ്ങളിലും തന്റെ പേരിന്റെ ആദ്യാക്ഷരമായ ‘ഹ’ കൊത്തല്‍ ഏര്‍പ്പെടുത്തി.

ബ്രിട്ടീഷുകാര്‍ ഇന്ത്യയെ അക്രമിച്ച് ഭരണം കൈയടക്കിയതോടെ കേരളത്തിലെ പണത്തിനും ചില മാറ്റങ്ങളൊക്കെ വന്നു. തലശ്ശേരിയില്‍ നിന്ന് ബ്രിട്ടീഷ് രൂപാനാണയം അടിച്ച് പ്രചരിപ്പിക്കുകയാണവര്‍ ആദ്യം ചെയ്തത്. നാട്ടുരാജ്യങ്ങളെല്ലാം അവരുടെ ഭരണത്തിന്‍ കീഴിലായപ്പോള്‍ വലിയ തുകയുടെ നാണയങ്ങളെല്ലാം അടിക്കാനുള്ള അവകാശം അവര്‍ക്കായി. സ്വാതന്ത്യ്രത്തിനു ശേഷമാകട്ടെ. ഇന്ത്യയിലെല്ലായിടത്തും ഒരേതരം നാണയങ്ങളും നോട്ടുകളും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ചുരുക്കത്തില്‍ അതത് കാലഘട്ടത്തിലുള്ള വിനിമയ മാധ്യമമാണ് പണം. സ്വര്‍ണനാണയവും വെള്ളിനാണയവും പണമായതും അങ്ങനെ തന്നെ. അതിനു സകാത് നിര്‍ബന്ധമാകുന്നതും ഇതേ വീക്ഷണത്തിലാണ്.

ഇന്നുള്ള കറന്‍സിയെപ്പറ്റി വിലയിരുത്തുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നതാണ്.

1) ഇന്നുള്ള കടലാസ് നാണയങ്ങള്‍ (കറന്‍സി) വിനിമയ മാധ്യമങ്ങളും ഇടപാടുകളുടെ കേന്ദ്രബിന്ദുവുമാണ്. (2) ഈ നാണയങ്ങള്‍ മുമ്പുണ്ടായിരുന്ന സ്വര്‍ണം, വെള്ളി നാണയങ്ങള്‍ക്ക് തുല്യമാണ്. (3) ഇന്ത്യയിലെ കടലാസ് നാണയങ്ങളുടെ മൂല്യം ചിലപ്പോള്‍ സ്വര്‍ണവും മറ്റു ചിലപ്പോള്‍ വെള്ളിയുമായിട്ടുണ്ട്. (4) ചിലപ്പോള്‍ വിദേശ വിനിമയമൂല്യവും പ്രാദേശിക വിനിമയമൂല്യവും വ്യത്യാസമുണ്ടായിരിക്കും. (5) ഇന്ത്യയിലെ ഇന്നത്തെ കടലാസ് നാണയങ്ങള്‍ അച്ചടിക്കുന്നത് ഒരു നിശ്ചിത തൂക്കം വെള്ളിയോടോ സ്വര്‍ണത്തോടെ സമമാക്കിക്കൊണ്ടല്ല. മറിച്ച് ഇത്രകോടി രൂപക്കുള്ള സ്വര്‍ണമോ വിദേശ നാണയമോ ഉണ്ടെങ്കില്‍ ഗവണ്‍മെന്റ് അഭിപ്രായപ്പെടുന്ന എത്രയും നോട്ട് അടിക്കാമെന്ന വിധത്തിലാണ്. (6) ഈ നോട്ടുകള്‍ കൊടുത്താല്‍ സ്വര്‍ണമോ വെള്ളിയോ നല്‍കല്‍ ഗവണ്‍മെന്റിന് നിര്‍ബന്ധമില്ല. മറിച്ച് തത്തുല്യമായ ഒരു നോട്ട് നല്‍കിയാല്‍ മതിയാകും. വസ്തുക്കള്‍ക്കു വിലയായി ഈ നോട്ടുകള്‍ നല്‍കിയാല്‍ ഇന്ത്യന്‍ പൌരന്മാരെല്ലാം അത് അംഗീകരിക്കണമെന്ന് നിയമമുണ്ട്. അല്ലാത്തപക്ഷം ഗവണ്‍മെന്റ് അവനെ ശിക്ഷിക്കുന്നതാണ്. (7) ഈ കടലാസ് നാണയങ്ങളുടെ യഥാര്‍ഥമൂല്യം സ്വതന്ത്രമാര്‍ക്കറ്റില്‍ നിന്ന് അവക്ക് ലഭിക്കുന്ന സ്വര്‍ണമോ വെള്ളിയോ ആണ്.

സ്വര്‍ണം, വെള്ളി നാണയങ്ങളില്‍ സകാത് നിര്‍ബന്ധമാകാനുള്ള കാരണങ്ങള്‍ കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജമല്‍ പറയുന്നു: “ലോകത്തിന്റെ നിലനില്‍പ്പും സൃഷ്ടികളുടെ സ്ഥിതിഗതികള്‍ ശരിപ്പെടലും അവ (സ്വര്‍ണം, വെള്ളി നാണയങ്ങള്‍) കൊണ്ടാണ്. കാരണം മനുഷ്യാവശ്യങ്ങളെല്ലാം തന്നെ അവകൊണ്ട് പൂര്‍ത്തിയാക്കപ്പെടും. ബാക്കിയുള്ള സമ്പത്തുകളൊന്നും അങ്ങനെയല്ല” (ജമല്‍ 2/252). ഇക്കാര്യം ഇതേ രൂപത്തില്‍ ശര്‍വാനിയും 3/263 വ്യക്തമാക്കിയിട്ടുണ്ട്. ലോഹങ്ങളില്‍ സ്വര്‍ണം, വെള്ളി എന്നിവക്കു മാത്രം സകാത് നിര്‍ബന്ധമാകാനുള്ള കാരണം അവ മറ്റു വസ്തുക്കളുടെ വിലയായത് കൊണ്ടാണ് എന്ന് അമീറ 2/2 വ്യക്തമാക്കിയിട്ടുണ്ട്.

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഢിതന്‍ മുഹമ്മദുബ്നു അബ്ദുറഹ്മാനുദ്ദിമശ്ഖി (റ) തന്റെ റഹ്മത്തുല്‍ ഉമ്മ പേജ് 101ല്‍ സകാത് നിര്‍ബന്ധമാകുന്ന വസ്തുക്കള്‍ എണ്ണിയതില്‍ സ്വര്‍ണം, വെള്ളി എന്നു പറയുന്നതിനു പകരം വസ്തുക്കളുടെ വിലകളാകുന്ന വര്‍ഗം എന്നാണ് പറഞ്ഞത്. അപ്പോള്‍ സ്വര്‍ണം, വെള്ളി എന്നിവയില്‍ സകാത് നിര്‍ബന്ധമാകുന്നത് അത് വസ്തുക്കളുടെ വിലകളാണെന്ന നിലക്കാണെന്നര്‍ഥം. വസ്തുക്കളുടെ വിലയാവുക, അവ നല്‍കി ലോകത്തുള്ള എല്ലാ വസ്തുക്കളും വാങ്ങാന്‍ കഴിയു ക എന്ന കാരണം നോട്ടുകള്‍ക്കുമുണ്ടല്ലോ. അപ്പോള്‍ നോട്ടിലും സകാതുണ്ടെന്ന് വ്യക്തമാണ്. നബി(സ്വ)യുടെ കാലത്ത് മുന്തിരിക്കള്ള്, ഈത്തപ്പഴക്കള്ള് തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. അവ നിഷിദ്ധമാണെന്ന് നബി(സ്വ) വ്യക്തമാക്കി. പനങ്കള്ള് നബിയുടെ കാലത്തുള്ളതായി അറിയപ്പെട്ടിട്ടില്ലെങ്കിലും അത് ഹറാമാണ്. കാരണം കള്ള് നിഷിദ്ധമാകാനുള്ള കാരണം പനയില്‍ നിന്നെടുക്കുന്ന കള്ളിലുമുണ്ട്. അപ്പോള്‍ നോട്ടിന് സകാതില്ല. വെള്ളിക്കും സ്വര്‍ണത്തിനും മാത്രമാണ് സകാത് എന്നു പറയുന്നത് പനങ്കള്ള് നിഷിദ്ധമല്ലെന്ന് പറയും പോലെയാണ്.

നോട്ടിന്റെ സകാത് എത്രയാണെന്നു തിട്ടപ്പെടുത്താന്‍ പ്രയാസമില്ല. ഇരുനൂറ് ദിര്‍ഹം അഥവാ അമ്പത്തി ഒന്നേ മുക്കാലേ അരക്കാല്‍ ഉറുപ്പിക തൂക്കം (595/250 ഗ്രാം) വെള്ളി എത്ര നോട്ടിനന്റെ മൂല്യമാണോ അതാണ് കണക്ക്. സ്വതന്ത്ര മാര്‍ക്കറ്റില്‍ അത്ര വെള്ളി വാങ്ങാന്‍ എത്രനോട്ട് നല്‍കണമോ അത്രയും നോട്ടുകള്‍ ഒരാള്‍ ഒരു കൊല്ലം സൂക്ഷിച്ചാല്‍ അതിന്റെ രണ്ടര ശതമാനം സകാത് നല്‍കണം. കൂടുതല്‍ കൈയിരിപ്പുള്ളവര്‍ അതിന്റെ തോതനുസരിച്ചും കൊടുക്കണം.


RELATED ARTICLE

 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • സകാത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
 • ബേങ്കില്‍ നിക്ഷേപിച്ച തുക
 • സംഘടിത സകാത്
 • ഫിത്വ്ര്‍ സകാത് പണമായി നല്‍കല്‍
 • ഫിത്വ്ര്‍ സകാത്
 • സകാത്
 • സകാത് കൊടുക്കേണ്ട യഥാര്‍ഥ വസ്തു ഇല്ലെങ്കില്‍
 • സകാതിന്റെ തുകക്ക് ചരക്ക് സ്റ്റോക്കില്ലെങ്കില്‍
 • സകാതില്‍ കൊല്ലം കണക്കാക്കുന്നത്
 • വിഴുങ്ങിയ സ്വര്‍ണത്തിന്റെ സകാത്
 • സകാതിന്റ നിരക്ക് ഖുര്‍ആനില്‍
 • സകാതിന്റെ ഇനങ്ങള്‍
 • മുതല്‍മുടക്കിനും ലാഭത്തിനും സകാത്
 • ലോണ്‍ എടുത്ത കച്ചവടം
 • കൂറു കച്ചവട സകാത്
 • കിട്ടാനുളള സംഖ്യക്ക് സകാത്
 • ആഭരണങ്ങളുടെ സകാത്
 • ആവശ്യത്തിന് നീക്കിവെച്ച വസ്തുക്കുടെ സകാത്
 • സ്വര്‍ണം, വെള്ളിയുടെ സകാത്
 • ബോണസ്, പ്രോവിഡന്റ് ഫണ്ട്
 • സ്ത്രീധനത്തിന് സകാത്
 • പാത്രങ്ങളും കേടായ ആഭരണങ്ങളും
 • പലതരം കച്ചവടം
 • തേങ്ങക്ക് സകാത്
 • കംപ്യൂട്ടര്‍ സെന്ററിന് സകാത്
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ
 • പലപ്പോഴായി നിക്ഷേപിച്ച പണം
 • പത്തുപറ പത്തായത്തിലേക്ക്
 • പണത്തിനുപകരം സാധനങ്ങള്‍
 • മുതല്‍മുടക്ക് കുറവാണെങ്കില്‍
 • മാതാപിതാക്കള്‍ക്ക് സകാത്
 • കച്ചവടം മകന്‍ ഏറ്റെടുത്താല്‍
 • കടം വാങ്ങി കച്ചവടം
 • സക്കാത്ത് വിഹിതത്തില്‍ വ്യത്യാസം
 • വിദേശത്തുള്ള കച്ചവടത്തിന്റെ സകാത്
 • കറന്‍സിയുടെ ചരിത്രവും സകാതും
 • ധന കൈമാറ്റത്തിലെ ഇസ്ലാമിക തത്വങ്ങള്‍
 • നീക്കുപോക്ക്
 • കൃഷിയുടെ സകാത്
 • വ്യവസായത്തിന്റെ സകാത്
 • കച്ചവടത്തിന്റെ സകാത്
 • സകാത് എന്ത് ?
 • സകാത് നല്‍കാത്തവര്‍ക്കുള്ള ശിക്ഷകള്‍
 • ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതി, ചില സത്യങ്ങള്‍
 • സംസ്കരണം സകാതിലൂടെ