Click to Download Ihyaussunna Application Form
 

 

സയാമീസ് ഇരട്ടകളുടെ ആരാധന

സംയുക്ത ഇരട്ടകള്‍ ഓരോരുത്തരും എങ്ങനെയാണ് നിസ്കരിക്കുക? എങ്ങനെയാണ് ഹജ്ജ്, ഉംറഃ നിര്‍വ്വഹിക്കുക?

അവര്‍ വ്യത്യസ്ത കാര്യങ്ങളുദ്ദേശിക്കുമ്പോള്‍ ആരുടെ ഉദ്ദേശ്യത്തിനാണ് മുന്‍ഗണന. ഉദാഹരണത്തിന് ഒരാള്‍ നിസ്കാരം ആദ്യസമയത്തും മറ്റൊരാള്‍ അവസാനസമയത്തും നിര്‍വഹിക്കാനുദ്ദേശിച്ചു. അല്ലെങ്കില്‍ ഒരാള്‍ സുന്നത്ത് നിസ്കാരം നിന്നും മറ്റൊരാള്‍ ഇരുന്നും നിര്‍വ്വഹിക്കാനുദ്ദേശിച്ചു. അതുമല്ലെങ്കില്‍ യാതാമധ്യേ ഒരാള്‍ നിസ്കാരം ഖസ്വ്റ് ചെയ്യുവാനും മറ്റൊരാള്‍ അതു പൂര്‍ണമാക്കാനും ഉ ദ്ദേശിച്ചു. ഇനിയും പറയട്ടെ, യാത്രയിലൊരാള്‍ മുന്തിച്ചു ജംഅ് ചെയ്യാനും മറ്റൊരാള്‍ പിന്തിച്ചു ജംഅ് ചെയ്യാനും കരുതി. ആരുടെ ഇംഗിതത്തിനാണു മുന്‍ഗണന കൊടുക്കേണ്ടത്?

അപ്രകാരം തന്നെ ഒരാള്‍ ഈ വര്‍ഷം ഹജ്ജ് ചെയ്യുവാനും മറ്റെയാള്‍ അടുത്ത വര്‍ഷം ഹജ്ജു ചെയ്യുവാനും ഉദ്ദേശിക്കുന്നു. അല്ലെങ്കില്‍ ഇരുവരും ഹജ്ജിനിറങ്ങിത്തിരിച്ചപ്പോള്‍ ഒരാള്‍ ഹജ്ജിനും ഉംറക്കും ഒന്നിച്ച് ഇഹ്റാം ചെയ്യുവാനൊരുങ്ങി. അപരനാകട്ടെ രണ്ടും വെവ്വേറെ നടത്തുവാന്‍ തയ്യാറായി. അതുമല്ലെങ്കില്‍ രണ്ടുപേരും ഒന്നിച്ച് ഹജ്ജിനുതന്നെ ഇഹ്റാം ചെയ്തു. അപ്പോള്‍ ഒരഭിപ്രായവ്യത്യാസം. ഒരാള്‍ ഖുദൂമിന്റെ ത്വവാഫിനുടനെ സഅ്യ് ചെയ്യണമെന്ന് പറയുന്നു. മറ്റൊരാള്‍ അത് ഇഫാളത്തിന്റെ ത്വവാഫിനു ശേഷം നടത്തിയാല്‍ മതിയെന്നു വാശിപിടിക്കുന്നു. ഇങ്ങനെ ആരാധനാ നിര്‍വഹണത്തില്‍ അഭിപ്രായാന്തരമുണ്ടാകുമ്പോള്‍ ഒരാള്‍ തന്റെ അഭിപ്രായം കൈയൊഴിച്ച് അപരനോടു യോജിച്ചു സഹകരിക്കല്‍ നിര്‍ബന്ധമുണ്ടോ? അങ്ങനെ സഹകരിച്ചാല്‍ പിന്നീട് അതിനു പകരമായി അപരന്‍ ഒന്നാമനോടു സഹകരിക്കല്‍ നിര്‍ബന്ധമാകുമോ?

സയാമീസ് ഇരട്ടകള്‍ സ്വതന്ത്രരായ രണ്ടു വ്യക്തികളാണ്. അവരില്‍ ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ അപരന്റെ പ്രവര്‍ത്തനത്തെ ആശ്രയിച്ചുനില്‍ക്കുന്നുവെങ്കിലും ഒരാള്‍ അപരനോടു യോജിക്കണമെന്നു കല്‍പ്പിക്കാവതല്ല. വേതനത്തിനോ വേതനമില്ലാതെയോ ഒരാള്‍ അപരനോടു സഹകരിക്കുന്നതിനു നിര്‍ബന്ധിക്കാവുന്നതുമല്ല. കാരണം, ഒരു മനുഷ്യന്‍ മറ്റൊരാള്‍ക്കുവേണ്ടി ഒരു പ്രവൃത്തി ചെയ്യുന്നതിനു നിര്‍ബന്ധിക്കപ്പെടണമെങ്കില്‍ പ്രഥമനില്‍ നിന്നു രണ്ടാമത്തവന്റെ കാര്യത്തില്‍ വല്ലവീഴ്ചയും സംഭവിക്കുകയോ അല്ലെങ്കില്‍ രണ്ടാമന് ഒരു പ്രവൃത്തി നിര്‍ബന്ധമാകുന്നതില്‍ ഒന്നാമന്‍ കാരണക്കാരനാകുകയോ ചെയ്യണം. ഭാര്യയുടെ ഹജ്ജ്, ഭര്‍ത്താവ് അതിക്രമമായി അസാധുവാക്കിയാല്‍ അത് ഖളാഅ് വീട്ടുന്നതിനുവേണ്ടി അടുത്ത വര്‍ഷം അവളോടൊപ്പം പുറപ്പെടല്‍ അവനു നിര്‍ബന്ധമാകുന്നത് ഒന്നാം കാരണം കൊണ്ടാണ്. കുട്ടിക്കുവേണ്ടി രക്ഷാകര്‍ത്താവ് ഹജ്ജിന് ഇഹ്റാം ചെയ്താല്‍ വേണ്ട സ്ഥലങ്ങളിലൊക്കെ കൊണ്ടുപോകല്‍ അവനു നിര്‍ബന്ധമാകുന്നതു രണ്ടാം കാരണം കൊണ്ടുമാണ്. ഈ രണ്ടു കാരണങ്ങളും സയാമീസ് ഇരട്ടകളുടെ ആരാധനകളില്‍ സാധാരണ ഗതിയില്‍ ഉണ്ടാകുന്നില്ല.

ചില കാര്യങ്ങള്‍ വേതനം വാങ്ങിക്കൊണ്ടു മറ്റൊരാള്‍ക്കുവേണ്ടി നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാകുന്ന സാഹചര്യമുണ്ട്. അതു ശരീരരക്ഷക്കുവേണ്ടിയോ ധനരക്ഷക്കുവേണ്ടിയോ ആണ് ഉണ്ടാകുന്നത്. ശിശുവിനു മുലകൊടുക്കാന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ വേതനം വാങ്ങി മുലകൊടുക്കല്‍ ഒരു സ്ത്രീക്കു നിര്‍ബന്ധമാകുന്നത് ഒന്നാം കാരണം കൊണ്ടും, ധനം നഷ്ടപ്പെട്ടുപോകുമെന്ന് കാണുമ്പോള്‍ അതു സൂക്ഷിക്കാന്‍ യോഗ്യനായ ഏകവ്യക്തിക്കു പ്രതിഫലം വാങ്ങി അതു സൂക്ഷിക്കല്‍ നിര്‍ബന്ധമാവുന്നതു രണ്ടാം കാരണം കൊണ്ടുമാണ്. എന്നാല്‍ ഒരാളുടെ ആരാധന മറ്റൊരാള്‍ പ്രതിഫലത്തിനോ സൌജന്യത്തിനോ നിര്‍വഹിക്കല്‍ നിര്‍ബന്ധമാകണമെങ്കില്‍ അതു വളരെ സൌ കര്യപ്രദവും ആവര്‍ത്തന സ്വഭാവമില്ലാത്തതുമായിരിക്കണം. പഠിപ്പിക്കാന്‍ മറ്റാരുമില്ലാത്തേടത്ത് പ്രതിഫലം വാങ്ങിക്കൊണ്ട് ഫാതിഹ സൂറത്ത് പഠിപ്പിക്കല്‍ ഒരാള്‍ക്കു നിര്‍ബന്ധമ ാവുന്നത് അതു പ്രയാസ രഹിതവും ആവര്‍ത്തന സ്വഭാവമില്ലാത്തതും എന്നാല്‍ വിദ്യാര്‍ഥിക്ക് അതിന്റെ ഗുണം ദീര്‍ഘകാലം നിലനില്‍ക്കുന്നതിനാലുമാണ്.

മറ്റ് ആരാധനകള്‍ ഈ ഇനത്തില്‍ പെട്ടതല്ല. ഹജ്ജ് പ്രയാസകരവും ക്ളേശകരവുമാണ്. നിസ്കാരം ദിനേന പലതവണ ആവര്‍ത്തിക്കപ്പെടുന്നതും ആയുഷ്കാലം മുഴുവനും നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ട് പ്രയാസമോ ആവര്‍ത്തനസ്വഭാവമോ ഉള്ള ഒരു ആരാധനയുടെ കാര്യത്തിലും ഒരു വ്യക്തി മറ്റു വ്യക്തിയുമായി സഹകരിക്കണമെന്ന് നിര്‍ബന്ധിക്കാവതല്ല. അതുകൊണ്ടു തന്നെ സംയുക്ത ഇരട്ടകള്‍ സ്വമനസ്സാ സൌഹൃദത്തോടെ പരസ്പരം സഹകരിച്ചു നീങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. കോടതിക്കുപോലും ഇക്കാര്യത്തില്‍ നിര്‍ബന്ധം ചെലുത്താന്‍ അധികാരമില്ല. ശരീരത്തിന്റെയോ ധനത്തിന്റെയോ സംരക്ഷണം പോലെ കാര്‍ക്കശ്യമുള്ള കാര്യമല്ല ആരാധനാകര്‍മങ്ങള്‍. അതില്‍ പല വിട്ടുവീഴ്ചകളുമുണ്ട്. ഓരോരുത്തരും തന്റെ കഴിവുപോലെ, സാധ്യത പോലെ നിര്‍വഹിച്ചാല്‍ മതിയെന്നാണ് നിയമം. ഈ വിശദീകരണങ്ങളെല്ലാം തുഹ്ഫഃ യും അതിന്റെ വ്യാഖ്യാനമായ ശര്‍വാനിയും (വാ. 6. പേ. 397).നോക്കിയാല്‍ കാണാവുന്നതാണ്.


RELATED ARTICLE

  • ഇരുതല മനുഷ്യന്‍
  • പ്രതിസമതയുള്ള സയാമീസിന്റെ ശസ്ത്രക്രിയ
  • സയാമീസിന്റെ ശേഷക്രിയകള്‍
  • സയാമീസിന്റെ സഹശയനം
  • ഇരുജഡമനുഷ്യന്‍
  • സയാമീസിന്റെ വിവാഹം
  • ഇരട്ടയും ഇദ്ദയും
  • ഇരട്ടകള്‍ ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍
  • സയാമീസ് ഇരട്ടകളുടെ ആരാധന
  • സയാമീസിന്റെ കച്ചവടം
  • ഇരട്ടകള്‍ക്കിടയിലെ രക്തം
  • ഇരുതലമനുഷ്യന്റെ വുളൂ കര്‍മം